ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 16 March 2020

ഒട്ടക മൂത്രവും ഇസ്ലാമും !

#ഒട്ടകമൂത്രം_കൊറോണക്കുള്ള_മരുന്നാണോ?

അങ്ങനെ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. അത്തരം  വ്യാജ പ്രചരണങ്ങളിൽ വിശ്വാസികൾ വഞ്ചിതരാവരുത്. മൂത്രപാന ചികിത്സയെ സംബന്ധിച്ച് 2016 സെപ്തംബർ 15നും 16നുമായി മറ്റൊരു സാഹചര്യത്തിൽ ഈ വിനീതൻ തന്നെ ഒരു പഠനക്കുറിപ്പ് ഫേസ് ബുക്ക് വാളിൽ പ്രസിദ്ധീകരിച്ചിരുന്നു. സഹചര്യേണ പ്രസക്തമായതിനാൽ അപ്പടി പുനഃപ്രസിദ്ധീകരിക്കുന്നു. സത്യം മനസ്സിലാക്കുവാൻ ഉദ്ദേശിക്കുന്നവർക്കു ഉപകരിച്ചേക്കും.

#ഒട്ടകമൂത്രം_കുടിക്കാൻ_നബി_സ്വ_പറഞ്ഞോ?

ഒരു ക്രിസ്ത്യൻ പാതിരിയുടെ FB പോസ്റ്റിൽ നബി സ്വ. ഒട്ടകത്തിന്റെ മൂത്രം കുടിക്കാൻ നിർദേശിച്ചുവെന്ന് പറഞ്ഞു പരിഹസിക്കുന്നു. ഇനി മുതൽ മുസ് ലിംകൾ ഒട്ടകത്തിന്റെ മൂത്രം കുടിച്ചു സുഖക്കേട് മാറ്റട്ടെ എന്നാണയാൾ പറയുന്നത്. വസ്തുതയെന്ത്?
Mushthak Kannur, Nishad Naseer

#പ്രതികരണം

ഇസ് ലാമിനെ മൂത്രപാന ചികിത്സയുമായി ബന്ധപ്പെടുത്തി വക്രീകരിച്ചു ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.  ഇവയിൽ അധികവും അർത്ഥശൂന്യവും കഴമ്പില്ലാത്തതുമാണ്. നബി സ്വ. മൂത്രപാന ചികിത്സ നിർദ്ധേശിച്ച ഒരു സംഭവം - ഒരേയൊരു സംഭവം - ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. സ്വഹീഹായ ഹദീസു ഗ്രന്ഥങ്ങളിലും അനേകം തഫ്സീറുകളിലും അക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്. അബൂ ഖിലാബ റ. നിവേദനം ചെയ്യുന്ന സുദീർഘമായ ഒരു ഹദീസിന്റെ ആരംഭമിങ്ങനെ: അനസ് റ. പറഞ്ഞു   ഒരിക്കൽ ഉഖ്ൽ അല്ലെങ്കിൽ ഉറയ്ന ഗോത്രക്കാരായ ഒരു സംഘം മദീനയിൽ വന്നു ; അവർക്ക്  മദീനയിലെ കാലാവസ്ഥ പിടിച്ചില്ല (ദീനം ബാധിക്കുകയും ചെയ്തു).  അപ്പോൾ (മരുന്നായി) കറവ ഒട്ടകങ്ങളുടെ പാലും മൂത്രവും കുടിക്കാൻ നബി  സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവരോടു നിർദേശിച്ചു. അങ്ങനെ നബി തിരുമേനി നിർദേശിച്ചത്‌ പ്രകാരം  അവർ ഒട്ടകങ്ങളുടെ അടുത്ത് പോകുകയും അവരുടെ അസുഖം ഭേദമാവുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു."

#ഹദീസ്_ശ്രദ്ധിച്ചു_വായിക്കുക.

