ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 19 November 2019

നബിദിനവും ലൈറ്റലങ്കാരങ്ങളും...!

*📝 ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ?*
💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡
ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികളിലും മറ്റും പ്രത്യേക ദിനങ്ങളിലും അല്ലാതെയും ലൈറ്റുകള്‍ തൂക്കിയിട്ടും മറ്റും അലങ്കരിക്കുന്നതിന് പല തെളിവുകളും കാണാം,നിക്ഷ്പക്ഷമായി വായിക്കാന്‍ സമയവും സൗകര്യവും തരപ്പെടുകയാണെങ്കില്‍ ഈ കുറിപ്പ് മുഴുവനും വായിച്ചു തീര്‍ക്കാനുള്ള സന്മനസ്സ് കാണിക്കണം. ആദ്യം, ആമുഖമായി ലൈറ്റുകള്‍ കൊണ്ട് ഭംഗിയാക്കുന്നതിലെ ഇസ്ലാമിക മാനങ്ങളെ കുറിച്ച് ഒരു ഹ്രസ്വ പഠനമാകാം.

*🖌 റബീഉല്‍ അവ്വല്‍ 12 ലെ ലൈറ്റുകള്‍💡💡*

ഹിജ്‌റ 894 ല്‍ വഫാത്തായ ഇമാം ഇബ്‌നു ഖാസിം അറസ്സ്വാഅ് എന്നവര്‍ ഉദ്ധരിക്കുന്നു, ഇബ്‌നു അബ്ബാദ് എന്ന സൂഫിവര്യരോട് റബീഉല്‍ അവ്വല്‍ 12 നു കത്തിക്കുന്ന ലൈറ്റുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''ഈ ദിവസം മുസ്‌ലിംകളുടെ പെരുന്നാളാണ്, നബി തങ്ങളുടെ സന്തോഷം തേടുന്ന ഏത് കാര്യവും അനുവദനീയമാണ്. മറ്റുള്ള സന്തോഷവേളകളില്‍ ചെയ്യുന്നത് പോലെ കണ്ണിനു ആനന്ദമുണ്ടാക്കുന്ന തരത്തില്‍ അന്ന് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്.''
ഈ ദിനത്തില്‍ മക്കളെ ഭംഗിയുള്ള വസ്ത്രമണിയിച്ചു മൊഞ്ചാക്കുക, അവരുടെ ഉസ്താദുമാരെ സന്തോഷിപ്പിക്കുക, ഓത്തുപള്ളികള്‍ ഭംഗിയാക്കുക, ശറഇല്‍ അനുവദനീയമായ നല്ല കാര്യങ്ങള്‍ ചെയ്യുക, നബിതങ്ങളുടെ സ്മരണ പുനരുജ്ജീവിപ്പിക്കുക.
ഇത് ബിദ്അത്താണെന്ന് വാദിച്ചവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി മഹാനവര്‍കള്‍ ഖണ്ഡിച്ചിട്ടുണ്ട്.
( تذكرة المحبين في اسماء سيد المرسلين : 97 / ابو عبدالله محمد بن قاسم الرصاع الانصاري التونسى المالكى ( ت 894 هـــ )

*🖌 മൗലൂദ് സദസ്സുകളിലെ ലൈറ്റുകള്‍💡💡*

മഹാനായ മഅ്‌റൂഫുല്‍ കര്‍ഹി രേഖപ്പെടുത്തുന്നു, ആദരവിനു വേണ്ടി റസൂല്‍(സ്വ)യുടെ മൗലൂദ് സദസ്സുകളില്‍ സദ്യ ഒരുക്കുകയും ലൈറ്റുകള്‍ കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും അത്തര്‍ പൂശുകയുമൊക്കെ ചെയ്യുന്നവന് ഖിയാമത്ത് നാളില്‍ നബിമാരോട് കൂടെ ഒരുമിച്ചു കൂടുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയില്‍ വിരാചിക്കുകയും ചെയ്യും. (ഇആനതുത്വാലിബീന്‍)

