ക്വട്ടേഷൻ സംഘത്തെ വിട്ട്
‘സമസ്ത’യുടെ നേതാക്കളെ
ഭീഷണിപ്പെടുത്തുന്നവരോട്...
‘സമസ്ത’ എന്ന സുന്നി കൂട്ടായ്മയുടെ പൂർണ പേരും സംഘടനാ ഘടനയും ചരിത്രവും അറിയുന്നവർ പൊതുസമൂഹത്തിൽ വിരളമായിരിക്കാം. എങ്കിലും കേരളീയ രാഷ്ട്രീയ, മണ്ഡലത്തിൽ ‘സമസ്ത’ ഇന്ന് നിറഞ്ഞുനിൽക്കുകയാണ്. കേവലമൊരു മത സംഘടന ഇത്രമേൽ മാധ്യമശ്രദ്ധ പിടിച്ചുപറ്റുമ്പോൾ, അതിനപ്പുറമെന്തോ വായിച്ചെടുക്കാനുണ്ട്് . സമസ്തക്ക് രാഷ്ട്രീയമില്ല എന്ന് അതിെൻറ അമരത്തിരിക്കുന്ന പണ്ഡിതന്മാർ ഇടയ്ക്കിടെ പറയാറുണ്ട് . എന്നാൽ, സമസ്ത ഇന്ന് ഒരു രാഷ്ട്രീയ സമസ്യയാണ്. സുന്നികളുടെ കെട്ടുറപ്പുള്ള ആ കൂട്ടായ്മയെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലേക്ക് നിർദയം വലിച്ചിഴച്ചുകൊണ്ടുപോയതാണ് കാരണം. മതം കൊണ്ട് രാഷ്ട്രീയം കളിച്ച് ദുരന്തം ഏറ്റുവാങ്ങുകയും ലാഭം കൊയ്യുകയും ചെയ്ത പാർട്ടിയുടെ പേരാണ് മുസ്ലിം ലീഗ് എന്നത്. 1925ൽ ബീജാവാപം ചെയ്യപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സംഘടന, 1930കളിൽ കേരളത്തിൽ വേരൂന്നിയ മുസ്ലിം ലീഗിെൻറ പോഷക ഘടകമായി എങ്ങനെ മാറി എന്നന്വേഷിക്കുമ്പോഴാണ് പാർട്ടിയുടെ തലപ്പത്ത് ആത്മീയ നേതാക്കളെ വെച്ച് ലീഗ്നേതൃത്വം പയറ്റിയ കളികളുടെയും പരമ്പരാഗതമായി കേരളീയ മുസ്ലിം സമൂഹം മുറുകെ പിടിക്കുന്ന മതബോധം ചൂഷണം ചെയ്യപ്പെട്ടതിെൻറയും ഞെട്ടിപ്പിക്കുന്ന ചരിത്രം ചുരുളഴിഞ്ഞുവീഴുന്നത്. കേരള കോൺഗ്രസുകളും ക്രിസ്ത്യൻ സഭകളും തമ്മിലുള്ള ബന്ധത്തിനു വിപരീതമാണ് മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം. ൈക്രസ്തവ സഭകളുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ഇവിടുത്തെ ൈക്രസ്തവ വിശ്വാസികളുടെ രാഷ്ട്രീയമെന്ന് ‘പള്ളിയും പാർട്ടിയും കേരളത്തിൽ’ എന്ന പുസ്തകത്തിൽ െപ്രാഫ. നൈനാൻ കോശി സമർഥിക്കുന്നുണ്ട്. എന്നാൽ മുസ്ലിം രാഷ്ട്രീയത്തിെൻറ കാര്യം വരുമ്പോൾ, പാണക്കാട്ടെ തങ്ങന്മാരുടെ പേരിൽ പി.