ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 25 September 2018

മക്കളെ വളർത്തൽ- അത് പേറ്-ഇത് കീറ് !

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ഭാര്യയോട് ഒന്നും രണ്ടും പറഞ്ഞ് തെറ്റി! ഞാന്‍ അസ്വര്‍ നിസ്‌കാരം കഴിഞ്ഞ് വന്നപ്പോള്‍ എന്തോ അത്യാവശ്യത്തിന് അവള്‍ അയല്‍പ്പക്കത്ത് പോയതായി വിവരം കിട്ടി. ഞങ്ങളുടെ ഈ ഭാഗത്ത,് സ്ത്രീകള്‍ സ്ത്രീകളാല്‍ സ്ത്രീകള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സായാഹ്ന ദൂഷണ സഭകള്‍ ഉള്ളതായി അറിവില്ല. ഏതായാലും, എനിക്കപ്പോള്‍ ഒരു ഐഡിയ തോന്നി. കുറച്ചുമുമ്പാണ് ഗുഡ്‌സ് ഓട്ടോ നിറച്ച് കൈവിറക് ഇറക്കിയത്. ആയരിത്തഞ്ഞൂറ് ഉറുപ്പികയുടെ വിറക് മുറ്റത്ത് കൂനയായി നില്‍ക്കുകയാണ്. ‘പറ്റിച്ചതാണ്, ആയിരത്തിന് പോയിട്ട് അഞ്ഞൂറിന് പോലുമില്ല’ എന്നാണ് പത്രത്തിന്റെ പൈസ പിരിക്കാന്‍ വന്ന കൂട്ടുകാരന്‍ എന്നോട് പറഞ്ഞത്. ഇതെന്തിനാണാവോ ആളുകള്‍ ആളുകളെ പറ്റിക്കുന്നത്? അതോ, ഇടപാട് നടത്താന്‍ അറിയാത്ത ഒരു കഞ്ഞിപ്പാവമാണ് ഞാന്‍ എന്നുവരുത്താന്‍ വെറുതെ തട്ടിയതാവുമോ?
ഞാന്‍ മക്കളെ വിളിച്ചു. ‘ഈ കാണുന്ന വിറക് നിങ്ങള്‍ മൂന്ന് പേരും കൂടി കൂടയിലേക്ക് കടത്തണം. ഉപ്പ അട്ടി വെക്കും. പൈസയുണ്ട്. ഓരോരുത്തര്‍ക്കും അഞ്ച് രൂപ വീതം. മഞ്ചുവാങ്ങാം, സഞ്ചയികയിലിടാം, ഉപ്പാക്കുതന്നെ തിരിച്ചുതരാം. ഇഷ്ടം പോലെ’.
അവര്‍ തകൃതിയില്‍ വിറകുമായി വന്നു. ചിലപ്പോള്‍ വീണു. കുഞ്ഞിക്കൈകളില്‍ വിറകിന്റെ കൂര്‍ത്ത അരിക് വാര്‍ന്നു. ഒരിക്കല്‍ കണ്ണില്‍ കുത്താന്‍ പോയി. ഞാനവ കലാപരമായി അട്ടിവെച്ച് തീരാറായതും അയല്‍പ്പക്കത്ത് പോയവള്‍ അതാ പ്രത്യക്ഷപ്പെടുന്നു.
എന്റെ ആഭിമുഖ്യത്തില്‍ ക്ലേശിച്ച ഒരു പണി ധൃതിയില്‍ ചെയ്ത് തീര്‍ത്തതിന്റെ പേരില്‍ ഞാനൊരു ബിഗ് ലൈക്ക് കൊതിച്ചിരിക്കുകയാണ്. പുറമെ കടുപ്പത്തിലൊരു ചായയും പുഴുങ്ങുമുട്ടച്ചീന്ത് ഗര്‍ഭിച്ച മസാലവടയും ആക്കിത്തരുമെന്ന പൂതിയുമുണ്ട്. പക്ഷെ വരവിന്റെ വ്യാകരണം ശരി പോരാ! മേഘാവൃതമാണ്, മുഖഭാവം!!

