ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 24 February 2021

സമസ്ത-ഇല്ലാ കത്തിന്റെ തിരിഞ്ഞുകുത്ത് !



 സമസ്തയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മൂന്ന് കളവുകളാണ് ചേളാരി വിഭാഗം പ്രചരിപ്പിക്കുന്നത്. ഓരോന്നും പരിശോധിക്കാം:


കളവ് 1


കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ 1979 ൽ സുന്നി യുവജന സംഘത്തിന്റെ നേതാക്കൾ സമസ്ത നേതാക്കളെ കണ്ട് ഒരു നിവേദനം നൽകി. ബഹുമാനപ്പെട്ട സമസ്ത മുശാവറ മുൻകൈയെടുത്ത് സുന്നികൾക്ക് പ്രത്യേകം ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ അല്ലെങ്കിൽ സമസ്തയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘത്തെ ഒരു രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇതായിരുന്നു നിവേദനത്തിന്റെ ഉള്ളടക്കം.


കാന്തപുരം ഉസ്താദ് കൊടു(ക്കാ)ത്ത കത്തും ഉമ്മച്ചി പറഞ്ഞ തെളിവും! ഞാൻ വലിയ പണ്ഡിതനാണെന്ന് പറഞ്ഞ ഒരു നേതാവിനോട് അതിനു തെളിവ് ചോദിച്ചപ്പോൾ എന്റെ ഉമ്മച്ചി പറഞ്ഞു എന്നായിരുന്നത്രെ മൂപ്പരുടെ മറുപടി. ഇതു പോലെയാണ് എപി ഉസ്താദിന്റെ നേതൃത്വത്തിൽ കൊടുത്തു എന്ന് ആരോപിക്കുന്ന കത്തിന്റെ തെളിവ് ചോദിച്ചപ്പോഴുള്ള അവസ്ഥയും! അദ്ദേഹം ഉദ്ധരിച്ച തെളിവ് നോക്കൂ: ഒന്ന്; 2012 ൽ കൂരിയാട് നടന്ന സമ്മളന സുവനീർ, രണ്ട്; പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് സുവനീർ, മൂന്ന്; സമസ്ത തൊണ്ണൂറാം വാർഷിക സുവനീർ. എല്ലാം അടുത്ത കാലത്ത് സ്വന്തം സംഘടന പ്രസിദ്ധീകരിച്ച സ്വന്തം വാറോലകൾ!! ഇങ്ങനെയാണോ തെളിവ് പറയേണ്ടത്? കാന്തപുരം ഉസ്താദിനെ എതിർക്കാൻ മാത്രമായി നിങ്ങൾ പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങൾ മറ്റുള്ളവർക്കെങ്ങനെ തെളിവാകും? അതെങ്ങനെ അംഗീകരിക്കും?

ഈ കത്ത് എപി ഉസ്താദിന്റെ നേതൃത്വത്തിലാണ് സമസ്തക്ക് നൽകിയത് എന്ന് നിങ്ങൾ പറഞ്ഞത് വാസ്തവമാണോ? നമ്മൾ ഒരുമിച്ചുള്ള സമയത്തെ സുന്നിവോയ്‌സിൽ നിന്നും ഉദ്ധരിക്കാം:

