*പിഎംകെ ഫൈസി ഉസ്താദ്...❗*
👇👇👇👁️👁️👁️
✍️ പ്രിയപ്പെട്ട പിഎംകെ ഫൈസി ഉസ്താദിന്റെ ആണ്ട് മാസമാണിത്... ഓരോ ഫാതിഹ എങ്കിലുമോതാൻ കൂട്ടുകാർ മറക്കരുത്...ഒളി മങ്ങാത്ത ഓർമ്മകൾ ഒരുപാടുണ്ട്... ഇന്നും നികത്താനാകാത്ത ആ വിടവ്... ഓർക്കുമ്പോൾ ഹൃദയത്തിലെവിടെയോ വല്ലാത്തൊരു വിങ്ങൽ...കലാലയ വഴിത്താരയിൽ പിച്ചവച്ച, എണ്ണമറ്റ യവ്വനങ്ങളെ ധാർമിക ലോകത്തേക്ക് കൈപിടിച്ച അനുഗ്രഹീത പണ്ഡിതൻ... സ്വർഗത്തിന്റെ പരിമളം പരത്തുന്ന വൈജ്ഞാനികതയുടെ വിശ്വവിഹായസിലേക്ക് ജനലക്ഷങ്ങളെ വഴിതെളിച്ച ദിവ്യജ്യോതിസ് ... ആ നിറ പുഞ്ചിരി മനസിൽ നിന്നിനിയും മാഞ്ഞിട്ടില്ല... ഇന്നലേകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോളറിയാതെ നയനങ്ങൾ നിറഞ്ഞൊഴുകുന്നു... ആ കണ്ണ് നീരിനിടയിലൂടെ ഉസ്താദിന്റെ പുഞ്ചിരിക്കുന്ന തിരു സാമിപ്യം...
മോങ്ങം ഉമ്മുൽ ഖുറാ ക്യാമ്പസ് ...അവൾ ആ വേർപാടിലിന്നും വല്ലാതെ തേങ്ങുന്നുണ്ട്...ശ്രദ്ധേയമായ അമ്പതോളം കനപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ചിട്ടാണവിടുന്ന് യാത്രയായത്... 52 വർഷത്തെ ജീവിതത്തിനിടയിൽ ആ മഹാമനീഷി ഓടിത്തീർത്ത വഴിത്താരകളെല്ലാം ധന്യമാണിന്ന്... പകരം മറ്റൊരാളില്ലെന്ന സങ്കടം മാത്രം... ദഅവാ രംഗത്ത് അവിടുന്ന് സാധിച്ചെടുത്ത വിപ്ളവം വരച്ചിടാൻ കഴിയാത്തത്ര വിശാലമാണ്.ആയിരത്തിലധികം ആളുകളെ തൗഹീദിന്റെ ദിവ്യ വസന്തത്തിലേക്കാനയിച്ച ആ ജീവിതം തൂലികത്തുമ്പിൽ അടയാളപ്പെടുത്താനെങ്ങിനെ കഴിയും...?.അഹ്ലുസ്സുന്നയുടെ ആദർശ രംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ആ മഹാമനീഷി വിട പറഞ്ഞിട്ടിന്ന് 9 വർഷം പൂർത്തിയാകുന്നു. കൊണ്ടോട്ടി ബുഖാരി ക്യാമ്പസ് ഫറോക്കിലെ ക്രസന്റ് ഹോസ്പിറ്റൽ തുടങ്ങി അവിടുത്തെ മുദ്ര പതിഞ്ഞ സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും എണ്ണിയാലൊടുങ്ങില്ല...
