ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 15 January 2019

തിരുനബിക്കൊപ്പം മറ്റാരാണുള്ളത് ❓


തിരുനബി(സ) പ്രമേയമായ പല പഠനങ്ങളും ചരിത്രങ്ങളും വായനയില്‍ വന്നിട്ടുണ്ട്. തിരുനബിയുടെ നിയോഗത്തെയും അവിടുത്തെ സ്വഭാവ ഗുണങ്ങളെയും കാരുണ്യത്തെയും തുടങ്ങി വിവിധങ്ങളായ ഉള്ളടക്കമുള്ള വ്യത്യസ്ത ഭാഷയിലുള്ള, വ്യത്യസ്ത മേഖലയിലുള്ളവര്‍ രചിച്ച ഈ ഗ്രന്ഥങ്ങള്‍ ഒക്കെയും ഒട്ടേറെ അറിവുകളും അനുഭൂതിയും പകര്‍ന്നിട്ടുണ്ട്. ചില ഗ്രന്ഥങ്ങള്‍ റഫറന്‍സ് ഗ്രന്ഥമെന്നോണം എപ്പോഴും കൂടെ കരുതാറുണ്ട്. മതപണ്ഡിതരും അല്ലാത്തവരുമായി രചിച്ച നബി ചരിതങ്ങളില്‍, പഠനങ്ങളില്‍ പലതും പല കാരണങ്ങള്‍ കൊണ്ട് പ്രിയപ്പെട്ടതാവുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടൊക്കെയോ മനസില്‍ എപ്പോഴും തങ്ങി നില്‍ക്കുന്ന തിരുനബി പഠനങ്ങളുടെ കൂട്ടത്തില്‍ വേറിട്ട സ്വഭാവം പുലര്‍ത്തുന്നതും ആകാംക്ഷയോടെ വായിച്ചു തീര്‍ത്തതുമായ ഒരു ചെറിയ കൃതിയാണ് കര്‍ണാടകക്കാരനും മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവണ്‍മെന്റ് വിമണ്‍സ് കോളജിലെ ഫിലോസഫി വിഭാഗം തലവനുമായിരുന്ന പ്രൊഫസര്‍ കെ.എസ് രാമകൃഷ്ണ റാവു രചിച്ച ‘Muhammed, The Prophet of Islam’ എന്ന പുസ്തകം.

തിരുനബി(സ) പഠനങ്ങളില്‍ പലതും പല വാല്യങ്ങള്‍ ഉള്ളവയും ഒട്ടേറെ കനപ്പെട്ട അറിവുകള്‍ പങ്കുവെക്കുന്നവയും ആയിരിക്കുമ്പോള്‍ തന്നെ അവക്കിടയില്‍ നിന്ന് ഈ ചെറുകൃതി വേഗം ഓര്‍മയിലെത്തുന്നത് ചില പ്രത്യേക കാരണങ്ങളാലാണ്. അതിലൊന്ന്, കെ.എസ് രാമകൃഷ്ണ റാവു ഒരു ഉറച്ച ഹിന്ദുവിശ്വാസിയാണ്. രണ്ടാമതായി, അദ്ദേഹം ഫിലോസഫിയില്‍ വളരെയധികം അവഗാഹം നേടിയ ആളാണ്.

”ഒരു മതത്തെ പറ്റി ആ മതത്തില്‍ പെടാത്ത ആള്‍ എഴുതുമ്പോള്‍ പലരീതിയിലുള്ള പ്രയാസങ്ങളും അനുഭവപ്പെടും. അതേസമയം ഇസ്‌ലാമിന്റെ പ്രവാചകനെ സംബന്ധിച്ച് മറ്റൊരു മതക്കാരന് എഴുതാന്‍ യാതൊരു പ്രയാസവുമില്ല. കാരണം ഇസ്‌ലാം എന്താണെന്ന് ആ പ്രവാചകന്റെയും പ്രവാചകനെ പിന്തുടരുന്ന ആളുകളുടെയും ജീവിതത്തില്‍ നിന്നാണ് മനസിലാവുക. അല്ലാതെ കേവലം തിയറികളില്‍ നിന്നോ ആധ്യാത്മികമായ ചില തത്വശാസ്ത്രങ്ങളില്‍ നിന്നോ അല്ല. മുഹമ്മദ് നബിയെ കുറിച്ച് മനസിലാക്കാനും പഠിക്കാനും മുസ്‌ലിംകളുടെ ജീവിതം വിലയിരുത്തിയാല്‍ മതിയാകും എന്ന കാരണത്താലാണ് പൊതുവേ പ്രയാസമുള്ള ഈ വിഷയം തിരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്” എന്ന് പ്രൊഫ. റാവു ഈ പുസ്തകത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. ഇക്കാരണങ്ങളാലൊക്കെയാണ് ഈ കൃതി എന്നെ ആകര്‍ഷിച്ചത്.

