ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 4 March 2019

കാന്തപുരത്തെ സമസ്ത പുറത്താക്കിയെന്നോ ?

ചേളാരി സമസ്തയുടെ നിയന്ത്രണത്തിലുള്ള 'ഇസ' പുറത്തിറക്കിയ സമസ്ത: ചരിത്രത്തിലെ നാൾവഴികൾ എന്ന പുസ്തകം ഇന്ന് കാണാനിടയായി. അതിന്റെ 541- 542 പേജുകളിൽ കാന്തപുരം സുന്നികൾ എന്നൊരു ഭാഗമുണ്ട്. അതിൽ ഇങ്ങനെ പറയുന്നു: സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും ദു:ഖകരവും ദുരന്തപൂർണവുമായ അധ്യായമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സംഘടനയിൽ നിന്ന് ഇറങ്ങിപ്പോയതും സമാന്തര സംഘടന ഉണ്ടാക്കിയതും...... ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയിലെ ഭൂരിപക്ഷം ,സംഘടനയെ മുസ്ലിം ലീഗിന്റെ ആലയിൽ കെട്ടാൻ ശ്രമിച്ചു, ബിദഈ കക്ഷികളുമായി മൃദുസമീപനം സ്വീകരിച്ചു, ശരീഅത്ത് പ്രശ്നത്തിൽ ബിദഇകളുമായി വേദി പങ്കിട്ടു  തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് കാന്തപുരം സമസ്തയിൽ കലാപമുണ്ടാക്കിയത്...
   കാന്തപുരവും കൂട്ടരും സമസ്തയിൽ നിന്ന് അന്തസ്സായി ഇറങ്ങി വന്നതാണെന്നും അതിനുള്ള കാരണങ്ങൾ എക്കാലത്തും ന്യായമാണെന്നും ഈ പുസ്തകം സമ്മതിക്കുന്നുണ്ട്. ആ സംഭവം സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും ദു:ഖകരവും ദുരന്തപൂർണവുമായ അധ്യായമെന്നതാണ് അതിലും വലിയ സമ്മതിക്കൽ എന്നതും ശ്രദ്ധേയമാണ്.സുന്നികളെ കുറിച്ച് ചേളാരി വിഭാഗം ഇത്രയും കാലം പറഞ്ഞ് നടന്നതും ആരോപിച്ചതും പ്രചരിപ്പിച്ചതുമെല്ലാം പാടേ നിഷേധിക്കുകയാണ് സാക്ഷാൽ ഡോ.ബഹാവുദ്ദീൻ ഉസ്താദ് വായിച്ച് പരിശോധിച്ച് നല്ല 'നീല മഷി' കൊണ്ട് ഒപ്പിട്ടശേഷം പുറത്തിറക്കിയ ഈ പുസ്തകം.
  കഴിഞ്ഞ മുപ്പത് വർഷമായി ഇക്കൂട്ടർ നടത്തുന്ന പ്രചരണങ്ങളിൽ പ്രധാനപ്പെട്ടത് ഇവയാണ്: 1. കാന്തപുരത്തെയും കൂട്ടരെയും സമസ്തയിൽ നിന്ന് പുറത്താക്കിയതാണ്. 2. സ്വാർത്ഥ താൽപര്യങ്ങൾക്കും അധികാരത്തിനും വേണ്ടി മാത്രമായിരുന്നു കാന്തപുരം സമസ്തയിൽ കലാപമുണ്ടാക്കിയത്.ഇവ തികച്ചും വ്യാജമാണെന്നും ദുരന്തത്തിലും ദുരിതത്തിലും പെട്ടുപോയ സ്വന്തം സംഘടനക്ക് പിടിച്ചു നിൽക്കാനും അണികളെ പിടിച്ചു നിർത്താനും മാത്രമുള്ള വ്യാജ പ്രചരണമായിരുന്നുവെന്നും ഇവർക്ക് ഇപ്പോൾ തുറന്ന് പറയേണ്ടി വരികയാണ്.
