ലീഗും ദീനും ഒന്നല്ല; രണ്ടും തീർത്തും രണ്ടാണ്. ഒന്നാണെന്നു ആരു പറഞ്ഞാലും തെറ്റാണ്. ലീഗും ദീനും ഒന്നായാൽ ദീനിനും ലീഗിനും നഷ്ടമാണ്.
കോൺഗ്രസ്, സിപിഎം, ബിജെപി, കേ.കോൺഗ്രസ്... പോലെ വെറുമൊരു രാഷ്ട്രീയ പാർട്ടി മാത്രമാണു ലീഗും. കൈപ്പത്തി ,അരിവാൾ, താമര പോലെ
വെറുമൊരു ഇലക്ഷൻ ചിഹ്നം മാത്രമാണ് കോണി. വോട്ടർമാർക്ക് സ്ഥാനാർത്ഥിയെ തിരിച്ചറിയാനുള്ള
വെറുമൊരടയാളം മാത്രം.
രാജ്യത്തെ മറ്റേതുരാഷ്ട്രീയ പാർട്ടിയേയും പോലെ ലീഗും ഇന്ത്യൻ ഇലക്ഷൻ കമ്മീഷനിലാണു
റജിസ്തൃ ചെയ്തിരിക്കുന്നത്; പാണക്കാട്ടോ ചേളാരി സമസ്താലയത്തിലോ അല്ല. സി പി എം, ബിജെപി ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പാർട്ടികളും
പാലിക്കേണ്ട, തീർത്തും മതേതരമായ എല്ലാ നിയമങ്ങളും ലീഗും പാലിച്ചിരിക്കണം. അതിൽ
ദീൻ വിരോധിച്ച പലിശയും കള്ളും പെണ്ണും എല്ലാം വരും. തങ്ങൾ തക്ബീർ ചൊല്ലുന്ന ദീനീ പാർട്ടിയാണെന്നും പാണക്കാട്ടെ ആത്മീയ നേതൃത്വമാണു തങ്ങളെ നയിക്കുന്നതെന്നും
ഒരു മത സംഘടന തോളത്തുണ്ടെന്നും
അതിനാൽ ദീനനുസരിച്ചേ പ്രവർത്തിക്കാ
നാവൂ എന്നുമൊക്കെ പറഞ്ഞാൽ ഡൽഹിയിലെ ഇല.കമ്മീഷൻ കുനിച്ചുനിറുത്തി പുറത്ത് നിരോധനത്തിന്റെ ചാപ്പ കുത്തി കേരള എക്സ്പ്രസ്സിന് തിരൂരിലേക്കു കയറ്റിവിടും.
ലീഗും ദീനും എങ്ങനെയാണു ഒന്നാവുക?
ദീനിന്റെ അടിത്തറ ഖുർആനും സുന്നത്തുമാണ്, ലീഗിന്റെതു രാജ്യത്തെ ഭൗതിക ഭരണഘടനയും തീർത്തും മതേതരമായ നിയമവ്യവസ്ഥയുമാണ്. രണ്ടും തമ്മിൽ പുലബന്ധമില്ല. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയവയാണ് ഇന്ത്യൻ വ്യവസ്ഥിതിയുടെ ആധാരം. ഇപ്പറഞ്ഞതൊന്നും ഇപ്പറഞ്ഞ അർത്ഥത്തിലും ആശയത്തിലും ഇസ്ലാമിലില്ലേയില്ല. പിന്നെങ്ങനെയാണ് ലീഗും ദീനും ഒന്നാവുക? ഇതു മതത്തെ രാഷ്ട്രീയത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന കുറ്റകൃത്യമാണ്.
ദീനും അതിന്റെ ചിഹ്നങ്ങളും വേറെ, രാഷ്ട്രീയം വേറെ. തങ്ങന്മാരെയും മുസ്ലിയാമാരെയും മാറ്റിനിറുത്തി, മതവേഷം അഴിച്ചുവച്ചു ലീഗ് രാഷ്ടീയം കളിച്ചു നേടണം. ഒരു സമുദായത്തിനു വേണ്ടി നിലകൊള്ളുന്നതു തെറ്റൊന്നുമല്ല.
മതമേലധ്യക്ഷന്മാരെ തലപ്പത്തു നിറുത്തിയല്ല ക്രിസ്ത്യൻ സമുദായം അവരുടെ രാഷ്ടീയ താത്പര്യങ്ങൾ നേടുന്നത്. ബി ജെ പി ഹൈന്ദവ
താത്പര്യങ്ങൾ സംരക്ഷിക്കന്നതു സംന്യാസിമാരെ പ്രസിഡണ്ടാക്കിയല്ല. ആത്മീയ നേതാക്കളും ഖാളിമാരും മുസ്ല്യാമാരും പാർട്ടി നേതൃത്തിൽ
വേണ്ട, അവർ പുറത്തുനിന്നു പാർട്ടിയെ തുണച്ചു ശക്തിപ്പെട്ടുത്തട്ടെ.
പ്രാരംഭകാലത്ത് തങ്ങന്മാരെ നേതൃത്തിൽ കൊണ്ടുവന്നത് സലഫി പശ്ചാത്തലമുണ്ടായിരുന്ന ലീഗിനെ ഒന്നു വെളുപ്പിച്ചെടുക്കാൻ വേണ്ടിയാണ്;
പിടിച്ചുനിന്നുകിട്ടാൻ ഒരു താങ്ങ്. കോൺക്രീറ്റ് ചെയ്യുമ്പോൾ മുട്ടുംതാങ്ങും കൊടുക്കുന്നതു പോലെ. കോൺക്രീറ്റ് സെറ്റാകുന്നതുവരെയാണ് താങ്ങിൻ്റെ ആവശ്യം. ഇതിപ്പോൾ എൺപതാണ്ട് കഴിഞ്ഞിട്ടും കുത്തിന്റെയും താങ്ങിന്റെയും ബലത്തിൽ നിൽകേണ്ടിവരിക എന്നു പറഞ്ഞാൽ നിർമിതി
ദുർബലം എന്നാണർത്ഥം. ലീഗ് രാഷ്ട്രീയം കൊണ്ട് ശക്തി നേടണം.
'മുസ്ലിം എന്ന ചീത്തപ്പേര് 'മാറ്റാതെ -മുട്ടും താങ്ങും ഒഴിവാക്കാതെ ലീഗിന് ഇനി ഏറെയൊന്നും മുന്നോട്ടു പോകാനാവില്ല. ലീഗിന് മികച്ച രാഷ്ട്രീയ സാധ്യതയുണ്ട്. രാഷ്ട്രീയം മൂലയ്ക്കിട്ട് തങ്ങമാരെയും മുസ്ലീയാമ്മാരെയുംവച്ചു കളിച്ചു നേടാമെന്ന പൂതി ഇനി നടക്കുമെന്ന് കരുതേണ്ട. ലീഗിനു വേണ്ടി ദീനിനെ ചവിട്ടിമെതിക്കാൻ പഴയതുപോലെ കഴിയുമെന്നും വിചാരിക്കേണ്ട. കേരളത്തിലെ മത സമൂഹം ഇപ്പോൾ അലർട്ടാണ്, ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. മാറ്റത്തെക്കുറിച്ചു ലീഗ് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം.
വാളെടുക്കേണ്ട; കണ്ട കാര്യം പറഞ്ഞെന്നേയുള്ളൂ.
നല്ല നമസ്കാരം.
*ഒ എം തരുവണ✍️✍️*