ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 6 December 2025

ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോൾ


 ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോൾ


ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് മുസ്ലിം ലീഗിൽ നിന്ന് വോട്ട് സ്വീകരിക്കുക? 2010 ആഗസ്റ്റ് മൂന്നിന് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച സി ദാവൂദിന്റെ ലേഖനത്തിൽ മുസ്ലിം ലീഗിനെ ഒന്നാം തരം തീവ്രവാദ പ്രസ്ഥാനമായാണ് ജമാഅത്തെ ഇസ്ലാമി ചിത്രീകരിക്കുന്നത്. തീവ്രവാദത്തിനെതിരായ ലീഗ് നിലപാടിനെ ജമാഅത്തെ ഇസ്ലാമി കണക്കിന് പരിഹസിക്കുന്നു. 1947 ആഗസ്റ്റ് 16ന് ഒറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ കൊന്ന് തള്ളിയ കൊൽക്കത്ത ഡയറക്ട് ആക് ഷൻ പോലുള്ള മികച്ച 'തീവ്രവാദവിരുദ്ധ' പ്രവർത്തനങ്ങളുടെ റെക്കോർഡ് കീശയിലിട്ട് നടക്കുന്ന പ്രസ്ഥാനമെന്നാണ് ജമാഅത്തെ ഇസ്ലാമി ലീഗിനെ വിശേഷിപ്പിക്കുന്നത്. 'ശുദ്ധമായ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും' വക്താക്കളായ ജമാഅത്തെ ഇസ്ലാമി എങ്ങനെ ലീഗ് പ്രവർത്തകരിൽ നിന്ന് വോട്ട് തേടും? ആർ എസ് എസിന്റെയോ സി പി എമ്മിന്റെയോ അജൻഡകളെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ ഉള്ള ആശയപരമോ പ്രായോഗികമോ ആയ പദ്ധതികളും പരിപാടികളും സ്വന്തമായി ആവിഷ്‌കരിക്കാനാകാത്ത ദുർബലമായ പാർട്ടിയെന്ന് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തിൽ ലീഗിനെ അധിക്ഷേപിക്കുന്നു. എന്നിട്ടുമെന്ത് കൊണ്ട് 'ബൗദ്ധിക സമ്പത്ത്' വേണ്ടുവോളമുള്ള ജമാഅത്തെ ഇസ്ലാമി ലീഗിൽ നിന്ന് വോട്ട് തേടുന്നു? 

2003ലെ മാറാട് കൂട്ടക്കൊലയിൽ ശിക്ഷിക്കപ്പെട്ടവരിൽ ഒന്നാം സ്ഥാനത്ത് ലീഗാണെന്ന് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തിൽ ആരോപിക്കുന്നു. മൂവാറ്റുപുഴ കൈവെട്ട് കേസിലേറെ കേരളീയ സമൂഹത്തെ സ്തംഭിപ്പിച്ച സംഭവമെന്നാണ് മാറാട് കലാപത്തെ ജമാഅത്തെ ഇസ്ലാമി വിശേഷിപ്പിക്കുന്നത്. ഈ സംഭവത്തിൽ പ്രതികളെന്ന് ജമാഅത്തെ ഇസ്ലാമി വിളിച്ച് പറയുന്ന ലീഗ് പ്രവർത്തകരിൽ നിന്ന്, മാറാട് ദേശത്ത് സമാധാന ദൂതുമായെത്തിയ സിദ്ദീഖ് ഹസന്റെ 'വെള്ളരിപ്രാവുകൾ' എങ്ങനെയാണ് വോട്ട് തേടുക? മാറാട് കലാപം അന്വേഷിക്കാൻ യു ഡി എഫ് സർക്കാർ തന്നെ നിശ്ചയിച്ച ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടിലെ പത്താം അധ്യായത്തിലെ വരികൾ ഒരിക്കൽ കൂടി വായിച്ച് നോക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ലീഗ് പ്രവർത്തകരെ ഓർമിപ്പിക്കുന്നു. '2003 മേയ് രണ്ടിന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഐ യു എം എൽ പ്രവർത്തകർ സജീവ പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ, നന്നെ ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും അനുഗ്രഹാശിസ്സുകൾ ഇല്ലാതെയാണ് ലീഗുകാർ ഇതിൽ പങ്കാളികളായത് എന്ന് കരുതാൻ കഴിയില്ല'- മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ഇപ്പോൾ ലീഗ് പ്രവർത്തകരിൽ നിന്ന് വോട്ട് തേടുക? 