യഥാര്‍ത്ഥ ഹിന്ദു ഭക്തനായ യോഗയിലും ഫിലോസഫിയിലും അവഗാഹമുള്ള ഒരാള്‍ മുഹമ്മദ് നബിയെ(സ) കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ആ വ്യക്തിത്വം മനസിലാക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് സ്വീകരിച്ചത് എന്നറിയാനുള്ള ആഗ്രഹമാണ് ഈ ചെറിയ പുസ്തകം വായിക്കുന്നതിലേക്ക് വഴിതെളിയിച്ചത്. ഏഴു അധ്യായങ്ങളിലായി വളരെ ബൃഹത്തായ പല വിഷയങ്ങളിലേക്കും വിരല്‍ചൂണ്ടുന്ന ഒരു പുസ്തകമാണിത്.

ആദ്യ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത് പ്രവാചകരെ(സ) സംബന്ധിച്ച് പഠിക്കാനാഗ്രഹിക്കുന്ന ഒരാളുടെ ബോധ്യം എന്താവണം എന്നതിനെ കുറിച്ചാണ്. ആദ്യമായി തിരുനബിയെ(സ) പഠിക്കാനൊരുങ്ങുന്ന ഒരാള്‍ താന്‍ പഠിക്കാന്‍ പോവുന്ന വ്യക്തിത്വത്തെ കുറിച്ച് തന്റെ കാഴ്ചപ്പാട് രൂപീകരിക്കണം. തദടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നു. ‘He is to me the greatest mind among all the sons of Arabia’ അറബികളുടെ കൂട്ടത്തില്‍ ഇങ്ങനെയൊരു ഉന്നത വ്യക്തിത്വത്തെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്. ഒരേ വായു ശ്വസിക്കുന്നവരാണ് നാം, ഒരു മണ്ണില്‍ വളര്‍ന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ കഴിക്കുന്നവരാണ് നാം, ഒരേ സ്രോതസില്‍ നിന്ന് വരുന്ന വെള്ളം കുടിക്കുന്നവരാണ് നാം, അങ്ങനെയൊക്കെ ഉള്ള നാം മതത്തിന്റെ പേരില്‍ പരസ്പരം അകലുകയല്ല, അടുത്തറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെ അടുത്തറിയാന്‍ ശ്രമിച്ചാലുള്ള ഗുണം ഏതെങ്കിലും ഒരു മതത്തിന് മാത്രമല്ല; എല്ലാ മതക്കാര്‍ക്കും പ്രപഞ്ചത്തിന് മുഴുവനും ഗുണം ലഭിക്കും എന്നതാണ്. പൊതുഘടകങ്ങള്‍ അടങ്ങിയിട്ടുള്ളവര്‍ പരസ്പരം മനസിലാക്കാനും അറിയാനും ശ്രമിച്ചാല്‍ ലോകത്ത് മുഴുവന്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്ന ഗ്രന്ഥകാരന്റെ കാഴ്ചപ്പാട് വളരെ ആകര്‍ഷകണീയമായി തോന്നിയിട്ടുണ്ട്.

