ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 2 July 2020

പ്രാർത്ഥന വഹാബികൾക്കൊരു നിരൂപണം

പ്രാർത്ഥനയും അർത്ഥനയും

--------------------------------------------

        അല്ലാഹുവിനോട് നിർവ്വഹിക്കേണ്ടതും മറ്റുള്ളവരോട് നിർവ്വഹിക്കൽ ശിർകു (ബഹുദൈവാരാധനയു) മാകുന്ന പ്രാർത്ഥന എന്താണെന്ന് ഒരു ലളിത പരിശോധന നടത്തി നോക്കാം.

വിവിധ സാധ്യതകൾ

-------------------------------

        1ദൂരെ നിന്ന് / അദൃശ്യരോട് നിർവഹിക്കപ്പെടുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന

        [നിരൂപണം]

        ഇതനുസരിച്ച് വിഗ്രഹത്തോട് സമീപത്തു വെച്ച് നടത്തപ്പെടുന്ന സഹായാർത്ഥന പ്രാർത്ഥയല്ലെന്നു വരും.

        2 മരിച്ചവരോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് അല്ലാഹുവിനോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന പ്രാർത്ഥനയല്ലെന്നു വരും.

        3 അഭൗതിക സഹായം അർത്ഥിക്കലാണു പ്രാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് ജീവിത കാലത്ത് തിരുനബി (ﷺ) യോട് സ്വഹാബിമാർ നിർവ്വഹിച്ചിരുന്ന പല സഹായാർത്ഥനകളും പ്രാർത്ഥനകളായിരുന്നുവെന്ന് വരും. ഉദാ: “അങ്ങയോട് സ്വർഗത്തിലെ സഹവർത്തിത്വം ഞാൻ ചോദിക്കുന്നു”

        4 കാര്യകാരണ ബന്ധങ്ങൾ നിഷ്ക്രിയമാവുമ്പോൾ (ഉദാ: പതിനെട്ടാം വളവിൽ വണ്ടി നിയന്ത്രണം വിട്ടാൽ) നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് കാര്യകാരണ ബന്ധം (ഉദാ: രോഗശമനാൗഷദ ബന്ധം)   സക്രിയമാവുമ്പോൾ അല്ലാഹുവിനോട് സഹായാർത്ഥന നിർവ്വഹിക്കുന്നത് പ്രാർത്ഥനയല്ലെന്നുവരും

        5 അദൃശ്യജ്ഞാനം വിശ്വസിച്ച് / എപ്പോൾ എവിടെ വച്ച് വിളിച്ചാലും കേൾക്കുമെന്ന് വിശ്വസിച്ച് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥനയാണു പ്രാർത്ഥന.

        [നിരൂപണം]

        അനാശ്രിതമായ അറിവും കേൾവിയുമാണുദ്ദേശ്യമെങ്കിൽ, അത് ശേഷം പറയുന്ന ദിവ്യത്വത്തിൽ ഉൾപെട്ടു. പരാശ്രിത ജ്ഞാനവും കേൾവിയുമാണുദ്ദേശ്യമെങ്കിൽ,  അല്ലാഹുവിനോട് സഹായാർത്ഥന നിർവ്വഹിക്കൽ പ്രാർത്ഥനയല്ലെന്ന് വരും.

        നിരുപാധികമായ,അദൃശ്യജ്ഞാനവും വിശാലകേൾവിയുമാണ് ഉദ്ദേശ്യമെങ്കിൽ,അവ വിശ്വസിക്കാതെ വിഗ്രഹങ്ങളോടോ ആൾ ദൈവങ്ങളോടോ ദിവ്യത്വം വിശ്വസിച്ച് നിർവ്വഹിക്കപ്പെടുന്ന അർത്ഥന പ്രാർത്ഥനയല്ലെന്ന് വരും.

        6 നടേ പറഞ്ഞ ഏതെങ്കിലുമൊരു  (ഉദാ: അഭൗതിക സഹായം.... / മരിച്ചവരോട്..../....)  സഹായാർത്ഥനയാണു പ്രാർത്ഥന.അവയെല്ലാം വിവിധ തരം പ്രാർത്ഥനകളാണ്.



