ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 20 October 2018

സുന്നീ പള്ളികളും സലഫികളുടെ പിന്മടക്കവും

ഇതുപോലൊരു അവസരം കാലില്‍ വന്നുചുറ്റിയിട്ടും പുരോഗമന പ്രസ്ഥാനങ്ങള്‍ കുടഞ്ഞുകളയുന്നതെന്താണ്? ഈ സമയത്ത് 'മുസ്‌ലിം സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം' വെച്ച് സമ്മേളനം നടത്താനും അതില്‍ വെച്ച് പൗരോഹിത്യത്തെ ഘോരഘോരം വെല്ലുവിളിക്കാനും എന്ത് ഹരമാണ്. എന്നിട്ടും കേരളത്തിലെ മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനങ്ങളായ സലഫി/മുജാഹിദ് ഗ്രൂപ്പുകള്‍ എന്തുകൊണ്ടാണ് ഒന്നുമുന്നോട്ടായാത്തത്? ഇക്കാലമത്രയും പൊതുസമൂഹത്തില്‍ പെണ്ണും പള്ളിയും പറഞ്ഞ് വിവാദങ്ങളുണ്ടാക്കിയവര്‍ക്ക് അത് ശരീഅത്തിനെ അപഹസിക്കലാണെന്ന് പെട്ടെന്നൊരു ദിനം ബോധോദയമുണ്ടാകുന്നതിന്റെ രാഷ്ട്രീയമെന്തായിരിക്കും? കേരളത്തിലെ മുജാഹിദുകളുടെയും ജമാഅത്തെ ഇസ്‌ലാമിക്കാരുടെയും ചരിത്രം തന്നെ ഇത്തരം വിഷയങ്ങളിലെ കുതര്‍ക്കങ്ങളുടെയും ഖണ്ഡന മണ്ഡനങ്ങളുടെയും വാദപ്രതിവാദങ്ങളുടെതുമല്ലേ? പുതിയ നിലപാടിന്റെയും നിലപാട് മാറ്റത്തിന്റെയും രസതന്ത്രമെന്താണ് എന്ന അന്വേഷണം മുജാഹിദുകള്‍ക്കും അവരുടെ അഭ്യുദയ കാംക്ഷികള്‍ക്കും അത്ര രസകരമല്ലാത്ത ഉത്തരമാണ് നല്‍കുക.

ഭാസ്‌കരന്റെ ‘എന്റെ കേരളം: രേഖകള്‍’ ഇലസ്‌ട്രേഷന്‍ മുമ്പ് ഭാഷാ പോഷിണി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മുപ്പത്തെട്ടാമത്തേത് ‘വക്കം’ ആണ്. ഐ എന്‍ എ ഹീറോ വക്കം ഖാദറിന്റെ അനിയന്റെ മകന്റെ മകന്‍ അനസ്(20), അധ്യാപകനായ വി കെ പ്രഭാകരന്‍(69), തലമുറകളായി കയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നീലകണ്ഠന്‍ മകന്‍ വശ്വനാഥന്‍ (82) എന്നിവരെയൊക്കെ വരച്ചിടുന്നുണ്ട് അദ്ദേഹം. കൂട്ടത്തില്‍ ‘സ്വതന്ത്ര ചിന്ത വളര്‍ത്താന്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് മുസ്‌ലിം സമുദായത്തോട് ആഹ്വാനം ചെയ്ത മഹാന്‍’ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അനുജന്‍ ഇസ്മാഈലിന്റെ മകളുടെ മകള്‍ സുഹൈദ(49)യുമായി ലഘുസംഭാഷണവുമുണ്ട്. സ്ത്രീകള്‍ പള്ളിയില്‍ പോകുന്നുണ്ടല്ലോ എന്ന ഭാസ്‌കരന്റെ ചോദ്യത്തിന് ‘ഈ കുടുംബത്തില്‍ അങ്ങനെ ഇല്ല’ എന്നാണ് സുഹൈദ നല്‍കുന്ന മറുപടി. ‘നിങ്ങളുടെ ഒരു ചിത്രം വരക്കട്ടെ’ എന്ന അഭ്യര്‍ഥനക്ക് ‘ചിത്രം വരക്കാന്‍ പാടില്ല’ എന്ന് ഉത്തരം. ‘മൗലവിയുടെ പടമില്ലല്ലോ’ എന്ന് ന്യായം പറയുകയും ചെയ്യുന്നു ആ സ്ത്രീ. ‘പുരോഗമനം വേണ്ടേ’ എന്ന ഭാസ്‌കരന്റെ മറുചോദ്യത്തിന് കൂറേ ഡോട്ടുകളാണ് ഉത്തരമായി ചേര്‍ത്തിരിക്കുന്നത്.