മാറാട് സംഭവം സി ബി ഐ അന്വേഷിക്കുന്നതിനെ ഏറ്റവും ഭയപ്പാടോടെ കാണുകയും അതിനെതിര് നിന്ന് മാറാട് വിഷയത്തെ നിരന്തരമായി കത്തിച്ച് നിർത്തുകയുമായിരുന്നു അന്നത്തെ ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്നു. സാക്ഷാൽ മുഖ്യമന്ത്രി ആന്റണിക്ക് പോലും കടന്ന് ചെല്ലാനാകാത്ത മാറാട് കടപ്പുറത്തേക്ക് സംഘ്പരിവാർ ബാന്ധവത്തിന്റെ സഹായത്തോടെ കടന്നുചെന്ന മൗദൂദിയൻ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എങ്ങനെയാണ് സർവാപരാധങ്ങൾക്കും ഉത്തരവാദികളായ ലീഗ് പ്രവർത്തകരിൽ നിന്ന് വോട്ട് തേടുക? 

മാറാടിന്റെ രക്തക്കറ പേറി നടക്കുന്നവർ എന്നാണ് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തിൽ മുസ്ലിം ലീഗിനെ വിശേഷിപ്പിക്കുന്നത്. 'ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യാ'യ ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് രക്തക്കറ പുരണ്ട ലീഗിൽ നിന്ന് വോട്ട് തേടുക? പിൽക്കാലത്ത് പോപുലർ ഫ്രണ്ട് ആകുകയും ഇപ്പോൾ നിരോധിക്കപ്പെടുകയും ചെയ്ത എൻ ഡി എഫിന് തുടക്കം മുതൽ ഏറ്റവും കൂടുതൽ അണികളെ സംഭാവന ചെയ്ത പ്രസ്ഥാനമെന്ന് ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗിനെ വിമർശിക്കുന്നു. എങ്കിൽ, ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ലീഗ് പ്രവർത്തകരിൽ നിന്ന് വോട്ട് തേടുക? 

രസാവഹമായ ചോദ്യങ്ങൾ കൊണ്ട് മുസ്ലിം ലീഗിനെ മുൾമുനയിൽ നിർത്താനും ഈ ലേഖനത്തിൽ സി ദാവൂദ് തയ്യാറായിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ ആട്ടിപ്പായിക്കും എന്ന് കട്ടായം മുഴക്കുന്ന ലീഗിനും കൂട്ടുമുന്നണിക്കും ദേശീയതലത്തിൽ ഏതെങ്കിലും മുസ്ലിം വേദിയിൽ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാൻ ധൈര്യമുണ്ടോ? അമ്പമ്പോ എന്ന് അതിശയിക്കാൻ വരട്ടെ. വേറെയുമുണ്ട് ചോദ്യങ്ങൾ. ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കുവഹിക്കുന്ന മുസ്ലിം പേഴ്സനൽ ബോർഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാൻ ലീഗിന് ധൈര്യമുണ്ടോ? അല്ലാത്ത പക്ഷം അവയിൽ നിന്ന് ജമാഅത്തിനെ പുറത്താക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനുള്ള ധീരത ലീഗിനുണ്ടോ? ഇത്രയും ഭീരുക്കളായ ലീഗ് പ്രവർത്തകരിൽ നിന്ന്, ജമാഅത്തെ ഇസ്ലാമി എങ്ങനെ വോട്ട് തേടും? അടിയന്തരാവസ്ഥാ കാലത്ത് ഇനി ജമാഅത്തെ ഇസ്ലാമിയിൽ പ്രവർത്തിക്കുകയേയില്ലെന്ന് സത്യം ചെയ്ത് മാപ്പെഴുതി കൊടുക്കുകയും ഇന്ദിരാ ഗാന്ധിയോട് മുട്ടിപ്പായി പ്രാർഥിക്കുകയും ചെയ്തതിന്റെ പേരിൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട ധീരതയുടെ കൊടിയടയാളങ്ങളല്ലേ നിങ്ങൾ? ഭീരുക്കളിൽ നിന്ന് നിങ്ങൾ വോട്ട് തേടാമോ?

