കാസിം ഇരിക്കൂർ എഴുതുന്നു:
ജിഫ്രി മുത്തുക്കോയ തങ്ങളിലൂടെ
‘സമസ്ത’ വീണ്ടെടുക്കുന്ന
അസ്തിത്വവും അന്തസ്സും
പരാന്നഭോജികളെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് വിനിൻ പെരീരയും ജെറമി സീബ്രൂക്കും മറ്റു ജീവികളുടെ ഉള്ളിൽ മുട്ടയിടുന്ന നിറപ്പകിട്ടാർന്ന ചിലയിനം കടന്നലുകളെ കുറിച്ച് പറയുന്നുണ്ട്. മുട്ടയിടുന്നതോടൊപ്പം ആ ജീവികളുടെ ശരീരത്തിലേക്ക് ഒരു തരം വിഷം കുത്തിവെച്ച് അവയെ മരവിപ്പിക്കുമത്രെ. എന്നാൽ കൊല്ലില്ല. കടന്നൽ മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കൾ ആ ജീവികളുടെ ഉൾഭാഗം ഭക്ഷിക്കാൻ തുടങ്ങും. ഹൃദയം, നാഡീവ്യൂഹം തുടങ്ങിയ സുപ്രധാന ഭാഗങ്ങൾ ഒടുവിലേ അകത്താക്കുകയുള്ളൂ. അങ്ങനെ അവസാനം വരെ ജീവനുള്ളവയുടെ ഇറച്ചി ലഭ്യമാകുമല്ലൊ. ഇത്തരം പരാന്നഭോജികളെ കുറിച്ച് ഇപ്പോൾ ഓർത്തുപോയത് മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും തമ്മിലുള്ള ബന്ധം ചർച്ചാവിഷയമാകുന്ന സാഹചര്യം വന്നപ്പോഴാണ്. പരാന്ന ഭോജികളായ ലീഗ് നേതൃത്വത്തിന് സമസ്ത മുട്ടിയിട്ട് വിരിയിക്കാനും ആന്തരാവയവങ്ങൾ മെല്ലെ മെല്ലെ കാർന്നുതിന്നാനുമുള്ള ഒരു നിസ്സഹായ ജീവിയാണ്! അണികളെ വിധേയരായി നിറുത്താനും വോട്ട് ബാങ്കിന് ഊനം തട്ടാതിരിക്കാനും സമസ്തയെ മുസ്ലിം ലീഗിന് എന്നും ആവശ്യമാണ്. ‘സമസ്തക്ക് ‘ പകരം കിട്ടുന്നതെന്ത് എന്ന ചോദ്യത്തിന് പ്രസ്ക്തിയില്ല. അടുത്തകാലം വരെ നാട്ടിലെ പ്രമാണിയും ‘ജാഹിലു’മായ ലീഗ് നേതാവിന്റെ ആട്ടും ചവിട്ടും സഹിക്കുകയായിരുന്നല്ലോ പണ്ഡിത ശിരോമണികൾ പോലും. അധികാരത്തിന്റെയും ജനസ്വാധീനത്തിന്റെയും ഹുങ്കിൽ പാവം മുസ്ല്യാന്മാർ എണ്ണമറ്റ അവഹേളനങ്ങൾക്കും നിന്ദകൾക്കും ഇരകളായി. അതിനെല്ലാം ഒരു മാറ്റമുണ്ടായത്, മുസ്ലിം ലീഗിന്റെ നെറികെട്ട ആശ്രിതവലയത്തിൽനിന്ന് 1980കളുടെ രണ്ടാം പാദത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ ഒരുവിഭാഗം പണ്ഡിതന്മാർ അന്തസ്സാർന്ന അസ്തിത്വവും സ്വതന്ത്രമായ കർമപഥവുമായി മറ്റൊരു ദിശയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ്.
