അഫ്സൽ ഖാസിമി കോഴിക്കോട്ടെ പി എഫ് ഐ വേദിയിൽ പാതിയിൽ പറഞ്ഞു നിർത്തിയ ചരിത്രാനുഭവം ഓർക്കുന്നില്ലേ. എന്തുകൊണ്ട് അതിന്റെ മറുബാക്കി പറഞ്ഞില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മളിന്നലെ കേരളത്തിലെ തെരുവുകളിൽ കണ്ടത്. സഹിഷ്ണുതയുടെ ചരിത്രത്തിൽ മാത്രമല്ല വർത്തമാനത്തിലും തങ്ങൾക്ക് താല്പര്യമില്ലെന്നു തെളിയിക്കുന്ന മട്ടിൽ ഒരു പകൽ മുഴുവൻ അഴിഞ്ഞാടുകയായിരുന്നു PFI.
കേരളത്തിൽ നടാടെയാണോ ഒരു ഹർത്താൽ നടക്കുന്നത്? നിശ്ചയമായും അല്ല. ഹർത്താലിന്റെ പേരിലുള്ള അക്രമങ്ങൾ കേരളത്തിൽ പുതുതാണോ? അതുമല്ല. പിന്നെന്തിന് PFI യുടെ ഹർത്താലിനെയും അക്രമങ്ങളെയും ഇത്ര നിശിതമായി വിമർശിക്കണം? പറയാം.
കേരളത്തിൽ ഒരു 'മുസ്ലിംസംഘടന' (അങ്ങനെ ആണല്ലോ PFI അവകാശപ്പെടുന്നത്) ഹർത്താൽ നടത്തിയതിന്റെ അനുഭവം സമീപകാല ഓർമയിൽ ഇല്ല. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും വഴിയേ പോകുന്നവരെ കൈകാര്യം ചെയ്‌തും പൊതുമുതലുകൾ നശിപ്പിച്ചും പോലീസുകാരെ കയ്യേറ്റം ചെയ്തുമുള്ള ആക്രമണങ്ങളെ ന്യായീകരിക്കാൻ നിങ്ങൾ ഏത് ഇസ്ലാമിനെയാണ് കൂട്ടുവിളിക്കുന്നത്. വഴിയിൽ നിന്ന് ബുദ്ധിമുട്ടുകളെ നീക്കം ചെയ്യുന്നത് പ്രതിഫലാർഹമാണ് എന്നാണ് മുത്തുനബി(സ്വ) വിശ്വാസികളെ ഉണർത്തിയത്. വഴിയിൽ കല്ലും ടയറും വലിച്ചിടുന്നതല്ല, അത് നീക്കം ചെയ്യുന്നതാണ് ഇസ്ലാമികത. നബിദിന റാലികളിൽ മാത്രമല്ല, ഒരു സന്ദർഭത്തിലും അങ്ങനെ വഴി തടയപ്പെട്ടുകൂടാ എന്ന ബോധ്യത്തിന്റെ പേരാണ് നബിസ്നേഹം. അതുകൊണ്ടാണ് മീലാദ് റാലികൾ കടന്നുപോകുന്നേരം ഗതാഗതം സ്തംഭിപ്പിക്കാൻ സുന്നികൾ ഒരുമ്പെടാത്തത്. നബിദിനറാലിയിൽ വഴി തടസപ്പെടുന്നതിൽ മാത്രമാണ് പി എഫ് ഐ നേതാക്കൾക്ക് ആകെയുള്ള ആകുലത എന്നാണല്ലോ ഇന്നലത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്! തെരുവ് ഒന്നാകെ സ്തംഭിപ്പിക്കുന്നതിൽ അവർക്ക് തെല്ലും മനസ്താപമില്ല!!
