*പ്രേമം...ആത്മഹത്യ...പിന്നെ ഹരം പിടിപ്പിക്കുന്ന പ്രേമ സോങ്ങുകളും ...❗*
😢😢😢😢😢😢😢😢😢
✍️ ഒരു വിഷയവും മുൻധാരണയോടെ വിലയിരുത്തരുത്. മാറേണ്ടത് നാമും നമ്മുടെ സമീപനങ്ങളുമാണ്.കുഞ്ഞുമനസുകളിൽ പോലും പ്രേമത്തിൻ്റെ വിത്തിട്ടു കൊടുക്കുന്ന ആൽബം സോങ്ങുകൾ ഉൾപ്പെടെ പലതും വില്ലൻ റോളിലാണ്... ''ഒരു പൂ തന്നാൽ കൂടെപ്പോകുന്ന'' രൂപത്തിലേക്ക് കൗമാര മനസുകളെ മാറ്റിയെടുത്തതിൽ ആൽബം സോംഗെന്ന് നാം പേരിട്ട് വിളിക്കുന്ന പ്രേമപ്പാട്ടുകൾ സമൂഹത്തെ നോക്കി, ''ഏഴിലംപാലയിലെ വട യക്ഷി''യെപ്പോലെ ചിരിക്കുന്നുണ്ട്.
അതോടൊപ്പം-ഓരോ വിഷയങ്ങളിലും നാം അറിയാത്ത ,അറിഞ്ഞാൽ തന്നെ ,ഇനിയൊരിക്കലും അറിയാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള ഒട്ടനവധി ഫ്ളാഷ് ബാക്കുകളുണ്ടാകും.ഇതൊക്കെ അവഗണിച്ച് ,ഇരയെ ഏതെങ്കിലും വിധത്തിൽ കുറ്റപ്പെടുത്തി ,സാമൂഹിക ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകാൻ എളുപ്പമാണ്... ഈ അടുത്ത് ,എൻ്റെ മുമ്പിലെത്തിയ സമാനമായ മറ്റൊരു കേസ്... ആ കുട്ടിയോട് ഞാനും ചോദിച്ചിരുന്നു- ''നിങ്ങൾ റംസിയോട് ചോദിച്ച അതേ ചോദ്യങ്ങൾ''... അതിലും ശക്തമായി... പക്ഷേ... കിട്ടിയ മറുപടി ...നഷ്ടപ്പെടുത്തിയത് കുറേ ദിവസത്തേക്കുള്ള എൻ്റെ ഉറക്കമായിരുന്നു...
നാം എല്ലാവരുംകൂടി സൃഷ്ടിച്ചെടുത്ത സാമൂഹിക വ്യവസ്ഥിതിയുടെ വിളവെടുത്തപ്പോൾ- കുട്ടികൾ പല വിഷയത്തിലും ''നോ'' പറയാൻ പോലും കഴിയാത്ത രൂപത്തിൽ പ്രേമപ്പറമ്പിലെ തൊട്ടാവാടികളായി മാറി. ആണും പെണ്ണും പരസ്പരം കെട്ടിപ്പിടിച്ച് പൊക്കിൾ കുഴിയിൽ ഉമ്മ വയ്ക്കുന്ന ''ചെറു'' സീനുകൾ മുതൽ ,ആദ്യ രാത്രിയുടെ അഭ്രപാളികൾ മറ പൊളിച്ചെത്തുന്ന 'ചോട്ടാ '' സീനുകൾ വരെ മിനി സ്ക്രീനിൽ കുടുംബ ഷോയാണിന്ന്...മകനും മകളും മാതാവും പിതാവും ഒന്നിച്ചിരുന്നീ ''കലയിലെ അരുംകൊല'' മതിവരുവോളം ആസ്വദിക്കുമ്പോൾ...വാതം കുറുന്തോട്ടിക്കാണെന്നോ രാജാവ് നഗ്നനാണെന്നോ വിളിച്ച് പറയാനിനി ഏത് പുണ്യവാളനെക്കാത്താണ് നിങ്ങളിരിക്കുന്നതെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷേ ആരോട്...?...എങ്ങിനെ...?...എന്തിന്...?...
കല്ലെറിയുന്നവർ ഇനിയും എറിഞ്ഞോളൂ... പക്ഷേ ,നിങ്ങൾ ഇരിക്കുന്നത് ചില്ലുമേടയിലാണെന്ന കാര്യം മറക്കരുത്. ആ ബോധം പോലും നിങ്ങൾക്കില്ലാതെ പോയതിന് മറ്റാരെയെങ്കിലും പഴിചാരി ,അടുത്ത ഇരക്കായി നമുക്ക് കാതോർക്കാം. ഇന്ന് കൊല്ലത്തെ റംസി...കുറച്ച് കഴിഞ്ഞ് മറ്റൊരുവൾ... പിന്നെ അടുത്തത് ... നാമാകട്ടെ ,അതും മറന്ന് അടുത്തതും മറന്ന് അടുത്തതിലേക്കുള്ള ഓട്ടത്തിലായിരിക്കും... അങ്ങിനെ മറവിയുടെയും സാമൂഹിക ഉത്തരവാദിത്വമില്ലായ്മയുടെയും മുന്തിരിത്തോപ്പുകളിൽ നമുക്ക് രാപ്പാർക്കാം...പോരുമ്പോൾ പ്രേമപ്പാട്ടിൻ്റെ CD എടുക്കാൻ മറക്കരുത്...
ഖുദ്സി
9-9-2020