ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 18 May 2020

കാന്തപുരം-ദി റിയൽ ഹീറോ


#ഉസ്താദ്_കാന്തപുരം , #കിരീടം_വക്കാത്ത_രാജാവ്...#ദി_റിയൽ_ഹീറോ...!

ആ ഫോട്ടോയുടെ നടുഭാഗത്ത്‌, ഓലപ്പുരയിൽ നിസ്കരിക്കുന്ന ഒരാളെക്കണ്ടോ നിങ്ങൾ..?... ഇന്ത്യൻ മുസ്ലിംകൾ എന്ന് കേൾക്കുമ്പോൾ വർത്തമാന വിദേശികളുടെ മനസിലേക്കോടി എത്തുന്ന  ഒരേ ഒരു നാമം അദ്ധേഹത്തിന്റെതാണ്. അതേ സാർ... അദ്ധേഹമാണ് മുസ്ലിം ഇന്ത്യയുടെ പ്രതാപത്തിന്റെ പ്രതീക്ഷ ഉസ്താദ് കാന്തപുരം... പുല്ലുമേഞ്ഞ പഴയ ശൈലിയിൽ നിന്ന്  ആധുനികതയുടെയും പ്രതാപത്തിന്റെയും മട്ടുപ്പാവിലേക്ക് മുസ്ലിം ഉമ്മത്തിനെ കൈ പിടിച്ചത് അദ്ധേഹമായിരുന്നു. ഗുജറാത്ത് കേരളത്തിലാവർത്തിച്ചാലെന്തു ചെയ്യുമെന്ന് ചോദിച്ച് വടിവാൾ സംഘടനകൾ സമുദായത്തിനുള്ളിൽ മുളച്ച് പൊന്താൻ വെമ്പൽ കൊണ്ടപ്പോൾ അവരുടെ ശത്രു ഈ കാന്തപുരമായിരുന്നു. വെട്ടു കിട്ടുമ്പോൾ തടുക്കാനായിട്ട് തലേക്കെട്ടുകാർ ഞങ്ങളെ വിളിക്കരുതെന്നു പറഞ്ഞ് കുറച്ച് യുവാക്കളെക്കൂട്ടി മുഷ്ടി ചുരുട്ടി-മെഴുകുതിരി വെട്ടത്തിലേക്കവർ ഉൾവലിഞ്ഞപ്പോളും ഗുജറാത്തവർക്ക് പേടി സ്വപ്നം തന്നെയായിരുന്നു.

                  ഒന്നിരുട്ടി വെളുത്തപ്പോൾ അക്കൂട്ടർ കാണുന്നത് മറ്റൊരു ദൃശ്യമായിരുന്നു. ഗുജറാത്തിന്റെ രാജവീഥികളിൽ നിറപുഞ്ചിരിയുടെ നറുനിലാവായി ചങ്കുവിരിച്ച് നിൽക്കുന്ന ഉസ്താദ് കാന്തപുരത്തെ ... ഈ ദൃശ്യങ്ങൾ കണ്ടവർക്ക് ,മെഴുകുതിരിയും കത്തിച്ച് വടിവാളിന്റെ കഥ പറഞ്ഞ മെഗാ എപ്പിസോഡുകൾ നിർത്തിവച്ച്, തലപ്പാവിന്റെ പവർ തിരിച്ചറിയേണ്ടി വന്നു എന്നത് മറ്റൊരു ക്ളൈമാക്സ്...

               ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഓരത്ത് നിന്ന സമുദായ സന്തതികളെ സമുദ്ധാരണത്തിന്റെ സുന്ദര യൗവ്വനങ്ങളിലേക്ക് കൈപിടിച്ചതീ ഉസ്താദായിരുന്നു.മുസ്ലിം സമുദായത്തിന്റെ രാഷ്ടീയ അരക്ഷിതാവസ്ഥ മുതലെടുത്ത് ,സമുദായ രാഷ്ടീയത്തെ കൂടെ നിർത്തി- വഹാബികൾ വളർച്ചയുടെ പടവുകൾ സ്വപ്നം കണ്ടപ്പോൾ പ്രതിരോധത്തിന്റെ ഉരുക്കു കോട്ടയുമായി എതിർത്ത് നിന്നതും ലക്ഷ്യം കണ്ടതും കാന്തപുരം മാത്രമായിരുന്നു.പിന്നെക്കണ്ടത് ആദർശ യുദ്ധമായിരുന്നു. ഖുർആനും ഹദീസും വളച്ചൊടിച്ച് സമുദായ ചിലവിൽ വളരാൻ ശ്രമിച്ച ബിദഇകളെ കൊട്ടപ്പുറത്തിന്റെ മണ്ണിൽ പിടിച്ച് കെട്ടി മലത്തിയടിച്ചതുമീ കാന്തപുരമായിരുന്നു. ആദർശ പരമായി സുന്നികളെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വഹാബി മൗദൂദാതി കൂട്ടങ്ങൾ -'പാരമ്പര്യ വാദി ,പഴഞ്ചൻ' തുടങ്ങിയ വിളിപ്പേരുമായി ന്യൂ ജനറേഷന്റെ മുന്നിൽ സുന്നികളെ ഇകഴ്ത്താനൊരു വിഭല ശ്രമം നടത്തി നോക്കി. വിവാഹമോ  പൊതു പരിപാടിയോ വന്നാൽ, മേൽ പറഞ്ഞ തമ്പുരാക്കൻമാർ കസേരയിട്ട് കാലിമേൽ കാലും കയറ്റി വച്ചിരിക്കും. പണ്ഡിതർ ഓഛാനിച്ച് പിറകിൽ നിൽക്കണമായിരുന്നു. ''വേദം ചുമക്കുന്ന കഴുതകളെന്ന് '' ശംസുൽ ഉലമയുൾപ്പെടെയുള്ളവരെ - സ്റ്റേജിലിരുത്തി, പ്രമുഖനായൊരു ലീഗ് ബിദഇ വിശേഷിപ്പിച്ചത് നാമാരും മറന്നിട്ടില്ല.