1926ൽ മലബാർ കലാപാനന്തര കാലഘട്ടത്തിലെ സവിശേഷ സാഹചര്യത്തിൽ കോഴിക്കോട്ട് രൂപം കൊണ്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗ് കേരളത്തിൽ വേരുന്നുന്നതിന് മുമ്പേ പ്രവർത്തനക്ഷമമായ ഒരു പ്രസ്ഥാനമാണ്. എതിരാളികൾ ‘തനി യാഥാസ്ഥിതികരായി’ വിശേഷിപ്പിച്ചപ്പോഴും വ്യക്തമായ ലക്ഷ്യവും ദിശാബോധവും കൈമുതലായ ഒരു പണ്ഡിതനിര അതിന്റെ അമരത്തുണ്ടായിരുന്നു. രണ്ടു സഞ്ചാരവഴികഴികളിലൂടെ ചലിച്ച സമസ്തയും സർവേന്ത്യാ ലീഗും ഒരേ തുരുത്തിൽ എത്തിപ്പെടുന്നത് സ്വാതന്ത്ര്യാനന്തരം മുസ്ലിം ലീഗ് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ്. അതോടൊപ്പം ചില ചരിത്ര സംഭവങ്ങളും ചേർത്തുപറയേണ്ടതുണ്ട്. പാകിസ്ഥാൻ നിലവിൽ വന്നതോടെ ഉത്തരേന്ത്യയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാക്കൾ ലാഹോറിലേക്ക് വണ്ടി കയറിയ ഘട്ടത്തിൽ അന്നത്തെ മലബാർ ലീഗ് പ്രസിഡൻറ് മുഹമ്മദ് സത്താർ സേട്ട് സാഹിബും പച്ചപ്പ് തേടി പുണ്യഭൂമിയിലേക്ക് യാത്രയായി. അതോടെ, പുതിയ പ്രസിഡൻറിനെ തേടാൻ ലീഗ് നേതൃത്വം നിർബന്ധിതരായി. രാഷ്ട്രീയ അവഗാഹമുള്ള, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ കെ. കെ അബൂ പ്രസിഡൻറാവട്ടെയെന്ന് ഭൂരിഭാഗം നേതാക്കളും നിർദേശിച്ചതായി യശ്ശശരീരനായ സി.കെ.പി ചെറിയ മമ്മുക്കേയി ഈ ലേഖകനോട് അനുസ്മരിക്കുകയുണ്ടായി. ബി.വി അബ്ദുല്ലക്കോയയുടെ പേരും ചിലർ ഉയർത്തിക്കാട്ടിയത്രെ. എന്നാൽ സലഫി നേതാവായ കെ.എം മൗലവിയുടെ നാവിൽനിന്ന് അതുവരെ രാഷ്ട്രീയവേദികളിൽ കേൾക്കാത്ത ഒരു പേര് ഉതിർന്നുവീണു. കോഴിക്കോട് വലിയങ്ങാടിയിലെ അരിക്കച്ചവടക്കാരനായ മുഹമ്മദ് അബ്ദുറഹ്മാൻ ബാഫഖിതങ്ങളുടേതാണാ പേര്. കേരള മുസ്ലിംകളിലെ ഭൂരിപക്ഷം വരുന്ന സുന്നികളെ പാർട്ടിയോട് അടുപ്പിക്കാൻ അത് പ്രയോജനപ്പെടുമെന്ന് കെ.എം മൗലവി കണക്കുകൂട്ടിയിട്ടുണ്ടാവണം. മുജാഹിദ് നേതാവിന്റെ ഈ നീക്കം ‘ഗൂഢാലോചനയുടെ ഫലമാണെന്ന് പിന്നീടുള്ള സംഭവവികാസങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന്’’ സമസ്ത പണ്ഡിതനും ഒരുവേള മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന യശശ്ശരീരനായ പാറന്നൂർ പി.പി മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ അഭിപ്രായപ്പെട്ടത് 2004 കാലത്താണ്. എന്നാൽ, ബാഫഖി തങ്ങൾ മുസ്ലിം ലീഗിന്റെ പ്രസിഡൻറായതോടെയാണ് ബഹുജനങ്ങൾ ലീഗിലേക്ക് കടന്നുവരാൻ തുടങ്ങിയതെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. അതോടെ ലീഗ് എന്ന രാഷ്ട്രീയപാർട്ടിക്ക് ആത്മീയതയുടെ ഒരു പരിവേഷം നേടിയെടുക്കാനായി. എന്നാൽ സമസ്തയുടെ പ്രമുഖ നേതാക്കളായ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ല്യാർ, സദഖത്തുല്ല മൗലവി തുടങ്ങിയവർ ലീഗിനെ സമുദായത്തിന്റെ അംഗീകൃത രാഷ്ട്രീയ സംഘടനയായി കാണാൻ തയാറായിരുന്നില്ല.