മുസ്ലിം സമുദായത്തിന്റെ അന്തസ്സും നിലനിൽപ്പും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ആത്മാഭിമാനം സ്ഫുരിക്കുന്ന നിലപാടെടുത്ത് സമുദായത്തിന് നേതൃത്വം നൽകാൻ ലീഗിന് കഴിഞ്ഞില്ലെന്ന് ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തുന്നു. അധികാരത്തിന്റെയും സ്വാർഥ താത്പര്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു എന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്ന ലീഗിൽ നിന്ന് എങ്ങനെയാണ് അവർ വോട്ട് തേടുക? നിങ്ങളുടെ സ്ഥാനാർഥികളെ പാണക്കാട്ടെ കോലായയിൽ വെച്ച് തന്നെ പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യമെന്താണ്? സംഘ്പരിവാർ, സാമ്രാജ്യത്വ അജൻഡകളെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടുന്നതിൽ ലീഗ് പരാജയപ്പെട്ടതായി ജമാഅത്തെ ഇസ്ലാമി മാധ്യമം ലേഖനത്തിൽ ആരോപിക്കുന്നു. ചുരുക്കത്തിൽ സർവരംഗത്തും സർവകാര്യങ്ങളിലും പരാജയപ്പെട്ട ലീഗിൽ നിന്ന് എന്താണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത്? ഈ പരാജയപ്പെട്ടവരിൽ നിന്നാണോ പുതിയ കൂട്ടുകെട്ടിൽ നിങ്ങൾ വോട്ട് തേടുന്നത്?

2005ലാണ് ചന്ദ്രിക സബ് എഡിറ്ററും ലീഗ് നേതാവുമായ സി പി സൈതലവി 'ജമാഅത്തെ ഇസ്ലാമി ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യ്' എന്ന പുസ്തകം എഴുതുന്നത്. പ്രഥമ അധ്യായത്തിലെ ഏതാനും വരികൾ ഇപ്പോൾ വായിക്കുന്നത് കൗതുകകരമായിരിക്കും. 'മുസ്ലിം ലീഗിന് ഉപദേശം നൽകാൻ മാത്രം ഏത് 'ധാർമികത'യുടെ പിൻബലമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളതെന്നറിഞ്ഞാൽ കൊള്ളാം. അല്ലെങ്കിൽ മുസ്ലിം ലീഗിന് മാർഗനിർദേശം നൽകാനുള്ള 'അർഹത'യെന്താണ് മാധ്യമത്തിനും ജമാഅത്തെ ഇസ്ലാമിക്കും? മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിൽ പങ്കുവഹിച്ചവരാണോ നിങ്ങൾ? വളർച്ചയിൽ സഹായിച്ചോ? പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നിട്ടുണ്ടോ? എല്ലാം പോകട്ടെ ഒരു നല്ല വാക്കെങ്കിലും ഇന്നോളം മുസ്ലിം ലീഗിനെ ക്കുറിച്ച് പറയാൻ വാ തുറന്നിട്ടുണ്ടോ നിങ്ങൾ?' 

ഇങ്ങനെയൊക്കെയുള്ള ജമാഅത്തെ ഇസ്ലാമിക്ക് എങ്ങനെയാണ് ലീഗ് പ്രവർത്തകർ വോട്ട് ചെയ്യുക? എന്തിനാണ് അവർ ജമാഅത്തിന് വോട്ട് തേടേണ്ടത്? 'ഇതൊന്നുമില്ലാത്തവർ ഉപദേശത്തിന്റെ മാറാപ്പഴിക്കുമ്പോൾ അതിവിടെ വേണ്ടെന്ന് വാതിൽ കൊട്ടിയടക്കാൻ മാത്രമുള്ള ബുദ്ധി മുസ്ലിം ലീഗുകാർക്കുണ്ട്.' ഉണ്ടോ? എന്നിട്ടെന്തേ, വാഴക്കാട് സ്റ്റേജിൽ ലീഗുകാരെ ഉപദേശിക്കാൻ സാക്ഷാൽ സി ദാവൂദ് തന്നെ വരേണ്ടി വന്നു? 

