#മാറ്റുവിൻ_ശീലങ്ങളെ...!
പഞ്ചനക്ഷത്ര ആശുപത്രികളിൽ 'ബിസിനസ്സ്' 20ശതമാനത്തിലും താഴെയാണത്രെ!
പേറാശുപത്രികളും കീറാശുപത്രികളും പലതും പൂട്ടി, ചിലതു കോവിഡിനുവേണ്ടി സർക്കാരിനു വിട്ടുകൊടുക്കാൻ തയാറായിരിക്കുന്നു. കൊറോണ വന്നപ്പോൾ കാർഡിയോ തട്ടിപ്പുകൾ മുച്ചൂടും പൊളിഞ്ഞു! ഒരു കണക്കു പറയാം: തിരുവനന്തപുരം മേഖലയിൽ ഒരു മുപ്പതു കി.മീ ചുറ്റളവിൽ 17 സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുണ്ട്. ഇതിൽ ജോലി ചെയ്യുന്ന നൂറോളം കാർഡിയോളജിസ്റ്റുകളുണ്ടെന്നാണ് കണക്ക്. കോവിഡിനു മുമ്പ് ആഞ്ചിയോ ചെയ്യാൻ ഷെഡ്യൂൾ ചെയ്ത രോഗികളുടെ എണ്ണം ഇരുനൂറോളം. 'ഉടനെ ചെയ്തില്ലെങ്കിൽ ആള് തട്ടിപ്പോകും' എന്നു പറഞ്ഞു പേടിപ്പിച്ചാണ് ആഞ്ചിയോ തീരുമാനിക്കുന്നത് എന്നോർക്കണം. പടച്ച തമ്പുരാനെ! മാസം ഒന്നു പിന്നിടുന്നു, ബൈപ്പാസിനും സ്റ്റാൻ്റിടാനും ഷെഡ്യൂൾ ചെയ്ത ഒറ്റ ബ്ലോക്ക് രോഗിയും ഇതുവരെ വെടിതീർന്നതായി വാർത്തയില്ല!! ഇത് സംസ്ഥാന തലത്തിൽ നോക്കിയാൽ ഒരായിരം ബ്ലോക്കന്മാരെങ്കിൽ കാർഡിയോ ഭീകരതയിൽ നിന്നു കഴിഞ്ഞ മാസം രക്ഷപ്പെട്ടിരിക്കണം -ഏതു മാതിരി വൈദ്യശാത്ര കൊള്ളയാണു നമ്മുടെ നാട്ടിൽ നടന്നു കൊണ്ടാരിക്കുന്നത് എന്നറിയാനും ഒരു കോവിഡ് കാലം!
നൂറും നൂറ്റമ്പതും ടോക്കൺ കൊടുത്ത ഡോക്ടർമാരുടെ വാതിൽപ്പുറം ഇപ്പോൾ ശൂന്യം, മരുന്നുകടകളിലെ കച്ചവടം 30ശതമാനത്തിനും താഴെ, കെണിവച്ചു ഇരകളെ പിടിച്ചിരുന്ന ലാബുകൾ മിക്കതും പൂട്ടിക്കിടക്കുന്നു. സ്കാനിങ്ങില്ല, മാസാന്ത ചെക്കപ്പില്ല, നാനാതരം മരുന്നുകളുടെയും ടെസ്റ്റുകളുടെയും ശ്രേണിയില്ല. എന്നിട്ടും വീട്ടിലും ആംബുലൻസിലും ഓട്ടോറിക്ഷയിലും ഗർഭിണികൾക്ക് സുഖപ്രസവം! അപ്പോൾ, സത്യമായും ചോദിക്കുകയാണ്; എന്തായിരുന്നു ഇതുവരെ നമ്മുടെ അസുഖം? ആ രോഗങ്ങളും രോഗികളും ഇപ്പോഴെവിടെ? രോഗങ്ങളും മരുന്നുകളും നമുക്ക് മറ്റൊരാഘോഷമായിരുന്നു. ആ ആഘോഷവും കൊറോണ കൊണ്ടു പോയി.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ 60-75ശതമാനം കുറഞ്ഞത്രെ. വാഹനാപകടങ്ങൾ 5ശതമാനത്തിലും താഴെ, മോഷണം, പിടിച്ചുപറി, അടിപിടി, കൊലപാതകം, സ്ത്രീപീഡനം നന്നേ കുറവ്. ഗാർഹിക പീഡനമാണ് വർദ്ധിച്ചു എന്നു പറയുന്ന ഒരേയൊരു കുറ്റകൃത്യം. ജയിലുകളിൽ നിന്നു തടവുകാരെ ഇറക്കിവിടാൻ കാരണങ്ങൾ തെരയുകയാണു സർകാർ. നാം നന്നാകാൻ ഒരണുമതിയെന്നു ചുരുക്കം.
ലളിതമായി നടത്താമായിരുന്ന ഒറ്റക്കല്യാണം നാനാപേരിൽ നാലും അഞ്ചുമാക്കി, വീടുകൂടലുകൾ, പെണ്ണ് കാണലുകൾ, പള്ളകാണലുകൾ, അറ്റമില്ലാത്ത ആഘോഷങ്ങൾ, തീറ്റപ്പൂരങ്ങൾ, ധൂർത്തകൾ, ദുർവ്യയങ്ങൾ, മരണം പോലും ഉത്സവങ്ങളാക്കി... ഇതാ എല്ലാം പോയ്മറഞ്ഞിരിക്കുന്നു. ഒരു കാര്യം ബോധ്യപ്പെട്ടു: ആഘോഷങ്ങളില്ലാതെ കല്യാണങ്ങളില്ലാതെ കാറില്ലാതെ യാത്രകളില്ലാതെ ആശുപത്രികളും ചികിത്സകളുമില്ലാതെ കുഴിമന്തിയില്ലാതെ സാൻവിച്ചില്ലാതെ കുലുക്കി സർവത്തില്ലാതെ.... അങ്ങനെ പലതും പലതുമില്ലാതെയും നമുക്ക് ജീവിക്കാം. ഒരു വൈറസ് വന്നു ജീവിതമാകുന്ന സ്ലേറ്റിലെ കടുംകുത്തിവരകൾ വൃത്തിയായി മായ്ച്ചിരിക്കുന്നു. ഇനി ഈ ക്ലീൻ സ്ലേറ്റിൽ നമുക്ക് സമചിത്തതയുടെ പുത്തൻ ജീവിതചിത്രങ്ങൾ വരച്ചു പഠിക്കാം. കോവിഡ്19ൻ്റെ ഭാഷ വ്യക്തമാണ് -മാറ്റുവിൻ ശീലങ്ങളേ!
OM Tharuvana fb post.16/4/2020