അത് പഴയ കഥ. മാത്രമല്ല, ഒരു സ്ത്രീയുടെ സ്വകാര്യ ഇഷ്ടത്തിന്റെയും നിലപാടിന്റെയുമൊക്കെ കാര്യം. അങ്ങനെയാണോ മുസ്‌ലിം പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും മഹാപൈതൃകം പേറുന്ന സലഫികളുടെ അമരക്കാന്‍ ടി പി അബ്ദുല്ലക്കോയ മദനിയുടെ കാര്യം? സലഫീ പ്രസ്ഥാനം ഇന്നനുഭവിക്കുന്ന എല്ലാ ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും പ്രതീക വത്കരിക്കുന്നുണ്ട് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന.

അതിശയം എന്നാണോ പറയേണ്ടത്? ഇതുപോലൊരു അവസരം കാലില്‍ വന്നുചുറ്റിയിട്ടും പുരോഗമന പ്രസ്ഥാനങ്ങള്‍ കുടഞ്ഞുകളയുന്നതെന്താണ്? ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീം കോടതി വിധി. വെറും വിധിയല്ല ഭരണഘടനാ ബഞ്ചിന്റെ വിധി. ഈ സമയത്ത് ‘മുസ്‌ലിം സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം’ വെച്ച് സമ്മേളനം നടത്താനും അതില്‍ വെച്ച് പൗരോഹിത്യത്തെ ഘോരഘോരം വെല്ലുവിളിക്കാനും എന്ത് ഹരമാണ്. സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്‌കരിക്കാന്‍ അവസരം വേണമെന്ന് എത്ര സുഖസുന്ദരമായി വാദിക്കാം. പൊതുബോധത്തിന്റെ പിന്തുണ വേണ്ടുവോളം കിട്ടും. മാധ്യമ കവറേജ് പുറമെ. നവോത്ഥാന നായകനായി ചരിത്രം വിധിയെഴുതുകയും ചെയ്യും. എന്നിട്ടും കേരളത്തിലെ മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനങ്ങളായ സലഫീ/മുജാഹിദ് ഗ്രൂപ്പുകള്‍ എന്തുകൊണ്ടാണ് ഒന്നുമുന്നോട്ടായാത്തത്?
മാത്രമല്ല, ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞത് കേട്ടോ? ഏത് പുരോഗമനേച്ഛുവിന്റെയും കരള് പിളര്‍ന്നുപോകും. ”മുസ്‌ലിം സ്ത്രീകളുടെ ‘പള്ളി പ്രവേശ’നവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിവാദങ്ങളില്‍ അര്‍ഥമില്ല. ശബരിമല വിധിയുമായി ‘സ്ത്രീപള്ളി പ്രവേശന’ത്തെ കൂട്ടിക്കലര്‍ത്തുന്നത് ദുരുദ്ദേശ്യപരമാണ്. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. വിവാദങ്ങളുണ്ടാക്കി ഇസ്‌ലാമിക ശരീഅത്തിനെ അപഹസിക്കുന്നത് നീതീകരിക്കാനാവില്ല. നിലവിലുള്ള സാഹചര്യത്തില്‍ പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മതിയായ സൗകര്യങ്ങളുള്ളപ്പോള്‍ എന്തിനാണ് ‘സ്ത്രീപള്ളിപ്രവേശനം’ വിവാദമാക്കുന്നത്” അബ്ദുല്ലക്കോയ മദനി ചോദിക്കുന്നു. ഞായറാഴ്ച കോഴിക്കോട്ട് നടന്ന ഇത്തിഹാദുശ്ശുബ്ബാനുല്‍ മുജാഹിദീന്‍ സംസ്ഥാന ‘സമ്പൂര്‍ണ’ പ്രതിനിധി സമ്മേളനത്തില്‍ തന്നെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇക്കാലമത്രയും പൊതുസമൂഹത്തില്‍ പെണ്ണും പള്ളിയും പറഞ്ഞ് വിവാദങ്ങളുണ്ടാക്കിയവര്‍ക്ക് അത് ശരീഅത്തിനെ അപഹസിക്കലാണെന്ന് പെട്ടെന്നൊരു ദിനം ബോധോദയമുണ്ടാകുന്നതിന്റെ രാഷ്ട്രീയമെന്തായിരിക്കും? കേരളത്തിലെ മുജാഹിദുകളുടെയും ജമാഅത്തെ ഇസ്‌ലാമിക്കാരുടെയും ചരിത്രം തന്നെ ഇത്തരം വിഷയങ്ങളിലെ കുതര്‍ക്കങ്ങളുടെയും ഖണ്ഡന മണ്ഡനങ്ങളുടെയും വാദപ്രതിവാദങ്ങളുടെതുമല്ലേ? കുറ്റിച്ചിറയില്‍ നാല് ദിവസമല്ലേ പരേതനായ എ പി അബ്ദുല്‍ ഖാദിര്‍ മൗലവി ഈ വിഷയത്തില്‍ വാദപ്രതിവാദം നടത്തിയത്?
പുതിയ നിലപാടിന്റെയും നിലപാട് മാറ്റത്തിന്റെയും രസതന്ത്രമെന്താണ് എന്ന അന്വേഷണം മുജാഹിദുകള്‍ക്കും അവരുടെ അഭ്യുദയ കാംക്ഷികള്‍ക്കും അത്ര രസകരമല്ലാത്ത ഉത്തരമാണ് നല്‍കുക. കേരളത്തിലെ സലഫികള്‍ ഇപ്പോഴും അനുഭവിച്ചികൊണ്ടിരിക്കുന്ന ആശയപരവും രാഷ്ട്രീയപരവും ഭീതിതവുമായ സാഹചര്യം അത്തരമൊരു നിലപാടിലേക്ക് അവരെ എത്തിച്ചു എന്ന് പറയണം. അബ്ദുല്ലക്കോയ മദനിയുടെ പ്രസ്താവന വന്ന ദിവസമാണ് വിവാദ സലഫീ പ്രചാരകന്‍ എം എം അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട്ട് ചോദ്യം ചെയ്തു എന്ന വാര്‍ത്ത പരക്കുന്നത്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ മാധ്യമങ്ങള്‍ അതത്ര ഉഷാറാക്കിയില്ല എന്നുവെച്ച് ആ വാള്‍ ഇപ്പോഴും തങ്ങളുടെ മുകളിലുണ്ടെന്ന് വരുമ്പോള്‍ പിന്നെ എന്ത് പെണ്ണ് എന്ത് പള്ളി?
മറ്റൊന്നുകൂടിയുണ്ട്. മുജാഹിദിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പള്ളികളില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിന് (ഇമാം)സ്ത്രീകള്‍ക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ സുപ്രീം കോടതിയിലേക്ക് പോകുകയാണ്. സ്ത്രീകള്‍ പ്രാര്‍ഥനക്ക് പോകുന്ന പള്ളികളില്‍ തന്നെ ആരാധനാ കാര്യത്തില്‍ വിവേചനം അനുഭവപ്പെടുന്നുണ്ടെന്നാണ് വാദം. പള്ളികളിലെ നിസ്‌കാരം, ബാങ്കുവിളി തുടങ്ങിയ കര്‍മങ്ങളിലെല്ലാം സ്ത്രീകള്‍ക്കും അവകാശം ലഭിക്കണമെന്ന് ആവശ്യവും. വേറൊന്നുള്ളത്, രാഷ്ട്രീയ സാഹചര്യമാണ്. സമുദായ രാഷ്ട്രീയത്തെ പണ്ടത്തെ എളുപ്പത്തില്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നടത്താന്‍ പ്രയാസമുണ്ട്. മുമ്പൊക്കെ പുരോഗമനം എന്നു പറഞ്ഞാല്‍ ഇടതുപക്ഷത്തെയും കൂടെകിട്ടുമായിരുന്നു. മരുന്നിട്ടുകൊടുത്തും വത്തക്ക പ്രഭാഷണം നടത്തിയും ഇതെല്ലാം പോയി.

