ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 15 July 2022

ഹദ്ദാദിന്റെ പ്രമാണവും മഹത്വവും വിശകലനവും

 



ഹദ്ദാദിന്റെ ദിക്റും ഓരോ ദിക്റിന്റെ മഹത്വങ്ങളെ കുറിച്ചും നാം വിവരിക്കാം. 


ദിക്ർ 1


'ലാഇലാഹ ഇല്ലല്ലാഹു....' ( لا إله إلا الله)


ഈ ദിക്റിന്റെ പോരിശ വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു: അബൂഅയ്യാശി(റ) ൽ നിന്ന് നിവേദനം: നബി(സ) പറയുന്നു:


من قال إذا أصبح: لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير, كان له عدل رقبة من ولد إسماعيل، وكتب له عشر حسنات، وحط عنه عشر سيئات، ورفع له عشر درجات، وكان في حرز من الشيطان حتى يمسي, وإن قالها إذا أمسى كان له مثل ذلك حتى يصبح.(الأذكار: ٨٠/١(


 "ലാഇലാഹ ഇല്ലല്ലാഹു...." എന്ന ദിക്ർ പ്രഭാതത്തിൽ ആരെങ്കിലും ചൊല്ലിയാൽ ഇസ്മാഈൽ  നബി(അ) യുടെ സന്താനങ്ങളിൽ നിന്ന് ഒരാളെ മോചിപ്പിച്ചതിന്റെ പ്രതിഫലം അവനു ലഭിക്കും. പത്ത് നന്മകൾ അവനു രേഖപ്പെടുത്തുകയും പത്ത് തിന്മകൾ അവനിൽ നിന്ന് മായ്ച്ചുക്കളയുകയും പത്ത് പദവികൾ അവനു ഉയർത്തുകയും ചെയ്യും. വൈകുന്നേരം വരെ പിശാചിൽ നിന്ന് അവനു സംരക്ഷണവും ലഭിക്കും. വൈകുന്നേരം ആരെങ്കിലും അത് ചൊല്ലുന്ന പക്ഷം പ്രഭാതമാകുന്നതുവരെ മേൽപ്പറഞ്ഞത്‌ പോലുള്ളത് അവര്ക്ക് ലഭിക്കും." (അൽഅദ്കാർ: 1/80, അബൂദാവൂദ്: 4415, ഇബ്നുമാജ: 3789)


ഈ ഹദീസിന്റെ പരമ്പര പ്രബലമാണെന്ന് ഇമാം നവവി(റ) യും പ്രസ്താവിച്ചിട്ടുണ്ട്. 


പ്രസ്തുത ദിക്ർ ഒരു പ്രാവശ്യം ചൊല്ലിയാലുള്ള പ്രതിഫലമനല്ലൊ ഹദീസിൽ പറഞ്ഞത്. ഹദ്ദാദ്‌ റാത്തീബിൽ മൂന്നു പ്രാവശ്യമാണ് അത് ചൊല്ലുന്നത്. അപ്പോൾ ഇസ്മാഈൽ നബി(അ) യുടെ സന്താനങ്ങളിൽ മൂന്നു പേരെ മോചിപ്പിച്ചതിന്റെ പ്രതിഫലം ലഭിക്കുമല്ലോ. 


 ഇസ്മാഈൽ നബി(അ) യുടെ സന്താനങ്ങളിൽ നിന്ന് ഒരാളെ മോചിപ്പിക്കുന്നത് മറ്റുള്ളവരിൽ നിന്ന് 12 പേരെ മോചിപ്പിക്കുന്നതിനു തുല്യമാണ്. അവരില നിന്ന് മൂന്നു പേരെ മോചിപ്പിക്കുന്നത് മറ്റുള്ളവരിൽ നിന്ന് 36 പേരെ മോചിപ്പിക്കുന്നതിനു തുല്യമാണ്. അവനു 30 നന്മകൾ ലഭിക്കും. 30 തിന്മകൾ അവനിൽ നിന്ന് മായ്ച്ചുക്കളയുകയും, 30 പദവികൾ ഉയർത്തുകയും ചെയ്യും" എന്നിങ്ങനെ ഹദീസിൽ വന്നിട്ടുണ്ട്. (ശർഹുറാത്തീബുൽ ഹദ്ദാദ്‌: 168)


ദിക്ർ 2


"സുബ്ഹാനല്ലാഹി...سُبْحَانَ اللهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرْ


വിശുദ്ദ ഖുർആൻ വിശേഷിപ്പിച്ച  'അൽബാഖിയാത്തുസ്സ്വാലിഹാത്' ഇതാണെന്ന് പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:


وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ‌ عِندَ رَ‌بِّكَ ثَوَابًا وَخَيْرٌ‌ أَمَلًا ﴿سورة الكهف:٤٦﴾


"എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും".



ഇമാം മുസ്ലിം(റ) അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം. നബി(സ) പറയുന്നു:


لأَنْ أَقُولَ : سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلا إِلَهَ إِلا اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ " . (مسلم: ٤٨٦١(



"സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി..." എന്നാ ദിക്ർ ചൊല്ലൽ ഏതൊന്നിന്റെ മേൽ സൂര്യൻ ഉദിച്ചുവോ അതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്". (മുസ്ലിം: 4861)


അബൂഹുറൈറയിൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ നബി(സ) പറയുന്നു:  



إِذَا مَرَرْتُمْ بِرِيَاضِ الجَنَّةِ فَارْتَعُوا، قُلْتُ: يَا رَسُولَ اللَّهِ وَمَا رِيَاضُ الجَنَّةِ؟ قَالَ: المَسَاجِدُ، قُلْتُ: وَمَا الرَّتْعُ يَا رَسُولَ اللَّهِ؟ قَالَ: سُبْحَانَ اللَّهِ، وَالحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ.(ترمذي: ٣٤٣١(



 "സ്വർഗ്ഗത്തോപ്പുകളുടെ സമീപത്തുകൂടി നിങ്ങൾ കടന്നു പോവുകയാണെങ്കിൽ അതിൽ നിങ്ങൾ മേയുക". ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരെ! ഏതാണ് സ്വർഗ്ഗത്തോപുകൾ?. അവിടുന്ന് പ്രതിവചിച്ചു: "പള്ളികൾ". ഞാൻ ചോദിച്ചു: "സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വാലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ". (തുർമുദി: 3431)


ഈ ദിക്റിന്റെ മഹത്വം വിവരിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. ഒരു ഉണങ്ങിയ വ്രക്ഷത്തിന്റെ ഇലകൾ കൊഴിഞ്ഞു പോകുന്നത് പോലെ ഈ ദിക്ർ അടിമകളുടെ പാപങ്ങൾ കോഴിക്കും എന്ന് നബി(സ) പ്രസ്താവിച്ചതായി ഇമാം തുർമുദി(റ) അനസ്(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ കാണാം. (തുർമുദി: 3456)


പ്രസ്തുത ദിക്ർ 40 അക്ഷരങ്ങള ഉൾകൊള്ളുന്നു. മൂന്നു പ്രാവശ്യം അത് ചൊല്ലുമ്പോൾ ഒരക്ഷരത്തിന് പത്ത് എന്ന തോതിൽ 1200 നന്മകൾ ലഭിക്കുന്നു.


ദിക്ർ 3 


"സുബ്ഹാനല്ലാഹി വബിഹംദിഹി.. (سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ الْعَظِيمِ)


ഈ ദിക്റിന്റെയും നിരവധി മഹത്വങ്ങൾ ഹദീസുകളിൽ കാണാം. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു:    




كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ حَبِيبَتَانِ إِلَى الرَّحْمَنِ : سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ " . (بخاري: ٦١٨٨(




"നാവിനു പ്രയാസമില്ലാത്ത, തുലാസിൽ ഭാരം കാണിക്കുന്ന, റഹ്മാനായ അല്ലാഹുവിന്റെ പ്രിയപ്പെട്ട രണ്ട് വാചകങ്ങളാണ് 'സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അള്വീം' എന്നത്". (ബുഖാരി: 6188)


ഇമാം ബുഖാരി സ്വഹീഹിൽ അവസാനമായി കൊണ്ടുവന്ന ഹദീസ് ഇതാണ്. (7008)


ജാബിറി(റ)ൽ  നിന്ന് ഇമാം തുർമുദി(റ) നിവേദനം ചൈയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു:



من قال سبحان الله وبحمده غرست له نخلة في الجنة.(ترمذي: ٣٣٨٦(



"സുബ്ഹാനല്ലാഹിൽഅള്വീം വബിഹംദിഹി എന്ന് ആരെങ്കിലും ചൊല്ലിയാൽ അവർക്ക് സ്വർഗ്ഗത്തിൽ ഒരു കാരക്ക മരം നടുന്നതാണ്". (തുർമുദി: 3386)


മൂന്നു പ്രാവശ്യം പ്രസ്തുത ദിക്ർ ചൊല്ലുന്നവർക്ക് മൂന്നു കാരക്ക മരങ്ങൾ നടുമെന്ന് ഇതിൽ നിന്ന് വായിച്ചെടുക്കാം. 