കെ കുഞ്ഞാലിക്കുട്ടി എന്തു തീരുമാനമെടുത്താലും സമസ്ത എന്ന പണ്ഡിതസഭ അതിന് വഴങ്ങിക്കൊടുക്കേണ്ടിവരുന്ന അവസ്ഥ രാഷ്ട്രീയ വിദ്യാർഥികൾക്ക് കൗതുകമായിരിക്കും. ‘സമസ്ത’ക്ക് നിലനിൽക്കാൻ മുസ്ലിം ലീഗിെൻറ അധികാരത്തണലോ സാമ്പത്തിക കൈത്താങ്ങോ ആത്മീയ തലോടലോ ആവശ്യമില്ലെന്ന് എല്ലാവർക്കുമറിയാം. എണ്ണമറ്റ പള്ളികളും ആയിരക്കണക്കിന് മദ്രസകളും നൂറുക്കണക്കിന് അനാഥാലായങ്ങളും ഒട്ടേറെ പ്രസിദ്ധീകരണ ശാലകളും സമസ്തയുടെ അധീനതയിലുണ്ട്. ഏത് മുന്നണി അധികാരം കൈയാളിയാലും ഈ പണ്ഡിതസഭയെ അവഗണിക്കാറില്ല. മതസൗഹാർദം നിലനിർത്തിയും സ്നേഹസൗഭാത്രത്തിെൻറ മധുരോദാരമായ പൈതൃകം മുറുകിപ്പിടിച്ചും മതകീയ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാൻ ത്രാണിയുള്ള, ഒരിക്കലും ഇതരമതസ്ഥരുടെ വിരോധമോ വിദ്വേഷമോ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്ത ഒരു സൂഫിസ്റ്റിക് ശൈലി ഇവിടുത്തെ സുന്നി പണ്ഡിതന്മാർക്ക് എല്ലാ വിഭാഗത്തിെൻറയും ആദരവും അംഗീകാരവും പിടിച്ചുപറ്റാൻ കരുത്ത് പകരുന്നു. അവിടെയാണ് മുസ്ലിം ലീഗ് എന്ന അധികാരദല്ലാൾമാരുടെ അനാവശ്യമായ ഇടപെടലുകളും അവധാനതയില്ലാത്ത ഇടപാടുകളും സമസ്തയുടെ അന്തസ്സിന് പോറലേൽപ്പിക്കുന്ന അവസ്ഥ ചർച്ച ചെയ്യപ്പെടേണ്ടത്.
തങ്ങൾക്ക് വിധേയമായിട്ടല്ലാതെ ഇവിടെ ഒരു മത സംഘടനയും പ്രവർത്തിക്കാൻ പാടില്ല എന്ന മുസ്ലിം ലീഗിെൻറ ഹുങ്കും ധിക്കാരവും അതിരുകൾ കടന്നപ്പോഴാണ് 1979ൽ സമസ്ത പിളരുന്നതും കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ വലിയൊരു പണ്ഡിതനിര സംഘാടനത്തിെൻറ മികവുറ്റ മാതൃക കാണിച്ചുകൊണ്ട് കേരളീയ മത–രാഷ്ട്രീയ ഭൂമികയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയതും. കേരളത്തിലെ സുന്നികളുടെ ശാക്തീകരണ വഴിയിൽ ആ പരീക്ഷണങ്ങൾ എത്രമാത്രം വിജയപ്രദമാണെന്ന് പോയ മൂന്നുപതിറ്റാണ്ടിനിടയിൽ സുന്നികൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ പരിശോധിച്ചാൽ മതി. ഇസ്ലാമിെൻറ സുവർണ കാലഘട്ടത്തിൽ ദമാസ്ക്കസിലും ബാഗ്ദാദിലും കൊർദോവയിലും ബുഖാറയിലും സമർക്കന്തിലും വാരിവിതറിയ ജ്ഞാനപ്രകാശത്തിെൻറ പ്രഭയൊട്ടും ചോരാതെ, അധുനാധുനിക മാതൃകകൾ ഇന്ന് കേരളക്കരയെ ചൈതന്യവത്താക്കുമ്പോൾ മുസ്ലിം ലീഗ് എന്ന സമുദായപാർട്ടിക്ക് അറബിക്കോളജിെൻറയും ജാമിഅകളുടെയും വാർഷികയോഗങ്ങളിൽ ആധ്യക്ഷം വഹിക്കാനോ ഉദ്ഘാടകനാകാനോ അല്ലാതെ ക്രിയാത്മകമായ എന്തു റോളാണ് നിർവഹിക്കാനുള്ളതെന്ന് ആലോചിച്ചുനോക്കൂ!
