ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 28 January 2019

കേരളത്തിൽ ഇസ്ലാം പഠിപ്പിച്ച സഹാബികൾ അനറബീ ഭാഷയിലുള്ള ഖുതുബ പഠിപ്പിക്കാത്തതെന്തുകൊണ്ട്...?


കേരളത്തിൽ ഇസ്ലാം പഠിപ്പിച്ച 'സ്വഹാബികൾ', പുരോഗമന വാദികൾ എന്ന് ഊറ്റം കൊള്ളുന്നവർ നടത്തുന്ന അനറബീ ഭാഷയിലെ ഖുതുബ സമുദായത്തെ പഠിപ്പിച്ചില്ല. സ്വഹാബികൾക്കെന്തേ 'മതം' തിരിഞ്ഞില്ലേ...?
 കേരളത്തിൽ ഇസ്ലാം പഠിപ്പിച്ചത് വഹാബികളല്ല.... മുത്തു നബിയിൽ നിന്ന് മതം പഠിച്ചവരാണ്. അവർ കേരളത്തിൽ പന്ത്രണ്ടോളം പള്ളികൾ പണിതു. അതിലൊരൊറ്റപ്പള്ളിയിലും ഖുതുബ വഹാബി, ജമാഅത്ത് പള്ളികളിലേതുപോലെ- അറബിയല്ലാത്ത ഭാഷയിൽ നിർവഹിച്ചിട്ടില്ല. മതമുള്ളവരും മതമില്ലാത്തവരുമൊക്കെ  ഇസ്ലാമിലേക്ക് വന്നപ്പോൾ ,ആഴ്ചയിലൊരിക്കൽ ഒരുമിച്ചു കൂടൽ നിർബന്ധമായ ജമാഅത്ത് എന്ന് പുരുഷൻമാർക്ക് പഠിപ്പിക്കപ്പെട്ടത് ജുമുഅ നിസ്കാരമായിരുന്നു,വഹാബി- ജമാഅത്ത് പുത്തൻ വാദികളുന്നയിക്കുന്ന-''തിരിയണമെന്ന ന്യായം'' മതപരമായി ഏറ്റവും കൂടുതൽ ന്യായമാകേണ്ടിയിരുന്നത് അന്നത്തെക്കാലത്തെ   ജുമുഅയുടെ ഖുതുബകളിലായിരുന്നു. കാരണം, അന്ന് മതം പഠിക്കാൻ സൗകര്യങ്ങൾ കുറവായിരുന്നു.ഇന്നത്തേതു പോലുള്ള മദ്റസാ സംവിധാനം പേരിന് പോലുമുണ്ടായിരുന്നില്ല. ഖുതുബ തിരിയണമെന്ന ന്യായമുണ്ടായിരുന്നെങ്കിലാ  മഹത്തുക്കൾ തിരിയുന്ന ഭാഷയിൽ  നിർവഹിക്കുമായിരുന്നില്ലേ... അവർ എന്തുകൊണ്ട്  ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ഖുതുബ നിർവഹിക്കുകയോ നിർവഹിക്കാൻ സൗകര്യം ചെയ്യുകയോ ചെയ്തില്ല...? അങ്ങിനെ നിർവഹിക്കൽ ഇസ്ലാമികമല്ലാത്തതു കൊണ്ടല്ലേ...? അതോ, നബി പഠിപ്പിച്ചതവർ മനപൂർവം മറച്ചു വച്ചോ ...? ഇതിനാണ് മറുപടി കിട്ടേണ്ടത്. ഖുബൂരി ഖുറാഫി ജൂതൻ ശിയാ തുടങ്ങിയ പതിവ് കോമഡികളോ ,ഇമാമുമാരുടെ കിതാബിൽ നിന്ന് കട്ട് മുറിച്ചതോ  വെട്ടി ഒട്ടിച്ചതോ ഒന്നും മറുപടി ആകില്ല.... ഇതൊന്നും മറുപടി അല്ലെന്ന് മൗലവിമാർക്കറിയാഞ്ഞിട്ടല്ല... എങ്ങിനെ എങ്കിലും പിടിച്ച് നിൽക്കാനുള്ള ഓരോ ശ്രമങ്ങൾ മാത്രം... കഷ്ടം തന്നെ....