ഒന്ന്. നബി സ്വ. ചികിത്സ നിർദേശിച്ചത് എല്ലാ രോഗികൾക്കുമല്ല. ഉഖ്ൽ അല്ലെങ്കിൽ ഉറയ്നയിൽ നിന്നു തിരുസന്നിധിയിൽ വന്നവർക്കു മാത്രമാണ്. രോഗം എന്തായിരുന്നുവെന്ന് ഈ ഹദീസിൽ നിന്നു വ്യക്തമല്ലെങ്കിലും അവർക്കനുഭവപ്പെട്ട ഏതോ ഒരു രോഗത്തിനു മാത്രമാണെന്നുറപ്പ്. അതു ഉദരസംബന്ധമായ അസുഖമായിരുന്നുവെന്ന് ചില നിവേദനങ്ങളിലുണ്ട് .

രണ്ട്. ഒട്ടകത്തിന്റെ മൂത്രം മാത്രമല്ല, പാലും മരുന്നായി നിർദേശിച്ചിട്ടുണ്ട്. അതു മിശ്രിതമോ വെവ്വേറെയോ ആകാം.

മൂന്ന്. മൂത്രചികിത്സയിലൂടെ അവർ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അഥവാ, ഫലം കണ്ട ഒരു ചികിത്സയെ കുറിച്ചാണ്, അല്ലാതെ ശമനം ഓഫർ ചെയ്തു പണം പറ്റിച്ച അനുഭവമല്ല ചർച്ച! ഇനി പറയാം.

#മൂത്രപാന_ചികിത്സ

ആരോഗ്യപാലനം, സൗന്ദര്യസംവർദ്ധനം മുതലായവക്കായി മൂത്രം ഉപയോഗിക്കുന്ന വൈദ്യസമ്പ്രദായമാണ് Urine Therapy അഥവാ മൂത്രപാന ചികിത്സ. 2012 ഫെബ്രുവരി 20-ലെ Times of India യിൽ ആചാര്യ വി. വാസുദേവയുടെ Does urine therapy work? എന്ന ലേഖനത്തിൽ പറയുന്നത് ശരീരത്തെ ചൈതന്യവത്താക്കി നിലനിർത്തി വാർദ്ധക്യത്തെ അകറ്റാനും, വിട്ടുമാറാത്ത പല രോഗങ്ങളേയും ശമിപ്പിക്കാനും ഈ വൈദ്യമുറയ്ക്ക് കഴിവുണ്ടെന്നാണ്.

#മൂത്രപാന_ചികിത്സയുടെ_ചരിത്രം.

  ഇത് അറബികൾക്കിടയിൽ മാത്രം നിലനിന്നിരുന്നതോ നബി സ്വ.യോടെ ആരംഭിച്ചതോ അല്ല. പുരാതന കാലം മുതലേ ഈജിപ്തിലും ചൈനയിലും ഇതു പ്രചാരത്തിലുണ്ടായിരുന്നു. മെക്സിക്കോയിലെ ആസ്ടെക്കുകൾ മുറിവുകൾ കഴുകാൻ മൂത്രം ഉപയോഗിച്ചിരുന്നു എന്ന് മാക്സൈൻ ഫ്രിത്ത്  2006 ഫെബ്രുവരി 21-നു  The Independant എന്ന ബ്രിട്ടീഷ് ദിനപ്പത്രത്തിൽ എഴുതിയ "Urine: The body's own health drink" എന്ന ലേഖനം വ്യക്തമാകുന്നു. ഒന്നാം നൂറ്റാണ്ടിലെ റോമൻ ചരിത്രകാരൻ പ്ലിനി, (പ്ലിനി ദ എൽഡർ), വൃണങ്ങൾ, തീപ്പോള്ളൽ, മുറിവുകൾ, തേൾ കുത്തൽ എന്നിവയുടെയൊക്കെ ചികിത്സയ്ക്ക് പുതുമൂത്രത്തിന്റെ ഉപയോഗം നിർദ്ദേശിച്ചിരുന്നു എന്ന് 2011 മാർച്ച് 10-ലെ "The guardian" ദിനപ്പത്രത്തിൽ എഴുതിയ The Unusual Uses of Urine എന്ന ശാസ്ത്ര ലേഖനത്തിൽ Richard Sugg പറയുന്നുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിലെ  ലാറ്റിൻ കവി Catallus, സ്പെയിൻകാരനായ ഇഗ്‌നേഷ്യസിന്റെ ചിരിയെ പരിഹസിച്ചു കൊണ്ട് തന്റെ  Your Teeth! : Egnatius എന്ന കവിതയിൽ എഴുതുന്നത് വായിക്കൂ:

there’s nothing more foolish than foolishly smiling.
Now you’re Spanish: in the country of Spain
what each man pisses, he’s used to brushing
his teeth and red gums with, every morning,
so the fact that your teeth are so polished
just shows you’re the more full of piss.

(വിഡ്ഢിച്ചിരിയേക്കാൾ വിഡ്ഡിത്തം വേറെയില്ല.
നീയിപ്പൊ ഒരു സ്പെയിൻകാരൻ,
സ്പെയിൻ നാട്ടിൽ ഓരോ മനുഷ്യനും
സ്വന്തം മൂത്രം കൊണ്ടാണ്
രാവിലെ പല്ലും മോണയും തേയ്ക്കുന്നത്‌.
അതിനാൽ നിന്റെ പല്ലുകളുടെ തിളക്കം,
നീയാണ് ഏറ്റവും കൂടുതൽ മൂത്രിക്കുന്നതെന്നാണ് കാണിക്കുന്നത്).

പുരാതനറോമിലും സ്പെയിനിലും പല്ലുകൾ തിളക്കമുള്ളതായി നിലനിർത്താൻ മൂത്രം ഉപയോഗിച്ചിരുന്നുവെന്ന് ഈ വരികൾ അറിയിക്കുന്നുണ്ട്.

#ആധുനിക_കാലത്ത്.

ഇന്ത്യയുടെ അഞ്ചാം പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി മൂത്രപാന ചികിത്സയുടെ അതിശക്തനായ ഒരു വക്താവ് ആയിരുന്നു. സർവ രോഗസംഹാരിയാണെന്ന് പോലും അദ്ദേഹം വാദിച്ചിരുന്നുവത്രെ. 1978ൽ Dan Rather മായി അദ്ദേഹം നടത്തിയ ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ യൂറിൻ തെറാപ്പിക്കു അനുകൂലമായി വാദഗതികൾ നിരത്തുകയുണ്ടായി. ദീർഘകാലമായി മൂത്രപാന ചികിത്സ ചെയ്തിരുന്ന ദേശായി, ശരിയായ ചികിത്സ നേടാൻ കഴിയാത്ത മില്യൺ കണക്കിന് ഭാരതീയർ മൂത്രപാന ചികിത്സ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു ( Chowdhury, Prasenjit (July 27, 2009)."Curative Elixir: Waters Of India". The Times of India. Archived from the original on 2009-06-30).

ബ്രിട്ടീഷ് സിനിമാ നടിയായിരുന്ന സാറാ മൈൽസ് മുപ്പതു വർഷത്തോളം അലർജി സംബന്ധമായ രോഗങ്ങൾക്ക് മൂത്രപാന ചികിത്സ നടത്തിയിരുന്നു ( 'I can't wait to get off this planet', interview with Sarah Miles in The Independent, September 2007).

