ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 30 December 2017

ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം

ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം

മക്കയില്‍ നിന്ന് ഏതാണ്ട് ഇരുപത് മൈല്‍ ദൂരെ, ഹുദൈബിയ്യഃ ഗ്രാമം. ഇസ്‌ലാമിക ചരിത്രത്തില്‍ ഹുദൈബിയ്യഃ പരിചിതമാണ്; പ്രസിദ്ധമായ ഹുദൈബിയ്യഃ കരാറിന്റെ പേരില്‍. ഹിജ്‌റയുടെ ആറാം വര്‍ഷമാണത്. തിരുനബി (സ്വ) യും സ്വഹാബി പ്രമുഖരും മദീനയില്‍ നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കുന്നതിന് യാത്ര തിരിച്ചു,. ഹുദൈബിയ്യഃ യിലെത്തിയപ്പോള്‍ മക്കയിലേക്ക് പ്രവേശാനുമതി ലഭിക്കില്ലെന്ന വിവരം ലഭിച്ചു. ഏതാനും ദിവസം ഹുദൈബിയ്യഃ യില്‍ തങ്ങേണ്ടി വന്നു.
ജാബിറ്ബ്‌നു അബ്ദില്ലായില്‍ നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഹുദൈബിയ്യഃ യില്‍ ജനങ്ങള്‍ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞു. തിരുദൂതരുടെ കയ്യിലുള്ള കൊച്ചു തോല്‍ പാത്രത്തില്‍ അല്‍പം വെള്ളമുണ്ടായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ഓടിവന്ന് ചുററും കൂടി. അവിടുന്ന് ചോദിച്ചു: ''നിങ്ങള്‍ക്കെന്ത് വേണം?''. അവര്‍ പറഞ്ഞു: ''തിരു ദൂതരേ, ഞങ്ങള്‍ക്ക് കുടിക്കാനും വുളൂഅ് ചെയ്യാനും ഒരു തുള്ളി വെള്ളമില്ല; തങ്ങളുടെ കയ്യിലുള്ളതല്ലാതെ.'' ഉടന്‍ തിരുനബി (സ്വ) അവിടുത്തെ തൃക്കരം ആ തോല്‍പാത്രത്തിലെ ഒരിററു വെള്ളത്തില്‍ മുക്കി വെച്ചു. അപ്പോള്‍ അവിടുത്തെ വിരലുകള്‍ക്കിടയില്‍ നിന്ന് വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങി; ഉറവ പൊട്ടിയൊഴുകും പ്രകാരം. ഞങ്ങളെല്ലാം അതില്‍ നിന്നു കുടിച്ചു. വുളൂഅ് ചെയ്തു; മതിവരുവോളം.''
സാലിമുബ്‌നു അബില്‍ ജഅ്ദ് പറയുന്നു: ഞാന്‍ ജാബിര്‍ (റ) നോട് ചോദിച്ചു; ''നിങ്ങളന്ന് എത്ര പേരുണ്ടായിരുന്നു?'' ജാബിര്‍ പറഞ്ഞു: ''എത്ര പേരുണ്ടായിരുന്നെന്നോ? ഞങ്ങള്‍ ഒരു ലക്ഷം ആളുകളുണ്ടായിരുന്നാലും മതിയാകും വിധം വെള്ളം ഒഴുകിക്കൊണ്ടിരുന്നു. ഞങ്ങളന്ന് ആയിരത്തിയഞ്ഞൂറ് പേരുണ്ടായിരുന്നു'' (സ്വഹീഹുല്‍ ബുഖാരി). ആയിരത്തഞ്ഞൂറ് പേര്‍ക്ക് കുടിക്കാനും വുളൂഅ് ചെയ്യാനുമുള്ള വെള്ളം! കൈവിരലുകള്‍ക്കിടയില്‍ നിന്ന്! അതാണ് മുഹമ്മദുര്‍റസൂലുല്ലാഹ്.
വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തേതും ഏററവും വലുതുമായ അധ്യായം 'അല്‍ബഖറ' തുടങ്ങുന്നതിങ്ങനെയാണ് : ''അലിഫ് ലാം മീം''. ഈ ഗ്രന്ഥം, സംശയമില്ല. ഭക്തര്‍ക്ക് മാര്‍ഗ ദര്‍ശനമാണ്.' തുടര്‍ന്ന് ഭക്തരുടെ പ്രധാന ലക്ഷണങ്ങള്‍ പറയുന്നുണ്ട്. ''അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍... പരലോകത്തെക്കുറിച്ച് ദൃഢ വിശ്വാസമുള്ളവര്‍.''
ഇസ്‌ലാമിന്റെ ഏററവും വലിയ പ്രത്യേകത അതിന്റെ വിശ്വാസ രീതിയാണ്. ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതി. ഏകനായ ഒരല്ലാഹുവുണ്ടെന്ന് മുസ്‌ലിം വിശ്വസിക്കുന്നു; ഉറച്ചു തന്നെ. അവന്ന് എണ്ണമററ പ്രത്യേക സൃഷ്ടികള്‍ - മലക്കുകള്‍, ജിന്നുകള്‍ - ഉണ്ടെന്നും. ആരും ഇത് കണ്ട് ബോധ്യപ്പെട്ട് വിശ്വസിക്കുന്നതൊന്നുമല്ല. എന്നാല്‍ ഒരു വിഭാഗവും ഇതൊന്നും നിഷേധിക്കുന്നുമില്ല. ഖബര്‍, ബര്‍സഖ്, അന്ത്യനാള്‍, മഹ്ശര്‍, വിചാരണ, മീസാന്‍, സ്വിറാത്വ്, സ്വര്‍ഗം, നരകം എല്ലാം നാം വിശ്വസിക്കുന്നുവല്ലോ. സന്ദേഹമേതുമില്ലാതെ ആരാണിതൊക്കെ കണ്ട് തിരിച്ചു വന്നവരായി ഈ ഭൂമുഖത്തുള്ളത്?
