അരീക്കാട് പള്ളിയിൽനിന്ന്
മായിനാജി 'കൊണ്ട്' പഠിക്കുമ്പോൾ...
....................................................................
ഇപ്പോൾ പുറത്തുവന്ന വാർത്തയുടെ നിജസ്ഥിതി അറിയില്ല. പക്ഷെ, ഒരു കാര്യമുണ്ട്. പഠിക്കാൻ ഏറെ പാഠമുള്ള വിഷയമിതിലുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ് സംഘടനാ പ്രവർത്തനം തുടങ്ങിയ ഘട്ടത്തിൽ അരീക്കാട് പള്ളി പ്രശ്നം കേട്ടാണ് ഞങ്ങളൊക്കെ വളർന്നത്. ബഹു: കാന്തപുരം ഉസ്താദ് പ്രാസ്ഥാനികരംഗത്ത് തരംഗം സൃഷ്ടിക്കുന്ന സമയമാണത്. ഉസ്താദിന് അസൂയാലുക്കളും ഏറെയുണ്ടായി. ഉസ്താദ് അറബ് സോദരൻമാരുമായി ബന്ധം തുടങ്ങിയതേയുള്ളൂ. അന്ന് ഏതാനും പള്ളികൾക്ക് അറബികളിൽ നിന്ന് ഉസ്താദ് സഹായശേഖരണം നടത്തി. അബുദാബിയിലെ അബ്ദുല്ല കുലൈബിയിൽനിന്നായിരുന്നു കാര്യമായ സഹായം. അക്കൂട്ടത്തിൽ അരീക്കാട് പള്ളിക്കും കിട്ടി സഹായം. കുന്ദമംഗലം, കാരന്തൂർ തുടങ്ങിയ പള്ളികൾക്കും സഹായം കിട്ടിയിരുന്നു.
എന്നാൽ, അരീക്കാട് പള്ളിക്ക് കിട്ടിയതിൽ നിന്നും അഞ്ച്ലക്ഷം രൂപ കാന്തപുരം അമുക്കി എന്നായിരുന്നു പ്രചരണം. പ്രചാരണം കൊടുമ്പിരി കൊണ്ടു. ഇതിന് നേതൃത്വം നൽകിയതാകട്ടെ, അരീക്കാട് പള്ളി സെക്രട്ടറിയും ലീഗ് നേതാവുമായ എം സി മായിൻഹാജി. വസ്തുതകളത്രയും അദ്ദേഹത്തിനറിയാമെങ്കിലും സുന്നി രംഗത്ത് കാന്തപുരത്തിൻ്റെ പടയോട്ടം അദ്ദേഹത്തിനും കൂട്ടർക്കും അത്ര രസിച്ചില്ലായിരുന്നു. അതിനാൽ അയാൾ പകയോടെ മുന്നോട്ടുപോയി. അഞ്ച് ലക്ഷം അമുക്കിയ വാർത്ത കൊടുങ്കാറ്റുപോലെ പടർന്നു, അതല്ല, പടർത്തി. സംസ്ഥാനമൊട്ടുക്കും പൊതുവേദികൾ സംഘടിപ്പിച്ച് ഘോരഘോരം കാന്തപുരത്തിനെതിരെ അവർ ആഞ്ഞടിച്ചു. കാന്തപുരത്തിൻ്റെ അനുയായികളും വിശദീകരണവുമായി രംഗത്തിറങ്ങി. സാക്ഷാൽ കുലൈബി തന്നെ കേരളത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. കാന്തപുരം വിശ്വസ്തനാണെന്നും പള്ളികൾക്കായി കൊടുത്ത പണം സുതാര്യമായാണ് അദ്ദേഹം ചിലവഴിച്ചതെന്നും കുലൈബി പ്രസ്താവനയിറക്കി. എന്നിട്ടും കലിയടങ്ങാതെ, മായിൻഹാജിയും കൂട്ടരും കള്ളപ്രചാരണം തുടർന്നു. മഹത്തായൊരു പണ്ഡിത സഭയുടെ നല്ലൊരു വിഭാഗത്തെ തെറ്റുദ്ധരിപ്പിച്ച് കൂടെക്കൂട്ടാൻ മായിൻഹാജിക്കു കഴിഞ്ഞു. സമസ്തയുടെ പിളർപ്പിലേക്കു പോലുമെത്തിച്ച കാരണങ്ങളിൽ ഒന്നാണിത്.
കാന്തപുരം ഉസ്താദാകട്ടെ, തുടർന്നിങ്ങോട്ടുള്ള മൂന്നര പതിറ്റാണ്ടുകാലവും പളളികൾ സ്ഥാപിച്ചും മത ധർമ സ്ഥാപനങ്ങൾ വളർത്തിയും തൻ്റെ പടയോട്ടം തുടർന്നു. ഇന്നിപ്പോൾ രാജ്യമൊട്ടുക്കും അദ്ദേഹം സ്ഥാപിച്ച പള്ളികളുടെ എണ്ണം അയ്യായിരത്തിലേക്കടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയും അദ്ദേഹത്തിൻ്റെ കാർമികത്വത്തിൽ പൂർത്തിയാകാൻ പോകുന്നു. ഇന്നദ്ദേഹത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിനെതിരെ ആരോപണങ്ങളില്ല. അന്ന് കാന്തപുരം ഉസ്താദിനെതിരെ കള്ളാരോപണവുമായി രംഗത്തു വന്ന മായിൻഹാജി, തുടർച്ചയായ ആരോപണങ്ങൾ നേരിട്ടു കൊണ്ടിരിക്കയാണ്. മാറാട് കലാപവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെയുണ്ടായി. മായിൻഹാജിയുടെ പാർലമെൻററി മോഹം ഇതു വരെ പൂവണിഞ്ഞിട്ടില്ല. അദ്ദേഹത്തെ മത്സരിപ്പിക്കാൻ പാർട്ടിക്ക് തന്നെ താൽപര്യമില്ലത്രെ. ഏറെ പണിയെടുത്ത് മുമ്പ് യു ഡി എഫ് കോട്ടയായ തിരുവമ്പാടിയിൽ മത്സരിച്ച് തോറ്റു തൊപ്പിയിട്ടതാണ്.
ഇന്നിതാ പുതിയ വാർത്ത വന്നിരിക്കുന്നു. വാർത്തയുടെ നിജസ്ഥിതി അറിയില്ലെങ്കിലും ഇതൊരു ചരിത്രാവർത്തനമാണെന്ന് പറയേണ്ടി വരും. അന്ന് കാന്തപുരത്തിനെതിരെ അദ്ദേഹമുന്നയിച്ചത് അഞ്ച് ലക്ഷത്തിൻ്റെ ആരോപണമാണെങ്കിൽ അദ്ദേഹത്തിനെതിരെ ഇപ്പോൾ പുറത്തുവന്നത് അതിൻ്റെ നൂറിരട്ടിയുള്ള ഇടപാടിൻ്റെ ആരോപണമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അതിൻ്റെ വഴിക്ക് നടക്കും. കേസും ഗുലുമാലുമെന്തുമാകട്ടെ, ചിന്തിക്കുന്നവർക്കിതിൽ വലിയ പാഠമുണ്ടെന്നേ ഇപ്പോൾ പറയുന്നുള്ളു.
( മജീദ് പുത്തൂർ )