2008 ൽ നിലവിൽ വന്ന ചൈന യൂറിന്‍ തെറാപ്പി അസോസിയേഷന്‍ വക്താക്കള്‍ പറയുന്നത് കഷണ്ടി മുതല്‍ ട്യൂമര്‍ വരെ മാറ്റാനുള്ള ഔഷധ ഗുണം മൂത്രത്തിനുണ്ടെന്നാണ്. രോഗശാന്തിയ്ക്ക് വേണ്ടി ഈ അസോസിയേഷനിലെ അംഗങ്ങള്‍ മൂത്രം കുടിയ്ക്കും. ഏത് രോഗവും ഇത്തരത്തില്‍ ഭേദമാക്കാമെന്നാണ് സംഘടന വാദിയ്ക്കുന്നത്.

കേരള നിയമസഭയിൽ ഇപ്പോഴും ഉദുമ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.കുഞ്ഞിരാമൻ എം.എൽ.എ 1995 മുതൽ ഹൃദ്രോഗ ചികിത്സക്കായി യൂറിൻ തെറാപ്പിയാണ് സ്വീകരിച്ചിരുന്നത്. ചന്തേര യു.പി. സ്കൂളിൽ നടന്ന 'രോഗമുക്തി സമൂഹത്തിന് യൂറിൻ തെറാപ്പി' എന്ന സെമിനാറിൽ സംസാരിച്ചുകൊണ്ടാണ് നല്ലൊരു വൈദ്യൻ കൂടിയായ എം.എൽ.എ ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 നവംബർ 20ന് മൂത്രപാനചികിത്സയെ (urine therapy or urotherapy) കുറിച്ച് സൂര്യ ടി.വി സംഘടിപ്പിച്ച ഒരു സംവാദത്തില്‍  മൂത്രപാനംമൂലം വിവിധ രോഗങ്ങള്‍ ഭേദമായ ഇരുപതിലധികം പേര്‍ അനുഭവസാക്ഷ്യം പറയാനെത്തി. ഇങ്ങനെ ശ്രദ്ധേയരായ
അനേകം വ്യക്തികളെയും സംഭവങ്ങളെയും  ഉദ്ധരിക്കാനാകും. ചുരുക്കത്തിൽ ജനപ്രീതി നേടിയ ഒരു പരമ്പരാഗത ചികിത്സാ രീതിയാണ് യൂറിൻ തെറാപ്പി .

#പ്രീമാരിൻ
ആർത്തവം നിലച്ചുപോവുക, യോനി വരണ്ടതാവുക, ആർത്തവവിരാമത്തെ തുടർന്നുണ്ടാകുന്ന അസ്ഥിക്ഷതം,  തുടങ്ങിയവക്ക് സ്ത്രീകൾക്ക് നിർദേശിക്കപ്പെടാറുള്ള ഈസ്ട്രജൻ ഉത്പന്നമായ PREMARIN എന്ന ഔഷധം പെൺകുതിരയുടെ മൂത്രമാണ് എന്ന് അറിയുന്നവർ വിരളമായിരിക്കും. PREMARIN എന്ന വാക്കിന്റെ പൂർണ രൂപം തന്നെ PREgnant MARe urIN (ഗർഭിണിയായ പെൺകുതിരയുടെ മൂത്രം) എന്നാണ്! ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ ഔഷധം പ്രീമാരിനാണ് - Tylenol ന്റെ തൊട്ടുപിറകെ!

#ഒട്ടകമൂത്രത്തിനു_പ്രത്യേകതയുണ്ടോ?