‘ഈ ചെറുതുകളെ എന്തിനാണിങ്ങനെ കഷ്ടപ്പെടുത്തുന്നത്. നോക്കിയാട്ടേ, കൈ വാര്‍ന്ന് ചോര പൊടിയുന്ന്… വീണിറ്റ് മുട്ട് പൊട്ടിയിറ്റാ….’
അപ്പോള്‍ മക്കളെക്കൊണ്ട് പണിയെടുപ്പിച്ചതിലാണ് അവള്‍ക്ക് പരാതി. പ്രത്യുത, ഞാന്‍ കഷ്ടപ്പെട്ടതിലല്ല. എന്നുവെച്ചാല്‍ മക്കളെ തടിയനങ്ങിയുള്ള ഒരു പണിയും എടുപ്പിക്കരുതെന്ന്. അവര്‍ക്ക് വേണ്ടതെല്ലാം നമ്മള്‍ ചെയ്ത് കൊടുക്കണമെന്ന്.
വാസ്തവത്തില്‍ ഞാനും ഈ ആശയക്കാരനായിരുന്നു. നമ്മുടെ മക്കള്‍ വിഷമിക്കുന്നതോ കഷ്ടപ്പെടുന്നതോ ആര്‍ക്കെങ്കിലും സഹിക്കാനാവുമോ? പക്ഷെ ഞാനീ ആശയത്തെ കുറിച്ച് പുനരാലോചന നടത്താനുള്ള ഒരുപാട് സന്ദര്‍ഭങ്ങള്‍ അടുത്തിടെ ഉണ്ടായി.
‘നാളെ പോകുമ്പം എനിക്ക് ബസ്സ് ഫീസ്, ശാസ്ത്ര മേളക്ക് നൂറുര്‍പ്യ. മൊത്തം എണ്ണൂറ്റമ്പതുര്‍പ്യ വേണം’ എന്ന് പറഞ്ഞു ബതൂല്‍. നീ ഇങ്ങനെ ഓരോ പൈസക്ക് ചോദിച്ചാല്‍ ഉപ്പാക്ക് എവിടുന്നാ ഇത്രേം പൈസ? ഞാന്‍ ചോദിച്ചു.
‘ഉപ്പാക്കെന്താ ഏടിയെമ്മീന്നെടുത്താ പോരേ?’ അവള്‍ ചോദിക്കുകയാണ്… യാ ഖുദാ….!!!
എന്ന് വെച്ചാല്‍ എന്താണപ്പറഞ്ഞതിനര്‍ഥം? കുടുംബം പുലര്‍ത്താന്‍ വേണ്ടി ഞാന്‍ പെടുന്ന പെടാപാടുകളൊന്നും വിലമതിക്കപ്പെടുന്നില്ല എന്നല്ലേ. ഈ മക്കള്‍ക്ക് തിന്നാനും കുടിക്കാനും ഉടുക്കാനും പഠിക്കാനും ആവശ്യമായ എല്ലാ ചെലവുകളും കാര്‍ഡ് തിരുകി വലിച്ചെടുക്കുന്നതാണെന്ന് ഇവര്‍ മനസ്സിലാക്കി വെച്ചാല്‍, ഇവര്‍ക്ക് നമ്മളോട് വല്ല കനിവുമുണ്ടാകുമോ? ഇതെന്തൊരു കാലമാണല്ലാഹ്..!! മറ്റൊരിക്കല്‍ ഹവ്വാബി വന്നിട്ട് പറഞ്ഞു, എനിക്കെന്തായാലും നാളെ പോകുമ്പോ കമ്പ്യൂട്ടറിന്റെ ഫീസ് വേണം, സഞ്ചയികയിലിടാന്‍ വേറെ പൈസ്യേം വേണം. മുന്നൂറുര്‍പ്യ. അവളുടെ ഉമ്മ വെളിച്ചെണ്ണയുടെ കാന്‍ വെച്ചുനീട്ടി അതില്‍ നിറയെ എണ്ണയുമായാണ് വൈകുന്നേരം വീടണയേണ്ടത് എന്ന് നിര്‍ദേശിച്ചത് അവള്‍ കേട്ടയുടനെയായിരുന്നു ഇത്. ഞാന്‍ ചോദിച്ചു: ഇതെവിട്ന്നാ ഹവ്വുമോളേ, ഉപ്പ ഇത്രക്കായിരം പൈസ ഉണ്ടാക്കുക?
