*തറാവീഹ് :*
*മുജാഹിദ് വീക്ഷണത്തിലെ വളവും തിരിവും*
➖➖➖➖➖➖➖➖➖➖
ലോകത്ത് വർഷങ്ങൾക്കു മുമ്പേ പടർന്നുപിടിച്ച വികല ചിന്താധാരയാണ് വഹാബിസം. നാവുകൊണ്ട് ഞങ്ങൾ സുന്നത്ത് ജമാഅത്തിന്റെ വക്താക്കളാണെന്ന് പറയുന്നുണ്ടെങ്കിലും ഒരിക്കലും സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളുമായി പൊരുത്തപ്പെടാത്ത ഇവർ വർത്തമാന ലോകത്ത് വ്യത്യസ്ത വിഭാഗങ്ങളായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് അവരുടെ ആശയ ദൗർബല്യത്തെ അറിയിക്കുന്നു. ഏതായാലും ഗൾഫ് വഹാബികളുടെയും ഈജിപ്ത്യൻ വഹാബികളുടെയും വിശഭീജങ്ങളിൽ നിന്നാണ് ഇന്നത്തെ കേരള വഹാബികൾ ജനിച്ചുവളർന്നത് എന്നത് സുവ്യക്തമാണ്. മത സാംസ്കാരിക ആത്മീയ മേഖലയിൽ ഉന്നതശ്രേണിയിൽ നിൽക്കുന്നതും സുന്നത്ത് ജമാഅത്തിന്റെ മുറിയാത്ത പാരമ്പര്യം തന്നെ നിലനിൽക്കുന്നതുമായ കേരളമണ്ണിൽ ഇവരുടെ പുത്തൻ ആശയങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പക്ഷേ എല്ലാം നിശ്ഫമാവുന്നുവെന്ന് മാത്രം. കാര്യം പറയട്ടെ, വിശുദ്ധ റമളാൻ ഒരിക്കൽ കൂടി നമ്മിലേക്ക് സമാഗത്മായിരിക്കുകയാണ്.
പ്രമാണങ്ങളോടും മദ്ഹബുകളോടും പുറംതിരിഞ്ഞ് സ്വന്തമായി നിലപാടെടുക്കുന്ന ഇവരുടെ തറാവീഹ് സംബന്ധിയ വിഷയത്തിലെ അറിവില്ലായ്മയും വിശ്വാസത്തിന്റെ ദൗർബല്യവും എല്ലാവരും അറിഞ്ഞിരിക്കൽ അനിവാര്യമാണ്.
ഗൾഫ് വഹാബികളുടെ മാസികയായ "അത്തൗഹീദ്" ഉം കേരള വഹാബികളായ മുജാഹിദുകളുടെ "അൽ-ഇസ്വ്'ലാഹ്" മാസികയെയും മുൻ നിർത്തി നമുക്കൊരു വിശകലനം നടത്താം.
▪️തറാവീഹ്, അഥവാ ഖിയാമു റമളാൻ
തറാവീഹ് നിസ്കാരത്തെ സ്ഥിരപ്പെടുത്താൻ ഇമാമീങ്ങൾ ഭൂരിപക്ഷവും അടിസ്ഥാനമാക്കിയത് അബൂഹുറൈറ رضي الله عنه നിവേദനം ചെയ്ത ഹദീസാണ്، തിരു നെബി ﷺ പറഞ്ഞു : "നിങ്ങളിലാരെങ്കിലും പ്രതിഫലേച്ഛയോടും വിശ്വാസത്തോടെയും കൂടെ റമളാൻ നിസ്ക്കാരം നിർവ്വഹിച്ചാൽ അവന്റെ മുൻ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്"
صحيح البخاري : ر ح : ٢٠٠٩
ഈ ഹദീസിനെ വിശദീകരിച്ച് ഇമാം നവവി رحمه الله എഴുതുന്നു : "ഇവിടെ റമളാനിലെ നിസ്കാരം കൊണ്ടുള്ള വിവക്ഷ തറാവീഹ് നിസ്കാരമാണ്. അത് സുന്നത്താണെന്ന് പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു".
