ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 4 August 2019

എസ്എസ്എഫ് വിളിക്കുന്നു, നെഞ്ചുറപ്പുള്ളവരെ...!


#എസ്_എസ്_എഫ്_വിളിക്കുന്നു_നെഞ്ചുറപ്പുള്ളവരെ...!

''ഏപ്രില്‍ 29 -SSF സ്ഥാപക ദിനം''
=========================

 ''എസ് എസ് എഫ് '' എന്ന മൂന്നക്ഷരം ദേശീയാടിസ്ഥാനത്തിൽ ഞാനാദ്യം പരിചയപ്പെടുന്നത് ,ഉത്തരേന്ത്യയിലെ കേരളാ ടച്ചുള്ള ഒരു നെയിംബോർഡിൽ നിന്നാണ്.മലയാളിയുടെ ടച്ച് കോർത്തിണക്കാൻ, കേരളത്തിൽ കോടികളുടെ ആസ്ഥിയുമായി സമ്പന്നതയുടെ പട്ടുമെത്തയിൽ അടയിരിക്കുന്ന   പല സംഘടകളും മനസിലേക്കോടി എത്തി... വൃത്തിഹീനമായ താമസ സ്ഥലങ്ങളിൽ ഒരു നേരത്തെ അന്നത്തിനായി കൈ നീട്ടുന്ന കുരുന്നുകളുടെ കൈ പിടിച്ച് നടന്ന്, അവർക്കന്നവും വിദ്യാഭ്യാസവും കൊടുക്കുന്നൊരു വിദ്യാർത്ഥി സംഘടനയുടെ പിന്നാമ്പുറങ്ങൾ കൈ കോർക്കുന്നത് കാന്തപുരമെന്ന നാലക്ഷരത്തിലാണെന്നറിഞ്ഞപ്പോൾ, ഒരു  മലയാളി ആയതിന്റെ പേരിൽ വല്ലാത്ത അഭിമാനം തോന്നി...

                വായിൽ നിന്ന് പുറത്തു വന്ന മുദ്രാവാക്യത്തിന്റെ രീതി മാറിയതിന്റെ പേരിൽ ,അടുത്തിരുന്ന സഹപാഠിയെ, ഇരിക്കുന്ന ബെഞ്ചിന്റെ കാലൂരി തലക്കടിച്ചിട്ട്- പുറത്തേക്ക് നിർഗളിക്കുന്ന രക്തത്തുള്ളികളിൽ വിരൽ മുക്കി- സ്വന്തം പ്രസ്ഥാനത്തിന്റെ പേരെഴുതി കലാലയ ക്യാമ്പസുകളലങ്കരിക്കുന്ന വിദ്യാർത്ഥിക്കൂട്ടത്തിലവരെ എണ്ണാൻ എനിക്ക് കഴിഞ്ഞില്ല. ഞാനറിഞ്ഞിടത്തോളം - കേവലമൊരു മുരിക്കിൻ പെട്ടിയിൽ നിന്ന് പടർന്ന് പന്തലിച്ച ആ പ്രസ്ഥാനം ധാർമ്മിക  രംഗത്ത് സജീവ സാന്നിധ്യമാണിന്ന്... ഇന്ത്യയുടെ അഷ്ടദിക്കുകൾക്കും സുപരിചിതമാണാ നാമം... മനസാക്ഷി മരവിക്കാത്ത മനുഷ്യ മനസുകളാൽ സഹജീവികളുടെ  നോവും നൊമ്പരവും നേരിട്ടറിഞ്ഞ് കർമ്മ രംഗത്ത് ഇതിഹാസം രചിക്കുകയാണാ നാമം... വിദേശ രാജ്യങ്ങളിൽ വരെ മുഴങ്ങുന്നുണ്ടാ ധാർമിക ശബ്ദം... മർമ്മമറിഞ്ഞ കർമമായി, കരുത്തുറ്റ കാഴ്ചപ്പാടുകളായി, തളരാത്ത വിശ്വാസമായി, തകരാത്ത സമർപ്പണമായി, വിറക്കാത്ത വൈവിധ്യമായി, അടങ്ങാത്ത ആവേശമായി... അവരുടെ ദാഇകൾ ,പ്രകൃതി ദുരന്തത്തിന്റെ്യും മനുഷ്യർ മനുഷ്യർക്ക് നേരെ നടത്തുന്ന മഹാ  ദുരന്തത്തി്ന്റെയും  ഇരകളുടെ കണ്ണീ്രൊപ്പുന്നതിൽ മത്സരിക്കുന്നതു കാണുമ്പോൾ വല്ലാത്തൊരാത്മ നിർവൃതി... അവരുടെ മുന്നിൽ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ല.