                  കാന്തപുരം കർമ്മ രംഗത്ത് കാലുറപ്പിച്ചതോടെ ഉസ്താദുമാർ സമൂഹത്തിന്റെ അഭിമാനികളായി മാറുകയായിരുന്നു.സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതർ G M C യിലും മറ്റ് വില കൂടിയ അത്യാധുനിക വാഹനങ്ങളിലും തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ പഴയ തമ്പുരാക്കൻമാർ ഓടിയ വഴി കണ്ടില്ല എന്നതാണ് സത്യം. കമ്മിറ്റിക്കാരുടെയും രാഷ്ട്രീയക്കാരുടെയും മുന്നിൽ ഓഛാനിച്ച് നിൽക്കുന്ന കീഴ്വഴക്കം തകർത്തെറിഞ്ഞ് അറബിക്കടലിൽ തള്ളിയത് കാന്തപുരമായിരുന്നു. ''കാൽ കാശിന് ഗതിയില്ലാത്തവർ ''എന്ന അഡ്രസിൽ നിന്ന് , മൂവായിരം കോടിയുടെ ഡ്രീം പ്രൊജക്ടായ നോളജ് സിറ്റി സമുദായത്തിന്റെ കൈ വെള്ളയിലേക്ക് വച്ചു കൊടുത്തതോടെ സംഗതിയാകെ തല കുത്തി മറിഞ്ഞു. 'ഞങ്ങക്കും പറ്റും. പക്ഷേ ലക്ഷ്യമതല്ലാത്തതു കൊണ്ട് ഞങ്ങളതിനില്ലെന്ന് ' ,നോളജ് സിറ്റിയെ പേരെടുത്ത്   , 'ബഹുമാനപ്പെട്ട' ഒരു നേതാവ് പറയുമ്പോൾ   ,വെറും നൂറു കോടി ഒപ്പിക്കാൻ - മരണ വാർത്തയുടെയും മയ്യിത്ത് നിസ്കാരത്തിന്റെയും മൊഗാ ഓഫറിന്റെ എപ്പിസോഡുമായി പിന്നാമ്പുറ ചിട്ട വട്ടങ്ങൾ കലങ്ങി മറിയുന്നതും ,ലക്ഷ്യവും മാർഗവും രണ്ടാണെന്ന എമണ്ടൻ ന്യായീകരണവുമായി കോമഡിയിറക്കുന്ന ഓൺലൈൻ പോരാളികളുടെ ദയനീയതയുമോർക്കാനാർക്കെവിടെ സമയം... പഴയത് പറയരുതാത്തതാണ്. പക്ഷേ ,ചില വിജയങ്ങൾ വരച്ചിടണമെങ്കിൽ അതിനായതിജയിച്ച വെല്ലുവിളികളുടെ ചില ചിത്രങ്ങളെങ്കിലും വർത്തമാനകാലത്തേക്ക് മറനീക്കേണ്ടി വരും. വിരൽ ചൂണ്ടപ്പെടുന്നവർക്ക് സങ്കടമാകുന്നുണ്ടെങ്കിൽ, മനപൂർവ്വമല്ല- ക്ഷമിക്കുമല്ലോ...!

               അസൂയാലുക്കൾ കളം നിറഞ്ഞാടുമ്പോളും അറബിക്കടലിനെയും തോല്പിച്ചീ കാന്തപുരം നിറഞ്ഞൊഴുകുകയാണ്.''പണ്ഡിതരിലെ പ്രഫഷണൽ'' എന്ന് പണ്ടൊരിക്കൽ മലയാള മനോരമ വിശേഷിപ്പിച്ചത് വെറുതെയല്ല. രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രങ്ങളും നീതി പാലകരും നിയമ വൃത്തങ്ങളും പത്രക്കാരുമെന്ന് വേണ്ട സകല ജനങ്ങൾക്കും സുപരിചിതമായൊരു പണ്ഡിത നാമമീ കാന്തപുരത്തിന്റേതു മാത്രമാണ്. ധിഷണാപരമായി ഇന്ത്യൻ മുസ്ലിമിന് നേതൃത്വം കൊടുക്കാനുള്ള ആ കഴിവും നേതൃപാടവവും പാണ്ഡിത്യവും തിരിച്ചറിഞ്ഞതു കൊണ്ടാണ് സയ്യിദ് അലവി മാലിക്കി മക്കയെപ്പോലുള്ള ശൈഖ് സബാഹ് രിഫാഇയെപ്പോലുള്ള വിശ്രുത പണ്ഡിതർ ,''സുൽതാനുൽ ഉലമ ,ഖമറുൽ ഉലമ'' എന്നൊക്കെ അഭിമാനപൂർവ്വം നീട്ടി വിളിച്ചത്.