شرح مسلم : ٢٩٨/٥
▪️തറാവീഹും മദ്ഹബുകളും
വിശ്രമം, വിശ്രമിക്കാനുള്ള ഇരുത്തം തുടങ്ങിയ അർത്ഥമുള്ള തർവിഹത് എന്ന പദത്തിന്റെ ബഹുവചനമാണ് തറാവീഹ്. റമളാനിലെ ഇശാ - സുബ്ഹി കൾക്കിടയിൽ എല്ലാ രാത്രിയിലും സുന്നത്തായ നിസ്കാരമാണിത്. ഇത് ഇരുപതു റക്അതാണ്. ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടൽ നിർബന്ധമാണ്. അറിഞ്ഞുകൊണ്ട് അപ്രകാരം ചെയ്തില്ലെങ്കിൽ (ഒറ്റ സലാം കൊണ്ട് നാലു റക്അത്ത് നിസ്കരിച്ചാൽ) പ്രസ്തുത നിസ്കാരം അസാധുവാണ്.
ഇപ്രകാരം തന്നെയാണ് നാലു മദ്ഹബുകളിലും (ഇരുപത് റക്അത്ത്). എന്നാൽ മാലികീ മദ്ഹബിൽ മുപ്പത്തിയാറ് എന്നൊരു അഭിപ്രായമുണ്ടെങ്കിലും പ്രബലം ഇരുപത് തന്നെ.
എന്നാൽ ഇത് മദീനക്കാർ അല്ലാത്തവർക്ക് അനുവദനീയമല്ല എന്നാണ് ഇനീം മുഹമ്മദുൽ ബക്'രീ رحمه الله പറയുന്നത്.
اعانة الطالبين : ٤٢٢/١
▪️മുജാഹിദുകളുടെ തറാവീഹ്
ഇനി കേരള വഹാബികളുടെ നിലപാടിലേക്ക് ഇറങ്ങാം. ഗൾഫ് വഹാബികളും കേരള വഹാബികളും ഒരേ ബീജത്തിൽനിന്ന് തന്നെ ഉത്ഭവിച്ചതാണെങ്കിലും മക്കയിലും മദീനയിലും ഇന്നുവരെ നിലനിന്നുപോരുന്നത് ഉമർ رضي الله عنه ന്റെ കാലം തൊട്ടു ലോകമുസ്‌ലിംകൾ അനുഷ്ഠിക്കുന്നത് സംഘടിതമായുള്ള ഇരുപത് റക്അതാണ്. ഇതുതന്നെയാണ് ശ്രേഷ്ഠമായത് എന്ന് കേരള വഹാബികളുടെ തറവാട്ടുകാർ (ഗൾഫ് വഹാബികൾ) തുറന്നെഴുതുന്നത് കാണുക.
أحكام قيام رمضان
എന്ന തലക്കെട്ടിൽ അഹ്മദ് ഇബ്രാഹീം എന്ന ലേഖകൻ എഴുതുന്നു : "നബി ﷺ യിൽ നിന്ന് തറാവീഹിന്റെ എണ്ണം സ്ഥിരപ്പെട്ടിട്ടില്ല എന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ പറയുന്നു" (ഇതുതന്നെയാണ് സുന്നികളുടെ വാദവും). ഉബയ്യുബ്നു കഅ്ബ് رضي الله عنه ന്റെ നേതൃത്വത്തിൽ ഉമർ رضي الله عنه സംഘടിപ്പിച്ചത് ഇരുപത് റക്അത്താണെന്നും ഇബ്നുതൈമിയ പറഞ്ഞതായി എഴുതുന്നു. ശേഷം ലേഖകൻ പറയുന്നത് ഇപ്രകാരമാണ്,
فالقيام بعشرين ركعة هو الأفضل ، وهو اللذي يعمل به أكثر المسلمين
"അപ്പോൾ ഇരുപത് റക്അത്ത് (തറാവീഹ്) നിസ്കാരം, അതാണ് ശ്രേഷ്ഠമായതും, അതാണ് ലോക മുസ്ലിംകളിൽ അധികവും അനുഷ്ഠിച്ചു പോരുന്നതും".
التوحيد : عدد- ٤١٧ ،صفحة-٢٥ ،هجرة-١٤٢٧
▪️മുജാഹിദുകളും അൽ-ഇസ്'ലാഹും
ഇബ്നുതൈമിയ്യ ഉൾപ്പെടെ ഗൾഫ് വഹാബികളും തറാവീഹിന്റെ വിഷയത്തിൽ സത്യത്തോടു കൂറു പുലർത്തുമ്പോൾ കേരള വഹാബികൾ അവരുടെ മർക്കടമുഷ്ടിയിൽ തന്നെ.