ആയത്തുകൾ വെച്ചും ഹദീസുകൾ വെച്ചും പ്രമാണങ്ങൾ നിരത്തിയും,പുറമെ ഇമാമീങ്ങളുടെ ഉദ്ധരണികൾ വെച്ചും കാലം കുറെ ആയി ഈ വിഷയത്തിൽ ചർച്ച നടക്കുന്നു.സുന്നികൾ ഉദ്ധരിക്കുന്നത് മുജാഹിദുകളോ മുജായിദുകൾ ഉദ്ധരിക്കുന്നത് സുന്നികളോ ഇതുവരെ അംഗീകരിക്കാൻ തയ്യാറുമല്ല.എന്നാൽ കേരളീയ മുസ്ലിം സമൂഹത്തിന് സത്യ സരണി പുൽകാൻ വഴി കാണിച്ചു തന്ന തിരുനബി[സ] തങ്ങളുടെ അനുചരന്മാർ കേരളത്തിൽ സ്ഥാപിച്ച പള്ളികളിലൊന്നിലും അന്നുമുതൽക്കിന്നു വരെ[ഈ അടുത്ത്  എവിടെയോ നടന്ന ചില മസിൽ പിടുത്തങ്ങളൊഴിവാക്കിയാൽ]അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്തിയതായി കാണുന്നില്ല.
മാലിക് ബിനു ദീനാർ[റ] അടങ്ങുന്ന സ്വാഹാബാക്കൾക്കെന്തേ തളങ്കരയിലെയും ,
കണ്ണൂരിലെയുമൊക്കെ ആളുകൾക്ക് തിരിയുന്ന ഭാഷയിൽ ഖുതുബ നിർവഹിച്ചാൽ...? എന്തേ മറ്റ് പ്രസംഗങ്ങളൊക്കെ  ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ നടത്തിയിട്ട് ജുമുഅ ഖുതുബ മാത്രം, ''അറബി അറിയാത്ത-പുതു മുസ്ലിംകൾക്ക് '' തിരിയാത്ത അറബിയിൽ തന്നെ നടത്തി...? തിരു നബിയിൽ നിന്ന് ദീൻ പഠിച്ച സഹാബികൾക്കെന്തേ മറ്റുള്ളവർക്ക് തിരിയുന്ന ഭാഷയിൽ ഖുതുബ നടത്തില്ലെന്ന വാശി...?
ഇന്ന് വരെ അവർ പണിത പള്ളികളിലൊന്നും ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നടത്തിയിട്ടില്ല.സ്വഹാബാക്കൾ മതം പഠിപ്പിച്ച കൂട്ടത്തിൽ ഇത്തരം വിഷയങ്ങൾ ഇവിടെ പഠിപ്പിച്ചുമില്ല. തിരിയണമെന്ന ന്യായം ഏറ്റവും യുക്തമായിരുന്നത് ആദ്യകാലത്തായിരുന്നല്ലോ .അന്നായിരുന്നല്ലോ പ്രായഭേദമന്യേ  മതം- തിരിയണ്ട രൂപത്തിൽ തിരിയേണ്ടിയിരുന്നത്.എന്നിട്ടുമെന്ത് കൊണ്ട് ജനങ്ങൾക്ക് തിരിയുന്ന    അനറബീ ഭാഷയിൽ ഖുതുബ നിർവഹിക്കപ്പെട്ടിട്ടില്ല...? അവർ വന്ന മാതൃ പള്ളിയിലൊന്നും തിരുനബി [സ]തങ്ങൾ  അത്തരം ന്യായങ്ങൾ മുൻനിർത്തി ഖുതുബ നടത്തുകയോ മറ്റ് നാടുകളിൽ ചെല്ലുമ്പോൾ നടത്തണമെന്ന് പഠിപ്പിക്കുകയോ ചെയ്തില്ല എന്നത് തന്നെ കാരണം...!
