ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 2 January 2018

മുജാഹിദ് സമ്മേളന വിശേഷം - കൂരിയാട്

PKM അബ്ദുറഹ്മാൻ എഴുതുന്നു✍🏻
മുജാഹിദ് സലഫി  സമ്മേളനത്തിലെ
വര്‍ത്തമാനങ്ങള്‍
---------------------------
പുസ്തകങ്ങള്‍ എതെങ്കിലുമൊക്കെയുണ്ടെങ്കില്‍ വാങ്ങാമെന്ന് വിചാരിച്ചാണ് മുജാഹിദ് സമ്മേളന നഗരിയില്‍ പോയത്. ബസില്‍ നിന്ന് നോക്കിയപ്പോള്‍ താഴെ നഗരി കണ്ടു. ആര്‍ക്കോ വേണ്ടി പതയ്ക്കുന്ന ബിരിയാണി ചെമ്പുകള്‍ നിരനിരയായിയുണ്ട്. സുന്നി ആചാരാനുഷ്ഠാനങ്ങളൊക്കെയും വയറു നിറയെ ഭക്ഷണം കഴിക്കാനുള്ള ഓരോ ഏര്‍പ്പാടുകളാണെന്ന സലഫീ പ്രഭാഷണങ്ങള്‍ ആ ബിരിയാണി ചെമ്പുകള്‍ ഓര്‍മ്മിപ്പിച്ചു. ഒന്‍പതു മണിയോടെ ബസ്സിറങ്ങി. ആദ്യം സ്വീരിച്ചത് സ്ത്രീധനരഹിത ആദര്‍ശാധിഷ്ഠിത വിവാഹങ്ങള്‍ക്കുള്ള 'സലഫീ നികാഹി കോമി'ന്റെ നോട്ടീസാണ്. അല്‍പമങ്ങു മാറിയതേയുള്ളൂ. അതാ വരുന്നു way  to nikah.  com ന്റെ മറ്റൊരു നോട്ടീസ്. ഇവരുടെ ഉത്സാഹം കണ്ടിട്ട് രണ്ടും രണ്ടു ഗ്രൂപ്പുകാരാണെന്നാണ് തോന്നുന്നത്. സംഘടനകള്‍ക്കിടയിലെ പിളര്‍പ്പും ഉള്‍പ്പിരിവുകളും മനസ്സിലാക്കാന്‍ സഹായിക്കുന്ന മികച്ച മെറ്റീരിയല്‍ കൂടിയാണ് ഈ സൈറ്റുകള്‍. സംഘടനകളെയും ഗ്രൂപ്പുകളെയും, ജാതികളായി പരിചയപ്പെടുത്തുന്ന ഇത്തരം സൈറ്റുകളുമുണ്ട്.
ബസ്സിറങ്ങിയ ആണുങ്ങളും പെണ്ണുങ്ങളും കലപ്പിലാണ് സമ്മേളന നഗരിയിലേക്ക് മുന്നോട്ട് നീങ്ങുന്നത്. നഗരിയിലെത്തിയാല്‍ പിന്നെ ഇടകലരാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് വേറെ വഴിയാണ്. അവിടെ ഒരാളും കൈയും ഉയരത്തില്‍ മറ വിരിച്ചു മാറ്റിനിര്‍ത്തിയിരിക്കുകയാണ് പെണ്ണുങ്ങളെ. സ്‌റ്റേജിലോ സ്‌റ്റേജിന് മുമ്പിലോ പെണ്ണുങ്ങളില്ല. ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം ചോദിച്ചെത്തിയ ഖമറുന്നിസ അന്‍വറിനെ മുജാഹിദു വേദിയില്‍ പോലും പെണ്ണുങ്ങള്‍ ഉണ്ടാവാറില്ലല്ലോ എന്നു പറഞ്ഞ് വിരട്ടിയാണല്ലോ മായിന്‍ ഹാജി തിരിച്ചയച്ചത്. മുജാഹിദുകളുടെ പത്ര പ്രസ്താവനകളില്‍ കാണാറുള്ള സ്ത്രീ മുന്നേറ്റത്തെ പ്രതിയുള്ള ആവേശമൊന്നും വേദിയില്‍ ഇല്ല. അല്‍പം അകലേയായി, ഒരു ഓരത്താണ് അവരുടെ തമ്പ്.