عن ابن عمر ، قال قال رسول الله صلى الله عليه وسلم ذات يوم لأصحابه : " قولوا : سبحان الله وبحمده مائة مرة ، من قالها مرة كتبت له عشرا ، ومن قالها عشرا كتبت له مائة ، ومن قالها مائة كتبت له ألفا ، ومن زاد زاده الله ، ومن استغفر الله غفر له " (ترمذي: ٣٣٩٢)



ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം: ഒരു ദിവസം റസൂലുല്ലാഹി(സ) തന്റെ അസ്വഹാബിനോട് പറഞ്ഞു: 'സുബ്ഹാനല്ലാഹി വബിഹംദിഹി' എന്ന് നിങ്ങൾ 100 പ്രാവശ്യം ചൊല്ലുക. ഒരു പ്രാവശ്യം അത് ചൊല്ലുന്നവർക്ക് പത്തായി അതിനെ രേഖപ്പെടുത്തും. പത്ത് പ്രാവശ്യം അത് ചൊല്ലുന്നവർക്ക് നൂറായി അതിനെ രേഖപ്പെടുത്തും. നൂറ് പ്രാവശ്യം അത് ചൊല്ലുന്നവർക്ക് ആയിരമായി അതിനെ രേഖപ്പെടുത്തും. കൂടുതൽ ചൊല്ലുന്നവർക്ക് അല്ലാഹു കൂടുതൽ നൽകും. അല്ലാഹുവോട് ആരെങ്കിലും പാപമോചനം തേടിയാൽ അവൻ അവർക്ക് പൊറുത്ത് കൊടുക്കും". (തുർമുദി: 3392)  



അപ്പോൾ മൂന്ന് പ്രാവശ്യം പ്രസ്തുത ദിക്ർ ചൊല്ലിയാൽ 30 നന്മകൾ ലഭിക്കുമെന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം. ഇതിന്റെ ശ്രേഷ്ടത വിവരിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്.


ദിക്ർ 4


"റബ്ബനാ ഇഗ്ഫിർ ലാനാ...."(رَبَّنَا اغْفِرْ  لَنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ)


ഈ ദിക്റിന്റെ മഹത്വം വിവരിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്.



عن ابن عمر رَضِيَ اللَّهُ عَنْهُما قال:إن كنا لنعد لرَسُول اللَّهِ صلى الله عليه وسلم في المجلس الواحد مأة مرة من قبل أن يقوم رب اغفر لي وتب عليّ إنك أنت التواب الرحيم(أبو داود: ١٢٩٠(




ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം റസൂലുല്ലാഹി(സ) ഒരു സദസ്സില നിന്ന് എഴുന്നേൽക്കുന്നതിന്റെ മുമ്പ് 100 പ്രാവശ്യം 'റബ്ബി ഇഗ്ഫിർ ലീ വതുബ് അലയ്യ ഇന്നക അൻതത്തവ്വാബുർറഹീം' എന്ന ദിക്ർ ചൊല്ലിയിരുന്നതായി ഞങ്ങൾ എണ്ണുമായിരുന്നു. (അബൂദാവൂദ് : 1295)


നബി(സ) പറയുന്നു: 



من لزم الاستغفار جعل الله له من كل ضيق مخرجاً ومن كل همٍّ فرجاً ورزقه من حيث لا يحتسب (أبو داود: ١٢٩٧(



"പാപമോചനം തേടുന്നതിനെ വിഷയമാക്കുന്നവർക്ക് എല്ലാ കുടുക്കുകളിൽ നിന്നും അല്ലാഹു മോചനം നൽകുന്നതും എല്ലാ ദുഖത്തിൽ നിന്നും അല്ലാഹു ശമനം നൽകുന്നതും വിചാരിക്കാത്ത ഭാഗത്തിലൂടെ അല്ലാഹു അവന് ഭക്ഷണം നൽകുന്നതുമാണ്". (അബൂദാവൂദ്: 1297)


പാപമുക്തരായ മുഹമ്മദ്‌ നബി(സ) പോലും ദിവസം 70/100 പ്രാവശ്യം അല്ലാഹുവോട് പാപ മോചനത്തിനിരക്കാറുണ്ടായിരുന്നുവെന്ന് ഹദീസിൽ കാണാം. ഇസ്തിഗ്ഫാറിന്റെ ശ്രേഷ്ടതയാണ് ഇത് നമുക്ക് മനസ്സിലാക്കി തരുന്നത്.


ദിക്ർ 5 


"അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ അല്ലാഹുമ്മ സ്വല്ലി അലൈഹി വസല്ലിം".

(اَللَّهُمَّ صَلِّ عَلَى مُحَمَّدٍ اَللَّهُمَّ صَلِّ عَلَيْهِ وَسَلِّمْ)


ഇമാം നസാഈ(റ) നിവേദനം ചെയ്ത ഹദീസിൽ നബി(സ) പറയുന്നു:  



 من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات.(السنن الكبير للنسائي: ٢٢/٦(


"എന്റെ ഉമ്മത്തുകളിൽ നിന്ന് ആരെങ്കിലും ആത്മാർത്ഥ്മായി എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതിനു പകരമായി അല്ലാഹു അവർക്ക് പത്ത് ഗുണം ചെയ്യുന്നതാണ്. അതുനിമിത്തമായി പത്ത് പദവികൾ അവർക്ക് ഉയർത്തിക്കൊടുക്കുകയും ചെയ്യും. അതിന്റെ പേരിൽ അവർക്ക് പത്ത് നന്മകൾ രേഖപ്പെടുത്തുകയും പത്ത് തിന്മകൾ മായ്ച്ചുകളയുകയും ചെയ്യും". (അസ്സുനനുൽ കുബ്റാ: 4/22)  



 عن عَمَّارَ بْنَ يَاسِرٍ قال: قال رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  إن الله وكل بقبري ملَكا أعطاه أسماع الخلائق ، فلا يصلي عليَّ أحد إلى يوم القيامة إلا أبلغني باسمه واسم أبيه: هذا فلان ابن فلان قد صلى عليك. (مجمع الزوائد: ٤١٨/٤(



അമ്മാറുബ്നുയാസിറി(റ) ൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "നിശ്ചയം എന്റെ ഖബർ കൊണ്ട് അല്ലാഹു ഒരു മലക്കിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. എല്ലാ സൃഷ്ടികൾ പറയുന്നതും കേൾക്കാനുള്ള കഴിവ് അല്ലാഹു ആ മലകിന് നൽകിയിരിക്കുന്നു. അതിനാല അന്ത്യനാൾവരെ ആര എന്റെ മേൽ സ്വലാത്ത് ചൊല്ലിയാലും അയ്യാളുടെ പേരും പിതാവിന്റെ പേരും വിവരിച്ച് ഇന്നയാളുടെ മകൻ ഇന്ന വ്യക്തി താങ്കൾക്ക് സ്വലാത്ത് ചൊല്ലിയിരിക്കുന്നു ഏന് ആ മലക്ക് എനിക്ക് എത്തിച്ചുതരും." (മജ്മഉസ്സവാദ്: 4/418)


നബി(സ) യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുന്നതിന്റെ ശ്രേഷ്ടത വിവരിക്കുന്ന പ്രമാണങ്ങൾ വിശുദ്ദ ഖുർആനിലും തിരുസുന്നത്തിലും പ്രസിദ്ദമാണ്. നിസ്കാരം, ജുമുഅ ഖുത്വുബ തുടങ്ങിയാ ആരാധനകൾ ഇതില്ലാതെ സാധുവാകുകയില്ലെന്നാണ് നിയമം. അതിന്റെ ശ്രേഷ്ടത മനസ്സിലാക്കാൻ ഇത് തന്നെ ധാരാളം മതി.


ദിക്ർ 6


"അഊദുബികലിമാത്തില്ലാഹി....

(أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ)


വളരെ പ്രധാനപ്പെട്ട ദിക്റാണിത്. മഹാനായ ഖലീലുല്ലാഹി ഇബ്റാഹീം നബി(അ) ഇസ്മാഈൽ(അ) ഇസ്ഹാഖ്(അ) എന്നിവരെ അത് ചൊല്ലി മന്ത്രിച്ചു കൊടുക്കാറുണ്ടായിരുന്നുവെന്ന് നബി(സ) പറയുകയും എന്നിട്ട് ഹസൻ(റ), ഹുസൈൻ(റ) എന്നിവര്ക്ക് അത് ചൊല്ലി നബി(സ) മന്ത്രിച്ചു കൊടുക്കുകയും ചെയ്തിരുന്നതായി ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) യും മറ്റും നിവേദനം ചെയ്ത ഹദീസിൽ കാണാം. (ബുഖാരി: 3120) 



عن أبي هريرة قال : جاء رجل إلى رسول الله - صلى الله عليه وسلم - فقال : يا رسول الله ما لقيت من عقرب لدغتني البارحة : قال : ( أما لو قلت حين أمسيت : أعوذ بكلمات الله التامات من شر ما خلق لم تضرك ) (رواه مسلم: ٤٨٨٣ (


അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ! ഇന്നലെ രാത്രി എന്നെ കടിച്ച തേളിൽ നിന്ന് ഞാനെത്തിച്ചതുപ്പോലെയുള്ള വേദന മറ്റൊന്നിൽ നിന്നും ഞാനെത്തിച്ചിട്ടില്ല. നബി(സ) പറഞ്ഞു: "അറിയുക: വൈകുന്നേരമായപ്പോൾ 'അഊദുബികലിമാത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാഖലഖ' എന്ന് നീ ചൊല്ലിയിരുന്നുവെങ്കിൽ അത് നിന്നെ ബുദ്ദിമുട്ടിക്കുമായിരുന്നില്". (മുസ്ലിം 4883)


