ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 8 July 2021

ഏർവാടി-ഇബ്റാഹിം ബാദുഷ [റ]


 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിയാറത് കേന്ദ്രമായ ഏർവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് സുൽത്വാൻ ശഹീദ് ഇബ്റാഹിം ബാദുഷ(റ)വിന്റെ ഉറൂസ് മുബാറകിന്റെ മാസമാണിത്. എഴുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ ഒരു ദുൽഖഅദ് ഇരുപത്തിമൂന്നിന് മഗ് രിബ് നിസ്കരിക്കവെയാണ് ശത്രു ആക്രമണത്തിൽ ശൈഖവർകൾ രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധമദീനയിൽ തിരുനബി(സ്വ) തങ്ങളുടെ സന്താനപരമ്പരയിൽ സയ്യിദ് അലി(റ), സയ്യിദത് ഫാത്വിമ(റ) എന്നിവരുടെ പുത്രനായാണ് ആ പുണ്യാത്മാവ് ജനിച്ചത്. തിരുനഗരിയിൽ തന്നെയായിരുന്നു ബാല്യകാലവും യൗവ്വനവും ചെലവഴിച്ചത്. അതിനിടെ തിരുനബി(സ്വ)യുടെ ആത്മീയനിർദേശപ്രകാരം മതപ്രബോധനർത്ഥം ഇറാന്‍, ഇറാഖ് , ബലൂചിസ്ഥാൻ വഴി ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. 


കേരളം, തമിഴ്നാട്, സിന്ദ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീനീ പ്രബോധനം നടത്തുകയും ആയിരക്കണക്കിനാളുകളെ ഇസ്‌ലാമിലേക്ക് ആകർഷിക്കുകയും ചെയ്ത സ്വൂഫീ വര്യനായിരുന്നു ഇബ്റാഹിം ബാദുഷ(റ). ഏകാധിപതികളായ ഭരണാധികാരികൾ മഹാനവർകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അവയെല്ലാം ആ വ്യക്തി മഹാത്മ്യത്തിന് മുന്നിൽ ഒന്നുമല്ലാതായി. മാത്രമല്ല, സിന്ധിലും ഗുജറാത്തിലും ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും അവിടുത്തേക്ക് സാധിച്ചു. 

 

രണ്ടാം ഘട്ട ഇന്ത്യൻ യാത്രയിൽ കണ്ണൂർ തുറമുഖത്താണ് മഹാനവർകളുടെ കപ്പൽ നങ്കൂരമിട്ടത്. അന്നത്തെ നാടുവാഴികൾ അവിടുത്തേക്ക് എല്ലാ സൗകര്യങ്ങളും സംവിധാനിച്ചു. ശേഷം കൊച്ചി, ആലപ്പുഴ, വിഴിഞ്ഞം, തുടങ്ങിയ പ്രദേശങ്ങളിൽ സത്യസന്ദേശം പ്രചരിപ്പിച്ച് തമിഴ്നാട്ടിലെ കായൽപട്ടണത്തെത്തി. തിരുനെൽവേലി, മധുര രാജാക്കന്മാരും ശൈഖവർകളുടെ സഹിഷ്ണുതാപരമായ സേവനപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ,

പാണ്ഡ്യ രാജാവായ വിക്രമ പാണ്ഡ്യൻ അകാരണമായി ഇബ്റാഹീം ബാദുഷ തങ്ങളെയും സംഘത്തെയും

അക്രമിച്ചു. തുർക്കി സൈനികനായ അമീര്‍ അബ്ബാസിന്റെ സഹായത്തോടെ മഹാനവർകൾ പ്രതിരോധം തീർക്കുകയും ചെയ്തു. പക്ഷെ, അതിനിടെ ബാദുഷ തങ്ങൾക്ക് വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ വിവിധയങ്ങളിലായി ഇന്ന് നമുക്ക് അവരുടെ മഖ്ബറകൾ കാണാം. 


തുടർന്ന് പന്ത്രണ്ട് വർഷം ഏർവാടി സുൽത്വാൻ ഇബ്റാഹീം ബാദുഷ(റ)ന്റെ ഭരണത്തിന് കീഴിലായിരുന്നു. പ്രദേശത്തിന്റെ സുവർണയുഗമായിരുന്നു അത്. എന്നാൽ സ്ഥാനഭൃഷ്ടനായ പാണ്ഡ്യരാജാവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ കാഴ്ച. അയാൾ മധുരയിലേക്ക് നുഴഞ്ഞുകയറുകയും മഹാനവർകളെ വധിക്കുകയും ചെയ്തു. 


തന്റെ ജീവിതകാലത്തെന്ന പോലെ വഫാതിന് ശേഷവും ഇബ്റാഹീം ബാദുഷ(റ) മതജാതിഭേദമന്യേ സർവ്വ ജനങ്ങൾക്ക് അഭയമായി തുടരുന്നു. ഏർവാടിയിലെത്തുന്ന ആരും ഈ മനോഹര ദൃശ്യം കണ്ട് അത്ഭുതപ്പെടാതിരിക്കില്ല. സഹോദരങ്ങളെ, മഹാനവർകൾ അനശ്വര ലോകത്തെ പറുദീസയിലേക്ക് യാത്രയായ മാസമാണിത്. അവിടുത്തെ ഹള്റതിലേക്ക് നമുക്ക് ഫാതിഹയും യാസിനും ഓതി ഹദ് യ ചെയ്യാം. അല്ലാഹു അവന്റെ മഹാന്മാരുടെ മദദ് കൊണ്ടനുഗ്രഹിക്കുന്നവരിൽ നമ്മെയും കുടുംബത്തെയും ഉൾപ്പെടുത്തട്ടെ..