മുമ്പൊക്കെ പോസ്റ്ററുകളിലും ബാനറുകളിലും വ്യാപകമായിരുന്ന 'സലഫി നഗര്‍' എന്ന് നഗരിയില്‍ ചിലയിടങ്ങളില്‍ കണ്ടു. ഈ ഒതുക്കത്തില്‍ തന്നെയുണ്ടല്ലോ കേരളത്തിലെ മുജാഹിദുകളുടെ ഇപ്പോഴത്തെ ഒരു സ്റ്റാറ്റസ്.
പ്രതിനിധികള്‍ക്കുള്ള നാസ്തയുടെ സമയമാണ്. ചായയും ഉപ്പുമാവുമാണെന്ന് തോന്നുന്നു. ആദ്യം പോയത് പുസ്തക മേളയിലേക്കാണ്. 'കെ എന്‍ എം പുസ്തക മേള' എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. ആദ്യം ഒന്ന് ചുറ്റിക്കണ്ടു. ശബാബിന്റെ കൗണ്ടറില്‍ ഏതാനും യുവാക്കളുണ്ട്. വിചിന്തനത്തില്‍ ഒരു വയസ്സനാണ് വരി ചേര്‍ക്കുന്നത്. പുടവയുടെ കൗണ്ടറില്‍ പഴയ ആ വര്‍ത്തമാനത്തിന്റെ കലണ്ടര്‍ വില്‍പ്പനക്കായി വെച്ചത് കണ്ടു. ഇപ്പോള്‍ ആ പത്രം ഇറങ്ങുന്നുണ്ടോ എന്തോ? സലഫികള്‍ക്കിടയിലെ പിളര്‍പ്പിന്റെ ഒരു ഇരയായിരുന്നല്ലോ ആ പത്രം. അഴീക്കോട് ചീഫ് എഡിറ്ററായി വലിയ സന്നാഹത്തോടെ വന്ന് ഇപ്പോഴത്തെ സംശയാസ്പദ നിലയിലെത്തി. ഖത്തറില്‍ നിന്നും ചുരുങ്ങിയ കോപ്പികള്‍ ഇറങ്ങുന്നുണ്ടെന്ന് ഒരാള്‍ പറഞ്ഞു. കേരളത്തിലെ സലഫികളുടെ സാംസ്‌കാരിക മച്ചുനന്മാര്‍ ആരൊക്കെ എന്നറിയാന്‍ സഹായിക്കുന്ന പ്രസിദ്ധീകരണമായിരുന്നു വര്‍ത്തമാനവും ആശയ സംവാദവുമൊക്കെ. ഹാഫിസ് മുഹമ്മദ്, എം എന്‍ കാരശ്ശേരി, ഷാജഹാന്‍ മാടമ്പാട്ട് എന്നിവരൊക്കെയായിരുന്നല്ലോ സലഫികളുടെ സാംസ്‌കാരിക പ്രതിനിധികള്‍. ഹാഫിസ് ഇത്തവണ സമ്മേളനത്തിനുണ്ട്. ഐ എസ് എം പുസ്തകാലയമായ യുവതക്കുവേണ്ടി ധിഷണയും വെളിപാടും എന്ന പുസ്തകം എഴുതി, പരലോകത്ത് സലഫികള്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തി, ഇബ്‌നു അബ്ദുല്‍ വഹാബ് എന്ന 'നവോത്ഥാന' നായകനെ പ്രതി സലഫികളെ ആവേശഭരിതനാക്കിയ ഷാജഹാന്‍ മാടമ്പാട്ട് ഇത്തവണ സലഫികള്‍ കേരളത്തില്‍ വിമര്‍ശന പഠനങ്ങള്‍ എന്ന പുസ്തകത്തിലാണെത്തിപ്പെട്ടിരിക്കുന്നത്. ഷാജഹാന്റെ പരിണാമം സലഫികളുടെ വി ടി ബല്‍റാം എന്ന തലക്കെട്ടില്‍ കെ പി ജമാല്‍ എഴുതി, നാരദാ ന്യൂസ് ആദ്യം പ്രസിദ്ധീകരിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ലേഖനത്തെ ഓര്‍മ്മിപ്പിക്കാതിരിക്കില്ലല്ലോ. അപ്പോഴും യുവത ബുക്‌സില്‍ നിന്ന് ഓപ്പണ്‍ റീഡിലേക്ക് വലിയ ദൂരമൊന്നുമില്ലെന്ന് മനസ്സിലാക്കുക പ്രയാസകരമല്ല. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്നല്ലേ. പഴയ സലഫികള്‍ക്ക് ഇപ്പോഴും സലഫിയായിരിക്കാന്‍ സലഫീ വിമര്‍ശകരാകുന്നതിനേക്കാളും എളുപ്പവഴി മറ്റെന്തുണ്ട്?
പുസ്തക ശാലക്കടുത്ത് കോഴിക്കോട്ടെ പത്രപ്രവര്‍ത്തക സുഹൃത്തിനെ കണ്ടു. ആതിഥ്യമര്യാദയോടെ അദ്ദേഹം ചായക്ക് ക്ഷണിച്ചു. അദ്ദേഹത്തോടൊപ്പം കുടുംബവും വന്നിട്ടുണ്ട്. സുവനീറിന്റെ ചെറിയ ചുമതലുണ്ടായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. മെയിന്‍ സ്‌റ്റേജില്‍ നിന്ന് ആരോ തകര്‍ക്കുന്നുണ്ട്. ഇ കെ വിഭാഗം സുന്നികള്‍ക്കെതിരെ കത്തിക്കയറുകയാണ്. നല്ല മുന വെച്ച വാക്കുകള്‍. 'അന്ധവിശ്വാസങ്ങളുടെ പോറ്റില്ലമായ' കൊടപ്പനക്കല്‍ തറവാട്ടുകാരെ ഇടയാളരാക്കി സലഫികള്‍ രക്ഷപ്പെട്ട സമ്മേളനമായിരുന്നല്ലോ ഇത്തവണത്തേത്.
പുസ്തകങ്ങള്‍ മറിച്ചുനോക്കാന്‍ തുടങ്ങി. എ പി അബ്ദുര്‍ഖാദര്‍ മൗലവിയുടെ അഭിമുഖത്തിന്റെ പുസ്തകം. പഠിക്കുന്ന കാലത്ത് യതീംഖാനയുടെ നേര്‍ച്ചപ്പെട്ടി കുത്തിപ്പൊട്ടിച്ച സംഘത്തിലെ അംഗമായിരുന്നു അദ്ദേഹമെന്നാണ് ആദ്യം കണ്ടത്. പിന്നെ ഓരോന്ന് മറിച്ചുനോക്കിക്കൊണ്ടിരുന്നു.
