ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 6 September 2017

മക്കാ മുശ്രിക്കുകളുടെ വിശ്വാസം

മക്കാ മുശ്രിക്കുകളുടേയും മുസ്ലിംകളുടെയും വിശ്വാസങ്ങള്‍ ഒരുപോലെയാണെന്ന് സമര്‍ഥിക്കാന്‍, ചില പരിഷ്കരണ വാദികള്‍ ശ്രമിക്കാറുണ്ട്. മക്കാമുശ്രിക്കുകള്‍, അവര്‍ ആരാധിച്ചിരുന്ന ദൈവങ്ങള്‍ക്ക്, ഉപകാരോപദ്രവങ്ങള്‍ ചെയ്യാന്‍ സ്വയം പര്യാപ്തതയുണ്ടായിരുന്നില്ലെന്ന് വിശ്വസിച്ചിരുന്നതായി സമ്മതിച്ചാല്‍ പോലും അവരുടെ വിശ്വാസവും മുസ്ലിംകളുടെ വിശ്വാസവും എങ്ങനെയാണ് തുല്യമാവുക? അല്ലാഹുവിനെ സംബന്ധിച്ച് അവരുടെ വിശ്വാസം എങ്ങനെയായിരുന്നു?
അവര്‍ അല്ലാഹുവിനെ തനത് രൂപത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. അവരുടെ വിശ്വാസം ശരിയായ വിധത്തിലായിരുന്നില്ലെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ മുശ്രിക്കുകള്‍ അല്ലാഹുവിന്റെ പേര് എടുത്തു പറഞ്ഞതായും അവരുടെ ആരാധ്യ വസ്തുക്കള്‍ക്ക് സ്വയം കഴിവില്ലെന്നു സമ്മതിച്ചതായും വിശദീകരിച്ചു കൊണ്ടാണ് മുസ്ലിംകളെ മുശ്രികാക്കാന്‍ പരിഷ്കരണ വാദികള്‍ ശ്രമിക്കുന്നത്. ഈ വാദത്തില്‍ വല്ല അടിസ്ഥാനവുമുണ്ടോയെന്നു നമുക്ക് പരിശോധിക്കാം.
അല്ലാഹു അല്ലാത്തവരെ മുശ്രിക്കുകള്‍ ആരാധിച്ചിരുന്നു എന്നത് തീര്‍ച്ചയാണ്. പരമമായ വണക്കമാണല്ലോ ആരാധന. വണക്കം എപ്പോഴാണ് പരമമാവുക? ആരാധ്യനായവന്റെ ഒരു വിശേഷണമെങ്കിലും സ്വയം പര്യാപ്തതയിലധിഷ്ഠിതമായ രൂപത്തില്‍ ആരോപിച്ച് നടത്തുന്ന വണക്കമാണ് പരമമാവുക. അത്തരം വണക്കമേ ആരാധനയാവൂ. ഈ വിധത്തിലുള്ള ആരാധനയാണ് അല്ലാഹു അല്ലാത്ത വസ്തുക്കള്‍ക്ക് മുശ്രികുകള്‍ ചെയ്തിരുന്നത്. ആരാധ്യനായ അല്ലാഹുവിന്റെ ഒരു വിശേഷണവും ഒരു സൃഷ്ടിക്കും കല്‍പിക്കാന്‍ തയാറാകാത്ത മുസ്ലിംകള്‍ എങ്ങനെയാണ് ഈ മുശ്രിക്കുക ളോട് തുല്യമാവുക?
ഒരു പുത്തന്‍വാദി തന്റെ വാദം സമര്‍ഥിക്കാന്‍ എഴുതിയത് ശ്രദ്ധിക്കുക: “തങ്ങളുടെ ആരാധ്യ വസ്തുക്കളെക്കുറിച്ച് ഉപകാരോപദ്രവങ്ങളുടെ സാക്ഷാല്‍ ഉടമകള്‍ എന്ന് മക്കാ മുശ്രികുകള്‍ വിശ്വസിച്ചിരുന്നു എന്നാണല്ലോ ഇസ്തിഗാസാവാദികള്‍ പറയുന്നത്. സാക്ഷാല്‍ ഉടമസ്ഥത പോകട്ടെ, അല്‍പ്പമാത്രമെങ്കിലുമുള്ള ഉടമസ്ഥതയും അവര്‍ക്കുണ്ടെന്ന് മക്കാ മുശ്രികുകള്‍ വിശ്വസിച്ചിരുന്നില്ല എന്നതാണ് വാസ്തവം.” ഇതിനു തെളി വായി അയാള്‍ ഉദ്ധരിക്കുന്നത് അല്‍ ഫുര്‍ഖാന്‍ സൂറത്തിലെ മൂന്നാം സൂക്തമാണ്. അതിങ്ങനെ വായിക്കാം:
“അവര്‍ അവനുതാഴെ വേറെയും ഇലാഹുകളെ പ്രതിഷ്ഠിച്ചു. അവര്‍ ഒന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടികളാണ്. അവര്‍ സ്വശരീരത്തിന് പോലും ദോഷമോ ഗുണമോ വരുത്തുന്നില്ല. അവര്‍ ജീവിതമോ മരണമോ ഉയിര്‍ത്തെഴുന്നേല്‍പ്പോ അധീന പ്പെടുത്തുന്നില്ല.”
