ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 8 November 2020

നബിദിന ലേഖനവുമായി സൗദിയിൽ നിന്ന് ARAB NEWS പത്രം




 സൗദിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ARAB NEWS എന്ന പത്രത്തിൽ 08-11-2020 റബീഉൽ അവ്വൽ മാസത്തിൽ  മൗലിദിനെ കുറിച്ച് വന്ന നല്ലൊരു ലേഖനം. 

https://www.arabnews.com/sites/default/files/pdf/45338/5/index.html#zoom=z



https://m.facebook.com/story.php?story_fbid=1546147338905643&id=100005311755596


*സൗദിയിലെ നബിദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്ത കണ്ടതോടെ ഉറക്കം നഷ്ടപ്പെട്ട മല്ലു സലഫികൾ സൗദിയിലെ അറബ് ന്യൂസ് പത്ര റിപ്പോർട്ട്‌ കണ്ടില്ലേ ? 


നബിദിനത്തോടനുബന്ധിച്ച് സൌദിയില്‍ ആഘോഷങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് അറിയാതെയാണെങ്കിലും ഒരു മലയാളം ചാനല്‍ അവതാരക പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു പുകില്. ചാനലിനെതിരെ കാമ്പയിന്‍, സോഷ്യല്‍ മീഡിയ മുഫ്തിമാരുടെ ആക്രോശം, അവതാരകയെ തത്സമയം തിരുത്താന്‍ സാധിക്കാത്തതിന് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ ഭീഷണി. അങ്ങിനെയങ്ങിനെ നബിദിനാഘോഷ വിരുദ്ധരെല്ലാം വാളെടുത്തു. സൌദിയില്‍ ഒരു തരത്തിലുള്ള ആഘോഷവും ഇല്ലെന്ന് പ്രചരിപ്പിച്ചു ഈ വിദ്വാന്മാര്‍. നബിദിനത്തിന് കൂടുതല്‍ പ്രവാചക സ്നേഹികള്‍ മദീനയിലെത്തി എന്നു പറഞ്ഞതിനും ജലീല്‍ കണ്ണമംഗലം എന്ന മാധ്യമപ്രവര്‍ത്തകന് നേരെ ഉറഞ്ഞു തുള്ളി. സൌദിയില്‍ മതകാര്യ വകുപ്പിലെ സ്വാധീനം വെച്ചു കള്ളക്കേസില്‍ കുടുക്കിയും ഒറ്റുകൊടുത്തും പല പണ്ഡിതരേയും അകത്തിട്ടത് ഓര്‍മിപ്പിച്ച് കൊണ്ടിരുന്നു മല്ലു സലഫികള്‍. പക്ഷേ സൌദി മാറിയത് ലോകം അറിഞ്ഞെങ്കിലും ഈ കുഞ്ഞാടുകള്‍ ഇനിയും അറിഞ്ഞിട്ടില്ല.


സൌദിയില്‍ നബിദിനത്തോടനുബന്ധിച്ച് മൌലിദ് ആഘോഷങ്ങള്‍ നടക്കാറുണ്ടെന്ന് ഇപ്പോഴിതാ സൌദിയിലെ ഔദ്യോഗിക അറബ് – ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സൌദിയിലെ ഏറ്റവും പ്രശസ്തമായ ഇംഗ്ലിഷ് ദിനപത്രം അറബ് ന്യൂസ് 2020 നവംബര്‍ 8-നു പ്രസിദ്ധീകരിച്ച ലേഖനം സലഫികള്‍ കണ്ടില്ലേ. സൌദിയിലെ വിപുലമായി നബിദനം ആഘോഷിക്കാറുണ്ടെന്ന് വ്യക്തമായി തുറന്നു എഴുതിയിരിക്കുന്നു. 

അറബ് ന്യൂസില്‍ വന്ന ലേഖനത്തിന്‍റെ ഏകദേശ വിവര്‍ത്തനം ഇങ്ങിനെ വായിക്കാം_ (വാക്കര്‍ഥം അല്ല).


പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള സ്നേഹം ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണെന്നാണ് കക്ഷി ഭേതമന്യേ ലോകത്തെ ഇരുനൂറ് കോടിയിലധികം വരുന്ന മുസ്ലിംകള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വര്‍ഷം തോറും പ്രവാചകന്‍ ജനിച്ച മാസം ഇവര്‍ ആഘോഷമാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച മദീനയിലെ പ്രവാചകന്‍റെ പള്ളി പ്രവാചകന്‍ ജനിച്ച മാസം തന്നെ വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ലോകത്ത് ഏറ്റവും സ്വാധീനമുള്ള മനുഷ്യനാണ് പ്രവാചകന്‍. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ ശ്രേഷ്ഠമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അത്കൊണ്ട് തന്നെ മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാത്തവര്‍ പോലും അദ്ദേഹത്തെ ആദരിച്ചിരുന്നതായി പ്രമാണങ്ങളില്‍ കാണാം.


