ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 21 October 2021

നബിദിനാഘോഷവും മൗലിക വിമർശനങ്ങളും

 

********************************************

ലോകത്തെല്ലായിടത്തും റബീഉൽ അവ്വലിൽ പുണ്യനബിയുടെ മീലാദ് നടക്കുന്നു. ഈയടുത്തായി ചെറിയൊരു പക്ഷം മീലാദിനോട് വിമുഖത കാണിക്കുന്നുണ്ട്. വിമർശനങ്ങളിലൂടെയാണ് അവർ മീലാദിനെ വരവേൽക്കുന്നത്. അടിസ്ഥാനപരമായി മൂന്നു പോയിന്റിലാണ് അവരുടെ തർക്കം ഉടലെടുത്തിട്ടുള്ളത്. നബിജന്മം സവിശേഷ അനുഗ്രഹമാണോ, അനുഗ്രഹമാണെങ്കിൽ അതിനുള്ള ശുക്ർ ആവർത്തിക്കപ്പെടണോ, ആവർത്തിക്കപ്പെടണമെങ്കിൽ വർഷാവർഷം റബീഉൽ അവ്വലിൽ വിശിഷ്യാ പന്ത്രണ്ടിൽ തന്നെ ആഘോഷിക്കപ്പെടാമോ എന്നിവയാണവ. നബിജന്മത്തിന് സാധാരണയിൽ നിന്ന് ഭിന്നമായി പ്രത്യേകതയൊന്നുമില്ലെന്നും രിസാലത്തിന്റെയും നുബുവ്വത്തിന്റെയും ഔദ്യോഗിക വാഹകത്വത്തിന്റെ ഇരുപത്തിമൂന്ന് കൊല്ലത്തെ പരിമിതമായ കാലയളവിൽ മാത്രമാണ് നബി(സ) ലോകത്തിന് റഹ്മത്താകുന്നതെന്നുമാണ് എതിർപ്പിന്റെ കാതൽ. എന്നാൽ ഖുർആനും ഹദീസും നബി ചരിത്രവും ഈ വാദത്തിന്റെ മുനയൊടിച്ചിരിക്കുന്നു. ഖുർആൻ 9:128 ൽ തിരുദൂതരുടെ ആഗമനത്തെ മഹാ സംഭവമായിട്ടാണ് അവതരിപ്പിക്കുന്നത്. അതിലെ രണ്ട് പാരായണ ഭേദമനുസരിച്ച്, റസൂലിന്റെ രണ്ട് ആഗമനങ്ങൾ പ്രതിപാദിച്ചിരിക്കുന്ന സൂക്തമാണത്. ഒന്ന്, 'ഇഖ്‌റഇ'ന്റെ സന്ദേശവുമായി ഹിറാ ഗുഹയിൽ നിന്ന് ഖദീജ ബീവിയിലേക്കും തുടർന്ന് പൊതു സമൂഹത്തിലേക്കുമുള്ള ആഗമനം. രണ്ട്, പവിത്രമായ സൃഷ്ടിപ്പിലൂടെയും, ശ്രേഷ്ഠരായ മാതാപിതാക്കളിൽ നിന്ന് ജനിച്ചുകൊണ്ടുമുള്ള ശാരീരികമായ ആഗമനം. പ്രവാചക നിയോഗം പോലെ അനുഗ്രഹമാണ് പ്രവാചക ജന്മവുമെന്ന് സാരം. തിങ്കളാഴ്ച നോമ്പ് സുന്നത്താണ്. അതായത് പ്രത്യേകം സുന്നത്താണ്. എന്നുവെച്ചാൽ അത് മുന്തിച്ചു ചെയ്താൽ നിഷിദ്ധവും പിന്തിച്ചാൽ ഖള്വാഉമാണ്. അതേപ്പറ്റി ഒരിക്കൽ നബി(സ) ചോദിക്കപ്പെട്ടു. "അന്ന് ഞാൻ ജനിച്ചു, ഞാൻ പ്രവാചകനായി, എനിക്കു ഖുർആൻ ഇറങ്ങി" എന്നീ മൂന്നു കാരണങ്ങളാണ് നബി(സ) ഉത്തരം നൽകിയത്. (മുസ്‌ലിം 1162) മൂന്നും നബിയുമായി ബന്ധപ്പെട്ടവ. അതിൽ പ്രഥമവും പ്രധാനവുമാണ് നബിജന്മമെന്നത്. നബിജന്മത്തിന്റെ പവിത്ര ദിനത്തിൽ എത്രയോ മഹാത്ഭുതങ്ങൾ അരങ്ങേറിയത് പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുമുണ്ട്. വാനലോകവും സ്വർഗീയരും അന്ന് സന്തോഷിച്ചു. പിശാചു മാത്രമേ അന്ന് ദുഃഖിച്ചുള്ളൂ. 