അപ്പോള്‍ പിന്നെ കല്ല് കണ്ടിടത്ത് കൈക്കോട്ട് വെക്കുക തന്നെ. മുമ്പ് ഇങ്ങനെയൊന്നുമല്ലല്ലോ. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗത്തില്‍ എന്തെങ്കിലുമൊരു പരാമര്‍ശം നടത്തിയാല്‍ മതി. അല്ലെങ്കില്‍, ഏതെങ്കിലുമൊരു പത്രവാര്‍ത്ത. അപ്പോഴേക്കും വിവാദമായി. ബഹളമായി. കെ അജിത മുതല്‍ താഹാ മാടായിയെ വരെ രംഗത്തിറക്കും. മുസ്‌ലിം സ്ത്രീയും പുരുഷ ഇസ്‌ലാമും എന്ന വിഷയത്തില്‍ സക്കറിയ ഉപന്യസിക്കും. പുരുഷ ഇസ്‌ലാമിന്റെ പരുഷ ശബ്ദങ്ങളെക്കുറിച്ച് പുനത്തില്‍ ക്ഷോഭിക്കും. എന്തിന് പറയുന്നു, ജന്മഭൂമി എഡിറ്ററായിരുന്ന ലീലാ മേനോന്‍ വരെ ജമാഅത്തെ ഇസ്‌ലാമിക്കാരുടെ മാധ്യമം പത്രത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി ലേഖനമെഴുതിയിട്ടുണ്ട്. ഒ അബ്ദുല്ല, ഒ അബ്ദുര്‍റഹ്മാന്‍, മുജീബൂര്‍റഹ്മാന്‍ കിനാലൂര്‍ തുടങ്ങിയ മഹാരഥന്മാരും അവസരത്തിനൊത്തുയരും. ജന്മനാ മുസ്‌ലിം ഗുണകാംക്ഷികളായ ഹമീദ് ചേന്ദമംഗല്ലൂരിന്റെയും എം എന്‍ കാരശ്ശേരിയുടെയും കഥ പറയേണ്ടതില്ലല്ലോ.
1997ലാണ് തിരുവനന്തപുരം പാളയം പള്ളിയില്‍ ആദ്യമായി തറാവീഹ് നിസ്‌കാരത്തിന് സ്ത്രീകളെ ആനയിക്കുന്നത്. അന്നുവരെയില്ലാത്ത നടപടിക്കെതിരെ പ്രതിഷേധമുണ്ടായി. അതോടെ വിവാദം കത്തി. മുസ്‌ലിം ലീഗ് വനിതാ വിഭാഗം പ്രിസിഡന്റ് ഖമറുന്നിസ അന്‍വര്‍ പള്ളിയില്‍ പോക്കിന് വേണ്ടി വാദിച്ച് രംഗത്തെത്തി. പാര്‍ട്ടിയിലെ പുരുഷവിഭാഗം മാവിലായിക്കാരായി. അക്കാലത്ത് എം എന്‍ കാരശ്ശേരി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം (1997 ഫെബ്രുവരി 9115) മുജാഹിദുകളെ ആവേശം കൊള്ളിച്ചു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമര(193132) കാലത്ത് തന്നെ മലബാറില്‍ ഉമ്മമാരുടെ പള്ളി പ്രവേശന സമരവും ആശയ ചര്‍ച്ചാ രൂപത്തില്‍ മുന്നേറിയിരുന്നു വെന്ന് അദ്ദേഹം കണ്ടെത്തി. (വെള്ളാറമ്പാറ ഖദീജക്കുട്ടിയും ആമിനത്താത്തയും ആണല്ലോ കേരളത്തില്‍ ആദ്യം പള്ളിയില്‍ പോയത്.) ശബരിമല തീര്‍ഥാടനം സ്ത്രീകള്‍ക്ക് പാടുണ്ടോ എന്ന ചര്‍ച്ചയില്‍ വിശ്വാസാചാരങ്ങളുടേതെന്ന പോലെ സ്ത്രീകളുടെ അവകാശങ്ങളുടെയും പ്രശ്‌നമുണ്ടെന്നും പള്ളിപ്രവേശന വിഷയത്തോട് ചേര്‍ത്ത് പറയുന്നുണ്ട് അന്ന് തന്നെ അദ്ദേഹം.