2014 ൽ പ്രസിദ്ധീകരിച്ച "അൽ-ഇസ്'ലാഹ്" മാസികയുടെ കവർ സ്റ്റോറിയിൽ ഒരു വാചകം കാണാനിടയായി, അതിപ്രകാരമാണ്. "തറാവീഹ്, പ്രവാചകചര്യയിൽ തൃപ്തിപ്പെട്ടു കൂടെ..!?".
ഇതു വായിച്ചപ്പോൾ ശരിക്കും ഓർത്തുപോയത് ഇത് സുന്നികൾ മുജീഹിദുകളോട് ചോദിച്ചാലാണ് കൂടുതൽ പ്രസക്തമാവുക എന്നാണ്. കാരണം തിരുനബി ﷺ യിൽ നിന്ന് തറാവീഹിന്റെ എണ്ണം സ്ഥിരപ്പെട്ടിട്ടില്ല എന്നത് ഇബ്നുതൈമിയ്യ പോലും സമ്മതിച്ചതാണ്. അപ്പോൾ എന്തു ചെയ്യണം(?).
തിരുനബി ﷺ യുടെ ചര്യ പിൻപറ്റുന്ന യഥാർത്ഥ മുസ്ലിമിന് അവിടുത്തെ ഒരു ഹദീസാണ് അന്നേരം ഓർമ്മവരിക.
عليكم بسنتي وسنة الخلفاء الراشدين من بعدي
"നിങ്ങൾ എന്റെയും എന്റെ ശേഷം വരുന്ന ഖുലഫാഉറാഷിദുകളുടെയും ചര്യ പിൻപറ്റുക"
سنن ابي داود :ر ح-٤٦٠٧
ഇതാണ് പ്രവാചകർ ﷺ കൽപ്പിച്ചത്. ഇത് അനുസരിക്കുന്നവർ പ്രവാചകചര്യയിൽ പൂർണമായും തൃപ്തിപ്പെട്ടു. അല്ലാത്തവർ അതൃപ്തി കാണിച്ചവരായി.
അപ്പോൾ ഉമർ رضي الله തറാവീഹ് നിസ്കരിച്ചത് ഇരുപതാണെന്ന് പണ്ഡിതന്മാർ ഉറപ്പിച്ചു പറയുമ്പോൾ എന്ത്‌കൊണ്ട് അതിനെ പിൻപറ്റുന്നില്ല...?
അത് തന്നെയല്ലേ പ്രവാചകചര്യ(?). ഇമാം ഖസ്തല്ലാനി رحمه الله ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
إرشاد الساري : ٤٢٥/٣
അതേ വാചകത്തിലുള്ള (കവർ സ്റ്റോറി) മറ്റൊരു വൈരുദ്ധ്യം.
പ്രസ്തുത കവർസ്റ്റോറിയിലൂടെ നമുക്ക് മനസ്സിലാകുന്നത് മുജാഹിദ് പ്രസ്ഥാനത്തിന് എന്താണ് പ്രവാചകചര്യ എന്നറിയില്ല എന്നാണ്. കാരണം, പ്രവാചകർ ചെയ്തത് മാത്രമാണ് അവിടത്തെ 'ചര്യ' എന്ന് ധരിച്ചതുകൊണ്ടായിരിക്കണം ഇത്തരമൊരു കവർ സ്റ്റോറി വന്നത്. അപ്പോൾ ഇക്കൂട്ടർ തറാവീഹ് നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നത് എന്തിനാണ്?. കാരണം തിരുനബി ﷺ യുടെയോ അബൂബക്കർرضي الله عنه ന്റെയോ കാലത്ത് തറാവീഹ് ജമാഅത്തായി സംഘടിപ്പിച്ചിട്ടില്ല എന്നത് മുസ്ലിം ലോകത്ത് അവിതർക്കിതമായ വസ്തുതയാണ്. ഇമാം ഖസ്ഥല്ലാനി رحمه الله ഇത് വിവരിച്ചിട്ടുമുണ്ട്.
