ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 14 January 2021

സമസ്തയും സീതി ഹാജിയുടെ ചോരയും !

 #സീതി_ഹാജിയുടെ_ചോര !


മുസ്ലീം ലീഗ് എംഎൽഎ ആയിരുന്ന പി. സീതി ഹാജി ചോരചിന്തി നേടിയതാണു സമസ്തയുടെ 1979ലെ ചരിത്ര പ്രസിദ്ധമായ രാഷ്ട്രീയ തീരുമാനം. സംഭവം ഇങ്ങനെ:


1979 മാർച്ചിൽ സലഫികളുടെ പുളിക്കൽ സമ്മേളനത്തിൽ സീതി ഹാജി സുന്നികൾക്കെതിരെ ഒരലക്കലക്കി: *എൻ്റെ അവസാന തുള്ളി രക്തവും സുന്നികൾക്കെതിരെ ചിന്തും!!*  എന്നായിരുന്നു ഹാജിയുടെ ഹാലിളകിയ പ്രഖ്യാപനം. ജന്മം കൊണ്ട് വഹാബിയായി എന്നല്ലാതെ ഇ ടി ബശീറിനെപ്പോലെ സലഫിസത്തെ ചോര കൊടുത്ത് പോറ്റാൻ മാത്രം അന്തമില്ലാത്ത ആളൊന്നുമായിരുന്നില്ല സീതി ഹാജി എന്നാണെൻ്റ അറിവ്. ആൾകൂട്ടത്തെ കണ്ടപ്പോൾ  ആവേശഭരിതനായിപ്പോയതാണ് ആ സാധു മനുഷ്യൻ. ഏതായാലും ഹാജിയുടെ പ്രഖ്യാപനം കരിയിലക്കാട്ടിൽ തീപ്പൊരി വീണതു പോലെയായി. സുന്നി സമ്മേളനങ്ങൾക്ക് അള്ളുവയ്ക്കുക, സുന്നി പള്ളികൾ അടിച്ചുമാറ്റുന്ന സലഫി കുതന്ത്രങ്ങൾക്കു കുട പിടിച്ചു കൊടുക്കുക തുടങ്ങിയ സാമാന്യം ഭേദപ്പെട്ട കലാപരിപാടികളുമായി നടക്കുന്ന ലീഗ് ഗുണ്ടായിസത്തിനെതിരെ സുന്നികൾ എരിപൊരി കൊണ്ടിരിക്കുന്നതിനു മുകളിലേക്കാണു സീതി ഹാജിയുടെ ചുടുചോര ചെന്നുവീണത്. പിന്നത്തെ പുകില് പറയണോ?


സീതി ഹാജിക്കും ലീഗിനുമെതിരെ സുന്നി വികാരം അണപൊട്ടി. നാടാകെ പ്രതിഷേധങ്ങളുയർന്നു. ഈ രാഷ്ട്രീയ അന്യായത്തിനു നിവൃത്തി ഉണ്ടാകണമെന്നു സംഘടനാ ഘടകങ്ങൾ യോഗം ചേർന്നു പ്രമേയങ്ങൾ പാസാക്കി സമസ്തയിലേക്കയച്ച. രാഷ്ട്രീയ വെല്ലുവിളിയെ രാഷ്ട്രീയം കൊണ്ടു തന്നെ നേരിടണമെന്നു ചിലർ വാദിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു സീതി ഹാജി സ്ഥിരമായി നിയമസഭയിലേക്കു മത്സരിച്ചിരുന്നത്. ഈ മണ്ഡലത്തിലെ വോട്ടർമാരാകട്ടെ തൊണ്ണൂറു ശതമാനവും സുന്നികളും. സുന്നി വോട്ടു വാങ്ങി അധികാരത്തിലെത്തി സുന്നികൾക്കെതിരെ ചോര ചിന്താൻ ഒരുത്തനെയും അനുവദിക്കായില്ലെന്നു സുന്നികൾ പ്രഖ്യാപിച്ചു.

  