സര്‍ വില്യംമൂര്‍ എന്ന ഓറിയന്റലിസ്റ്റ് എഴുത്തുകാരന്‍ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞ കാര്യം ഈ ഗ്രന്ഥം അടിവരയിടുന്നുണ്ട്. ‘There is probably in the world no other book which has remained twelve centuries with so pure a text’ മുഹമ്മദ് നബി(സ) കൊണ്ടുവന്ന ഈ ഒരു പുസ്തകത്തിന് മാത്രമാണ് മനുഷ്യരുടെ കൈകടത്തലുകള്‍ക്കോ തിരുത്തലുകള്‍ക്കോ വിധേയമാവാതെ മനുഷ്യ സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ കഴിഞ്ഞത് എന്ന വസ്തുതയും മുഹമ്മദ് നബിയെ(സ) കുറിച്ച് പഠിക്കാന്‍ ഗ്രന്ഥകാരന്‍ കെ.എസ് രാമകൃഷ്ണ റാവുവിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതുപോലെ അന്തോണി ആഷ്‌ലി ഭവന്‍ എന്ന് ഇംഗ്ലീഷ് എഴുത്തുകാരന്റെ ഒരു വാചകവും പ്രവാചകനെ കുറിച്ച് പഠിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് മിഡീവല്‍ ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. ഭവന്‍ എഴുതുന്നത് ഇങ്ങനെയാണ്: ‘Those account of Muhammed and Islam which were published in Europe before the beginning of 19th century are now to be regarded as literary curiosities’ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും പരിചയപ്പെടുത്താന്‍ വേണ്ടി പലരും ഉപയോഗിച്ച പദപ്രയോഗങ്ങളും ശൈലികളും എല്ലാം കേവലം സാഹിത്യപരമായ ജിജ്ഞാസയായേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം ആരോപണങ്ങള്‍ എല്ലാം അല്‍പായുസ്സ് മാത്രമുള്ളതാണ്. ഇനിവരുന്ന ഒരു തലമുറ മുഹമ്മദ് നബിയെയോ ഇസ്‌ലാമിനെയോ കുറിച്ച് ഒരിക്കലും നെഗറ്റീവ് ആയി മനസിലാക്കാന്‍ ശ്രമിക്കുന്നവരാവില്ല എന്ന ഗ്രന്ഥകാരന്റെ തിരിച്ചറിവില്‍ നിന്നാണ് മുഹമ്മദ് നബിയെ കുറിച്ച് പഠിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുന്നത്.

ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമാണെന്നായിരുന്നു മുമ്പ് ഇസ്‌ലാമിനെതിരില്‍ പ്രചരിച്ചിരുന്ന പ്രധാന ആരോപണം. ഗിബ്ബണ്‍ അടക്കമുള്ളവര്‍ അത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി വരാന്‍ പോവുന്ന കാലത്ത് ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ചതാണ് എന്ന വാദത്തിന് ഒരു നിലനില്‍പുമില്ല എന്നദ്ദേഹം കൃത്യമായി മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് മുഹമ്മദ് നബിയെ(സ) കുറിച്ച് പഠിക്കാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ നെഗറ്റീവ് ആയ കാര്യങ്ങള്‍ അന്വേഷിച്ചല്ല, പോസിറ്റീവായ കാര്യങ്ങള്‍ അന്വേഷിച്ചാവണം പഠനം നടത്തേണ്ടത്. ‘ഞാനൊരു ഉറച്ച ഹിന്ദു ആണെന്നും സംസ്‌കാരങ്ങള്‍ക്കും നാഗരികതകള്‍ക്കും ഇടയിലുള്ള അകലം കുറച്ചുകൊണ്ടുവരാനുള്ള ആഗ്രഹമാണ് ഈ ചെറിയ ഗ്രന്ഥമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്’ എന്നും ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. ഈ ആമുഖം വായിച്ചപ്പോഴാണ് ചെറുതെങ്കിലും ഈ കൃതി കനപ്പെട്ടതാവുമെന്ന് എനിക്ക് തോന്നുന്നതും മുഴുവനായി വായിക്കുന്നതും. വളരെ നിഷ്‌കളങ്കമായാണ് ഈ ഗ്രന്ഥത്തില്‍ പ്രവാചകരെ കുറിച്ചുള്ള കാര്യങ്ങള്‍ ഇദ്ദേഹം അവതരിപ്പിക്കുന്നത്. അമുസ്‌ലിമായത് കൊണ്ട് ചിലപ്പോള്‍ ഇസ്‌ലാം മതത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള ചില ചെറിയ പോരായ്മകള്‍ മാത്രമേ നമുക്കിതില്‍ കാണാനാവൂ.