إرشاد الساري : ٤٢٦/٣
ഇനി ഉമർ رضي الله عنه ചെയ്തതും പ്രവാചകചര്യയാണെന്ന് സമ്മതിക്കുന്ന പക്ഷം ഇരുപതും അംഗീകരിക്കൽ അനിവാര്യമാണ്. എന്തിനീ ഉരുളൽ..?
സത്യം ബോധ്യമായാൽ അംഗീകരിക്കലല്ലേ അഭികാമ്യം....!!
▪️ സുന്നികൾക്കെതിരെ
ഇതേ "അൽ-ഇസ്'ലാഹ്" മാസികയിൽ അബ്ദുൽ ജബ്ബാർ മൗലവി എഴുതിയ ഒരു ലേഖനമുണ്ട്. അതിൽ അദ്ദേഹം സുന്നികൾ (ഇരുപത് റക്അത്തിന് അടിസ്ഥാനമായി) ഉദ്ധരിക്കുന്ന ഹദീസ് ഖണ്ഡിക്കാൻ ശ്രമിക്കുന്നത് കാണാം. "സാഇബിബ്നു യസീദിൽ നിന്നു നിവേദനം: നിശ്ചയം ഉമർ رضي الله عنه ഉബയ്യ്ബ്നു കഅ്ബ് ന്റെയും തമീമുദ്ദാരി رضي الله عنهما യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്അത്തുകളുടെ മേൽ ജനങ്ങളെ സംഘടിപ്പിച്ചു.
مصنف عبد الرزاق : ٢٦٠/٤
അദ്ദേഹത്തിന്റെ ആരോപണം ശ്രദ്ധിക്കുക.
"മുഹമ്മദ് ബ്നു യൂസുഫ് സാഇബിബ്നു യസീദിൽ നിന്ന് ഉദ്ധരിച്ച് പതിനൊന്നിനെതിരായി ഇതു തെളിവല്ല. സാഇബിബ്നു യസീദിൽ നിന്ന് മുഹമ്മദുബ്നു യൂസഫ് ഉദ്ധരിച്ചത് പതിനൊന്നാണ്. ഇരുപത്തിമൂന്ന് ഉദ്ധരിക്കുന്നത് യസീദാണ്. അദ്ദേഹം ബുഖാരിയുടെ സനദിലുള്ള ആളാണെങ്കിലും മുഹമ്മദിനോളം യോഗ്യനല്ല. യസീദ് തന്റെ കാലക്കാരിൽ നിന്നും കേൾക്കാത്ത ഒറ്റപ്പെട്ട ഹദീസുകൾ ഉദ്ധരിക്കാറുണ്ടായിരുന്നുവെന്ന് ഇമാം അഹ്മദ് رضي الله عنه പറഞ്ഞിട്ടുണ്ട്."
അൽ-ഇസ്'ലാഹ് 2014-ജൂലൈ-3-പേ :16
മറുപടി:
(മുഹമ്മദുബ്നു യൂസുഫിനെ കുറിച്ച് വ്യക്തമായ ചർച്ച ശേഷം വരുന്നുണ്ട്)
ഇവിടെ പറഞ്ഞ ഇമാം അഹ്മദ് رضي الله عنه ന്റെ അഭിപ്രായം എങ്ങനെയാണ് തകർത്തു കളയുക , (അവിടുത്തെ മദ്ഹബിൽ പോലും തറാവീഹ് ഇരുപതാണെന്നിരിക്കെ)കാരണം തറാവീഹ് ഇരുപതാണെന്നത് സ്വഹാബത്തിന് ഇജ്മാഅ് ആണെന്നതിൽ പണ്ഡിതന്മാർ ഏകോപിതരാണ്.
مرقات :٤٦/٣
تحفة :٢٤٢/٢
كفاية الأخيار :٧٣/١
പോരാത്തതിന് വഹാബികളുടെ കാരണവർ ഇബ്നു തൈമിയ്യ തന്നെ എഴുതുന്നു : "നിശ്ചയം ഉബയ്യുബ്നു കഅ്ബി رضي الله عنه ന്റെ നേതൃത്വത്തിൽ സംഘടിതമായി നടന്ന ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റും ദീനിൽ സ്ഥിരപ്പെട്ടതാണ്. ഭൂരിഭാഗം പണ്ഡിതന്മാരും അത് തന്നെയാണ് സുന്നത്ത് എന്ന് അഭിപ്രായപ്പെട്ടവരാണ് കാരണം ഇപ്രകാരം (ഇരുപത് റക്അത്ത്) നിർവഹിക്കപ്പെട്ടത് അൻസാറുകളും മുഹാജിറുകളുമായ സ്വഹാബികളുടെ കൂട്ടത്തിലാണ്. അവരാരും ഈ നടപടിയെ എതിർത്തില്ല".
