ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 30 December 2017

ഇസ്ലാം ശാന്തിയുടെ മതം

മനഃശ്ശാന്തി

ഈശ്വരവിശ്വാസിയായാലും മത നിഷേധിയായാലും ഏവരും ആഗ്രഹിക്കുന്നത് മനഃശ്ശാ ന്തിയാണ്. അശാന്തി ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ശാന്തി എങ്ങനെ ലഭിക്കും? ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കുമ്പോഴേ മനഃശ്ശാന്തി ലഭിക്കൂ. ജീവിതത്തിന്‍റെ അര്‍ഥമെന്താണ്? ലക്ഷ്യമെന്താണ്? താനെവിടെ നിന്നു വന്നു? മരണശേഷം എങ്ങോട്ടു പോകും? താനും ദൈവവുമായുള്ള ബന്ധമെന്താണ് ? താനും മററു മനുഷ്യരുമായുള്ള ബന്ധമെന്താണ്? മരണശേഷം ജീവിതമുണ്ടോ? എന്താണ് ശരി? എന്താണ് തെറ്റ്? ഇതുപോലുള്ള ചോദ്യങ്ങള്‍ ചിന്തിക്കുന്ന മനുഷ്യനെ അലട്ടുന്നു. ഇതിനു തൃപ്തികരമായ ഉത്തരം മതനിഷേധികള്‍ക്കു ലഭിക്കുന്നില്ല. ഖുര്‍ആന്‍ അംഗീകരിക്കുന്നവര്‍ക്കേ ഉത്തരം ലഭിക്കൂ. "അറിയുക ദൈവസ്മരണ കൊണ്ട് മനുഷ്യമനസ്സുകള്‍ ശാന്തമാകുന്നു" (ഖുര്‍ആന്‍). മാത്രമല്ല, ഈ ലോകത്ത് പല അനീതികളും നടക്കുന്നു. അതൊന്നും ഇവിടെ പരിഹരിക്കപ്പെടുന്നില്ല. ചിന്തിക്കുന്ന മനുഷ്യനെ അസ്വസ്ഥനാക്കാന്‍ ഇതുതന്നെ മതി. മരണാനന്തരജീവിതമുണ്ടെന്നും അവിടെ വെച്ച് ഈ ലോകത്തിലെ കര്‍മ്മങ്ങള്‍ക്ക് യോജിച്ച പ്രതിഫലം (സ്വര്‍ഗ്ഗവും, നരകവും) ലഭിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. അതു നമുക്ക് ആശ്വാസം നല്കുന്നു. ഇത്തരം മതാധ്യാപനങ്ങളുടെ അഭാവത്തില്‍ ജീവിതം ഒരു വിഡ്ഢി പറഞ്ഞ കടങ്കഥയായി മാറുന്നു. ഞാന്‍ ജനിച്ചുപോയതില്‍ ദുഃഖിക്കുന്നു എന്നായിരിക്കും പലരുടേയും പ്രതികരണം.

മദ്യവും മദിരാക്ഷിയും

മുസ്ലിമും അമുസ്ലിമും തമ്മില്‍ ഭൗതിക സുഖാനുഭവങ്ങളിലുള്ള പ്രധാന വ്യത്യാസം മുസ്ലിംകള്‍ മദ്യപിക്കുകയും വ്യഭിചരിക്കുകയുമില്ല എന്നതാണ്. അതുകൊണ്ടവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയുന്നില്ല എന്നാണ് മദ്യപാനികളും വ്യഭിചാരികളും കരുതുന്നത്. എന്നാല്‍ അവരെ അസ്വസ്ഥതയും ഇച്ഛാഭംഗവും നിരാശയുമാണ് കാത്തിരിക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല. മനഃസുഖം കിട്ടാനാണ് മദ്യപാനം തുടങ്ങുന്നതെന്നാണ് വെയ്പ്. എന്നാല്‍ കുറച്ചുകഴിഞ്ഞാല്‍ മദ്യം ലഭിച്ചില്ലെങ്കില്‍ മനസ്സമാധാനമില്ലാത്ത അവസ്ഥ വരുന്നു. മനസ്സമാധാനം കിട്ടണമെങ്കില്‍ മദ്യം കഴിക്കണമെന്ന അവസ്ഥയാണ് അടുത്തഘട്ടം. നാഡികളും ശരീരവും തളരുന്നു. ഉത്തേജനവും ഉന്മേഷവും ലഭിക്കണമെങ്കില്‍ മദ്യം അകത്തുചെല്ലണമെന്ന അവസ്ഥയാണ് പിന്നീടുണ്ടാകുന്നത്. അല്ലാത്തപ്പോഴെല്ലാം അലസതയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. ഒടുവില്‍ കുടുംബത്തിനും സമൂഹത്തിനും അവര്‍ക്കു തന്നെയും ഭാരമാവുന്നു. കുററകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും മദ്യപാനം ഇടവരുത്തുന്നു. മദിരാക്ഷികളുമൊത്തുള്ള സല്ലാപത്തിന്‍റെയും അവ സ്ഥ മറെറാന്നല്ല. പ്രായമാകുന്തോറും ലൈംഗികാസക്തിയും ശേഷിയും കുറയും. അ പ്പോള്‍ കടുത്ത നിരാശയും ഇച്ഛാഭംഗവും അനുഭവപ്പെടും.

