ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 26 December 2017

പലിശയും വഹാബീ നവോത്ഥാനവും

ഹീലത്തുര്‍രിബയില്‍ നിന്ന് ഹലാല്‍ ഫാഇദയിലെത്തുമ്പോള്‍


കൊടുങ്ങല്ലൂരിലെ നാട്ടുപ്രമാണിമാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മുസ്‌ലിം ഐക്യ സംഘം എറണാകുളത്ത് ഒരു മുസ്‌ലിം ബേങ്ക് സ്ഥാപിച്ച് ഏറെക്കുറെ ഒരു നൂറ്റാണ്ട് തികയുന്ന ഘട്ടത്തിലാണ് കണ്ണൂരില്‍ പലിശരഹിത സംരംഭം ഇടതുപക്ഷ ആഭിമുഖ്യത്തില്‍ തുടങ്ങുന്നത് എന്നത് യാദൃച്ഛികമാകാം. ഐക്യസംഘം മുന്നോട്ട് വെച്ചത് ഏത് തരം പരിഷ്‌കരണമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവരുടെ പലിശാധിഷ്ഠിത ബേങ്ക് ഒരു സൂചികയാണ്. ഹലാല്‍ ഫാഇദ പ്രായോഗികമല്ലെന്ന പ്രസ്താവനയുമായി ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും കഴിഞ്ഞ ദിവസം രംഗത്തെത്തിയതും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. മുമ്പ് മുസ്‌ലിംകളെ പലിശ ഇടപാടുകളിലേക്ക് പ്രലോഭിപ്പിക്കാന്‍ ബേങ്ക് തുടങ്ങിയ കെ എം സീതിയുടെയും കെ എം മൗലവിയുടെയും എല്ലാ നിലയിലുമുള്ള പിന്‍മുറക്കാരാണല്ലോ ഇ ടിയും മജീദും.





പലിശ ഉപയോഗിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ നടത്താത്ത വിഭാഗക്കാര്‍ക്ക് അവരുടെ സമ്പാദ്യം നിക്ഷേപിക്കാന്‍ പറ്റുന്ന തരത്തിലുള്ള ‘ഹലാല്‍ ഫാഇദ’ കോ-ഓപറേറ്റീവ് സൊസൈറ്റി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തല്ലോ. സംസ്ഥാനത്തെ ആദ്യത്തെ പലിശരഹിത സഹകരണ സ്ഥാപനമാണ് സി പി എം നേതൃത്വത്തില്‍ കണ്ണൂരില്‍ ആരംഭിച്ചിരിക്കുന്നത്. വന്‍ സാധ്യതകളുള്ള മാംസവ്യവസായം അടക്കമുള്ള സംരംഭങ്ങളില്‍ നിക്ഷേപമിറക്കാനും ഭാവിയില്‍ പലിശരഹിത വായ്പകള്‍ അനുവദിക്കാനുമൊക്കൊ വിഭാവനം ചെയ്താണ് പദ്ധതി. മദ്യം തുടങ്ങിയ നിഷിദ്ധമായ വ്യവസായങ്ങളില്‍ നിക്ഷേപിക്കില്ല.

