1️⃣പെരുമറ്റം മഖാം-എറണാകുളം ജില്ല-മൂവാറ്റുപുഴ
എറണാകുളം ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നാണ് മൂവാറ്റുപുഴ. എറണാകുളത്തു നിന്നു 42 കി.മീ. അകലെ കിഴക്കായി സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് മൂവാറ്റുപുഴ. കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു പുഴകളുടെ സംഗമസ്ഥലമായതിനാൽ മൂവാറ്റുപുഴ എന്നു വിളിക്കപ്പെടുന്നു. എറണാകുളത്തിന്റെ കിഴക്കൻ മേഖലയിലെ ആദ്യ മുസ്‌ലിം പള്ളി പെരുമറ്റം ജുമാമസ്ജിദാണ്. മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലാണ് പെരുമറ്റം സ്ഥിതിചെയ്യുന്നത്.
മുഹമ്മദ് വലിയുല്ലാഹി എന്ന പുണ്യപുരുഷന്റെ ആത്മീയ സാന്നിധ്യമാണ് പെരുമറ്റത്തിന്റെ പ്രധാന ആകർഷണം. പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണിത്. പൊന്നാനിയിൽ നിന്നാണ് അദ്ദേഹം ഇവിടെയെത്തിയത്. നാട്ടുപ്രമാണിമാരായ കോട്ടകുടി കർത്താക്കളുടെ ഒരു കുടുംബാംഗത്തിന് മഹാരോഗം ബാധിച്ചു. പരിഹാരം തേടി അവർ പൊന്നാനിയിലെത്തി. പ്രമുഖ പണ്ഡിതൻ മുഹമ്മദ് മുസ്‌ലിയാരെയും കൂട്ടി അവർ നാട്ടിലേക്ക് തിരിച്ചു. മാനസിക രോഗിയായ സ്ത്രീ വിവസ്ത്രയായി ചുറ്റിക്കറങ്ങുകയായിരുന്നു. ആഗതനെ കണ്ട ക്ഷണത്തിൽ യുവതി വസ്ത്രം ധരിച്ചു. രണ്ടു ദിവസത്തിനകം രോഗം പൂർണമായും ഭേദമായി. സന്തുഷ്ടരായ കുടുംബം അദ്ദേഹത്തിന് താമസിക്കാൻ വീടും ആരാധിക്കാൻ പള്ളിയും പണിതു കൊടുത്തു എന്നാണ് ചരിത്രം.
മതപ്രബോധനം ജീവിതവ്രതമാക്കിയ സ്മര്യ പുരുഷനിൽ നിന്ന് പല അത്ഭുത സംഭവങ്ങളും പ്രകടമായിരുന്നു. പെരുമറ്റത്തും പരിസരങ്ങളിലും കാണുന്ന ഇസ്‌ലാമിക പ്രഭാവത്തിന്റെ പ്രഭവകേന്ദ്രം അദ്ദേഹമാണ്. മൂവാറ്റുപുഴ-കോതമംഗലം പാതയിലാണ് പെരുമറ്റം മഖാം.
2️⃣മുളവൂർ മഖാം-എറണാകുളം ജില്ല
മൂവാറ്റുപുഴ ടൗണിലെ ഒരു അർധ നഗര പ്രദേശമാണ് മുളവൂർ. പായിപ്ര പഞ്ചായത്തിൽ തന്നെയാണ് മുളവൂരും സ്ഥിതിചെയ്യുന്നത്. പഴയ പള്ളിയും മഖ്ബറയും മുളവൂരിന്റെ ആകർഷണീയതയാണ്. ഹിജ്‌റ 1060ലാണ് മുളവൂർ ജുമുഅ മസ്ജിദ് സ്ഥാപിതമായത്. അവിടെ അന്ത്യവിശ്രമംകൊള്ളുന്ന പുണ്യപുരുഷൻ രക്തസാക്ഷിയാണ്. ശഹീദ് മുളവൂർ വലിയുല്ലാഹി എന്നാണറിയപ്പെടുന്നത്.
3️⃣കാഞ്ഞിരമറ്റം മഖാം-എറണാകുളം ജില്ല
മറ്റൊരു പ്രധാന മുസ്‌ലിം അധിവാസ കേന്ദ്രമാണ് കാഞ്ഞിരമറ്റം. എറണാകുളം നഗരത്തിൽ നിന്ന് 25 കി.മീ. തെക്ക് കിഴക്കായി കോട്ടയം ജില്ലാ അതിർത്തിയിൽ ആമ്പല്ലൂർ പഞ്ചായത്തിലാണ് കാഞ്ഞിരമറ്റം നിലകൊള്ളുന്നത്. കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണിത്. കേരളത്തിലെ മുസ്‌ലിംകളുടെ പ്രധാന തീർഥാടന കേന്ദ്രമാണ് ഇവിടം. ശൈഖ് ഫരീദുദ്ദീൻ(റ) ഔലിയയുടെ ദർഗയും തൊള്ളായിരത്തിൽപരം വർഷം പഴക്കം കണക്കാക്കപ്പെടുന്ന പള്ളിയുമാണ് കാഞ്ഞിരമറ്റത്തെ ശ്രദ്ധേയമാക്കുന്നത്. പരിസര പ്രദേശങ്ങളായ അരയൻകാവ് ടൗൺ, ചാലയ്ക്കപ്പാറ, പുതുവാശേരി, പള്ളിയാംതടം തുടങ്ങി 12 ഇടങ്ങളിൽ പൈതൃക പള്ളികളുണ്ട്.