എങ്ങനെയാണിതൊക്കെ വിശ്വസിക്കാനാവുക? എന്നിട്ടും മുസ്‌ലിമായ ഏതൊരാളും ഇതൊക്കെ വിശ്വസിക്കുന്നു. അതിന്റെ എല്ലാ വിശദാംശങ്ങളോടെയും വിശദീകരിക്കുന്നു. പഠിക്കുന്നു. പഠിപ്പിക്കുന്നു. ഈ വിശ്വാസം തലമുറകള്‍ കൈമാറുന്നു; ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ. തര്‍ക്കമററ സംഗതികളായി. 'എന്തു കൊണ്ട്?' നിങ്ങള്‍ ചോദിച്ചേക്കും. ഒരേ ഒരുത്തരമേ അതിന് നല്‍ക്കാനുള്ളൂ. 'ഈ കാര്യങ്ങളത്രയും സത്യമാണെന്ന് മുഹമ്മദ് നബി (സ്വ) പറഞ്ഞു തന്നിരിക്കുന്നു എന്നതിനാല്‍!' എല്ലാ ചോദ്യവും ഉത്തരവും അവിടെ അവസാനിക്കുന്നു. അബൂബക്കര്‍ സിദ്ദീഖോ ഉമറുബ്‌നുല്‍ ഖത്വാബോ ഇതിനപ്പുറം ഒരു ചോദ്യം ചോദിച്ചിട്ടില്ല. ഒരുത്തരം അവര്‍ പ്രതീക്ഷിച്ചിട്ടുമില്ല. ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഒരൊററ ചോദ്യമാണ് ഉമര്‍ (റ) ചോദിച്ചത്: 'അലസ്‌നാ, അലല്‍ ഹഖി യാ റസൂലല്ലാഹ്' (നാം സത്യ പാതയിലല്ലയോ, അല്ലാഹുവിന്റെ ദൂതരേ?) അവിടുന്ന് പറഞ്ഞു: 'തീര്‍ച്ചയായും അതെ ഉമര്‍!' പിന്നെ സംശയമില്ല. വിശ്വസിക്കേണ്ട കാര്യങ്ങള്‍ മാത്രമല്ല, ആരാധനാ കര്‍മങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ക്രയവിക്രയങ്ങള്‍, ജീവിത വ്യവഹാരങ്ങള്‍, രാഷ്ട്ര സംവിധാനം, കുടുംബ ജീവിതം, സ്വഭാവ രൂപീകരണം, സാമൂഹിക പ്രതിബദ്ധത... എല്ലാററിലും മുസ്‌ലിം സമൂഹത്തിന്റെ രീതിയാണത്. എന്തു കൊണ്ട് എന്ന ചോദ്യത്തിന് പതിനാലു നൂററാണ്ടായി അവര്‍ പറഞ്ഞു കൊണ്ടിരുന്ന മറുപടി ഇതാണ്: 'അങ്ങനെയാണ് ഹദീസുകളിലുള്ളത്.' 'അങ്ങനെയാണ് നബി (സ്വ) പറഞ്ഞിട്ടുള്ളത്.' 'അങ്ങനെ ചെയ്യുന്നത് അവിടുത്തെ ചര്യക്കെതിരല്ല' എന്നിങ്ങനെ എല്ലാ ഉത്തരങ്ങളും തിരുദൂതരില്‍ ചെന്നവസാനിക്കുന്നു.
നിങ്ങള്‍ പറയും, അപ്പോള്‍ ഖുര്‍ആനല്ലേ നമ്മുടെ അവലംബം? ഖുര്‍ആനല്ലേ ആധികാരികം? അതല്ലേ വേദഗ്രന്ഥം? ശരിയാണ്. ഖുര്‍ആന്‍ ശ്രേഷ്ഠമാണ്; അത് അല്ലാഹുവിന്റെ വചനങ്ങളാകുന്നു എന്നതിനാല്‍. വിശുദ്ധമായ വേദ ഗ്രന്ഥം തന്നെ, സംശയമില്ല. വിശ്വാസ കര്‍മങ്ങളുടെ മൗലികാടിത്തറ ഖുര്‍ആനിലാണുള്ളത്. പക്ഷേ, എവിടെ നിന്നാണ് നാം ഖുര്‍ആന്‍ കേട്ടത്. എവിടെ നിന്നാണ് ഖുര്‍ആന്റെ ആശയം നാം പഠിച്ചത്? അദൃശ്യനായ അല്ലാഹുവില്‍ നിന്നോ? അദൃശ്യനായ ജിബ്‌രീലില്‍ നിന്നോ? അല്ല, മുഹമ്മദ് നബി (സ്വ) യുടെ തിരുവായില്‍ നിന്ന്. അപ്പോള്‍ നമുക്ക് മനസ്സിലാകും, മുഹമ്മദ് നബിയെക്കുറിച്ചുള്ള സത്യസന്ധമായ വിശ്വാസത്തിലാണ് വിശുദ്ധ ഖുര്‍ആന്റെ പ്രാമാണികത നില കൊള്ളുന്നത്. ''റസൂല്‍ നിങ്ങള്‍ക്ക് കൊണ്ട് വന്ന് തന്നത് നിങ്ങള്‍ പിടിച്ചുകൊള്ളൂ. റസൂല്‍ നിരോധിച്ചത് നിങ്ങള്‍ ഉപേക്ഷിക്കൂ.'' എന്ന് ഖുര്‍ആനില്‍ തന്നെ (അല്‍ ഹശ്‌റ് 7) ഉണ്ട്. റസൂലാണ് ഖുര്‍ആന്‍ നമുക്ക് കൊണ്ടുവന്ന് തന്നത്. റസൂലാണ് തൗറാത്തും ഇഞ്ചീലും നമുക്ക് വിലക്കിയത്.
പ്രവാചകത്വത്തിന്റെ മഹിമ ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മുഹമ്മദ് നബി (സ്വ) യുടെ അസാധാരണ വ്യക്തിത്വവും! ഖുര്‍ആന്‍ നാം കേട്ടത് അല്ലാഹുവില്‍ നിന്നോ ജിബ്‌രീലില്‍ നിന്നോ അല്ല. അതസാദ്ധ്യമാണ്. അദൃശ്യനായ അല്ലാഹുവുമായും മലകുമായും സംവദിക്കുക സാധാരണ മനുഷ്യന് സാദ്ധ്യമല്ല. ഒരു മലകിനെ യഥാര്‍ഥ രൂപത്തില്‍ കാണാനോ യഥാര്‍ഥ രീതിയില്‍ കേള്‍ക്കാനോ സാധാരണ മനുഷ്യന്‍ അശക്തനാണ്. പിന്നെയൊരു വഴി, മലക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയുമാണ്. അതില്‍ കാര്യമില്ലല്ലോ? അപ്പോള്‍ മലകിനെ മലകായിട്ടുതന്നെ കാണാനും കേള്‍ക്കാനും കഴിയുന്ന അത്യുന്നത സംവേദനക്ഷമതയുള്ള മധ്യവര്‍ത്തികള്‍ വേണം. അവരാണ് പ്രവാചകന്മാര്‍. അവര്‍ സാധാരണക്കാരല്ല.

ഇനി തുടക്കത്തില്‍ നാമുദ്ധരിച്ച ഇമാം ബുഖാരിയുടെ ഹദീസ് ഒരാവര്‍ത്തികൂടി വായിക്കുക! വരണ്ട ഭൂമിയില്‍ ദാഹിച്ചുവലഞ്ഞ ആയിരത്തഞ്ഞൂറ് സ്വഹാബികള്‍ക്ക് ആവശ്യങ്ങളത്രയും നിറവേറാന്‍ വേണ്ട വെള്ളം ഒററ നിമിഷം മുഹമ്മദ് നബി (സ്വ) യുടെ വിരലുകള്‍ക്കിടയില്‍ നിന്ന് പൊട്ടി ഒഴുകിയത് നാക്ഷ്യപ്പെടുത്തുകയാണ് പ്രമുഖ സ്വഹാബി ജാബിര്‍ (റ). അത് രേഖപ്പെടുത്താന്‍ തന്റെ ഗ്രന്ഥത്തില്‍ ഇമാം ബുഖാരി തെരഞ്ഞെടുത്ത സ്ഥാനം ഏതെന്നറിയുമോ? 'ഇസ്‌ലാമില്‍ പ്രവാചകത്വത്തിന്റെ അടയാളങ്ങള്‍' എന്ന അദ്ധ്യായം! വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏററവും വലിയ പ്രാമാണികഗ്രന്ഥം മുസ്‌ലിം സമൂഹത്തിന് സമ്മാനിച്ച ബുദ്ധിശാലിയായ ഇമാം ബുഖാരി മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ തെളിവായി കണ്ടെത്തി രേഖപ്പെടുത്തിയതാണീ സംഭവം. ഇത് മാത്രമല്ല, ഇതുപോലുള്ള നിരവധി സംഭവങ്ങള്‍. മിമ്പറില്‍ വച്ച് തിരുദൂതര്‍ ആകാശത്തേക്ക് കയ്യുയര്‍ത്തുമ്പോള്‍ സ്ഫടിക സമാനം തെളിഞ്ഞിരുന്ന ആകാശം പേമാരി വര്‍ഷിച്ചത്, പതിവായി ഖുത്വുബ ഓതിയിരുന്ന മിമ്പര്‍ മാററി പുതിയ മിമ്പര്‍ ഉപയോഗിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട പഴയ മിമ്പര്‍, - ദ്രവിച്ച ആ ഈന്തപ്പനത്തടി - കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞത്, ഉമ്മുസുലൈമിന്റെ കയ്യില്‍ നിന്ന് ഒരു റൊട്ടിയുടെ പൊട്ടും പൊടിയും വാങ്ങിയ തിരുദൂതരുടെ കയ്യില്‍ നിന്ന് എഴുപതിലധികം പേര്‍ സമൃദ്ധമായി ഭക്ഷിച്ചത്...