ഹകീമിന്റെ പുത്രി ഖൗല(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ദരിക്കുന്നു. മഹതി പറയുന്നു: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: 




مَنْ نَزَلَ مَنْزِلا فَقَالَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ لَمْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ "(مسلم: ٤٨٨(




വല്ലവരും ഒരു സ്ഥലത്ത് ഇറങ്ങുകയും പിന്നെ 'അഊദുബികലിമാത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാഖലഖ' എന്ന് ചൊല്ലുകയും ചെയ്താൽ ആ സ്ഥലത്തു നിന്ന് അയാൾ യാത്രപോകുന്നതുവരെ യാതൊന്നും അയാളെ പ്രയസപ്പെടുത്തുകയില്ല." (മുസ്ലിം: 4881)


അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ നബി(സ) ഇപ്രകാരം പ്രസ്താവിക്കുന്നു:  



مَنْ قَالَ حِينَ يُمْسِي ثَلَاثَ مَرَّاتٍ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ لَمْ يَضُرَّهُ حُمَةٌ تِلْكَ اللَّيْلَةَ " . قَالَ سُهَيْلٌ : فَكَانَ أَهْلُنَا تَعَلَّمُوهَا فَكَانُوا يَقُولُونَهَا كُلَّ لَيْلَةٍ ، فَلُدِغَتْ جَارِيَةٌ مِنْهُمْ , فَلَمْ تَجِدْ لَهَا وَجَعًا.(ترمذي: ٣٥٢٩(




"വൈകുന്നേരത്ത് ആരെങ്കിലും 'അഊദുബികലിമാത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാഖലഖ' എന്ന് ചൊല്ലിയാൽ ആ രാത്രി വിഷബാധ അയാളെ പ്രായസപ്പെടുത്തുകയില്ല." 



റിപ്പോർട്ടർ സുഹൈൽ(റ) പറയുന്നു: 'നമ്മുടെ വീട്ടുകാർ അത് പഠിക്കുകയും എല്ലാ രാത്രിയിലും അവർ അത് ചൊല്ലുകയും ചെയ്യുമായിരുന്നു. അങ്ങനെ അവരിൽപെട്ട ഒരു സ്ത്രീക്ക് കടിയേറ്റു. അതിനു യാതൊരു വേദനയും അവർ എത്തിച്ചില്ല". (തുർമുദി: 3529)


കലിമത്തുല്ലാഹിയുടെ വിവക്ഷ എന്താണെന്നതിൽ വീക്ഷണാന്തരമുണ്ട്. വിശുദ്ദ ഖുർആൻ ആണെന്നും മഹാന്മാരുടെ ആത്മാക്കളാണെന്നും വിശദീകരണം വന്നിട്ടുണ്ട്. മുമ്പ് വിവരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല. 


ദിക്ർ 7


"ബിസ്മില്ലാഹില്ലദീ ലായളുർറു......"

.(بِسْمِ اللَّهِ الَّذِي لَا يَضُرُّمَعَ اسْمِهِ شَيْئٌ فِي الْأَرْضِ وَلَا فِي السَّمَاءِ)


വളരെ പ്രധാനപ്പെട്ട ഒരു ദിക്റാണിത്. ഉസ്മാനുബ്നുഅഫാനി(റ)ൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു: 



 അർത്ഥം:


"എല്ലാ പകലിന്റെയും പ്രഭാതത്തിലും എല്ലാ രാത്രിയുടെയും വൈകുന്നേരത്തും 'ബിസ്മില്ലാഹില്ലദീ ലായളുർറു മ അ സ്മിഹി ശൈഉൻ ഫിൽഅർളി വലാഫിസ്സമാഇ വഹുവ സമീഉൽ അലീം' എന്ന് ചൊല്ലുന്നവരെ യാതൊന്നും തന്നെ പ്രായസപ്പെടുത്തുകയില്ല". (തുർമുദി: 3310, അബൂദാവൂദ്:4425)


മഹാനായ ഖാലിദുബ്നുൽ വലീദ്(റ) പ്രസ്തുത ദിക്ർ ചൊല്ലി വിഷം കുടിച്ചു. അദ്ദേഹത്തിനു യാതൊന്നും സംഭവിച്ചില്ല. ഈ സംഭവം പ്രസിദ്ദമാണ്. മഹാനായ നൂഹ് നബി(അ) യുടെ കപ്പല ഓടിയിരുന്നതും നിന്നിരുന്നതും 'ബിസ്മില്ലാഹി' കൊണ്ടായിരുന്നുവെന്ന് വിശുദ്ദ ഖുർആനിൽ കാണാം. (ഹൂദ്‌: 41)


ദിക്ർ 8   



"റളീനാബില്ലാഹി റബ്ബൻ...." (رَضِينَا بِاللهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ نَبِيًّا)


ഈ ദിക്റും വളരെ മഹത്വമുള്ളതാണ്. സൗബാനി(റ) ൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിൽ നബി(സ) പറയുന്നു:  



അർത്ഥം:


"വൈകുന്നേരമാകുമ്പോൾ ആരെങ്കിലും റളീത്തു ബില്ലാഹി റബ്ബൻ വബിൽഇസ്ലാമി ദീനൻ വബിമുഹമ്മദിൻ നബിയ്യൻ' എന്ന് ചൊല്ലിയാൽ അയ്യാളെ ത്രപ്തിപ്പെടുത്തൽ അല്ലാഹുവിന്റെ ബാധ്യതയാണ്". (വണ്ണമായ പ്രതിഫലം അല്ലാഹു അവന് നൽകുമെന്നർത്ഥം) (തുർമുദി: 3311)


ദിക്ർ 9 


"ബിസ്മില്ലാഹി വൽഹംദുലില്ലാഹ...".

(بِسْمِ اللَّهِ وَالْحَمْدُ لِلَّهِ الْخَيْرُ وَالشَّرُّ بِمَشِيئَةِ اللهِ)


അബൂഹുറൈറ(റ) യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ദരിച്ച ഹദീസിൽ നബി(സ) പറയുന്നു: 



അർത്ഥം:


 "ഓ അബൂഹുറൈറ! താങ്കൾ അംഗശുദ്ദിവരുത്തിയാൽ 'ബിസ്മില്ലാഹി വൽഹംദുലില്ലാഹി' എന്ന് ചൊല്ലുക. എന്നാൽ വുളൂ നഷ്ടപ്പെടുന്നതുവരെ താങ്കളുടെ സംരക്ഷകരായി മലക്കുകൾ വിശ്രമമില്ലാതെ താങ്കൾക്ക് നന്മകൾ രേഖപ്പെടുത്തികൊണ്ടിരിക്കും". (അൽമുഅജമുൽ കബീർ: 195)


ബിസ്മിന്റെയും ഹംദിന്റെയും പോരിശകൾ നിരവധിയാണ്. ഇമാം റംലി (റ) എഴുതുന്നു: 



وقد ورد إن الله تعالى أنزل مائة كتاب وأربعة كتب على سبعة من الأنبياء ، وأنه أودع ما فيها في أربعة ، في القرآن والتوراة والإنجيل والزبور ،  وأودع ما فيها في القرآن ، وأودع ما في القرآن في الفاتحة ، وأودع ما في الفاتحة في بسم الله الرحمن الرحيم ، بل قيل إنه أودع ما فيها في الباء وما في الباء في النقطة (نهاية المحتاج إلى شرح المنهاج: ٥٥/١(




നിശ്ചയം 7 പ്രവാചകന്മാർക്കായി 100 ഏടുകളും 4 ഗ്രന്ഥങ്ങളും അല്ലാഹു അവതരിപ്പിച്ചു. അവയിലുള്ള ആശയങ്ങൾ ഖുർആൻ, തൗറാത്ത്, ഇൻജീൽ, സബൂർ എന്നീ നാലു ഗ്രന്ഥങ്ങളിൽ അല്ലാഹു നിക്ഷേപിച്ചു. അവയിലുള്ള ആശയങ്ങളെല്ലാം ഖുർആനിൽ അല്ലാഹു നിക്ഷേപിച്ചു. ഖുർആനിലുള്ള ആശയങ്ങളെല്ലാം ഫാത്തിഹയിൽ അല്ലാഹു നിക്ഷേപിച്ചു. ഫാത്തിഹയിലുള്ള ആശയങ്ങളെല്ലാം ബിസ്മിയിൽ അല്ലാഹു നിക്ഷേപിച്ചു. 