             എന്ത് ചെയ്യാൻ... പ്രസ്തുത വിളിപ്പേരുകൾ ഇടിത്തീ പോലെ ചിലരുടെ മേൽ പതിച്ചത് വിധിയാണ് സാർ... ആ പേരിൽ ഇനിയും കാന്തപുരത്തിന് നേരെ കുതിര കയറാതെ സ്വയം സമാധാനിക്കുക. അതേ വഴിയുള്ളു...

                 പക്ഷേ ,വിമർശന വീചികളിലെ ശത്രുസാന്നിധ്യമായി കുപ്പായമണിഞ്ഞ ജമാഅത്തുകാരന്റെ മാധ്യമം 1989 ൽ തന്നെ ചിലത് തുറന്ന് പറയാൻ നിർബന്ധിതരായി. വിഴുങ്ങിയും വിക്കിയും അവർ പറഞ്ഞൊപ്പിച്ചത് എതിർക്കാനായിരുന്നെങ്കിലും അതിലെ പല വരികളുമിന്ന് വെള്ളിമാടു കുന്നിലെ ചെരിഞ്ഞ ഇസ്ലാമിയുടെ ഹെഡ് ക്വാർട്ടേഴ്സിനിന്ന് ഉറക്കമില്ലാ രാവുകളാണ് സമ്മാനിക്കുന്നത്. കാര്യങ്ങളിന്ന് അവരുടെ പ്രതീക്ഷകളുടെയും അപ്പുറത്തേക്ക് പ്രകാശ വേഗതയേയും കവച്ചു വച്ചാണ് കുതിക്കുന്നത്.... ആ വരികളിങ്ങിനെ...

"തലപ്പാവും തൊപ്പിയും കണ്ടിട്ടോ മതപ്രസംഗത്തിലെ അസഹിഷ്ണുതാ പരമായ പരാമർശങ്ങൾ കേട്ടിട്ടോ എ. പി ഒരു #സാധാരണ_മുസ്ലിയാരാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. #കരുത്തുറ്റ ഒരു #സംഘാടകനാണദ്ദേഹം.#കാരന്തൂരിലെ_സുന്നി_മർക്കസ് എ പി യുടെ സംഘടനാ വൈഭവത്തിൻറ മികച്ച ഉദാഹരണമാണ്.ഒരു കാലത്ത് ആരാരുമറിയാതെ ഒരു പളളിയിൽ മതാധ്യാപകനായി ഒതുങ്ങി കൂടിയ എ പി. ഇന്ന് കേരളത്തിലെ ഒരു വിഭാഗം #മുസ്ലിം_ജന_സാമാന്യത്തിൻറ_കിരീടം_വെക്കാത്ത_രാജാവായതിൻറ പിന്നിൽ ഈ വൈഭവം മാത്രമാണുളളത്."....(മാധ്യമം: 20 -1-1989).

                     സമുദായത്തിലെ v i p കളെന്ന പലരുടെയും അഹങ്കാരത്തിന് കടിഞ്ഞാണിട്ട് കാന്തപുരം തൊണ്ണൂറിന്റെ ഓരത്തും കിതക്കാതെ കുതിക്കുകയാണ്.അതേ സാർ... 1989 ലങ്ങിനെയായിരുന്നെങ്കിലിന്ന് ,ലോകം 2020 ലെത്തി... കാന്തപുരമിന്ന് ഇന്ത്യയിലെ മുസ്ലിം ജനസാമാന്യത്തിന്റെ കിരീടം വക്കാത്ത രാജാവായി വിലസുകയാണ്. വിമർശനങ്ങളെ പൂച്ചെണ്ടുകളായി സ്വീകരിച്ച് ...ചില്ലുമേടയിലിരുന്ന് കല്ലെറിയുന്നവർക്ക് നേരെ പുഞ്ചിരിയുടെ പൂത്താലങ്ങളുമായി...

                       ഇതു വരെ അങ്ങയെ നേരിട്ട് കണ്ടിട്ടില്ല... എന്നാലും താങ്കൾ നില കൊള്ളുന്ന നാട്ടിൽ- ഒരു  കേരളക്കാരിയാകാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനം തോന്നുന്നു ഉസ്താദ്... ഒന്നുകൂടി... താങ്കളുടെ ഉയർച്ചയിലും വളർച്ചയിലും അസൂയയുണ്ടെനിക്ക്... അതിലുപരി ,ഒരു മലയാളി ആണല്ലോ എന്നതിന്റെ സ്വകാര്യ അഹങ്കാരവും... അട്ടയുടെ കണ്ണ് കണ്ട രാഷ്ടീയ ചാണക്യൻമാർ അങ്ങയുടെ മുന്നിൽ പഞ്ചപുഛമടക്കി നിൽക്കാൻ മത്സരിക്കുമ്പോൾ... എന്റെ കൂട്ടുകാരികളിൽ പലരും ചോദിച്ചിട്ടുണ്ട്- ''എന്താണീ മാജിക്കിന്റെ ലോജിക്കെന്ന്...?...''. അങ്ങ് ലോകത്തിനെന്നും വിസ്മയമാണ്... വിലയിരുത്തപ്പെടാൻ കഴിയാത്ത പ്രോജ്വലമായ വർണ്ണ വിപ്ളവ വിസ്മയം...!