ഖുര്‍ആനിന്റെ പ്രാമാണികത ഹദീസിന്റെ പ്രാമാണികതയുമായും ഹദീസിന്റെ പ്രാമാണികത പ്രവാചകത്വത്തിന്റെ പ്രാമാണികതയുമായും പ്രവാചകത്വത്തിന്റെ പ്രാമാണികത ആ വ്യക്തിത്വത്തിന്റെ അസാധാരണത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് അപൂര്‍വമായ ഇത്തരമൊരദ്ധ്യായവും അതിന് ഗംഭീരമായൊരു തലക്കെട്ടും ഇമാം ബുഖാരികൊണ്ടുവന്നത് എന്നതില്‍ സംശയമില്ല. പ്രവാചകത്വം തെളിയിക്കപ്പെട്ടില്ലെങ്കില്‍ ഖുര്‍ആനും ഹദീസുമെല്ലാം അപ്രസക്തമാകും. മുഹമ്മദ് നബി (സ്വ) യുടെ അസാധാരണത്വം ഉള്‍കൊള്ളാന്‍ കഴിയാതിരിക്കുകയും തിരുനബിയെക്കുറിച്ച് 'അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യന്‍ മാത്രമായിരുന്നു' എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന ഒരാള്‍ നബി (സ്വ) യെ ഉദ്ധരിക്കുന്നുവെങ്കില്‍ അത് എബ്രഹാം ലിങ്കണെയും ഷേക്‌സ്പിയറെയും ഉദ്ധരിക്കുന്നതില്‍ കവിഞ്ഞൊന്നുമല്ല. അതിന് വിശ്വാസം പോലും അനിവാര്യമല്ല. ഈ ചരിത്ര പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം നാം തിരുചര്യയെക്കുറിച്ച് പഠിക്കാന്‍. ഹദീസുകളുടെ സ്ഥാനം വിലയിരുത്താന്‍. അപ്പോള്‍ നമുക്ക് ബോധ്യമാകും, എന്തിനാണ് ഒരു ജനതയത്രയും നൂററാണ്ടുകളായി ഒരു വ്യക്തിയുടെ ജീവിത രീതി കണ്ടെത്താനും മന:പാഠമാക്കാനും അനുകരിക്കാനും പ്രതിജ്ഞാബദ്ധരായതെന്ന്. എന്തിനാണവരുടെ പണ്ഡിതര്‍ ഹദീസുകള്‍ കണ്ടുപിടിക്കാനും അതിന്റെ കൃത്യത പരിശോധിക്കാനും തലമുറകള്‍ക്ക് വേണ്ടി അതിനെ ശേഖരിച്ചു വയ്ക്കാനും ആയുഷ്‌ക്കാലം ചെലവഴിച്ചതെന്ന്. എന്തിനാണവര്‍ അണുഅളവ് തെററാതെ തിരുചര്യ പിന്തുതുടരാന്‍ പാടുപെട്ടതെന്ന്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്: ''തിരുദുതരേ, പറഞ്ഞുകൊടുക്കുക, നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക, എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും.......... പറഞ്ഞുകൊടുക്കൂ റസൂലേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടുക. ഇനി അവര്‍ പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍, നിശ്ചയം അല്ലാഹു അത്തരം സത്യനിഷേധികളെ ഇഷ്ടപ്പെടുകയില്ല'' (ആലു ഇംറാന്‍ 31-32) അല്ലാഹു ഒരടിമയെ സ്‌നേഹിക്കണമെങ്കില്‍ തിരുദൂതരെ പിന്‍തുടരണമെന്നും അല്ലാഹുവിന്നും റസൂലിനും വഴിപ്പെടാതിരിക്കുന്നത് സത്യനിഷേധം- കുഫ്ര്‍ -ആണെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. പിന്തുടരപ്പെഠണ്ടെ വ്യക്തി സര്‍വജ്ഞാനിയായിരിക്കണം. അജ്ഞനായ ഒരാളെ പിന്തുടരുന്നതിനേക്കാള്‍ വലിയ വിഢ്ഢിത്തമില്ലല്ലൊ. വിവരമില്ലാത്ത ഒരാളെ പിന്തുടരാന്‍ അല്ലാഹു കല്‍പിക്കുമെന്ന് വിശ്വസിച്ചുകൂടാ. ഭൂതവും ഭാവിയും ദൃശ്യവും അദൃശ്യവുമെല്ലാം അറിയുന്ന വ്യക്തിയാണ് മുഹമ്മദ് നബി (സ്വ). സ്വര്‍ഗത്തെയും നരകത്തെയും കുറിച്ച് അവിടുന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിം സമൂഹം അത് കണ്ണടച്ച് വിശ്വസിച്ചത് മുഹമ്മദ് നബി (സ്വ) ക്ക് അതറിയാം എന്ന ഉറപ്പുള്ളത് കൊണ്ടുതന്നെയാണ്.