            മൂക്കള'' ഒലിപ്പിച്ച് ,നിറയെ അഴുക്കുമായി ഉത്തരേന്ത്യയിലെ ഗില്ലികളിൽ നിന്നോടി എത്തുന്ന ,നിഷ്കളങ്ക ബാല്യങ്ങളുടെ കരളലിയിക്കുന്ന ചിത്രവും ,ആ കൈ പിടിച്ചവരെ ഒപ്പം നടത്തുന്ന ,ആത്മവിശ്വാസവും സഹായവും സേവനവും നൽകുന്ന എസ് എസ് എഫിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും  മാസ് എൻട്രിയും - ''പാവങ്ങളുടെ നേരെ പുഞ്ചിരിക്കാനും അവർക്ക് വേണ്ടത് ചെയ്യാനും'' ഈ പാവം ഫാതിമക്ക്  ഒരു പാട് പ്രചോദനമായിട്ടുണ്ട്. ഞാൻ വായിച്ചിടത്തോളം---ആരിഫ് മുസമ്മിലും ഹബീബ് നൂറാനിയും ഉസ്താദ് വെള്ളിലയും ഓ ഖാലിദുമൊക്കെ കർമ്മ രംഗത്തെ എസ് എസ് എഫിന്റെ പടക്കുതിരകളായിരുന്നു. ''ഓർമയിലെ ഓ ഖാലിദ് '' ഞാൻ വായിച്ചു തീർത്തപ്പോൾ എത്ര പ്രാവശ്യം കണ്ണു നിറഞ്ഞിട്ടുണ്ടെന്നതിന് കണക്കില്ല.സംഘടനയെ സ്നേഹിക്കുന്ന ,നൻമയുടെ പ്രചാരകനാകാനാഗ്രഹിക്കുന്ന ഓരോ വ്യക്തിയുമാ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. മരണപ്പെട്ട പ്രിയ നേതാക്കളുടെ തേനൂറുന്ന ഓർമ്മകൾ നെഞ്ചോട് ചേർത്ത് പിടിച്ച് ആർജവത്തോടെ നയിക്കാൻ ,പോരാട്ട വീഥികളിലെ ഇതിഹാസ താരകങ്ങൾ- ഡോക്ടർ ശൗക്കത്ത് ബുഖാരിയും ഡോക്ടർ ഫാറൂഖ് നഈമിയുമുൾപ്പെടെയുള്ള നേതാക്കൾ അരയും തലയും മുറുക്കി ,മാതൃകാ ജീവിതവുമായി, ഉറങ്ങുന്ന കണ്ണുകൾക്ക് ഉറങ്ങാത്ത  കാവലുമായി  മുന്നിലുണ്ടെന്നത് ഏറെ അഭിമാനകരമാണ്.