അധികാരത്തിൽ മാത്രം കണ്ണ്വെച്ച് മുസ്ലിം ലീഗ് നേതൃത്വം, സുന്നികൾ ‘ഹറാമായി’ കാണുന്ന വിഷയങ്ങളിൽ അഴകൊഴമ്പൻ നയം സ്വീകരിച്ചത് പലപ്പോഴും ഇരുസംഘടനകളും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിച്ചു. ഉദാഹരണത്തിന് മദ്യനയം. മുസ്ലിം ലീഗ് ശക്തമായി എതിർത്തിരുന്നുവെങ്കിൽ യു.ഡി.എഫ് സർക്കാർ മദ്യനയവുമായി മുന്നോട്ടുപോവുമായിരുന്നില്ല എന്ന് കരുതുന്നവരായിരുന്നു സമസ്ത പണ്ഡിതന്മാർ. ഭൂപരിഷ്കരണ ബില്ലിന്റെ പരിധിയിൽനിന്ന് വഖഫ് സ്വത്തുക്കളെ ഒഴിവാക്കണമെന്ന് സമസ്ത പണ്ഡിതന്മാർ മുറവിളി കൂട്ടിയെങ്കിലും ലീഗ് മന്ത്രിമാർ ഈ വിഷയത്തിൽ താൽപര്യമൊട്ടും കാണിച്ചില്ല. നിങ്ങൾ വിചാരിക്കും പോലെ നടക്കാൻ ഇവിടെ ഇസ്ലാമിക ഭരണമല്ല എന്ന് വരെ ഉലമാക്കളോട് ലീഗ് മന്ത്രിമാർ തട്ടിക്കയറിയത്രെ. 51ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന സി.എച്ച് മുഹമ്മദ് കോയ ആ ഹൃസ്വകാലത്തിനിടയിൽ ഇഷ്ടദാന ബില്ല് പാസ്സാക്കിയെടുത്തു. അതിന്റെ ഗുണഫലം മുഴുവനും സമ്പന്നർക്കായിരുന്നു. ഭൂപരിഷ്കരണ നിയമത്തിൽനിന്ന് വഖഫ് സ്വത്തുക്കളെ രക്ഷിച്ചെടുക്കുന്നതിൽ ലീഗ് നേതൃത്വം കാണിച്ച ഉദാസീനതയാണ് പാർട്ടിയുടെ പിളർപ്പിലും അഖിലേന്ത്യാലീഗിന്റെ പിറവിക്കും കാരണമായയെന്നാണ് ഒരു ചരിത്ര ഭാഷ്യം. എന്നാൽ സമസ്തയുടെ വിഖ്യാത സ്ഥാപനങ്ങൾ പൂർണമായും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വരുതിയിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങളെ ഭൂരിഭാഗം വരുന്ന പണ്ഡിതന്മാർ ശക്തമായി എതിർത്തപ്പോൾ അത് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പണ്ഡിതസഭയെ പിളർപ്പിലേക്കാണ് നയിച്ചത്. ബാഫഖി തങ്ങളുടെ കാലശേഷം ലീഗ്സുന്നി നേതൃത്വത്തിൽ കെട്ടഴിഞ്ഞുവീണ സംഭവികാസങ്ങളാണ് പിളർപ്പ് അനിവാര്യമാക്കിയത്്. 1962ൽ സ്ഥാപിതമായ പട്ടിക്കാട് ജാമിഅ നുരിയ്യ എന്ന ഉന്നത പ~ന കേന്ദ്രത്തിന്റെ കടിഞ്ഞാൺ മുസ്ലിം ലീഗ് നേതൃത്വം പിടിച്ചടക്കിയ വേളയിൽ ജാമിഅ പ്രിൻസിപ്പൽ കൂടിയായ ശംസുൽ ഉലമക്ക് സ്ഥാപനത്തിൽനിന്ന് പടിയിറങ്ങേണ്ടിവന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. 1974ൽ ലീഗ് പിളരുകയും സെയ്തുമ്മർ ബാഫഖി തങ്ങൾ അടക്കമുള്ള സുന്നി നേതാക്കൾ അഖിലേന്ത്യാ ലീഗിന്റെ മുൻനിരയിൽ വരികയും ചെയ്തപ്പോൾ ശംസുൽ ഉലമ അവരുമായി അടുപ്പം കാണിച്ചതാണ് ജാമിഅയുടെ കടിഞ്ഞാൺ കൈക്കലാക്കിയ ലീഗ് നേതാക്കളെകൊണ്ട് ഇ.