ഓരോ നാട്ടിലെയും ജനങ്ങൾ ആ നാട്ടിലെ വ്യത്യസ്ത ജീവികളുടെ മൂത്രത്തിനു സവിശേഷതയുണ്ടെന്ന് മനസിലാക്കിയിരുന്നു. ഭാരതത്തിൽ ഗോമൂത്രത്തിനായിരുന്നു പ്രചാരം. യൂറോപ്പിൽ കുതിരമൂത്രമാണ് കൂടുതൽ പ്രചരിച്ചത്. നബിതിരുമേനി യൂറിൻ തെറാപ്പി നിർദേശിച്ച സംഭവത്തിലുള്ളത് ഒട്ടകമാണ്. അതിനു മറ്റുള്ളവയേക്കാൾ സവിശേഷതയുണ്ടെന്ന വാദം അവിടെ ഉന്നയിച്ചിട്ടില്ല. എങ്കിലും ആധുനിക കാലത്തെ ചില പഠനങ്ങൾ ഒട്ടകമൂത്രത്തിന് സവിശേഷതയുണ്ടെന്ന് പറയുന്നു. British Institute of Biology യുടെ പ്രസിദ്ധീകരണത്തിൽ Dr Sabah Jassim  എഴുതിയ ശാസ്ത്ര പ്രബന്ധത്തിൽ ഒട്ടകമൂത്രത്തിലുള്ള പ്രതിരോധാണുക്കളുടെ എണ്ണം താരതമ്യേന കൂടുതലാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  BBC ലേഖകൻ David Bamford അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന് ഈ ലിങ്ക് ഉപയോഗിക്കുക: http://news.bbc.co.uk/1/hi/world/middle_east/1702393.stm

ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം Chinese Pharmaceutical Company നടത്തിയിട്ടുണ്ട്. കാൻസർ രോഗികൾക്ക് നടത്തിയ കീമോതെറാപ്പി 30 ശതമാനം പേരിലേ വിജയിച്ചുള്ളൂ. എന്നാൽ ഒട്ടക മൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന കാൻസർ പ്രതിരോധ മരുന്നായ CDA-II അറുപത്തൊന്ന് ശതമാനം പേർക്ക് ഗുണം ചെയ്തു!

#പഠനങ്ങൾ
മൂത്രപാന ചികിത്സയെ കുറിച്ച് വിശദമായി ആഖ്യാനിക്കുന്ന ധാരാളം പഠനങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഗൂഗ്ളിൽ medicine made from urine എന്ന് ടൈപ് ചെയ്താൽ പ്രത്യക്ഷപ്പെടുന്ന ഒരോ ലിങ്കും നിങ്ങളെ അതിശയിപ്പിക്കും. ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രചന 1940 കളില്‍ ജെ.ഡബ്‌ളിയു. ആംസ്‌ട്രോങ് എന്ന ബ്രിട്ടീഷുകാരന്‍ എഴുതിയ The Water Of Life: A Treatise on Urine Therapy എന്ന പുസ്തകമാണ്. ടി. നാരായണന്‍ നിർവഹിച്ച ഈ ഗ്രന്ഥത്തിന്റെ സ്വതന്ത്ര പരിഭാഷ 2011 ൽ  'യൂറിന്‍ തെറാപ്പി' എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Martha M. Christy  എഴുതിയ Your Own Perfect Medicine: The Incredible Proven Natural Miracle Cure that Medical Science Has Never Revealed! എന്ന ഗ്രന്ഥവും ലോകവ്യാപകമായി വായിക്കപ്പെട്ടിട്ടുണ്ട്. Flora Peschek-Böhmer, Gisela Schreiber എന്നിവർ ചേർന്നെഴുതിയ Urine Therapy: Nature's Elixir for Good Health എന്ന ഗ്രന്ഥവും മികച്ച റഫറൻസാണ്.