പഴയ പുസ്തകങ്ങള്‍ തീരെയില്ല. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് പഴയ പുസ്തകങ്ങളെക്കുറിച്ച് ഒരു കരുതല്‍ നല്ലത് തന്നെയാണ്. ഖബറിലേക്ക് നേര്‍ച്ച നേരുന്നവരെ കൊല്ലണമെന്നും മഖ്ബറകള്‍ പൊളിക്കണമെന്നുമൊക്കെയുള്ള പുസ്തകങ്ങള്‍ ഇപ്പോള്‍ വില്‍ക്കുന്നത് അത്ര യുക്തിയല്ല. യുവതയുടെ(മടവൂര്‍ വിഭാഗം പ്രസാധകര്‍) പുസ്തകങ്ങളും താരമ്യേന കുറവാണ്. ചെറിയൊരു ഭാഗത്തേ അതുള്ളൂ. 'യുവത'യുടെ പുസ്തകങ്ങള്‍ ഇവിടെയേ ഉള്ളോ? ഞാന്‍ ചോദിച്ചു. അത് ഇവിടെ മാത്രമേ ഉള്ളൂ എന്ന് ആ ഭാഗത്തേക്ക് ചൂണ്ടി ശബാബിന്റെ തമ്പിന് മുന്നിലെ യുവാവ് പറഞ്ഞു. വിഷാദച്ഛവി ആ വാക്കുകളില്‍ എളുപ്പം വായിച്ചെടുക്കാം.
സ്റ്റാളിലൊക്കെയും നിറഞ്ഞുനില്‍ക്കുന്നത് എം എം അക്ബറിന്റെ പുസ്തകങ്ങളാണ്. വിവാദം ആകേണ്ടെന്ന് ഭയന്നാകണം, എ പി അബ്ദുര്‍ ഖാദര്‍ മൗലവിയുടെ ആ പുതിയാപ്ലയെ സമ്മേളനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണല്ലോ. അമ്മോശന്‍ ഉണ്ടായിരുന്നെങ്കില്‍ അതിനു സമ്മതിക്കുമായിരുന്നോ എന്ന് വെറുതെ ആലോചിച്ചു. അദ്ദേഹത്തിന്റെ വിവാദ പുസ്തകങ്ങള്‍ ബാന്‍ ചെയ്തിട്ടുണ്ടാകണം.
കെ ഉമര്‍ മൗലവിയുടെ ആത്മകഥ ഇപ്പോഴും വില്‍ക്കുന്നുണ്ട്. ഹൂസൈന്‍ മടവൂര്‍ വ്യതിയാനക്കാരനാണെന്നും സി പി ഉമര്‍ സുല്ലമി ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നയാളാണെന്നും എ പി അബ്ദുല്‍ ഖാദര്‍ മൗലവി എന്നെ അംഗീകരിക്കാത്തനവാണെന്നും ഉമര്‍ മൗലവി എഴുതിയ പുസ്തകമാണത്. ഞാന്‍ പാക് അനുകൂലിയായിരുന്നെന്നും പാക്കിസ്ഥാന് വേണ്ടി നിരവധി പ്രസംഗങ്ങള്‍ നടത്തിയിരുന്നെന്നും മൗലവി തുറന്നെഴുതിയിട്ടുണ്ട് ആ ആത്മകഥയില്‍. അതിനിടയില്‍ 'താടി'യെക്കുറിച്ച് ഒരു പുസ്തകം കണ്ടു. താടിയുടെ നീളം സലഫീ ഗ്രൂപ്പുകള്‍ക്കിടയിലെ ഒരു തര്‍ക്കവിഷയമാണല്ലോ. അതുകൊണ്ടായിരിക്കും താടിയെ കുറിച്ചുള്ള പുസ്തകം സ്റ്റാളിലെത്തിയത്.
വാലാഅ്, ബറാഅ് എഴുതിയ സ്വാലിഹ് ഫൗസാന്‍ അല്‍ ഫൗസാന്റെയോ അതുപോലെ തീവ്രസ്വഭാവമുള്ള സലഫി പണ്ഡിതന്മാരുടെയോ പുസ്തകങ്ങള്‍ എവിടെയും കണ്ടില്ല. അമാനി മൗലവിയെ ഖുര്‍ആന്‍ പരിഭാഷക്കാണ് കാര്യമായ കിഴിവുള്ളതെന്ന് ഒരു വളണ്ടിയര്‍ പറഞ്ഞു.