ഇസ്ലാമികമായ ഉത്തരവാദിത്തം പോയിട്ട് സാമൂഹികമായ വകതിരിവ് പോലുമില്ലാത്ത ആൾക്കൂട്ടത്തെയാണ് ഇന്നലെ തെരുവിൽ കണ്ടത്. നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതിന് അണികൾ തെരുവിൽ അഴിഞ്ഞാടുക. സത്യവും അസത്യവും തമ്മിൽ, നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത് എന്നാണ് ജയിലിൽ പോകാത്ത നേതാക്കൾ വിശദീകരിച്ചു കണ്ടത്. അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങിതിരിച്ചവരെ അല്ലാഹുവാണ് വഴി നടത്തുന്നത് എന്നാണ് കഴിഞ്ഞ ദിവസം PFI യുടെ സംസ്ഥാനനേതാവ് ഫേസ്ബുക്കിൽ എഴുതിയത്. അല്ലാഹുവിനെയും റസൂലിനെയും ദീനിനെയും വിശ്വാസത്തെയും തരാതരം പോലെ എടുത്തുപയോഗിക്കുന്നതിന്റെ അപകടം മനസിലാക്കാൻ പോലും കഴിയാതെ പോയല്ലോ ഇക്കൂട്ടർക്ക്. ഇന്നലെയൊരാൾ തെരുവിൽ ഷഹാദത്തിനെ (രക്തസാക്ഷിത്വം) കുറിച്ച് പ്രസംഗിക്കുന്നത് കേട്ടു. തങ്ങൾ ഇതൊക്കെ ചെയ്യുന്നത് ഇസ്ലാമിന് വേണ്ടിയാണ് എന്ന് ധ്വനിപ്പിക്കുകയാണ് ആ നേതാവ്. അതുകൊണ്ടാണ് ചോദ്യം ആവർത്തിക്കേണ്ടി വരുന്നത് -നിങ്ങൾ പറയുന്നത് ഏത് ഇസ്‌ലാമിനെ കുറിച്ചാണ്? നാടാകെ കലാപത്തീ പടർത്തിയിട്ട് നിങ്ങൾ ഏത് ഇസ്ലാമിനെയാണ് സ്ഥാപിച്ചെടുക്കുന്നത്? ഞങ്ങൾ പഠിച്ച ഇസ്‌ലാം അഫ്സൽ ഖാസിമി പറയാതെ വിട്ടുകളഞ്ഞ ചരിത്രഭാഗം കൂടി ചേർന്നതാണ്. പ്രതികാരമല്ല, കാരുണ്യമാണ് അതിൽ മുന്തിനിൽക്കുന്നത്. അക്രമമല്ല, സമാധാനമാണ് റസൂലിന്റെ വഴി. ആയുധമൂർച്ച കൊണ്ട് ജയിച്ചതല്ല, ആശയത്തെളിച്ചം കൊണ്ട് സ്ഥാപിക്കപ്പെട്ടതാണ് ഇസ്ലാമിന്റെ ചരിത്രം. അത് പറയുമ്പോൾ ഭീരുക്കളായി പോകുമോ എന്ന അപകർഷ മുസ്ലിമിന് ഉണ്ടാകേണ്ടതില്ല. ആ അപകർഷബോധം അപകടകരമായ അളവിൽ ഗ്രസിച്ച ഒരാൾക്കൂട്ടത്തിന്റെ അന്തക്കേടാണ് ഇന്നലെ തെരുവിൽ കണ്ടത്. അതിന് ഉത്തരവാദിത്തം ഏൽക്കേണ്ട ഒരാവശ്യവും ഇസ്ലാമിനില്ല. ഒന്നുകൂടി പറയാം: ഇത്രയേ ഉള്ളൂ പോപ്പുലർ ഫ്രണ്ട്. സംഘടനയുടെ കേഡർ സ്വഭാവത്തെ കുറിച്ചുള്ള കെസ്സ് പാട്ടുകളൊക്കെ ബഡായി ആയിരുന്നു എന്ന് മനസിലാക്കാൻ കൂടി ഈ സന്ദർഭം ഉപകരിച്ചു എന്ന് പറയാതെ വയ്യ. വഴി നടത്താനറിയാത്ത നേതൃത്വം, അച്ചടക്കമില്ലാത്ത അനുയായികൾ- ഇതുരണ്ടും കൂടിച്ചേരുമ്പോഴുള്ള ദുരന്തങ്ങളുടെ തനിയാവർത്തനമായി പോപ്പുലർ ഫ്രണ്ട് മാറുകയാണ് എന്ന് തെളിയിക്കുന്നതായി സമൂഹമാധ്യമങ്ങളിലും പുറത്തും അവർ നടത്തിയ പിത്തലാട്ടങ്ങൾ. ഫാഷിസത്തോട് ചാർച്ചപ്പെടുന്നവരാണ് തങ്ങളെ വിമർശിക്കുന്നത് എന്ന പതിവ് മറുപടി പ്രതീക്ഷിച്ചുതന്നെയാണ് ഇത്രയുമെഴുതിയത്. ഫാഷിസത്തെ പ്രതിരോധിക്കാൻ തെരുവിൽ കലാപമുണ്ടക്കലാണ് നല്ലത് എന്ന നിലപാട് ജനാധിപത്യപരമല്ല, ഇസ്ലാമികം തീരെ അല്ല. മുസ്ലിം പശ്ചാത്തലമുള്ള ഒരു സംഘടന ഇങ്ങനെ നില വിട്ടുള്ള കളിക്ക് ഇറങ്ങണം എന്നാഗ്രഹിക്കുന്ന ഒരു കൂട്ടരേ ഇന്ത്യാ മഹാരാജ്യത്തുണ്ടാകൂ - അത് ആർ എസ് എസ് ആണ്!! അവർക്ക് ഇന്നലെ ഒരൊറ്റ പകൽ കൊണ്ട് പി എഫ് ഐ നൽകിയ സന്തോഷം ഒട്ടും ചെറുതല്ല!!! ദേശീയ അന്വേഷണ ഏജൻസികളെ ആർ എസ് എസ് എങ്ങനെയെല്ലാമാണ് ദുരുപയോഗിക്കുന്നത് എന്നറിയാതെയല്ല ഈ വിമർശങ്ങളൊന്നും തന്നെ. അതിനോടുള്ള പ്രതികരണം ജനജീവിതം സ്തംഭിപ്പിക്കലോ അക്രമം അഴിച്ചുവിടലോ ആകുന്നത് കുടിക്കുന്ന വെള്ളത്തിൽ നഞ്ഞു കലക്കുന്ന ഏർപ്പാട് ആണെന്ന് തിരിയാത്ത അനുയായികളാണ് പോപ്പുലർ ഫ്രണ്ടിന്റേത് എന്ന് ബോധ്യപ്പെട്ട നിലക്ക് അവർ വരുത്തിവെക്കുന്ന വിനകൾക്ക് ഇസ്‌ലാമിലേക്ക് വിരൽ ചൂണ്ടരുതെന്ന് പൊതുസമൂഹത്തോട് പറയാതെ തരമില്ലല്ലോ.