അല്ലെങ്കിൽ പറയണം -കേരളത്തിൽ വന്ന് ഇസ്ലാം പ്രചരിപ്പിച്ച്, പള്ളി കെട്ടി ആളെക്കൂട്ടി നിസ്കാരത്തിന് വിളിച്ച സ്വാഹാബാക്കൾ ഇസ്ലാം മനസ്സിലാക്കാത്തവരായിട്ടാണോ ഇവിടെത്തെ ,മഹിളാ മുല്ലപ്പൂ പള്ളി വിപ്ളവം നടത്തുന്ന നവോത്ഥാന മുറി മൗലവിമാർ കാണുന്നത് ...?
ചരിത്ര പരമായി പോലും അനറബീ ഖുതുബക്ക്  തെളിവില്ല എന്നത്, ഉൽപതിഷ്ണുക്കളുടെ നവോത്ഥാന നായകരുടെയും നേതാക്കളുടെയും  എഴുത്തുകളിൽ  നിന്ന് പോലും വളരെ വ്യക്തമാണ്.ആഗോള മുസ്ലിംകള്‍ ഏകകണ്ഠമായി അംഗീകരിച്ചതായിരുന്നു ഖുതുബ അറബിയിലായിരിക്കണമെന്നത്. ഇതിനെതിരെ ആദ്യമായി രംഗത്തുവന്നത് തുര്‍ക്കിയിലെ കമാല്‍പാഷ എന്ന ഭരണാധികാരിയാണ്. പരിഭാഷാവാദികളുടെ ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
“ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”[തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313].
കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുതുബ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ് രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ,ഖുതുബ പരിഭാഷാ വാദിയായ കെ.എം മൗലവി ഇക്കാര്യം കുറച്ചുകൂടി വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുതുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടുത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുതുബകള്‍ അതിന്റെ റുക്നുകള്‍, തവാബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുതുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” [അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ]
സ്വഹാബികളാൽ ഇസ്‌ലാം പ്രചരിക്കപ്പെട്ട കേരളത്തിൽ അറബി ഭാഷയിൽ തന്നെയായിരുന്നു ഖുതുബയും നിസ്കാരവും മറ്റു ആരാധനകളും നിർവഹിക്കപ്പെട്ടിരുന്നത്.പിൽക്കാലത്താണ് ഖുതുബയുടെ ഭാഷക്കൊരു മാറ്റം വന്നത്.കേരളത്തിന്റെ മാതൃഭാഷ മലയാളമാണെങ്കിലും ഖുതുബയുടെ ഭാഷാമാറ്റം കേരളത്തിൽ ആദ്യമായി ഉണ്ടായത് ഉർദു ഭാഷയിലൂടെയാണ്.പിന്നീടാണത് മലയാളത്തിലേക്ക് ചുവടുമാറ്റിയത്.
അതിന്  വേണ്ടി മൗലവിമാർ സാധുക്കളെ വെട്ടിലാക്കിയ കഥ, അനറബി ഖുതുബ നടത്താൻ പുതിയ പള്ളിയുണ്ടാക്കിയ കഥ[ പഴയ പള്ളിയിൽ നടക്കില്ല!കാരണം സഹാബികളിൽ നിന്ന് ദീൻ പഠിച്ചവരാണ് കേരളീയർ !] വഹാബി നേതാവ് ഉമർ മൗലവി ഓർമകളുടെ തീരത്ത് എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.അതിങ്ങനെയാണ് :
"ഏതാണ്ട് 125 വർഷങ്ങൾക്ക് മുമ്പ്  അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്താൻ നിർമ്മിക്കപ്പെട്ട പള്ളി,അതാണ് പുതിയ പള്ളി.പുതിയ പള്ളി എന്ന ഖ്യാതി നേടിയ ഈ പേര് നിർമ്മാതാവോ അദ്ദേഹത്തിന്റെ കുടുംബമോ നൽകിയതല്ല,നാട്ടുകാർ കൊടുത്തതാണ്.ഇതിന്റെ പിന്നിൽ രണ്ട് അഭ്യൂഹങ്ങളുണ്ട്.