മാത്രമല്ല ഇങ്ങനെയും അഭിപ്രായപ്പെട്ടവരുണ്ട്: ബിസ്മിയിലുള്ള ആശയങ്ങളെല്ലാം അല്ലാഹു 'ബാഅ്' ൽ നിക്ഷേപിച്ചു. ബാഇലുള്ളതെല്ലാം ബാഇന്റെ പുള്ളിയിൽ  അല്ലാഹു നിക്ഷേപിച്ചു. (നിഹായത്തുൽ മുഹ്താജ്  1/55)


'ഫാതിഹയിലുള്ള ആശയങ്ങളെല്ലാം ബിസ്മിയിൽ അല്ലാഹു നിക്ഷേപിച്ചു'. എന്നാ ഇമാം റംലി (റ)യുടെ പരാമർശത്തെ വിശദീകരിച്ച് അലിയ്യുശ്ശബ്റാമല്ലിസി(റ) എഴുതുന്നു:    



അർത്ഥം:


അങ്ങനെ പറയാൻ കാരണം 'ഉണ്ടായതെല്ലാം ഞാൻ കാരണമായി ഉണ്ടായി. ഉണ്ടാകുന്നതെല്ലാം ഞാൻ കാരണമായി ഉണ്ടാകും' എന്നതിലേക്ക് സൂചനയാണ്. ബിസ്മിയിലെ ബാഅ്' ഖുർആനിൽ നിന്ന് ലഭിക്കുന്നതെല്ലാം ഈ ആശയത്തിലേക്ക് മടങ്ങുന്നതാണ്. 


'ബാഅ'-ൽ  ഉള്ളതെല്ലാം 'ബാഅ'- ന്റെ പുള്ളിയിലുണ്ട് എന്ന് പറയുന്നത്, 'ബാഅ്' ന്റെ പുള്ളി  എല്ലാ വസ്തുക്കളുടെയും യതാർത്ഥ കേന്ദ്രബിന്ദുവായ അല്ലാഹുവിന്റെ ഏകത്വത്തെ സൂചിപിക്കുന്നതാണ്. (ഹാശിയാത്തുന്നിഹായ: 1/59)


മറ്റൊന്ന് അൽഹംദുലില്ലാഹ് എന്ന് അല്ലാഹുവെ സ്തുതിക്കലാണല്ലോ. 'അൽഹംദുലില്ലാഹി' പറയാൻ നിർദ്ദേശിക്കുന്ന നിരവധി ആയത്തുകൾ കാണാം. ഇസ്റാഅ111, നംല് 93, മുഅമിനൂൻ 28, അന്കബൂത്ത് 63)


ആ കല്പനക്ക് വഴിപ്പെട്ടുകൊണ്ടാണ് റാത്തീബിൽ അൽഹംദുലില്ലാഹി ഉള്പ്പെടുത്തിയത്. 


നന്മയും തിന്മയും അല്ലാഹുവിൽ നിന്നുള്ളതാണെന്ന വിശ്വാസം ഈമാൻ കാര്യങ്ങളിൽ പെട്ടതാണല്ലോ.വിശുദ്ദ ഖുർആനും ഇത് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:  



وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا هَـٰذِهِ مِنْ عِندِ اللَّـهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَـٰذِهِ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ اللَّـهِ(سورة النساء: ٧٨(



 " അവര്‍ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ് എന്ന്‌. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത് നീ കാരണം ഉണ്ടായതാണ് എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌".



ഖൈറും ശർറും അല്ലാഹുവിൽ നിന്നുള്ളതാണെന്ന് വിശ്വാസം പ്രഖ്യാപിക്കുക കൂടി ഇതിലൂടെ സുസാധ്യമാകുന്നു.  



ദിക്ർ 10

"ആമന്നാ ബില്ലാഹി വൽയൗമിൽ ആഖിർ...".

(آمَنَّا بِاللَّهِ وَالْيَوْمِ الْآخِرِ تُبْنَا إِلَى اللهِ بَاطِنًا وَظَاهِرْ)


"ആമന്നാബില്ലാഹി" എന്നത് വിശുദ്ദ ഖുർആനിൽ നിന്നെടുത്ത ദിക്റാണ്. അൽ ബഖറ സൂറത്തിൽ അല്ലാഹു പറയുന്നു:



 قُولُوا آمَنَّا بِاللَّـهِ(سورة البقرة: ١٣٦(



 "ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് നിങ്ങൾ പ്രഖ്യാപിക്കുക".



وَلَـٰكِنَّ الْبِرَّ‌ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ‌......(سورة البقرة: ١٧٧(



 "എന്നാൽ അല്ലാഹുവിലും അന്ത്യദിനത്തിലും....വിശ്വസിച്ചവരാണ് പുണ്യവാളന്മാർ". 



ശേഷം പറയുന്നത് ബാഹ്യമായും ആന്തരികമായും ഞങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയിരിക്കുന്നു" എന്നാണ്. അല്ലാഹു പറയുന്നു: 



يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّـهِ تَوْبَةً نَّصُوحًا(سورة التحريم: ٨(



"സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈകൊണ്ട് മടങ്ങുക". 



അല്ലാഹു പറയുന്നു: 



وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ (سورة النور: ٣١(



"ഓ സത്യവിശ്വാസികളെ! നിങ്ങൾ എല്ലാവരും അല്ലാഹുവിലേക്ക് പശ്ചാത്താപിച്ച് മടങ്ങുക. നിങ്ങൾ വിജയം കൈവരിച്ചേക്കാം". 



إِنَّ اللَّـهَ يُحِبُّ التَّوَّابِينَ (سورة البقرة: ٢٢٢(



"നിശ്ചയം അധികം പശ്ചാത്താപിച്ച് മടങ്ങുന്നവരെ അല്ലാഹു പ്രിയം വെക്കും". 



അനസി(റ)ൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചൈയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു: 



عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ ، أَنّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " كُلُّ ابْنِ آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ " . (سنن الترمذي: ٢٤٢٣(



"മനുഷ്യരെല്ലാം കൂടുതൽ പിഴവ് സംഭവിക്കുന്നവരാണ്. പിഴവ് സംഭവിക്കുന്നവരിൽ വെച്ച് ഏറ്റവും ഉത്തമർ അല്ലാഹുവിലേക്ക് പശ്ചാത്താപിച്ച് മടങ്ങുന്നവരാണ്". (തുർമുദി: 2423)



"മനുഷ്യരെല്ലാം കൂടുതൽ പിഴവ് സംഭവിക്കുന്നവരാണ്. പിഴവ് സംഭവിക്കുന്നവരിൽ വെച്ച് ഏറ്റവും ഉത്തമർ അല്ലാഹുവിലേക്ക് പശ്ചാത്താപിച്ച് മടങ്ങുന്നവരാണ്". (തുർമുദി: 2423)


"മനുഷ്യരെല്ലാം പിഴവ് സംഭവിക്കുന്നവരാണ്"   എന്നതിൽ നിന്ന് അമ്പിയാക്കൾ ഒഴിവാണ്. അവർ പാപസുരക്ഷിതരാണല്ലോ.


അപ്പോൾ ആയത്തുകൾക്കും ഹദീസുകൾക്കും വഴിപ്പെടുന്നതിന്റെ ഭാഗമായി പ്രസ്തുത ദിക്റിനെ കാണാം. തുബയുടെ ശ്രേഷ്ടതകൾ വിവരിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. 


"തുബ്നാ ഇലല്ലാഹി ബാത്വിനൻ വള്വാഹിർ"  "ബാത്വിൻ വള്വാഹിർ" എന്നും വന്നിട്ടുണ്ട്. ഫത്ഹ് കൊണ്ട് തന്വീൻ ചെയ്യപ്പെട്ടതിന്റെ മേൽ വഖ്‌ഫ് ചെയ്യുമ്പോൾ സുകൂൻ കൊണ്ട് വഖ്‌ഫ് ചെയ്യൽ റബീഅത് ഗോത്രക്കാരുടെ ഭാഷയാണ്‌. (ശർഹുറാത്തീബിൽ ഹദ്ദാദ്‌: 361)


ദിക്ർ 11   


"യാറബ്ബുനാ വഅ്ഫു അന്നാ....."(يَا رَبَّنَا وَاعْفُ عَنَّا وَكُنْ لَنَا حَيْثُ كُنَّا)


തൗബയുടെ  ഭാഗം തന്നെയാണ് ഈ ദിക്റും. എന്നാൽ പാപങ്ങൾ മായ്ച്ചുകളയാനും അവയെ തൊട്ട് മാപ്പ് ചെയ്യാനും അടിമ അല്ലാഹുവോട് ആവശ്യപ്പെടുന്നത് അവന്റെ കുട്ടാ സമ്മതത്തിനും റുബൂബിയ്യത്തിന്റെ ഭാഗത്ത് തനിക്ക് പറ്റിയ വീഴ്ച നോക്കികാണുന്നതിനും വ്യക്തമായ തെളിവാണ്. ഇത് സമ്പൂർണ്ണരുടെ സ്വഭാവമാണ്. മഗ്ഫിറത്തിനെ തേടുന്നതിനേക്കാൾ ഗൌരവമുള്ളതാണ് അഫ് വിനെ തേടൽ. കാരണം മഗ്ഫിറത്തിന്റെ അർത്ഥം മറച്ചുവയ്ക്കുക എന്നാണു. അഫ് വിന്റെ അർത്ഥം മായ്ച്ചുകളയുക എന്നുമാണ്. മറച്ചു വെക്കുന്നതിനേക്കാൾ ഗൌരവം മായ്ച്ചു കളയുന്നതാണല്ലോ.  


