ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 30 April 2020

ഖുര്‍ആന്‍ ഇങ്ങനെ ഓതണം

മഹത്ത്വമേറിയ പുണ്യ കര്‍മമാണ് ഖുര്‍ആന്‍ പാരായണം. വിശ്വാസികള്‍ക്ക് മനസ്സില്‍ സമാധാനവും കുളിര്‍മയും നിത്യചൈതന്യവും സര്‍വോപരി രക്ഷാകവചവുമാണത്. നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരും (ബുഖാരി).

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ചില പ്രത്യേക നിയമങ്ങള്‍ (തജ്വീദ്) പാലിക്കല്‍ അനിവാര്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ തിരുവചനങ്ങളായതിനാല്‍ അതിന്‍റെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. അത് പൂര്‍ണമായും പാലിച്ചുമാത്രമേ പാരായണം ചെയ്യാവൂ. തജ്വീദ് നിയമങ്ങള്‍ പാലിക്കാതെയുള്ള പാരായണം അസ്വീകാര്യവും ദോഷഫലം ചെയ്യുന്നതുമാണ്. നബി(സ്വ) പറഞ്ഞു: എത്രയെത്ര പേര്‍ ഖുര്‍ആന്‍ ഓതുന്നു. ഖുര്‍ആനാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയാണ് (ബുഖാരി).

തജ്വീദ് എന്നതിന്‍റെ ഭാഷാര്‍ത്ഥം നന്നാക്കുക എന്നാണ്. ഓരോ അക്ഷരത്തിനും അതിന്‍റെ അവകാശങ്ങള്‍ നല്‍കുന്നതിനാണ് സാങ്കേതിക തലത്തില്‍ തജ്വീദ് എന്നു പറയുന്നത്. യഥാര്‍ത്ഥത്തില്‍ തജ്വീദ് നിയമങ്ങള്‍ പാലിക്കുമ്പോഴേ ഖുര്‍ആന്‍ പാരായണത്തിന് ആകര്‍ഷകത്വം ഉണ്ടാവുകയുള്ളൂ. ആരെയും ആകര്‍ഷിക്കുന്ന ഹൃദയഹാരിയായ ഒരു ശൈലി അപ്പോള്‍ രൂപപ്പെടുകയും ചെയ്യും. അറബി അറിയുന്നവരും അല്ലാത്തവരുമെല്ലാം തജ്വീദ് പ്രകാരമുള്ള ഖുര്‍ആന്‍ പാരായണത്തില്‍ വശീകരിക്കപ്പെട്ട നിരവധി അനുഭവങ്ങളുണ്ട്. ഒരിക്കല്‍ കഅ്ബയുടെ സമീപമിരുന്ന് പ്രവാചകര്‍(സ്വ) ഖുര്‍ആനിലെ സൂറത്തുന്നജ്മ് പാരായണം ചെയ്യുകയായിരുന്നു. ഒടുവിലത്തെ വാക്യമായ വസ്ജുദൂ ലില്ലാഹി… എന്ന ഭാഗം എത്തിയപ്പോള്‍ നബി(സ്വ)യുടെ പാരായണം കേട്ടിരുന്ന വിശ്വാസികളും അബൂജഹ്ല്‍ ഒഴികെയുള്ള അവിശ്വാസികളും ഒന്നിച്ച് സുജൂദ് ചെയ്തു. അവര്‍ അതില്‍ ലയിച്ചുപോയതു കൊണ്ടായിരുന്നു ഇത്.

ഖേദകരമെന്ന് പറയട്ടെ, തജ്വീദിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഖുര്‍ആന്‍ ഓതുന്നവര്‍ കുറഞ്ഞുവരികയാണിന്ന്. കുറേ നീട്ടുകയും മണിക്കുകയും ചെയ്താല്‍ തജ്വീദായെന്നാണ് ചിലരുടെ വിചാരം. ഒരു കാര്യം നാം ഗൗരവമായി കാണണം. അല്ലാഹുവിന്‍റെ വചനങ്ങളാകയാല്‍ ഖുര്‍ആനിന്‍റെ ഓരോ അക്ഷരത്തിനും പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും പണ്ഡിതന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്. അത് പൂര്‍ണമായും പാലിക്കാത്ത പക്ഷം അവകളുടെ ഉദ്ദേശ്യങ്ങള്‍ മാറുകയും പാരായണം തെറ്റായി ഗണിക്കുകയും ചെയ്യും.

ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ഫാതിഹ ഓതല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. തജ്വീദ് നിയമങ്ങള്‍ തെറ്റിക്കുന്ന പക്ഷം ഫാതിഹ അസാധുവാകുകയും നിസ്കാരം തന്നെ ഫലശൂന്യമാവുകയും ചെയ്യും. പാരായണ നിയമങ്ങള്‍ പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയും അതനുസരിച്ചുള്ള പാരായണം പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാവര്‍ക്കും നിര്‍ബന്ധവുമാണ്.

തജ്വീദ് പ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഈ കാര്യങ്ങള്‍ അനിവാര്യമാണ്. അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങള്‍, വിശേഷണങ്ങള്‍, വിശേഷണങ്ങളെ തുടര്‍ന്ന് വരുന്ന നിയമങ്ങള്‍ എന്നിവ അറിയുകയും നാവിന് പരിശീലനം ലഭിക്കുകയും വേണം. അതിനാല്‍ തജ്വീദില്‍ പരിശീലനം കിട്ടിയ ഗുരുവര്യനില്‍ നിന്നും പാരായണ നിയമങ്ങളും ശൈലിയും പഠിക്കണം. പാരായണ ശാസ്ത്രത്തില്‍ മികവ് തെളിയിച്ച പണ്ഡിതന്മാര്‍ ഖുര്‍റാഉകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

ഖിറാഅത്ത് പരമ്പര

ഓരോ അക്ഷരത്തിനും നിശ്ചയിക്കപ്പെട്ട ഉച്ചാരണ നിയമങ്ങള്‍ നബി(സ്വ)യില്‍ നിന്നും സ്വഹാബികള്‍ നേരില്‍ കേട്ട് മനസ്സിലാക്കി. അവരില്‍ നിന്നും താബിഉകള്‍ കേട്ട് പിന്‍തലമുറയിലേക്ക് കൈമാറി. ഇങ്ങനെ യോഗ്യരായ ഗുരുക്കന്മാരില്‍ നിന്നും നേരില്‍ ഖിറാഅത്ത് കേട്ട് പിന്‍തലമുറക്ക് പഠിപ്പിക്കുന്ന പാരമ്പര്യം പാരായണ ശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പ്രശസ്തരായ ഖാരിഉകള്‍ ഏഴുപേരാണ്.

ഇമാം നാഫിഅ് അല്‍ മദനി (ഹി. 70-169)

അബ്ദുല്ലാഹിബ്നു കസീര്‍ അല്‍മക്കി (45-120).

അബൂഅംറ് അല്‍ ബസ്വരി (68-155).

ആസിം ബ്നു അബിന്നുജൂദ് കൂഫ (ഹി. 129).

അബ്ദുല്ലാഹിബ്നു ആമിര്‍ ദിമശ്ഖ് (ഹി. 118).

അലിയ്യുബ്നു ഹംസ അല്‍കസാഇ (119-189).

ഹംസബ്നു ഹബീബ് കൂഫി (80-158).

ഇവര്‍ക്ക് പുറമെ ധാരാളം ഖാരിഉകളും പാരായണ വിദഗ്ധരും മുസ്ലിം ലോകത്തുണ്ട്. എന്നാല്‍ മേല്‍ പറയപ്പെട്ട ഏഴു പണ്ഡിതന്മാരുടെ പാരായണ രീതി മാത്രമേ പിന്തുടരാവൂ. അവര്‍ പഠിപ്പിച്ചതിന് വിരുദ്ധമായത് നിഷിദ്ധവും അസ്വീകാര്യവുമാണ്. ഇവരില്‍ നമ്മുടെ പാരായണ പാരമ്പര്യം ആസിം(റ)ന്‍റേതാണ്. അദ്ദേഹത്തിന്‍റെ ശിഷ്യനായ ഹഫ്സ്(റ) വഴിയാണ് കേരളക്കരയില്‍ ഖുര്‍ആന്‍ പാരായണ ശൈലി എത്തിച്ചേര്‍ന്നത്.

തജ്വീദിന്‍റെ അടിസ്ഥാനങ്ങള്‍

ഖുര്‍ആന്‍ പാരായണം സാധുവാകുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഒന്ന്: നബി(സ്വ)യില്‍ നിന്ന് പാരായണ പരമ്പര സ്ഥിരപ്പെടുക.

രണ്ട്: പാരായണം അറബി വ്യാകരണ ശാസ്ത്രവുമായി യോജിക്കുക.

മൂന്ന്: റസ്മുല്‍ ഉസ്മാനി അറിഞ്ഞിരിക്കുക.

വിശുദ്ധ ഖുര്‍ആനിലെ മുഴുവന്‍ അക്ഷരങ്ങളും നബി(സ്വ)യുടെ നിര്‍ദേശാനുസരണം സൈദ് ബിന്‍ സാബിത്(റ) എഴുതിയതാണ്. പിന്നീട് ഹിജ്റ 12-ല്‍ അബൂബക്കര്‍ സിദ്ദീഖ്(റ)ന്‍റെ നിര്‍ദേശാനുസരണം ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചു. പിന്നീട് ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് സിദ്ദീഖ്(റ) എഴുതിവെച്ച ഖുര്‍ആനിന്‍റെ കുറേ കോപ്പികള്‍ പകര്‍ത്തിയെഴുതുവാന്‍ സൈദ്(റ)ന്‍റെ തന്നെ നേതൃത്വത്തില്‍ പ്രമുഖ സ്വഹാബിമാരെ ചുമതലപ്പെടുത്തി. അവര്‍ അഞ്ചു മുസ്വ്ഹഫുകള്‍ പകര്‍ത്തിയെഴുതി വിവിധ പട്ടണങ്ങളിലേക്ക് അയച്ചു. ഉസ്മാന്‍(റ) എഴുതിച്ച ഈ മുസ്വ്ഹഫിലെ എഴുത്തു രീതിക്കാണ് ‘റസ്മുല്‍ ഉസ്മാനി’ എന്ന് പറയുന്നത്. റസ്മുല്‍ ഉസ്മാനിയില്‍ നിന്ന് വ്യത്യസ്തമായ ഖുര്‍ആന്‍ ഒരിടത്തും എഴുതാന്‍ പാടില്ല. നാല് മദ്ഹബ് പ്രകാരവും അത് ഹറാമാണ്.

സ്വരചിഹ്നങ്ങള്‍

ഫത്ഹ്, കസ്റ്, ളമ്മ് എന്നീ മൂലസ്വരങ്ങള്‍ക്ക് പുറമെ സുകൂന്‍ എന്ന നിസ്വരാവസ്ഥയും ഇലാമത്, ഇശ്മാം പോലുള്ള സ്വരങ്ങളും ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്നു. ഹിജ്റ അറുപതുകള്‍ക്ക് ശേഷമാണ് ഖുര്‍ആന്‍ ലിപികള്‍ക്ക് ഈ കാണുന്ന വിധത്തില്‍ കുത്തും പുള്ളിയും ഹര്‍കതും നല്‍കിയത്. അറേബ്യയിലെ ജനങ്ങള്‍ അറബി അറിയുന്നവരായതിനാല്‍ അവര്‍ക്ക് അക്ഷരഘടന കൊണ്ടു തന്നെ വാക്യം ശരിയായി ഉച്ചരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അനറബി നാടുകളിലേക്ക് ഇസ്‌ലാം വ്യാപിച്ചപ്പോള്‍ ഖുര്‍ആന്‍ തെറ്റായി ഓതുന്ന സാഹചര്യമുണ്ടായി.

ഇതിന് പരിഹാരം തേടി അന്നത്തെ ഭരണകൂടം താബിഈ പ്രമുഖനും വിഖ്യാത പണ്ഡിതനുമായ അബുല്‍ അസ്വദുദ്ദുഅ്ലി(റ)യെ സമീപിച്ചു. പക്ഷേ, അദ്ദേഹം ഒഴിഞ്ഞുമാറി. അങ്ങനെയിരിക്കെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ അദ്ദേഹം കഅ്ബയുടെ സമീപത്തിരിക്കുമ്പോള്‍ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കേട്ടു. സൂറത്തു തൗബയുടെ ഒരു വചനമാണ് അയാള്‍ ഓതുന്നത്. പാരായണത്തിനിടയില്‍ ഒരിടത്ത് ഇകാരത്തിന് പകരം അയാള്‍ ഉകാരം ഉച്ചരിച്ചു. അപ്പോള്‍ ആ ഖുര്‍ആന്‍ വചനത്തിന്‍റെ അര്‍ത്ഥം, ബഹുദൈവ വിശ്വാസികളില്‍ നിന്നും അല്ലാഹുവും റസൂലും അകന്നു എന്നതിന് പകരം ബഹുദൈവ വിശ്വാസികളില്‍ നിന്നും റസൂലില്‍ നിന്നും അല്ലാഹു അകന്നു എന്നായി മാറി. അപകടകരമായ ഈ പാരായണം അബുല്‍ അസ്വദ്(റ) തിരുത്തിക്കൊടുത്തു. അത് സ്വീകരിക്കാതെ അയാള്‍ പാരായണം തുടര്‍ന്നു. ഈ സംഭവത്തെ തുടര്‍ന്ന് അബുല്‍ അസ്വദുദ്ദുഅ്ലി തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും ഖുര്‍ആന്‍ അക്ഷരങ്ങള്‍ക്ക് സ്വരചിഹ്നങ്ങള്‍ ചേര്‍ക്കുക എന്ന സേവനത്തിന് സന്നദ്ധനാവുകയും ചെയ്തു. അന്നത്തെ അബ്ദുല്‍ മാലിക് ബിന്‍ മര്‍വാന്‍ ഭരണകൂടം ഈ രീതി ഔദ്യോഗികമായി അംഗീകരിച്ച് വിളംബരപ്പെടുത്തി. ശേഷം നാല്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ഖലീലുബ്നു അഹ്മദില്‍ ഫറാഇദി അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ കുത്തിടുക എന്ന ആശയം ആവിഷ്കരിച്ചു.