മനുഷ്യന്റെ ഐഹികജീവിതത്തിനും പാരത്രിക വിജയത്തിനും വേണ്ട സര്‍വ വിജ്ഞാനവും അല്ലാഹു നിക്ഷേപിച്ചത് മുഹമ്മദ് നബിയിലാണ്. എന്നിട്ടല്ലാഹു പറഞ്ഞു: ''നിശ്ചയം, അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്, അല്ലാഹുവെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക്'' (അല്‍ അഹ്‌സാബ് 31) സ്വന്തം ജീവിതത്തില്‍ നിങ്ങള്‍ മാതൃകയാക്കേണ്ടത് മുഹമ്മദ് നബി (സ്വ) യെയാണെന്നല്ലേ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ഒരാള്‍ മുഹമ്മദ് നബി (സ്വ) യെ മാതൃകയായി അംഗീകരിക്കുന്നില്ലെങ്കില്‍ അവന്‍ അല്ലാഹുവിലും അന്ത്യനാളിലും ഒരു പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ടതില്ല. അല്ലാഹുവും റസൂലും ഒരുകാര്യം വിധിച്ചുകഴിഞ്ഞാല്‍ പിന്നെ സ്വന്തം കാര്യങ്ങളില്‍ തന്നിഷ്ടം കാണിക്കാന്‍ ഒരു വിശ്വാസിക്കും അധികാരമില്ല. ആരെങ്കിലും അല്ലാഹുവിനും റസൂലിനും എതിര് പ്രവര്‍ത്തിച്ചാല്‍ നിശ്ചയം, അവന്ന് വ്യക്തമായും മാര്‍ഗഭ്രംശം സംഭവിച്ചുപോയി.'' (അല്‍ അഹ്‌സാബ് 36) ''അങ്ങയുടെ റബ്ബിനെത്തന്നെ സത്യം, അവര്‍ക്കിടയില്‍ തര്‍ക്കമുള്ള ഒരുകാര്യത്തില്‍ താങ്കളെ അവര്‍ വിധികര്‍ത്താവാക്കുകയും അങ്ങ് തീര്‍പുകല്‍പിച്ച ഒരു കാര്യത്തില്‍ അവരുടെ മനസ്സില്‍ പ്രയാസം തോന്നാതിരിക്കുകയും സര്‍വാത്മനാ അങ്ങയെ അവര്‍ അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വസിച്ചവരാകുകയില്ല'' (അന്നിസാഅ് 25)
''ആരെങ്കിലും റസൂലിന്ന് വഴിപ്പെട്ടാല്‍ നിശ്ചയം, അവന്‍ അല്ലാഹുവിന് വഴിപ്പെട്ടു'' (അന്നിസാഅ് 80) തുടങ്ങി എണ്ണമററ സൂക്തങ്ങളിലൂടെ പ്രവാചകചര്യയെ സര്‍വഥാ പിന്തുടരാന്‍ അല്ലാഹുകല്‍പിച്ചിട്ടുണ്ട്. മുഹമ്മദ് നബി (സ്വ) യുടെ അപ്രമാദിത്വമാണ് ഇവിടെ അല്ലാഹു സ്ഥാപിക്കുന്നത്. ശുദ്ധാത്മാക്കളായിരുന്ന സ്വഹാബിവര്യന്മാരെക്കാള്‍ ഈ വസ്തുത നന്നായി മനസ്സിലാക്കിയവരായി മററാരുമുണ്ടായിരുന്നില്ല. അവരോടാണല്ലോ റസൂല്‍ പറഞ്ഞത്: 'ഞാന്‍ എങ്ങനെ നിസ്‌ക്കരിക്കുന്നതായാണോ നിങ്ങള്‍ കണ്ടത്, അത് പോലെ നിങ്ങളും നിസ്‌ക്കരിക്കുക.'(ബുഖാരി) 'ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്ന് നിങ്ങള്‍ പഠിച്ചുകൊള്ളുക' (മുസ്‌ലിം)
ആരാധനാ കര്‍മങ്ങളില്‍ മാത്രമല്ല, അവിടുത്തെ ഏതൊരാജ്ഞയും അക്ഷരാര്‍ഥത്തില്‍ തന്നെ അവര്‍ അനുസരിച്ചിട്ടുണ്ട്. ഒരിക്കല്‍ മദീനയിലെ പള്ളിയില്‍ നബി ഖുതുബ ഓതുമ്പോള്‍ ഇബ്‌നു മസ്ഊദ് കടന്നു വന്ന സംഭവം മറെറാരുദാഹരണം. വേറെ കുറെ പേരും പള്ളിയിലേക്ക് വരുന്നുണ്ട്. അപ്പോഴാണ് നബി (സ്വ) എല്ലാവരോടും ഇരിക്കാന്‍ പറയുന്നത്. വാതില്‍ പടിയില്‍ വച്ച് അത് കേട്ടവര്‍ -ഇബ്‌നുമസ്ഊദ് ഉള്‍പ്പെടെ- അവിടെത്തന്നെ ഇരുന്നു. അപ്പോള്‍ നബി (സ്വ) വിളിച്ചു. ''അബ്ദുല്ലാ, അകത്ത് വരൂ'' (അബൂദാവൂദ്) ആ അനുസരണം, വഴിപ്പെടല്‍ എത്രമാത്രം നിഷ്‌കളങ്കമായിരുന്നുവെന്ന് മനസ്സിലാകുന്നില്ലേ?