                     ''കൈതപ്പൊയിലിൽ പണിയുന്ന സ്വപ്ന പദ്ധതിക്ക് കോഴിക്കോട് സ്വപ്ന നഗരിയിൽ തറക്കല്ലിട്ട ആ സ്വപ്ന വൈഭവം'' സ്വപ്നത്തിൽ പോലും തിരിച്ചറിയാൻ കഴിയാത്ത വികാര ജീവികൾ ഇന്നും തല തല്ലിക്കരയുകയാണ്. ആര് എന്തൊക്കെപ്പറഞ്ഞാലും, ഉസ്താദ് കാന്തപുരത്തിന് പകരം വക്കാനാളില്ലെന്ന് തുറന്ന് സമ്മതിച്ച- ശത്രു പക്ഷത്ത് സ്വയം അവരോധിതനായ  പ്രമുഖ നേതാവിനെ ഞാനോർത്തു പോകുന്നു.'' ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിനൊരു ദേശീയ നേതാവ് വേണം. എടുക്കാനുണ്ടോ നിങ്ങളുടെ കരങ്ങളിൽ...?...'' - എന്ന ടൈറ്റിലിൽ ഞാനെഴുതിയ ലേഖനത്തിന് പരിഭവം പറയാനെത്തിയതായിരുന്നു കക്ഷി...!... കാന്തപുരത്തിന്റെ പടയോട്ടത്തിന്റെ പ്രോജ്വല പ്രഭകളായ സ്ഥാപന സമുഛയങ്ങൾ ചർച്ചയിലെത്തിയപ്പോൾ തുടക്കമിട്ടത് ഗുജറാത്തിൽ... മഹാത്മാ ഗാന്ധിജിയുടെ ജന്മ നാട്ടിലെ കാന്തപുര വിശേഷങ്ങളിലേക്ക് തിരിഞ്ഞപ്പോൾ , അവിടുന്ന് കാശ്മീരിലേക്ക് കടക്കാൻ പോലും സമ്മതിക്കാതെ ,അദ്ധേഹം ആയുധം വച്ച് കീഴടങ്ങി...

                      അതേ സാർ ,സ്വന്തം കിടപ്പാടവും മാതാപിതാക്കളും ചവിട്ടി നിന്ന മണ്ണുമുൾപ്പെടെ സകലതും ഒന്നിരുട്ടി വെളുത്തപ്പോൾ വെന്തു വെണ്ണീറായ കുഞ്ഞു കുരുന്നുകൾ- ഗാന്ധിജിയുടെ നാട്ടിൽ - ഗുജറാത്തിന്റെ മണ്ണിൽ,നാൽക്കവലകളിലിറങ്ങി നിന്ന് പാതി ജീവനുകളുമായി എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ സകലതും മറന്ന് നിലവിളിച്ചപ്പോളാ കണ്ണ് തുടക്കാൻ ധൈര്യസമേതം ഓടി എത്തിയത് കാന്തപുരമായിരുന്നു. സംശയമുണ്ടെങ്കിൽ നിങ്ങളവിടെ ചെന്നു നോക്കൂ... അത്യാധുനിക മെഡിക്കൽ കോളേജും അഗതി അനാഥ മന്ദിരങ്ങളും വൈജ്ഞാനിക സ്ഥാപന സമുശ്ചയങ്ങളുമുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത ആധുനിക ആതുര വൈജ്ഞാനിക സൗധങ്ങളുടെ നീണ്ട നിര നിങ്ങൾക്കവിടെ ദർശിക്കാം... ഇന്നവർ എല്ലാം മറന്ന് പിച്ച വക്കുകയാണ്... ജീവിതത്തിലേക്ക്... കരുത്തനായ കാന്തപുരത്തിന്റെ കൈ പിടിച്ച് ... പ്രതീക്ഷയുടെ പൊൻ കിരണങ്ങളുമായി ...