'1987ൽ ജമാഅത്ത് പത്രം ഭൂമി തൊട്ട നേരം മുതൽ തുടങ്ങിയതാണ് ഈ പറന്ന കളി. ഈ ദിനപത്രം എന്ന ആശയം തന്നെ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ഉള്ളിൽ മുളച്ചത് മുസ്ലിം ലീഗിനോടുള്ള ജന്മവൈരം കൊണ്ട് നടക്കുന്ന കാലത്താണ്. ഈ ജന്മവൈരികൾക്ക് വേണ്ടിയാണോ ലീഗ് പ്രവർത്തകർ വോട്ട് തേടേണ്ടത്? മുസ്ലിം ലീഗ് വേട്ട മാത്രമായിരുന്നു (ജമാഅത്ത്) പത്രത്തിന്റെ സ്ഥാപിത ലക്ഷ്യമെന്ന് ഓരോ വാർത്തയും ലേഖനവും മലയാളിയെ ബോധ്യപ്പെടുത്തി. ഈ കാലത്തിനിടയിൽ ഒരു വർഷവും മുടക്കമില്ലാതെ മുസ്ലിം ലീഗ് പിളരും എന്ന് എഴുതിപ്പോന്ന ഏക മലയാള പത്രം ഈ ജമാഅത്ത് ജിഹ്വയാണ്. ലീഗിനെ പിളർത്താൻ നിരന്തരം പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവർത്തകർ വോട്ട് പിടിക്കേണ്ടത്? പരിശുദ്ധ നെയ്യിൽ സി പി സൈതലവി തുടരുന്നു, 'ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായിരുന്ന സിമിയുടെ ഉന്നത നേതാക്കളായും ജമാഅത്ത് ആശയത്തിന്റെ പ്രചാരകരായും പ്രവർത്തിച്ചവരാണ് ഇന്ന് കേരളത്തിൽ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളെന്ന് ജമാഅത്തുകാർ തന്നെ വിളിക്കുന്ന പല സംഘടനകളുടെയും അമരത്തുള്ളത്. സിമിയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഇ എം അബ്ദുർറഹ്മാൻ, ഇ അബൂബക്കർ, പ്രൊഫ. പി കോയ, പി അബ്ദുർറഹ്മാൻ ബിൻ അലി എന്നിവർ എൻ ഡി എഫ് ചെയർമാൻമാരായിരുന്നു. മാധ്യമത്തിന്റെ സർക്കുലേഷൻ മാനേജർ കൂടിയായ നാസറുദ്ദീൻ എളമരം എൻ ഡി എഫ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. തീവ്രവാദത്തിന്റെ ഹെഡ്ഡാഫീസ് എന്നാണ് പരിശുദ്ധ നെയ്യിൽ ജമാഅത്തെ ഇസ്ലാമിയെ ലീഗ് നേതാവ് പരിചയപ്പെടുത്തുന്നത്. ഇവർക്കാണോ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗ് പ്രവർത്തകർ വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്? ലീഗ് നേതാവ് സി പി സൈതലവിയുടെ ഈ വരികൾ ലീഗ് പ്രവർത്തകരും മുസ്ലിം സമുദായത്തിലെ സർവ അംഗങ്ങളും അതീവ ഗൗരവത്തോടെ വായിക്കണം. 'സ്വാതന്ത്ര്യം കിട്ടിയത് മുതൽ ജമാഅത്ത് പത്രം പുറത്തിറങ്ങിയ 1987 വരെയുള്ള നാൽപ്പത് വർഷത്തെ കേരള മുസ്ലിം ചരിത്രവും ശേഷം ഇത് വരെയുള്ള വർഷങ്ങളും താരതമ്യം ചെയ്താലറിയാം ഈ 'പത്രം' കൊണ്ട് സമുദായം എത്ര 'നേടി'യെന്ന്. സമുദായത്തിന്റെ കള്ളിയിൽ പേരുദോഷത്തിന്റെയും നഷ്ടങ്ങളുടെയും കണക്ക് എഴുതിച്ചേർക്കേണ്ടി വന്ന കാലയളവാണിത്' (പേ:38). 