#ഇസ്ലാമിക_നിലപാട്
ഇത്രയും വിവരിച്ചതിന്റെ താത്പര്യം യൂറിൻ തെറാപ്പി സർവ രോഗസംഹാരിയാണെന്നോ ഏറ്റവും മികച്ച ചികിത്സാരീതിയാണെന്നോ നിരുപാധികം പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നോ  ഇസ്‌ലാം വിശ്വസിക്കുന്നുണ്ട് എന്നല്ല. ഒരു ചികിത്സാ രീതി എന്ന നിലയിൽ മനുഷ്യാനുഭവ ചരിത്രം അതിനെ വകവെച്ചിട്ടുണ്ട് എന്നാണ്. മൂത്രം മനുഷ്യന്റെതായാലും മൃഗത്തിന്റെതായാലും നജസ് - മാലിന്യം ആണ്. അത് ഉപയോഗിക്കുന്നതല്ലാതെ ജീവൻ നിലനിർത്തുവാനോ രോഗശമനത്തിനോ വേറെ വഴിയില്ലാതാകുമ്പോൾ അല്ലാതെ ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നു മാത്രമല്ല, മറ്റു വഴികളുണ്ടായിരിക്കെ മൂത്രപാനം ചെയ്യുന്നത് ഹറാം - നിഷിദ്ധമായ പാപകൃത്യം കൂടിയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയോ വികാസമോ ഒന്നും ഇല്ലാതിരുന്ന കാലത്താണ് മറുമരുന്നില്ലാത്ത സാഹചര്യത്തിൽ നബിതിരുമേനി യൂറിൻ തെറാപ്പി നിർദേശിച്ചത്.

#മുസ്ലിംകൾ_ഒട്ടകമൂത്രം_കുടിക്കണോ?

ഹദീസിൽ യൂറിൻ തെറാപ്പിക്കു നിർദേശിച്ചതു ചൂണ്ടിക്കാട്ടി മുസ്‌ലിംകൾ ഇനി മുതൽ അസുഖം വന്നാൽ ഒട്ടകമൂത്രം കുടിക്കണം എന്ന് പരിഹസിക്കുന്ന മിഷണറി സുഹൃത്തും അയാളുടെ പോസ്റ്റിനു കീഴെ കമന്റിടുന്ന മറ്റു ചിലരും കഥയറിയാതെയാണ് ആട്ടം കാണുന്നത്. സാക്ഷാൽ ബൈബിളിൽ തന്നെ മൂത്രചികിത്സയെ സൂചിപ്പിക്കുന്ന വരികളുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ യൂറിൻ തെറാപ്പിയെ സംബന്ധിച്ച് എഴുതിയ ജെ.ഡബ്ലിയൂ. ആംസ്ട്രോങ്ങ്, തന്നെ ഈ ചികിത്സാവിധിയിലേക്ക് ആകർഷിച്ചത് ഹീബ്രു ബൈബിളിലെ 5/15 വാക്യമാണെന്ന് അവകാശപ്പെടുകയുണ്ടായി. "നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക." എന്നാണ് പ്രസ്തുത വാക്യം.

ചിലർ യിരമ്യാവ് 2/13 ഇതിനോട് ചേർത്തു വായിക്കുന്നു: "എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു."

ആദ്യത്തെ വാക്യത്തിലെ 'സ്വന്തജലാശയത്തിലെ തണ്ണീർ' എന്ന വാക്യവും രണ്ടാമത്തേതിലെ 'ജീവജലം' എന്ന വാക്കുമാണ് വേറെ അർഥസാധ്യതകൾ ഉണ്ടെങ്കിലും യൂറിൻ തെറാപ്പിക്ക് അനുകൂലമായി ഉദ്ധരിക്കപ്പെടാറുള്ളത്. ആംസ്ട്രോങ്ങ് തന്റെ കൃതിക്കു "ജീവജലം" (Water of Life)  എന്ന പേരാണ് കൊടുത്തതു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് കുഞ്ഞാടുകൾ ആദ്യം സ്വന്തം മൂത്രം പാനം ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റാവില്ല.

ഹൈന്ദവ നിലപാടും വ്യത്യസ്തമല്ല. മൂത്രപാന ചികിത്സ ആർഷഭാരത സംസ്കാരത്തിന്റെ ഭാഗമാണ് എന്നാണ് പല ഹിന്ദുക്കളും വിശ്വസിക്കുന്നത്. കേന്ദ്രമന്ത്രി ശ്രീ നിദിൻ ഗാഡ്കരിയെ ഉദ്ധരിച്ച് ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കും.

