*നബിദിനാഘോഷം :*
*തെറ്റുദ്ധാരണകൾ അകറ്റുക*
✍️ aslamsaquafi payyoli
എല്ലാ കാര്യങ്ങളും നബി (സ) യും സ്വഹാബികളും ചെയ്യേണ്ടതുണ്ടോ ?
ഇസ്ലാമിലെ പ്രതിഫലം കിട്ടുന്ന കാര്യങ്ങളെല്ലാം നബി [സ] ചെയ്തു കാണിക്കൽ നിർബന്ധമാണ് എന്ന ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് നബിദിനാഘോഷത്തോടുള്ള വിയോജിപ്പ് ഉടലെടുക്കുന്നത്.
ഇസ്ലാമിലെ ആചാരങ്ങൾ രണ്ട് രൂപത്തിലുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.
*ഒന്ന് :* സമയം, സ്ഥലം, രൂപം, എണ്ണം പ്രത്യേകം നിശ്ചയിക്കപ്പെട്ടവ.
ഉദ: നിസ്കാരം,സക്കാത്ത്, റമളാൻ നോമ്പ്, ഹജ്ജ്, ഉംറ, ഖുതുബ .....
*രണ്ട് :* സ്ഥലം, രൂപം, സമയം, എണ്ണം എന്നിവ നിശ്ചയിക്കപ്പെടാത്തവ.
ഉദ: ദഅ് വത്, സ്വലാത്ത്, ദിക്ർ, ഖിറാഅത്, തഅ്ലീം, ഹുബ്ബുന്നബിയ്യ് ....
ഒന്നാമത്തെ ഇനത്തിൽ പെട്ട ഇബാദത്തുകൾക്ക് ശറഹ് നിശ്ചയിച്ച സമയം, രൂപം, എണ്ണം, സ്ഥലം തുടങ്ങിയവ പാലിക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം അത്തരം ഇബാദത്തുകൾ നിഷ്ഫലമാവുകയും ചെയ്യും.
റമദാൻ വിശുദ്ധ മാസമാണ്. പക്ഷെ, ആ മാസത്തിൽ ഹജ്ജ് ചെയ്യാൻ പാടില്ല. ഫർള് നിസ്കാരം ശാരീരിക ആരാധനകളിൽ മുന്തിയതാണ്, എന്നാലും ദിവസം 5 നേരമേ പാടളളു.
ഹാജിമാർ ദുൽഹിജ്ജ 9 ന് തന്നെ അറഫയിൽ സംഗമിക്കണം. 8 നൊ, 10 നൊ മതിയാവില്ല. ഖുതുബ രണ്ടെണ്ണം തന്നെ വേണം, രണ്ടിനിടയിൽ ഇരിക്കണം, അറബി ഭാഷയിലാവണം.
ഇത്തരം ഇബാദത്തുകളുടെ എണ്ണത്തിലോ, രൂപത്തിലോ, ശറഹ് കൽപ്പിച്ച എന്തെങ്കിലും കാര്യത്തിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവിടെ നാം ചോദിക്കണം;
ഇങ്ങനെ നബി(സ) ചെയ്തിട്ടുണ്ടോ ? സഹാബികൾ ചെയ്തിട്ടുണ്ടോ ? ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ടോ ?
നബി(സ) യുടെ മാതൃകയോ സ്വഹാബികളുടെ മാതൃകയോ ചോദിക്കേണ്ടത് ഇത്തരം (ഒന്നാം ഇനം)സന്ദർഭങ്ങളിലാണ്.
ഉദാ: ജുമുഅയുടെ ഖുതുബ. ഇതിന് പ്രത്യേകം ശർത്വുകളും ഫർളുകളുമുണ്ട്. സമയവും ദിവസവും പ്രധാനമാണ്. അവയിൽ ഒന്നും മാറ്റം വരുത്താൻ പാടില്ല. ഖുതുബ അറബിയിൽ ആവണം എന്നത് അതിൻെറ ശർത്താണ്.അപ്പോൾ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിച്ചാൽ അവിടെ ചോദിക്കണം സ്വഹാബികൾ ചെയ്തിട്ടുണ്ടോ ? നബി(സ) ചെയ്തിട്ടുണ്ടോ ? കാരണം നബി(സ)യും സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകാരും മുസ്‌ലിം ലോകം ഒന്നാകെ നിസ്കരിച്ചതും ഖുതുബ നിർവഹിച്ചതും അറബിയിൽ മാത്രമാണ്.