കഴിഞ്ഞ മുപ്പതിലധികം വർഷങ്ങൾ നിരന്തരം സമുദായത്തിന് പേരുദോഷമുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിക്കുമാണോ ലീഗ് പ്രവർത്തകർ വോട്ട് ചെയ്യേണ്ടത്? സമുദായത്തിന്റെ കള്ളിയിൽ നഷ്ടങ്ങളുടെ കണക്ക് മാത്രം എഴുതിച്ചേർത്ത മൗദൂദികൾക്ക് ലീഗ് പ്രവർത്തകർ എങ്ങനെ വോട്ട് ചെയ്യും? ജമാഅത്ത് വോട്ടുകൾ കൊണ്ട് മറിച്ച് കളയാം എന്ന് വിചാരിക്കുന്നവർ പരിശുദ്ധ നെയ്യിലെ ഒരു തലവാചകം ഓർക്കണം, 'എണ്ണൂറിൽ താഴെ അംഗങ്ങളും എണ്ണിയാൽ തീരാത്ത സിദ്ധികളും'. ഇതാണ് ജമാഅത്ത് വോട്ടിന്റെ കണക്ക്. എല്ലാം ചേർന്നാൽ കേരളത്തിലെ ആകെ അംഗങ്ങൾ പതിനായിരമാണ്. 1992ലെ കണക്കാണ്. അതായത് അമ്പത് വർഷം കൊണ്ട് ഉണ്ടായ വോട്ടർമാർ. ശേഷമുള്ള മുപ്പത്തിനാല് വർഷങ്ങളിൽ കഴിഞ്ഞ അമ്പത് വർഷത്തിന്റെ വളർച്ചയുണ്ടെന്ന് കണക്കാക്കിയാൽ കേരളത്തിലെ ആകെ ജമാഅത്ത് വോട്ട് ഇരുപതിനായിരം. ഈ വോട്ടിനെ വേണം 17,337 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് വിഭജിക്കാൻ! ശരാശരി ഒരു വാർഡിൽ ഒന്നര വോട്ട് തികയാൻ ജമാഅത്തെ ഇസ്ലാമി ഇനിയും ഏറെ വളരണം. അതായത് ലീഗ് പ്രവർത്തകരുടെ വോട്ട് കൊണ്ട് വേണം ജമാഅത്തെ ഇസ്ലാമിക്ക് ഹുകൂമത്തെ ഇലാഹിയുടെ പടികൾ കയറാൻ. എന്താവശ്യത്തിനാണ് ലീഗ് ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്? 

ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോൾ ഞങ്ങൾ കേരള മുസ്ലിംകൾക്ക് ചിലത് ചോദിക്കാനുണ്ട്. എന്തിന് ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്യണം? ഒരു കാലത്ത് ഖുർആൻ ഉദ്ധരിച്ച് ഇന്ത്യൻ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞവരല്ലേ നിങ്ങൾ? വോട്ട് ശിർക്കായിരുന്നില്ലേ? തിരഞ്ഞെടുപ്പ് ശിർക്കായിരുന്നില്ലേ? സ്ഥാനാർഥിത്വം ശിർക്കായിരുന്നില്ലേ? അല്ലാഹു പൊറുക്കാത്ത മഹാപാപമല്ലേ ശിർക്ക് എന്ന ബഹുദൈവത്വം? ജനാധിപത്യവും മതേതരത്വവും ശിർക്കായിരുന്നില്ലേ? ഇന്ത്യൻ പാർലിമെന്റും കേരള നിയമസഭയും ഗ്രാമപഞ്ചായത്ത് ബോർഡും താഗൂത്തായിരുന്നില്ലേ? ഇന്ത്യൻ നിയമ, വ്യവഹാര സംവിധാനങ്ങളെ സമീപിക്കുന്നത് മഹാപാപമായിരുന്നില്ലേ? ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിൽ മുസ്ലിം കുട്ടികൾ പഠിക്കുന്നത് മഹാപാപമായിരുന്നില്ലേ? മുസ്ലിം യുവാക്കൾ സർക്കാർ ജോലി സ്വീകരിക്കുന്നത് നിങ്ങൾക്ക് പാപമായിരുന്നില്ലേ? നിങ്ങൾക്ക് എന്തിന്റെ പേരിലാണ് ഞങ്ങൾ വോട്ട് ചെയ്യേണ്ടത്? ഈ സമുദായത്തെ അമ്പത് വർഷമെങ്കിലും പിറകോട്ട് തള്ളിയിട്ടതിനോ? വോട്ടും തിരഞ്ഞെടുപ്പും പാർലിമെന്റും നിയമസഭയും സ്‌കൂളും കോളജും സർക്കാർ ജോലിയും കോടതികളും എന്ന് മുതൽക്കാണ് നിങ്ങൾക്ക് തൗഹീദായത്? അനുവദനീയമായത്? ഹുകൂമത്തെ ഇലാഹിക്ക് വേണ്ടി ഉദ്ധരിച്ച് വളച്ച് കെട്ടി വ്യാഖ്യാനിച്ചെടുത്ത ഖുർആൻ സൂക്തങ്ങൾ നിങ്ങൾ എന്ത് ചെയ്തു? ജമാഅത്ത് ഭരണഘടന കണക്കെ തരാതരം മാറ്റിമറിക്കാൻ പറ്റുന്നതാണോ ഖുർആൻ? എന്ത് അർഹതയുടെ പേരിലാണ് ജമാത്തത്തെ ഇസ്ലാമി വോട്ട് തേടുന്നത്? 