അനസുബ്നുമാലികി(ര)ൽ നിന്ന് ഇബ്നുമാജ(റ) ഉദ്ദരിച്ച ഒരു ഹദീസിൽ ഇപ്രകാരം വായിക്കാം:


عن أنس بن مالك قال: أتى النبي صلى الله عليه وسلم رجل، فقال: أي الدعاء أفضل؟ قَالَ : " سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ ". (ابن ماجه: ٣٨٣٨(



 "നബിയെ സമീപിച്ച് റാൽ ചോദിച്ചു: ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്/ നബി(സ) പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും അഫ് വും ആഫിയത്തും ചോദിക്കുക". (ഇബ്നുമാജ : 3838)


ഇമാം തുർമുദി(റ) മഹതിയായ ആഇഷ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു:  



عن عائشةَ رضِيَ اللهُ عنها قالت: ((قلتُ: يا رسولَ الله، أرأيتَ إنْ علمتُ أيَّ ليلةٍ ليلةُ القدْر؛ ما أقول فيها؟ قال: قولي: اللَّهُمَّ إنَّك عفُوٌّ تحبُّ العفوَ، فاعفُ عنِّي)) (ترمذي: ٣٤٣٥(



 മഹതി പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ! ലൈലത്തുൽ ഖദ്ർ ഏതു രാത്രിയാണെന്ന്ഞാനറിയുന്ന പക്ഷം അതിൽ ഞാൻ ചൊല്ലേണ്ടതെന്താണെന്ന് പറഞ്ഞു തന്നാലും'. നബി(സ) പറഞ്ഞു: "നീ ഇപ്രകാരം പറയുക: "അല്ലാഹുമ്മ ഇന്നക അഫുവ്വുൻ കരീമുൻ തുഹിബ്ബുൽ അഫ് വ ഫഅ്ഫു അന്നീ". (തുർമുദി: 3435)


ദിക്ർ 12

"യാദൽജലാലി വൽഇക്റാം...."(يَا ذَا الْجَلَالِ وَالْإِكْرَامِ أَمِتْنَا عَلَى دِينِ الْإِسْلَامِ)


വളരെ പ്രധാനപ്പെട്ട ഒരു ദിക്റാണിത്. ഇനിപ്പറയുന്ന ഖുർആനിക വചനത്തിൽ നിന്നെടിത്തതാണിത്. 


 تَبَارَ‌كَ اسْمُ رَ‌بِّكَ ذِي الْجَلَالِ وَالْإِكْرَ‌امِ (سورة الرحمن: ٧٨)


 "മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു". 



ഈ ദിക്ർ വിഷയമാക്കാനും വർദ്ദിപ്പിക്കാനും ഹദീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ആ നിർദ്ദേശം സ്വീകരിച്ചുമാണ് റാത്തീബിൽ ഇത് ഉൾപ്പെടുത്തിയത്. 



 عن أنس أن النبي صلى الله عليه وسلم قال: ((ألظوا بياذا الجلال والإكرام)) (ترمذي: ٣٤٤٨(


അനസി(റ) ൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: "യാദൽജലാലി വൽഇക്റാം എന്നാ ദിക്ർ നിങ്ങൾ വിഷയമാക്കുകയും വർദ്ദിപ്പിക്കുകയും ചെയ്യുക". (തുർമുദി: 3448)


ഈ ദിക്ർ 7 പ്രാവശ്യം ചൊല്ലണമെന്ന് റാത്തീബിൽ നിർദ്ദേശിക്കുന്നു. തഹ് ലീലും ഇസ്തിഗ്ഫാറും അല്ലാത്ത മറ്റു ദിക്റുകളെല്ലാം മുമ്മൂന്നു പ്രാവശ്യമാണ് ചൊല്ലുന്നത്. ഈ ദിക്ർ വർദ്ദിപ്പിക്കാൻ നിർദ്ദേശിക്കുന്ന ഈ ഹദീസ് മാനിച്ചുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തത്. അദ്ദേഹത്തിൻറെ വിജ്ഞാനത്തിന്റെ വിശാലതയും ഹദീസുകൾ കൊണ്ടുള്ള അറിവും ഇത് വ്യക്തമാക്കിത്തരുന്നു. (ശർഹുറാത്തീബിൽ ഹദ്ദാദ്‌: 276)


ഈ ദിക്റിന്റെ മഹത്വം വിവരിക്കുന്ന  ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. ആസ്വഫുബ്നുബർഖയ(റ) ബിൽഖീസിന്റെ സിംഹാസനം കൊണ്ടുവന്നത് ഈ ദിക്ർ ചൊല്ലി പ്രാർത്ഥിച്ചാണെന്ന് മുജാഹിദ്(റ), മുഖാത്തിൽ(റ) എന്നിവരെ ഉദ്ദരിച്ച് ഇമാം ബഗവി(റ) വിവരിക്കുന്നുണ്ട്. (തഫ്സീറുൽ ബഗവി: 6/165)


ഒരാൾ ഈ ദിക്ർ ചൊല്ലുന്നതായി നബി(സ) കേട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും നിനക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. നീ ചോദിച്ചോളൂ". (തുർമുദി: 3450)


നിസ്കാര ശേഷം നബി(സ) കൊണ്ട് വന്നിരുന്ന ദിക്റിന്റെ അവസാനത്തിൽ ഇത് കാണാം. "അല്ലാഹുമ്മ അന്തസ്സലാം........ തബാറക്ത്ത യാദൽജലാലി വൽഇക്റാം".


ഈ റാത്തീബ് പതിവായി കൊണ്ടുവരുന്നവർക്ക് 'ഹുസ്നുൽഖാതിമ' (നല്ല പരിസമാപ്തി) ലഭിക്കുമെന്ന് റാത്തീബിന്റെ കർത്താവ് പറയുന്നു. അദ്ദേഹത്തിൻറെ ശിഷ്യൻ അല്ലാമ അബ്ദുല്ലാഹിബ്നുമുഹമ്മദ്‌ ശറാഹീൽ(റ) ഗുരിവിന്റെ മഹത്വം വിവരിക്കാൻ രചിച്ച ഗ്രന്ഥത്തിൽ ഇക്കാര്യം പറയുന്നു. ഹദ്ദാദ്‌ റാത്തീബ് പാരായണം ചെയ്യുന്നതിൽ ഇതല്ലാത്ത മറ്റൊരു ഫലവുമില്ലെങ്കിലും ഇത് തന്നെ എമ്പാടും മതി. എന്നാൽ പ്രബലമായ ഹദീസുകളുടെ വെളിച്ചത്തിൽ ധാരാളം ശ്രേഷ്ടതയുണ്ടെന്നു മനസ്സിലായല്ലോ. (ശർഹുറാത്തീബിൽ ഹദ്ദാദ്‌: 280)


ദിക്ർ 13


"യാ ഖവിയ്യു യാ മതീനു.....".(يَا قَوِيُّ يَا مَتِينُ اكْفِ شَرَّ الظَّالِمِينَ)


ഈ രണ്ട് നാമങ്ങളും അല്ലാഹു തവസ്സുലാക്കാൻ നിര്ദ്ദേശിച്ച അസ്മാഉൽ ഹുസ്നായിൽ പെട്ടവയാണ്. 

   


 وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا(سورة الأعراف: ١٨٠)




"അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക". (അഅ്റാഫ്: 180)


മഹത്തായ ഈ രണ്ട് നാമങ്ങളുടെ സവിശേഷകൾ പരിഗണിച്ചാണ് അക്രമികളുടെ ശർറ് തടുക്കാൻ അല്ലാഹുവോട് ആവശ്യപ്പെടുന്നത്. യാദൽജലാലി   വൽഇക്റാം എന്നാ ദിക്റിനു ശേഷം ഇസ്ലാമിന്റെ മേൽ മരിപ്പിക്കാൻ അല്ലാഹുവോട് ചോദിച്ചുവല്ലോ.


ദിക്ർ 14


"അസ്വ് ലഹല്ലാഹു ഉമുറ.....".(أَصْلَحَ اللهُ أُمُورَ الْمُسْلِمينَ صَرَفَ اللهُ شَرَّ الْمُؤْذِينَ)

  

ഇത് പൊതുവെ എല്ലാ മുസ്ലിംകൾക്കും വേണ്ടിയുള്ള പ്രാർത്ഥനയാണ്. ഇങ്ങനെ പ്രാർത്ഥിക്കാൻ പ്രോത്സാഹനവും നിർദ്ദേശവും വന്നിട്ടുണ്ട്. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി പ്രാർത്ഥിക്കൽ ജുമുഅ ഖുതുബയുടെ നിബന്ധനകളിൽ പെട്ടതാണ്. അതില്ലാതെ ജുമുഅ സാധുവാകുകയില്ല. സ്ഥലത്തില്ലാത്തവർക്കുവേണ്ടിയുള്ള പ്രാർത്ഥനക്കു വേഗത്തിൽ ഉത്തരം ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അമ്റുബ്നു ആസ്വി (റ)ൽ നിന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു:    



إن أسرع الدعاء إجابة دعوة غائب لغائب (أبو داود: ١٣١٢) 


"എറ്റവും വേഗത്തിൽ ഉത്തരം ലഭിക്കുന്ന പ്രാർത്ഥന മറഞ്ഞവൻ മറഞ്ഞവനുവേണ്ടി നടത്തുന്ന പ്രാർത്ഥനയാണ്". (അബൂദാവൂദ്: 1312)


സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി പാപമോചനത്തിനിരക്കാൻ നബി(സ) യോട് അല്ലാഹു കൽപ്പിക്കുകയുണ്ടായി. (മുഹമ്മദ്‌ 19)


അല്ലാഹു പറയുന്നു:

    



وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَ‌بَّنَا اغْفِرْ‌ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَ‌بَّنَا إِنَّكَ رَ‌ءُوفٌ رَّ‌حِيمٌ (سورة الحشر: ١٠)



"അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു". 