എന്നാൽ രണ്ടാം ഇനത്തിലേക്ക് ഈ ചോദ്യങ്ങൾ പ്രസക്തമാവുന്നില്ല. കാരണം അതിന് പ്രത്യേക രൂപം, സമയം, എണ്ണം ഒന്നും ശറഹ് നിശ്ചയിച്ചിട്ടില്ലന്നത് തന്നെ.
ഉദാ: പ്രവാചക സ്നേഹം.
ഇത് വ്യത്യസ്ത രൂപത്തിലും ശൈലിയിലും സ്വഹാബികളും ഇമാമീങ്ങളും ലോക മുസ്ലിംകളും പ്രകടിപ്പിച്ചു.
നബി(സ)യുടെ ജന്മദിനത്തിന് നബി(സ) മഹത്വം കൽപിച്ചു. തിങ്കളാഴ്ച നബി(സ) നോമ്പ് നോറ്റ് ജന്മദിനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ച് നമുക്ക് കാണിച്ചു തന്നു. നബി(സ) യാകുന്ന റഹ്മത് കൊണ്ട് സന്തോഷിക്കണം എന്ന് ഖുർആൻ നമ്മോട് നിർദ്ദേശിച്ചു. എന്നാൽ സ്നേഹ പ്രകടനത്തിന് സന്തോഷപ്രകടനത്തിന് പ്രത്യേക രൂപം, ദിവസം, ശൈലി, സമയം, പ്രത്യേക നിബന്ധനകൾ ഇതൊന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല.
അതിനാൽ ഏത് സമയത്തിലും രൂപത്തിലും ശൈലിയിലും നമുക്ക് പ്രവാചകരോടുള്ള സ്നേഹം പ്രകടിപ്പിക്കാം. നാം സ്വീകരിച്ച രൂപവും ശൈലിയുമൊക്കെ സഹാബികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതിന് അർത്ഥമില്ല. കാരണം സ്വഹാബികൾ തന്നെ വ്യത്യസ്ത രൂപത്തിലാണ് സ്നേഹം പ്രകടിപ്പിച്ചത്. ബിലാൽ(റ) മദീന വിട്ടു പോയതും ഉമർ(റ) മദീനയിൽ തന്നെ നിന്നതും നബിസ്നേഹത്തിന്റെ ഭാഗമാണ്. ഇമാം മാലിക്(റ) സ്നേഹത്തിന്റെ പേരിൽ മദീന വിട്ടു പുറത്ത് പോയില്ല , മദീനയിൽ ചെരുപ്പ് ധരിച്ചില്ല. എന്നാൽ ശിഷ്യനായ ഇമാം ശാഫിഈ(റ) ന്റെ സ്നേഹം പ്രകടനം അങ്ങനെയായിരുന്നില്ല.
ഇങ്ങനെ ചരിത്രം പരിശോധിക്കുമ്പോൾ സ്വഹാബികളും മുൻഗാമികളും വ്യത്യസ്ത രൂപത്തിലും ശൈലിയിലും പ്രകടിപ്പിച്ച പ്രവാചക സ്നേഹം ഇന്നും അവരുടെ മാർഗ്ഗം സ്വീകരിച്ചു വ്യത്യസ്ത രൂപത്തിലും ശൈലിയിലും നാം പ്രകടിപ്പിക്കുന്നു.
ഇമാം മാലിക്(റ) നോട് നിങ്ങൾ നബിസ്നേഹത്തിന്റെ ഭാഗമായി മദീനയിലൂടെ നഗ്നപാദകനായി നടന്നത് ബിദ്അത്തായിപ്പോയി. കാരണം അങ്ങനെ നബി(സ) കൽപ്പിച്ചിട്ടില്ലല്ലോ, സ്വഹാബികൾ അങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന് അക്കാലത്ത് ഒരാളും പറഞ്ഞിട്ടില്ല. അതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാവുന്നത് പ്രവാചക സ്നേഹം പ്രകടിപ്പിക്കാൻ വ്യത്യസ്ത ശൈലിയും സമയവും നമുക്ക് തെരഞ്ഞെടുക്കാം എന്നതുതന്നെ.
ചുരുക്കത്തിൽ,
തെങ്ങിനും കവുങ്ങിനും ഒരേ ' തള ' മതിയാകില്ല എന്നതുപോലെ നിസ്കാരത്തെ കുറിച്ചും നബിദിനാഘോഷത്തെ കുറിച്ചും ഒരേ ചോദ്യം ഫിറ്റാവുകയില്ല.