തിരുനബി (സ്വ) ഹജ്ജ് യാത്രയിലായിരിക്കെ എവിടെയൊക്കെ ഇറങ്ങി, എവിടെയൊക്കെ വിശ്രമിച്ചു, എവിടെയൊക്കെ നടന്നു, എവിടെയൊക്കെ വാഹനപ്പുറത്ത് കയറി, എവിടെ നിസ്‌ക്കരിച്ചു എല്ലാം സൂക്ഷമമായി മനസ്സിലാക്കി അതത്രയും സ്വന്തം ഹജ്ജ് യാത്രകളില്‍ അനുകരിക്കുക യായിരുന്നു, അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)! ആ സ്ഥലങ്ങളുടെ കൃത്യത അങ്ങേയററം ശ്രദ്ധയോടെത്തന്നെ മഹാന്‍ സൂക്ഷിച്ചു. ഹജ്ജിന്റെ സ്വീകാര്യതക്ക് അത്രമാത്രം അനിവാര്യമല്ലെന്നറിഞ്ഞിട്ടും, 'ഇത്തിബാഇ'ന്റെ പൂര്‍ണത ലഭിക്കാന്‍! സംശയമില്ല തിരുചര്യതന്നെയാണ് ഇസ്‌ലാമിന്റെ അവലംബം. അന്വേഷണങ്ങളത്രയും തിരുനബി (സ്വ) യുടെ ജീവിത മാതൃകയിലാണ് ചെന്നവസാനിക്കുന്നത്. അത് മാത്രമാണ് എല്ലാ ചോദ്യങ്ങളുടെയും ഉത്തരം. പിന്നെയും നിങ്ങള്‍ സംശയിച്ചേക്കും. അപ്പോള്‍ ഖുര്‍ആനോ? ഖുര്‍ആനല്ലേ ഒന്നാം പ്രമാണം? ശരിതന്നെ. എങ്കിലും ഖുര്‍ആനില്‍, ഖുര്‍ആനിനെക്കുറിച്ച് അല്ലാഹു പറയുന്നതെന്തെന്നോ? ''താങ്കള്‍ക്ക് നാം ഖുര്‍ആന്‍ ഇറക്കിത്തന്നത്, അവരിലേക്ക് അവതരിപ്പിക്കപ്പെട്ടതിനെ താങ്കള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടിയാണ്.'' (അന്നഹ്ല്‍ 66) ''അവരില്‍നിന്ന് തന്നെ ഒരു റസൂലിനെ അവരിലേക്ക് നിയോഗിക്കുകവഴി സത്യവിശ്വാസികള്‍ക്കല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. അവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്ന, അവരെ സംസ്‌ക്കരിക്കുന്ന, അല്ലാഹുവിന്റെ ഗ്രന്ഥവും വിജ്ഞാനങ്ങളും പഠിപ്പിക്കുന്ന പ്രവാചകന്‍.'' (അല്‍ ബഖറ 164) നിരവധി സൂക്തങ്ങളില്‍ ഈ വസ്തുത അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട്. റസൂലിനെ അയച്ചത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കാനാണ്. അതുവഴി മനുഷ്യരെ ശുദ്ധീകരിക്കാനാണ്. ഖുര്‍ആന്‍ അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കാനാണ്; മാത്രമല്ല മററുവിജ്ഞാനങ്ങളും.

തീര്‍ച്ചയായും ഖുര്‍ആന്‍ ഓതിക്കേള്‍പിച്ചത് റസൂലാണ്. ഖുര്‍ആന്റെ പഠനം റസൂലിന്റെ വിശദീകരണങ്ങള്‍ക്ക് വിധേയമാണ്. ഖുര്‍ആന്റെ അവതരണ രീതി ആയിക (റ) വിവരിച്ചതു ഇമാം ബുഖാരി സ്വഹീഹിന്റെ ഒന്നാമദ്ധ്യായത്തില്‍ തന്നെ ഉദ്ധരിച്ചിട്ടുണ്ട്. മഹതി പറയുന്നു: ഹാരിസ്ബ്‌നു ഹിശാം (റ) നബി (സ്വ) യോട് ചോദിച്ചു : 'അല്ലാഹുവിന്റെ തിരുദൂതരേ, എങ്ങനെയാണങ്ങേയ്ക്ക് 'വഹ്‌യ്' (ദിവ്യസന്ദേശം) വരുന്നത്?' അപ്പോള്‍ തിരുനബി (സ്വ) പറഞ്ഞു : ''ചിലപ്പോള്‍ മണിയടിക്കുന്ന ശബ്ദം പോലെ. അതാണെനിക്ക് ഏററവും കഠിനം. പെട്ടെന്നത് അവസാനിക്കും. അപ്പോഴേക്കും ജിബ്‌രീലില്‍ നിന്ന് ഞാനത് മനഃപാഠമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ ജിബ്‌രീല്‍ ശരിക്കും മനുഷ്യ രൂപത്തില്‍ വന്ന് ഓതിത്തരും. അപ്പോള്‍ ഞാനത് മനഃപാഠമാക്കും.'' ആയിശ (റ) പറഞ്ഞു: കൊടും തണുപ്പുള്ള രാത്രി തിരുദൂതര്‍ക്ക് 'വഹ്‌യ്' വരുമ്പോള്‍, അതവസാനിച്ചാല്‍ അവിടുത്തെ നെററിത്തടത്തില്‍ നിന്ന് വിയര്‍പ്പ് ചാലിട്ടൊഴുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി) ദിവ്യ വചനങ്ങളുടെ അവതരണ ചിത്രം ഏറെക്കുറെ ഇതില്‍ നിന്ന് ലഭിക്കും. കനത്ത വചനങ്ങളായിരുന്നു അവ. ഒരേ രീതിയിലോ ക്രമത്തിലോ അല്ല അവ നല്‍കപ്പെട്ടിരുന്നത്. ഗംഭീരമായ വചനങ്ങള്‍. കഴുകി വെടിപ്പാക്കിയ ഹൃദയത്തിന്റെ ഉടമയായ, തെരഞ്ഞെടുക്കപ്പെട്ട പ്രവാചകരെ പോലും വിയര്‍പ്പിച്ച വചനങ്ങള്‍. അതിന്റെ ഗൗരവം ഖുര്‍ആന്‍ തന്നെ ചൂണ്ടി കാണിച്ചിട്ടുണ്ട്. ''ഖുര്‍ആനിനെ താങ്കള്‍ സ്പഷ്ടമായി, അവധാനതയോടെ ഓതുക. നിശ്ചയം, താങ്കള്‍ക്ക് ഞാന്‍ ഇട്ടു തരുന്നത് ഭാരമേറിയ വചനങ്ങളാകുന്നു.'' (അല്‍ മുസമ്മില്‍ 4,3)
അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യായിട്ട് ലഭിക്കുന്നത് ഖുര്‍ആന്‍ മാത്രമാണെന്ന് ധരിക്കരുത്. 'അറിയുക, തീര്‍ച്ചയായും എനിക്ക് അല്ലാഹുവിന്റെ കിതാബും അതോടൊപ്പം അത്രയും കൂടി നല്‍പ്പെട്ടിരിക്കുന്നു' എന്ന് അവിടുന്ന് പറഞ്ഞതായി മിഖ്ദാദുബ്‌നു മഅദീകരിബില്‍ നിന്ന് അബൂ ദാവുദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഖ്ബത്തുബ്‌നു ആമിര്‍ (റ) പറയുന്നു : ''ഒരിക്കല്‍ റസൂല്‍ (സ്വ) ഉഹ്ദിലേക്ക് പുറപ്പെട്ടു. പിന്നെ മിമ്പറില്‍ കയറി പ്രസംഗിച്ചു. അവിടുന്ന് പറഞ്ഞു: ''നിശ്ചയം (പരലോകത്ത്) ഞാന്‍ നിങ്ങള്‍ക്ക് മുന്‍ഗാമിയായിരിക്കും. ഞാന്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കും. അല്ലാഹു തന്നെ സത്യം. നിശ്ചയം, ഇപ്പോള്‍ ഞാനെന്റെ ഹൗളുല്‍ കൗസര്‍ കാണുന്നു. നിശ്ചയം, ഭൂമിയുടെ രഹസ്യങ്ങളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.'' (ബുഖാരി)
''സ്വാഭീഷ്ട പ്രകാരം അവിടുന്ന് ഒന്നും സംസാരിക്കുന്നില്ല. അത് അവിടുത്തേക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളതല്ലാതെ മറെറാന്നുമല്ല.'' (അന്നജ്മ് 3,4) ഇനി നമുക്ക് ചിന്തിക്കാം : എന്താണ് സുന്നത്ത്? എന്താണ് ഹദീസ്? തിരുനബിയില്‍ നിന്ന് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെല്ലാം അവിടുത്തെ സുന്നത്തുകളാണ്. ആ റിപ്പോര്‍ട്ടുകളത്രയും ഹദീസുകളാണ്. ആത് ഖുര്‍ആന്‍ വാഖ്യാനങ്ങളാകാം. പാരായണ രീതികളാകാം. സദുപദേശങ്ങളാകാം. വിശ്വാസ കാര്യങ്ങളാകാം. ആരാധനാ രീതികളാകാം. സാമൂഹികാചാരങ്ങളാകാം. സ്വഭാവ രൂപീകരണമാവാം. യുദ്ധമോ കച്ചവടമോ ആകാം. യാത്രയോ വിശ്രമമോ ഉറക്കമോ ആകാം. കുളിയോ ശൗച്യമോ ദന്ത ശുദ്ധീകരണമോ അഭിവാദനങ്ങളോ... എന്തുമാകാം! അതത്രയും അനുകരണീയമായ തിരു സുന്നത്തുകള്‍ തന്നെ. ചില കാര്യങ്ങള്‍ പിന്തുടരല്‍ നിര്‍ബന്ധമാകും. ചിലവ പുണ്യമായിരിക്കും. ആ ജീവിതത്തിന്റെ ഒരു നിമിഷത്തില്‍ പോലും ഒരു മുസ്‌ലിമിന് അഗണ്യമായി ഒന്നുമില്ല. എല്ലാം പഠിക്കുകയും അനുസരിക്കുകയും ചെയ്‌തേ പററൂ. എന്തു കൊണ്ടെന്നാല്‍ സ്വേച്ഛാ പ്രേരിതനായി എന്തെങ്കിലും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനല്ല മുഹമ്മദ് നബി (സ്വ). കണ്‍മുമ്പില്‍ കാണുന്നത് മാത്രമാണ് യഥാര്‍ത്ഥ്യം എന്ന് ധരിച്ചുവച്ച പരിമിത ബുദ്ധിയായ ഒരു അജ്ഞാനിയല്ല മുഹമ്മദ് (സ്വ). മറിച്ച് അല്ലാഹുവിന്റെ ദൂതനാണ്. സകല വിജ്ഞാനങ്ങളും നല്‍കി അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്‍.