*🖌 1000 ലൈറ്റുകള്‍ കത്തിച്ച സംഭവം 💡💡*

മഹാനായ ഇമാം ഗസ്വാലി(റ) രേഖപ്പെടുത്തുന്നത് കാണാം, അബൂ അലിയ്ബ്‌നു റൂസ്ബാരി എന്നവര്‍ ഒരിക്കല്‍ ഒരു സദ്യ നടത്തിയപ്പോള്‍ ആയിരം ലൈറ്റുകള്‍ കത്തിച്ചു. ഇതു കണ്ടപ്പോള്‍ ഒരു മനുഷ്യന്‍ പ്രതികരിച്ചു: ''അങ്ങ് ധൂര്‍ത്തടിക്കുകയല്ലേ ചെയ്തത്?''മഹാനവര്‍കള്‍ സൗമ്യമായി ഇയാളെ അകത്തേക്ക് കൊണ്ടു പോയി ആ ലൈറ്റുകള്‍ ചൂണ്ടി പറഞ്ഞു: ''ഇതില്‍ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചല്ലാതെ ഏതെങ്കിലും കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ നീയങ്ങ് കെടുത്തിക്കോ..''. അയാള്‍ക്ക് ആ ലൈറ്റുകളില്‍ നിന്നും ഒരെണ്ണം പോലും കെടുത്താന്‍ കഴിയാതെ മടങ്ങി പോയി. (ഇഹ്‌യാ ഉലൂമുദ്ധീന്‍)

🔮എന്നാല്‍ കേവലം അഹംഭാവത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ വിവാവാഹ സദസ്സുകളിലും മറ്റും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഇത് തെളിവല്ല.അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഉപകാരമുള്ള ഒന്നിലും ഇസ്വ്‌റാഫ് (അമിതവ്യയം) ഉണ്ടെന്ന് പറയാന്‍ എങ്ങിനെയാണ് ധൈര്യം ലഭിക്കുക?

*🖌 പള്ളികളില്‍ കൂടുതല്‍ ലൈറ്റുകള്‍ കത്തിച്ചതിന് ഉമര്‍(റ)വിന് അലി(റ) പ്രാര്‍ത്ഥിച്ച സംഭവം💡💡*

ഇമാം സ്വുയൂഥി രേഖപ്പെടുത്തുന്നു, ഇസ്മാഇലു ബ്‌നു സിയാദിനെ തൊട്ട് ഉദ്ധരിക്കുന്നു, റമാളാന്‍ മാസത്തില്‍ അലി(റ) പള്ളികളിലൂടെ സഞ്ചരിക്കുകയായിരുന്നു.അവിടെയൊക്കെ നിറശോഭയായി തൂക്കിയിട്ട ലൈറ്റുകള്‍ കണ്ടപ്പോള്‍ അലി(റ) എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തിനു നന്ദിയായി മഹാനവര്‍കളുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മര്‍മ്മരമായിരുന്നു ഉരുവിട്ടത്, ''അല്ലാഹുവേ, ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ ഉമര്‍(റ)ന്റെ ഖബറിനെയും നീ പ്രകാശപൂരിതമാക്കണേ..''മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങ് ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ അങ്ങയുടെ ഖബറിനെയും പ്രകാശ പൂരിതമാക്കട്ടേ'' എന്നും ഉണ്ട്.
[ تاريخ الخلفاء – الحافظ السيوطي ]

🔮 ഇമാം ഹലബി തന്റെ സീറത്തുല്‍ ഹലബിയ്യയില്‍ രേഖപ്പെടുത്തിയതായി കാണാം, ഉമര്‍(റ), പള്ളികളില്‍ വളരെ കൂടുതല്‍ ലൈറ്റുകള്‍ തൂക്കിയിട്ടിരുന്ന ആളായിരുന്നത് കൊണ്ടാവാം അലി(റ) അങ്ങനെ പ്രാര്‍ത്ഥിച്ചത്.

*🖌 തറാവീഹിന്റെ നേരത്തുള്ള ലൈറ്റുകള്‍ 💡💡*

ഇമാം റംലി നിഹായയില്‍ ഉദ്ധരിക്കുന്നു, തറാവീഹിന്റെ നേരത്ത് ധാരാളം ലൈറ്റുകള്‍ കത്തിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉപകാരമുള്ളതാണെങ്കില്‍ ജാഇസാണ്. ഇതേ ആശയം ഇബ്‌നു ഹജര്‍ തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്(2/241,242)

🔮 മനസ്സിനു സന്തോഷമുളവാക്കുന്ന ഒന്നാണ് പ്രകാശങ്ങള്‍, ആ നിലക്ക് നോമ്പ് നോറ്റ് ക്ഷീണമകറ്റാതെ തറാവീഹിനു പുറപ്പെടുന്നവരുടെ ഖല്‍ബില്‍ ഒരു ആനന്ദം പകരാനും അതു വഴി നിസ്‌കാരത്തില്‍ ഭയഭക്തി ലഭിക്കാനും ഈ ലൈറ്റുകള്‍ കൊണ്ട് കാരണമാവട്ടേ..