എന്തുകൊണ്ട് ‘ഹലാല്‍ ഫാഇദ’ എന്ന് ചോദിക്കുമ്പോള്‍ എന്തുകൊണ്ട് പലിശയോട് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഇത്ര ഈറ എന്ന് പൊതുവായി തന്നെയാണ് ചോദിക്കുന്നത്. മുസ്‌ലിം ജനസാമാന്യം ഇപ്പോഴും പലിശാധിഷ്ഠിത ബേങ്കിംഗ് ഇടപാടുകളോട് അകലം പാലിക്കാന്‍ ശ്രമിക്കുന്നു എന്നത് തന്നെയാണ് ഇതിന് ഉത്തരം. എല്ലാ സന്നാഹങ്ങളും കൂടെയുണ്ടായിട്ടും ഇത്തരമൊരു സൊസൈറ്റിയുടെ വിഷയത്തില്‍ നല്ല ജാഗ്രത വേണമെന്ന് പറഞ്ഞല്ലോ മുഖ്യമന്ത്രി. പലിശരഹിതമായ സാമ്പത്തിക ഇടപാടുകള്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ അത്രയും സങ്കീര്‍ണമാണെന്ന് കൂടിയാണ് അപ്പറഞ്ഞതിനര്‍ഥം. അത്രയും പലിശ ചൂഴ്ന്നുനില്‍ക്കുന്ന ഒരു സാമ്പത്തിക സാഹചര്യത്തിലും അതിനോട് പരമാവധി വിട്ടുനില്‍ക്കാനെങ്കിലും മുസ്‌ലിംകള്‍ ശ്രമിക്കുന്നു. ഒരര്‍ഥത്തില്‍ പലിശാനുബന്ധ സാമ്പത്തിക സ്രോതസ്സുകളെ സമീപിക്കാതെ ജീവിതം പോലും അസാധ്യമായിപ്പോകുമാറ് സങ്കീര്‍ണമാണല്ലോ ഇന്നത്തെ കാലം.
യൂറോപ്പിലടക്കം ലോകത്താകമാനം വലിയ സ്വീകാര്യത നേടിയ ഇസ്‌ലാമിക് ബേങ്ക് ഇവിടെ തുടങ്ങാനുള്ള ആലോചനകള്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് നടന്നിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ഡോ. തോമസ് ഐസക് വലിയൊരു സ്വപ്‌നമായി ആ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോയെങ്കിലും എതിര്‍പ്പുകള്‍ കഠോരമായിരുന്നു. സുബ്രമണ്യം സ്വാമിയാണ് ഹൈക്കോടതിയില്‍ അതിനെ ചോദ്യം ചെയ്തത്. ശേഷം, അറബിക് സര്‍വകലാശാലയെ പോലും ഉടക്കുവെച്ച കെ എം മാണിയുടെ ധനകാര്യവകുപ്പ് അക്കാര്യം ശ്രദ്ധിച്ചില്ലെന്നത് സ്വാഭാവികം. റിസര്‍വ് ബേങ്ക് അനുകൂല നിലപാടിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് കുറച്ച് മുമ്പ് വന്ന വാര്‍ത്ത. ഈയൊരു സാഹചര്യമൊക്കെയുണ്ടായിട്ടും പ്രതിസന്ധികളെ മുറിച്ചുകടക്കാമെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് സഹകരണ സംഘം മുന്നോട്ട് പോകുന്നത്.

കൊടുങ്ങല്ലൂരിലെ നാട്ടുപ്രമാണിമാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മുസ്‌ലിം ഐക്യ സംഘം എറണാകുളത്ത് ഒരു മുസ്‌ലിം ബേങ്ക് സ്ഥാപിച്ച് ഏറെക്കുറെ ഒരു നൂറ്റാണ്ട് തികയുന്ന ഘട്ടത്തിലാണ് കണ്ണൂരില്‍ ഇങ്ങനെയൊരു പലിശരഹിത സംരംഭം ഇടതുപക്ഷ ആഭിമുഖ്യത്തില്‍ തുടങ്ങുന്നത് എന്നത് യാദൃച്ഛികമാകാം. എന്നാല്‍ തന്നെ, ഈ രണ്ട് സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമിടയിലെ മലയാളി മുസ്‌ലിം സാമൂഹിക ജീവിതം പല അര്‍ഥത്തിലും പുതിയ നിരൂപണങ്ങളെ ആവശ്യപ്പെടുന്ന സവിശേഷ സന്ദര്‍ഭമാണിത്. നേരത്തെ സൂചിപ്പിച്ച പോലെ, പലിശയിടപാടുകളിലേക്ക് പ്രലോഭിപ്പിക്കാന്‍ ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ പ്രലോഭനങ്ങളെയും സന്നാഹങ്ങളെയും അതിജയിച്ചും ഇപ്പോഴും മനുഷ്യര്‍ പലിശയോട് ഈറ കാണിക്കുന്നു എന്നതില്‍ ഒതുങ്ങുന്നതല്ല അത്.
ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിലാണ് ഐക്യ സംഘം രൂപം കൊള്ളുന്നത്. ധനാഢ്യ കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടാക്കിയ നിഷ്പക്ഷ സംഘം ഐക്യസംഘമായി പരിണമിക്കുകയായിരുന്നു. ഈ ഐക്യസംഘമാണ് മുസ്‌ലിംകളുടെ സാമ്പത്തിക സ്ഥിതിയൊന്ന് ഉഷാറാക്കാന്‍ വേണ്ടി ഒരു ‘മുസ്‌ലിം ബേങ്ക്’ സ്ഥാപിക്കുന്നത്. മുസ്‌ലിംലീഗിന്റെയും സലഫികളുടെയും നേതാവായ കെ എം സീതിയായിരുന്നു ഇതിന് മുന്‍കൈയെടുത്തത്. ബേങ്ക് സ്ഥാപിച്ച് പലിശ ഏര്‍പ്പാട് നടത്തുന്നത് മതദൃഷ്ട്യാ അനുവദനീയമാണോ എന്ന് കണ്ടുപിടിക്കാന്‍ ജനാബ് കെ എം മൗലവി മുതലായവരെ ഭരമേല്‍പ്പിച്ചുവെന്നാണ് ഇ മൊയ്തുമൗലവി എഴുതിയത്. ബേങ്കിംഗ് പലിശയില്‍ ഉള്‍പ്പെടില്ല എന്ന ഒരു മതവ്യാഖ്യാനം കണ്ടുപിടിക്കുകയും ഇതിന് ‘ഹീലത്തുര്‍റിബ’ (പലിശയുടെ കൗശലം)എന്ന് പേരിടുകയും ചെയ്തുവത്രേ ഏല്‍പ്പിക്കപ്പെട്ടവര്‍. മിതമായി പലിശ വാങ്ങുന്നതിന് വിരോധമില്ല എന്നവാദമാണ് ഇവര്‍ മുന്നോട്ട് വെച്ചതെന്ന് അനുഭവസ്ഥനായ മൊയ്തു മൗലവി ആത്മകഥയില്‍ അയവിറക്കുന്നുണ്ട്. ‘രിസാലത്തുന്‍ ഫില്‍ ബങ്കി’ എന്ന ഒരു ചെറു ഗ്രന്ഥം തന്നെ പലിശ ഏര്‍പ്പാടിനെ അനുകൂലിച്ചുകൊണ്ട് കെ എം മൗലവി പ്രസിദ്ധപ്പെടുത്തി. ബേങ്ക് ഉദ്ഘാടന വേളയിലെ കെ എം സീതിയുടെ പ്രസംഗവും ഐക്യം മാസികയിലെ അദ്ദേഹത്തിന്റെ ബേങ്കിനെ അനുകൂലിച്ചുള്ള ലേഖനങ്ങളും വലിയ വിവാദങ്ങളുണ്ടാക്കി.
വന്‍ ദോഷങ്ങളില്‍ പെട്ട പലിശയെ അനുവദനീയമാക്കുന്നതിനെതിരെ പാരമ്പര്യ പണ്ഡിതന്മാരും മുസ്‌ലിം ബഹുജനങ്ങളും ശക്തമായി മുന്നോട്ട് വന്നു. അബ്ദുര്‍റഹ്മാന്‍ സാഹിബ് അല്‍ അമീനില്‍ ലേഖനങ്ങളെഴുതി. ബേങ്കിന് ഷെയര്‍ പിരിക്കാന്‍ മലബാറില്‍ പര്യടനം നടത്തിയവരെ പലരും ഇറക്കിവിട്ടു. സമുദായ പുരോഗതിക്ക് അല്ലാഹു കഠിനമായി വിരോധിച്ച പലിശ ഹലാലാക്കുകയോ എന്നാണ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയോടും കെ എം സീതിയോടും ആളുകള്‍ ചോദിച്ചതത്രേ. എതിര്‍പ്പ് മൂലം ബേങ്ക് മാത്രമല്ല, ഐക്യസംഘവും പൂട്ടിപ്പോയി. അങ്ങനെ വ്യവസ്ഥാപിത രൂപത്തിലുള്ള കേരളത്തിലെ ആദ്യത്തെ സലഫി വഹാബി സംഘമായിരുന്ന ഐക്യസംഘവും അതിന്റെ സംരംഭമായ മുസ്‌ലിം ബേങ്കും ചരിത്രത്തിന്റെ ഭാഗമായി.
ഐക്യസംഘം മുന്നോട്ട് വെച്ചത് ഏത് തരം പരിഷ്‌കരണമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവരുടെ ബേങ്ക് സ്ഥാപനം ഒരു സൂചികയാണ്. മതബാഹ്യമായ യുക്തികളാണ് അവരെ നയിച്ചത് എന്നതിന് ഇതില്‍പരം തെളിവുകള്‍ ആവശ്യമില്ലല്ലോ. സമുദായാംഗങ്ങളുടെ പുരോഗതിക്ക് എന്തുമാവാം എന്നാണല്ലോ ബേങ്കിന് ന്യായീകരണം.