മുഹമ്മദ് നബിയെ(സ) കുറിച്ച് പഠിക്കാറുള്ള മാനദണ്ഡങ്ങളാണ് രണ്ടാം അധ്യായത്തില്‍ വിശദീകരിക്കുന്നത്. ഇസ്‌ലാമിലെ ചില ആശയങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടത്രെ. അതിലൊന്ന് പ്രകോപിതനാവുന്ന സമയത്ത് സംയമനം പാലിക്കാനും ദേഷ്യം ഒതുക്കി അമര്‍ത്താനും മുഹമ്മദ് നബി പഠിപ്പിച്ചു എന്നതാണ്. പ്രകോപിതരാവേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ പ്രകോപിതരാവാത്തവര്‍ വളരെ കുറവായിരിക്കും. ഏറ്റവും കൂടുതല്‍ ക്ഷമ ആവശ്യമുള്ളത് ആദ്യത്തെ ഷോക്കിന്റെ സമയത്താണ് എന്നര്‍ത്ഥം വരുന്ന ഒരു വചനമുണ്ടല്ലോ. ആദ്യ ഷോക്കിന്റെ സമയത്ത് നിയന്ത്രണം വിട്ട് മിക്കപേരും പ്രതികരിച്ചു പോവും.

പ്രകോപനത്തെ നിയന്ത്രിക്കാന്‍ മരുഭൂമിയിലെ പ്രയാസകരമായ സാഹചര്യത്തില്‍ മല്ലിട്ടു കഴിയുന്ന ഒരു സമൂഹത്തെ പഠിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അവരുടെ പ്രകൃതി പെട്ടെന്ന് എടുത്തുചാടാന്‍ മുതിരും. അങ്ങനെയൊരു സമൂഹത്തെ ക്ഷമ പഠിപ്പിച്ചുവെങ്കില്‍ അത് ഇസ്‌ലാമിന് മാത്രം സാധിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറയുന്നു.
ഇസ്‌ലാമിലെ യുദ്ധങ്ങളെ ആത്മരക്ഷാര്‍ത്ഥമുള്ള ചെറുത്തുനില്‍പുകളായാണ് ഗ്രന്ഥകാരന്‍ കാണുന്നത്. Self defence, Private defence എന്നിവയൊക്കെ ലോകത്തെ എല്ലാ നിയമസംഹിതകളും അംഗീകരിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ പീനല്‍ കോഡ് 302 പ്രകാരം വധശിക്ഷ കിട്ടാന്‍ പോവുന്ന കൊല വേറെയും കുറ്റകരമായ നരഹത്യ വേറെയുമാണ്.