മുസ്‌ലിം സ്ത്രീകളോടുള്ള കൃപാകാരുണ്യം നിറഞ്ഞൊഴുകിയ ലേഖനത്തില്‍ പക്ഷേ, ‘നപുംസകങ്ങളു’ടെ മാന്യത ഈ പുരോഗമനവാദി മറന്നുപോയി. അങ്ങനെയാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സ്ത്രീകളെയും ‘നപുംസക’ങ്ങളെയും ചേര്‍ത്തുപറഞ്ഞുകളഞ്ഞു എന്ന് ആ മലയാളാധ്യാപകന്‍ കുണ്ഠിതപ്പെട്ടത്. അടിമകള്‍, സ്ത്രീകള്‍, കുട്ടികള്‍ രോഗികള്‍, ‘നപുംസക’ങ്ങള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല എന്ന ഫത്ഹുല്‍ മുഈനിലെ വരികളായിരുന്നു അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നപുംസകത്തിന്റെ നിലയാണ് സ്ത്രീക്ക്!’ (ഇസ്‌ലാമില്‍) എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആശ്ചര്യം. സ്ത്രീയെ ‘നപുംസക’ത്തോട് ചേര്‍ത്തുപറഞ്ഞത് തെറ്റാണ് എന്ന് പറയുമ്പോള്‍ ‘നപുംസക’ങ്ങള്‍ക്ക് ഈ പുരോഗമനവാദി നല്‍കുന്ന പരിഗണന

എത്തരത്തിലുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുരുഷന്‍, സ്ത്രീ എന്നിവരോട് ചേര്‍ത്ത് ‘നപുംസകങ്ങളെ’യും പറയാന്‍ സൈനുദ്ദീന്‍ മഖ്ദൂമിന് പക്ഷേ, കാരശ്ശേരിയെ പോലെ സുപ്രീം കോടതി വിധി വരുന്നത് വരെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. സ്ത്രീകള്‍ക്ക് പള്ളിയിലെ പ്രാര്‍ഥനയില്‍ പുണ്യം കിട്ടാനില്ല എന്ന് പഠിപ്പിക്കുന്നതിനെ വിമര്‍ശിക്കുന്നുമുണ്ട് ലേഖനത്തില്‍ കാരശ്ശേരി. പുണ്യം കിട്ടും എന്നായിരിക്കുമല്ലോ മൂപ്പരുടെ വാദം. പിന്നെ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനെന്നാണ് രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താവായ കര്‍ദാവിയെ കാരശ്ശേരി വിലയിരുത്തുന്നത്. ആവേശം മൂത്ത് മുജാഹിദ് നേതാക്കള്‍ വരെ മാതൃഭൂമി വാരികയില്‍ പ്രതികരണ കോളത്തില്‍ കത്തെഴുതി.
അതിന് ശേഷം പിന്നെ വിവാദം വന്നത് 2003 കാലത്തായിരുന്നു. 2003 ജനുവരി 19ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സുന്നി സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസംഗമായിരുന്നു പ്രകോപനം. 2002 ഡിസംബര്‍ 18ന് കോഴിക്കോട് നടന്ന മുജാഹിദ് മടവൂര്‍ വിഭാഗം സമ്മേളനത്തില്‍ സര്‍വ പള്ളികളിലും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം വേണമെന്ന് പ്രമേയം പാസ്സാക്കിയിരുന്നു. അതേ കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണ് കാന്തപുരം നടത്തിയിരുന്നത്.