താന്ത്രിക പാരമ്പര്യത്തിൽ പെട്ട 'ദമരതന്ത്രം' എന്ന സംസ്കൃതകൃതിയിലെ ഒരു ഖണ്ഡം മൂത്രപാനത്തിന്റെ മഹത്വങ്ങൾ എടുത്തു പറയുന്നു. ശിവൻ പാർവതിക്കു നൽകുന്ന ഉപദേശത്തിന്റെ രൂപത്തിൽ എഴുതപ്പെട്ട 107 ശ്ലോകങ്ങൾ അടങ്ങുന്ന ഈ ഖണ്ഡം മൂത്രചികിത്സയുടെ രീതിയും പ്രയോജനങ്ങളും വിവരിക്കുന്നുണ്ട്.

രാത്രി മൂന്നു യാമം പിന്നിട്ട ശേഷം ഉറക്കമുണർന്ന്, കിഴക്കുദിശയിലേക്ക് തിരിഞ്ഞു നിന്ന് സ്വർണ്ണം, വെള്ളി, ചെമ്പ്, ഓട്, പിത്തള, ഇരുമ്പ്, മണ്ണ്, ദന്തം, തോൽ, തടി എന്നിവയിൽ ഏതെങ്കിലും കൊണ്ടുള്ള പാത്രത്തിൽ മൂത്രം ശേഖരിക്കണം. ഇപ്രകാരം ശേഖരിക്കുന്ന മൂത്രം പത്തു വർഷം നിഷ്ഠാപൂർവം പാനം ചെയ്താൽ വായുവിലൂടെ പറക്കാനാകുമെന്നും പന്ത്രണ്ടു വർഷം അതു തുടരുന്നവർ ആചന്ദ്രതാരം ജീവിക്കുമെന്നും മറ്റുമുള്ള അവകാശവാദവും ഇതിലുണ്ട്.

സാധാരണ ഉദ്ധരിച്ചു കാണാറുള്ളത് ദമരതന്ത്രത്തിലെ പത്താം ശ്ലോകമാണ്:
"മുഖശുദ്ധിം വിധായാതാ
കൃത്വാ ചാവശ്യകീ ക്രിയാം
പിബേത് ശിവാംബു വിമലം
ജൻമ രോഗ വിനാശനം"
(പ്രഭാതത്തിൽ എഴുന്നേറ്റ് മുഖം കഴുകി പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ശേഷം തന്റെ നിർമലമായ മൂത്രം - ശിവാംബു - കുടിച്ചാൽ എല്ലാ വിധ ജൻമരോഗങ്ങളെയും അതു നശിപ്പിക്കും).  കൂടുതൽ വായിക്കാൻ :
www.healsa.co.za/PDF%20Files/Damar_Tantra.pdf.

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ചരകന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥമായ ചരകസംഹിതയിലെ ഒരു ഭാഗത്ത് എട്ടു തരം മൂത്രങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കുന്നത് പ്രസിദ്ധമാണ്. wikisource ൽ "ചരകസംഹിത/സൂത്രസ്ഥാനം/ദീർഘഞ്‌ജീവിതീയം'' എന്ന് ടൈപു ചെയ്താൽ പൂർണമായ സംസ്കൃത മൂലത്തോടൊപ്പമുള്ള പരിഭാഷയും ലഭ്യമാണ്.

അതായത്, ലോകത്തെ എല്ലാ പുരാതന സംസ്കാരങ്ങളിലും മൂത്രപാന ചികിത്സ നിലനിന്നിരുന്നു. എല്ലാവരും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം മാത്രമാണ് നിവൃത്തി കെട്ടാലല്ലാതെ ഈ 'മാലിന്യചികിത്സ' പാടില്ലെന്ന് വിലക്കിയത്.
✍ Muhammad Sajeer Bukhari