        [നിരൂപണം]

        മുൻചൊന്ന ചില വിമർശനങ്ങൾ ഈ സാധ്യതയുടെ നേർക്ക് വരില്ലെങ്കിലും, ഇതെല്ലാം പ്രാർത്ഥനയുടെ പരിധിയിൽ വരുന്നുവെന്നതിന് ഒരർദ്ധ രേഖ പോലുമില്ല 

        7 പൂർണമോ ഭാഗികമോ ആയ ദിവ്യത്വം ആരോപിച്ച് നിർവഹിക്കുന്ന സഹായാർത്ഥനയാണു പ്രാർത്ഥന.

        മറ്റു പരാമർശിത സാധ്യതകൾ അസംബന്ധമെന്ന് സ്ഥിരപ്പെട്ടതിനാലും പരാമർശിക്കാത്ത സാധ്യതകൾ ഏകദൈവ വിശ്വാസി സമൂഹത്തിന് നാളിതുവരെ ചിരപരിചിതമല്ലാത്തതിനാലും, നിലനിൽക്കുന്ന ഏക സാധ്യത ഇതാണ്. ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമല്ലാത്ത കർമങ്ങൾ ബഹുദൈവാരാധന യായി പരിഗണിക്കുന്നത് ന്യായമല്ലല്ലോ. ഇത് പ്രാർത്ഥനയാണെന്ന കാര്യം തർക്ക രഹിതമാണ്. മറ്റു ചിലതുകൂടി പ്രാർത്ഥനയായി വരുമെന്ന് വാദമാവട്ടെ, പ്രമാണ രഹിതവുമാണ്.

        [സന്ദേഹം 1]

        മക്കയിലെ ബഹുദൈവ വിശ്വാസികളിൽ ചിലർ അല്ലാഹു അല്ലാത്തവർ ശുപാർകരാണെന്നു മാത്രമാണല്ലോ വിശ്വസിച്ചിരുന്നത്. ശുപാർശ എങ്ങനെ ദിവ്യത്വമാകും ?

        [നിവാരണം ]

        അനുസരിക്കപ്പെടുന്ന / തങ്ങളുടെ ഹിതം അനിവാര്യേന നടപ്പിലാവുന്ന ശുപാർശകരിലാണവർ വിശ്വസിച്ചത് “അക്രമികൾക്ക് അനുസരിക്കപ്പെടുന്ന യാതൊരു ശുപാർശകരുമില്ല” സ്വതീരുമാനം അനിവാര്യേന നടപ്പിലാവുകയെന്നത് ദിവ്യത്വ൦ (ദൈവത്തിനു മാത്രം അവകാശപ്പെടാവുന്ന ഗൂണ൦) തന്നെയല്ലേ. മലകുകൾ ദൈവപുത്രിമാരാണെന്ന് പ്രസ്താവിച്ചവരു൦ ഇവർ തന്നെയായിരുന്നു എന്ന് ഖുർആൻ പണ്ഡിതർ രേഖപ്പെടുത്തിയത് കൂടി ഇതിലേക്കു ചേർക്കാം.

        സന്ദേഹം 2

        “ജൂതകൃസ്തീയർ അവരുടെ പുരോഹതരെ ദൈവങ്ങളാക്കി” എന്നുണ്ടല്ലോ. പുരോഹിതരിൽ അവർ വിശ്വസിച്ചിരുന്ന ഭാഗിക ദിവ്യത്വ൦ എന്തായിരുന്നു ?

        [നിവാരണം ]

        അല്ലാഹു നിഷിദ്ധമാക്കിയ പലതും പുരോഹിതർ അനുവദിക്കുകയും അനുവദിച്ച പലതും അവർ നിഷിദ്ധമാക്കുകയും ചെയ്തു. “നിയമനിർമാണാധികാര൦ അല്ലാഹുവിനു മാത്രമാണ്”. ജൂതകൃസ്ത്യാനികൾ പുരോഹിതൻമാർക്ക് വകവെച്ചു കൊടുത്ത ദിവ്യത്വം ഇതാണ്.