പുസ്തകപ്പന്തലില്‍ എല്ലായിടത്തും എ പി അബ്ദുര്‍ ഖാദര്‍ മൗലവിയെ കുറിച്ചുള്ള പുസ്തകം ഉണ്ട്. താരതമ്യേന വിലക്കുറവുള്ള പുസ്തകം. മലയാളത്തിലാണെന്നേയുള്ളൂ, അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ പറയുന്ന നല്ലൊരു മൗലിദ് കിതാബാണത്. 'മതം മാറ്റം , സലഫിസം, സങ്കടങ്ങള്‍' എന്ന പേരില്‍ ഹുസൈന്‍ മടവൂരിന്റെ സങ്കടങ്ങള്‍ സമാഹരിച്ച പുസ്തകം അവിടെയും ഇവിടെയും ഉണ്ട്. ബാബരി തകര്‍ച്ചയെ തുടര്‍ന്ന് പാലക്കാട് മുജാഹിദ് സമ്മേളനത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായെന്നും സലഫി നേതാവായ ഡോ. ഉസ്മാന് ഇല്‍ഹാം ഉണ്ടായതുകൊണ്ടാണ് സമ്മേളനം 1992 ഡിസംബറില്‍ തന്നെ നടത്തിയതെന്നും പറയുന്ന പുസ്തകമാണത്. !! (ഇല്‍ഹാം എന്നാല്‍ പടച്ചവനില്‍ നിന്നുള്ള അഭൗതികമായ ജ്ഞാനം) അന്യ സ്ത്രീ പുരുഷന്മാര്‍ നേരിട്ട് ഫോണ്‍ വിളിക്കരുതെന്നും നമ്മുടെ കാലത്തെ മഹാപുരോഗമന വാദിയായ മടവൂര്‍ എഴുതിയിട്ടുണ്ട്. പുസ്തകം മറിച്ചുനോക്കുമ്പോഴും അല്ലാതെയും ചില മുറുമുറുപ്പുകള്‍ കേട്ടു. ഗ്രൂപ്പിന്റെ അന്തര്‍ധാര ഇപ്പോഴും സജീവമാണെന്ന് ബോധ്യപ്പെടുത്തുന്ന മുറുമുറുപ്പുകള്‍.
അതുകഴിഞ്ഞ് പൈസ അടക്കുന്ന കൗണ്ടറിനടുത്തേക്ക് പോയി. സുവനീറിനു അതിന്റെ കൗണ്ടറില്‍ തന്നെ പൈസ കൊടുക്കണം. ബാക്കി പുസ്തകങ്ങള്‍ ഒരു സ്ഥലത്ത് നിന്ന് ബില്ലാക്കുകയാണ്. 500 രൂപ വരെ വാങ്ങുന്നവര്‍ക്ക് 10 ശതമാനം കിഴിവുണ്ട്. 1500 വരെ 15 ശതമാനം.
പുസ്തമേളക്ക് പുറത്തിറങ്ങി. കുലുക്കിസര്‍ബത്തിന്റെ സ്റ്റാളിന് മുന്നില്‍ ആള്‍ക്കൂട്ടമുണ്ട്. ചായയും എണ്ണക്കടികളുമുള്ള ഒന്നിലേറെ താല്‍ക്കാലിക പീടികകള്‍. നിന്നും ഇരുന്നും സലഫികള്‍ ചായ വാങ്ങിക്കുടിക്കുന്നു. കെ എന്‍ എം ഹജ്ജ് സെല്ലിന്റെ സ്റ്റാളുണ്ട്. കിഡ്‌നി രോഗികളെ സഹായിക്കാന്‍ ആവശ്യപ്പെടുന്ന ഒരു തമ്പും കണ്ടു. ഞാന്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല, മടവൂര്‍ വിഭാഗത്തിന്റെ ഹജ്ജ് സെല്ലിന്റെയോ എം എസ് എം പാലിയേറ്റീവ് കെയറിന്റെയോ അടയാളമോ എം എസ് എം ആംബുലന്‍സുകളോ ഒന്നും കണ്ടില്ല. ഒരു ചായയും പഴം പൊരിയും വാങ്ങി കഴിച്ചു. 15 രൂപ.
