നമ്മുടെ നാട്ടിൽ പുറങ്ങളിലെ കടകളിലുൾപ്പെടെ സൂപ്പർമാർക്കറ്റുകളിൽ പുതുതായി ഇറങ്ങിയ ഒരു കൂൾ ഡ്രിങ്ക്സ് ബോട്ടിൽ പാനിയമാണ് പ്രശ്നമാകുന്നതെന്ന് ഒരു കുടുംബനാഥൻ തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ പറഞ്ഞതോടെയാണ് വിഷയത്തിന്റെ ഗൗരവം ലേഖകന്റെ ശ്രദ്ധയിൽ പെട്ടത്.കുടുംബനാഥൻ പറയുന്നത് കേൾക്കുക.................................ഇടക്കൊക്കെ മകന് സോഫ്റ്റ് ഡ്രിങ്ക്സ് വാങ്ങിക്കൊടുക്കാറുണ്ട്. ഇന്നലെ പുറത്തുപോയി വരുമ്പോൾ ഒരു ബേക്കറിയിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങാൻ കയറി. അവിടെ ഈ ഫോട്ടോയിൽ കാണുന്ന സോഫ്റ്റ് ഡ്രിങ്ക് ചെറിയ ബോട്ടിൽ കണ്ടു. മോനത് വേണമെന്ന് പറഞ്ഞു. നോക്കിയപ്പോൾ പാർലെ അഗ്രോയുടെ ഉത്പന്നം. ആപ്പി ഫിസ് പോലെ എന്തോ പുതിയ ഡ്രിങ്കായി തോന്നിയതുകൊണ്ട് ഒരെണ്ണം വാങ്ങിച്ചുകൊടുത്തു. വീട്ടിലെത്തി പൊട്ടിച്ച് കുടിച്ച മകൻ ഇഷ്ടമായില്ലെന്ന് പറഞ്ഞ് എനിക്ക് തന്നു. കുടിച്ചുനോക്കിയപ്പോൾ വല്ലാത്ത ഒരു ചവർപ്പും സുഖമല്ലാത്ത ഒരുമണവും. ഡേറ്റും മറ്റും നോക്കിയപ്പോൾ പ്രശ്നമൊന്നുമില്ല. പിന്നെയാണ് പുറത്തെഴുതിയ കാര്യങ്ങൾ മുഴുവൻ വായിച്ചത്.
ഫ്രൂട്ട് ജ്യൂസ് ബേസ്ഡ് 'മാൾട്ട് ഫ്ലേവേർഡ്' ഡ്രിങ്കാണത്രെ. അപ്പൊ സംഭവം ക്ലിയറായി. മദ്യപാനത്തിലേക്കുള്ള ഒരു ചെറിയ ചവിട്ടുപടിയാണ് സംഭവം. മകൻ മറ്റൊരു കാര്യം കൂടി പറഞ്ഞു. 'ഇത്ര രുചിയില്ലാത്ത സാധനം കുറേ ആൾക്കാർ വാങ്ങുന്നുണ്ടല്ലോ....ആ കടയുടെ അടുത്ത് ഇതിന്റെ കുറേ കാലിക്കുപ്പികൾ കിടക്കുന്നത് കണ്ടിരുന്നു' എന്ന്. നമ്മളുടെ മക്കൾ വാങ്ങി ഉപയോഗിക്കുന്ന ഇത്തരം നിരുപദ്രവമെന്ന് കരുതുന്ന പല സാധനങ്ങളുമുണ്ട് എന്നത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്..... പൊതുജന താൽപര്യാർത്ഥം