                 40 കോടി എവിടെ എന്ന് ചോദിച്ചവർക്ക് മൂവായിരം കോടിയുടെ ഡ്രീം പ്രൊജക്ടായ നോളജ് സിറ്റി കൈ വെള്ളയിലേക്ക് വച്ച് കൊടുത്തിട്ട് കാന്തപുരം വണ്ടി കയറിയത് ഭരണ സിരാ കേന്ദ്രമായ ഡെൽഹിയിലേക്ക്... ഇന്ത്യയുടെ ഇന്ദ്ര പ്രസ്ഥത്തിന്റെ ഇടനാഴികളിൽ ഈ ഉസ്താദ് എത്തുന്നത് ഇതാദ്യമല്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട MLA യോ MP യോ ഒക്കെ ദിവസങ്ങളോളം കാത്ത് കെട്ടിക്കിടക്കണം ഒരു അപ്പോയ്മെന്റിന്... പക്ഷേ ,ഈ ഉസ്താദ് വരുന്നു ,കാണുന്നു , കാര്യങ്ങൾ അവതരിപ്പിക്കുന്നു ,നിറപുഞ്ചിരിയുടെ നക്ഷത്രത്തിളക്കവുമായി തിരിച്ചു പോകുന്നു... ഇതാണ് ഈ ഉസ്താദിന്റെ പവർ... മസിൽ പവറോ മണി പവറോ അല്ല- പടച്ചവൻ കൊടുത്ത ഇസ്സത്തിന്റെ പവറാണ്.കേരളവും ഇന്ത്യയും ആര് ഭരിച്ചാലും അധികാരത്തിന്റെ ഇടനാഴികളിൽ സമുദായ സങ്കടങ്ങളുമായി ഈ വന്ദ്യവയോധികൻ എപ്പോളുമുണ്ടാകും. ഉപചാരത്തിന്റെ ആചാര വെടി മുഴക്കി ഭരണ കർത്താക്കളും...!... പ്രധാന മന്ത്രിയെക്കാണാൻ ആഴ്ചകൾക്കു മുന്നേ അപ്പോയ്മെന്റെടുത്ത് തലേന്ന് മുതൽ കാത്തിരിക്കേ, അവിചാരിതമായി ഒരു തൂവെള്ള വസ്ത്രധാരി കടന്ന് വന്ന് മിന്നൽ സന്ദർശനം നടത്തി VIP പരിഗണനയോടെ തിരിച്ച് പോയത് കാന്തപുരമെന്ന നാലക്ഷരത്തിലൂടെ ,ഏതോ ഒരു MP മുൻപൊരിക്കലെവിടെയോ കുറിച്ചിട്ടത് ഓർമയിലേക്കോടി എത്തുന്നു. എന്തിനേറെ ,നാഗ്പൂരിൽ പോലും ഉസ്താദിനിന്ന് സ്ഥാപന സമുശ്ചയങ്ങളുണ്ട്. എന്റെ പ്രിയപ്പെട്ട ''ആസിഫ''ക്കുട്ടിയുടെ ഗോത്രക്കാർക്കായി അവരുടെ നാട്ടിൽ അവരുടെ ഉന്നമനത്തിനായി ഉത്തമമായൊരു സ്ഥാപന സമുഛയം പ്രവർത്തനമാരംഭിച്ചത് ഇന്നലെയായിരുന്നു. ''എണ്ണാമെങ്കിൽ എണ്ണിക്കോളൂ'' എന്ന് പറഞ്ഞ് ഒരറ്റത്ത് നിന്ന് എണ്ണിത്തുടങ്ങിയാൽ ഉടനെയെങ്ങും അവസാനിക്കില്ലെന്ന് ചുരുക്കം...ഇതൊന്നും കണ്ടിട്ട് ഉൾക്കൊള്ളാൻ കഴിയാത്തവർ ശത്രു റോളിൽ തിമിർത്താടുന്നതു കാണുമ്പോൾ സഹതാപം മാത്രം...

                   തന്റെ ഭരണകാലത്ത് സമുദായ സങ്കടങ്ങളുമായി ഡൽഹിയുടെ അധികാര ഇടനാഴികളിൽ തുടരെത്തുടരെ സന്ദർശനം നടത്തിയ ഒരേ ഒരു വ്യക്തി ,അത് ഉസ്താദ് കാന്തപുരമാണെന്ന് - മുൻ പ്രധാനമന്ത്രി ദേവഗൗഡ സാർ പറഞ്ഞത് ,അറിയാതെ ഈയുള്ളവളുടെ മനസിലേക്കോടി എത്തിയത് സ്വാഭാവികമാകാം...
                    
                      അതേ സാർ... കാന്തപുരം കാൽ  വക്കുന്നത് ധാർമ്മികതയുടെ ചവിട്ടുപടിയിലാണ്... കൈ വക്കുന്നത് സനാതന മൂല്യങ്ങളുടെ കർമ്മ മണ്ഡലത്തിലും... ഈ ക്രാന്ത ദർശനത്തിനൊരിക്കലും പിന്നിലേക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഈ നാലക്ഷരത്തെ അറിയാത്തവരിന്ന് കേരളത്തിലുണ്ടോ... ഇന്ത്യയുടെ മുക്കു മൂലകളിൽ -ലോക മുസ്ലിം  നായകരുടെ കാൽകുലേഷനുകളിൽ ഈ നാമം സുപരിചിതമാണിന്ന്... അരിവാൾ സുന്നി യെന്നും താമര സുന്നിയെന്നും തുടങ്ങി - ഭരണ കർത്താക്കളുടെ മുഴുവൻ പേര് കൂട്ടി ശത്രുക്കൾ നീട്ടി വിളിച്ചാശ്വസിക്കുമ്പോളും ഇന്ത്യൻ മുസൽമാന്റെ ആധികാരിക ശബ്ദമായി ''ശൈഖ് അബൂബക്കർ അഹമദ് എന്ന  കാന്തപുരം'' നിറഞ്ഞോടുകയാണ് ... തൊണ്ണൂറുകളുടെ ഓരത്തും കിതപ്പില്ലാത്ത കുതിപ്പുമായി... മലകളെപ്പോലും മറിച്ചിടുന്ന മനക്കരുത്തുമായി...