            എസ് എസ് എഫിന്റെ പ്രിയപ്പെട്ട ഇക്കാക്കമാരേ... ഖാലിദിക്കാക്കയെപ്പോലുള്ള നേതാക്കളൊക്കെ  ഈ ഭൂമി ലോകത്ത് നിന്ന് വിട പറഞ്ഞത്- പ്രവർത്തനം അവസാനിച്ചതുകൊണ്ടല്ല, അല്ലാഹു കൊടുത്ത അനുഗ്രഹീത ആയുസ് അവസാനിച്ചതുകൊണ്ടു മാത്രമാണ്. നിങ്ങളുടെയൊക്കെ മുഖം കണ്ടു കൊണ്ടും നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചതു കൊണ്ടാവർ യാത്രയായത്.ആത്മീയ ലോകത്തിന്റെ ഏതോ കോണിലിരുന്നവർ നിങ്ങളെ വീക്ഷിക്കുന്നുണ്ടാകും. കാശ്മീരിലും ഗുജറാത്തിലും ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴവെള്ളപ്പാച്ചിലിൽ മുങ്ങിപ്പൊങ്ങുന്ന അസമിലുമെല്ലാം നിങ്ങൾ നടത്തിയ/ നടത്തുന്ന ധാർമികമായ ഇടപെടലുകൾ കണ്ട് അവരുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാകും. കരഞ്ഞു തളർന്ന ,തണുത്തു വിറച്ച അസമിലെ കുട്ടികളെ നെഞ്ചോട് ചേർത്തു പിടിച്ച് നിങ്ങൾ കാട്ടുന്ന സ്നേഹ പ്രകടനങ്ങൾ ,അമ്മിഞ്ഞപ്പാലു നുകരുന്ന കുരുന്നുകളുൾപ്പെടെയുള്ളവരുടെ വിശപ്പകറ്റാനും അവരെ ഒരു കരക്കെത്തിക്കാനും നിങ്ങൾ കാണിക്കുന്ന ആവേശങ്ങൾ... ലോകം പകച്ച് നിന്ന ഈ കൊറോണക്കാലത്തും മാതൃസംഘടനകളുടെ തോളിലേറി ''സാന്ത്വന''ലേബലിൽ നിങ്ങൾ നടത്തിയ പോരാട്ടങ്ങൾ... പുണ്യകർമങ്ങളായവരുടെ സന്നിധിയിലെത്താതിരിക്കില്ല. അവരാണല്ലോ ഈ വഴിത്താരയിലെ നിങ്ങളുടെ മഹനീയ മാതൃകകൾ ... അവർ ബാക്കി വച്ച വഴിത്താരകൾ നിങ്ങൾ പൂർവ്വോപരി ധന്യമാക്കണം...

 ... നിങ്ങൾ തളരരുത്... തകരരുത്... ഒരു ആരിഫ് മുസമ്മിൽ വെള്ളുവനാട് പോയെങ്കിൽ-ഒരു ഹബീബ് നൂറാനി പോയെങ്കിൽ ,ഓ ഖാലിദ് പോയെങ്കിൽ ,ഉസ്താദ് വെള്ളില പോയെങ്കിൽ

...ഉത്തരേന്ത്യൻ കർമ്മ മണ്ഡലങ്ങളിലെ - ഗൾഫിന്റെ തീ പാറുന്ന മരുഭൂമികളിലെ - കേരളമാകുന്ന പച്ചത്തുരുത്തിലെ ...ഇന്നും മായാത്ത അവരുടെ പുഞ്ചിരികളിൽ നിന്നൂർജവും ആവേശവും ആർജവവുമുൾക്കൊണ്ട് ആയിരക്കണക്കിന് ആരിഫുമാരും ഹബീബ് നൂറാനിമാരും ഓ ഖാലിദുമാരും വെള്ളിലമാരും  നിങ്ങളിൽ നിന്ന്  പിറവിയെടുക്കട്ടെ... എസ് എസ് എഫിന്റെ ത്രിവർണ ധർമ ധ്വജം ധാർമ്മികതയുടെ ഒരായിരം മൂല്യങ്ങളുയർത്തി വാനിലിനിയും പാറിപ്പറക്കണം. സമുദായ രാഷ്ട്രീയത്തെ കൂട്ടിരുത്തി-വഹാബികൾ പാലപ്പറ്റ പള്ളി പിടിച്ചടക്കിയപ്പോൾ കർമ രംഗത്ത് സമരത്തിന്റെ  മാന്യ മാതൃകകളുമായി തിരികെ പിടിച്ചത് നിങ്ങളായിരുന്നു.കലാപ കലുശിതമായ കലാലയ ക്യാമ്പസുകളിൽ രാഷ്ടീയ ബേസില്ലാതെ കാലുറപ്പിച്ച് - ''നെഞ്ചുറപ്പുണ്ടോ നേരിൻ പക്ഷത്തണി ചേരാനെ''ന്ന് ചോദിച്ച് വൈജ്ഞാഞാനികതയുടെ പോർക്കളം തീർത്തതും നിങ്ങളായിരുന്നു. സമര രംഗത്ത് ഇതിഹാസങ്ങൾ രചിക്കുമ്പോളും പോലീസ് അകമ്പടി ഇല്ലാത്തത് നിങ്ങൾക്ക് മാത്രമായിരുന്നു. മയക്കുമരുന്നിനടിമപ്പെട്ട സഹപാഠിയുടെ തോളത്ത് കയ്യിട്ട് സ്നേഹത്തിന്റെ മാസ്മരികതയിലവനെ ചേർത്തു നിർത്തി - മയക്കുമരുന്നിനെതിരെ പോരാടുന്ന സ്വന്തം സംഘടനയിലവനെച്ചേർത്ത് മാതാപിതാക്കൾക്ക് തിരികെ നൽകിയത് നിങ്ങളായിരുന്നു. ഞാൻ കരുതിയിരുന്നത് നിങ്ങളുടെ കൂട്ടത്തിൽ ആളുകളില്ലെന്നാണ്. രാഷ്ടീയ പിന്തുണയില്ലാതെ ,പ്രവർത്തന ഫണ്ടില്ലാതെ ആർക്ക് പ്രവർത്തിക്കാനാകും ഇത്ര സംഭവ ബഹുലമായി... ആരുണ്ടാകും കൂടെ.. പക്ഷേ, നിങ്ങളുടെ നാല്പതാം വാർഷിക ചരിത്ര മാർച്ച്  എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. ഈയുള്ളവളുടെ കലാലയ ജീവിതത്തിനിടയിലെ മറക്കാനാകാത്ത ദൃശ്യങ്ങളായിരുന്നു അത്.കോളേജിൽ നിന്ന് സ്റ്റഡീ റ്റൂറിനെത്തിയ കൃത്യ ദിവസമായിരുന്നു- നിങ്ങളുടെ ആ  മഹാ സംഗമം... [അതിന്റെ ചില ദൃശ്യങ്ങൾ ഈ ലിങ്കിലുണ്ട്.https://youtu.be/Wc4djoVB-ZM]
ഇതിനെല്ലാം കാരണക്കാരായി-നിങ്ങളിൽ നിന്ന് മുന്നേ പറന്നവരുടെ പര ലോക ജീവിതം അല്ലാഹു  സന്തോഷത്താൽ‍ നിറക്കട്ടെ...