സലഫി സമ്മേളനത്തിനെതിരെ പുളിക്കലിൽ സുന്നി സമ്മേളനം നടത്താൻ സുന്നികൾ തീരുമാനിച്ചു. സമ്മേളനം മുടക്കാൻ ലീഗ് നേതൃത്വം പതിനെട്ടടവും പയറ്റി. ശയ്ഖുനാ ഇ.കെ ഹസൻ മുസ്ലിയാരുടെ ഇഛാശക്തിക്കു മുന്നിൽ ലീഗ് ഉയർത്തിയ പ്രതിബന്ധങ്ങൾ തകർന്നു. പുളിക്കൽ സുന്നി സമ്മേളനം ചരിത്ര സംഭവമായി. സ്വാഗത പ്രഭാഷകൻ മുതൽ നന്ദി പ്രഭാഷകൻ വരെ ലീഗിൻ്റെ നെടുമ്പുറത്ത് കയറിയിരുന്നു തായമ്പക കൊട്ടി. ഇ.കെ ഉസ്താദിൻ്റെ തീപ്പൊരി പ്രസംഗം സദസ്സിനെ ഇളക്കിമറിച്ചു. തക്ബീറിൻ്റെ ആരവങ്ങളിൽ പലപ്പോഴും അദ്ദേഹത്തിൻ്റെ പ്രസംഗം മുങ്ങിപ്പോയി. മലപ്പുറം ജില്ലയിലെ സുന്നി സമ്മേളനങ്ങളുടെ നടുക്കഷ്ണമെല്ലാം കൗശലപൂർവം കൈക്കലാക്കുന്ന പണക്കാട് കുടുംബം പുളിക്കൽ സുന്നി സമ്മേളനത്തിലേക്കു വന്നതേയില്ല. വാണിയമ്പലം ഉസ്താദ് സ്വാഗത പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞു വികാരധീനനായി.


പുളിക്കൽ സമ്മേളനങ്ങളുടെ അലയൊലികൾ മാസങ്ങൾ നീണ്ടു. ഈയൊരു പശ്ചാത്തലത്തിലാണ് സമസ്തയുടെ  28-7-79ലെ ചരിത്രപ്രധാനമായ രാഷ്ട്രീയ തീരുമാനം ഉണ്ടാകുന്നത്, അല്ലാതെ ചിലർ പറഞ്ഞു കുടുങ്ങിയതു പോലെ ഏതെങ്കിലും കത്തിൻ്റെയോ കമ്പിയുടെയോ അടിസ്ഥാനത്തിലല്ല. സമസ്ത അറുപതാം വാർഷിക സുവനീറിൻ്റെ അറുപത്തിനാലാം പേജിൽ നിന്ന് ഒരു തുണ്ട് കട്ടുമുറിച്ച് ചില തത്പര കക്ഷികൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. തീരുമാനത്തിൻ്റെ മുഴുവൻ ഭാഗവും കാണുക. തീരുമാനത്തിൻ്റെ പൊരുൾ വ്യക്തമാകും.


ഇവ്വിഷയത്തിൽ ഈയൊരു തീരുമാനം മാത്രമല്ല സമസ്ത കൈകൊണ്ടത്. രണ്ട് തുടർ തീരുമാനങ്ങൾ കൂടി ഉടനെ ഉണ്ടായി. 7-10-79നും 29-11-79 നും. സമസ്തയുടെ രാഷ്ട്രീയ തീരുമാനമനുസരിച്ച് സുന്നികളെല്ലാത്തവരെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്നു ലീഗ് നേതൃത്വത്തെ കണ്ടു നിവേദനം നൽകാൻ  ദൗത്യസംഘത്തെ അയക്കാനായിരുന്നു 7/10ൻ്റെ തീരുമാനം. ഇതിനകം പ്രതിസന്ധി നേരിടാൻ ലീഗ് പണി തുടങ്ങിയിരുന്നു. സമസ്തയുടെ തീരുമാനം ലീഗിനെതിരെയല്ലെന്നും ലീഗും സമസ്തയും തമ്മിൽ അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഭായ് ഭായ് ആണെന്നും മലപ്പുറം ജില്ലയാലെ ചില മൊല്ലമാരെ കൊണ്ടു പ്രസ്താവന ഇറക്കിച്ചു.(ഇന്നത്തെ ഭായ് ഭായ് യുടെ ആദിബീജം) 29/11ൻ്റെ തീരുമാനം ഇതിനെതിരെയായിരുന്നു. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ അങ്ങനെ ഒരപ്പനുമായും സമസ്തക്ക് ഒരു ബന്ധവുമില്ലെന്ന് 29ൻ്റെ തീരുമാനത്തിൽ സമസ്ത മുശാവറ വ്യക്തമാക്കി(89നു  ശേഷം ഈ തീരുമാനത്തിന് ഒരു എലിവാല് മുളച്ചിട്ടുണ്ട്. '... എന്നാൽ ലീഗുകാർ ഏറെയും സുന്നികളും സുന്നികളിൽ ഏറെയും ലീഗുകാരും ആയതിനാൽ..., വ്യക്തികൾക്ക് രാഷ്ട്രീയമാകാം എന്നാൽ....' എന്നിങ്ങനെയാണ് ആ വാലാധാരം, ശുദ്ധ വ്യാജനാണ് )


രാഷ്ട്രീയ തീരുമാനം വിവാദമായതോടെ അങ്ങനെ ഒരു തീരുമാനമില്ലെന്നു ചിലർ പ്രചരിപ്പിച്ചു. അതോടെ തീരുമാനം സുന്നിവോയ്സിൽ പ്രസിദ്ധീകരിക്കാനും പത്രങ്ങൾക്കു പ്രസ്താവനയായി നൽകാനും തീരുമാനിച്ചു. കൗതുകകരമായ കാര്യം ഏറെ രാഷ്ട്രീയ വിമർശനങ്ങൾ ഏൽക്കേണ്ടതായിവന്ന ശയ്ഖുനാ എ പി ഉസ്താദിൻ്റെ പേര് പോയിട്ട് പൊടി പോലും ഈ നടപടി ക്രമങ്ങളിലെവിടെയുമില്ല!