ഒരാളുടെ ജനനമെന്ന അനുഗ്രഹത്തിന്റെ ശുക്റും സന്തോഷവുമാണ് അഖീഖത്ത്. നബി(സ) യുടെ അഖീഖത്ത് പിതാമഹൻ അബ്ദുൽ മുത്ത്വലിബ്‌ ജനനത്തിന്റെ ഏഴാം നാളിൽ നടത്തിയതാണ്. രണ്ടാമതു ആവർത്തിക്കപ്പെടുന്ന കർമ്മമല്ല അഖീഖത്ത്. എന്നിട്ടും നുബുവ്വത്തിന് ശേഷം നബി(സ) സ്വന്തമായി അഖീഖത്ത് നിർവ്വഹിച്ചു. ഇത് നബി(സ)യുടെ ജന്മത്തിൽ ആവർത്തിച്ചു ശുക്ർ ചെയ്യപ്പെടേണ്ടതാണെന്നും സന്തോഷം പ്രകടിപ്പിക്കേണ്ടതാണെന്നും പഠിപ്പിക്കുന്നുവെന്ന് ഹാഫിള് സുയൂത്വി(റ) 'ഹുസ്‌നുൽ മഖ്സ്വിദി'ൽ രേഖപ്പെടുത്തുന്നു. (അൽ ഹാവി 1-188) ഈ ഹദീസ് അബ്ദുള്ളാഹിബ്നുൽ മുസന്നായിലൂടെയും അബ്ദുല്ലാഹിബ്നു മുഹർററിലൂടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബ്ദുള്ളാഹിബ്നുൽ മുസന്നായിലൂടെയുള്ള റിപ്പോർട്ട്, വിമർശകരുടെ അവലംബമായ ശൈഖ് നാസിറുദ്ദീൻ അൽബാനി പോലും പ്രബലമാണെന്ന് സമ്മതിച്ചിട്ടുണ്ട്. (സിൽസിലത്തുസ്സഹീഹ: 2726) എങ്കിൽ ഇതു പ്രകാരം സ്വഹാബികളാരെങ്കിലും പ്രവർത്തിച്ചോ എന്ന് ചോദിക്കുന്നതിന് അർത്ഥമില്ല. കാരണം, സ്വഹാബികൾ ദീനിൽ പ്രമാണമല്ല എന്നതാണ് ആരോപകരുടെ ഇതപര്യന്തമുള്ള നിലപാട്. നബിദിനാഘോഷത്തിൽ മാത്രം സ്വഹാബികൾ ദീനിൽ ഇക്കൂട്ടർക്ക് തെളിവാകുന്നതെങ്ങനെ? നബിയിൽ നിന്ന് ഒരു തെളിവ് ഉദ്ധരിച്ചു കഴിഞ്ഞാൽ അത് സ്വഹാബത്ത് പ്രവർത്തിച്ചതായി കണ്ടെങ്കിലേ അംഗീകരിക്കൂ എന്ന വാദം ഹദീസു നിഷേധമാണ്. ഉദാഹരണത്തിന്, "എല്ലാ ബാങ്കു ഇഖാമത്തിന്റെ ഇടയിലും സുന്നത്തു നിസ്കാരമുണ്ട്" എന്ന് ഹദീസിൽ കാണാം. അതുപ്രകാരം ജുമുഅയുടെ മുമ്പും റവാതിബ് നിസ്കാരം സുന്നത്താണല്ലോ. എന്നാൽ സ്വഹാബികൾ ജുമുഅയുടെ മുമ്പ് റവാതിബ് നിസ്കരിച്ചതായി സഹീഹായ റിപ്പോർട്ട്‌ കാണിച്ചുതന്നെങ്കിലേ നബിയുടെ ഹദീസ് സ്വീകരിക്കുകയുള്ളൂ എന്ന വാശി ഹദീസ് നിഷേധമാണ്.