അപ്പോൾ മുസ്ലിംകളുടെ പൊതുനന്മക്കുവേണ്ടി പ്രാർത്ഥിക്കാൻ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതാണ്. ആ നിർദ്ദേശം മാനിക്കുന്നതിന്റെ ഭാഗമായി ഇതിനെ കാണാം. 


ദിക്ർ 15


"യാ അലിയ്യ്  യാ കബീറു.....".

(يَا عَلِيُّ يَا كَبِيرُ  يَا عَلِيمُ يَا قَدِيرُ يَا سَمِيعُ يَا بَصِيرُ يَا لَطِيفُ يَا خَبِيرُ)


ഈ ദിക്റിൽ പറയുന്നതെല്ലാം അസ്മാഉൽ ഹുസ്നായിൽ വന്നവയാണ്. ഈ മഹത്തായ നാമങ്ങളുടെ സവിശേഷതകൾ എത്രയാണെന്ന് പറയാനോ വിവരിക്കാനോ സാധ്യമല്ല.  


 وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا(سورة الأعراف: ١٨٠)



"അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക".



ഇമാം ബുഖാരി(റ) അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി(സ) പറയുന്നു:   


 لِلَّهِ تِسْعَةٌ وَتِسْعُونَ اسْمًا ، مِائَةٌ إِلا وَاحِدَةً، لا يحفظها أحد إلا دخل الجنة. (بخاري: ٥٩٣١)



അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അത് മനപാഠമാക്കുന്നവരെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിക്കും". (ബുഖാരി: 5931)


ദിക്ർ 16


""യാ ഫാരിജൽഹമ്മി വയാകാശിഫൽ ഗമ്മി......".


(يَا فَارِجَ الْهَمِّ وَيَا كَاشِفَ الْغَمِّ يَا مَنْ لِعَبْدِهِ يَغْفِرُ وَيَرْحَمُ)


ഈ ദുആയും വളരെ പ്രധാനപ്പെട്ടതാണ്. നബി(സ) ഇങ്ങനെ പ്രാർത്ഥിച്ചിരുന്നതായി ഹദീസിൽ കാണാം:

 عن عبد الرحمن بن سابط قال :  كان رسول الله صلى الله عليه و سلم يدعو بهؤلاء الكلمات ويعظمهن : اللهم فارج الهم ، وكاشف الكرب ، ومجيب المضطرين ، ورحمن الدنيا والآخرة ورحيمهما ، ارحمني اليوم رحمة واسعة تغنيني بها عن رحمة من سواك ) رواه ابن أبي شيبة في "المصنف" (١٤٧/٧) 


അബ്ദുറഹ്മാനുബ്നുസാബിതി(റ)ൽ നിന്ന് നിവേദനം: നബി(സ) ഈ വാചകങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുകയും അവയെ പ്രധാനപ്പെട്ട ഒന്നായി കാണുകയും ചെയ്തിരുന്നു. "അല്ലാഹുമ്മ ഫാരിജൽഹമ്മി, വകാശിഫൽകർബി, വമുജീബൽ മുള്ത്വർരീൻ,വറഹ്മാനദ്ദുൻയാ വൽആഖിറ, വറഹീമഹുമാ, ഇർഹംനിൽയൗമ റഹ്മത്തൻ വാസിഅ, തുഗ്നീനീ ബിഹാ അൻ റഹ്മത്തി മൻ സിവാക". (മുസ്വന്നഫ് ഇബ്നു അബീശൈബ: 7/147)


ഹാകിം(റ) ഉദ്ദരിക്കുന്നു: 

 عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا , قَالَتْ : دَخَلَ عَلَيَّ أَبُو بَكْرٍ ، فَقَالَ : هَلْ سَمِعْتَ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُعَاءً عَلَّمَنِيهِ ؟ , قُلْتُ : مَا هُوَ ؟ قَالَ : كَانَ عِيسَى بْنُ مَرْيَمَ يُعَلِّمُهُ أَصْحَابَهُ قَالَ : " لَوْ كَانَ عَلَى أَحَدِكُمْ جَبَلُ ذَهَبٍ دَيْنًا ، فَدَعَا اللَّهَ بِذَلِكَ لَقَضَاهُ اللَّهُ عَنْهُ : اللَّهُمَّ فَارِجَ الْهَمِّ ، كَاشِفَ الْغَمِّ ، مُجِيبَ دَعْوَةِ الْمُضْطَرِّينَ ، رَحْمَانَ الدُّنْيَا وَالآخِرَةِ وَرَحِيمَهُمَا ، أَنْتَ تَرْحَمُنِي ، فَارْحَمْنِي بِرَحْمَةٍ تُغْنِينِي بِهَا عَنْ رَحْمَةِ مَنْ سِوَاكَ "(المستدرك: ١٨٥٢)



ആഇഷ(റ) യിൽ നിന്ന് നിവേദനം: മഹതി പറയുന്നു: അബൂബക്ർ(റ) എന്റെ അടുത്തേക്ക്‌ കടന്നു വന്നു ചോദിച്ചു: 'റസൂലുല്ലാഹി(സ) എനിക്ക് പഠിപ്പിച്ചുതന്ന ദുആ റസൂലി(സ)ൽ നിന്ന് നിങ്ങൾ കേട്ടിട്ടുണ്ട്? അതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ പിതാവ് വിശദീകരിച്ചു: ഈസബ്നുമർയം (അ) തന്റെ അനുയായികൾക്ക് അത് പഠിപ്പിച്ചു കൊടുക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളിൽ ഒരാൾക്ക്‌ ഒരു പർവ്വതം പോലെയുള്ള സ്വർണ്ണം കടമുണ്ടാവുകയും അല്ലാഹുവോട് ആ ദുആ ചെയ്യുകയും ചെയ്താൽ അല്ലാഹു ആ കടം വീട്ടും. "അല്ലാഹുമ്മ ഫാരിജൽഹമ്മി....." (മുസ്തദ്റക്: 1852)


ഈ ഹദീസിന്റെ ബാക്കി ഭാഗത്ത് ഇപ്രകാരം കാണാം:    




قَالَ أَبُو بَكْرٍ الصِّدِّيقُ رَضِيَ اللَّهُ عَنْهُ : وَكَانَتْ عَلَيَّ بَقِيَّةٌ مِنَ الدَّيْنِ ، وَكُنْتُ لِلدَّيْنِ كَارِهًا ، فَكُنْتُ أَدْعُو بِذَلِكَ ، فَأَتَانِي اللَّهُ بِفَائِدَةٍ فَقَضَاهُ اللَّهُ عَنِّي ، قَالَتْ عَائِشَةُ : " كَانَ لأَسْمَاءَ بِنْتِ عُمَيْسٍ عَلَيَّ دِينَارٌ وَثَلاثَةُ دَرَاهِمٍ فَكَانَتْ تَدْخُلُ عَلَيَّ فَأَسْتَحْيِي أَنْ أَنْظُرَ فِي وَجْهِهَا لأَنِّي لا أَجِدُ مَا أَقْضِيهَا ، فَكُنْتُ أَدْعُو بِذَلِكَ فَمَا لَبِثْتُ إِلا يَسِيرًا حَتَّى رَزَقَنِي اللَّهُ رِزْقًا مَا هُوَ بِصَدَقَةٍ تُصُدِّقَ بِهَا عَلَيَّ ، وَلا مِيرَاثٌ وَرِثْتُهُ فَقَضَاهُ اللَّهُ عَنِّي ، وَقَسَمْتُ فِي أَهْلِي قَسْمًا حَسَنًا ، وَحَلَّيْتُ ابْنَةَ عَبْدِ الرَّحْمَنِ بِثَلاثِ أَوَاقٍ وَرِقٍ وَفَضَلَ لَنَا فَضْلٌ حَسَنٌ "(المستدرك: ٤٤٥/٤)




അബൂബക്ർ സിദ്ദീഖ്(റ) പറയുന്നു: "എനിക്ക് കുറച്ച് കടം ബാക്കിയുണ്ടായിരുന്നു. ഞാനാകട്ടെ കടത്തെ വെറുക്കുന്നയാളായിരുന്നു. അങ്ങനെ ആ പ്രാർത്ഥന ഞാൻ കൊണ്ടുവരുമായിരുന്നു. തന്നിമിത്തം അല്ലാഹു എനിക്ക് സമ്പത്ത് നൽകി എന്റെ കടം വീട്ടിത്തന്നു".