‘മാസങ്ങൾക്കു മുമ്പ് കോഴിക്കോട് ശാദുലി പള്ളിയിലും പൂനൂരിലെ ടൗൺ സമസ്ത പള്ളിയിലും ബത്തേരിക്കടുത്ത പുത്തൻ കുന്നിലും കൊടുവള്ളിക്കടുത്ത കിഴക്കോത്തും വഹാബികൾ നടത്തിയ പള്ളി കൈയേറ്റങ്ങളും സുന്നികൾ ക്കെതിരെയുള്ള മറ്റൊരു പാർട്ടി നടത്തിയ സ്റ്റേജ് ആക്രമണവും അതിനെ തുടർന്ന് കൂനിന്മേൽ കുരു എന്ന പോലെ സുന്നികളുടെ മേൽ നടന്ന പോലീസ് ആക്രമണവും ക്രിമിനൽ കേസുകളും പാവപ്പെട്ടവരും നിരപരാധികളും ആയ സുന്നികളെ ഇന്ന് വീർപ്പുമുട്ടിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് സുന്നികളാൽ സ്ഥാപിതമായതും സുന്നി വിശ്വാസ പ്രകാരം ആരാധന മുറകൾ നടന്ന് വന്നതുമായ പരിശുദ്ധ പള്ളികളിൽ ഏതാനും ചില പണക്കാരുടെയും പുത്തനാശയക്കാരുടെയും ധനവും സ്വാധീനവും ഉപയോഗപ്പെടുത്തി പള്ളികളിലെ ആചാര മുറകൾ മാറ്റരുത് എന്ന് പറഞ്ഞു പോയതാണ് സുന്നികൾ ചെയ്ത തെറ്റ്. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങൾക്ക് പാടെ വിരുദ്ധവുമായ സിദ്ധാന്തങ്ങൾ എഴുന്നള്ളിക്കുന്ന ഒരു ‘ശൈഖി’നെ പിൻപറ്റരുത് എന്ന് പ്രസംഗിച്ചതുമാണ് മറ്റൊരു തെറ്റ്.

ഇങ്ങനെ സുന്നികളുടെതായ സ്ഥാപനങ്ങൾ സുന്നികൾക്ക് തന്നെ കിട്ടണം എന്ന് പറഞ്ഞതിനും ഇസ്‌ലാമിനെതിരായ വിശ്വാസങ്ങളെ പിൻപറ്റരുത് എന്നും പറഞ്ഞുപോയ കുറ്റത്തിനു വേണ്ടി പാവപ്പെട്ട സുന്നികൾ പോലീസിന്റെ ലാത്തിക്കും ബയനറ്റിനും ഇരയായി, ക്രിമിനൽ കേസുകൾക്ക് വിധേയരായി കേസുകൾ പലതും ഇന്ന് നടന്നുകൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഒരു എംഎൽഎ പുളിക്കൽ നടന്ന മുജാഹിദ് സമ്മേളനത്തിൽ വച്ച് തന്റെ അനുയായികൾക്കും മറ്റും ആവേശം നൽകുമാറ് തന്റെ അവസാനത്തെ തുള്ളി രക്തം പോലും മുജാഹിദ് പ്രസ്ഥാനത്തിന് വേണ്ടി ചിന്തുമെന്നും ശാദുലി പള്ളി സുന്നികൾക്ക് വിട്ടുകൊടുക്കുന്ന പ്രശ്‌നമേയില്ലെന്നും മറ്റും ഉറക്കെ പ്രഖ്യാപിച്ചത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഈ അവസ്ഥ സുന്നി മുസ്‌ലിംകളെ ക്ഷുഭിതരാക്കുക മാത്രമല്ല, സുന്നികൾക്കൊരു രാഷ്ട്രീയ സംഘടന വേണം എന്ന് വരെ അവരുടെ അനിഷേധ്യ പണ്ഡിത സംഘടനയായ സമസ്തയോടവർ എഴുത്തുകളിലൂടെയും പ്രസ്താവനകളിലൂടെയും ആവശ്യപ്പെടാൻ തുടങ്ങി. ഈ സന്ദർഭത്തിലാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി പണ്ഡിതന്മാർ, നേതാക്കൾ, പ്രവർത്തകന്മാർ എന്നിവരെ നേരിൽ കണ്ടും കൺവെൻഷനുകൾ വിളിച്ചുകൂട്ടിയും സമുദായത്തിന്റെ വികാരം ശരിക്കും പഠിക്കുവാനും വിലയിരുത്തുവാനുമായി ഓരോ നിയോജക മണ്ഡലങ്ങളിലേക്കും സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തത്. പ്രസ്തുത കമ്മിറ്റികളുടെ അനുഭവത്തിന്റെ വെളിച്ചത്തിലും കൺവെൻഷനുകളംഗീകരിച്ച പ്രമേയങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇക്കഴിഞ്ഞ 16. 6. 79 നു ചേർന്ന മുശാവറ മേൽ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്’ (1979 ജൂലായ് 13 സുന്നി വോയ്‌സ്). ഇതാണ് കാര്യം. കാന്തപുരം ഉസ്താദ് ഇവിടെ കടന്നുവരുന്നേയില്ല. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പൊതുവികാരമായിരുന്നു രാഷ്ട്രീയപരമായ പ്രതിരോധം!