ഉച്ചാരണ സ്ഥാനങ്ങള്‍

അക്ഷരങ്ങള്‍ പുറപ്പെടുന്ന സ്ഥാനത്തിന് മഖ്റജ് എന്നു പറയുന്നു. അറബി ഭാഷയിലെ 29 അക്ഷരങ്ങള്‍ക്ക് 17 മഖ്റജുകളാണുള്ളത്. വായയുടെ ഉള്‍ഭാഗത്ത് ഒരു മഖ്റജ്, തൊണ്ടയില്‍ മൂന്ന് മഖ്റജുകള്‍, നാവില്‍ പത്ത്, രണ്ടു ചുണ്ടുകളില്‍ രണ്ട്, തരിമൂക്കില്‍ ഒരു മഖ്റജ് എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് ഇവ നിലകൊള്ളുന്നത്.

ഉച്ചരിക്കുമ്പോള്‍ ഓരോ അക്ഷരത്തിന്‍റെയും ചില പ്രത്യേക വിശേഷങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. അവ വേര്‍തിരിച്ച് മനസ്സിലാക്കുമ്പോള്‍ ഉച്ചാരണ വ്യത്യാസം കണ്ടെത്താനും പാരായണം ശരിപ്പെടുത്താനും എളുപ്പമായിരിക്കും. ഇവകള്‍ക്ക് സ്വിഫാതുല്‍ ഹുറൂഫ് എന്നു പറയുന്നു. ജഹ്ര്‍, ഹംസ്, ശിദ്ദത്, രിഖ്വ്, തവസ്സുത്വ്, ഇസ്തിഅ്ലാഅ്, ഇസ്തിഫാല്‍, ഇത്ബാഖ്, ഇന്‍ഫികാഹ്, ഇന്‍ദിലാഖ്, ഇസ്മാത്, സ്വഫീര്‍, ഖല്‍ഖലത്, ലീന്‍, ഇന്‍ഹിറാഫ്, തക്റീര്‍, തഫശ്ശീ, ഇസ്തിത്വാലത് എന്നിവയാണ് അക്ഷരങ്ങളുടെ സ്വിഫാതുകള്‍.

നിസ്വരമായ നൂനും തന്‍വീനും

തജ്വീദ് പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ഖുര്‍ആന്‍ പാരായണത്തിന്‍റെ ഭംഗി നിലകൊള്ളുന്നതുമായ രണ്ടു സ്ഥാനങ്ങളാണ് സാകിനായ നൂനും തന്‍വീനും. അവയുടെ തൊട്ട് ശേഷം വരുന്ന അക്ഷരങ്ങളോട് ചേരുമ്പോള്‍ അഞ്ച് വിധത്തില്‍ ഇവ ഉച്ചരിക്കേണ്ടതുണ്ട്.

ഇള്ഹാര്‍: സാകിനായ നൂനിന്‍റെയും തന്‍വീനിന്‍റെയും ശേഷം ഹല്‍ഖിന്‍റെ അക്ഷരങ്ങളായ ء ه ح خ ع غ  എന്നിവ വന്നാല്‍ അവിടെ വെളിവാക്കി ഓതുക.