    ആഇഷ(റ) പറയുന്നു: "ഉമൈസിന്റെ പുത്രി അസ്മാഇ(റ)ന് ഞാൻ ഒരു ദീനാറും മൂന്നു ദിർഹമും കൊടുക്കാനുണ്ടായിരുന്നു. അങ്ങനെ അവർ എന്റെ സമീപത്തേക്ക് കടന്നു വരും. കടം വീട്ടാൻ കാശില്ലാത്തതിനാൽ അവരുടെ മുഖത്തെക്കു നോക്കാൻ ഞാൻ ലജ്ജിക്കുമായിരുന്നു. അങ്ങനെ ഈ പ്രാർത്ഥന ഞാൻ ചൊല്ലുമായിരുന്നു. ഏറെ താമസിയാതെ അല്ലാഹു എനിക്ക് സമ്പത്ത് നൽകി. അത് എനിക്ക് ലഭിച്ച ധർമ്മമോ ഞാൻ അനന്തരമായെടുത്ത സ്വത്തോ ആയിരുന്നില്ല. അങ്ങനെ അല്ലാഹു എന്റെ കടം വീട്ടി. ഞാൻ എന്റെ കുടുംബത്തിൽ നല്ല പോലെ വീതിച്ചു കൊടുക്കുകയും ചെയ്തു. മൂന്ന് ഊഖിയ വെള്ളി കൊണ്ട് അബ്ദുറഹ്മാനി(റ)ന്റെ പുത്രിയെ ഞാൻ ആഭരണം അണിയിച്ചു. പിന്നെയും നല്ലൊരു സംഖ്യ മിച്ചമുണ്ടായിരുന്നു". (മുസ്തദ്റക് : 4/445)


അല്ലാഹുവോട് മഗ്ഫിറത്തും മർഹമത്തും ചോദിക്കുകയാണ് പിന്നീട് ചെയ്യുന്നത്. അതും നേരത്തെ പറഞ്ഞ ഹദീസിൽ വന്നിട്ടുണ്ടല്ലോ. 



ദിക്ർ 17

"നസ്തഗ്ഫിറുല്ലാഹ റബ്ബൽ......".

(أَسْتَغْفِرُ اللَّهَ رَبَّ الْبَرَايَا أَسْتَغْفِرُ اللهَ مِنَ الْخَطَايَا)



ഈ ദിക്ർ നാല് പ്രാവശ്യമാണ് ചൊല്ലേണ്ടത്. ഇസ്തിഗ്ഫാറിനു നിർദ്ദേശിക്കുന്നതും അതിന്റെ ശ്രേഷ്ടത വിവരിക്കുന്നതുമായ നിരവധി ആയത്തുകളും ഹദീസുകളും വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:   



وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ‌ اللَّـهَ يَجِدِ اللَّـهَ غَفُورً‌ا رَّ‌حِيمًا (سورة النساء: ١١٠)



"ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌".



അല്ലാഹു പറയുന്നു: 




 وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُ‌ونَ(سورة الأنفال: ٣٣)



"അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.".



 അല്ലാഹു പറയുന്നു: 



فَقُلْتُ اسْتَغْفِرُ‌وا رَ‌بَّكُمْ إِنَّهُ كَانَ غَفَّارً‌ا*يُرْ‌سِلِ السَّمَاءَ عَلَيْكُم مِّدْرَ‌ارً‌ا* وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارً‌ا(سورة نوح: ١٢-١٠)



 "നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും".



റബീഉബ്നു സ്വുബൈഹ്(റ) പറയുന്നു: ഹസാൻബസ്വരി(റ) യെ സമീപിച്ച് ഒരാൾ ജലക്ഷാമത്തെ കുറിച്ച് വേവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് ഇസ്തിഗ്ഫാർ ചെയ്യാൻ നിർദ്ദേശിച്ചു. മറ്റൊരാൾ വന്ന് ദാരിദ്ര്യത്തെപറ്റി ആവലാതി ബോധിപ്പിച്ചു. അപ്പോൾ അദ്ദേഹത്തോടും ഇസ്തിഗ്ഫാറുകൊണ്ട് കൽപ്പിച്ചു. മറ്റൊരാൾ വന്ന് തോട്ടങ്ങളിൽ ഉൽപാദനക്കുറവിനെ   കുറിച്ച്  പരാതിപ്പെട്ടു. അപ്പോൾ അയാളോടും ഇസ്തിഗ്ഫാർ ചെയ്യാൻ നിർദ്ദേശിച്ചു. അപ്പോൾ ഞങ്ങൾ പറഞ്ഞു: പലരും വന്ന് പല ആവശ്യങ്ങൾ പറഞ്ഞിട്ടും എല്ലാരോടും ഇസ്തിഗ്ഫാർ ചെയ്യാനാണല്ലോ താങ്കൾ നിർദ്ദേശിക്കുന്നത്?. അപ്പോൾ ഹസൻ ബസ്വരി(റ) പറഞ്ഞു: "എന്റെ സ്വന്തം വകയായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. മറിച്ച് നൂഹ് നബി(അ) യെ ഉദ്ദരിച്ച് അല്ലാഹു പറഞ്ഞതിൽ നിന്ന് പാഠമുൾകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്". തുടർന്ന് മേൽ വചനം അദ്ദേഹം പാരായണം ചെയ്തു.(ശർഹുറാത്തീബിൽ ഹദ്ദാദ്‌: 324)


സുബൈറുബ്നുൽ അവ്വാമി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ദരിക്കുന്നു. റസൂലുല്ലാഹി (സ) പറഞ്ഞു:

  


(( مَنْ أَحَبَّ أَنْتهُ فَلْيُكْ تُسُرَّهُ صَحِيفَثِرْ فِيهَا مِنَ الِاسْتِغْفَارِ )) (المعجم الأوسط: ٨٥١)




നന്മ-തിന്മകൾ രേഖപ്പെടുത്തിയ ഏട് സന്തോഷിപ്പിക്കണമെന്നു ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കിൽ അവരതിൽ ഇസ്തിഗ്ഫാർ വർദ്ദിപ്പിച്ചുകൊള്ളട്ടെ". (അൽ മുഅ്ജമുൽ ഔസത്വ്: 851)


ദിക്ർ 18 


"ലാഇലാഹ ഇല്ലല്ലാഹു   ലാഇലാഹ ഇല്ലല്ലാഹു". (لَا إِلَهَ إِلَّا اللهُ لَا إِلَهَ إِلَّا اللهُ)


ഏറ്റവും ചുരുങ്ങിയത് 50 പ്രാവശ്യമാണ് ഇത് ചൊല്ലേണ്ടത്. കൂടിയാൽ എത്രെയുമാകാം.

 فاعلم أنه لا إله إلا الله (محمد: ١٩)



"അറിയുക നിശ്ചയം അല്ലാഹു അല്ലാതെ ആരാധനക്കർഹാനായി ആരും തന്നെയില്ല". (മുഹമ്മദ്‌ 19)


ജാബിറി(റ) ൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു: 





 أفضل الذكر لا إله إلا الله، وأفضل الدعاء الحمد لله (ترمذي: ٣٣٠٥)



 ദിക്റിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് ലാഇലാഹ ഇല്ലല്ലാഹു ആണ്. ദുആഇൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് അൽഹംദു ലില്ലാഹ് എന്നതുമാണ്‌". (തുർമുദി: 3305)


ഇബ്നുഅബ്ബാസി(റ) ൽ നിന്ന് ഖാളീ ഇയാള്(റ) ഉദ്ദരിക്കുന്നു:






 അർത്ഥം:

സ്വർഗ്ഗത്തിന്റെ കവാടത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "നിശ്ചയം ഞാൻ അല്ലാഹുവാണ്. ഞാനല്ലാതെ ആരാധ്യനില്ല. മുഹമ്മദ്‌(സ) അല്ലാഹുവിന്റെ റസൂലാണ്. ഇത് പറയുന്നവരെ ഞാൻ ശിക്ഷിക്കുകയില്ല". (ശിഫാ: 1/175)


ഇബ്നുഅബ്ബാസ്(റ) പറഞ്ഞതായി വന്ന ചില ആസാറുകളിൽ ഇപ്രകാരം കാണാം: "രാത്രിയും പകലും 24 മണിക്കൂറുകളാണ്. ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി' എന്നത് 24 അക്ഷരങ്ങലുമാനു. അപ്പോൾ ഒരാൾ 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി' എന്ന് പറഞ്ഞാൽ അതിലെ ഓരോ അക്ഷരവും ഓരോ മണിക്കൂറുകളിലെ പാപം പൊറുപ്പിക്കും. അതിനാല എല്ലാ പകലിലും രാത്രിയിലുമായി ആരെങ്കിലും അത് ചൊല്ലിയാൽ യാതൊരു പാപമും അവനിൽ അവശേഷിക്കുന്നതല്ല. (ശർഹുറാത്തീബിൽ ഹദ്ദാദ്‌ : 326)


ത്വല്ഹ(റ) യിൽ നിന്ന് ഇമാം മാലിക്(റ) നിവേദനം ചെയ്ത ഹദീസിൽ നബി(സ) പറയുന്നു:


 وأفضل ما قلت أنا والنبيون من قبلي لا إله إلا الله وحده لا شريك له (مرطأ: ٤٤٩)



"ഞാനും എനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരും ചെയ്തതിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് 'ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാശരീക ലഹു' എന്നതാണ്". മുവത്വഅ്; 449)


മുആദുബ്നു ജബലി(റ) ൽ നിന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസിൽ നബി(സ) പറയുന്നു: 


من كان آخر كلامه لا إله إلا الله دخل الجنة (أبو داود: ٢٧٠٩)




 "വല്ലവന്റെയും അവസാന വാക്ക് ലാഇലാഹ ഇല്ലല്ലാഹു എന്നായാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു". (അബൂദാവൂദ്: 2709)


ഇതിനർത്ഥം വിജയികളുടെ കൂട്ടത്തിലായി അവൻ സ്വർഗ്ഗത്തിൽ പ്രവേഷിക്കുമെന്നാണെന്ന്  പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ഈ ദിക്റിന്റെ മഹത്വം വിവരിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്.