1970 മേയ് 28ന് ന്യൂഡൽഹിയിൽ ചേർന്ന കോൺഗ്രസ്സ് നേതൃ സംഗമം (എ ഐ സി സി) ജമാഅത്തെ ഇസ്ലാമിക്കെതിരെ പാസ്സാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാണിച്ച മുഖ്യവിഷയങ്ങൾ ഇവയായിരുന്നു. ഒന്ന്, ആർ എസ് എസിനെപ്പോലെ ജമാഅത്തും ഒരർധ സൈനിക സംഘടനയാണ്. രണ്ട്, കോൺഗ്രസ്സിന്റെ വിഭാവന പ്രകാരം സെക്യൂലർ സമൂഹത്തിൽ ജീവിക്കാൻ ജമാഅത്തിന് അവകാശമില്ല. മൂന്ന്, ജമാഅത്തെ ഇസ്ലാമി വർഗീയാക്രമണത്തിന്റെയും വിദ്വേഷത്തിന്റെയും വികാരങ്ങൾ ഇളക്കിവിടുന്നു.

ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് അക്ഷരാർഥത്തിൽ ശരിയായ നിരീക്ഷണമല്ലേ എ ഐ സി സി നടത്തിയിരിക്കുന്നത്? മൗദൂദി സാഹിത്യങ്ങൾ അടിവരയിട്ടംഗീകരിക്കുന്നതല്ലേ ഈ അഭിപ്രായങ്ങൾ? കോൺഗ്രസ്സിന് എന്ന് മുതൽക്കാണ് ജമാഅത്തെ ഇസ്ലാമി വിശുദ്ധ പശുവായത്? എന്തിന്റെ പേരിലാണ് കോൺഗ്രസ്സ് പ്രവർത്തകർ ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്? കോൺഗ്രസ്സ് വോട്ടിൽ ഗ്രാമപഞ്ചായത്തിൽ ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാൻ കോൺഗ്രസ്സ് പ്രവർത്തകർ നിന്ന് കൊടുക്കണമെന്നാണോ? 

അടിയന്തരാവസ്ഥാ വേളയിൽ ജമാഅത്ത് പണ്ഡിതൻ യു കെ ഇബ്റാഹീം മൗലവിയോട് ജമാഅത്തെ ഇസ്ലാമി മുൻ അമീർ കെ സി അബ്ദുല്ല മൗലവി പറഞ്ഞു, 'ഇനി ആ പൊട്ടത്തര (ജമാഅത്ത്)വും പറഞ്ഞ് ഇങ്ങോട്ട് വരണ്ട'. കെ സി പറഞ്ഞ പൊട്ടത്തരത്തെയാണിപ്പോൾ യു ഡി എഫ് തലയിലേറ്റിയിരിക്കുന്നത്. മുസ്ലിം വോട്ടർമാരെ പ്രകോപിപ്പിക്കുന്ന ഈ രാഷ്ട്രീയ മണ്ടത്തരത്തെ കൂടിയാണ് കെ സി പൊട്ടത്തരമെന്ന് വിളിക്കുന്നത്.


മാളിയേക്കൽ സുലൈമാൻ സഖാഫി