ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 26 September 2018

കോലാഹലമേട് സിയാറത്ത്

മധുരം കിനിയും ‘ശക്കര്‍കഞ്ചി’ യാത്ര

വലിയ മലകളും ഇടതൂര്‍ന്ന താഴ്‌വാരകളും യാത്രക്ക് ഹരം പകര്‍ന്നു. ഉച്ച സമയമാണെങ്കിലും തഴുകിയെത്തിയ കുളിര്‍ക്കാറ്റ് മനം കവര്‍ന്നു. മലയിടുക്കുകളിലെ ഉള്‍ക്കാടുകളില്‍ നിന്ന് കുരുവികളുടെയും ചീവീടുകളുടെയും കലപിലകളും അടുത്തെത്തി നില്‍ക്കുന്ന മഴയുടെ കാലൊച്ചയും കേള്‍ക്കാം. നാല് ദിക്കുകളിലേക്ക് കണ്ണോടിച്ചാലും അകലെയുള്ള താഴ്‌വാരകളെ ആവരണം ചെയ്ത് മഴക്കോള്‍. വശ്യമനോഹരമായ കാഴ്ച.



കൃത്യം നാലരക്ക് ഞങ്ങള്‍ വടക്കുംമുറിയിലെത്തി. മങ്ങാട്ടുകവല ബൈപ്പാസിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നു. സൈറണ്‍ മുഴക്കി ഒരാംബുലന്‍സും കടന്നു പോയി. റോഡരികിലെ പാടത്തിനടുത്ത് പള്ളിയും മഹാനായ കണ്ടത്തില്‍ ഉപ്പാപ്പ (ശൈഖ് അഹ്മദ് മുസ്‌ലിയാര്‍)യുടെ മഖ്ബറയും കാണാം. നാളുകള്‍ക്ക് മുമ്പ് തൊടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികളുടെ അത്താണിയായിരുന്നു കണ്ടത്തില്‍ ഉപ്പാപ്പ. മലബാര്‍ ഭാഗത്തുനിന്ന് വന്നതാണ്. തൊടുപുഴയിലെ ജനങ്ങള്‍ ഏറെ ഭവ്യതയോടെയാണ് സ്വീകരിച്ചത്.

ഇരുപത് കൊല്ലം മുമ്പ് തൊടുപുഴയിലെ പ്രശസ്തമായ പാരീസ് ഹോട്ടല്‍ ഉടമകളാണ് കണ്ടത്തില്‍ ഉപ്പാപ്പക്ക് വേണ്ടതെല്ലാം ചെയ്തത്. അവര്‍ ഏര്‍പ്പെടുത്തിയ വീട്ടിലായിരുന്നു സന്ദര്‍ശകര്‍ ഒഴുകിയെത്തിയത്. മരണത്തിന്റെ ഒരാഴ്ച മുമ്പ് അടുത്തുള്ള ഒരു കണ്ടത്തില്‍ ഖബര്‍ കുഴിച്ച് തന്റെ അന്ത്യവിശ്രമകേന്ദ്രം ഉറപ്പിച്ചിരുന്നു. പിന്നീടൊട്ടും നീണ്ടുനിന്നില്ല. ആയിരങ്ങളായിരുന്നു അന്നവിടെ ഒത്തുകൂടിയത്. ഇന്നും സന്ദര്‍ശകര്‍ക്കൊരു കുറവുമില്ല. ദിനേന നീറുന്ന നൂറു പ്രശ്‌നങ്ങളുമായി ജനങ്ങള്‍ അവിടെയെത്തുന്നു. ഞങ്ങള്‍ പള്ളിയിലെത്തി സുബ്ഹ് നിസ്‌കാരവും സിയാറത്തും കഴിഞ്ഞ് യാത്ര തുടര്‍ന്നു.
മലങ്കര ഡാം കടന്ന്
കോലാഹലമേട്ടിലേക്ക്
തൊടുപുഴയില്‍ നിന്നും ഇടുക്കി റോഡില്‍ ഏകദേശം നാല് കി. മീ പിന്നിടുമ്പോള്‍ ഇടതുവശത്ത് പള്ളിയും പുഴക്കപ്പുറത്ത് ഒരു മഖ്ബറയും കാണാം. പാലം കുറുകെ കടക്കുമ്പോള്‍ അല്‍പ്പം അടുത്തായി മലങ്കര ഡാം ദൃഷ്ടിയില്‍ പതിഞ്ഞു. അന്നത് തുറന്നു വിട്ടിരിക്കുകയായിരുന്നു. തുറന്നു വിടുന്ന വെള്ളം ഒരേ സ്വരത്തില്‍ പഴയ പാലത്തെ വന്നാഞ്ഞടിക്കുന്നു. അല്‍പ്പം തകര്‍ന്ന നിലയില്‍ അത് ഇളകിയാടുന്ന കാഴ്ച സുന്ദരമാണെങ്കിലും പൈതൃകം ഇവിടെ നഷ്ടപ്പെടുകയാണ്. മലങ്കര റബ്ബര്‍ എസ്റ്റേറ്റിലൂടെ ഒരു കി. മീ നടക്കണം സീതിക്കോയ തങ്ങളുടെ മസാറിലെത്താന്‍. മലങ്കര ദേശത്തെ ആത്മീയ നേതാവായിരുന്നു മഹാനവര്‍കള്‍. മരം വെട്ടുകാര്‍ അങ്ങിങ്ങായി സ്ഥാനം പിടിച്ചിരുന്നു. അര കി.മീ പിന്നിട്ടപ്പോള്‍ കടപുഴകിയ മരത്തിനടുത്ത് നിന്ന് ഞങ്ങള്‍ ദുആ ചെയ്തു. സമയമില്ലാത്തിനാല്‍ തങ്ങളുടെ സന്നിധിയിലെത്താന്‍ സാധിച്ചില്ല.