പ്രവാചക സ്നേഹത്തിന്‍റെ പ്രകടമായ രൂപമാണ് മൌലിദ് ആഘോഷങ്ങള്‍. ആത്മീയതയുടെ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ പ്രവാചകനെ അനുസ്മരിക്കുകയാണ് ഈ ആഘോഷത്തിലൂടെ. പ്രവാചകന്‍ മരിച്ച് രണ്ടര നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് പ്രവാചകനോടുള്ള പ്രണയം പ്രകടിപ്പിക്കുന്നതിനായി മുസ്ലിംലോകം ഇങ്ങിനെയൊരു ആഘോഷം ആരംഭിക്കുന്നത്. ഹിജ്റ വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് പ്രവാചകന്റെ ജന്‍മദിനം ആഘോഷിക്കുന്നത്.  കൃസ്താബ്ദം 570-ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ 632-ല്‍ മദീനയില്‍ വെച്ചു മരണമടഞ്ഞു. 622-ല്‍ അനുയായികളോടൊപ്പം മക്കയില്‍ നിന്ന് പലായനം ചെയ്താണ് മദീനയില്‍ എത്തുന്നത്.


സൌദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഹിജാസ് പ്രദേശത്ത് നിരവധി വിശ്വാസികള്‍ പ്രവാചകന്‍റെ ജന്‍മദിനം ആഘോഷിക്കാറുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും, പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തിയും, സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കിയും റബീഉല്‍ അവ്വല്‍ മാസത്തെ വിശ്വാസികള്‍ സജീവമാക്കുന്നു. കൂടാതെ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ഗദ്യരൂപത്തിലും പദ്യരൂപത്തിലും പ്രവാചകനെ സ്തുതിച്ചു കൊണ്ടുള്ള മൌലിദ് സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.


ഉസാമ അല്‍ കുബൈസി എന്ന പൌരന്‍ മൌലിദ് സംബന്ധമായ അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും അറബ് ന്യൂസുമായി പങ്ക് വെക്കുന്നത് ഇങ്ങിനെയാണ്. “പ്രവാചകന്‍ ജനിച്ച രാവ് ഏറെ പുണ്യവും അനുഗ്രഹവുമുള്ള രാവാണ്” എന്നാണ് ഇബ്നു കഥീര്‍ പറഞ്ഞത്. പ്രവാചകന്‍റെ സ്തുതികള്‍ പാടിയും പറഞ്ഞും കൊണ്ടുള്ള സദസ്സുകളില്‍ ഈ ദിവസം ഞങ്ങള്‍ പങ്കെടുക്കും. ഒരാള്‍ മാത്രം ഗാദ്യരൂപത്തില്‍ അവതരിപ്പിക്കുന്നതിന് പകരം ഞങ്ങള്‍ കൂട്ടമായി പ്രവാചകന്‍റെ സ്തുതിഗീതങ്ങള്‍ പാടും. സൂഫി, ഷാഫി, ഹനഫി, ഹംബലി തുടങ്ങി വിവിധ ചിന്താധാരകളെ  പിന്‍പറ്റുന്നവര്‍ മൌലിദ് പാരായണം നടത്തി നബിയുടെ ജന്‍മദിനം ആഘോഷിക്കുന്നു. ജനനം മുതല്‍ മരണം വരെയുള്ള പ്രവാചക ചരിതമാണ് ഈ വേളയില്‍ പാടിപ്പറയുന്നത്. സഖാവി, ബര്‍സഞ്ചി, കവാക്ജി തുടങ്ങിയവരുടെ മൌലിദ് ഗ്രന്ഥങ്ങളാണ് ഇപ്പോള്‍ ഏറെ പ്രചാരത്തിലുള്ളത്. 


മക്കയില്‍ മുഹമ്മദ് അലവി അല്‍മാലികിയെ പോലുള്ള പ്രശസ്ത സൌദി കുടുംബങ്ങളുടെ വീടുകളില്‍ എല്ലാ വര്‍ഷവും പ്രവാചകന്‍റെ ജന്‍മദിനാഘോഷം നടക്കാറുണ്ട്. ഇത്തരം ആഘോഷങ്ങളുടെ മതപരമായ സാധുതയെ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പ്രമുഖ പണ്ഡിതന്‍ ഇബ്നു തൈമിയ്യ പറയുന്നതു മൌലിദ് ആഘോഷിക്കുന്നത് പുണ്യമുള്ളതും പ്രതിഫലം ലഭിക്കുന്നതുമായ ആചാരമാണ് എന്നാണ്. പ്രവാചകനെ പിന്‍പറ്റാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഇത്തരം ആഘോഷങ്ങള്‍ കാരണമാകുമെന്നാണ് ഇബ്നു തൈമിയ്യ പറയുന്നത്.


സൂഫികളാണ് പ്രധാനമായും മൌലിദ് ആഘോഷിക്കുന്നത്. സലഫികള്‍ മൌലിദ് ആഘോഷിക്കാറില്ലെന്ന് ജിദ്ദ നിവാസിയായ ഫാദില്‍ അറബ് ന്യൂസിനോട് പറഞ്ഞു. സലഫിയായി ജനിച്ച ഫാദില്‍ ഏറെക്കാലം ഇസ്ലാമിലെ വിവിധ ചിന്താധാരകളെ കുറിച്ച് പഠനം നടത്തി. ഇപ്പോള്‍ മൌലിദ് ആഘോഷത്തെ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എല്ലാവര്‍ഷവും നടത്തുന്ന മൌലിദ് ആഘോഷത്തിലേക്ക് ഇദ്ദേഹം വിശ്വാസികളെ ക്ഷണിക്കുകയും ചെയ്യുന്നു. മൌലിദ് മികച്ച അനുഭൂതിയാണ് സമ്മാനിക്കുന്നതെന്ന് ഫാദില്‍ പറഞ്ഞു.