ആവശ്യക്കാരുടെ മനസ്സറിഞ്ഞ് ഫത്‌വ കണ്ടുപിടിക്കാന്‍ ഭരമേല്‍പ്പിക്കാവുന്ന ഒരാളായിരുന്നു സലഫി ആചാര്യനായ കെ എം മൗലവി എന്നുകൂടി ചരിത്രം പറഞ്ഞുതരുന്നു. മുസ്‌ലിം ലീഗില്‍ ചേരല്‍ മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണെന്ന് വരെ ഫത്‌വ ഇറക്കിയ ആളാണ് കെ എം മൗലവി. ഹലാല്‍ ഫാഇദ പ്രായോഗികമല്ലെന്ന പ്രസ്താവനയുമായി ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും കഴിഞ്ഞ ദിവസം രംഗത്തെത്തിയതും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. പ്രായോഗികമായ മാര്‍ഗങ്ങള്‍ മുന്നോട്ട് വെക്കുന്നതിന് പകരം ഇത്തരം പരീക്ഷണങ്ങളെ എതിര്‍ക്കാനാണ് ലീഗിലെ ഈ കൂട്ടുകെട്ട് മുന്നോട്ട് വന്നത്. മുമ്പ് മുസ്‌ലിംകളെ പലിശ ഇടപാടുകളിലേക്ക് പ്രലോഭിപ്പിക്കാന്‍ ബേങ്ക് തുടങ്ങിയ കെ എം സീതിയുടെയും കെ എം മൗലവിയുടെയും എല്ലാ നിലയിലുമുള്ള പിന്‍മുറക്കാരാണല്ലോ ഇ ടിയും മജീദും. ഈ നിലയില്‍ പലിശ വിരുദ്ധ സംരംഭത്തോട് വൈരനിര്യാതന ബുദ്ധി ഇവര്‍ക്കില്ലെങ്കിലാണ് അതിശയം.
മുസ്‌ലിം ബേങ്കിനൊപ്പം ഐക്യസംഘവും പിന്‍മുറക്കാരായ വിവിധ ഇനം മുജാഹിദുകളും ഇവിടെ പ്രസരിപ്പിച്ച ആശയങ്ങള്‍ മുസ്‌ലിംകളെ എങ്ങനെയൊക്കെ നിസ്സഹായരാക്കി എന്ന് ആലോചിക്കാവുന്ന സന്ദര്‍ഭവും കൂടിയാണ് നൂറ്റാണ്ട് തികയുന്ന ഈ ഘട്ടം. ആദ്യ സലഫീ പ്രസ്ഥാനമായ ഐക്യസംഘത്തിന്റെ ഇസ്‌ലാമിക ധാര്‍മികതക്ക് നിരക്കാത്തതും തീവ്രവാദ സ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങളെ ശരിയായി വിലയിരുത്തുന്നതിന് പകരം ‘യാഥാസ്ഥിതിക- പുരോഗമന’ ബൈനറികള്‍ വെച്ച് വിശദീകരിക്കുന്നതിലായിരുന്നു ഇവിടെ പലര്‍ക്കും കൗതുകം. അന്ന് പുരോഗമനവാദികള്‍ ബേങ്ക് നടത്തിപ്പുകാരും ഐക്യസംഘവുമായിരുന്നു. യാഥാസ്ഥിതികര്‍ പലിശയെ വിമര്‍ശിച്ച പാരമ്പര്യ മുസ്‌ലിംകളും. ആ ചാലിലൂടെയുള്ള ചര്‍ച്ചകളും വിലയിരുത്തലുകളുമാണ് പിന്നീട് തുടര്‍ന്നുപോന്നത്. യാഥാസ്ഥിതികന്‍/ നവോത്ഥാനനായകന്‍, പിന്തിരിപ്പന്‍/പുരോഗമനവാദി എന്നീ ദ്വന്ദ്വങ്ങളിലാണല്ലോ ചര്‍ച്ചകള്‍ കത്തിക്കയറിയത്.
എന്നാല്‍, അത്തരം എല്ലാ തുറുപ്പുകളെയും വകഞ്ഞുമാറ്റി ഐക്യസംഘത്തിന്റെ പിന്‍മുറക്കാരായ മുജാഹിദ് സലഫീ വിഭാഗങ്ങള്‍ തുറന്നുകാട്ടപ്പെടുകയാണിന്ന്. അന്ന് നാമ്പിട്ട ഐക്യസംഘമാണ് തീവ്രവാദ വിഷവൃക്ഷമായി പടര്‍ന്ന് കാടുകളില്‍ ആടിനെ മേച്ചും ഐ എസിലേക്ക് പലായനം ചെയ്തും സമുദായത്തിന് അപമാനവും നാടിന് സുരക്ഷാ ഭീഷണിയുമായി മാറിയിരിക്കുന്നത്. ഇതില്‍ തന്നെ വേറൊരു വിഭാഗം യുക്തിവാദ മതവിരുദ്ധ യുക്തികളുപയോഗിച്ച് മതവിഷയങ്ങളെ സമീപിച്ച് സ്വന്തം നേതൃത്വത്തെ വെല്ലുവിളിച്ചുനടക്കുന്നു. അന്ന് മതപരമായി ഏറ്റവും ഭീകര കൃത്യത്തെയാണ് പലിശയെ നേര്‍പ്പിക്കുന്നതിലൂടെ ചെയ്തതെങ്കില്‍, ഇപ്പോള്‍ സമൂഹത്തെയൊന്നാകെ പേടിപ്പെടുത്തുന്ന തീവ്രവാദ സമീപനങ്ങളിലേക്കാണവര്‍ ചെന്നുചേരുന്നത്. അക്കാലത്ത്് തുടങ്ങിയ പുരോഗമന ദുശ്ശാഠ്യങ്ങളെ മുറിച്ചുകടന്നും മതശാസനകളെ കെട്ടിപ്പുണര്‍ന്നും തന്നെയാണ് മുസ്‌ലിം പാരമ്പര്യം ഇന്നും ഇവിടെ നിലനില്‍ക്കുന്നത്.