ഇദ്ഗാം ബിഗുന്ന: و ي ن م എന്നീ അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂന്‍ ഉള്ള നൂനോ തന്‍വീനോ വന്നാല്‍ മണിച്ചുകൊണ്ട് കൂട്ടിച്ചേര്‍ക്കുക.

ഇദ്ഗാം ബിലാഗുന്ന: ر ل എന്നീ അക്ഷരങ്ങള്‍ക്ക് മുമ്പ് സുകൂന്‍ ഉള്ള നൂനോ തന്‍വീനോ വന്നാല്‍ മണിക്കാതെ ഇദ്ആം ചെയ്യുക.

ഇഖ്ലാബ്: സ്കൂന്‍ ഉള്ള നൂനിനോ മീമിനോ ശേഷം ب വന്നാല്‍ അവ രണ്ടിനെയും മീമാക്കി മറിച്ച് മണിക്കുക.

ഇഖ്ഫാഅ്: നടേ സൂചിപ്പിച്ച പതിമൂന്ന് അക്ഷരങ്ങള്‍ ഒഴിച്ചു ബാക്കിയുള്ള പതിനഞ്ച് അക്ഷരങ്ങളില്‍ ഏതെങ്കിലും ഒന്ന് സുകൂനുള്ള നൂനിനോ മീമിനോ ശേഷം വന്നാല്‍ അവ രണ്ടിനെയും മറച്ചുമണിക്കുക.

തഫ്ഖീം, തര്‍ഖീക്

തഫ്ഹീം, തര്‍ഖീഖ് എന്നിങ്ങനെ ദഹബി അക്ഷരങ്ങള്‍ക്ക് രണ്ട് അവസ്ഥകളുണ്ട്. വായ നിറയെ ശബ്ദമുണ്ടാക്കുമാര്‍ അക്ഷരത്തെ തടിപ്പിക്കുന്നതിന് തഫ്ഖീമെന്നും നേര്‍പ്പിച്ച് ഉച്ചരിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു. നാവ് ഉയര്‍ത്തുന്നത് കൊണ്ട് തഫ്ഖീമും താഴ്ത്തുന്നതു കൊണ്ട് തര്‍ഖീഖുമുണ്ടാകുന്നു. ഇതുപ്രകാരം തര്‍ഖീഖാകുന്നതു കൊണ്ടാണ് അല്ലാഹു എന്നതിലെ ലാമിന് ക്ലഢ നു സാദൃശ്യമായ ഉച്ചാരണം ലഭിക്കുന്നത്.

മദ്ദുകള്‍

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് മദ്ദുകള്‍. അലിഫ്, വാവ്, യാഅ് എന്നിവ കൊണ്ട് യഥാക്രമം ഫത്ഹ്, ളമ്മ്, കസ്റ് എന്നീ ഹര്‍കതുകളുടെ ശബ്ദം നീട്ടുന്നതിനാണ് മദ്ദ് എന്നു പറയുന്നത്. ദീര്‍ഘാക്ഷരം ഉച്ചാരണത്തില്‍ ഉണ്ടാവാന്‍ ആവശ്യമായത്ര നീട്ടുന്നതിന് അസ്ലിയ്യ് എന്നും ഉച്ചാരണ സൗകര്യം കണക്കിലെടുത്ത് ദീര്‍ഘസ്വരത്തെ നീട്ടുന്നതിന് ഫര്‍ഇയ്യ് എന്നും പറയുന്നു. ഇത് അഞ്ച് ഇനമാണ്.

വഖ്ഫുകള്‍

ഖുര്‍ആന്‍ പാരായണത്തിന് ഏറെ ശ്രദ്ധിക്കേണ്ട നിയമമാണ് വഖ്ഫ്. വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയത്തെ ആസ്പദമാക്കിയാണ് ഇത് നിലകൊള്ളുന്നത്. വഖ്ഫുകള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനില്‍ നിരവധി അടയാളങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഓതുന്നതിനിടയില്‍ സാധാരണ ശ്വാസം വിടുന്ന സമയം പാരായണം നിര്‍ത്തുന്നതിന് വഖ്ഫ് എന്നു പറയുന്നു.

ഇതും വിവിധ രീതികളിലുണ്ട്. തജ്വീദ് നിയമങ്ങള്‍ വേണ്ട വിധം പരിശീലിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. ഈ റമളാന്‍ കാലത്തെങ്കിലും അതിന് സൗകര്യങ്ങള്‍ ഒരുക്കുക.

മുസ്തഫ സഖാഫി കാടാമ്പുഴ [സുന്നീ വോയിസ്]