അടുത്ത കേന്ദ്രം കോലാഹലമേടാണ്. മലങ്കരയില്‍ നിന്ന് ഈരാറ്റുപേട്ട വഴി 55 കി.മീ ആണ് വാഗമണ്ണിലേക്ക്. അവിടെയാണ് കോലാഹലമേട് തങ്ങള്‍പ്പാറയുള്ളത്. മഹാനായ ശൈഖ് ഫരീദുദ്ദീന്‍ (റ). അതാണ് ഞങ്ങളുടെ ലക്ഷ്യസ്ഥലം. ഹൈറേഞ്ചിലൂടെയുള്ള യാത്ര കൂട്ടുകാരെ അവശതയിലാക്കി. തണുപ്പിന്റെ തലോടല്‍ കൊണ്ട് മരവിച്ച മനസ്സിനെ വഴിയില്‍ കണ്ടൊരു ചായക്കടയില്‍ കയറി ചൂടാക്കി. ഇപ്പോള്‍ ഈരാറ്റുപേട്ടയിലാണ്. അടുത്തുള്ള പുഴവക്കത്ത് നിന്ന് നോക്കിയാല്‍ കുറച്ചു ദൂരത്തായി ഒരു പാലം കാണാം. വാഗമണ്‍ റോഡാണത്.

വാഗമണ്ണിലേക്കുള്ള യാത്ര ഹൃദയഹാരിയായിരുന്നു. വലിയ മലകളും ഇടതൂര്‍ന്ന താഴ്‌വാരകളും യാത്രക്ക് ഹരം പകര്‍ന്നു. ഉച്ച സമയമാണെങ്കിലും തഴുകിയെത്തിയ കുളിര്‍ക്കാറ്റ് മനം കവര്‍ന്നു. മലയിടുക്കുകളിലെ ഉള്‍ക്കാടുകളില്‍ നിന്ന് കുരുവികളുടെയും ചീവീടുകളുടെയും കലപിലകളും അടുത്തെത്തി നില്‍ക്കുന്ന മഴയുടെ കാലൊച്ചയും കേള്‍ക്കാം. നാല് ദിക്കുകളിലേക്ക് കണ്ണോടിച്ചാലും അകലെയുള്ള താഴ്‌വാരകളെ ആവരണം ചെയ്ത് മഴക്കോള്‍. വശ്യമനോഹരമായ കാഴ്ച. നിബിഢ മലകളും നീലാകാശത്തിന്റെ നിര്‍മലതയും ആസ്വദിച്ച് ഞങ്ങള്‍ വാഗമണ്ണിലെത്തി. സുന്ദരമായ മലനിരകള്‍, മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, കുരിശുമല ആശ്രമം, സ്യൂയിസൈഡ് പോയിന്റ് ഇവയെല്ലാം വാഗമണ്ണിലെ സഞ്ചാരികളെ ത്രസിപ്പിക്കുന്ന കാഴ്ചകളാണ്. വേഗത്തില്‍ ഇടിമിന്നലേല്‍ക്കുന്ന സ്ഥലമാണ് മൊട്ടക്കുന്ന്. മുമ്പ് അപകടങ്ങളേറെ ഉണ്ടായിട്ടുണ്ട്. മഴയുടെ സമയത്തുള്ള സന്ദര്‍ശനമായതിനാല്‍ ഞങ്ങളേറെ ജാഗ്രത പാലിച്ചു. സഞ്ചാരപ്രിയരുടെ വിശിഷ്യാനുഭവം തന്നെയാണ് പൈന്‍വാലി. നിരനിരയായുള്ള പൈന്‍മരങ്ങളുടെ അതിമനോഹരമായ കാഴ്ച ആരെയും ആശ്ചര്യപ്പെടുത്തും. നല്ല ഏലക്കായയുടെ സ്വാദുള്ള ചായപ്പൊടി തുച്ഛമായ നിരക്കില്‍ അവിടെ സുലഭമാണ്.

