ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 12 January 2018

കുട്ടികളോട് പറയേണ്ടത്?

'നിസ്ക്കരിച്ചില്ലെങ്കിൽ നരകത്തിൽ പോകും' എന്ന് നിങ്ങളുടെ കുട്ടികളോട് പറയരുത്, പകരം 'നമുക്ക് ഒരുമിച്ച് നിസ്കരിക്കാം.. അപ്പോൾ നമുക്ക് സ്വർഗത്തിൽ ഒരുമിച്ചു പോകാം' എന്ന് പറയുക. രണ്ടിനും ഒരേ അർത്ഥമാണെങ്കിലും അവ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റം വ്യത്യസ്ഥമാണ്.

അല്ലാഹു എന്താണെന്ന് അറിയാത്ത പ്രായത്തിൽ പോലും കുട്ടികളോട് നമ്മൾ പറയും:" അല്ലാഹു ശിക്ഷിക്കും " അല്ലാഹു തീയിലിടും" എന്നൊക്കെ.. കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിനെ കുറിച്ച് കുട്ടികൾ ആദ്യം കേൾക്കുന്ന വാക്കുകളാണത്!! പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ശിക്ഷയില്ലെന്ന കാര്യമുണ്ടായിട്ട് പോലും.. നമ്മൾ കുട്ടികളുടെ മനസ്സിൽ അല്ലാഹുവിനോടുണ്ടാവേണ്ട സ്നേഹം ഇല്ലാതാക്കുന്നു!.

  ചെറിയ തല്ല് പോലും ശിക്ഷയായി ലഭിച്ചിട്ടില്ലാത്ത ആ കുഞ്ഞ് മനസ്സിൽ നരകത്തീയുടേയും, അല്ലാഹുവിന്റെ ശിക്ഷയുടേയും രൂപങ്ങൾ നിറച്ച് അല്ലാഹുവിനോട് അനിഷ്ടം ഉണ്ടാക്കുന്നു. അരാണ് ഈ പാതകത്തിന് ഉത്തരവാദി !!.

ഖേദകരമായ കാര്യം എന്താണെന്ന് വെച്ചാൽ കുട്ടികൾ ചെറിയ വാശിയോ കുറുമ്പോ എടുക്കുമ്പോൾ അവരെ അതു പറഞ്ഞ് തിരുത്തുന്നതിന് പകരം, അവരുടെ ഭാവനക്ക് താങ്ങാൻ കഴിയാത്ത നരക ശിക്ഷയെ കുറിച്ച് പറഞ്ഞ് അടക്കി നിർത്താൻ ശ്രമിക്കുന്നു എന്നുള്ളതാണ്!.

കുട്ടികൾ നമ്മുടെ കയ്യിലെ കളിമണ്ണാണ്, അവരെ ഏത് രൂപത്തിലും പാകപ്പെടുത്തിയെടുക്കാം.  അവർ ഓരോ വാക്കുകൾ പോലും പഠിക്കുന്നത്  നമ്മിൽ നിന്നാണ്. അവർക്ക് നല്ലത് കാണിച്ച് കൊടുക്കുക. അവരുടെ സ്വഭാവം രൂപീകരിക്കുന്നതിൽ അവരോട് ഇടപഴകുന്നവർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

 സ്ഫടിക സമാനമായ പരിശുദ്ധാവസ്ഥയിലാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. അവര് വളരുന്ന സാഹചര്യവും ചുറ്റുപാടുകളും അവരുടെ സ്വഭാവ രൂപീകരണത്തില് വലിയ പങ്കുവഹിക്കുന്നു.
നബി(സ) പറഞ്ഞു: 'ഓരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകനോ ആക്കുന്നത്' (ബുഖാരി).

 കുട്ടികളോട് ഇടപഴകുന്നവർ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന 'വലിയ സ്വാധീനത്തെ' കുറിച്ചാണ്  ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. അതായത് കുട്ടികളുടെ ശുദ്ധപ്രകൃതി മാറ്റാൻ വരെ പ്രാപ്തമാണ്  നാം അവരോട് ഇടപഴകുന്ന രീതി.!

കുട്ടികൾക്ക് ഇസ്ലാമിക ചുറ്റുവട്ടം ഉണ്ടാക്കികൊടുക്കുക.
അവരുടെ സ്വഭാവത്തെ സൂക്ഷ്മതയോടെ വാർത്തെടുക്കുക.

 ഇസ്ലാമിനോടും അല്ലാഹുവിനോടും ഇഷ്ടവും സ്നേഹവും ഉണ്ടാക്കുന്ന രീതിയിൽ അവരോട് പെരുമാറുക, വെറുപ്പും മടുപ്പും അനിഷ്ടവും ഉളവാക്കരുത്. നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും ഉത്തരവാദി നമ്മൾ മാത്രമാണ്.

അല്ലാഹുവേ ഞങ്ങൾക്ക് കാര്യങ്ങൾ നേരാംവണ്ണം മനസ്സിലാക്കി തരേണമേ.. ആമീൻ..
             🌹 ഖുദ്സി🌹