ഇനി കാന്തപുരം ഉസ്താദ് തന്നെയും ഈ വഹാബിവൽകൃത രാഷ്ട്രീയക്കാരുടെ നെറികെട്ട ചെയ്തികളിൽ മനംമടുത്ത് സുന്നികൾക്കായി ഒരു രാഷ്ട്രീയ പാർട്ടി വേണമെന്ന് സമസ്തയുടെ മുന്നിൽ ചർച്ചക്കിട്ടു എന്നു വെറുതെ സങ്കൽപിക്കുക. എന്നാൽ എന്താണ് കുഴപ്പം? ഇതിൽ വല്ല പ്രശ്‌നവും നിങ്ങൾ കാണുന്നുവെങ്കിൽ നിങ്ങളും ആ രാഷ്ട്രീയ പാർട്ടിയുടെ നീരാളിപ്പിടുത്തത്തിൽ പെട്ടുപോയിട്ടുണ്ടെന്ന് മനസ്സിലാക്കുക. അതാണല്ലോ ദീനിനും സമുദായത്തിനും ദോഷമായിട്ടും ലീഗിന് കോട്ടം തട്ടുന്ന ഒന്നും നിങ്ങൾക്ക് ചിന്തിക്കാൻ കഴിയാത്തത്? അതിലേറെ രസകരം, എപി ഉസ്താദ് നൽകിയെന്നു പറയുന്ന കത്ത് 79ലാണ്. അതു കാരണം പുറത്താക്കിയെന്ന് പറയുന്നതോ… വർഷത്തിനു ശേഷവും. ഈ കാലമത്രയും ഉസ്താദ് സമസ്തയുടെ നേതൃരംഗത്ത് ഉജ്ജ്വലമായി തിളങ്ങി നിൽക്കുക തന്നെയായിരുന്നു.


കളവ് 2:


1979 ന് ശേഷം അവരുടെ ആഗ്രഹം നടക്കില്ല എന്ന് കണ്ടപ്പോൾ കാന്തപുരത്തിന്റെ നേതൃത്വത്തിൽ എംഡിപി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.


അതും ഉസ്താദിന്റെ തലയിലേക്കിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് മുമ്പ് ഈ ചന്ദ്രിക ഒന്ന് വായിക്കൂ:

‘സുന്നികൾ വേറിട്ടു തന്നെ നിൽക്കണം: ഇകെ. കോഴിക്കോട്: ഏപ്രിൽ 29. സുന്നികൾ മറ്റുള്ളവരുമായി കൂടിക്കലർന്നതാണ് സമുദായത്തിൽ നിലവിലുള്ള സർവ്വ കുഴപ്പങ്ങൾക്കും കാരണമെന്നും അവരെ വേർതിരിച്ചുനിർത്തൽ അനിവാര്യമാണെന്നും ഇ.കെ. അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. ഇപ്പോൾ സുന്നികളെ മറ്റെല്ലാ സംഘടനകളിൽ നിന്നും വേർപ്പെടുത്താൻ ഞങ്ങൾ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും ഡമോക്രാറ്റിക് പാർട്ടി ഉപദേശക സമിതി അംഗം കൂടിയായ ഇകെ പ്രഖ്യാപിച്ചു (1984 ഏപ്രിൽ 30 ചന്ദ്രിക).

ഇനി പറയൂ. ആരായിരുന്നു എംഡിപിയുടെ നേതാക്കൾ?


കളവ് 3: 

കാരന്തൂർ മർകസിന്റെ പ്രചാരണാർത്ഥം കാന്തപുരം ഖത്തറിൽ പോയി. അവിടെ നിന്നും ഞാൻ തിരിച്ച് വരുന്നതുവരെ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് സുന്നിവോയ്‌സിൽ ഒന്നും എഴുതരുത് എന്ന് സുന്നിവോയ്‌സ് ഓഫീസിലേക്ക് കാന്തപുരം കത്തയച്ചു. ഇതു കാരണം സമസ്ത അടിയന്തരമായി യോഗം വിളിച്ച് ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്ന് കാന്തപുരത്തെ നീക്കം ചെയ്തു.