ലോകം കണ്ട ഏറ്റവും വലിയ ധാർമ്മിക വിദ്ധ്യാർത്ഥി വിപ്ളവ പ്രസ്ഥാനമാണ് എസ് എസ് എഫ് എന്ന് ആരോ പറഞ്ഞത് കേട്ടപ്പോൾ എന്റെ നെറ്റിയും ചുളിഞ്ഞിരുന്നു.പക്ഷേ ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ ചുറ്റിത്തിരിയുന്ന ആ വിദ്ധ്യാർത്ഥി സംഘടനയുടെ ടാർജറ്റിൽ മുന്തിയ പങ്കും എട്ടും പൊട്ടും തിരിയാത്ത പട്ടിണിക്കോലങ്ങളുടെ കഴുത്തിൽ ഉന്നത വിദ്യയുടെ കിരീടമണിയിക്കലാണെന്ന് വർത്തമാന സാഹചര്യങ്ങളിൽ വായിച്ചറിഞ്ഞപ്പോൾ- സത്യം പറയാല്ലോ-എന്റെ കണ്ണുകളറിയാതെ നിറഞ്ഞു പോയി.എനിക്കുമുണ്ടായിരുന്നു  ബാല്യം... സുഖ ശീതളിമയിൽ മുങ്ങിയ ഇന്നലേകൾ... എസ് എസ് എഫിന്റെ ഏടുകൾ മറിച്ചപ്പോൾ- അനാഥ ബാല്യങ്ങളുടെ മുറിവുണക്കാനും  അവരുടെയിടയിൽ  വൈജ്ഞാനികതയുടെ ദീപശിഖ പരത്താനുമെവിടെ നിന്നോ ആവേശം കിട്ടിയ വല്ലാത്തൊരു പ്രതീതി...!