مجموع القتاوي لإبن تيمية :١١٢/٢٣
മറ്റൊന്ന് ഇമാം അഹ്മദ് رضي الله عنه വിനെ എപ്പോഴാണ് മുജാഹിദുകൾ അംഗീകരിക്കാൻ തുടങ്ങിയത് ..?
കാരണം ഹജ്ജിനു വേണ്ടിയുള്ള യാത്രാവേളയിൽ വഴിതെറ്റി ഇസ്തിഗാസ ചെയ്തവരല്ലേ ?(البداية والنهاية)... ശിർക്ക് ചെയ്ത ള് മറ്റൊരാളെ അയോഗ്യനാക്കിയാൽ ആ പുകില് പറഞ്ഞാൽ തീരുമോ മുജാഹിദുകളെ...
ജബ്ബാർ മൗലവിയുടെ അടുത്ത ആരോപണം ഇമാം നവവി رحمه الله അടക്കമുള്ള പണ്ഡിതലോകം സ്വഹീഹാക്കിയ ഹദീസിനെതിരാണ്. പ്രസ്തുത ഹദീസ്:
"സാഇബി رضي الله عنه ൽ നിന്ന് നിവേദനം: ഉമർ رضي الله عنه കാലത്ത് റമളാൻ മാസത്തിൽ ഇരുപത് റക്അത്തായിരുന്നു ജനങ്ങൾ നിസ്കരിച്ചിരുന്നത്".
سنن البيهقي : ٤٩٦/٢
അദ്ദേഹത്തിന്റെ ആരോപണം :
"ഇതിന്റെ കണ്ണിയിലുള്ള അലിയ്യ് എന്ന വേറെ ഒരാളുണ്ട് . അദ്ദേഹത്തെ ആക്ഷേപം പറഞ്ഞ പണ്ഡിതരുണ്ട് . ശീഈ ആദർശം ഉണ്ടായിരുന്നുവെന്ന് അഹ്മദ് رضي الله عنه ആരോപിച്ചിട്ടുണ്ട്. (ഹദീസിൽ ഇതൊരു സാരമായി കാണാറില്ല). അതിനും പുറമേ ഇതേ സനദിൽ തന്നെ അബൂ അബ്ദില്ലാഹിൽ ഹസ്സൻ എന്നയൊരാളുണ്ട്. അദ്ദേഹത്തിൽ നിന്നാണ് ബൈഹഖീ ഇതുദ്ധരിച്ചത്. അദ്ദേഹം 'മുൻകർ' ഉദ്ധരിക്കുന്ന ആളാണെന്ന് ദഹബി ആരോപണം പറഞ്ഞിട്ടുണ്ട്".
അൽ-ഇസ്'ലാഹ് 2014-ജൂലൈ-3-പേ :17
മറുപടി: അലിയെന്ന റാവിക്കെതിരെ വന്ന ആരോപണം ഹദീസിൽ കാര്യമായി എടുക്കുന്നില്ല എന്ന് ലേഖകൻ തന്നെ ബ്രാക്കറ്റിൽ എഴുതിക്കൊടുത്തത് വായിച്ചല്ലോ...പിന്നെന്തിന് പ്രസ്തുത ആരോപണം ഉന്നയിച്ചിരിക്കുന്നത്?മറ്റൊന്ന്, അബൂ അബ്ദില്ലാഹിബ്നു ഉസൈൻ എന്ന റാവിക്കെതിരെ ആരോപണം ഉന്നയിച്ചത് വഹാബിയൻ ആദർശമുള്ള ദഹബിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുകല്ലൊ..!
അതിനുപുറമേ കർമശാസ്ത്രപണ്ഡിതന്മാർ ഭൂരിഭാഗവും സ്വഹീഹാക്കിക്കഴിഞ്ഞ ഈ ഹദീസിലെ റാവിമാരെ അവരാരും ഒന്നും അന്വേഷിക്കാതെയാണോ സ്വഹീഹാക്കിയത്...? ജബ്ബാർ മൗലവിയുടെ ജ്ഞാനം പോലും ഇമാം നവവി رحمه الله ക്കു ഇല്ലാതെ പോയോ..? കഷ്ടം...!!
ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ ചിലരുടെ കിതാബുകൾ കാണുക.
شرح المهذب : ٣٦/٤
إرشاد الساري :٤٢٦/٣
عمدة القاري :٥٩٨/٣
الحاوي : ٧٤/٢
محلي :٢١٧/١
▪️പതിനൊന്നിന്റെ തെളിവും ദുർവ്യാഖ്യാനവും
പ്രസ്തുത അൽ-ഇസ്'ലാഹ് ൽ കവർ സ്റ്റോറിയിൽ പരാമർശിച്ച ലേഖനമാണ് ഇവിടെ ചർച്ചചെയ്യുന്നത്. ശാഫി സ്വലാഹി ചങ്ങലീരി എഴുതിയ "തറാവീഹ് നബി ﷺ നിസ്കരിച്ചത് പതിനൊന്ന് തന്നെ.."എന്നതാണ് ലേഖനം.
തലക്കെട്ടിൽ നിന്നു തന്നെ മനസ്സിലായി ഇതു അടിസ്ഥാനരഹിതമായ വാദം തന്നെ....
അല്ലെങ്കിൽ മുജാഹിദുകൾ പതിനൊന്നും തറാവീഹ് നിസ്കരിക്കാത്തതെന്തേ?.എട്ടു തറാവീഹും മൂന്നു വിത്റുമാണെന്ന് തെളിയിക്കുന്ന ഒരു സ്വഹീഹായ ഹദീസെ ങ്കിലും കൊണ്ടുവരാൻ മുജാഹിദ് അപ്പോസ്തലൻമാർക്ക് സാധിക്കുമോ...?
ആദ്യ പേജിൽ അദ്ദേഹം ആമുഖമായി എഴുതിയത് കാണുക:
"മതപരമായ ഏതൊരു വിഷയത്തിലുമെന്നപോലെ തറാവീഹിന്റെ കാര്യത്തിലും നമ്മുടെ മാതൃക നബി ﷺ തന്നെയാണല്ലോ. അല്ലാതെ ഇക്കാര്യത്തിൽ മാത്രം മക്കത്തേക്കും മദീനത്തേക്കും നോക്കാനോ മദ്ഹബീ പണ്ഡിതന്മാരിലേക്ക് തിരിയാനോ നമുക്കനുവാദമില്ല.പ്രത്യുത, "സ്വല്ലൂ കമാ റഅയ്തുമൂനീ ഉസ്വല്ലീ" (ഞാൻ എപ്രകാരം നിസ്കരിക്കുന്ന തായി നിങ്ങൾ കണ്ടുവോ അതുപോലെ നിങ്ങൾ നിസ്കരിക്കുക) എന്നുപറഞ്ഞ നബി ﷺ യുടെ വാക്കു സ്വീകരിക്കുവാനാണ്".
അൽ-ഇസ്'ലാഹ് 2014-ജൂലൈ-3-പേ :31
മറുപടി :
മക്കത്തേക്കോ മദീനത്തേക്കോ നോക്കുകയോ പണ്ഡിതന്മാരെ അനുസരിക്കുകയോ ചെയ്യില്ലെന്നു പൂർണബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ് സുന്നി പണ്ഡിതന്മാർ തിരുനബി ﷺ യെ എങ്കിലും അനുസരിച്ചു കൂടെ എന്ന് ചോദിക്കുന്നത്. കാരണം, മുജാഹിദുകൾ തിരുനബി ﷺ യിൽ അംഗീകരിക്കുന്നവരാണെങ്കിൽ ഇവിടെ ഉദ്ധരിക്കപ്പെട്ട ഇതേ ഹദീസ്
(صلوا كما رأيتموني أصلي :صحيح البخاري -٦٣١)
പൂർണമായു ഉൾക്കൊള്ളണം. അതായത്, പ്രസ്തുത ഹദീസാണ് ഖുതുബ അറബിയിൽ ആകണം എന്നതിന് നവവി ഇമാം رحمه الله തെളിവ് പിടിച്ചത്. എന്തേ ഒരുക്കമാണോ?