പ്രവാചകര്‍(സ) യുദ്ധം ചെയ്തിട്ടില്ലെന്ന് ആരും പറയില്ല. പക്ഷേ ആ യുദ്ധങ്ങള്‍ മുഴുവനും സ്വയം പ്രതിരോധത്തിനു വേണ്ടിയായിരുന്നു എന്ന് മുഹമ്മദ് നബിയെ(സ) കുറിച്ച് വസ്തുതാപരമായി അന്വേഷണം നടത്തുന്ന ആര്‍ക്കും ബോധ്യപ്പെടുമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.
യുദ്ധക്കളം മനുഷ്യത്വപരമാക്കി എന്നതാണ് പ്രവാചകരില്‍ ഗ്രന്ഥകര്‍ത്താവ് കാണുന്ന മറ്റൊരു ഗുണവിശേഷം. ഒന്നാം ഗള്‍ഫ് യുദ്ധം തുടങ്ങിയപ്പോള്‍ അമേരിക്ക ബഗ്ദാദില്‍ 18,500 ടണ്‍ ബോംബാണ് വിതച്ചത്. ഉറങ്ങിക്കിടക്കുന്ന ആളുകളുടെ മേല്‍ വിവേചനമില്ലാതെ ബോംബെറിയുമ്പോള്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം പേരും നിരപരാധികളാവും, സ്ത്രീകളും കുട്ടികളും ആയിരിക്കും. വൃദ്ധരും നിരായുധരും സാധാരണ സിവിലിയന്മാരും ആയിരിക്കുമവര്‍. എന്നാല്‍ ഒരു യുദ്ധക്കളത്തില്‍ സ്വീകരിക്കേണ്ട അച്ചടക്ക നടപടികള്‍ എന്തെല്ലാമാണെന്ന് ലോകത്താദ്യം പഠിപ്പിച്ചത് മുഹമ്മദ് നബിയാണ്(സ). കുട്ടികളെയോ സ്ത്രീകളെയോ വൃദ്ധരെയോ നിരായുധരെയോ ഒരിക്കലും അക്രമിക്കരുത് എന്നും പ്രകോപനമില്ലാതെ യുദ്ധത്തിന് മുതിരരുത് എന്നും പ്രവാചകര്‍(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. ‘അവര്‍ ഇങ്ങോട്ട് തുടങ്ങിയതിനാലാണ് ആത്മരക്ഷാര്‍ത്ഥം നമ്മള്‍ ആയുധമെടുക്കേണ്ടി വന്നത്’ എന്ന് പറയാറുണ്ടല്ലോ. ‘മര്‍ദിതരായ ആളുകള്‍ക്കാണ് ആയുധമെടുക്കാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നത്’ എന്ന ഖുര്‍ആനിക വചനമുണ്ട്. യുദ്ധം അനുവദിച്ച് കൊണ്ടുള്ള പ്രഖ്യാപനത്തില്‍ പോലും ‘ജൂതരുടെയും ക്രിസ്ത്യാനികളുടെയും മറ്റും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്’ എന്ന് പറയുന്നുണ്ട്. ആത്മരക്ഷക്ക് അനുമതിയില്ലെങ്കില്‍ സമാധാന പ്രേമികള്‍ക്ക് ഇവിടെ ജീവിക്കാനാവില്ല എന്നതിനാലാണ് അത്യാവശ്യ ഇടങ്ങളില്‍ ആയുധമേന്താനും യുദ്ധം ചെയ്യാനും അനുമതി നല്‍കുന്നത് എന്ന് എടുത്തുപറഞ്ഞാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത്. തന്നെ അക്രമിച്ച, തന്റെ അനുയായികളെ കൊന്നൊടുക്കിയ, തന്നെ നാട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് പലായനം ചെയ്യിപ്പിച്ച ആളുകള്‍ എല്ലാം തന്റെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ പോലും പ്രതികാരം ചെയ്യാന്‍ പ്രവാചകന്‍ മുതിര്‍ന്നിട്ടില്ല. ഇങ്ങനെയൊരാള്‍ പ്രവാചകനല്ലാതെ ലോകത്ത് വേറൊരാളുണ്ടായിട്ടില്ല.