വഹ്‌യ് ലഭിക്കാനാരംഭിച്ചത് മുതലുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ആ ജീവിതമത്രയും ഇസ്‌ലാമായിരിക്കേ തിരുസന്നിധിയില്‍ കുടിപാര്‍ത്തും സന്നിഹിതരാകാന്‍ കഴിയാത്തവര്‍ക്ക് പഠിപ്പിച്ചു കൊടുത്തും സ്വഹാബികള്‍ പകര്‍ത്തി. അവര്‍ക്കത് എളുപ്പമായിരുന്നു. ഒരാളല്ലെങ്കില്‍ മറെറാരാള്‍, അധിക സമയവും വലിയ സംഘങ്ങളായി തന്നെ എല്ലായ്‌പ്പോഴും നബിക്കൊപ്പമ ുണ്ടായിരുന്നു. എന്നാല്‍ അതായിരുന്നില്ല അടുത്ത തലമുറയുടെ കഥ. മുന്‍ഗാമികളായ സ്വഹാബികളെപ്പോലെ തിരുചര്യ അനുഭവിക്കാന്‍ കഴിഞ്ഞവരല്ല അവര്‍. അതിനാല്‍ അവര്‍ക്കത് പഠിക്കേണ്ടിയിരുന്നു. ഇസ്‌ലാമിന്റെ അടിത്തറ തന്നെ സുന്നത്തിലാണ് നില കൊള്ളുന്നത് എന്നിരിക്കെ എങ്ങനെ അവര്‍ക്കത് അവഗണിക്കാനാകും. തിരുസുന്നത്തിന്റെ വാഹകരായിരുന്ന സ്വഹാബികളാകട്ടെ പ്രബോധകരായി രാജ്യാതിര്‍ത്തികള്‍ താണ്ടിയിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് താബിഈ പണ്ഢിതര്‍ ഹദീസ് ശേഖരണത്തില്‍ മുഴുകിയത്. അനിവാര്യതയാണവരെ നിര്‍ബന്ധിതരാക്കിയത്. തലമുറകള്‍ പിന്നിട്ടപ്പോള്‍ ഹദീസ് ഒരു വിപുലമായ വിജ്ഞാന ശാഖയായി രൂപാന്തരപ്പെട്ടു. രാജ്യത്തിന്റെ വ്യാപ്തിയും രാഷ്ട്രീയ കാലുഷ്യവും സംശയാസ്പദമായ ഹദീസുകളുടെ ഉദയത്തിന് കാരണമായി. സൂക്ഷ്മാലു ക്കളായ പണ്ഢിതര്‍ ജാഗരൂകരായി. ലക്ഷോപലക്ഷം വരുന്ന ഹദീസുകളുടെ കണിശത ബോധ്യപ്പെടുത്തേണ്ടതായിവന്നു. ഹദീസ് ശാസ്ത്രം ശാഖകളും ശാഖോപശാഖകളുമായി പൊട്ടി വിടര്‍ന്നു. ഹദീസിലെ പ്രമേയങ്ങളുടെ സ്വീകാര്യത മാത്രമല്ല, അത് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ ജീവിതവും കൂടി കര്‍ക്കശപരിശോധനക്ക് വിധേയമാക്കപ്പെട്ടു. ഹദീസുകളെന്ന പേരിലുള്ള റിപ്പോര്‍ട്ടുകളുടെ പ്രവാഹത്തില്‍ സാമാന്യ ജനം വശം കെട്ടു പോകാതിരിക്കാന്‍ ധിഷണാ ശാലികളായ ഇമാമുകള്‍, ഇമാം ശാഫിഈ, ഇമാം അബൂഹനീഫ പോലുള്ളവര്‍ സ്പഷ്ടമായ ഹദീസുകളെ അവലംബിച്ച് കര്‍മ ശാസ്ത്ര സരണിക്ക് രൂപം നല്‍കി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധാരണ ജനങ്ങള്‍ക്ക് അവരുടെ മനവിധികള്‍ക്ക വലംബമായി വിവിധ ഫിഖ്ഹീ മദ്ഹബുകള്‍ നിലകൊണ്ടു. ഹദീസുകള്‍ മഹാ ജ്ഞാനികളുടെ ഗവേഷണ വിഷയമായി തുടര്‍ന്നു. അവര്‍ നമുക്ക് സമാഹരിച്ചു തന്ന എണ്ണമററ ഹദീസുകളാണ് ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ക്ക് രൂപം നല്‍കിയത്. ആ ഹദീസുകളാണ് ഇന്നും ഒരു മുസ്‌ലിമിന് സ്വഭാവസംസ്‌കരണത്തിന്റെ മാര്‍ഗദര്‍ശനമായി നില കൊള്ളുന്നത്. ജീവിത വിശുദ്ധിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രവാചക സ്‌നേഹത്തിന്റെയും യഥാര്‍ത്ഥ പ്രഭവ കേന്ദ്രം ഇന്നും, നുബുവ്വത്തിന്റെ വിളക്കു മാടത്തില്‍ നിന്ന് പ്രസരിച്ച പ്രകാശ രശ്മികളാകുന്ന ഹദീസുകളുടെ അമൂല്യ സമാഹാരങ്ങള്‍ തന്നെയാണ്


Source:www.muslimpath.com