മുശ്രികുകള്‍ ആരാധിച്ചിരുന്ന വസ്തുക്കളുടെ യഥാര്‍ഥ സ്ഥിതി ഖുര്‍ആന്‍ വിശദീകരിക്കുകയാണിവിടെ. അവരുടെ വിശ്വാസം ഇങ്ങനെയായിരുന്നുവെന്നു പറയുകയല്ല ആ വിശ്വാസത്തെ ഖണ്ഢിക്കുകയാണല്ലോ ഖുര്‍ആന്‍ ചെയ്യുന്നത്. അതായത് സൃഷ്ടിക്കാനും ഉടമപ്പെടുത്താനുമെല്ലാം കഴിവുള്ളവരാണ് തങ്ങളുടെ ദൈവങ്ങള്‍ എന്ന മക്കാ മുശ്രികുകളുടെ വിശ്വാസത്തെ നിഷേധിക്കുകയാണ് ഖുര്‍ആന്‍. മുസ്ലിംകളെ കാഫി റാക്കി ചിത്രീകരിക്കാന്‍ ഈ സൂക്തം ഉപയോഗിക്കുന്നത് ഖേദകരം തന്നെയാണ്.
മക്കാമുശ്രികുകള്‍ ഒരുനിലക്കും അല്ലാഹുവിന്റെ തൌഹീദില്‍ വിശ്വസിച്ചിരുന്നില്ല. മറ്റു ശക്തികളില്‍ നിന്നെല്ലാം അല്ലാഹുവിനെ മാറ്റി നിര്‍ത്തുന്ന സ്വയം കഴിവ് തങ്ങളുടെ ദൈവങ്ങള്‍ക്കുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഇമാം റാസി എഴുതുന്നത് കാണുക:
“ബഹുദൈവ വിശ്വാസികള്‍ അവരുടെ ദൈവങ്ങള്‍ക്ക് സ്വന്തമായി ഉപകാരോപദ്രവങ്ങളേല്‍പ്പിക്കാനും ശിപാര്‍ശ ചെയ്യുവാനും കഴിവുണ്ടെന്ന് സങ്കല്‍പ്പിച്ചിരുന്നു”(റാസി, 17/88).
“എല്ലാ നന്മകളുടേയും ദാതാവ് അല്ലാഹുവായിരിക്കെ, ഒരാള്‍ അല്ലാഹുവിന് പങ്കാളിയെ സ്ഥിരപ്പെടുത്തുമ്പോള്‍ ചില നന്മകളെ ഈ പങ്കാളിയിലേക്ക് കൂടി അവന്‍ ചേര്‍ക്കുന്നു. അങ്ങനെ എല്ലാ നന്മകളുടേയും ദാതാവ് അല്ലാഹുവാണ് എന്ന യാഥാര്‍ഥ്യത്തെ അവന്‍ നിഷേധിക്കുന്നു’‘ (റാസി 5/364).
മുശ്രികുകള്‍ അല്ലാഹുവിനെ അങ്ങേയറ്റം വെറുപ്പോടെയായിരുന്നു വീക്ഷിച്ചിരുന്നതെന്നും അവരെ ഖണ്ഢിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്നും താഴെ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
(1) “ആകാശഭൂമികളില്‍ അല്ലാഹു അല്ലാത്ത മറ്റൊരു ആരാധ്യനുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും നശിക്കുമായിരുന്നു” (അല്‍ അമ്പിയാഅ് 22).
ഒരേ ശക്തിയുള്ള ഒന്നിലധികം ആരാധ്യന്മാരില്‍ വിശ്വസിച്ചിരുന്ന ബഹുദൈവ വിശ്വാസികളെ ഖണ്ഢിക്കാനാണ് ഈ സൂക്തം അവതരിച്ചത്.
(2) “ഓ നബിയേ, തങ്ങള്‍ പറയു. അല്ലാഹുവോടു കൂടെ അവര്‍ പറയുംവിധം മറ്റ് ആരാധ്യര്‍ ഉണ്ടായിരുന്നുവെങ്കില്‍ അര്‍ശിന്റെ ഉടമസ്ഥനായ അല്ലാഹുവിലേക്ക് (അവനെ അക്രമിക്കാനുള്ള) വഴി അവര്‍ അന്വേഷിക്കുമായിരുന്നു” (അല്‍ ഇസ്റാഅ്, 42).