അങ്ങനെ ഒരു അർത്ഥം പറയാൻ പറ്റില്ല എന്നായിരിക്കും മുജാഹിദുകളുടെ അടുത്ത വാദം. ഉണ്ടാവും!നവവി ഇമാമിന് മുജാഹിദുകളുടെയത്ര ജ്ഞാനം ഇല്ലല്ലോ.
മറ്റൊന്ന്, صلوا كما رأيتموني أصلي എന്ന ഹദീസ് തറാവീഹ് എട്ടാണെന്നതിന് തെളിവായി എങ്ങനെയാണ് വാദിക്കാൻ കഴിയുക?. വഹാബികളുടെ ആചാര്യൻ ഇബ്നുതൈമിയ്യ പോലും പ്രഖ്യാപിച്ചു കഴിഞ്ഞതല്ലേ..? (മേൽപ്രസ്താവിച്ച അത്തൗഹീദിൽ നിന്ന്) തറാവീഹിന്റെ എണ്ണം തിരുനബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല എന്ന്. കൂടാതെ خاتم المحققين ഇബ്നു ഹജറിൽ ഹൈതമി رحمه الله തന്റെ ഫതാവയിലുംപറഞ്ഞിട്ടുണ്ട്.
തൊട്ടടുത്ത പേജിൽ ഉന്നയിക്കുന്ന മറ്റൊരു തെളിവ് മഹതി ആയിഷാ رضي الله عنها യുടെ ഹദീസാണ്. അബൂ സലമത് رضي الله عنهഎന്ന സ്വഹാബി ആയിഷാ رضي الله عنها യോട് ചോദിച്ചു , റമളാനിൽ തിരുനബി ﷺ യുടെ നിസ്കാരം എങ്ങനെയായിരുന്നു? ആയിഷാ ബീവി رضي الله عنها മറുപടി പറഞ്ഞു: "തിരുനബി ﷺ റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാൾ വർധിപ്പിച്ചിട്ടില്ല".
صحيح البخاري :ر ح -٢٠١١
ഇത്ര മാത്രമാണ് പ്രസ്തുത ഹദീസിന്റെ മലയാള അർത്ഥം നൽകിയിരിക്കുന്നത്. എന്നാൽ അതിനു ശേഷം തിരുനബി ﷺ നാലു റക്അത്തുകളായാണ് നിസ്കരിച്ചത് എന്നും കൂടി കാണാം. അപ്പോൾ ഇത് ഒരിക്കലും തറാവീഹ് അല്ലെന്ന് ബോധ്യപ്പെടും, അതിനാലാണ് പ്രസ്തുത ഹദീസ് പരിഭാഷ മുഴുവനായും നൽകാത്തതും.
ഇനി ഇവർ ഉദ്ധരിച്ച പോലെ ഹദീസിന്റെ കഷ്ണം തന്നെ ഉദ്ധരിക്കുകയാണെങ്കിലും പ്രസ്തുത ഹദീസ് കൊണ്ട് തറാവീഹ് എത്രയാണെന്ന് സമർത്ഥിക്കാൻ യാതൊരു വകുപ്പും ഇല്ല. കാരണം, റമളാനിലും അല്ലാത്തപ്പോഴും എന്നാണ് ആയിഷാ ബീവി رضي الله عنها പറഞ്ഞത്. റമളാൻ അല്ലാത്തപ്പോൾ (ഖളാ വീട്ടൽ അല്ലാതെ) തറാവീഹ് ഉണ്ടെന്ന് മുജാഹിദുകളെ ആരാണ് പഠിപ്പിച്ചത്?.
ഇബ്നു ഹജറിൽ അസ്ഖലാനി رحمه الله എഴുതുന്നു: "തറാവീഹ് റമദാനിൽ മാത്രമാണ്".
فتح الباري :٨٨/٩
ശേഷം ലേഖകൻ ഉന്നയിക്കുന്ന ഒരു വാദം,
ഈ ഹദീസ് തറാവീഹിന്റെ അധ്യായത്തിലാണ് എന്നാണ്. ഈ വാദം ഹദീസ് ഗ്രന്ഥങ്ങളുമായി കൂടുതൽ ബന്ധമില്ലാത്ത മസ്തിഷ്കങ്ങളിൽ നിന്ന് മാത്രം ഉത്ഭവിക്കുന്നവയിൽപെട്ടതാണ്.