ഉപ്പാക്ക് പ്രെട്ടറോള്‍ അടിച്ചാ കൊറേ പൈസ കിട്ടൂലേ?
എണ്ണപ്പമ്പില്‍ നിന്ന് ബാക്കി എണ്ണിത്തരുന്നത് പണസമ്പാദനമായിട്ടാണ് പെണ്ണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്. അതെന്താ ഒരു കഷ്ടപ്പാടുള്ള പണിയാണോ എന്ന മട്ടില്‍.
മാറിച്ചിന്തിക്കുന്നതിനിടയാക്കിയ ഒന്നുരണ്ട് കാര്യങ്ങള്‍ കൂടി പറയാം. ഒന്ന് കുറച്ചുകാലമായി ഞാന്‍ സൂക്ഷ്മമായ കോഴിനിരീക്ഷണം തുടങ്ങിയിട്ട്. ഏഴ് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. തീറ്റയും വെള്ളവും ഇട്ടുകൊടുക്കാന്‍ പോവുമ്പോള്‍ ആ തള്ളക്കോഴി ചിറകുള്ള ഒരു പുലിക്കുട്ടിയായി ചീറ്റിവരും. തീറ്റ തീര്‍ത്തും കൊത്തിനുറുക്കി മക്കള്‍ക്കിട്ടു കൊടുക്കും. പക്ഷെ മാസം കുറച്ച് കഴിഞ്ഞപ്പോള്‍ അതേ തള്ളയുണ്ട് അവറ്റകളെ കൊത്തിയാട്ടുന്നു. ഇതെന്തു കഥ? ഒരു മാസമായില്ല, ആ പീച്ചികള്‍ ഒന്നാന്തരം അച്ചിക്കോഴികളെ പോലെ തടിച്ച് കൊഴുത്ത് പാകമായി വരുന്നു!
രണ്ട്, തഫ്‌സീര്‍ ക്ലാസെടുക്കുമ്പോള്‍, ഇടക്കിടെ നബിമാരുടെ ചരിത്രം കയറിവരും. ഒട്ടുമിക്ക നബിമാരും കര്‍മജീവിതത്തില്‍ കഷ്ടപ്പാടിന്റെ ചൂളനാളുകള്‍ താണ്ടിയവരാണ്. ത്വാഹാ റസൂല്‍ മക്കയില്‍ ശത്രുതാഡനങ്ങളാല്‍ വേദനിക്കുന്ന വേളയിലാണ് ഇത്തരം പൂര്‍വകഥകള്‍ അവതരിക്കുന്നത്- സാന്ത്വനമരുളാന്‍ വേണ്ടി.

ഉന്നതലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി കഷ്ടപ്പെടുക എന്നത് മാത്രമല്ല, കഷ്ടപ്പെടാന്‍ വേണ്ടി തന്നെ കഷ്ടപ്പെടുക എന്നത് തന്നെ മഹത്തരമാണ്. മൂസാ നബി(അ)നെയും ഹാറൂന്‍ നബി (അ)നെയും അല്ലാഹു ഫറോവ വശം പ്രബോധനത്തിനയക്കുന്നേരം പറഞ്ഞത്: ആള്‍ അതിരു കടന്നിരിക്കുന്നു. നിങ്ങള്‍ പോയി സോഫ്റ്റായി ഉറുദി പറഞ്ഞ് കൊടുക്കുക. ആള്‍ ഉപദേശമുള്‍ക്കൊണ്ടേക്കാം. അല്ലെങ്കില്‍ ഭയഭക്തി പ്രാപിച്ചേക്കാം എന്നാണ്. വാസ്തവത്തില്‍ അല്ലാഹു ആണിത് പറയുന്നത്. അവനറിയാം ഫിര്‍ഔന്‍ ഈ ജന്മത്തില്‍ നന്നാകില്ലെന്ന്. എന്നിട്ടും ഈ കിങ്കരസമ്രാട്ടിന്റെ അടുത്തേക്ക്, നിഷ്‌കളങ്കരായ രണ്ട് ദൂതന്‍മാരെ അല്ലാഹു പറഞ്ഞുവിടുകയാണ്.
കഷ്ടപ്പെട്ട് ജീവിച്ചാലെ, ജീവിതത്തിന്റെ വിലയറിയൂ. മക്കള്‍ക്ക് അതിനുള്ള അവസരം നമ്മള്‍ ഉണ്ടാക്കിക്കൊടുക്കണം. ദ്രവ്യ ധൊലാക്കിയയെ പറ്റി നിങ്ങള്‍ വായിച്ചിട്ടില്ലേ. വജ്ര രാജാവാണ് അച്ഛന്‍. 71 രാജ്യങ്ങളിലായി പ്രതിവര്‍ഷം 6000 കോടി വിറ്റുവരവുള്ള, സവ്ജി ധൊലാക്കിയ. അമേരിക്കയില്‍ എം ബി എക്ക് പഠിക്കുന്ന ഇരുപത്തൊന്നുകാരനായ യുവകോമളനെ കേവലം 7000 രൂപയുടെ പോക്കറ്റ് മണി നല്‍കി ജോലി ചെയ്ത് അന്നം കണ്ടെത്താനായി അയക്കുകയാണ്, കൊച്ചിയിലേക്ക്. ഇവിടെയെത്തിയ ധൊലാക്കിയ ഒരു തൊഴില്‍ തേടി അലയാന്‍ തുടങ്ങി. നോക്കുമ്പോള്‍ ആര്‍ക്കും അവനെ വേണ്ട. അഞ്ച് ദിവസമായുള്ള അലച്ചിലില്‍ അറുപതിടങ്ങളില്‍ നിന്ന് നിരസിക്കപ്പെട്ടു. ഒടുക്കം ബേക്കറിയിലും കോള്‍ സെന്ററിലും മറ്റുമൊക്കെയായി അല്ലറ ചില്ലറ ജോലികള്‍ ചെയ്ത് ജീവിതത്തിന്റെ/ തൊഴിലിന്റെ/ പണത്തിന്റെ/ പട്ടിണിയുടെയൊക്കെ വില മനസ്സിലാക്കി- ഒരു സര്‍വകലാശാല കോഴ്‌സില്‍ നിന്നും കിട്ടാത്ത മഹാപാഠങ്ങള്‍.
അതെ, മക്കള്‍ക്ക് പച്ച ജീവിതത്തിന്റെ പരുപരുപ്പുകള്‍ അനുഭവിച്ച് പഠിക്കാനുള്ള അവസരം കൊടുക്കണം നമ്മള്‍. അതിലാളനയുടെ തൊട്ടിലില്‍ കിടത്തി ജീവിതകാലമത്രയും ആട്ടിക്കൊണ്ടിരുന്നാല്‍ അവര്‍ മന്ദരും കഴിവുകെട്ടവരും ഒണക്കന്മാരുമാവും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അറിയേണ്ടതും അനുഭവിക്കേണ്ടതും പകര്‍ത്തേണ്ടതും അങ്ങനെ ചെയ്‌തേ പറ്റൂ. ഇതു സംബന്ധിച്ച് ഒരു ഉമ്മാമയുടെ നിരീക്ഷണം പറയാം. രസകരം എന്നതിനപ്പുറം സാരമൂറിയ കഥയാണ്.
ഉമ്മാമ വഴിയോരത്തിരുന്ന് പശുവിന് പുല്ലരിയുകയാണ്. അന്നേരം രണ്ട് കുട്ടികള്‍ ആ വഴിക്ക് നടന്നുവരുന്നു. പെട്ടെന്ന് അവരുടെ കളിതമാശകള്‍ നിന്നു. മുഖങ്ങളില്‍ കരുവാളിപ്പ് പടര്‍ന്നു. നോക്കുമ്പോള്‍ ഒരു പേപ്പട്ടി നാക്കുനീട്ടി വരുന്നു. ക്ഷണനേരം, ഒരുവന്‍ തൊട്ടടുത്ത കശുമാവിന്‍ കൊമ്പിലേക്ക് വലിഞ്ഞുകയറി. മറ്റവന്‍ നിന്നിടത്ത് നിന്ന് ഉടുമുണ്ടില്‍ പാത്തിപ്പോയി!
രംഗം വീക്ഷിച്ച ഉമ്മാമ വിധി പ്രസ്താവിച്ചു.