സ്‌റ്റേജിന്റെ ഭാഗത്തേക്ക് നോക്കിയപ്പോള്‍ മടവൂരും ഉമര്‍ സുല്ലമിയും ഒരുമിച്ചാണ് കയറിവരുന്നത്. മടവൂര്‍ ഒന്നാം നിരയിലേക്ക് പോയി. സുല്ലമി വിനീതനായി രണ്ടാം നിരയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ബന്ധിച്ച് മുന്നോട്ട് ഇരുത്തുന്നു. അതിഥികളെ സ്വീകരിക്കുന്നവരെ പോലെയാണ് അവരോടുള്ള സംഘാടകരുടെ പെരുമാറ്റമെന്ന് തോന്നി. അവര്‍ അല്ലെങ്കിലും വിരുന്ന് വന്നവരാണല്ലോ.
പ്രധാന സ്‌റ്റേജിന്റെ അടുത്തേക്ക് നീങ്ങി. സ്‌റ്റേജിന് പിന്നിലാണ് പ്രഥമിക കര്‍മങ്ങള്‍ക്കുള്ള താത്കാലിക സൗകര്യം. അങ്ങോട്ട് ആളുകള്‍ ജാഥയായി നീങ്ങുന്നു. ഇപ്പോള്‍ വേദിയില്‍ വിദ്യാര്‍ഥി സമ്മേളനമാണ്. നാല് വരിയിലായി നേതാക്കളിരിക്കുന്നു. ഒരു പെണ്‍കുട്ടി പോലുമില്ല. ഫഌഷ് മോബിനെതിരെയും ഫറൂഖ് കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കണമെന്ന ആവശ്യത്തിനെതിരെയും ഒരാള്‍ എതിര്‍ത്ത് കൊണ്ട് പ്രസംഗിക്കുന്നു. തിരിച്ചുപോരുമ്പോള്‍ ചരിത്ര സമ്മേളനമാണ് നടക്കുന്നത്. പഴയ പോലെ ഇതിലും സ്ത്രീകള്‍ സ്‌റ്റേജില്‍ ഇല്ല. ഇസ്‌ലാമിക് ഫെമിനിസത്തെക്കുറിച്ച് എഴുതിയ ഇപ്പോള്‍ സമ്മേളനത്തില്‍ വിലക്കുള്ള മുജാഹിദ് ബുദ്ധിജീവിയെ ഓര്‍ത്തു.
തിരിച്ചുപോരുമ്പോള്‍ പുളിക്കല്‍ സലഫി ഗ്രാമത്തില്‍ ഇസ്‌ലാഹീ അന്തരീക്ഷത്തില്‍ ആയൂര്‍വേദ ചികിത്സ ലഭ്യമാണെന്നറിയിക്കുന്ന നോട്ടീസ് ഒരാള്‍ വെച്ചുനീട്ടി. ഇസ്‌ലാഹീ അന്തരീക്ഷത്തില്‍ ഒരായൂര്‍വേദ ചികിത്സ എന്ന് കണ്ടപ്പോള്‍ ആത്മീയ ചികിത്സകളുടെ നാനാര്‍ഥങ്ങള്‍ ആലോചിച്ചുകൊണ്ട് ഞാന്‍ നഗരി വിട്ടു. തിരിച്ചുപോരുമ്പോള്‍, ചെറിയ ബ്ലോക്കുകള്‍ തുടങ്ങിയിരുന്നു. ഇത്ര വലിയ സമ്മേളനം നടക്കുമ്പോള്‍ ബ്ലോക്ക് ഒരു കുറ്റമായി പറയാന്‍ പറ്റിലല്ലോ. പൊതുസമ്മേളനത്തിന് ഇറങ്ങിയ സലഫികളുടെ ഒഴിവില്‍ ഞാന്‍ ഒരു കെ എസ് ആര്‍ ടി സി പാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറി..✍🏻