പച്ചക്കള്ളമാണ് അമ്പലക്കടവ് പറഞ്ഞത്. ചന്ദ്രികയിൽ അങ്ങനെ ഒരു വാർത്ത വന്നു എന്നതു ശരി തന്നെ. സുന്നികൾക്ക് പത്രമില്ലാത്ത കാലത്ത് ഇതു പോലെയുള്ള വ്യാജ വാർത്തകൾ കൊടുക്കൽ മുസ്‌ലിം ലീഗിന്റെ സ്ഥിരം പരിപാടിയായിരുന്നു. സുന്നികൾ അതിനൊരു തിരുത്തുമായി ചെന്നാൽ അവരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തതിന് ധാരാളം തെളിവുകളുണ്ട്. അങ്ങനെയാണ് സുന്നികൾക്കൊരു പത്രം എന്ന ആശയം ഉടലെടുക്കുന്നത്. ഈ വാർത്ത വാസ്തവ വിരുദ്ധമാണ് എന്ന തിരുത്ത് സമസ്ത നേതാക്കൾ നൽകിയിട്ടും ചന്ദ്രിക പ്രസിദ്ധീകരിച്ചില്ല. ഈ വിഷയങ്ങൾ തൊട്ടടുത്ത ലക്കം സുന്നിവോയ്‌സിൽ കാണാം. അതിങ്ങനെ:

മുസ്‌ലിംകൾ വഞ്ചിതരാകരുത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജോയിൻ സെക്രട്ടറിയും സമസ്ത കേരള സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയും മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ വൈസ് പ്രസിഡണ്ടുമായ ബഹു: എപി അബൂബക്കർ മുസ്‌ലിയാരെ സമസ്തയിൽ നിന്നും പുറത്താക്കി എന്ന നീചവും നികൃഷ്ടവും നിന്ദ്യവുമായ ഒരു പ്രചാരവേലയുമായി ചില കുൽസിത ബുദ്ധികൾ രംഗത്തു വന്നതായി കാണുന്നു. 20. 11. 79 ലെ ചന്ദ്രികയിൽ യഥാർത്ഥ വാർത്തയെ വളച്ചൊടിച്ചു പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെയാണ് നീചാൽ നീചമായ ഈ നീക്കം ആരംഭിച്ചിട്ടുള്ളത്. ചന്ദ്രികയിൽ വന്ന പ്രസ്തുത വാർത്തയെ നിഷേധിച്ചുകൊണ്ട് സമസ്ത ഓഫീസിൽ നിന്ന് കൊടുത്ത പ്രസ്താവന പ്രസിദ്ധീകരിക്കാനുള്ള സൻമനസ്സ് പോലും ചന്ദ്രിക കാണിച്ചിട്ടില്ല എന്ന വസ്തുത ഖേദകരമാണ്.

സമസ്തയുടെ മുൻ തീരുമാനം മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വഹാബികൾക്ക് ഉണ്ടായ കനത്ത പരാജയം മറച്ചുപിടിക്കാനും ആ തീരുമാനം സമസ്ത പിൻവലിച്ചു എന്ന ധാരണ ജനങ്ങളിൽ ഉളവാക്കാനും വഹാബികളുടെ ഏജന്റ് മാരായ ചിലരുടെ ഈ നീക്കത്തെ ശക്തിയുക്തം നേരിട്ടു പരാജയപ്പെടുത്തണമെന്ന് സുന്നി യുവജന സംഘം കീഴ്ഘടകങ്ങളോടും ഇത്തരം തെറ്റിദ്ധരിപ്പിക്കലിൽ വഞ്ചിതരാകരുതെന്നു മുസ്‌ലിം ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു (സുന്നിവോയ്‌സ് 1979 ഡിസംബർ 7 വെള്ളി).