                      ഒരു രൂപയുടെ പേന വാങ്ങാൻ ചെന്നാൽ, മോല്യാരുടെ മുഖത്തേക്ക് ''ഒരു രൂപയാട്ടോ '' എന്ന അർത്ഥത്തിൽ പീടികക്കാരൻ നോക്കുന്നൊരു കാലത്ത് ,ഒരു കോടിയുടെ ഡ്രീം പ്രൊജക്ടുമായി കാരന്തൂർ മർകസിനെ ലോഞ്ചിംഗ് പൊസിഷനിൽ ഫോക്കസ് ചെയ്യിച്ചപ്പോൾ  കാന്തപുരത്തെ കളിയാക്കിയവർ, ''കാന്തപുരമല്ലേ ,ഒരു കോടിയല്ലേ അയാൾക്കതീസി'' എന്ന് പറഞ്ഞ് പിന്നീട് തടിയൂരിയത്രെ... 40 കോടിയുടെ പ്രൊജക്ട് വന്നപ്പോളും പഴയ സ്വഭാവം കാണിച്ച അതേ കൂട്ടർക്ക് മൂവായിരം കോടിയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് കാന്തപുരം കാഴ്ചവച്ചത്... വഴി മുടക്കാൻ കാത്തു നിന്ന മുക്കൂട്ട് മുന്നണികൾ ഇളിഭ്യരായി ഓടയിലൊളിച്ചത് അവരുടെ സ്വന്തം അണികളിൽ പോലും വല്ലാത്ത അസ്വസ്തതയാണ് സൃഷ്ടിച്ചത്... ''ഇനിയെങ്കിലും കാന്തപുരത്തിന്റെ പിറകേ കൂടി ചെരിപ്പും തേഞ്ഞ് ആയുസും പാഴാകുന്ന ഈ ഏർപ്പാട് നിർത്തിക്കൂടേ''- എന്ന അണികളുടെ ചോദ്യം കേൾക്കാനപ്പുറത്ത് നേതാക്കളില്ല. അവരെല്ലാം എപ്പോളേ തലയിൽ മുണ്ടിട്ട് മുങ്ങിയിരുന്നു... അതേ സാർ... നോളജ് സിറ്റിയും ശില്പി കാന്തപുരവും മുസ്ലിം ഇന്ത്യയുടെ ഹൃദയ ഭിത്തികളിൽ തങ്കലിപികളാൽ ആലേഘനം ചെയ്യപ്പെട്ടു കഴിഞ്ഞു... അതിനെ മറി കടക്കാനൊരു കുട്ടിയും ഇന്ത്യയിൽ നിലവിലില്ല. ''ഉണ്ടെങ്കിൽ കാണിച്ചു തരൂ'' എന്ന് പറഞ്ഞാൽ മറുപക്ഷത്താളില്ലാത്ത വിധം ശൂന്യമാണ് എതിരാളികളുടെ തട്ടകങ്ങൾ.പല്ലും നഖവുമുപയോഗിച്ച് മാക്സിമം എതിർക്കാൻ ശ്രമിക്കുമ്പോളും - ഇന്ത്യൻ മുസൽമാന്റെ പകരക്കാരനില്ലാത്ത അമരക്കാരനാണീ കാന്തപുരമെന്ന സത്യം മനസാ അവരും അംഗീകരിക്കുന്നുണ്ട്. ഇനി അവശേഷിക്കുന്നത് ഈഗോ മാത്രമാണ്... അതിന് ചെവി കൊടുക്കാതെ കാന്തപുരം തന്റെ ചരിത്ര ദൗത്യയാത്ര തുടരുകയാണ്... നെഞ്ചകം പൊട്ടി നിലവിളിക്കുന്ന ഇന്ത്യൻ മുസ്ലിമിന്റെ അഭിമാന അടയാളമായവിടുന്ന് പൂർവോപരി ശോഭിക്കുകയാണ്.

                      ''ഞങ്ങളുടെ അഭിവന്ദ്യ നേതൃത്വമാണ്. കാന്തപുരം എന്ന് നിങ്ങൾ അഭിസംബോധന ചെയ്യരുത് '' എന്ന പ്രതികരണം ഫാതിമ കേൾക്കാഞ്ഞിട്ടല്ല. എന്താണെന്നറിയില്ല... ആ നാലക്ഷരത്തിന് വല്ലാത്തൊരു ഭംഗിയാണ് .പതിനാലാം രാവിലെ പൂർണ ചന്ദ്രനെയും വെല്ലുന്ന മനോഹാരിത... ആ നാലക്ഷരം ഒഴിവാക്കി - ആ വശ്യ മനോഹാരിത നഷ്ടപ്പെടുത്താൻ എനിക്കെന്തോ കഴിയുന്നില്ല. മനസ് ഒട്ടും സമ്മതിക്കുന്നില്ല. വേണ്ടപ്പെട്ടവർ ക്ഷമിക്കുമെന്ന് കരുതുന്നു.ഇന്ത്യൻ മുസ്ലിമിന്റെ ആധുനിക ഉയർത്തെഴുന്നേൽപിന്റെ കഥ പറയാൻ തൂലിക എടുക്കുമ്പോൾ കാന്തപുരമെന്ന നാലക്ഷരത്തെ ഒഴിവാക്കാൻ ശ്രമിക്കാഞ്ഞിട്ടല്ല. പിന്നെയത് വട്ടപ്പൂജ്യമായിപ്പോകുമെന്ന യാഥാർത്ഥ്യത്തിന് മുന്നിൽ തല കുനിക്കുന്നു. ആരോപങ്ങളുടെ കൂരമ്പുകളെയ്ത് ശരശയ്യയിൽ കിടത്താമെന്ന ചിലരുടെ വ്യാമോഹങ്ങൾക്ക് കർമ്മത്തിലൂടെ കരുത്തുറ്റ മറുപടി നൽകിക്കൊണ്ടാ മഹാമനീഷി നടന്നു നീങ്ങുകയാണ് ,ഈ സമൂഹത്തിന് വേണ്ടി... പുതുചരിത്രത്തിന്റെ പിറവിക്ക് ചുക്കാൺ പിടിച്ച് ...
          