രാഷ്ടീയ തീരുമാനം പത്രങ്ങൾക്കു പ്രസ്താവനയായി നൽകാൻ നിയോഗിച്ചത് ഇ കെ ഉസ്താദിനെയും കെ.വി കുറ്റനാടിനെയും വാണിയമ്പലം ഉസ്താദിനെയും. രാഷ്ട്രീയ തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കാൻ നിയോഗിച്ചത് കൊയ്യോട് മൊയ്തീൻകുട്ടി മുസ്ലിയാർ, കെ വി കുറ്റനാട്, ഹസൻ മുസ്ലിയാർ, ഇമ്പിച്ചി മുസ്ലിയാർ എന്നിവരെ.


സമസ്തയുടെ തീരുമാനത്തിൻ്റെ ചൂട് 1979ലെ തദ്ദേശതെരഞ്ഞെടുപ്പിൽ ലീഗ് അറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയുമായിരുന്നു. എന്തെങ്കിലും ചെയ്തേപറ്റൂ എന്നു ലീഗിനു ബോധ്യമായി. എന്നാൽ, സുന്നികൾക്കു വേണ്ടി സലഫി ഭാണ്ഡം വഴിയിലുപേക്ഷിക്കാൻ ലീഗിന് കഴിയില്ലായിരുന്നു 

-ലീഗിൽ നിന്നു സലഫിസത്തെ വേർതിരിക്കുക അസാധ്യം. രണ്ട് പദ്ധതികൾ ലീഗ് ആവിഷ്കരിച്ചു. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് സമസ്തയിൽ നിന്നുള്ള പണ്ഡിതന്മാരുടെ ഒരു ഗ്രൂപ്പ് രൂപപ്പെടുത്തുകയായിരുന്നു ഒന്നാമത്തേത്. വലിയ മുതൽമുടക്കില്ലാതെ ആ ശ്രമം ലീഗ് വിജയിപ്പിച്ചു. ലീഗനുകൂല മുസ്ലിയാന്മാരുടെ ആദ്യ സമ്മേളനം അരീക്കോട്ട് നടന്നു. കാളമ്പാടി ഉസ്താദായിരുന്നു അധ്യക്ഷൻ. 'പാലം കെട്ടാനും റോഡുണ്ടാക്കാനും വേണ്ടി തെരഞ്ഞെടുക്കപ്പെടുന്നവർ സുന്നിയാണോ സലഫിയാണോ എന്നു നോക്കേണ്ടതില്ല' എന്നു രാഷ്ടീയ തീരുമാനം എടുത്തവരിൽ ചിലരെക്കൊണ്ടു തന്നെ പ്രസംഗിപ്പിക്കുന്നതിൽ ലീഗ് വിജയിച്ചു. സമസ്തയുടെ പോരാട്ട നിരയെ അന്നു നയിച്ചിരുന്നത് ഇ.കെ ഉസ്താദായിരുന്നു. ഇ കെ ക്കു പകരം വാണിയമ്പലത്തെ ജനറൽ സെക്രട്ടറിയാക്കി ബദൽ മുശാവറ ഉണ്ടാക്കാനായിരുന്നു രണ്ടാമത്തെ നീക്കം. വാണിയമ്പലത്തെക്കൊണ്ട് സമ്മതം മൂളിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടയിൽ അദ്ദേഹം വഫാതായി, സമസ്തയും വാണിയമ്പലവും തത്കാലം രക്ഷപ്പെട്ടു. 80ൽ ചീറ്റിപ്പോയത് 89ൽ ലീഗ് വിജയകരമായി നടപ്പാക്കി. അതും കടിച്ച പാമ്പിനെ കൊണ്ടു വിഷമിറക്കിച്ചു കൊണ്ട്...!


വാൽക്കുറ്റി:

കേസിൽ തൻ്റെ ഭാഗം ജയിക്കാൻ പ്രതിഭാഗം തെളിവ് ഹാജരാക്കണമെന്നു വാദിക്കുന്ന ഒരു പൊട്ടൻ വക്കീലിനെയും നമ്മൾ കണ്ടു, ഇനി ഇസ്റാഫീൽ വേഗം ഊതും!

     -om tharuvana fb post 14/1/2021