കെയെ പുകച്ചുചാടിക്കാൻ പ്രേരിപ്പിച്ചത്. 1981ൽ അഖിലേന്ത്യാ ലീഗ് നേതാവ് പി.എം അബൂബക്കർ വഖഫ് മന്ത്രിയായിരുന്നപ്പോൾ പുനഃസംഘടിപ്പിക്കപ്പെട്ട വഖഫ് ബോർഡിൽ ശംസുൽ ഉലമയെയും ഉൾപ്പെടുത്തിയിരുന്നു. ‘ചന്ദ്രിക’യിൽ ആ വാർത്ത പ്രസിദ്ധീകരിച്ചത് ഇങ്ങനെ: ‘’ ലീഗ് വിരോധം മാത്രം കൈക്കലാക്കിയ ഒരു മുസ്ലിയാരും ഇതിൽപ്പെടും. ‘ഏതെങ്കിലും അണ്ടന്റെയും അടകോടന്റെയും പേരിനു മുന്നിൽ ചേർക്കേണ്ട പദമല്ല ശംസുൽ ഉലമ എന്നത്’ എന്നെഴുതിയതും ലീഗ് ജിഹ്വ തന്നെയാണെന്ന് ഇപ്പോൾ ആർക്കെങ്കിലും വിശ്വസിക്കാനാവുമോ?
1975ൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സുന്നി യുവജന സംഘം സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതോടെയാണ് സമസ്തക്ക് പുതിയൊരു അസ്തിത്വം നേടിയെടുക്കാനും ലീഗിന്റെ പ്രാമാണിത്വത്തെ ചോദ്യം ചെയ്യാനുമുള്ള അവസരം കൈവരുന്നത്. എസ്.വൈ.എസിന്റെ ചടുല നീക്കങ്ങളെ ചെറുക്കാൻ സുന്നി മഹല്ല് ഫെഡറേഷൻ എന്ന വേദിക്ക് രൂപം നൽകുന്നത് മലപ്പുറത്താണ്. 1985ൽ സമസ്തയുടെ അറുപതാം വാർഷികം കെങ്കേമമായി മൂന്നുനാൾ കോഴിക്കോട് വെച്ച് അരങ്ങേറിയപ്പോൾ ഇ.കെയും എ.പിയും ഒത്തുചേർന്നാൽ സംഭവിക്കുന്ന അദ്ഭുതം സുന്നീ കേരളം സാകൂതം നോക്കിക്കണ്ടു. 1985 ഫെബ്രുവരി ഒന്നു മുതൽ മൂന്നുവരെ മാനാഞ്ചിറയിലും ടൗൺഹാളിലും ടാഗോർ ഹാളിലും ബീച്ചിലുമായി നടന്ന മഹാ സമ്മേളനം മുസ്ലിം ലീഗിനെ വെല്ലുവിളിക്കാൻ കെൽപുള്ള അജയ്യ ശക്തിയാണ് തങ്ങളെന്ന് സമസ്തക്ക് തെളിയിക്കാൻ സാധിച്ചപ്പോൾ സമുദായ പാർട്ടി നേതൃത്വം ഞെട്ടി. കാന്തപുരത്തിന്റെ ഒരുമണിക്കൂർ നീണ്ട സ്വാഗത പ്രസംഗവും ഇ.കെയുടെ ഒന്നേമുക്കാൽ മണിക്കൂർ നീണ്ട ഉദ്ഘാടന പ്രസംഗവും സദസ്സിനെ കോരിത്തരിപ്പിച്ചു. ആവേശം കൊടുമുടിയോളമെത്തിച്ചു. കേട്ടിരുന്ന ലീഗ് നേതാക്കളുടെ മസ്തകത്തിലേറ്റ പ്രഹരങ്ങളായി അത് മാറി. എ.പി -ഇ.കെ കൂട്ടുകെട്ട് തങ്ങളുടെ കച്ചവട രാഷ്ട്രീയം പൂട്ടിക്കുമെന്ന് കണ്ട് അരിശം പൂണ്ട ലീഗ് നേതാക്കൾ പിന്നീട് കളിച്ച വൃത്തികെട്ട കളികളെല്ലാം ഈ രണ്ടു പണ്ഡിതന്മാരെ തമ്മിലടിപ്പിക്കാനായിരുന്നു. അതിൽ അവർ വിജയിച്ചതോടെയാണ് ശംസുൽ ഉലമയെ മുന്നിൽനിറുത്തി ഒരു വിഭാഗം സുന്നികളെ തങ്ങളുടെ വരുതിയിലേക്ക് ലീഗ് കൊണ്ടുവരുന്നത്. എറണാകുളത്ത് നടത്താൻ തീരുമാനിച്ച എസ്.വൈ.എസ് സമ്മേളനം പരാജയപ്പെടുത്താൻ അന്നത്തെ മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനത്തോടെ സമസ്തയുടെ പിളർപ്പിലേക്കുള്ള ഗതിവേഗത്തിന് ആക്കം കൂട്ടുകയും കേരളീയ മത-സാമൂഹികാന്തരീക്ഷം പുതിയൊരു വഴിത്തിരിവിലേക്ക് കുതിക്കുകയുമായിരുന്നു. കാന്തപുരം അബൂബക്കർ മുസ്ല്യാരും എം.എ അബ്ദുൽ ഖാദിർ മുസ്ല്യാർ അടക്കമുള്ള ഒരു പണ്ഡിതനിരയും സമസ്തക്ക് പുതിയൊരു ചരിത്രം കുറിച്ചിട്ടു. അതുവരെ സ്ഥലത്തെ പ്രധാന ദിവ്യന്റെ ശാസനകൾക്കനുസരിച്ച് ബാങ്ക് വിളിക്കുകയും മാസമുറപ്പിക്കുകയും വഅള് പറയുകയും ചെയ്ത സുന്നി പണ്ഡിതന്മാർ പുതുതായി സ്വന്തമായൊരു അസ്തിത്വം സ്വായത്തമാക്കി. മധ്യകാലഘട്ടത്തിലെ ബഗ്ദാദും കൊർദോവയും സമർഖന്ദും ബുഖാറയും കൈവരിച്ച വൈജ്ഞാനികവും ധൈഷണികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദി കുറിച്ച കുറെ വിജ്ഞാന കേന്ദ്രങ്ങളും ഗവേഷണാലയങ്ങളും കേരളക്കരയിൽ ഉയർന്നുപൊങ്ങി.മുസ്ലിം ലീഗിന്റെ വരുതിയിൽ കുടുങ്ങിപ്പോയ ഇ.കെ വിഭാഗത്തിന് തദനുസൃതമായ കാതലായ മുന്നേറ്റം പ്രാപ്യമാക്കുന്നതിനെ കുറിച്ച് മേലാളന്മാരായ ലീഗ് നേതാക്കൾ അശേഷം താൽപര്യം കാണിച്ചില്ല. പിൽക്കാലത്ത് ദാറുൽ ഹുദ പോലുള്ള മികച്ച സ്ഥാപനങ്ങൾ ഉയർന്നുപൊങ്ങിയെങ്കിലും. സമസ്തയെ ലീഗ് നേതൃത്വം വൈക്കോൽ കൂനയായാണ് എക്കാലത്തും കണ്ടത്. എത്രത്തോളമെന്നാൽ സുഊദി ഭരണകൂടം കേന്ദ്രമന്ത്രികൂടിയായ ലീഗ് നേതാവിന് ഒരു വർഷം കുറെ പാവങ്ങളെ അബ്ദുല്ലാ രാജാവിന്റെ അതിഥികളായി ഹജ്ജിനു കൊണ്ടുപോകുവാൻ അവസരം നൽകിയപ്പോൾ ഒരു വലിയ മലയാളി സംഘം ജിദ്ദയിൽ വന്നിറങ്ങി. മന്ത്രിയുടെ വെപ്പുകാരനും അയാളുടെ കെട്ടിയോളും കണ്ണൂർ ലീഗ് ഓഫിസിലെ അടിച്ചുവാരുന്നവനുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരൊറ്റ പണ്ഡിതനെ അക്കുട്ടത്തിൽ കണ്ടില്ല. ജീവിതത്തിലൊരിക്കലും ഹജ്ജിന് അവസരം കൈവരാത്ത, സാമ്പത്തികമായി ഞെരുക്കത്തിലുള്ള സമസ്തയുടെ ഏതാനും പണ്ഡിതന്മാരെ കൊണ്ടുവരാമായിരുന്നില്ലേ എന്ന് ഒരു മാധ്യമപ്രവർത്തകന്റെ സ്വാതന്ത്ര്യമെടുത്ത് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇവിടെ കുറിച്ചിടാത്തത് ബന്ധപ്പെട്ട നേതാക്കൾ ജീവിച്ചിരിപ്പില്ലാത്തത് കൊണ്ടാണ്.
ആത്മീയനേതൃത്വം എന്ന നിറപ്പകിട്ടാർന്ന തൊപ്പി വെച്ച്, കോണി സ്വർഗത്തിലേക്കുള്ള കുറുക്കുവഴിയാണെന്ന് നിർലജ്ജം സാമാന്യജനത്തെ കബളിപ്പിക്കുന്ന കുറെ പ്രൊഫഷനൽ പ്രസംഗകരെ സൃഷ്ടിച്ചെടുക്കാനാണ് പോയ കാൽ നൂറ്റാണ്ടിനിടയിൽ സമസ്തയുടെ നിയോഗമെങ്കിൽ അതിൽനിന്നുള്ള വലിയൊരു മാറ്റം സമീപകാലത്ത് പ്രകടമാണ് എന്നത് ശുഭപ്രതീക്ഷ നൽകുന്നു. ജിഫ്രിമുത്തുക്കോയ തങ്ങൾ എന്ന സമസ്തയുടെ പുതിയ അമരക്കാരന് രാഷ്ട്രീയം നന്നായി വഴങ്ങും എന്നതിനപ്പുറം രാഷ്ട്രീയക്കാരുടെ പിന്നിൽ അണിനിരക്കേണ്ടവരല്ല മതനേതൃത്വം എന്ന ഉറച്ച കാഴ്ചപ്പാടിന്റെ വക്താവാണെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചുകഴിഞ്ഞു. അതാണ് നാദാപുരത്ത് തന്റെ ആശീർവാദം വാങ്ങാനെത്തിയ മുസ്ലിം ലീഗ് സ്ഥാനാർഥികളോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ലീഗ് ജിഹ്വ പത്രപ്രസ്താവനയായി വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയും റിബലുകളെ പരാജയപ്പെടുത്തണമെന്ന ആഹ്വാനമായി വ്യാജ വാർത്ത സൃഷ്ടിക്കുകയും ചെയ്തതിനെതിരെ പരസ്യമായി രംഗത്തുവന്നതിൽനിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്. പാണക്കാട് ഹൈദരലി തങ്ങൾ പറഞ്ഞാൽ അണികൾ അനുസരിക്കാത്തത് കൊണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തൽക്കാലം കടമെടുത്തിരിക്കയാണ് ലീഗ് ജിഹ്വ. ലീഗ് നേതൃത്വത്തിന്റെ കുനുട്ട് ബുദ്ധിയാവണം ഇതിനു പിന്നിൽ. പക്ഷേ, ജിഫ്രിതങ്ങളെ അങ്ങനെ കബളിപ്പിക്കാൻ വരട്ടെ. താൻ ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടി വോട്ട് പിടിക്കാറില്ലെന്നും നല്ലവർ ജയിച്ചുവരട്ടെ എന്ന് ആശീർവദിക്കാറേയുള്ളുവെന്നും വിശദീകരിക്കുമ്പോൾ, ആർജവമുള്ള ആ സ്വരത്തിൽ ലിനമായി കിടക്കുന്ന ആശയസ്പഷ്ടതയും സത്യസന്ധതയും സമസ്ത എന്നാൽ മുസ്ലിം ലീഗ് ആണ് എന്നും ലീഗ് എന്നാൽ സുവർക്കത്തിലെ പാർട്ടിയാണെന്നുമുള്ള വിശ്വാസ ആന്ധ്യത്തിന്റെ കടക്കാണ് കത്തിവീഴുന്നത്. ആഴത്തിൽ ഇതുപോലെ നാലഞ്ച് വെട്ട് വീണാൽ സമസ്തക്ക് നഷ്ടപ്പെട്ട ചൈതന്യവും അന്തസ്സും അസ്തിത്വവും തിരിച്ചുകിട്ടുമെന്നുറപ്പ്.