ഒരു പള്ളി തൊട്ടടുത്തുള്ളപ്പോൾ പുതുതായി ഉണ്ടായ പള്ളിയെന്ന നിലയിൽ ആദ്യത്തേതിന് പഴയ പള്ളി എന്നും രണ്ടാമത്തേതിന് പുതിയ പള്ളിയെന്നും വിളിച്ചു പോന്നു. ഇതാണ് ഒരു വർത്തമാനം.മറ്റൊന്ന് ഇങ്ങനെയാണ്,പുതിയ മതക്കാരുടെ പള്ളി എന്ന നിലയിൽ പുതിയ പള്ളിയെന്ന് ജനങ്ങൾ പേരിട്ടപ്പോൾ പഴയ മതക്കാരുടേത് പഴയ പള്ളി എന്നും പറയപ്പെട്ടു....
രണ്ടാമത്തെ അഭ്യൂഹത്തിനും ചില അടിസ്ഥാനങ്ങളുണ്ട്.പള്ളി പണിതശേഷം ജുമുഅ തുടങ്ങി.ഹൈദരാബാദുകാരൻ മൗലവി ഉർദുവിൽ ഖുതുബ നടത്തി.ശ്രോതാക്കൾ അധികവും ഉർദു അറിയുന്ന കച്ചിമേൽക്കാരും ആലിയികളും ആയിരുന്നു.അവർ തന്നെ അബ്ദുല്ലഹാജി ആദംസേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്നവരും.
അമ്പതിൽ താഴെ ആളുകൾ,മലയാളികൾ കയറുകയില്ല.വഹാബി പള്ളിയിൽ പോയാൽ നമസ്കാരത്തിന് നാലോ അഞ്ചോ പേർ കാണും.
പള്ളിയിൽ നിസ്കാരത്തിന് സ്ഥിരമായി ആളെ ഉണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്.തൃഷ്ണാപള്ളിയിൽ നിന്നും നെയ്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ         അദ്ദേഹം കൊച്ചിയിൽ കൊണ്ടുവന്നു.പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീട് നൽകി  തങ്ങളുടെ നെയ്ത്ത് ജോലി ചെയ്യാൻ സേട്ടുവിന്റെ ചിലവിൽ നെയ്ത്തുപകരണമായ തറി കൊടുത്തു. വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം,എല്ലാ വഖ്തിനും പള്ളിയിൽ ജമാഅത്തിന് ഹാജറുണ്ടാവണം.
അങ്ങനെ സ്ഥിരമായി കുറച്ചുപേർക്ക് ജോലി ഉണ്ടായി.സേട്ട് വലിയ ധർമ്മിഷ്ഠനായിരുന്നു.പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ടികശാലയിൽനിന്നും ചീട്ടു കൊടുക്കുന്നേർപ്പാടുണ്ടായിരുന്നു.വൈകുന്നേരവും ധാരാളം പേർ വരും,ചായകാശിനായി. ഇതെല്ലാം പാണ്ടികശാലയിൽ നിന്നും മാറ്റി പള്ളിയിൽ നിന്നും നിസ്കാരശേഷം കൊടുക്കലാക്കി.അരി വാങ്ങാൻ വരുന്നസാധുക്കൾ ളുഹ്‌റിനും അസറിനും പള്ളിയിലേക്ക് വരാൻ തുടങ്ങി .അങ്ങനെ പള്ളി സജീവമായി....കുറേ കാലത്തെ ഉർദു ഖുതുബക്ക് ശേഷം പിന്നീടത് മലയാളത്തിലായി."