നെറികെട്ട വഹാബി രാഷ്ട്രീയത്തിനെതിരെ സുന്നിവോയ്‌സ് വീണ്ടും പ്രതികരിക്കുകയുണ്ടായി: ‘ചന്ദ്രിക’ വാർത്ത ‘സമസ്ത’ ഓഫീസ് നിഷേധിക്കുന്നു- കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഓഫീസിൽ നിന്നുള്ള അറിയിപ്പ് താഴെ ചേർക്കുന്നു; സമസ്ത ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്ന് ജ: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ നീക്കം ചെയ്തതായി നവംബർ 30 യിലെ ചന്ദ്രിക പത്രത്തിൽ വന്ന വാർത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. എപി അബൂബക്കർ മുസ്‌ലിയാർ വിദേശത്ത് ആയതുകൊണ്ട് ഒഴിവ് വന്ന ഓഫീസ് സെക്രട്ടറി സ്ഥാനത്തേക്ക് താൽക്കാലികമായ ഒരു നിയമനം നടത്തുക മാത്രമാണ് ഉണ്ടായത്.

സമസ്തയുടെ ആശയത്തിന് വിരുദ്ധമായി ചില അംഗങ്ങൾ രാഷ്ട്രീയം കൈകാര്യം ചെയ്തതായി യോഗത്തിൽ ആരോപണമുണ്ടായി എന്ന് ഇക്കഴിഞ്ഞ മുശാവറ യോഗത്തെ പറ്റി ചന്ദ്രികയിൽ വന്ന വാർത്ത സത്യവിരുദ്ധമാണ്. അത്തരത്തിലുള്ള യാതൊരു ആരോപണവും മുശാവറയിൽ ഉന്നയിക്കപ്പെട്ടിട്ടില്ല.

എപി അബൂബക്കർ മുസ്‌ലിയാർക്കെതിരെ കോഴിക്കോട് താലൂക്ക് സുന്നി യുവജന സംഘം കൺവെൻഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന ചന്ദ്രിക വാർത്തയും അസത്യമാണ്. അത്തരത്തിലുള്ള യാതൊരു ആവശ്യവും സമസ്ത മുശാവറയിൽ ഉന്നയിക്കപ്പെടുകയോ ചർച്ചക്ക് വരികയോ ഉണ്ടായിട്ടില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് സമസ്ത സെക്രട്ടറിയേറ്റ് ഇറക്കിയ സർക്കുലർ വിവാദപരമായിട്ടില്ല. ആ സർക്കുലറിൽ സമസ്ത ഇപ്പോഴും ഉറച്ചുനിൽക്കുകയും ചെയ്യുന്നു, പല പണ്ഡിതന്മാരും വിദേശത്തായിരുന്നപ്പോൾ ആരുമറിയാതെ ചിലർ ചേർന്നു പടച്ചുണ്ടാക്കിയ തായിരുന്നു ആ സർക്കുലറെന്ന ചന്ദ്രികയുടെ ആരോപണം തെറ്റും വാസ്തവ വിരുദ്ധവുമാണ്. ചന്ദ്രിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പൊതുജനങ്ങൾ തെറ്റിദ്ധാരണയിൽ അകപ്പെട്ടു പോകരുതെന്ന് അറിയിപ്പിൽ തുടർന്നു പറഞ്ഞു. (1979 പു: 3, ല: 8).

വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ കാന്തപുരം ഉസ്താദിന് സ്വീകരണം നൽകി ഇകെ ഉസ്താദ് നടത്തിയ പ്രസംഗം പിന്നീട് സുന്നിവോയ്‌സിൽ അച്ചടിച്ച് വന്നു: ‘ആരെയും ഒറ്റപ്പെടുത്താൻ അനുവദിക്കില്ല: മൗലാന ഇകെ അബൂബക്കർ മുസ്‌ലിയാർ- ഡിസംബർ 23. കോഴിക്കോട്: സുന്നത്ത് ജമാഅത്തിനു വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ആരെയും ഒറ്റപ്പെടുത്തുവാനോ തള്ളിപ്പറയാനോ അനുവദിക്കില്ലെന്നും അതിനു വേണ്ടി ശ്രമിക്കുന്നവർ താനേ ഒറ്റപ്പെട്ടുപോകുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാന ഇകെ അബൂബക്കർ മുസ്‌ലിയാർ ഇന്നിവിടെ പ്രസ്താവിച്ചിരിക്കുന്നു.