ആകാശത്തേക്ക്
കയറിപ്പോകുന്ന തങ്ങള്‍പ്പാറ
ചിറകുകള്‍ വിടര്‍ത്തിയ പരുന്തിനെ പോലെ അകലെ ഒരു പാറ കണ്ടു. അവിടെയായിരിക്കും തങ്ങള്‍പ്പാറ- ഡ്രൈവര്‍ ഹക്കീംക്ക കണക്കുകൂട്ടി. വാഗമണ്ണിലെ അതിമനോഹരമായ മൊട്ടക്കുന്നുകളില്‍ കണ്ണോടിച്ചു. ഹക്കീംക്കയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ആരോരുമില്ലാത്ത ഈ മലമുകളിലേക്ക് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചെത്തിയ മഹാനുഭാവന്‍ വലിയ പരിത്യാഗി തന്നെ. കോലാഹലമേട്ടിലേക്കു കയറിയാല്‍ ഒരു നിസ്‌കാരപ്പള്ളിയുണ്ട്. അവിടെ നിന്ന്് അംഗസ്‌നാനം നടത്തി. തങ്ങള്‍പ്പാറയിലേക്കു പോകുന്നവരെ അകലേന്നു നോക്കിയാല്‍ ആകാശത്തേക്കു കയറിപ്പോകുന്നത് പോലെ തോന്നും. മലകളെ മഞ്ഞു മൂടുമ്പോഴാണ് ഈ പ്രതീതി അനുഭവപ്പെടുന്നത്. ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണിവിടം. രണ്ടുമൂന്ന് പാറക്കെട്ടുകള്‍ താണ്ടി വേണം തങ്ങള്‍പ്പാറയിലെത്താന്‍. അഫ്‌സല്‍ സഖാഫി കരിപ്പോളാണ് ഇവിടുത്തെ മഖാമും പരിസരവും പരിപാലിക്കുന്നത്. അദ്ദേഹം ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു.

രണ്ടാം ഖലീഫ സയ്യിദ് ഉമര്‍ ബ്‌നുല്‍ ഖത്താബി(റ)ന്റെ കുടുംബ പരമ്പരയില്‍ എ ഡി 1123 ല്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് ശൈഖ് ഫരീദുദ്ദീന്‍ ശക്കര്‍കഞ്ചി (റ) ജനിക്കുന്നത്. ചെറുപ്പം മുതലേ അല്ലാഹുവിന്റെ പ്രീതിയിലായിരുന്നു ജീവിതം. മാതാപിതാക്കളില്‍ നിന്ന് പ്രാഥമിക പഠനം നടത്തി. ശൈഖ് ഖുത്ബുദ്ദീന്‍ ബക്തിയാര്‍ കാക്കിദ്ദഹ്ലി(റ)ല്‍ നിന്ന് ഓതിപ്പഠിച്ചു.

ചെറുപ്രായത്തില്‍ ഉമ്മ നിസ്‌കരിക്കാന്‍ കല്‍പ്പിക്കുമ്പോള്‍ പൊന്നുമോന്‍ ചോദിക്കും. ഉമ്മാ, നിസ്‌കരിച്ചാല്‍ എന്താണ് കിട്ടുക? മധുരം കിട്ടും, ഉമ്മ പറയും. നിസ്‌കാരം തുടങ്ങിയാല്‍ മുസ്വല്ലക്കടിയില്‍ ഉമ്മ ശര്‍ക്കര പൊതിഞ്ഞുവെക്കും. നിസ്‌കാരം കഴിഞ്ഞാല്‍ പുറത്തെടുത്ത് ഭക്ഷിക്കും. ഉമ്മയുടെ മരണശേഷവും ഈ ചര്യ തുടര്‍ന്നു. മധുരത്തോടുള്ള ഈ പ്രിയമാണ് ശക്കര്‍കഞ്ചി അഥവാ മധുരപ്രിയന്‍ എന്ന സുന്ദരനാമത്തിന് നിദാനം. ഈ സ്മരണ മുന്‍നിര്‍ത്തി അവിടെയെത്തുന്ന സന്ദര്‍ശകരില്‍ നിന്നും അവലോസ് പൊടി ലഭിക്കും.