                      ധരിക്കാൻ നല്ലൊരു വസ്ത്രം പോലുമില്ലാത്ത പാവപ്പെട്ട കുഞ്ഞുങ്ങളെ, ,വൈജ്ഞാനിക വിപ്ളവത്തിന് തിരികൊളുത്താൻ-ഉന്നത വിദ്യയുടെ വിളക്കത്തിരുത്താൻ കൈ പിടിച്ച് കൂടെക്കൂട്ടുന്ന ആ സംഘടനയുടെ ദേശീയ അമരക്കാരൻ ഉസ്താദ് ,ഡോക്ടർ ഷൗക്കത്ത് നഈമിയുടെ   കർമ്മ പഥത്തിൽ നിന്നൊരു കൊച്ചു ദൃശ്യം കണ്ടപ്പോൾ വല്ലാത്ത ആവേശം തോന്നി. ആ കുരുന്നു നയനങ്ങളിൽ ഒത്തിരി പ്രതീക്ഷകളും കൊച്ചു കൊച്ചു സ്വപ്നങ്ങളുമുണ്ട്.അവ വിദ്യയുടെ വെള്ളമൊഴിച്ച് വളർത്തി എടുക്കാനാ കരങ്ങൾക്ക് നാഥൻ ശക്തി കൊടുക്കട്ടെ...ആ കരങ്ങൾ ഒറ്റക്കല്ല-ലക്ഷക്കണക്കിന് ധാർമ്മിക വിദ്ധ്യാർത്ഥികളുടെ മനസ്സറിഞ്ഞ  പിന്തുണയുണ്ടെന്നറിയുമ്പോൾ-ആ പ്രസ്ഥാനത്തിന് വിത്തെറിയപ്പെട്ടത് കൊച്ചു കേരളത്തിൽ നിന്നാണെന്നറിയുമ്പോൾ... ഇന്ത്യയുടെ ഒട്ടുമിക്ക സ്റ്റേറ്റുകളിലും ,വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുഗ്രാമങ്ങളിലും  വിദേശത്തും അവരുടെ സജീവ സാന്നിദ്ധ്യമുണ്ടെന്നറിയുമ്പോൾ...ഒരു മലയാളിയായതിൽ എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു.

                       ഇല്ല... നിങ്ങളെ നിർത്തി ഞാൻ സമയം കളയുന്നില്ല... നിങ്ങളെക്കാത്ത് രാജ്യത്തിന്റെ മുക്ക് മൂലകളിൽ ആയിരക്കണക്കിനനാഥ ബാല്യങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.. വേഗം മുന്നേറൂ... ഒട്ടും വൈകരുത്... ഇനിയുമൊരുപാട് നല്ല നല്ല ലക്ഷ്യങ്ങൾ നിങ്ങളുടെ നേതാക്കളുടെ മനസിലുണ്ട്... വാന ലോകത്ത് നിന്ന് ലക്ഷക്കണക്കിന്, ,അനുഗ്രഹീത മാലാഖമാരുടെ തണൽ നിങ്ങൾക്കുണ്ട്...

       ഇനിയുമെത്രയോ മുന്നേറാനുണ്ട്... ജീവിതത്തിന്റെ പച്ചത്തുരുത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യക്കോലങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് നിങ്ങളെയാണ്. പതറരുത്... ചിതറരുത്... പിടയരുത്... മടിക്കണ്ട... സ്വർഗം നിങ്ങളെ മാടി വിളിക്കുന്നുണ്ട്... നിങ്ങളെപ്പോലുള്ള യുവത്വങ്ങൾക്ക് അർശിന്റെ തണലുണ്ടെന്ന് പഠിപ്പിച്ചത്- ജീവിതത്തിലൊരിക്കലും കളവ് പറയാത്ത തിരുനബി[സ]തങ്ങളാണ്. മറക്കരുത്- നാളേയുടെ ശോഭന ഭാവി നിങ്ങളുടെ കരങ്ങളിലാണ്. മറികടക്കുന്ന ലക്ഷ്യങ്ങൾ കാണുമ്പോൾ , കലാലയ ക്യാമ്പസുകളിൽ പിച്ചവെക്കുന്നൊരു വിദ്യാർത്ഥിക്കൂട്ടായ്മയാണ് നിങ്ങളെന്നു വിശ്വസിക്കാൻ ഇപ്പോളുമെനിക്കാകുന്നില്ല. ദുആകളിൽ ഇടം തരുമെന്ന പ്രതീക്ഷയോടെ...ഒത്തിരി ഇഷ്ടത്തോടെ... ധാർമിക വിപ്ളവാഭിവാദ്യങ്ങളോടെ ... കുഞ്ഞനുജത്തി...

                    ഫാതിമാ_റഷീദ്...[FB പോസ്റ്റ്]