വിദേശയാത്ര കഴിഞ്ഞ് തിരിച്ചുന്ന സ്റ്റേറ്റ് സുന്നി യുവജന സംഘം സെക്രട്ടറി ജനാബ് എപി അബൂബക്കർ മുസ്‌ലിയാർ(കാന്തപുരം)ക്ക് സഹപ്രവർത്തകൻമാർ വികാസ് ലോഡ്ജ് ഓഡിറ്റോറിയത്തിൽ വെച്ചു നൽകിയ ഊഷ്മളമായ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈയിടെ ചില പത്രങ്ങളിൽ വന്ന വ്യാജ റിപ്പോർട്ടുകൾ എപിയെ നിരാശപ്പെടുത്തിയിട്ടുണ്ടാവാമെന്നും എന്നാൽ സുന്നത്ത് ജമാഅത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് പല എതിർ ശക്തികളെയും നേരിടേണ്ടിവരുമെന്നും, എന്നാൽ സുന്നത്ത് ജമാഅത്തിന്റെ ശക്തിയെ ക്ഷയിപ്പിക്കാനോ നശിപ്പിക്കുവാനോ ഏതൊരു വൻശക്തിക്കും സാധ്യമല്ലെന്നും അറംഗസീബിന്റെ ചരിത്രം ഉദ്ധരിച്ചുകൊണ്ട് മൗലാന പ്രസ്താവിച്ചു.

സംഘടനാപരമായും സ്വന്തമായും പല പല ജോലിത്തിരക്കുമുള്ളതായ ഒരാളായതു കൊണ്ട് സമസ്തയുടെ ഓഫീസ് സെക്രട്ടറി എന്ന ജോലിക്ക് എപിക്ക് സൗകര്യമാകയില്ലെന്നുള്ളതിനാൽ തൽ സ്ഥാനത്തേക്ക് താൽക്കാലികമായി ഒഴിവുള്ള മറ്റൊരാളെ നിശ്ചയിച്ചുവെന്നുള്ളതല്ലാതെ ഇവിടെ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും, അതിന് എപിയെ സമസ്തയിൽ നിന്ന് പുറത്താക്കി എന്നു പ്രചാരണം നടത്തിയത് ചില രാഷ്ട്രീയക്കാരുടെ ദുഷ്പ്രചരണമാണെന്നും തുടർന്നു കൊണ്ട് മൗലാന അറിയിക്കുകയുണ്ടായി.

ഇത്തരം കുതന്ത്രങ്ങളിൽ വഞ്ചിതരാകാതെ സുന്നികൾ ഒറ്റക്കെട്ടായി മുന്നേറണമെന്നും സുന്നി വിരുദ്ധരെ എല്ലാ രംഗത്തും പരാജയപ്പെടുത്താൻ പരമാവധി പരിശ്രമിക്കണമെന്നും മൗലാന അഭ്യർത്ഥിച്ചു (1979 ഡിസംബർ 28 വെള്ളി).

ഇത്രയും സത്യസന്ധവും സംശയാതീതവുമായ തെളിവുകളുണ്ടായിട്ടും രാജാവിനെ തൃപ്തിപ്പെടുത്തി ഫത്‌വ കൊടുക്കുന്ന കൊട്ടാര പണ്ഡിതനെ പോലെ ചില രാഷ്ട്രീയ നേതാക്കളെ സുഖിപ്പിക്കാൻ വേണ്ടി സത്യം മൂടിവെച്ച് കളവുകൾ പ്രചരിപ്പിക്കുമ്പോൾ എല്ലാം അറിയുന്ന റബ്ബിനെ മറക്കരുത് എന്നേ ഫൈസിയോട് പറയാനുള്ളൂ.


എംവി അബ്ദുറഊഫ് പുളിയംപറമ്പ്

22 February 2021