(3) “അല്ലാഹു സന്താനോല്‍പ്പാദനം നടത്തിയിട്ടില്ല. അല്ലാഹുവോടു കൂടെ ഒരു ആരാധ്യ നുമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ ഓരോ ആരാധ്യനും തന്റെ സൃഷ്ടിയുമായി പോകുമായിരുന്നു. ചിലത് ചിലതിനേക്കാള്‍ മേല്‍ക്കോയ്മക്ക് ശ്രമിക്കുകയും ചെയ്യുമായിരുന്നു” (അല്‍ മുഅ്മിനൂന്‍ 91).
(4) “ബഹുദൈവവാദികള്‍, അവരുടെ ദൈവങ്ങളെ അല്ലാഹുവിന് തുല്യം ഇഷ്ടപ്പെടുന്നു. വിശ്വാസികള്‍ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ്” (അല്‍ബഖറഃ 165).
(5) “അല്ലാഹുവാണെ സത്യം. നിങ്ങളെ (ദൈവങ്ങളെ) ലോക രക്ഷിതാവായ അല്ലാഹുവോട് സമപ്പെടുത്തിയ കാരണത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ വഴികേടില്‍ അകപ്പെട്ടിരിക്കുന്നു” (അശ്ശുഅറാഅ്, 97, 98).
മക്കാ മുശ്രിക്കുകളുടെ വിശ്വാസം തൌഹീദുമായി അല്‍പം പോലും ബന്ധമുണ്ടായി രുന്നില്ലെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. മുശ്രികുകളെ വെള്ളപൂശി മുസ്ലിംകളെ മതത്തില്‍ നിന്ന് പുറത്താക്കാന്‍ ഇത്രയും ഖുര്‍ആന്‍ സൂക്തങ്ങളെ മറച്ചുവെക്കുകയാണ്
പരിഷ്കരണ വാദികള്‍.
ആകാശലോകങ്ങളുടെ സ്രഷ്ടാവാരെന്ന അന്വേഷണത്തിന് അല്ലാഹുവാണെന്ന് ബഹു ദൈവ വിശ്വാസികള്‍ പറഞ്ഞിരുന്നതായി ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. ലുഖ്മാന്‍ 25, അന്‍കബൂത് 61-63, സുമര്‍ 38, യൂനുസ് 31 തുടങ്ങിയ സൂക്തങ്ങള്‍ ഉദാഹരണം. അത്തരം പ്രസ്താവനകളില്‍ യഥാര്‍ഥമായും മുശ്രികുകള്‍ വിശ്വസിച്ചിരുന്നു വെങ്കില്‍ തന്നെ അവരെങ്ങനെയാണ് അല്ലാഹുവിന്റെ തൌഹീദ് അംഗീകരിച്ചവരാകുന്നത്? അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ അര്‍ഥത്തില്‍ മറ്റാര്‍ക്കെങ്കിലുമുള്ളതായി വിശ്വസിക്കുന്നത് ശിര്‍ക്കാണ്.
അതിനുപുറമെ ഉദ്ധൃത പ്രസ്താവനകളില്‍ യഥാര്‍ഥത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ലെന്നും ചോദ്യങ്ങള്‍ക്കും മറ്റും ഉത്തരം പറയാന്‍ ഒന്നും ഇല്ലാത്തതിനാല്‍ ബാഹ്യമായി അങ്ങനെ പറയുക മാത്രമായിരുന്നുവെന്നും പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:”ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മതിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നുവെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേ, വിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).
ഇമാം റാസി(റ)എഴുതി: “അല്ലാഹുവല്ലാതെ(ആപല്‍സന്ധികളില്‍നിന്നും) രക്ഷിക്കുകയി ല്ലെന്ന് ബോധ്യപ്പെടുമ്പോള്‍ അല്ലാഹുവില്‍ വിശ്വസിച്ചവരായി അവര്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുന്നതാണ്. ഇത് നിര്‍ബന്ധിത ഘട്ടത്തിലുള്ള (അസ്വീകാര്യമായ) വിശ്വാസമായിരുന്നു” (റാസി 17/74).
വിപല്‍ഘട്ടത്തല്‍ പോലും അവര്‍ അല്ലാഹുവില്‍ യഥാവിധി വിശ്വസിച്ചിരുന്നില്ലെന്നല്ലേ മേല്‍ വിശദീകരണത്തില്‍ നിന്നു വ്യക്തമാകുന്നത്? അത്രയും അബദ്ധ വിശ്വാസം വെച്ചുപുലര്‍ത്തുന്ന മക്കാമുശ്രിക്കുകളെയും മുസ്ലിംകളെയും താരതമ്യപ്പെടുത്തുന്ന തിലെ അബദ്ധവും അപകടവും തിരിച്ചറിയുക.