ഇവിടെ തങ്ങള്‍ ഇരുന്ന സ്ഥലമെന്നാണ് പറയപ്പെടുന്നത്. നാല്‍പ്പത് സ്ഥലങ്ങളില്‍ മഖാമുള്ളതായി അഭിപ്രായമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ (റ) മഖ്ബറ പള്ളിയാണ്. യഥാര്‍ഥ മഖ്ബറ എവിടെയെന്നതിന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തങ്ങള്‍പ്പാറയോട് ചേര്‍ന്ന് ഒരു അരുവി കാണാം. തങ്ങള്‍ വെള്ളം കുടിച്ചതാണെന്ന് പറയപ്പെടുന്നു. ഈ പാറ ദിനേന വലുതാകുന്നു. ‘ചെറുപ്പത്തില്‍ ഞാനിവിടെ വന്നപ്പോള്‍ എന്റെ വലുപ്പമേ പാറക്കുണ്ടായിരുന്നുള്ളൂ, ഇന്നതെത്രയോ വര്‍ധിച്ചിരിക്കുന്നു.’ ഒരു പ്രദേശവാസി പറഞ്ഞു. ഫരീദൗലിയയുടെ കാല്‍ പതിഞ്ഞൊരു കല്ല് ഇവിടെയുണ്ടായിരുന്നെന്നും പ്രദേശവാസികളില്‍പ്പെട്ട ഉല്‍പ്പതിഷ്ണുക്കള്‍ തകര്‍ത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എ ഡി 1243ലാണ് ഫരീദുദ്ദീന്‍ (റ) വാഗമണ്ണിലെത്തുന്നത്. കരിമ്പാറക്കെട്ടുകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടതായിരുന്നു അന്നിവിടം. കടുവകളുടെയും വിഷപ്പാമ്പുകളുടെയും സൈ്വര്യവിഹാരകേന്ദ്രമായി ആകെ കോലാഹലപ്പെട്ടു കിടക്കുന്ന അന്നത്തെ അന്തരീക്ഷമാണ് കോലാഹലമേട് എന്ന പേരിന് നിമിത്തം. യാസീനും യാ അക്‌റമയും ഓതി ഞങ്ങള്‍ ദുആ ചെയ്തു. യാ അക്‌റമയുടെ ഈരടികള്‍ എല്ലാവരെയും കോര്‍ത്തിണക്കി. വന്നവരെല്ലാം അതില്‍ പങ്കെടുത്തു. ബറകത്തിന്റെ വെള്ളം കുടിച്ച് മനസ്സിന്റെ ദാഹമകറ്റി. ഞങ്ങള്‍ തിരിച്ചു. പിന്നോട്ട്് നടക്കുന്തോറും അങ്ങോട്ടു വരുന്നവര്‍ ഏറെയാണ്. അല്ലാഹു ഒരാളെ സ്‌നേഹിച്ചാല്‍ അവന്റെ സാന്നിധ്യം കൊതിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കും എന്നതിന്റെ തെളിവാണ് തങ്ങള്‍പ്പാറയും മഖാമും.

