ഇസ്ലാമിനെ ധൈഷണികമായി നേരിടാൻ കഴിയാതെ വിമർശകർ എപ്പോഴും നിരായുധരാകും. പിന്നെ കല്ലുവെച്ച നുണകൾ പറഞ്ഞു പിടിച്ചുനിൽക്കാൻ ശ്രമിക്കും.ഇതാണ് പതിവ്.
കഴിഞ്ഞദിവസം ലണ്ടനിൽ പോയി മണ്ടനായ ഒരു വിദ്വാൻ ഇതെ എപ്പിസോഡ് തന്നെയാണ് ആവർത്തിച്ചത്.നിരന്തരം ഇസ്ലാമിന്റെ മേൽ കളവുപറഞ്ഞ് സായൂജ്യമടയുന്ന ഇദ്ദേഹം ഇത്തവണ പറഞ്ഞത് ഒരു ഹിമാലയൻ കളവായിരുന്നു " സ്വന്തം മകളെ പിതാവിന് വിവാഹം ചെയ്യാമെന്ന് ഖുർആനിൽ ഉണ്ട് " എന്നതായിരുന്നു ലണ്ടനിലെ പ്രസിദ്ധ സ്പീക്കേർസ് സ്‌ക്വയറിൽ ചെന്ന് ഇദ്ദേഹം വിളമ്പിയത്. ഇംഗ്ലീഷുകാർ അടങ്ങുന്ന ഓഡിയൻസ് തെളിവ് കാണിക്കാൻ ആവശ്യപ്പെട്ടു. തെളിവ് കാണിക്കാൻ കഴിയാതെ വിയർത്ത് , അവസാനം ഫോണിൽ നെറ്റ് ഇല്ല എന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു കക്ഷി. ലണ്ടൻ നഗരത്തിൽ ഇൻറർനെറ്റ് ഇല്ല പോലും !!!
ഖുർആൻ നാലാം അധ്യായം 23 -ാം വചനത്തിൽ വിവാഹബന്ധം നിഷിദ്ധമായവരുടെ പേരുകൾ എണ്ണി പറയുമ്പോൾ രണ്ടാമതായി പറയുന്നത് സ്വന്തം പുത്രിയെയാണ്.അഥവാ സ്പഷ്ടമായി മകളുമായുള്ള വിവാഹ ബന്ധത്തെ കണിശമായി നിരോധിച്ചതാണ് ഖുർആൻ.
പക്ഷേ ഇവിടെ കൗതുകം മറ്റൊന്നാണ് " ലൈംഗിക സദാചാരങ്ങൾക്ക് വിലകൽപ്പിക്കാത്ത, മതനിയമങ്ങൾക്കതീതമായി സ്വതന്ത്ര ചിന്തയുമായി നടക്കുന്നവൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നവനാണ് ഇത്തരം ആരോപണവുമായി മുന്നോട്ടു വരുന്നത് എന്നതാണ് ". അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ സ്വതന്ത്ര ചിന്തകർ. മതമില്ലാതെ ധാർമികത അസാധ്യമാണ് എന്നത് അവിതർക്കിതമായ കാര്യമാണല്ലോ. സ്വതന്ത്ര ചിന്തകരെ സംബന്ധിച്ചിടത്തോളം ലൈംഗിക ബന്ധത്തിന് ഭാര്യ, മകൾ, മാതാവ്, സഹോദരി , അല്ലാത്തവർ എന്നിവർക്കിടയിൽ യാതൊരു വ്യത്യാസവും ഉണ്ടാകേണ്ടതില്ല. ബന്ധങ്ങളുടെ പരിശുദ്ധി മുൻനിർത്തി ചിലരുമായുള്ള ബന്ധത്തെ പൂർണ്ണമായും തടയുന്നത് മതമാണ്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്. ആ സിസ്റ്റത്തിന്റെ നിബന്ധനകൾക്കനുസരിച്ചായിരിക്കും അവിടെ ഒരു കാര്യം അംഗീകരിക്കപ്പെടലും തിരസ്കൃതമാകലും.