        [സന്ദേഹം 3]

        അദൃശ്യജ്ഞാനം ദൈവത്തിനു മാത്രമാണെന്നു ഖുർആൻ.എങ്കിൽ അദൃശ്യജ്ഞാനം ഒരാളിൽ വിശ്വസിച്ച് അദ്ദേഹത്തോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന നടേ പറഞ്ഞ നിർവചനപ്രകാരം പ്രാർത്ഥനയാവുകയില്ലേ ?

        [നിവാരണം ]

        1 അനേകം അദൃശ്യ കാര്യങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണല്ലോ നാം എങ്കിൽ, ഉപര്യുക്ത  ഖുർആനിക വചനത്തിന്റെ (അല്ലാഹുവല്ലാത്ത ഒരാളും ഒരു വിധേനയും അദൃശ്യമറിയില്ലെന്ന) ബാഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്ന് ഗ്രഹിക്കാം. പ്രസ്തുത വചനം, സ്രഷ്ടാവ് തന്റെ ഇഷ്ട ദാസന്മാർക്ക് അദൃശ്യമറിയിക്കാറുണ്ടെന്ന് വ്യക്തമാക്കുന്ന ഇതര ഖുർആനിക രേഖകളോട് സമന്വയിപ്പിച്ച് മനസ്സിലാക്കുകയാണു വേണ്ടത്.

        2 അല്ലാഹുവിനു മാത്രമുള്ളതെല്ലാം ദിവ്യത്വമല്ല. അല്ലാഹുവല്ലാത്തവർക്ക് ഉണ്ടാവൽ സംഭവ്യമല്ലാത്ത കാര്യമാണു ദിവ്യത്വം. (മുൻചൊന്ന ശുപാർശ, ആത്യന്തികമായ നിയമനിർമാണാധികാരം എന്നിവ ഈ ഗണത്തിലാണ് വരുന്നതെന്നു വ്യക്തം) അല്ലെങ്കിൽ, പ്രപഞ്ച൦ നിലവിൽ വന്നപ്പോൾ പ്രാപഞ്ചിക പദാർത്ഥങ്ങൾക്കെല്ലാ൦ ദിവ്യത്വ൦ കൈവന്നുവെന്നു ജൽപിക്കേണ്ടിവരും. അത് നിലവിൽ വരും മുമ്പ് ഉണ്മ, അറിവ്, കഴിവ്,...എന്നിത്യാദി ഗുണങ്ങൾ അല്ലാഹുവിനു മാത്രമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. അദൃശ്യജ്ഞാനമാവട്ടെ അല്ലാഹു അല്ലാത്തവർക്ക് സ്വയം ഉണ്ടാവൽ അസംഭവ്യമാണെങ്കിലും അവർക്ക് അത് അറിയിക്കപ്പെടൽ അസംഭവ്യമല്ലല്ലോ.

        [സന്ദേഹം 4]

        സ്രഷ്ടാവിനോട് ആവശ്യപ്പെടുന്ന എല്ലാ കാര്യവും സൃഷ്ടികളോട് ആവശ്യപ്പെടാമോ ?

        [നിവാരണം ]

        സ്രഷ്ടാവിനോട് ആവശ്യപ്പെടുന്നതൊന്നും ഒരു സൃഷ്ടിയോടും ആവശ്യപ്പെടാവതല്ല ; ഏതു കാര്യമാണെങ്കിലും അത് സൃഷ്ടിച്ചു തരാനാണ് / സ്രഷ്ടാവിനോട്  ആവശ്യപ്പെടുക. (സൃഷ്ടികളോടാവശ്യപ്പെടുന്നതൊന്നും സ്രഷ്ടാവിനോടുമാവശ്യപ്പെടാവതല്ല ; അല്ലാഹുവിന്റെ സൃഷ്ടിച്ചു തരൽ പ്രക്രിയയ്ക്ക് മാധ്യമമായി /നിമിത്തമായി വർത്തിക്കുവാനാണ് സൃഷ്ടികളോടാവശ്യപ്പെടുക.