നബി(സ) മദീനയിൽ ചെന്നപ്പോൾ ജൂതർ ആശൂറാഅ് ദിനത്തിൽ നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടു. അതേകുറിച്ച് ആരാഞ്ഞപ്പോൾ അവരുടെ മറുപടി ഇപ്രകാരമായിരുന്നു: ഇത് മഹത്തായ ദിവസമാണ്. അല്ലാഹു മൂസാ നബിയെയും ജനതയെയും രക്ഷിക്കുകയും ഫിർഔനിനെയും കൂട്ടരെയും മുക്കി നശിപ്പിക്കുകയും ചെയ്ത ദിവസമാണിത്. മൂസാ നബി നന്ദിസൂചകമായി ഇന്ന് നോമ്പെടുത്തു. അതിനാലാണ് ഇന്ന് ഞങ്ങൾ വൃതമനുഷ്ഠിക്കുന്നത്. നബി(സ) പറഞ്ഞു: 'നിങ്ങളേക്കാൾ മൂസാ നബിയോട് കടപ്പെട്ടവർ ഞങ്ങളാണ്'. അങ്ങനെ നബി(സ) അന്ന് നോമ്പനുഷ്ഠിക്കുകയും അനുചരരോട് നോമ്പ് കൽപ്പിക്കുകയും ചെയ്തു. (മുസ്‌ലിം-1130) പ്രവാചക ജന്മമെന്ന നിഅ്മത്തിന്റെ ശുക്ർ വർഷാവർഷം റബീഉൽ അവ്വലിലെ നബിജൻമ ദിനത്തിൽ ആവർത്തിക്കപ്പെടാൻ ഇതു മതിയായ തെളിവാണെന്ന് ഹാഫിള് ഇബ്നു ഹജർ(റ) രേഖപ്പെടുത്തുന്നു. (അൽ ഹാവി 1-186) ആശൂറാഇന്റെ പ്രത്യേക നോമ്പ് റബീഉൽ അവ്വലിൽ നിർവ്വഹിക്കണമെന്നല്ല ഈ താരതമ്യത്തിലുള്ളത്. കാരണം ശുക്റിലും അമലിലും മാത്രമേ 'ഖിയാസ്' നടത്തുകയുള്ളൂ. അതേസമയം പ്രത്യേകതയിലും ശ്രേഷ്ഠതയിലും ഖിയാസ് ചെയ്യുകയില്ല. (ഫത്ഹുൽ ബാരി 6-10) അതുകൊണ്ടാണ് റബീഉൽ അവ്വൽ പന്ത്രണ്ടിന് 'പ്രത്യേക നോമ്പി'ല്ലാത്തത്.


 "മൗലിദ് നടത്തൽ മുമ്പ് പതിവില്ലാത്തതാ... അത് ഹിജ്‌റ മുന്നൂറിന്നു ശേഷം വന്നതാ" എന്ന ഒരു വരി, എതിർപ്പുകാർ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ഉന്നയിക്കാറുണ്ട്.

സത്യത്തിൽ, ഹിജ്‌റ മൂന്നൂറല്ല, ആയിരത്തി മുന്നൂറിനു ശേഷമാണ് "മൗലിദ്" നടന്നതെന്ന് വന്നാലും ഇസ്‌ലാമിക നിയമപ്രകാരം അതിലെന്താണ് വിരോധം? എല്ലാ വർഷവും ശവ്വാലിൽ മദ്രസാ വിദ്യാർത്ഥികൾക്ക് പാഠപുസ്തകവും യൂണിഫോമും നൽകുന്ന സമ്പ്രദായം ഹിജ്‌റ 1400 ൽ തുടങ്ങിയെന്നിരിക്കട്ടെ. ഭാഷാപരമായി അത് 'ബിദ്അത്താ'ണല്ലോ.  അതായത് 'പുതിയ ആചാര'മാണല്ലോ. എന്നാൽ മതപരമായി അത് 'ബിദ്അത്ത്-അനാചാര'മല്ല. പ്രത്യുത അത് മഹത്തായ പുണ്യപ്രവൃത്തിയാണ്. മതത്തിൽ അടിസ്ഥാനമുള്ള, മതവിരുദ്ധമല്ലാത്ത ഏതു ആചാരവും അനാചാരമല്ല എന്നാണ് ഇസ്‌ലാമിന്റെ നിയമം. അത് ചിലപ്പോൾ വാജിബും ചിലപ്പോൾ സുന്നത്തും ചിലപ്പോൾ മുബാഹുമാകുന്നതാണ്. "മൗലിദ്" എന്ന നാമത്തിലും നടപടിക്രമത്തിലും ഹിജ്‌റ മുന്നൂറിനു ശേഷമാണെന്നേ, ഉന്നയിക്കുന്ന വരിയിൽ വിവക്ഷിക്കുന്നുള്ളൂവെന്ന് ഒരൽപ്പം മതബോധമുള്ള ആർക്കും ബോധ്യമാകും. തുടർന്നുള്ള വരികൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. "മദ്രസ നടത്തൽ മുമ്പ് പതിവില്ലാത്തതാ... അത് ഹിജ്‌റ ആയിരത്തിന്നു ശേഷം വന്നതാ" എന്ന് ആരെങ്കിലും പാടിയാൽ അതിനർത്ഥം മദ്രസ്സകൾ ദുരാചാര കേന്ദ്രങ്ങളാണെന്നല്ലല്ലോ.


അല്ലാഹുവിനെ സ്നേഹിക്കുന്നവർ നബിയെ പിൻപറ്റുകയാണ് വേണ്ടതെന്ന് ഖുർആൻ ആലു ഇംറാൻ 31 ൽ വ്യക്തമാക്കിയതിനാൽ മൗലിദാഘോഷം പാടില്ലത്രെ! നല്ല കണ്ടുപിടുത്തം!! "നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ നബിയെ പിൻപറ്റുവിൻ" എന്നാണ് ഖുർആൻ 3:31 ലുള്ളത്. അതിനർത്ഥം അല്ലാഹുവിനോടുള്ള മഹബ്ബത്തും നബിയോടുള്ള ഇത്തിബാഉം ഒന്നാണെന്നല്ല. നബിയോടുള്ള മഹബ്ബത്തും ഇത്തിബാഉം ഒന്നാണെന്നുമല്ല. മഹബ്ബത്തിൽ നിന്നാണ് ഇത്തിബാഅ് ഉണ്ടാകുകയെന്ന് മാത്രം. നബിയെ പിൻപറ്റണമെന്നാൽ നബിയുടെ ജന്മമെന്ന അനുഗ്രഹത്തിൽ സന്തോഷിക്കരുതെന്നാണോ?! നബിചര്യയിൽ ഒന്നാമത്തേത് 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്' എന്ന ശഹാദത്തിന്റെ ഇരുവാക്യങ്ങളാണ്. അവയിൽ തന്നെ പിഴച്ച വിശ്വാസം പുലർത്തുന്ന വിമർശകരാണോ നമ്മെ നബിചര്യ പഠിപ്പിക്കുന്നത്? നബിചര്യയിൽ പെട്ടതാണ്, നബിയുടെ ജന്മത്തിന്റെ സന്തോഷവും ശുക്‌റും നബിയുടെ മദ്ഹുമെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. അതുതന്നെയാണ് നബിദിനാഘോഷമെന്നതും. 'പ്രവാചക സ്നേഹ'മെന്നാൽ നബിചര്യ പിൻപറ്റൽ എന്നല്ല. പ്രവാചകനെ ഉള്ളറിഞ്ഞ് മനസ്സിലാക്കലും പ്രവാചകനെ ബഹുമാനിക്കലും പ്രവാചകനെന്ന അനുഗ്രഹത്തിന് ശുക്ർ ചെയ്യലും മുഹമ്മദീയ യാഥാർത്ഥ്യവും പ്രാഥമ്യവും തിരുജന്മത്തിന്റെ പരിശുദ്ധിയും പ്രാധാന്യവുമെല്ലാം ഉൾകൊള്ളലും പ്രവാചകനെ വാഴ്ത്തലും, അതേതുടർന്ന് നബിചര്യ അനുധാവനം ചെയ്യലുമാണെന്നാണ് ദീനിന്റെ ഇമാമുകൾ പഠിപ്പിച്ചിട്ടുള്ളത്. (ശുഅബുൽ ഈമാൻ 2-508) നബിയുടെ മുമ്പാകെ, കള്ളു കുടിച്ചിരുന്ന ഒരു സ്വഹാബിയെ ശിക്ഷിക്കുമ്പോൾ ആരോ അദ്ദേഹത്തെ ശപിച്ചു. അദ്ദേഹമാണെങ്കിലോ അങ്ങേയറ്റത്തെ പ്രവാചകസ്നേഹിയും നബിയെ സന്തോഷിപ്പിക്കുന്നയാളുമായിരുന്നു. നബി(സ) പറഞ്ഞു: അദ്ദേഹത്തെ ശപിക്കരുത്. തീർച്ചയായും അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നയാളാണ്. (ബുഖാരി) വൻദോഷം ആവർത്തിച്ചാൽ പോലും നബിസ്നേഹം മനസ്സിൽ നിന്ന് നഷ്ടപ്പെടണമെന്നില്ല എന്ന് ഈ ഹദീസിൽ വ്യക്തമാണ്. (ഫത്ഹുൽ ബാരി 12-78)


സ്വർഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് നമ്മെ അകറ്റുന്നതുമെല്ലാം നബി(സ) പഠിപ്പിച്ചു. അതിൽ നബിദിനാഘോഷം പെടില്ലെന്നാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരാക്ഷേപം. യഥാർത്ഥത്തിൽ എന്താണ് അപ്പറഞ്ഞതിനർത്ഥം? എല്ലാ പുണ്യ കർമ്മങ്ങളും നബി(സ) ലൈവായി പഠിപ്പിച്ചതായി സ്ഥിരപ്പെട്ടുവെന്നല്ല അതിനർത്ഥം. എല്ലാ തിന്മകളും നബി(സ) നേരിൽ ഓതിത്തന്നുവെന്നുമല്ല. ഉദാഹരണം ജുമുഅ ഖുത്ബയിൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ ഫർള്വാണല്ലോ. എന്നാൽ അത് ഹദീസ് കൊണ്ട് നേരിട്ട് സ്ഥിരപ്പെടുത്താൻ ആക്ഷേപകർക്ക് കഴിയുമോ? പിൽകാലത്തു വന്ന പുകവലി, കറാഹത്തോ ഹറാമോ ആണെന്ന വിധി കർമ്മശാസ്ത്രത്തിൽ കാണാം. (ശർവാനി 4-238) പക്ഷേ അക്കാര്യം നബി(സ) നേരിട്ട് പറഞ്ഞ ഹദീസ് കാണിക്കാനാകില്ല. ഇത്തരത്തിലുള്ള ആയിരക്കണക്കിന് മസ്അലകൾ ഇസ്‌ലാമിക കർമ്മശാസ്ത്രം കൈകാര്യം ചെയ്തിട്ടുണ്ട്. നിൽക്കാൻ കഴിവുണ്ടായിരിക്കെ നിലത്തിരിക്കാൻ കഴിയാത്ത ആളുകൾ എങ്ങനെ നിസ്കരിക്കും? സുജൂദ് ചെയ്യും? അത്തഹിയ്യാത്തിനിരിക്കും? നബി(സ)യുടെ ഹദീസ് നേരിട്ടുദ്ധരിച്ചുകൊണ്ട് വിധി പറയാൻ കഴിയുമോ? എങ്കിൽ എല്ലാം നബി(സ) പഠിപ്പിച്ചുവെന്നതിന്റെ താല്പര്യമെന്താണ്? ഇമാം റാസി(റ) പറയുന്നു: "ദീൻ പൂർത്തിയാക്കിയെന്നാൽ, കാര്യങ്ങളിൽ ചിലത് നേരിട്ടു വ്യക്തമാക്കിയും ചിലത് ഖിയാസിലൂടെ പിൽകാലത്ത് കണ്ടെത്തുന്ന വിധത്തിലും വിവരിച്ചു എന്നാണ് ഉദ്ദേശ്യം" (തഫ്സീറുൽ കബീർ 11- 141) ഇതു സംബന്ധിച്ച ഇമാം മാലിക്(റ) വിന്റ പ്രസ്താവനയിലും ഇതേ ആശയമാണ് പ്രകാശിക്കുന്നത്.


ബിദ്അത്തെന്നാൽ നബി(സ) പഠിപ്പിക്കാത്തത്, ചെയ്യാത്തത് എന്നല്ല. പ്രത്യുത, 'മത വിരുദ്ധമായ പുതിയ വിശ്വാസവും ആചാരവുമാണ് ബിദ്അത്ത്. ഇതു നബി(സ) തന്നെയാണ് പഠിപ്പിച്ചത്.

"ആരെങ്കിലും നമ്മുടെ ഇക്കാര്യത്തിൽ മതവിരുദ്ധമായത് പുതുതായി ഉണ്ടാക്കിയാൽ അതു തള്ളപ്പെടേണ്ടതാണ്" (ബുഖാരി 2697)

ബിദ്അത്തിന് രണ്ടു നിബന്ധനകളാണ് ഇതിലുള്ളത്.

