റോമൻ രാജാവ് മുസ്‌ലിം സൈന്യത്തെ കണ്ടപ്പോൾ പരിഹാസരൂപത്തിൽ ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ സൈന്യത്തെ നോക്കൂ. എത്രമാത്രം ദുർബലരാണവർ. പാവങ്ങളും ആരോഗ്യഹീനര്യമാണവർ. നിങ്ങൾ മദീനയിലേക്ക് മടങ്ങുക. നിങ്ങൾക്ക് രണ്ട് വർഷത്തേക്കാവശ്യമായ സമ്പത്തും ഭക്ഷണവും ഞാൻ നൽകാം''. പക്ഷെ, രാജാവിന്റെ പ്രലോഭനങ്ങൾക്ക് മുന്നിൽ സേനാനായകനായ
ഖാലിദ് ബ്നു വലീദ്(റ) വീണില്ല. മദീനയിലേക്ക് മടങ്ങാൻ അവിടുന്ന് വിസമ്മതിച്ചു. റോമൻ പോരാളികളെ അധീനപ്പെടുത്തി മുഅതതിന്റെ മണ്ണിൽ വിജയപ്പതാക പറത്തുന്നത് വരെ ഞങ്ങൾ പിന്മാറുകയില്ലെന്ന് അവിടുന്ന് രാജമുഖത്ത് നോക്കി ഉച്ചൈസ്തരം പ്രഖ്യാപിച്ചു. അതെ, നിശ്ചയദാർഡ്യത്തിന് മുന്നിൽ അഹംഭാവത്തിന് സ്ഥാനമുണ്ടായിരുന്നില്ല. തുടർന്ന്, പത്തിരട്ടിയോളം വരുന്ന റോമക്കാരെ മുസ്‌ലിംകൾ വിരട്ടിയോടിച്ചത് ചരിത്രം.
ഇസ്‌ലാമിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള സ്വഹാബിവര്യനാണ് ഖാലിദു ബ്നുൽ വലീദ്(റ). സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാൾ) എന്ന വിശേഷണ നാമത്തിനർഹരായ ധീരപോരാളിയായിരുന്നു അവിടുന്ന്. നേതൃത്വം വഹിച്ച യുദ്ധങ്ങളിലെല്ലാം ശത്രുക്കളെ പരാജയത്തിന്റെ കൈപ്പ് നീര് കുടിപ്പിക്കാൻ മഹാനവർകൾക്ക് സാധിച്ചു. ഒന്നരലക്ഷം വരുന്ന റോമൻ സൈന്യത്തെ കേവലം ഇരുപതിനായിരം അംഗങ്ങളുള്ള മുസ്‌ലിം പക്ഷം പരാജയപ്പെടുത്തിയത് ഖാലിദ് ബ്ൻ വലീദ്(റ)ന്റെ കീഴിലാണ്.
"തിരുനബി(സ്വ)യുടെ പുണ്യ തിരുകേശം ഞാൻ എന്റെ തൊപ്പിയിൽ തുന്നിച്ചേർത്തിരുന്നു. അതിന്റെ അനുഗ്രഹത്താലാണ് ഞാൻ യുദ്ധങ്ങളിൽ വിജയം വരിച്ചത്" എന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു.
“മക്ക അതിന്‍റെ കരളിന്‍റെ കഷ്ണങ്ങളെ പുറപ്പെടുവിച്ചിരിക്കുന്നു”. ഖാലിദ്(റ)വും സംഘവും ഇസ്‌ലാം സ്വീകരിക്കാൻ മദീനയിലെത്തിയപ്പോൾ നബി (സ്വ) പറഞ്ഞത് ഇങ്ങനെയായിരുന്നു. ഉമര്‍ (റ) ഖാലിദ്(റ)നെക്കുറിച്ച് പറഞ്ഞു: “ഖാലിദ്(റ)നെ പോലെയുള്ള ധീര പുരുഷരെ പ്രസവിച്ച ഒരു മാതാവും ഈ ലോകത്തില്ല”.
ഹിജ്റ 21ൽ സിറിയയിലെ ഹിംസിലായിരുന്നു മഹാനവർകളുടെ വിയോഗം. അവിടുത്തെ നാമധേയത്തിൽ അതിമനോഹരമായ ഒരു മസ്ജിദും അവിടെയുണ്ട്. അൽഹംദുലില്ലാഹ്, സിറിയൻ യാത്രക്കിടെ ആ പുണ്യകേന്ദ്രം സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട്. അല്ലാഹു അവിടുത്തെ ബറകതിനാൽ സർവ്വ പ്രതിസന്ധികളെയും മറികടക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ..
https://m.facebook.com/story.php?story_fbid=352457076247985&id=100044510856369