കൊടിയ ശത്രുക്കള്‍ക്ക് പോലും പ്രവാചകന്‍ മാപ്പുനല്‍കി. സ്വന്തം പിതൃവ്യനായ ഹംസയുടെ കരള്‍ കടിച്ചുതുപ്പിയ ആളുകളോട് പ്രവാചകര്‍ ക്ഷമിച്ചു. എല്ലാ മതങ്ങളും സ്‌നേഹത്തെയും സാഹോദര്യത്തെയും കുറിച്ച് തത്വങ്ങള്‍ പറയുന്നു എന്നല്ലാതെ അത് നടപ്പില്‍ വരുത്താറില്ല. എന്നാല്‍ പ്രവാചകര്‍ അത് ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു.
രാജാവും സാധാരണക്കാരനും ദൈവത്തിന്റെ മുന്നില്‍ സമമാണെന്ന വസ്തുത തന്നെ അത്ഭുതപ്പെടുത്തിയെന്ന് രാമകൃഷ്ണ റാവു പറയുന്നുണ്ട്. ‘It was the first relegion that preached and practised democracy’ ജനാധിപത്യം പ്രചരിപ്പിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്ത ലോകത്തെ ആദ്യമതം ഇസ്‌ലാമാണെന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി സരോജിനി നായിഡുവിന്റെ വാക്കുകള്‍ ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. കഅ്ബയുടെ മുകളില്‍ കയറി ബാങ്കുവിളിക്കാന്‍ ഉത്തരവാദിത്വം ആദ്യം ഏല്‍പിച്ചത് ബിലാലിനെയാണ്(റ). ആഫ്രിക്കന്‍ കാപ്പിരിയായ ബിലാലിനെയും(റ) പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസിയെയും(റ) തോളോട് തോള്‍ ചേര്‍ത്താണ് പ്രവാചകന്‍ നിസ്‌കാരത്തിന് നില്‍ക്കുന്നത്. ധനികനും ദരിദ്രനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാതെ ദൈവത്തിന് മുന്നില്‍ സമമാണെന്ന സത്യം വളരെ വലുതാണ്.
ഇന്ന് ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഇസ്‌ലാമാണെന്നും ഇസ്‌ലാമിനെ ഭയപ്പെടുകയല്ല; അറിയുകയാണ് വേണ്ടതെന്നും അതുവഴി നമുക്ക് പലതിനും പരിഹാരം കാണാന്‍ സാധിക്കും എന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു. ‘ടീാലീില വമ െമെശറ വേമ േഋൗൃീുലമി െശി ടീൗവേ അളൃശരമ റൃലമറ വേല മറ്‌ലി േീള കഹെമാ’ അഥവാ സൗത്ത് ആഫ്രിക്കയിലെ യൂറോപ്യന്‍സിന് ഇസ്‌ലാമിനെ ഭയങ്കര പേടിയാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ടെന്ന് മഹാത്മാഗാന്ധി പറയുന്നുണ്ട്. സ്‌പെയ്‌നില്‍ നാഗരികതയും ആഫ്രിക്കയില്‍ വിദ്യാഭ്യാസവും ലോകത്താകമാനം സഹോദര്യവും പ്രചരിപ്പിച്ച ഇസ്‌ലാം സൗത്ത് ആഫ്രിക്കയില്‍ വന്നാല്‍ കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മില്‍ തുല്യരാവും എന്ന കാര്യത്തില്‍ അവിടുത്തെ വെള്ളക്കാര്‍ ഭയക്കുന്നു.