‘അത് പേറ്.. ഇത് കീറ്… !!’

എന്തുമാത്രം അര്‍ഥഗര്‍ഭമാണാ വാക്കുകള്‍. ഗര്‍ഭാശയത്തില്‍ നിന്ന് സ്വയം തുഴഞ്ഞ് നീന്തി, തടസ്സങ്ങള്‍ കീറിമുറിച്ച് തന്റെ ലോകത്തേക്ക് കുതിക്കണം കുഞ്ഞ്. അതിന് വിടാതെ ഏതോ പണമോഹിനി കത്രിക വെച്ച് ചിള്ളിയെടുത്താല്‍, കുട്ടി മാത്രമല്ല അമ്മയും ശരിയാവില്ല. പേറ്റുനോവ് കടിച്ചിറക്കിക്കിട്ടിയ കുട്ടിയുടെ വിലകാണില്ല കീറുപേറിലെ കിളുന്തിന്.
കീറില്‍ തുടങ്ങുന്നു നമ്മുടെ ശരിയായ ശരികേട്. അമിത ലാളനയിലൂടെ വളര്‍ത്തി ഒരു പഞ്ഞി തലമുറയെ സൃഷ്ടിക്കുന്നതിലേക്ക് വികസിച്ചിരിക്കുകയാണ്. തടിയനങ്ങാതെ എല്ലാം വെറുതെ കിട്ടുന്നതും കാത്തിരിക്കുന്ന/ ജീവിതത്തിലെ കൊച്ചു ക്ലേശങ്ങള്‍ക്ക് മുന്നില്‍ പോലും പതറിപ്പോവുന്ന/ ആരോടും ഒരു കടപ്പാടുമില്ലാത്ത ഒരു തരം പ്ലാസ്റ്റിക്ക് ജനറേഷന്‍ നമുക്കു മുന്നില്‍ മുളച്ച് പൊന്തുന്നത് കാണുന്നില്ലെന്ന് നടിക്കരുത്.
ഓര്‍മ വേണം. മേലറിയാതെ കിട്ടുന്ന ദാനധനത്തിന് നാം വിലകല്‍പ്പിക്കില്ല. മകളെ കെട്ടിച്ച് കൊടുക്കാന്‍ എട്ട് കൊല്ലത്തെ എല്ലു നുറുങ്ങുന്ന പണിയാണ് ശുഐബ് നബി(അ) മൂസാ നബി(അ)ന് ഏല്‍പ്പിച്ച് കൊടുക്കുന്നത്. മിറാന്റയെ കെട്ടിച്ച് കൊടുക്കാന്‍ ഫെര്‍ഡിനാന്റ് എന്ന രാജകുമാരനെക്കൊണ്ട് വിറക് കെട്ടു ചുമപ്പിക്കുകയാണ് പ്രോസ്‌പെരോ രാജാവ്, ഷെയ്ക്‌സ്പിയര്‍ കഥയില്‍. വെറുതെ പിടിച്ചങ്ങ് കൊടുത്താല്‍ ഒരു വിലയുമുണ്ടാവില്ലെന്ന ഒരു പിതാവിന്റെ തിരിച്ചറിവാണത്.
ഇനി ആഴത്തിലാലോചിക്ക്. അല്ലാഹു ആദം നബി(അ)യെ സൃഷ്ടിച്ചത് സ്വര്‍ഗത്തിലല്ലേ. സ്വര്‍ഗീയ സുഖം ആസ്വദിച്ച് കഴിയുകയായിരുന്നില്ലേ നമ്മുടെ ഉപ്പാപ്പയും ഉമ്മാമ്മയും. അവരെ എന്തിനായിരിക്കണം കുന്നും മലയും, ചൂടും തണുപ്പും പാമ്പും തേളും വിശപ്പും ക്ഷീണവും.. എല്ലാമുള്ള ഈ ലോകത്തിലേക്ക് അയച്ചത്? നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം നാല് പുറത്തില്‍ കവിയുമാറ് എഴുതിയവതരിപ്പിച്ചാട്ടെ!
.

ഫൈസല്‍ അഹ്‌സനി ഉളിയില്‍
വഴി വിളക്കുകൾ
http://www.sirajlive.com/2018/09/24/335640.html