ഹിന്ദുത്വ ഫാഷിസത്തെ അക്രമം കൊണ്ട് ചെറുക്കാനാകില്ല. ഏത് അക്രമവും അപരദ്രോഹവും ഫാഷിസമല്ലാതെ മറ്റൊന്നുമാകില്ല. അധികാരത്തോട് പ്രതിഷേധിക്കേണ്ടത് ആളുകളെ ബന്ദികളാക്കിയാകരുത്. അക്രാമക പ്രതിഷേധങ്ങളോട് വിയോജിപ്പുള്ള സൂക്ഷ്മന്യൂനപക്ഷമെങ്കിലും ആ സംഘടനയിൽ ഉണ്ടെങ്കിൽ അവർക്ക് മാറിചിന്തിക്കാൻ കൂടി ഈ സന്ദർഭം ഉപകരിക്കട്ടെ.
കിനാലൂർ
https://m.facebook.com/story.php?story_fbid=pfbid02MAYtZ9zh7DqnE5rbT63UTyKaSxBiL16i9jseAtmZSyppVkM8db4LfeuDvi2tXVTQl&id=100001162580176
ഇന്നത്തെ പോപ്പുലർ ഫ്രണ്ടിൻ്റെ സ്ട്രീറ്റ് വയലൻസ് ഷോ ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങളുടെ ഒറ്റുകാർ തങ്ങളാണന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി. കേന്ദ്ര ഏജൻസിയ്‌ക്കെതിരെ ഹർത്താലിന് സംഘ പരിവാറിനെതിരെ സീറോ ടോളറൻസുള്ള കേരളം തെരഞ്ഞെടുത്തത് ആദ്യത്തേത്. കേരളം തീവ്രവാദറിക്രൂട്ടിംഗ് കേന്ദ്രമെന്ന നരേറ്റീവിനെ ശക്തമാക്കി. എൻ.ഐ.എയ്‌ക്കെതിരെ ഹർത്താലിനിറങ്ങിയവർ തല്ലിതകർത്ത 70 കേരള ട്രാൻസ്പോർട്ട് ബസുകൾ, മിൽമ, എയർ പോർട്ട് യാത്രക്കാർ തുടങ്ങി ഹർത്താലിൽ നിന്ന് ഒഴിച്ചു നിർത്താറുള്ള അവശ്യം സേവനങ്ങളെയും വേട്ടയാടി വയലൻസില്ലാതെ തങ്ങളില്ലന്ന് തെളിയിച്ചവർ. ഈ ദൃശ്യങ്ങളെല്ലാം അതും മതമുദ്രാവാക്യങ്ങളുയർത്തിയ വ, ന്യൂനപക്ഷ വിരുദ്ധതയുടെ പോരാളികൾക്ക് എന്നേക്കുമുള പ്രചരണായുധങ്ങളായി. എല്ലാം സംഘപരിവാറിനു വേണ്ടി, പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഒരേയൊരു സാധ്യത വർഗ്ഗീയ ഭൂമിയിലാണന്ന് തിരിച്ചറിഞ്ഞവർ നടത്തിയ ഏറ്റവും വലിയ ഒറ്റാണ് ഇന്നത്തേത്. ഭൂരിപക്ഷം മുസ്ലീം സംഘടനകളും പടിക്കു പുറത്ത് നിർത്തിയ ഇക്കൂട്ടരിൽ ഒന്നിനെയും ഒപ്പം കൂട്ടരുത്. സെക്കുലർ സമൂഹമാണ് വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെ വാക്സിനും ആൻറിബയോട്ടിക്കും. ഇവർ വ്യാജ ചികിത്സകരാണ്. വർഗ്ഗീയ രോഗാണുവിൻ്റെ കൂട്ടുകാർ !
അരുൺ കുമാർ