   സമസ്തക്ക് രാഷ്ട്രിയമില്ലെന്നും ബിദഇക  ളുമായി ഒരു നിലക്കും ബന്ധം പാടില്ലെന്നും അവരുമായുള്ള നിലപാടിൽ മാറ്റമില്ലെന്നും സമസ്തയുടെ ചരിത്രത്തിലെ നാൾവഴികൾ ആവർത്തിച്ച് പറയുന്നുണ്ട്. എന്നിട്ടുമെന്തേ ആ നിലപാട് തുറന്ന് പറഞ്ഞതിനെ കാന്തപുരം കലാപമുണ്ടാക്കി എന്ന് ഈ ചരിത്രകാരൻ രേഖപ്പെടുത്തിയത് എന്നറിയില്ല. കാന്തപുരം അന്ന് ഉന്നയിച്ച ആരോപണങ്ങളുടെ സാധ്യതയും സാധുതയും ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ഇങ്ങനെ പരിശോധിക്കാവുന്നതാണ്: 1.സമസ്തയുടെ സീനിയർ വൈസ് പ്രസിഡണ്ടും പ്രമുഖ ഗോള ശാസ്ത്ര പണ്ഡിതനുമെന്നുമൊക്കെ നിങ്ങൾ പറഞ്ഞു നടക്കുന്ന മഹാനായ ചെമ്പരിക്ക ഖാസിയായി രുന്ന സി എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ വർഷങ്ങളായിട്ടും കഴിഞ്ഞില്ലെന്ന് മാത്രമല്ല, നീണ്ടു നിവർന്ന് നിന്ന് അതേക്കുറിച്ച് ചോദിക്കാൻ പോലും നിങ്ങളുടെ പണ്ഡിത സഭക്ക് കഴിയാതെ പോയത് നിങ്ങളിപ്പോഴും രാഷ്ട്രീയാലയത്തിലാണ് എന്നത് കൊണ്ടാണ്.
2. സാക്ഷാൽ മുജാഹിദ് സമ്മേളത്തിൽ തന്നെ നിങ്ങളുടെ തങ്ങൻമാർക്ക് അവരുമായി വേദി പങ്കിടേണ്ടി വരുന്നതും തുടരേണ്ടി വരുന്നതും പഴയ ഓർമയുടെ പുതക്കലാണ്.
3. മുജാഹിദ് നേതാവിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാൻ അഭ്യർത്ഥിക്കുക മാത്രമല്ല നിസ്കാരത്തിന് നേതൃത്യം കൊടുക്കുകയും ചെയ്ത നിങ്ങളുടെ സമസ്തയുടെ വൈസ് പ്രസിഡണ്ടിനെതിരെ നടപടിയെടുക്കാനാവാത്തത് ബിദഇകളുമായുള്ള മൃദുസമീപനം നിങ്ങളിപ്പോഴും തുടരുന്നു എന്നത് കൊണ്ടാണ്.
  ഉള്ളാൾ തങ്ങളും കാന്തപുരം ഉസ്താദുമൊക്കെ ഇറങ്ങി വന്നത് എന്തിനെന്ന ചോദ്യം കൃത്യമായ ഉത്തരത്തോടെ ഇന്നും പ്രസക്തമായി നിൽക്കുന്നു. അത് കൊണ്ടാണ് കാന്തപുരത്തിന്റെ പാണ്ഡിത്യവും ആത്മീയതയും അതിനപ്പുറം ചടുലതയും വാഗ്വിലാസവുമാണ് സമസ്തയിലെ പണ്ഡിതൻമാർ ശ്രദ്ധിച്ചത് എന്ന് ഈ പുസ്തകം തന്നെ തുടർന്ന് പറയുന്നത്. വേണമെങ്കിൽ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയാകാൻ കാന്തപുരത്തിന് യോഗ്യതയുണ്ടെന്ന് വരെ ഇതിൽ നിന്ന് അനുമാനിക്കാവുന്നതാണ്.
   വീമ്പിളക്കലും വിഴുപ്പലക്കലും മതിയാക്കി ഈ തിരിച്ചറിവിലേക്ക് നിങ്ങൾക്ക് തിരിച്ചു വരാൻ സമയമായിരിക്കുന്നു. ചരിത്രമെപ്പോഴും അതിന്റെ വഴിക്കേ പോകൂ, അതൊരിക്കലും അവരവരുടെ വഴിക്ക് വരില്ല!
  - റഷീദ് കെ. മാണിയൂർ