ഇടക്കിടെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടും. നവോത്ഥാന നായകരും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും എല്ലാവരും ചേര്‍ന്ന് പുരോഗമനവാദികള്‍ക്ക് വേണ്ടി വാദിക്കും. എന്നാല്‍, 2003ലെ വിവാദത്തിന് ശേഷം ആ പതിവ് തെറ്റി. അടിക്കടിയുള്ള പള്ളിപ്രവേശന വിവാദങ്ങള്‍ അടങ്ങി. 2003ല്‍ ചില മറുചോദ്യങ്ങള്‍ സുന്നീ പക്ഷത്ത് നിന്ന് ഉയര്‍ന്നുവന്നിരുന്നു. മുജാഹിദ്/ജമാഅത്തെ ഇസ്‌ലാമി പള്ളികളില്‍ എവിടെയാണ് പെണ്ണിന്റെ ഇരിപ്പിടം? പ്രധാന പ്രാര്‍ഥനാ ഹാളില്‍ നിസ്‌കരിക്കാന്‍ അവരെ അനുവദിക്കാറുണ്ടോ? പള്ളിയുടെ പിന്‍ഭാഗത്തെ പ്രത്യേക വഴികളിലൂടെ മാത്രം പ്രവേശിച്ച് മറ വിരിച്ചു മാറ്റിനിര്‍ത്തപ്പെടുകയല്ലേ അവരവിടെ? പുരോഗമനവും സമത്വവുമൊക്കെയാണെങ്കില്‍, ചെരുവുകളിലെ ഈ ഭൃഷ്ട് എന്തിന്? വെള്ളിയാഴ്ചകളിലെ ഖുതുബ നിര്‍വഹിക്കാന്‍ എന്നാണ് പുരോഗമന വാദികള്‍ സ്ത്രീയെ അനുവദിക്കുക? എന്നായിരിക്കും ഈ പള്ളികളില്‍ നിന്ന് സ്ത്രീ ശബ്ദത്തില്‍ ഒരു ബാങ്ക് വിളി ഉയരുക? നികാഹിന് നേതൃത്വം നല്‍കാന്‍ എന്നാണ് ഇവര്‍ ഒരു സ്ത്രീയെ അനുവദിക്കുക? പിതാവ് കൈ പിടിച്ച് ഏല്‍പ്പിക്കുന്നതിന് പകരം എന്നാണ് ഇവരുടെ പെണ്‍കുട്ടികള്‍ക്ക് വരനെ സ്വയം വേള്‍ക്കുന്ന സാഹചര്യമുണ്ടാകുക? സ്വാതന്ത്ര്യവും സമത്വവുമൊക്കെയാണെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെയൊക്കെയൊരു രണ്ടാം തരമാക്കല്‍?
പെണ്ണും പള്ളിയും വിവാദത്തിലൊരു ചതിയുണ്ട് എന്നും സുന്നികള്‍ പറഞ്ഞിരുന്നു. ‘സ്ത്രീ പള്ളിപ്രവേശം’ എന്നു കേട്ടാല്‍ തോന്നുക കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചപോലെ പെണ്ണുങ്ങള്‍ക്ക് പുരോഹിതര്‍ പള്ളിയില്‍ കടക്കുന്നത് തടഞ്ഞുവെന്നാണല്ലോ. എന്നാല്‍, സംഗതി തികച്ചും വ്യത്യസ്തം. പെണ്ണിന് പള്ളിയില്‍ കാലെടുത്തുവെക്കാന്‍ പാടില്ലെന്നോ അവള്‍ ചവിട്ടിയാല്‍ അശുദ്ധമാകുമെന്നോ ഉള്ള വിശ്വാസം മുസ്‌ലിംകള്‍ക്കില്ലല്ലോ. മറിച്ച്; അന്യ പുരുഷന്മാര്‍ പങ്കെടുക്കുന്ന പള്ളികളില്‍ അവര്‍ സംബന്ധിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നേയുള്ളൂ. സലഫികള്‍ക്കിടയിലുണ്ടായ പിളര്‍പ്പും ചില പ്രതിസന്ധികള്‍ ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തിലെ മുജാഹിദുകളും ജമാഅത്തെ ഇസ്‌ലാമിക്കാരും തങ്ങളുടെ യഥാര്‍ഥ സ്വത്വം മറച്ചുപിടിച്ചിരുന്നത് മുസ്‌ലിം സ്ത്രീകളുടെ പരോഗമനം, സ്ത്രീകളുടെ പള്ളി പ്രവേശം തുടങ്ങിയ വാദങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു. സ്ത്രീപുരുഷ സമത്വം, പൗരോഹിത്യത്തിനെതിരായ പുറപ്പാട്, പുരോഗമനം, പരിഷ്‌കരണം, നവോത്ഥാനം തുടങ്ങി പൊതുമണ്ഡലത്തിന് ഇഷ്ടം തോന്നുന്ന പദാവലികള്‍ തരാതരം അവര്‍ ഉപയോഗിച്ചു. രണ്ട് പക്ഷിയെ ആണ് അവര്‍ ഇതിലൂടെ ഒരുമിച്ച് വീഴ്ത്താന്‍ നോക്കിയത്. ഒന്ന് തങ്ങള്‍ പേറുന്ന റാഡിക്കല്‍ സലഫീ ആഭിമുഖ്യവും മതരാഷ്ട്രവാദ മുഖവും ഒളിച്ചുവെക്കുക. രണ്ട്, ഭയങ്കരമായ പുരോഗമന നാട്യമാടുക. അങ്ങനെയാണല്ലോ ‘പാഠം ഒന്ന് ഒരു വിലാപം’ ഇറങ്ങിയ കാലത്ത് മടവൂര്‍ വിഭാഗം സലഫികളുടെ ഒത്താശയോടെ കോഴിക്കോട്ട് ഇസ്‌ലാമിക ഫെമിനിസത്തെക്കുറിച്ച് സെമിനാര്‍ നടത്തിയത്. ഈ ഇമേജ് നിലനിര്‍ത്താന്‍ തന്നെയാണ് അബുല്‍ അഅ്‌ലാ മഅ്ദൂദി എഴുതിയ ഒട്ടുമിക്ക പുസ്തകങ്ങളും പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അദ്ദേഹത്തിന്റെ പര്‍ദ്ദ മാത്രം വിവര്‍ത്തനം ചെയ്യാതിരുന്നത്.

ഏതായാലും, സ്ത്രീക്ക് പള്ളിയില്‍ പ്രാര്‍ഥിക്കുന്നത് സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാപരമായ അവകാശത്തിന്റെയും സമത്വത്തിന്റെയും പുരോഗമനത്തിന്റെയും പ്രശ്‌നമാണ് എന്നതില്‍ നിന്നാണ് ഇപ്പോള്‍ മുജാഹിദ്/ജമാഅത്തെ ഇസ്‌ലാമി പള്ളികളില്‍ നേതൃ സ്ഥാനത്തിനും ബാങ്ക് വിളിക്കാനും അവകാശം വേണമെന്ന വാദം ഉയര്‍ന്നുവരുന്നത്. അതേപോലെ, മുസ്‌ലിം പുരോഗമന വാദികള്‍ തങ്ങളുടെ ഐഡിയോളജിയുടെ രൗദ്ര സ്വത്വം പൊതു സമൂഹത്തില്‍ നിന്ന് മറച്ചുവെച്ചിരുന്നത് ‘ഞങ്ങളുടെ സ്ത്രീകള്‍ പള്ളിയിലൊക്കെ പോകുന്നുണ്ട്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ഈ ‘പുരോഗമന’ ആശയത്തില്‍ നിന്ന് കൈ വലിക്കുന്നതും റാഡിക്കല്‍ സലഫിസത്തെ ചൊല്ലി തന്നെ. എന്തുചെയ്യാന്‍ !!


പി കെ എം അബ്ദുര്‍റഹ്മാന്‍

abdurahmanpkm@gmail.com
http://www.sirajlive.com/2018/10/20/338118.html