 [ഓർമകളുടെ തീരത്ത് കെ. ഉമർ മൗലവി പേജ്:236]
ഇസ്ലാമിന്റെ ബാലപാഠങ്ങൾ മുതൽ ഇവിടെ പഠിപ്പിച്ചവരാണ് സഹാബികൾ. ആളുകളെ നിസ്കരിക്കാൻ പഠിപ്പിച്ചതും മറ്റ് ഇസ്ലാമിക അറിവുകൾ പഠിപ്പിച്ചതും അവർ തന്നെയാണ്.നിസ്കാരവും മറ്ററിവുകളും പ്രാക്ടിക്കലായി പഠിപ്പിക്കാൻ പറ്റിയ ഏറ്റവും എളുപ്പ വഴി ,വിശ്വാസികൾ ജുമുഅ നിസ്കരിക്കാൻ ഒരുമിച്ച് കൂടുന്ന ജുമുഅ ദിവസം ഉപയോഗപ്പെടുത്തലാണ്.  പള്ളിയിലേക്ക് ആളുകളെ ക്ഷണിക്കലാണ്.പള്ളിയിൽ വച്ച് തന്നെ അവർക്ക് തിരിയുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞ്  കൊടുക്കലാണ്.പ്രസംഗം എന്ന് വഹാബികൾ പരിചയപ്പെടുത്തുന്ന ഖുതുബ എന്ന സംവിധാനമുള്ളപ്പോൾ മറ്റൊരു പ്രോഗ്രാം പോലും ചാർട്ട് ചെയ്യേണ്ടതില്ല.ഏവർക്കും തിരിയുന്ന മലയാളത്തിൽ ഖുതുബ നടത്തിയാൽ മതിയായിരുന്നു. പഠിക്കാനായി ഇന്നത്തേതു പോലെയുള്ള മദ്റസ ,CD... മറ്റ് സംവിധാനങ്ങളൊന്നും അന്ന് ലഭ്യമായിരുന്നില്ല എന്നത് പ്രത്യേകമോർക്കേണ്ടതുണ്ട്. വളരെ പരിമിതമായ എന്തൊക്കെയോ മാത്രം...!...മതത്തിന്റെ പേരിൽ വിശ്വാസികൾ ഒരുമിച്ച് കൂടുന്ന വെള്ളിയാഴ്ച തന്നെയാണല്ലോ പoനത്തിന്  കൂടുതൽ സൗകര്യം. ആളുകൾക്ക്  നിസ്കാരമുൾപ്പെടെ പ്രാക്ടിക്കലായി പഠിക്കുകയും ചെയ്യാം.എന്നിട്ടുമെന്തു കൊണ്ട് സഹാബികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തി ആളുകൾക്ക് തിരിയുന്ന ഭാഷയിൽ ഖുതുബ നടത്തിയില്ല...? ദീനിൽ ഇത്തരം കാര്യങ്ങൾക്കെന്തെങ്കിലും സാധ്യതകളുണ്ടെങ്കിലവരന്നത് ചെയ്യുമായിരുന്നില്ലേ...? ഒരുപാട് തലമുറകളിലൂടെ കൈമാറി വന്ന പ്രമാണങ്ങൾ കേട്ടറിഞ്ഞ നമ്മെക്കാളും- ആ പ്രമാണങ്ങൾ ആധികാരികമായും ആത്മീയമായും കണ്ടും അനുഭവിച്ചും അറിഞ്ഞ അവർ തന്നെയല്ലേ ഉത്തമ മാതൃക...? അതോ അവർക്കും മതം തിരിഞ്ഞില്ലേ...?. അവർക്കാർക്കും തിരിയാത്ത മതനിയമങ്ങൾ ,ആയിരത്തിലധികം വർഷങ്ങൾക്കിപ്പുറം ജീവിക്കുന്ന, തൗഹീദിന്റെ പേരിൽ തല്ല് കൂടി ഒമ്പതോളം ഗ്രൂപ്പുകളായി തെറ്റിപ്പിരിഞ്ഞ മുറി മൗലവിമാർക്ക് മാത്രം തിരിഞ്ഞെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻമാരായി സമുദായം മാറണോ...?
ഇനി ഇതിനെ ഖണ്ഡിക്കാൻ ഹദീസും ഉദ്ധരിണികളൊന്നും കൊണ്ട് വരണമെന്നില്ല...ഒറ്റവാക്കിൽ ചോദ്യം- ഉത്തരവും ഒറ്റ വാക്കിലാകട്ടെ...കേരളത്തിൽ പള്ളികൾ നിർമിച്ച് പുരുഷൻമാരെ നിസ്കരിക്കാൻ പള്ളിയിലേക്ക് ക്ഷണിച്ചപ്പോൾ,ഖുതുബ ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ നടത്താൻ കൂട്ടാക്കാതെ ,അറബിയിൽ തന്നെ നിർവഹിച്ച  സ്വഹാബാക്കൾ,ഇസ്ലാം തിരിയാത്തവരോ ?അതോ തിരിഞ്ഞവരോ ?
 ✍ഖുദ്സി
28-1-2019