        സ്രഷ്ടാവ് മാധ്യമമായി / നിമിത്തമായി വർത്തിക്കുകയല്ല.പ്രത്യുത,സർവ്വ മാധ്യമങ്ങളും / നിമിത്തങ്ങളും സംവിധാനിക്കുകയും സക്രിയമാക്കുകയുമാണ് ചെയ്യുക.) മറ്റൊരു ഭാഷയിൽ, ആത്യന്തിക സഹായം അല്ലാഹുവിനോടു മാത്രം അർത്ഥിക്കുക. ഇതാണു പ്രാർത്ഥന. മറ്റുള്ളവരോട്, പ്രസ്തുത സഹായത്തിനു നിമിത്തമായി വർത്തിക്കാൻ മാത്രം ആവശ്യപ്പെടുക ഇതൊരു കേവലം അർത്ഥനയാണ്.

        അർത്ഥിക്കുന്നവരുടെ

പദപ്രയോഗങ്ങളിൽ പ്രാർത്ഥനയോട് സാമ്യം കാണുന്നുവെങ്കിൽ മുസ്ലിംകൾ കഅ്ബഃ പ്രദിക്ഷണം ചെയ്യുന്നതും ഹൈന്ദവർ ക്ഷേത്രം പ്രദിക്ഷണം ചെയ്യുന്നതും തമ്മിലുള്ള സാമ്യം പോലെയാണത്. (വൈജാത്യം നിർണയിക്കുന്നത് വിശ്വാസമാണ്)

അത്തരം പ്രയോഗങ്ങൾ ആലങ്കാരികമോ രൂപകാത്മകമോ ആണ്. തെറ്റിദ്ധാരണ ജനിപ്പിക്കും വിധമല്ലെങ്കിൽ അതിൽ അനൗചിത്യം (ഖുബ്ഹ്) ഒട്ടുമില്ല.

        [സന്ദേഹം 5]

        താങ്കൾ പറഞ്ഞതനുസരിച്ച് മരിച്ചുപോയ രാമനോട് ദിവ്യത്വം വിശ്വസിക്കാതെ, സഹായമർത്ഥിച്ചാൽ ശിർക്കാവുകയില്ലല്ലോ

        [നിവാരണം ]

        ദിവ്യത്വം വിശ്വസിക്കാതെയാണെങ്കിൽ ശിർക്കല്ലെങ്കിലും അത് കുഫ്റാണ്. കാരണം : പ്രസ്തുത സഹായാർത്ഥന, അവിശ്വാസിയായി മരിച്ച വ്യക്തി മരണാനന്തരം (ശുപാർശയിലൂടെയോ മറ്റോ സഹായിക്കാൻ അല്ലാഹുവിനാൽ അനുമതി നൽകപ്പെടുമാറ്) മഹാത്മാവായി ഭവിക്കുമെന്ന കുഫ്രൻ വിശ്വാസത്തിൽ അധിഷ്ഠിതമാണ്.

        ശിർകെല്ലാം കുഫ്റാണെങ്കിലും കുഫ്റെല്ലാം ശിർകല്ലെന്നും, മുശ്രികായ കാഫിറും മുശ്രികല്ലാത്ത കാഫിറും ശാശ്വത നരക വാസികൾ തന്നെയാണെന്നും നമുക്കറിയാം. ചിലപ്പോൾ കുഫ്റിനെ പരാമർശിക്കാൻ  ശിർക് എന്ന ശബ്ദം പ്രയോഗിക്കാറുമുണ്ട്. കാഫിറിന്റെ ഏക ദൈവ വിശ്വാസം അസ്വീകാര്യമായതാണു കാരണം.

        [കുറിപ്പ്]

        അർത്ഥന എന്ന അർത്ഥത്തിൽ പ്രാർത്ഥന ചിലപ്പോൾ പ്രയോഗിക്കപ്പെടാറുണ്ടെങ്കിലും, ദുആഇന്റെ മതകീയ അർത്ഥമാണ് പ്രാർത്ഥന കൊണ്ട് നാമിവിടെ വിവക്ഷിക്കുന്നത്.

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി