❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️❓️
ഒരു പ്രവൃത്തി അല്ലെങ്കിൽ ആശയം പുതിയതാകുക, അതോടൊപ്പം മതത്തിൽ പ്രത്യേകമായതോ പൊതുവായതോ ആയ അടിസ്ഥാനം ഇല്ലാതിരിക്കുക അഥവാ മത വിരുദ്ധമാകുക എന്നീ രണ്ട് നിബന്ധനകൾ മേളിക്കുമ്പോഴാണ് ഏതു കാര്യവും ബിദ്അത്താകുന്നത്. അതായത്, കർമ്മത്തിലാണെങ്കിൽ അനാചാരമെന്നും ആശയത്തിലാണെങ്കിൽ പുത്തൻ വാദമെന്നും വിവക്ഷിക്കുന്ന ബിദ്അത്താകുന്നത്. ബിദ്അത്തെന്നാൽ നബിയും സ്വഹാബികളും ചെയ്യാത്തത് എന്ന വഹ്ഹാബീ നിർവ്വചനം ബിദ്അത്തിലെ ബിദ്അത്താണ്. "ഭൗതിക തേട്ടങ്ങൾ പടപ്പുകളോടും അഭൗതിക തേട്ടങ്ങൾ പടച്ചവനോടും" എന്ന വഹ്ഹാബികളുടെ വാദം തൗഹീദിൽ അവരുണ്ടാക്കിയ പുത്തൻവാദമാണ്. അത് മത വിരുദ്ധമാണ്. അതിനാൽ അത് ബിദ്അത്താണ്. മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായതാണ് എന്ന വാദം മത വിരുദ്ധമാണ്. അതിനാൽ അത് ബിദ്അത്താണ്. കുഫ്റുമാണ്.
നമ്മുടെ പള്ളികളിൽ ഈയിടെ തുടങ്ങിയ ഇഫ്താർ സംഗമം എന്ന കർമ്മം, 'പുതിയത്' എന്ന അർത്ഥത്തിൽ ഭാഷാ പ്രയോഗത്തിൽ ബിദ്അത്താണല്ലോ. പക്ഷേ അത് അനാചാരം എന്ന അർത്ഥത്തിൽ ബിദ്അത്തല്ല. മറിച്ചത് സദാചാരം അഥവാ 'ബിദ്അത്തു ഹസനത്താ'ണ്.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
"ദീൻ പൂർത്തിയാക്കി" എന്നതിന്റെ താല്പര്യം ഇമാം റാസി(റ) പറയുന്നു:
المُرادَ بِإكْمالِ الدِّينِ أنَّهُ تَعالى بَيَّنَ حُكْمَ جَمِيعِ الوَقائِعِ بَعْضَها بِالنَّصِّ وبَعْضَها بِأنْ بَيَّنَ طَرِيقَ مَعْرِفَةِ الحُكْمِ فِيها عَلى سَبِيلِ القِياسِ
"ദീൻ പൂർത്തിയാക്കിയെന്നാൽ, കാര്യങ്ങളിൽ ചിലത് നേരിട്ടു വ്യക്തമാക്കിയും ചിലത് ഖിയാസിലൂടെ പിൽകാലത്ത് കണ്ടെത്തുന്ന വിധത്തിലും വിവരിച്ചു എന്നാണ് ഉദ്ദേശ്യം" (തഫ്സീറുൽ കബീർ 11- 141)
ഇനി ഇമാം ബൈള്വാവിയുടെ വിശദീകരണം കാണുക.
﴿اليَوْمَ أكْمَلْتُ لَكم دِينَكُمْ﴾ بِالنَّصْرِ والإظْهارِ عَلى الأدْيانِ كُلِّها، أوْ بِالتَّنْصِيصِ عَلى قَواعِدِ العَقائِدِ والتَّوْقِيفِ عَلى أُصُولِ الشَّرائِعِ وقَوانِينِ الِاجْتِهادِ
"ദീൻ പൂർത്തിയാക്കിയെന്നാൽ (1) സഹായം കൊണ്ടും, മറ്റു മതങ്ങളെക്കാൾ അജയ്യമാക്കൽ കൊണ്ടും പൂർത്തിയാക്കി. (2) മൗലികമായ വിശ്വാസ തത്വങ്ങൾ വ്യക്തമാക്കുകയും, അടിസ്ഥാന കർമ്മങ്ങളും ഗവേഷണ നിയമങ്ങളും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് പൂർത്തിയാക്കി." അനുബന്ധങ്ങൾ പിൽകാലത്തു ഇമാമുകൾ കണ്ടെത്തുന്നു.
അല്ലാതെ, എല്ലാ പുണ്യ കർമ്മങ്ങളും നബി(സ) നേരിട്ട് കാണിച്ചുകൊടുത്തുവെന്നോ, എല്ലാ ദുഷ്‌കർമ്മങ്ങളും നബി(സ) നേരിട്ട് ഓതിക്കൊടുത്തുവെന്നോ അല്ല. അങ്ങനെയുള്ള പ്രചാരണം നടത്തുന്നവർ ദീനെന്താണെന്ന് മനസ്സിലാക്കാത്തവരാണ്.