ഉദാഹരണം പറഞ്ഞാൽ, വേൾഡ് കപ്പ് മത്സരങ്ങളിൽ ഓരോ ടീമും വിജയിക്കാൻ ആവശ്യമായ ഗോളുകൾ സ്കോർ ചെയ്യുന്നത് ഫിഫ അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം.എതിർ പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റി എന്നത് മാത്രം അതൊരു ഗോളായി അംഗീകരിക്കപ്പെടാൻ മതിയാകില്ല.അപ്പോൾ ഓഫ്സൈഡിലൂടെ കയറി പന്ത് വിലയിൽ എത്തിച്ചാൽ അത് പരിഗണിക്കില്ല എന്നർത്ഥം. രണ്ടായാലും എതിർ പോസ്റ്റിലേക്ക് പന്ത് എത്തിച്ചല്ലോ എന്ന ന്യായീകരണത്തിന് വകുപ്പില്ല എന്നർത്ഥം. അതുപോലെ ഇസ്ലാം എന്ന സിസ്റ്റത്തിൽ, ഒരു പെൺകുട്ടി ഒരാളുടെ മകളായി അംഗീകരിക്കപ്പെടുന്നതിന് മാനദണ്ഡങ്ങൾ ഉണ്ട്.ബയോളജിക്കൽ ബന്ധം ഉണ്ടായതുകൊണ്ട് മാത്രം അത്തരം ഒരു പരിഗണന ഇസ്ലാമിക് അസിസ്റ്റത്തിൽ ഇല്ല. ഇസ്ലാം അംഗീകരിക്കുന്ന വിവാഹ ബന്ധത്തിലൂടെ ജനിക്കുമ്പോൾ ത്രമാണ് പിതാവും പുത്രിയുമായുള്ള ബന്ധം ഇസ്ലാം കണക്കാക്കുന്നത്.
കുടുംബ പരിശുദ്ധതക്ക് അതീവ പ്രാധാന്യമാണ് ഇസ്ലാമിക സിസ്റ്റം നൽകുന്നത്.അതുകൊണ്ടുതന്നെ അവിഹിതം എന്നത് ഇസ്ലാമിക ദൃഷ്ട്യാ മനുഷ്യരാശിയോട് ചെയ്യുന്ന മഹാ അപരാധമാണ്.അതിലൂടെ ഉണ്ടാകുന്ന ബന്ധങ്ങൾക്ക് യാതൊരു വിലയും ഇസ്ലാം നൽകുകയും ചെയ്യുന്നില്ല. അവിഹിതത്തിലൂടെ ഒരാൾക്ക് ഒരു പെൺകുട്ടി ജനിച്ചാൽ അത് അദ്ദേഹത്തിൻറെ മകളായി ഇസ്ലാം അംഗീകരിച്ചു കൊടുക്കുന്നേ ഇല്ല.ഒരു മകളും വാപ്പയും തമ്മിലുള്ള ബന്ധത്തിൽ ഇസ്ലാം ഒരുപാട് പരിഗണനകൾ നൽകുന്നുണ്ട്. പരസ്പരം അനന്തരം എടുക്കുക , വുളു മുറിയാതിരിക്കുക,വിവാഹബന്ധം നിഷിദ്ധമാവുക etc. അവിഹിതത്തിൽ ജനിക്കുന്ന പെൺകുട്ടിക്ക് ഇതൊന്നും ബാധകമല്ല.
"അവിഹിതത്തിലൂടെ ജനിക്കുന്ന മകൾ" എന്ന പ്രയോഗം തന്നെ ഇസ്ലാമിക വീക്ഷണ കോണിൽ ശരിയല്ല.
ഇത്രയും മനസ്സിലാക്കുമ്പോൾ ഉയരുന്ന ഒരു ചോദ്യം ഇപ്രകാരമാണ്.
"വ്യഭിചാരത്തിലൂടെ ജനിക്കുന്ന കുട്ടിയെ വിവാഹം കഴിക്കാമോ എന്ന വിഷയത്തിൽ ഇസ്ലാമിക പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടോ?"
ഉത്തരം: അവിഹിതത്തിലൂടെ ജനിക്കുന്ന കുട്ടിയുടെ പിതാവായി ഇദ്ദേഹത്തെ ഗണിക്കുകയില്ല.അവളുമായി വിവാഹബന്ധം പാടില്ല . എന്നീ വിഷയങ്ങളിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായം വ്യത്യാസമില്ല. പക്ഷേ,വിവാഹബന്ധം പാടില്ല എന്ന വിരോധന വിശദീകരിക്കാൻ കർമ്മ ശാസ്ത്രത്തിലെ ഏത് ടെർമിനോളജി ഉപയോഗിക്കണം എന്ന് വിഷയത്തിലാണ് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉള്ളത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും കണിശമായ വിരോധനയാണ് എന്നറിയിക്കുന്ന "ഹറാം" എന്നും, മറ്റുള്ളവർ കണിശത ഇല്ലാത്ത വിരോധനയെ അറിയിക്കുന്ന "കറാഹത്ത് "എന്ന പദവും ആണ് ഉപയോഗിച്ചത്.
ചുരുക്കത്തിൽ അവിഹിതത്തിൽ ജനിച്ച പെൺകുട്ടിയുമായി വിവാഹബന്ധം പാടില്ല എന്നത് ഏത് പദം ഉപയോഗിച്ച് വിശദീകരിക്കണം എന്നതിൽ മാത്രമാണ് കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉള്ളത്
✍️ അസീസ് സഖാഫി വാളക്കുളം