                     അതേ സാർ... ആദർശ ,വൈജ്ഞാനിക തേരോട്ട പോരാട്ട പടയോട്ടങ്ങളുമായി കാന്തപുരമെന്ന നാലക്ഷരമിന്ന് ഇന്ത്യയുടെ ഭൗമ മണ്ഡലത്തിൽ ഫിനിക്സ് പക്ഷിയെയും വെല്ലുന്ന രൂപത്തിൽ കുതിച്ചുയരുകയാണ്... ഒരാൾക്കുമെത്തിപ്പിടിക്കാനാകാത്ത മൈലേജിൽ ... കിതക്കാത്ത കുതിപ്പുമായി... സമുദായത്തിന്റെ പ്രതീക്ഷകൾ മുഴുവനിന്നദ്ധേഹത്തിലാണ്... ഒന്നുകിൽ, സമുദായ നൻമക്കായി ഒപ്പം ചേരുക. കഴിയില്ലെങ്കിൽ വഴി മുടക്കാതെ വഴി മാറുക. ഇനിയെങ്കിലും സ്വയം പരിഹാസ്യരാകാതെ...

                കാന്തപുരത്തെപ്പോലുള്ള ഒരേ ഒരു  നേതൃത്വം കൂടി ഉത്തരേന്ത്യയിലും മറ്റുമുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ മുസ്ലിംകൾ ആർക്കും എത്തിപ്പിടിക്കാനാകാത്ത തലത്തിലെത്തിപ്പെടുമായിരുന്നു എന്ന- പ്രമുഖന്റെ വാക്കുകളറിയാതെ ഓർത്തു പോകുന്നു.  

                  അവസാനമായി ഒന്നുകൂടി...  ഏഷ്യയിലെ ഏറ്റവും വലിയ അത്യാധുനിക, ആത്മീയ  വൈജ്ഞാനിക ഗേഹവും ജനലക്ഷങ്ങളുടെ പ്രതീക്ഷയും ആശാ കേന്ദ്രവും, ഇനി ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വിധം ജനകോടികളുടെ മനസകങ്ങളിൽ സ്ഥിരപ്രതിഷ്ട നേടിയതുമായ #മർകസുസ്സഖാഫത്തി_സുന്നിയ്യയുടെ_നാല്പത്തി_മൂന്നാം_ഐതിഹാസിക_സമ്മേളനം ഈ വരുന്ന #ഏപ്രിൽ 9,10,11,12 തിയ്യതികളിൽ നടക്കുകയാണ്. വർത്തമാന കാല ലോകത്തിന്റെ ഹൈടെക് സിറ്റിയും അത്യാധുനിക ആത്മീയ ഭൗതിക അറിവിന്റെ അവസാന വാക്കുമായി കർമ്മ രംഗത്തേക്ക് കാലൂന്നുന്ന നോളജ് സിറ്റിയുടെ നറുമണം പരക്കുന്ന ഈ സമ്മേളനത്തിന് നിങ്ങളെയും കാത്ത് ഇന്ത്യയുടെ സ്വന്തം കാന്തപുരമുസ്താദ്... നിങ്ങളെ സ്വീകരിക്കുന്നതിന്റെ മുന്നോടിയായി ,സമ്മേളന സംവിധാനങ്ങളുടെ പ്രൗഡോജ്വലതയുടെ തുടക്കമെന്നോണം -ബ്രിട്ടനിലും അമേരിക്കയിലും യൂറോപ്യൻ കൺട്രീസിലും ദുബൈയിലും UAE യിലും ഖത്തറിലും ഇറാഖിലും കുവൈത്തിലും ഒമാനിലും ചൈനയിലും ദക്ഷിണാഫ്രിക്കൻ മേഖലകളിലുമെന്നു വേണ്ട- ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളിലുമായി പരന്നു കിടക്കുന്ന തന്റെ പതിനായിരത്തിലധികം ശിഷ്യഗണങ്ങളെ വിളിച്ചു ചേർത്തു കഴിഞ്ഞു- നോളജ് സിറ്റിയിൽ...