ഹജ്ജ് എന്താണെന്ന് അടുത്തറിയാന്‍ വേണ്ടി വേഷപ്രച്ഛന്നനായി ഹജ്ജ് നിര്‍വഹിച്ച് മക്കയിലും മദീനയിലുമായി ആറ് മാസത്തോളം മുസ്‌ലിമായി അഭിനയിച്ച് കഴിഞ്ഞ ഡച്ച് പണ്ഡിതനാണ് ക്രിസ്റ്റ്യന്‍ സ്‌നൂക്ക് ഹര്‍ഗ്രോഞ്ച്. ഇസ്‌ലാമിനെ വിമര്‍ശിക്കാനായിരുന്നു ഈ സാഹസമെല്ലാം അദ്ദേഹം ചെയ്തത്. എന്നാല്‍ പിന്നീട് ഹജ്ജ് മുന്നോട്ടു വെക്കുന്ന ആഗോള ഐക്യത്തെ വലിയ കാര്യമായാണ് അദ്ദേഹം പങ്കുവെക്കുന്നത്. അദ്ദേഹം പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ലീഗ് ഓഫ് നാഷന്‍സും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യു.എന്നും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കിയെങ്കിലും ഇതിന്റെ എല്ലാം തത്വമായ ആഗോള സാഹോദര്യവും അന്താരാഷ്ട്ര ഐക്യവും ഇവര്‍ക്കൊന്നും സാധിക്കാത്ത രൂപത്തില്‍ ഇസ്‌ലാം സാധ്യമാക്കുന്നവെന്ന് ക്രിസ്റ്റ്യന്‍ സ്‌നൂക് ഹര്‍ഗ്രോഞ്ച് (Christian Snouck Hurgronje) പറയുന്നു. യാതൊരു വംശ-സ്ഥാന-നിറ ഭേദങ്ങളുമില്ലാതെ എല്ലാവരും ഒന്നിക്കാന്‍ ഹജ്ജ് വേദിയൊരുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്ഥാന്‍ എഴുത്തുകാരനായ ഖുദ്‌റത്തുള്ള ക്രിസ്റ്റ്യന്‍ സ്‌നൂക് ഹര്‍ഗ്രോഞ്ചിനെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ആ പഠനത്തില്‍ ഇദ്ദേഹം ഇസ്‌ലാമിനെ കുറിച്ച് അറിയാന്‍ ചെയ്ത സാഹസങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ മനുഷ്യര്‍ തമ്മില്‍ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ് ഇന്ന്. അകലം കൂടി വരുന്ന ഈ കാലത്ത് പരസ്പരം ഒന്നിക്കാനും അടുപ്പിക്കാനും ഇസ്‌ലാമിനാവും എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. എത്ര വലിയ ഭരണാധികാരിയായാലും സാധാരണക്കാര്‍ കോടതിയില്‍ വരുന്ന പോലെയാണ് ഖലീഫ ഉമറും അലിയും(റ) മറ്റു അബ്ബാസിയ്യ, ഉമവിയ്യ ഭരണാധികാരികളും കോടതിയില്‍ ഹാജറായിരുന്നത്. ഇത് ഭരണാധികാരി എന്നും പ്രജ എന്നുമുള്ള അകലം മായ്ച്ചു കളഞ്ഞു എന്നും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ഇസ്‌ലാമിലേക്ക് നവാഗതരായി വന്നവര്‍ കറുത്തവനായ ബിലാല്‍(റ) ബാങ്ക് വിളിക്കുന്നതിനെ ആദ്യം എതിര്‍ത്തിരുന്നെങ്കിലും അവിടെയെല്ലാം പ്രവാചകര്‍(സ) പഠിപ്പിക്കാന്‍ ശ്രമിച്ചത് നിറമോ ഗോത്രമഹിമയോ അല്ല നിങ്ങളെ ഉന്നതരാക്കുന്നതെന്നും ഭക്തിയാണ് അത്യുന്നതമെന്നുമാണ്.

‘ഓ, മനുഷ്യരേ’ എന്ന സംബോധന തന്നെ വലിയ മാതൃകയാണ്. ഇസ്‌ലാം നടത്തിയ പരിവര്‍ത്തനത്തെ പറ്റി ഏറ്റവും നല്ല പദം Transformation extraordinery എന്നാണെന്നാണ് രാമകൃഷ്ണ റാവു പറയുന്നത്. ഒരു മതത്തിന്റെ അധീനതയിലുള്ള ഭരണം ഒരു നൂറ്റാണ്ടിനുള്ളില്‍ യൂറോപ്പില്‍ വരാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഇസ്‌ലാമാവുമെന്ന് ബര്‍ണാഡ് ഷാ പറയുന്നുണ്ടല്ലോ.
സ്ത്രീകള്‍ക്ക് സ്വത്തവകാശം ആദ്യമായി നല്‍കിയത് ഇസ്‌ലാമാണെന്നത് വലിയ പ്രവാചക തത്വമാണ്. സ്ത്രീകളോട് വളരെ കാരുണ്യത്തോടെ പെരുമാറണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ടല്ലോ. 1881 ല്‍ മാത്രമാണ് സ്ത്രീകള്‍ക്കുള്ള സ്വത്തവകാശം ബ്രിട്ടണില്‍ നിലവില്‍ വരുന്നത്. അതേവര്‍ഷം തന്നെയാണ് ‘The Married womens Act എന്ന നിയമവും നടപ്പില്‍ വരുന്നത്. എന്നാല്‍ അതിന്റെ പന്ത്രണ്ടോ പതിമൂന്നോ നൂറ്റാണ്ട് മുമ്പുതന്നെ ഇസ്‌ലാം ഇത്തരം അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ആധുനിക ലോകം ഉന്നതമായ മൂല്യങ്ങള്‍ എന്ന് മനസിലാക്കുന്ന ഓരോന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നടപ്പില്‍ വരുത്തിയ ഒരാളെന്ന നിലയില്‍ മറ്റാരാണ് മുഹമ്മദ് നബിക്ക്(സ) ഒപ്പമായിട്ടുള്ളത്?