പതിനാല് നൂറ്റാണ്ടോളം പാരമ്പര്യമുണ്ടെന്ന് കരുതപ്പെടുന്ന കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവതത്തില്‍ കേവലം ഒരു നൂറ്റാണ്ട് മുമ്പ് ഐക്യസംഘത്തിലൂടെ നവോത്ഥാനം ഉണ്ടായെന്നാണല്ലോ സാമ്പ്രദായിക ചരിത്രം ഇതുവരെയും പഠിപ്പിച്ചുകൊണ്ടിരുന്നത്. അതിന്റെ നാന്ദിയാകട്ടെ, ഇസ്‌ലാം കര്‍ക്കശമായി വിലക്കിയ പലിശയിലൂടെയായിരുന്നു താനും. സലഫിസം മതപരിഷ്‌കരണത്തിന്റെ പേരില്‍ ആദ്യമിടപെട്ടത് പലിശ അനുവദനീയമാക്കിക്കൊണ്ടായിരുന്നു എന്ന് ചുരുക്കം !
സാമൂഹിക മാറ്റങ്ങള്‍ക്ക് എളുപ്പവഴികള്‍ തേടുകയാണല്ലോ ഉത്പതിഷ്ണുക്കളുടെയൊരു പൊതുവായ ശൈലി. ഹറാമായതിനൊക്കെ ഹലാലാക്കുക എന്നതാണ് അതിന്റെയൊരു പൊതുരൂപം. പലിശയും സിനിമയും പോലുള്ളവ ഹലാലാക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണല്ലോ. പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കാനുള്ള മുസ്‌ലിം സമൂഹത്തിന്റെ സന്നദ്ധതയെ മുഖവിലക്കെടുക്കാന്‍ പൊതുസമൂഹം തയ്യാറാകുന്നു എന്നതിന്റെ സൂചനയാണല്ലോ ഇസ്‌ലാമിക് ബേങ്കിംഗിനെ കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ പ്രായോഗിക രൂപത്തിലെത്തിയ പലിശരഹിത സഹകരണ സംഘവും.

പി കെ എം അബ്ദുര്‍റഹ്മാന്‍
 27-12-2017 സിറാജ് ഡെയ്ലി