കിണര്‍ വളവ് ചുറ്റി
ഇടുക്കിയിലേക്ക്
അടുത്തത് ഇടുക്കിയിലേക്കാണ്. വാഗമണ്ണില്‍ നിന്നും ഒരു ദുര്‍ഘട പാതയിലൂടെയാണ് മൂലമറ്റത്തെത്തിയത്. മൂന്നാര്‍, കാന്തല്ലൂര്‍, പീരുമേട്, രാജമല, തൊമ്മന്‍ കുത്ത്, രാമക്കല്‍ മേട്, മാട്ടുപ്പെട്ടി, മീനൂളി, ഇരവികുളം നാഷണല്‍ പാര്‍ക്ക്, കണ്ണന്‍ ദേവന്‍ ഹില്‍സ് തുടങ്ങിയവ വശ്യസൗന്ദര്യം വിളിച്ചോതുന്ന ഇടുക്കിയിലെ പ്രധാന കേന്ദ്രങ്ങളാണ്. സഞ്ചാരപ്രേമികളുടെ പറുദീസയാണിവിടം. കാടുകളും ഡാമുകളും കണ്ണഞ്ചിപ്പിക്കുന്ന മലമേടുകളും അതിനിടയിലൂടെയുള്ള നീരൊഴുക്കും പച്ചവിരിച്ച പരവതാനികളും ഇടുക്കിയുടെ ആകര്‍ഷണീയതയാണ്. നാടുകാണി ചുരംകയറി വേണം ഇടുക്കിയിലെത്താന്‍. 12 വളവുകളുണ്ട്. അഞ്ചാമത്തേതാണ് കിണര്‍വളവ്. ആ വളവിനു നടുവിലായി ഒരു കിണറുണ്ട്. പന്ത്രണ്ടാമത്തെ വളവ് കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ പവര്‍‌സ്റ്റേഷനായ മൂലമറ്റം പവര്‍ ഹൗസാണ്. ഇപ്പോള്‍ സമയം 5.30. അസ്തമയം അടുത്തുകൊണ്ടിരിക്കുന്നു. ഇടുക്കി ഡാം ലക്ഷ്യം വെച്ച് ഞങ്ങളുടെ വാഹനം മുന്നോട്ട് ഗമിക്കുകയാണ്. ഉള്‍ക്കാടുകളിലേക്ക് കയറും തോറും ചീവീടുകള്‍ മനസ്സിനെ അലോസരപ്പെടുത്തി. മരപ്പട്ടികളെയും കുരങ്ങന്മാരെയും കാണാം. കൊമ്പനെങ്ങാനും മുന്നില്‍ ചാടിയാലോ? മനസ്സില്‍ പല ആവര്‍ത്തി ആ രംഗം മിന്നിമറഞ്ഞു. പെട്ടെന്ന് ഒരു പാറ ഇളകുന്നതായി തോന്നി. പാതയോരത്ത് നിന്ന് യാത്രക്കാരെ വീക്ഷിക്കുന്ന ഒരു കുട്ടിക്കൊമ്പനായിരുന്നു അത്. അവന്‍ ശാന്തനാണ്. ഒടുവില്‍ ഞങ്ങള്‍ ഇടുക്കിയിലെത്തി. ഡാമിലേക്ക് പോകാനുള്ള വഴിയില്‍ ഒരു ശ്മശാനം കാണാം. ‘കൊലുമ്പന്‍ സമാധി’. കൊലുമ്പനെ മാറ്റി നിര്‍ത്തിയാല്‍ ഇടുക്കി ഡാമിന്റെ ചരിത്രം പൂര്‍ണമാകില്ല. ഡാമിന്റെ കവാടത്തില്‍ കൊലുമ്പന്റെ പ്രതിമയുണ്ട്. തോമസ് എല്‍ഡാറ്റി എന്ന എസ്‌റ്റേറ്റ് സൂപ്രന്റ് ഇടുക്കിയിലെ ഘോരവനത്തില്‍ നിന്ന് കൊലുമ്പനെ കണ്ടുമുട്ടിയത് മുതലാണ് ഇടുക്കി അണക്കെട്ടിന്റെ ചരിത്രം ആരംഭിക്കുന്നത്. കാട് നന്നായി പരിചയമുള്ള കൊലുമ്പന്‍ എല്‍ഡാറ്റിക് കാടിനെ പരിചയപ്പെടുത്തി. കുറുവന്‍, കുറുവത്തി മലയിടുക്കുകളെ കുറിച്ചും അവരുടെ പ്രണയകഥയും പറഞ്ഞു കൊടുത്തു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയതും ഏഷ്യയിലെ ഒന്നാമത്തേതുമാണ് ഇടുക്കി ആര്‍ച്ച് ഡാം. ഞങ്ങളൊരു ബുധനാഴ്ച ദിവസമായിരുന്നു ഇടുക്കിയിലെത്തിയത്. അവധി ദിവസങ്ങളില്‍ മാത്രമേ ഡാമിലേക്കുള്ള സന്ദര്‍ശനം അനുവദിക്കുകയുള്ളൂ എന്ന് അവിടെയെത്തിയതിന് ശേഷമാണ് അറിഞ്ഞത്. രാത്രി സമയങ്ങളില്‍ ഇടുക്കിയിലെത്തുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പ് വരുത്തുന്ന പി ഡബ്ല്യു ഡിയുടെയും കെ എസ് ഇ ബിയുടെയും റെസ്റ്റ് ഹൗസുകള്‍ ഉണ്ട്. യാത്രക്കാര്‍ക്ക് വളരെ ചുരുങ്ങിയ നിരക്കില്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളും ലഭ്യമാണ്.


ടി എസ് അബ്ദുല്‍ സലാം തൊടുപുഴ

Read more http://www.sirajlive.com/2018/09/24/335642.html