1- പുതിയതാകുക 2- മതവിരുദ്ധമാകുക. എങ്കിൽ മതവിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ബിദ്അത്തല്ല എന്ന് റസൂൽ(സ) തന്നെ പഠിപ്പിച്ചു. ഇക്കാര്യം ഇമാം ശാഫിഈ, ബൈഹഖി, നവവി, തഫ്താസാനി, അസ്ഖലാനി, സുയൂത്വി(റ) തുടങ്ങിയ അനേകം ഇമാമുകൾ ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. എന്നിരിക്കെ മൗലിദാചാരത്തെ ബിദ്അത്താക്കുന്നതെന്തിനാണ്?


നബി(സ) ജനിച്ച ദിവസത്തിലാണ് നബി(സ) വഫാത്തായത്, അതിനാൽ അന്ന് സന്തോഷിക്കരുത്, അന്ന് ദുഖിക്കേണ്ടതാണ് എന്ന വിവരക്കേടും ചിലർ പറയുന്നു. എന്തിനും, സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിക്കുന്നവർ നബി(സ)യുടെ വഫാത്ത് റബീഉൽ അവ്വൽ 12 നായിരുന്നുവെന്നതിന് വല്ല ഹദീസും അന്വേഷിച്ചുവോ? നബി(സ) വഫാത്തായത് 12 നാണെന്നാണ് പ്രസിദ്ധമായ അഭിപ്രായം. എന്നാൽ വേറെയും അഭിപ്രായങ്ങളുണ്ട്. പ്രബലമായത് റബീഉൽ അവ്വൽ 02 നാണെന്നാണ്. (ഫത്ഹുൽ ബാരി 7-735). ആരുടെയും വഫാത്തിൽ വർഷാവർഷം ദുഃഖമാചരിക്കാൻ പാടില്ല. അനിയന്ത്രിതമായി വന്ന ദുഃഖം കഴിയുംവിധം ഒതുക്കിവയ്ക്കുകയാണ് വേണ്ടത്. പക്ഷേ നബി(സ) യുടെ വഫാത്തിൽ യാതൊരു ദുഃഖവും നിലവിലില്ലാത്ത ആളുകൾക്ക് എവിടെ നിന്ന് കിട്ടി ഈ ദുഖാചരണം?


മുളഫ്ഫർ രാജാവ് നീതിമാനായ രാജാവും മഹാപണ്ഡിതനും ഇസ്‌ലാമിന്റെ സംരക്ഷകനും കറകളഞ്ഞ സുന്നിയുമായിരുന്നു. പൊതുവെ രാജാക്കന്മാരിൽ കാണുന്ന സുഖലോലുപത ഉള്ളവരായിരുന്നില്ല. അദ്ദേഹം രാജകീയമായും ഭരണപരമായും മൗലിദിനെ ജനകീയവൽകരിച്ചെങ്കിൽ അന്ത്യനാൾ വരേക്കുമുള്ള മൗലിദാഘോഷത്തിന്റെ പുണ്യം അദ്ദേഹത്തിന് ലഭിക്കുമെന്നത് തീർച്ച. കാരണം ഇമാമുകൾ അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിക്കുകയാണ് ചെയ്തത്. വിമർശകരുടെ തന്നെ മുൻകാല നേതാക്കളും സംഘടനകളും നബിദിനം ആഘോഷിച്ചിരുന്നതും അതിനായി ആഹ്വാനം ചെയ്തിരുന്നതും അനിഷേധ്യ വസ്തുതയാണ്. (അൽ മുർഷിദ് 1935 ജൂൺ)


മുഹമ്മദ്‌ നബി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കൽ മറ്റു മതസ്ഥരിൽ നിന്ന് പകർത്തിയതല്ല. ആണെന്ന് കള്ളം പറയുന്നത് അവർ പോലും അംഗീകരിക്കില്ല. നബിയുടെ ജന്മം ഏറ്റവും വലിയ അനുഗ്രഹമാണ്. അനുഗ്രഹത്തിലും റഹ്മത്തിലും സന്തോഷിക്കണമെന്നത് ഖുർആൻ (10:58) കല്പിച്ചതാണ്. ഇത് അംഗീകരിക്കാനാവാത്ത ഇക്കാലത്തെ പുത്തനാശയക്കാർ മാത്രമാണ് നബി ജന്മദിനാഘോഷത്തെ ഇതര മതസ്ഥരുടെ ജയന്തികളോട് ഉപമിക്കുന്നത്.