പിന്നീട് മൂന്ന് ഇഖ്‌ലാസ്വും ഓരോ പ്രാവശ്യം  മുഅവ്വിദതൈനിയും ഒതുക. തുടർന്ന് നാല് ഫാതിഹകൾ ഓതി റാത്തീബിൽ മുകളില പറഞ്ഞ ക്രമമനുസരിച്ച് ഹദ് യ ചെയ്യുക . മഹാന്മാർക്കും അല്ലാത്ത വിശ്വാസികൾക്കും ഖുർആൻ ഓതി ഹദിയ്യ ചെയ്യൂന്നത് പുണ്യകർമ്മമാണ്. ഇതിന്റെ പ്രമാണങ്ങൾ മുമ്പ് വിശദീകരിച്ചതാണ്. ഖുർആൻ പാരായണം മരിച്ചവർക്ക് എന്ന സുന്നി സോണ്കാൾ എന്ന ബ്ലോഗ്‌ നോക്കുക. 


ഇബ്നുഹജർഹൈതമി(റ) എഴുതുന്നു:  







അർത്ഥം:

ഖുർആൻ പാരായണത്തിനുവേണ്ടി കൂലിക്കുവിളിച്ച വ്യക്തിക്ക് അതിന്റെ പ്രതിഫലം ആദ്യം അമ്പിയാക്കൾക്കും സ്വാലിഹീങ്ങൾക്കും പിന്നെ ആർക്കുവേണ്ടി ഒതുന്നുവോ അയാള്ക്കും ഹദിയ്യ ചെയ്യാം. എന്നുമാത്രമല്ല അതാണ്‌ കൂടുതൽ നല്ലത്. കാരണം ബറക്കത്ത് ലക്ഷ്യം വെക്കുന്നവരെ  മുന്തിച്ച് ബറക്കത്തെടുക്കൽ അതിലൂടെ സാധ്യമാകുന്നു. സാധാരണ നിലയിൽ കൂലിക്ക് വിളിച്ചവൻ കൂടുതൽ ഇഷ്ടപ്പെടുന്നതും ഇതാണ്. (ഫതാവൽ കുബ്റാ: 7/222, സവാബീഉൽ മദദ്....)  




ദിക്ർ 19


"അല്ലാഹുമ്മ ഇന്നാ നസ്അലുക....".

(اَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّةَ وَنَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ)


അല്ലാഹുവിന്റെ പ്രീതിയും സ്വര്ഗ്ഗവും ചോദിക്കുകയും അല്ലാഹുവിനെ കൊപ്പത്തെ തൊട്ടും നരകത്തെ തൊട്ടും കാവല തേടുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. അനസുബ്നു മാലിക്(റ) വിൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു: 




അർത്ഥം: 

"മൂന്നു പ്രാവശ്യം അല്ലാഹുവോട് ആരെങ്കിലും സ്വർഗ്ഗം ചോദിച്ചാൽ സ്വർഗ്ഗം പറയും: അല്ലാഹുവേ! അയാൾക്ക്‌ നീ സ്വർഗ്ഗം പ്രവേശനം നൽകൂ. ആരെങ്കിലും മൂന്നു പ്രാവശ്യം നരകത്തെ തൊട്ട് അഭയം തേടിയാൽ നരകം പറയും: അല്ലാഹുവേ! അയാൾക്ക്‌ നരകത്തെ തൊട്ട് നീ അഭയം നൽകൂ". (തുർമുദി: 2495)



അല്ലാഹുവിന്റെ കോപത്തെ  തൊട്ട് നബി(സ) കാവൽ തേടിയിരുന്നു. മഹതിയായ ആഇഷ(റ) യിൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ)യുടെ പ്രാർത്ഥന വിവരിക്കുന്നു.


 اللَّهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ (مسلم: ٧٥١)



 "അല്ലാഹുവേ! നിന്റെ പ്രീതികൊണ്ട് നിന്റെ കോപത്തെതൊട്ടും, നിന്റെ സൗഖ്യം കൊണ്ട് നിന്റെ ശിക്ഷയെ തൊട്ടും ഞാൻ കാവൽ തേടുന്നു". (മുസ്ലിം: 751)


ദിക്ർ 20 


"യാ ആലിമിസ്സിർരി മിന്നാ.....".

(يَا عَالِمَ السِّرِّ مِنَّا لَا تَهْتِكِ السِّتْرَ عَنَّا وَعَافِنَا وَاعْفُ عَنَّا وَكُنْ لَنَا حَيْثُ كُنَّا)


മഹാനായ ഹബീബ് അലവിയ്യുബ്നു അഹ്മദുബ്നുൽ ഹസനുബ്നു അബ്ദില്ലാഹിബ്നു അലവിയ്യുൽ ഹദ്ദാദ്‌ ബാഅലവി (റ) ഹദ്ദാദ്‌ റാത്തീബ്നു ശർഹ് എഴുതിയിട്ടുണ്ട്. പ്രസ്തുത ശർഹിൽ കൊടുത്ത റാത്തീബിൽ ഈ ദിക്റും ശേഷമുള്ള സ്വലാത്തും ഉള്പ്പെടുത്തി കാണുന്നില്ല. സാധാരണ ചൊല്ലിവരുന്ന റാത്തീബിൽ ഇത് കൂടി ഉണ്ട് താനും. 


"ഞങ്ങളുടെ രഹസ്യം അറിയുന്നവനേ, ഞങ്ങളുടെ മറ പൊളിച്ചു കളയരുതേ, ഞങ്ങള്ക്ക് നീ സൗഖ്യം നൽകുകയും മാപ്പ് നൽകുകയും ചെയ്യേണമേ! ഞങ്ങൾ എവിടെയാകുമ്പോഴും നീ ഞങ്ങൾക്ക് അനുകൂലമാകണമേ!" എന്നാണു ഇതിലൂടെ അല്ലാഹുവോട് പറയുന്നത്.

ഹദ്ദാദ്‌ റാത്തീബിൽ പറയുന്ന ദിക്റുകളും ദുആകളും ഹദീസുകളിൽ വന്നതാണെന്നും വിവിധാ കാര്യങ്ങൾ സഫലമാക്കാൻ പറ്റിയവയാണെന്നും മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. അതിനാല ഹദ്ദാദ്‌ റാത്തീബ് എല്ലാ ദിവസവും പതിവാക്കാൻ ശ്രമിക്കണം. 

ദിക്റുകളുടെ കൂട്ടത്തിൽ സമയബന്ധിതവും അല്ലാത്തവയുമുണ്ട്. നിസ്കാരത്തിലും അതിന്റെ ഉടനെയും, ഹജ്ജിലും, ഉറങ്ങുന്നതിനു മുമ്പും ഉണർന്നതിനു ശേഷവും, ഭക്ഷണത്തിനു മുമ്പും ശേഷവും, വാഹനം കയറുമ്പോഴും, രാവിലെയും വൈകുന്നേരവും തുടങ്ങി സമയവുമായോ സ്ഥലവുമായോ ബന്ധപ്പെടുത്തി  വന്ന ദിക്റുകൾ  മുഖയ്യദാണ്. സമയവുമായോ സ്ഥലവുമായോ ബന്ധപ്പെടുത്താതെ വന്ന ദിക്റുകൾ മുത്വ് ലഖുമാണ്. മുത്വലഖായ ദിക്റുകൾ കൊണ്ടുവരാൻ പ്രത്യേക സമയം നിശ്ചയിക്കുന്നതിന് വിരോധമില്ല. ഇക്കാര്യം പ്രമാണബദ്ദമായി ബിദ്അത്ത് ചർച്ച ചെയ്യുന്നിടത്ത് വിശദീകരിച്ചിട്ടുണ്ട് 


ഇമാം നവവി(റ) പറയുന്നു:  

اعلم أنه ينبغي لمن بلغه شيء من فضائل الأعمال أن يعمل به ولو مرة واحدة ليكون من أهله، ولا ينبغي أن يتركه مطلقاً، بل يأتي بما تيسر منه، لقول النبي صلى الله عليه وسلم:(( إذا أمرتكم بأمر فأتوا منه ما استطعتم )) (الأذكار: ٨/١)

 "അറിയുക: കർമങ്ങളുടെ ശ്രേഷ്ടതകൾ വിവരിക്കുന്ന വല്ല വിവരവും ഒരാൾക്ക്‌ ലഭിച്ചാൽ അതിന്റെ വക്താക്കളിൽ ഉള്പ്പെടുന്നതിനു വേണ്ടി ഒരു പ്രാവശ്യമെങ്കിലും അതനുസരിച്ച് പ്രവർത്തിക്കൽ അത്യാവശ്യമാണ്. നിരുപാധികം അതുപേക്ഷിച്ചുകൂടാ. മറിച്ച് എളുപ്പമായത്‌ അതിൽ നിന്ന് കൊണ്ടുവരണം. ഇത് പറയാൻ കാരണം നബി(സ)യുടെ ഈ പ്രസ്താവനയാണ്: "നിങ്ങളോട് ഒരു കാര്യം ഞാൻ കൽപ്പിച്ചാൽ അതിൽ നിന്ന് സാധ്യമാകുന്നത് നിങ്ങൾ കൊണ്ടുവരിക". [അൽഅദ്കാർ:]