                     ഓടിക്കളിച്ചൊരക്ഷര മുറ്റത്ത് ,ഓർമ്മകളുടെ ഓളപ്പരപ്പുകളെ ഓർത്തെടുത്ത് ,ഓജസുറ്റ പ്രിയപ്പെട്ട ടീച്ചറുടെ കൈ പിടിച്ച് പുതിയ പ്രതീക്ഷകൾക്ക് ചിറകു മുളപ്പിച്ചു കൊണ്ടരത്ഭുത കൂട്ടായ്മ... എന്ത് രസമായിരിക്കുമത്... പങ്കെടുത്തവരെത്ര ഭാഗ്യവാൻമാർ...ഒരു പൂർവ്വ വിദ്യാർത്ഥിയെ സംബന്ധിച്ച് ഇതിലും മഹത്തായൊരു ഭാഗ്യമെന്താണ്... അത് പക്ഷേ... ഏഷ്യയിലെ ഏറ്റവും വലിയ അത്യാധുനിക, ആത്മീയ  വൈജ്ഞാനിക ഗേഹവും ജനലക്ഷങ്ങളുടെ പ്രതീക്ഷയും ആശാ കേന്ദ്രവുമായ മർകസുസ്സഖാഫത്തി സുന്നിയ്യയുടെ തിരുമുറ്റത്താകുമ്പോൾ... അല്ല , വർത്തമാന കാല ലോകത്തിന്റെ ഹൈടെക് സിറ്റിയും അത്യാധുനിക ആത്മീയ ഭൗതിക അറിവിന്റെ അവസാന വാക്കുമായി കർമ്മ രംഗത്തേക്ക് കാലൂന്നുന്ന നോളജ് സിറ്റിയുടെ നാലുകെട്ടിനുള്ളിലാകുമ്പോൾ... ഉസ്താദിന്റെയും ശിഷ്യരുടെയും കണ്ണുകൾ വർത്തമാന കാല സമസ്യകൾക്കു മീതേ പുതുയുഗത്തിന്റെ പുനർനിർമിതിക്കായി കാഹളം മുഴക്കുമ്പോൾ ,ലോകത്തിന്റെ ശ്രദ്ധ ,അറിയാതെ മർകസിലേക്ക് തിരിയുകയായി ...
               #സമ്മേളനത്തിന്റെ_തുടക്കം_മുതൽ_ഉണ്ടാകണം_നിങ്ങളവിടെ... ''മറ്റു തിരക്കുകൾ സ്വാഭാവികമാണ്. അത് നിങ്ങളേയും കൊണ്ടേ പോകൂ ''- എന്നത് മറക്കരുത്. ഈ ലോകത്തു നിന്ന് നാം മറയുന്നതിന് മുമ്പ് ഇത്തരം ചില ധന്യമായ നിമിഷങ്ങൾ നമ്മുടെ അക്കൗണ്ടിലുണ്ടാകണം. ഗൾഫിൽ നിന്ന് ചാര്ട്ട് ചെയ്ത പ്രത്യേക വിമാനങ്ങളിൽ പോലും  അടങ്ങാത്ത ആവേശത്തോടെ പറന്നെത്തിയ -പോയ കാല സമ്മേളന വിശേഷങ്ങൾ വായിച്ചെടുക്കുമ്പോൾ ,ഈ പാവം ഫാതിമയുടെ  കണ്ണുണുകളറിയാതെ നിറയുന്നു. അറിവിനോടും ഉസ്താദുമാരോടും സംഘടനാ സംവിധാനങ്ങളോടും നിങ്ങൾ കാട്ടുന്ന സ്നേഹം കാണുമ്പോൾ - ഒന്നുമാത്രം പറയുന്നു- എന്തുകൊണ്ടും നിങ്ങളോരോരുത്തരുടേയും ജീവിതം ധന്യമാണ്.നിങ്ങളുടെ മുൻ നിരയിലുള്ളതാകട്ടെ-തൊടുന്ന മേഖലകളിലെല്ലാം കനകം വിളയിക്കുന്ന - മലയാളികളുടെ സ്വന്തം കാന്തപുരം... അറബികളുടെ സ്വന്തം ശൈഖ് അബൂബക്കർ അഹമ്മദ്... ഒന്നുറപ്പ്-പ്രൗഡമാണ് നിങ്ങളുടെ നേതൃത്വം. അതിന് പിന്നിലണി നിരന്ന നിങ്ങളോരോരുത്തരും മഹാഭാഗ്യവാൻമാരാണ്. എന്തിനേറെ ,ഉസ്താതാദ് കാന്തപുരത്തിന് പിന്നിലണി നിരന്ന കൊച്ചുകുട്ടികൾ വരെ തികച്ചും ധന്യരാണിന്ന്.SSF കാരുടെ മുഖത്ത് നോക്കി-''നിങ്ങൾ അർഷിന്റെ തണലിലാണെന്ന് ലോകത്തോട് പ്രഖ്യാപിച്ച സൂഫീ വര്യനായ വടകര മമ്മദാജി തങ്ങളെ [ഖ:സി] ഇത്തരുണത്തിൽ പ്രത്യേകമോർത്തു പോകുന്നു...

                  കാശ്മീരിന്റെ  കുന്നിൻ ചെരുവുകളിൽ ഭീകര താണ്ഡവങ്ങളുടെ ക്രൂരതകൾക്കു മുന്നിൽ നെഞ്ചകം പൊട്ടുന്ന കുരുന്നു മക്കൾ പ്രതീക്ഷയുടെ പൊൻകിരണങ്ങൾക്കായി നോട്ടമിടുന്നതും നീട്ടി വിളിക്കുന്നതും ഇന്ത്യയുടെ സ്വന്തം 'അബൂബക്കർ സാബിനെ'യാണെന്നറിയുമ്പോൾ... ഇന്ത്യൻ  മുസ്ലിംകൾ അതിജീവനത്തിന്റെ  സ്വപ്നങ്ങളുമായി ബലമായി ചേർത്തു പിടിക്കുന്നതാ കരങ്ങളാണെന്നറിയുമ്പോൾ... ദീർഘായുസിന്റെ പ്രാർത്ഥനാ മന്ത്രങ്ങളുമായി കുരുന്നുകളുടെ കുറുമ്പുകൾക്കൊപ്പമീ പാവം ഫാതിമയും അണി ചേരുന്നു. ആഫിയത്തേകണേ അല്ലാഹ്... നിങ്ങളുടെ പ്രാർത്ഥനാ മനസുകളിൽ ഈ കുഞ്ഞനുജത്തിക്കുമൊരു സ്ഥാനമുണ്ടാകുമെന്ന പ്രതീക്ഷയോടെ...പ്രാർത്ഥനാ പൂർവ്വം... ഒത്തിരി സ്നേഹത്തോടെ... സ്വന്തം...

               ✍ #ഫാതിമാ_റഷീദ്...