ഏകദേശം 800 വർഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ മുൾട്ടാണിൽ നിന്ന് ശൈഖ് ഫരീദുദ്ദീൻ(റ) ഇവിടെ വന്ന് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകിയതെന്നതാണ് ചരിത്രം. ലോകത്ത് ഇസ്‌ലാം വ്യാപിപ്പിക്കുന്നതിൽ സൂഫിമാർക്കുള്ള പങ്ക് അദ്വിതീയമാണ്. കേരളത്തിലെ ഇസ്‌ലാമിന്റെ ചരിത്രമുന്നേറ്റത്തിൽ ഫരീദ് ഔലിയ അഗ്രിമ സ്ഥാനത്തു നിൽക്കുന്നു. പള്ളിക്കു മുന്നിലെ കാഞ്ഞിര മരത്തിന്റെ ഇലയായിരുന്നുവത്രെ അദ്ദേഹം സന്ദർശകർക്ക് സമ്മാനിച്ചിരുന്നത്. അദ്ദേഹം നൽകിയിരുന്ന ഇലകൾക്ക് ഒട്ടും കയ്പുരസമുണ്ടായിരുന്നില്ല എന്നാണ് വാമൊഴി. ഫരീദ് ഔലിയയുടെ പ്രവർത്തനഫലമായി ധാരാളം പേർ ഇസ്‌ലാമിൽ ആകൃഷ്ടരായി.
ഫരീദ് ഔലിയയുടെ പേരിൽ കേരളത്തിൽ പലയിടത്തും ദർഗകളുണ്ട്. പ്രസിദ്ധ സൂഫിവര്യനായ ഖുതുബുദ്ദീൻ ഭക്തിയാർ കാക്കിദ്ദഹ്‌ലവി(റ)യുടെ ശിഷ്യനാണ് ഫരീദ് ഔലിയ. അദ്ദേഹത്തിന്റെ ശിഷ്യന്മാരോ അവരുടെ പരമ്പരയിൽ പെടുന്നവരോ ആയിരിക്കാം ഇവർ. ജനങ്ങളിൽ നിന്നകന്ന് ഏകാന്തരായി ആരാധനകളിൽ മുഴുകിയതു കാരണം പണ്ഡിതന്മാർ അങ്ങനെ വിളിച്ചതുമാകാം.
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ ശിഷ്യനും പ്രമുഖ പണ്ഡിതനുമായ പരീക്കുട്ടി മുസ്‌ലിയാർ, സഹോദരൻ അബ്ദുൽ ഖാദർ മുസ്‌ലിയാർ, അദ്ദേഹത്തിന്റെ പുത്രൻ ആലി മുസ്‌ലിയാർ എന്നിവർ കാഞ്ഞിരമറ്റത്തെ മൺമറഞ്ഞ പ്രധാന പണ്ഡിതരാണ്.
4️⃣കോലാഹല മേട്- ഇടുക്കി ജില്ല.
പർവ്വത മുകളിലെ ഏകാന്തതക്കൊരു
രഹസ്യമുണ്ട് ,
കാറ്റും മഴയും കോട മഞ്ഞും
താണ്ടി കോലാഹലമേട്ടിലെ
തങ്ങൾ പാറ കയറിയാൽ
ധ്യാനനിരതരായി ഇരുന്നു പോകും
ഖുറാസാനിൽ നിന്നും വന്ന
ഷേഖ് ഫരീദുദീൻ (റ) ഈ മലകയറി
ധ്യാനനിരതനായി ഇരുന്ന പാറ
ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്.
മുരുകൻ മലക്കും കുരുശു മലക്കും
നടുവിൽ തങ്ങൾ മലയും വാഗമണ്ണിലെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടതാണ്..
ഏകാന്ത ധ്യാനത്തിന്റെ
നിയോഗം കൂടിയാണ്
സൂഫിയിലേക്കുള്ള വഴി എന്ന്
ഈ മല കയറിയാൽ ഓർമ്മപ്പെടുത്തും...
ദുആ വസിയ്യത്തോടെ...
✍🏻ഖുദ്സി