*🖌 സ്വലാത്ത് മജ്‌ലിസുകളിലെ ലൈറ്റുകൾ 💡💡‍*

മഹാനരായ നൂറുദ്ധീന്‍ ശൗനി സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. അല്‍ ജാമിഉല്‍ അസ്ഹര്‍, ഹറമൈനി, ഖുദ്‌സ്, ഡെമസ്‌കസ്, ഈജ്പിതിന്റെ ചില ഗ്രാമങ്ങള്‍...തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വലാത്ത് മജ്‌ലിസുകള്‍ വിശ്രുദമായിരുന്നു.ഹിജ്‌റ 897 ല്‍ മഹാനവര്‍കള്‍ അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരിക്കല്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, ചിലര്‍ ശാഫി മദ്ഹ്ബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ബുര്‍ഹാനുദ്ധീന്‍ എന്നവരോട് ഫത്‌വ തേടി: '' മൂപ്പരെ മജ്‌ലിസില്‍ ധാരാളം ലൈറ്റുകളും മെഴുകുതിരികളും കത്തിച്ചു വെക്കുന്നുണ്ടല്ലോ? ഇതു ജൂതന്മാരുടെ ചെയ്തിയല്ലേ?'' മഹാനവര്‍കള്‍ പറഞ്ഞു: ലൈറ്റുകള്‍ കൊണ്ടും മെഴുകുതിരികള്‍ കൊണ്ടും പ്രകാശം വര്‍ദ്ധിക്കുന്ന കാലത്തോളം എത്രയണ്ണം കത്തിക്കുന്നതും അനുവദനീയമാണ്.

👍 മാത്രമല്ല ഖസ്തല്ലാനി ഇമാം, ഈ മജ്‌ലിസില്‍ ഇരിക്കുന്നതിനെ പ്രേരിപ്പിച്ചു കൊണ്ടും ഫത്‌വ ചോദിച്ചവര്‍ക്കെതിരില്‍ മറുപടി പറഞ്ഞു കൊണ്ടും ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. തന്നെയുമല്ല തന്റെ ബുഖാരിയുടെ ശർഹായ ഇര്‍ഷാദു സാരി എന്ന കിതാബിന്റെ രചനയുടെ സ്വീകാര്യതക്ക് വേണ്ടി ആ കിതാബ് സുബ്ഹി വരെയുള്ള സ്വലാത്ത് മജ്‌ലിസില്‍ വെക്കുമായിരുന്നു.
( السناء الباهر بتكميل النور السافر في أخبار القرن العاشر : 325 , 324 / السيد محمد الشلي اليمني )

*🖌 മഹാന്മാരുടെ മഖ്ബറകളിലെ ലൈറ്റുകള്‍💡💡*

അബ്ദുല്‍ ഗ്വനിയ്യിന്നാബല്‍സി തന്റെ കശ്ഫു നൂറില്‍ രേഖപ്പെടുത്തുന്നു, മഹാന്മാരുടെയും ഔലിയാക്കളുടെയുമൊക്കെ മഖാമുകളില്‍ ലൈറ്റുകള്‍ തൂക്കിയിടുന്നത് അവരോടുള്ള ആദരവിന്റെ ഭാഗമായാണ്. മാത്രമല്ല, അതിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ്. (പേജ് 29)

🔮 സാധാരണക്കാരുടെ ഖബറുകളേക്കാള്‍ ഒരു മഹത്വം കല്‍പ്പിക്കാനാണ് ഖബര്‍ കെട്ടിപ്പൊക്കുന്നതും പട്ടുവിരിക്കുന്നതുമൊക്കെയെന്ന് ഇതിനോട് ചേര്‍ത്തി വായിക്കുമല്ലോ?

*🖌 പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമോ?*

പള്ളികളിലും മറ്റു ഇടങ്ങളിലും കൂടുതല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് അനുവദനീയമാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് ഉദ്ദേശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന് ഇതു വരെ നാം വായിച്ചു മനസ്സിലാക്കി. ഇനി ആദരിക്കപ്പെടുന്ന ദിനങ്ങളില്‍ (ശഅബാൻ 15 ന്റെ രാവ്) പള്ളികളും മറ്റും മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്ന ഓന്തിസക്കാര്‍ക്ക് ഒരു തിരുത്തെഴുത്ത്:

💡💡ജൂതന്മാര്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് പോലെ (വലിയ എടുപ്പുകള്‍, സ്വര്‍ണ്ണം-വെള്ളി കൊണ്ട് പൂശപ്പെട്ട വാതിലുകളും മറ്റും, കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കുന്നത്) നിങ്ങളും ഭംഗിയാക്കും എന്ന് ഇബ്‌നു അബ്ബാസ് തങ്ങളെ തൊട്ട് ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയതത് തെളിവു പിടിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍,'പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടി കൂട്ടുന്നത് ജൂതായിസമാണെന്ന് വാദിക്കുന്നത്.' എന്താണിവിടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഈ ഫിത്‌നകളൊക്കെയും അവര്‍ വാരിയെറിയുന്നത്. ഇതിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ അസ്ഖലാനിയും ഖസ്തല്ലാനി ഇമാമും ഇമാം ബഗവിയും രേഖപ്പെടുത്തുന്നത് ഈ ആശയമാണ്:പള്ളിയെ ആദരിക്കുക എന്ന ലക്ഷ്യമില്ലാതെ ജൂത ക്രൈസ്ത വിഭാഗക്കാര്‍ അവരുടെ പള്ളികളുടെ മനോഹാരിത കൊണ്ട് ഗര്‍വ്വ് നടിക്കുന്നത് പോലെ അഹങ്കാരം നടിച്ച് പള്ളികള്‍ മോടികൂട്ടുന്നതിനെയാണ് എതിര്‍ത്തത്. പള്ളികളെ ആദരിക്കുക എന്ന ലക്ഷ്യത്തിലാണെങ്കില്‍ പ്രശ്‌നമില്ല.
💡💡💡💡
☘ അതു കൊണ്ട് പ്രത്യേകം ആദരിക്കപ്പെടേണ്ട ദിനങ്ങളില്‍ ലൈറ്റുകളും ബള്‍ബുകളും കത്തിക്കുന്നത് ജൂതായിസമാണെന്ന് കാണുന്ന ഉദ്ധരണികള്‍, പള്ളികള്‍ ഭംഗിയാക്കുന്നത് ജൂതായിസമാണെന്ന് പറഞ്ഞതു പോലെയാണ് എന്ന് ഇമാം ഹലബി തന്റെ സീറയില്‍ പറഞ്ഞതായി കാണാം. ആദരവാണ് ഉദ്ദേശമെങ്കില്‍ പ്രശ്‌നമില്ലെന്ന് ഇമാമീങ്ങളുടെ ഉദ്ധരണികളില്‍ നിന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ? നോക്കൂ നിങ്ങള്‍, പട്ടിണിയും ദാരിദ്രവുമായിരുന്ന മഖ്ദൂമുമാരുടെ കാലത്ത് നന്നെ ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്.എന്നിട്ടും പൊന്നാനിയില്‍ പ്രശോഭിതമായി നില്‍ക്കുന്ന കേളികേട്ട പൊന്നാനിപ്പള്ളി എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചെടുത്തത്. അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പള്ളിയായിരുന്നില്ലേ അത്. ഗൃഹാന്തരങ്ങളിലെ പ്രതിസന്ധികള്‍ വകവെക്കാതെ അല്ലാഹുവിന്റെ ഭവനത്തിനു വേണ്ടി എത്ര പണം അവര്‍ ചെലവഴിച്ചിട്ടുണ്ടാകണം.

👍 അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നത് അധികമായാലും അതിനു വിരോധമില്ലെന്ന് മുന്‍ഗാമികള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നിട്ടും, മരണസമയത്ത് തന്റെ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വ്യസനിച്ച മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ ജന്മദിനത്തിനു പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്നതിലെന്ത് ന്യായമാണുള്ളത്. ഇത്തരം അബന്ധങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടേ-ആമീന്‍.