അതിനാൽ മുജാഹിദുകൾ ആരും തന്നെ സ്വഹീഹുൽ ബുഖാരിയിലെ സുബ്ഹി നിസ്ക്കാരത്തെ കുറിച്ച് ചർച്ച ചെയ്യുന്ന അധ്യായം വായിച്ചേക്കരുതേ..
വായിച്ചാൽ അതിൽ സുബ്ഹിയിലെ ഖുനൂത് വായിക്കാനിടയായാൽ അറിയാതെ സുന്നി ആയിപ്പോയാലോ....!
അവസാനമായി ഒരു കാര്യവും കൂടി ബോധ്യപ്പെടുത്തട്ടെ, മുജാഹിദുകൾ ഇന്നും ഒരാഘോഷമായി കാണുന്ന ഹദീസാണ്
"മുഹമ്മദുബ്നു യൂസുഫ്" എന്ന വ്യക്തിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ്.
'കാള പെറ്റു' എന്നു കേൾക്കുമ്പോൾ കയറെടുത്ത പോലെയാണ് ഈ മാസികയിലും മുജാഹിദുകൾ മുഹമ്മദ്ബ്നു യൂസുഫിന്റെ ഹദീസ് തെളിവായി ഉദ്ധരിച്ചിരിക്കുന്നത്.
പ്രസ്തുത ഹദീസ് ഇതാണ്,
"സാഇബിബ്നു യസീദിനെ തൊട്ട്, (മുഹമ്മദുബ്നു യൂസുഫ്) ഉമർ رضي الله عنه ഉബയ്യുബ്നു കഅ്ബിനോടും തമീമുദ്ദാരി رضي الله عنهما യോടും ജനങ്ങൾക്ക് (ഇമാമായി) പതിനൊന്നു റക്അത്ത് നിസ്കരിക്കുവാൻ കൽപ്പിച്ചു".
موطأ : ر ح -٣١١
എന്നാൽ ആരാണ് മുഹമ്മദുബ്നു യൂസുഫ് എന്നറിയേണ്ടേ..?
സാഇബിബ്നു യസീദിനെ തൊട്ട് മുഹമ്മദുബ്നു യൂസഫ് ഉദ്ധരിക്കുന്ന മറ്റൊരു നിവേദനം:
"നിശ്ചയം ഉമർ رضي الله عنه ഉബയ്യുബ്നു കബിന്റെ യും തമീമുദ്ദാരിയുടെയും നേതൃത്വത്തിൽ (ഇമാമായി) ഇരുപത്തി ഒന്ന് റക്അത് നിസ്കരിച്ചു".
مصنف عبد الرزاق : ر ح -٧٧٦٠
മറ്റൊന്നും കൂടി...
ഉപ്പാപ്പയായ സാഇബിബ്നു യസീദിനെ തൊട്ടു മുഹമ്മദുബ്നു യൂസഫ് ഉദ്ധരിച്ചു : "ഞങ്ങൾ ഉമർ ന്റെ കാലത്ത് റമളാനിൽ പതിമൂന്ന് റക്അത്ത് നിസ്കരിച്ചു".
قيام اليل -إبن النصر ٩٠
ഈ മൂന്ന് ഹദീസുകളും വായിച്ചവർക്ക് എന്തു തോന്നി..?
മുഹമ്മദുബ്നു യൂസുഫിന് എന്തോ ഒരു കുഴപ്പമുണ്ട് അല്ലേ..? അതേ!! എണ്ണം കൃത്യമല്ല, എണ്ണം കൃത്യമല്ലാത്തതിനാൽ ഈ ഹദീസ് നിവേദകന് ശരിയായ ഹദീസ് നിവേദകന്ന് ഉണ്ടാവാൻ പാടില്ലാത്ത ഒരു ന്യൂനതയുണ്ട്, إضطراب അഥവാ (ആശയക്കുഴപ്പം).
അതിനാൽ അതിനാൽ ഇദ്ദേഹം ഹദീസ് സ്വീകരിക്കപ്പെടാൻ യോഗ്യനല്ല.
مقدمة ابن الصلاح :٤٤
അള്ളാഹു നമ്മെ സുന്നത്ത് ജമാഅത്തിൽ അടിയുറച്ച് ജീവിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
➖➖➖➖➖➖➖➖➖➖
✍️ *ഹൈദർ അലി അമാനി പർളാടം*