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മോങ്ങം ബിലാല്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോ. സെക്രട്ടറി, ചാവക്കാട് ഐ ഡി സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റെഡ്ക്രസന്റ് ഹോസ്പിറ്റല്‍, ഇസ്‌ലാമിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സെന്റര്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിംഗ് സെക്രട്ടറി, എസ് എസ് എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
യു എ ഇ, ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വിശ്വാസത്തിന്റെ മുഖങ്ങള്‍, മനുഷ്യന് ഒരു ജാതി, മതവും മനുഷ്യനും, സത്യം തേടി ഒരു തീര്‍ഥയാത്ര, നിസ്‌കാരം, നബിയുടെ നീതി പീഠം, അന്ധന്‍ അടര്‍ക്കളത്തില്‍, ഖുര്‍ആനിലെ വനിതകള്‍, ഗറില്ലാ താവളം, ആദം നബി (അ), നൈലിന്റെ തീരങ്ങളില്‍, ഇസ്‌ലാമും പടിഞ്ഞാറും, ഇസ്‌ലാമും മതേതരത്വവും, വിശ്വാസത്തിന്റെ പണിപ്പുരയില്‍, മഖ്ബറകള്‍ക്ക് ചുറ്റും, ഉംറയും സിയാറത്തം, ബല്‍ക്കീസ്, റസൂലിന്റെ കോടതി, മതം, വിശ്വാസം, ഇസ്‌ലാം പരിചയം, രണഭൂമിയില്‍, മൗദൂദി ചിന്തയും പ്രസ്ഥാനവും, ദാമ്പത്യ ജീവിതം ഇസ്‌ലാമില്‍, ഖുര്‍ആന്‍ സന്ദേശം, തിരുത്തപ്പെടേണ്ട ദാരണകള്‍, ഖദീജ ബീവി (റ), ആത്മ സരണി, ശിശു പരിപാലനം, വാസ്‌കോഡ ഗാമയും ഇബ്‌നു മാജിദും, മുസ്‌ലിം സ്ത്രീ, ജീവനുള്ള ഇസ്‌ലാം, സകാത്തും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും, ശിശു പരിപാലനം തുടങ്ങിയവ അവിടുത്തെ രചനകളിൽ ചിലത് മാത്രം...
ഈ വിനീതൻ്റെ ലേഘന സമാഹാരം അൽ ഇർഫാദിൽ പ്രസിദ്ധീകരിക്കണമെന്ന- എൻ്റെ ഉസ്താദിൻ്റെ നിർബന്ധത്തിന് വഴങ്ങി ,വന്ദ്യരായ പി എം കെ യെ ആദ്യമായി മുഖം കാണിച്ചത് ഞാനിന്നുമോർക്കുന്നു. ഉസ്താദിനെയും എന്നെയും സ്വീകരിച്ചിരുത്തിയിട്ട് എന്നോടന്ന് ചോദിച്ചൊരു ചോദ്യം ഇന്നും ഹൃദയാന്തരത്തിൽ വല്ലാതെ മുഴങ്ങുന്നുണ്ട്. വാഹനം ഏത് വശത്തേക്കാണോ തിരിഞ്ഞ് നിന്നത് - മുത്ത് നബിﷺ യുടെ വാക്ക് കേൾക്കേണ്ട താമസം , തിരിഞ്ഞു നോക്കാതെ ,ആ വശത്തേക്ക് ദഅവക്കായി ലക്ഷ്യം വച്ച സ്വഹാബത്തിനെയാണ്[റ] ആ ചോദ്യത്തിലൂടെ- ആ മുഖത്തു നിന്നെനിക്കന്ന് വായിച്ചെടുക്കാനായത്...
പ്രായ വ്യത്യാസമില്ലാതെ എല്ലാവരുമായും ഇടപഴകി ജീവിച്ച ആ കുറിയ വലിയ മനുഷ്യൻ 1433 റജബ് 14 ന് പുലർച്ചെ കൊല്ലം ഖാദിസിയയിലേക്കുളള വഴിമധ്യേ കുന്നംകുളത്തിനടുത്തു വെച്ച് ഒരു കാറപകടത്തിൽ മരണപ്പെടുകയായിരുന്നു.മോങ്ങം ഉമ്മുൽഖുറയുടെ ജനറൽ സെക്രട്ടറി ആയിരിക്കെയാണ് അവിടുന്ന് കാലയവനികക്കുള്ളിൽ മറഞ്ഞത്.മോങ്ങം ജുമുഅത്ത് പള്ളിയുടെ കിഴക്കു വശത്ത് അന്ത്യ നിദ്ര കൊള്ളുന്ന ആ സൂര്യ തേജസ്സിന് അല്ലാഹു സ്വർഗത്തിൽ ഉന്നത പദവി നൽകട്ടെ...നമ്മെയെല്ലാം അല്ലാഹു, അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ...ആമീൻ
ഖുദ്സി
25-02-2021