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ലീഗ് പ്രസിഡൻറായിരുന്ന ഒരു കാലത്ത് എങ്ങനെ സമസ്തയിലെ പ്രബല വിഭാഗത്തിന് ‘ സ്വാതന്ത്ര്യത്തി’െൻറ ജീവവായു തേടി ലീഗിെൻറ കരാളഹസ്തങ്ങളിൽനിന്ന് പുറത്തു ചാടി, പുതിയ വാതായനങ്ങൾ തുറക്കേണ്ടിവന്നു എന്ന് പരിശോധിക്കുന്നതിനു മുമ്പ് ഇപ്പോൾ സമസ്തയുടെ പേരിൽ അരങ്ങുതകർക്കുന്ന പൊറാട്ടുനാടകങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. ലീഗ് നേതൃത്വത്തിെൻറ അനുമതിയില്ലാതെ സമസ്ത രാഷ്ട്രീയ വ്യവഹാരങ്ങളിലേർപ്പെടാനോ ഭരിക്കുന്നവരുമായി ബന്ധപ്പെടാനോ പ്രശ്നപരിഹാരം കാണാനോ പാടുള്ളതല്ല എന്ന മാടമ്പിത്തരത്തിെൻറ മനോഗതിയാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ കേരള പര്യടന പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ല്യാരെ വഴിക്കുവെച്ച് ഭീഷണിപ്പെടുത്തി മടക്കിയയച്ചത്. മുശാവറ അംഗം ഉമർ ഫൈസി മുക്കം പിണറായി സർക്കാരിനെ പ്രകീർത്തിക്കുന്ന തരത്തിൽ ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയതിന് അദ്ദേഹത്തെ വ്യക്തിപരമായി കൊച്ചാക്കിയും സൈബർ ഗുണ്ടകളെ ഇറക്കി പരിഹസിച്ചും പ്രതികാരം തീർക്കുന്ന നടപടി പൊതുസമൂഹം ചർച്ച ചെയ്യുമ്പോൾ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ഫാസിസ്റ്റ് മുഖമാണ് അനാവൃതമാകുന്നത്. രാഷ്ട്രീയമായി ലീഗിന് ലാഭമില്ലാത്ത, അല്ലെങ്കിൽ ഇടതുമുന്നണിക്ക് അനുകൂലമായി ഭവിക്കുന്ന ഒരു വിഷയത്തിലും സമസ്ത ഇടപെടരുത്, അല്ലെങ്കിൽ തങ്ങളോട് ചോദിക്കാതെ ഭാഗഭാക്കാവരുത് എന്ന ഫ്യൂഡൽ കാഴ്ചപ്പാടാണ് ലീഗ് നേതൃത്വത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത്. പാർട്ടിയുടെ ലൈനിൽനിന്ന് വ്യതിചലിച്ച് സഞ്ചരിക്കുന്നവരെ കൈകാര്യം ചെയ്യാനും ഭീഷണിപ്പെടുത്താനും വേണമെങ്കിൽ കഥ കഴിക്കാനും എല്ലാ തലങ്ങളിലും ക്വട്ടേഷൻ സംഘങ്ങളെ നിറുത്തിയിട്ടുണ്ട്. ( കാഞ്ഞങ്ങാട്ട് അബ്ദുറഹ്മാൻ ഔഫ് എന്ന സുന്നി പ്രവർത്തകനെ ഒറ്റക്കുത്തിന് കൊന്നു വീഴ്ത്തിയ കിരാതം ഉദാഹരണം ). സംസ്ഥാന തലത്തിൽ കോഴിക്കോട് ആസ്ഥാനമായി ലീഗ് സംസഥാന വൈസ്പ്രസിഡണ്ട് എം.സി മായിൻ ഹാജിയാണ് ‘കെ. കമ്പനിയുടെ’ തലവനെന്ന് എല്ലാവർക്കുമറിയാം. ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയത് പാർട്ടി നേതൃത്വം തന്നെയാണെന്ന് മായിൻ ഹാജി അഭിമാനത്തോടെ പറയുന്നതിെൻറ ശബ്ദരേഖ പുറത്തുവന്നതോടെ കഥയിലെ സംശയങ്ങൾ മുഴുവൻ നീങ്ങിക്കിട്ടി. പാണക്കാട് ഹൈദരലി തങ്ങളാണെത്ര മടങ്ങിപ്പോവാൻ ആജഞാപിച്ചത്. സമസ്ത നേതാക്കന്മാർ കമ്യുണിസ്റ്റ് മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന ഇടതുപക്ഷ പരിപാടിയിൽ പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മായിൻ ഹാജിയുടെ ഭാഷ്യം. സമസ്ത ജന.സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ പ്രിൻസിപ്പലും ഇത്തരത്തിലുള്ള പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല എന്നാണ് മാറാട് കൂട്ടക്കൊലയുടെ മുഖ്യആസൂത്രകനായി ആരോപിക്കപ്പെട്ട മായിൻ ഹാജിയുടെ തെളിച്ചമുള്ള ബുദ്ധി വിളംബരം ചെയ്യുന്നത്. മാറാട് കൂട്ടക്കൊല യെ കുറിച്ച് സി.ബി.ഐ അന്വേഷണം ഒഴിവായിക്കിട്ടാൻ ആർ.എസ്.എസിെൻറയും ഹിന്ദു മുന്നണിയുടെയും നേതാക്കൾക്കൊപ്പം ദിവസങ്ങളോളം രഹസ്യ ചർച്ചയിലേർപ്പെടുന്നതിലും ലക്ഷങ്ങൾ കൈമാറുന്നതിലും ഒരു അപാകതയും കാണാത്ത ഈ ലീഗ് നേതാവിെൻറ ഏക ശത്രും കമ്യൂണിസ്റ്റുകാരാണ്. പ്രതികാരവാഞ്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ്. പൗരത്വഭേദഗതി നിയമം പാസ്സാക്കാൻ രാജ്യം മുഴുവനും ഒരുമ്പെട്ടപ്പോൾ സയ്യിദ് ജിഫ്രിതങ്ങളെ ഒരു ഭാഗത്തും കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരെ മറുഭാഗത്തും ഇരുത്തി, താൻ കേരളത്തിെൻറ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന കാലത്തോളം സി.എ.എ നടപ്പാക്കാൻ പോകുന്നില്ലെന്നും ദേശീയ പൗരത്വ പട്ടികയോ ദേശീയ ജനസംഖ്യ റജിസ്റ്ററോ തയാറാക്കാൻ അനുവദിക്കില്ലെന്നും തടങ്കൽ പാളയങ്ങൾ കേരളമണ്ണിൽ സ്ഥാപിക്കുന്ന പ്രശ്നമില്ലെന്നും ആർജവത്തോടെ പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രിയോടുള്ള അടങ്ങാത്ത പകയും ഒടുങ്ങാത്ത വൈരവും ഈ ജനുസ്സിൽപ്പെട്ട ലീഗ് നേതാക്കളെ ഗുണ്ടാത്തലവന്മാരാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഇതുവരെ സമസ്ത ഇ.കെ വിഭാഗത്തിെൻറ കോഴിക്കോടൻ ശബ്ദമായി തിളങ്ങിനിന്ന ഉമർ ഫൈസി മുക്കത്തെ വളഞ്ഞാക്രമിക്കാൻ സൈബർ ഗുണ്ടകളെ ഇറക്കിയതും അദ്ദേഹം സമസ്തയുടെ വലിയ നേതാവൊന്നുമല്ലെന്നും 40ശൂറാ അംഗങ്ങളിൽ ഒരാൾ മാത്രമാണെന്നും അവജ്ഞ കലർന്ന സ്വരത്തിൽ തള്ളിപ്പറയുന്നതും.
സമസ്ത ഒരു സ്വതന്ത്ര സംഘടനയല്ലെന്നും തന്നെപ്പോലുള്ള ലീഗ് നേതാക്കൾക്ക് വിധേയമായി പ്രവർത്തിച്ചുകൊള്ളണമെന്നും മായിൻ ഹാജിയെ പോലുള്ളവർ പറയുമ്പോൾ വരക്കൽ മുല്ലക്കോയ തങ്ങളും പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാരും കെ.പി മുഹമ്മദ് മീരാൻ മുസ്ല്യാരുമൊക്കെ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തിനു സംഭവിച്ച ദാരുണ പതനം ഓർത്ത് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർ ആരാണ് കണ്ണീർ പൊഴിക്കാതിരിക്കുക. 1926ൽ തന്നെ നിയമാവലിയും കർമപദ്ധതിയും ആവിഷ്കരിക്കുകയും ഓരോ നേതാവിെൻറയും പ്രവർത്തകെൻറയും സംസ്കരണപാത എന്തായിരിക്കണമെന്നും നിഷ്ക്കർഷിച്ച ഒരു കുട്ടായ്മയാണ് ഇതെന്ന് ഓർക്കണം. ‘‘എല്ലാ യോഗങ്ങളിലും സംസാരിക്കുന്നവർ എഴുന്നേറ്റ് നിൽക്കേണ്ടതും പ്രസിഡണ്ടിെൻറ മുഖത്തുനോക്കി സംസാരിക്കേണ്ടതും ഒരാൾ സംസാരിക്കുമ്പോൾ മറ്റൊരാൾക്ക് സംസാരിക്കാൻ പാടില്ലാത്തതുമാണ് ’’ എന്ന് നിയമാവലിയിൽ കുറിച്ചിട്ട സംഘടനയാണ് സമസ്ത. ആ സംഘടനക്ക്, ഏത് രാഷ്ട്രീയ മുന്നണിയും വിളിച്ചാൽ സ്വീകരിക്കുന്ന സ്വതന്ത്ര അധികാരമോ അവകാശമോ ഇല്ലെന്ന് മായിൻ ഹാജി പറയുമ്പോൾ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ പോലുള്ള സമസ്തയുടെ ചുണക്കുട്ടികൾ ഏത് കടവിലാണ് റബ്ബേ ഒളിച്ചിരിക്കുന്നത്? സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പോലെ ആർജവമുള്ള ഒരു പണ്ഡിതൻ അമരത്തിരിക്കുന്ന കാലസന്ധിയിൽ മായിൻ ഹാജിക്ക് ഇമ്മട്ടിൽ വിഡ്ഡിത്തം വിളമ്പാൻ ആരാണ് ഈർജദായക ടോണിക്ക് ഒഴിച്ചുകൊടുക്കുന്നത്? സമസ്തയെ ഇക്കാണും വിധം വരിയുടച്ച് നിഷപ്രഭമാക്കുന്നതിനു പിന്നിൽ ‘കുഞ്ഞാപ്പ’യുടെ വളഞ്ഞ ബുദ്ധിയല്ലേ പ്രവർത്തിക്കുന്നത്? മുഫത്തിശീങ്ങളുടെ സംഘടനയുടെ ഭാരവാഹിയാക്കി തന്നെ ഒതുക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുണ്ട് എന്ന് മണത്തറിഞ്ഞ്, ധൈര്യപൂർവം ആ പദ്ധതി പൊളിച്ച് സമസ്തയുടെ അമരത്തെത്തിയ തന്ത്രശാലിയും ബുദ്ധിമാനുമാണ് ജിഫ്രി തങ്ങൾ. അദ്ദേഹത്തെ കൊണ്ട് ലീഗും സമസ്തയും ഒറ്റക്കെട്ടാണ് എന്ന് പറയിച്ച്, ലീഗ് കുഴിച്ചുവെച്ച ജീർണതയുടെ ചെളിക്കുണ്ടിലേക്ക് മഹത്തായ പണ്ഡിത കൂട്ടായ്മയെ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോൾ ആരാണ് സങ്കടപ്പെടാതിരിക്കുക. ഒരു സംഘടനയുടെ പ്രസിഡൻറും വൈസ് പ്രസിഡൻറും (രണ്ടും തങ്ങന്മാരാണ് താനും ) കണ്ടുമുട്ടുന്നത് വാർത്തയാവുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ മായിൻ ഹാജി അടക്കമുള്ളവർ ഒരു ചരിത്രനിമിഷം ഓർക്കുന്നത് നന്ന്. 1989 ജനുവരി 17ന് പുറത്തിറങ്ങിയ ‘ചന്ദ്രിക’യുടെ ഒന്നാം പേജിൽ സൂപ്പർ ലീഡായി കൊടുത്ത മൂന്നുകോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെ:‘‘ അവരുടെ പരിപാടികളിൽ സഹകരിക്കരുത്: ലീഗ്’. ‘മുസ്ലിം ഐക്യത്തെ അപഹസിക്കുകയും മുസ്ലിം സമുദായത്തെ ഒന്നടങ്കം വേദനിപ്പിച്ച നാദാപുരം സംഭവത്തിൽ അക്രമികളായ മാർക്സിസ്റ്റുകൾക്കു അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്ത കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ വിഘടിത വിഭാഗം സുന്നികൾ നടത്തുന്ന യാതൊരു വിധ പരിപാടികളിലും മുസ്ലിം ലീഗ് പ്രവർത്തകരോ അനുഭാവികളോ സഹകരിക്കരുതെന്ന് സംസ്ഥാന മുസ്ലിം ലീഗ് നേതൃയോഗം അണികളെ ആഹ്വാനം ചെയ്തു’’. ഈ ആഹ്വാനമാണ് സമസ്തയെ പിളർത്തിയത്. ബാക്കി ചരിത്രം. ആ ചരിത്രത്തിൽനിന്ന് പാഠമുൾക്കൊള്ളാൻ ലീഗ് നേതൃത്വം തയാറാവുന്നില്ലെങ്കിൽ നഷ്ടം ആർക്കാണെന്ന് പറയേണ്ടതില്ലല്ലൊ.