പ്രവാചകരുടെ(സ) സ്വഭാവവും അണികള്‍ പ്രവാചകര്‍ക്ക് നല്‍കിയ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും അറ്റവും ഈ കൃതിയുടെ മൂന്നാം അധ്യായത്തില്‍ പ്രമേയമാകുന്നു. കേവലം ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല പ്രവാചകനെ അണികള്‍ സ്‌നേഹിച്ചതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. മനുഷ്യരാശിക്ക് വേണ്ട മുഴുവന്‍ മാതൃകയും പ്രവാചകരുടെ(സ) ജീവിതത്തില്‍ നിന്നും ലഭിക്കുമെന്ന് തീര്‍ച്ചയാണ്. സാമ്പ്രദായിക രൂപത്തില്‍ അറിവ് നേടാത്ത ഒരാള്‍ ഇത്രയും വലിയ കാര്യങ്ങള്‍ ലോകത്തോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം എത്ര ഉന്നതനാണെന്ന് രാമകൃഷ്ണ റാവു ആശ്ചര്യപ്പെടുന്നു. പ്രവാചകരുടെ വ്യക്തിത്വം കറപുരളാത്തതും സംശുദ്ധവുമായിരുന്നുവെന്നും മരണം വരെ അത് മാറ്റമില്ലാതെ തുടര്‍ന്നു എന്നും ഈ ഗ്രന്ഥം പറയുന്നു.

ലോകത്തുള്ള ശാസ്ത്രീയ പുരോഗതിയുടെയെല്ലാം അടിസ്ഥാനം പരിശോധിക്കുകയാണെങ്കില്‍ നബിയുടെ(സ) ജീവിതത്തില്‍ നിന്ന് അതിലേക്കൊരു വെളിച്ചം കിട്ടിയിട്ടുണ്ട് എന്നും ശ്രീ. റാവു ചൂണ്ടിക്കാണിക്കാന്‍ മറക്കുന്നില്ല. പാശ്ചാത്യ ലോകത്ത് ശാസ്ത്രീയമായുണ്ടായ പുരോഗതിക്കെല്ലാം അവര്‍ കടപ്പെട്ടത് മുസ്‌ലിം അറബികളോടാണ്. പ്രവാചകന്റെ അധ്യാപനങ്ങളും സ്വഭാവവും സത്യസന്ധതയുമെല്ലാം ലോകത്തിനാകെ മാതൃകയാണെന്നും എത്ര പ്രതികൂല സാഹചര്യമാണെങ്കില്‍ പോലും മൂല്യങ്ങളും വിശ്വാസങ്ങളും പിന്തുടരാന്‍ മുസ്‌ലിം സമൂഹത്തെ പ്രേരിപ്പിക്കുന്നത് പ്രവാചക പാഠമാണെന്നും ഈ കൃതി നിരീക്ഷിക്കുന്നുണ്ട്.

ചെറുതും എന്നാല്‍ ഒരുപാട് വിശാലമായ അര്‍ത്ഥങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതുമായ ഈ പുസ്തകം ഇസ്‌ലാമിനെയും പ്രവാചകരെയും കുറിച്ച് പ്രാഥമികമായി അറിയുന്നതിന് വലിയ മുതല്‍കൂട്ടാവും. ഇസ്‌ലാമിന് പുറത്തു നിന്നുള്ള ഒരാള്‍ യാതൊരു മുന്‍ധാരണയുമില്ലാതെ ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച് പഠിച്ചതിന്റെ ഫലമാണ് ഇതിലെ വരികള്‍. നിഷ്പക്ഷമായ ഈ വിവരണം മതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ ഏവര്‍ക്കും ഉപകാരപ്രദമാവും എന്ന് പ്രതീക്ഷിക്കാം.

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്.




*തിരുനബിക്കൊപ്പം മറ്റാരാണുള്ളത് ❓*
രിസാല വാരിക.
👇👇👇👁👁👁
http://risalaonline.com/?p=7520