അഴിഞ്ഞാടി ജീവിക്കുന്ന വ്യക്തികള്‍ക്ക് കുറച്ചുകഴിയുമ്പോള്‍ ലൈംഗിക ഉത്തേജനം ലഭിക്കാതാകും. നഗ്നത സദാ കാണുന്നവരുടെ മനസ്സില്‍ നഗ്ന ദൃശ്യങ്ങള്‍ക്ക് ഉത്തേജനം സൃഷ്ടിക്കാനാകാതെ വരും. കണ്ട സ്ത്രീകളുടെ കൂടെയൊക്കെ പോകുന്നവര്‍ക്ക് സ്വന്തം ഭാര്യയെ കാണുമ്പോള്‍ ലൈംഗികാസക്തി തോന്നുന്നില്ല. അതുകൊണ്ട് തന്നെ ലൈംഗികാസ്വാദ്യതയും കുറയുന്നു. നേരെ മറിച്ച് കണ്ണുകളെ സൂക്ഷിക്കുന്ന മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍റെ ഇണയെ കാണുമ്പോള്‍, ഇണയുമായി ഒന്നിച്ചാ കുമ്പോള്‍ ലൈംഗികാസക്തി ഉളവാകുന്നു. ലൈംഗികത കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നത് ദൃഷ്ടികള്‍ താഴ്ത്തുകയും പാതിവ്രത്യം സൂക്ഷിക്കുകയും ചെയ്യുന്ന മുസ്ലിം സ്ത്രീപുരുഷന്മാര്‍ക്കാണ് എന്നു കാണാം.

ഈമാനിന്‍റെ രുചി

ആര് അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബിയെ ദൈവദൂതനായും ഇസ്ലാമിനെ (ജീവിതവ്യവസ്ഥയായും) തൃപ്തിപ്പെട്ടുവോ അവന്‍ ഈമാനിന്‍റെ രുചി ആസ്വദിച്ചുവെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. അതെ, ഈമാനിനു രുചിയുമുണ്ട്. സത്യവിശ്വാസം കൈക്കൊള്ളാ ത്തവര്‍ക്ക് അല്ലാഹുവിനെ പൂര്‍ണ്ണ ആരാധ്യനായി തൃപ്തിപ്പെടാത്തവര്‍ക്ക്, മുഹമ്മദ് നബിയെ മാതൃകയാക്കാത്തവര്‍ക്ക് ഈമാനിന്‍റെ രുചി ആസ്വദിക്കാനാവില്ല. ജീവിതത്തിലെ ആ ആത്മീയാ നുഭൂതി ആസ്വദിക്കാനവസരം ലഭിക്കാത്ത നിര്‍ഭാഗ്യവാന്മാര്‍ ജീവിത സുഖത്തിന്‍റെ ഒരു വലിയ ഭാഗം നഷ്ടപ്പെടുത്തുന്നവരാണ്. മതനിഷേധികള്‍ ഒരുപക്ഷേ, സത്യവിശ്വാസത്തിന് ആസ്വാദ്യതയില്ല, രുചിയില്ല എന്നു പറഞ്ഞേക്കാം. കാരണം അവരത് അനുഭവിച്ചിട്ടില്ല. ആത്മാവിന് രോഗം ബാധിച്ചവര്‍ക്ക് സത്യവിശ്വാസത്തിന്‍റെ രുചി ആസ്വദിക്കാനാവില്ല. അതുകൊണ്ട് അങ്ങനെയൊരു ആസ്വാദനം ഇല്ലെന്നുവരില്ല.


സുഖമായി ഉറങ്ങാം

മുസ്ലിമിന് സുഖമായി ഉറങ്ങാന്‍ കഴിയും. അവന് ആരെയും ഒന്നിനെയും ഭയപ്പെടാനില്ല. ഖുല്‍ അഊദുബിറബ്ബില്‍ ഫലഖ്, മിന്‍ ശര്‍റി മാ ഖലഖ് (പ്രഭാതത്തിന്‍റെ നാഥനില്‍ ഞാന്‍ അഭയം തേടുന്നു. അവന്‍ (ദൈവം) സൃഷ്ടിച്ച എല്ലാററിന്‍റെയും ഉപദ്രവത്തില്‍ നിന്നും) എന്നു പ്രഖ്യാപിക്കാനാണ് വിശ്വാസി ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. ദൈവം സൃഷ്ടിക്കാത്ത ഒന്നും ഈ ലോകത്തില്ല. സാമ്പത്തിക നഷ്ടം അവന്‍ ഭയപ്പെടുന്നില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ തന്നെ അതു ബാധിക്കുമെന്ന് അവന്‍ ഭയപ്പെടുന്നുമില്ല. അല്ലാഹുവാണ് എല്ലാം നല്കുന്നവന്‍ എന്നാണവന്‍റെ വിശ്വാസം. ലോകത്തുള്ളവരെല്ലാം വിചാരിച്ചാലും അല്ലാഹു ഉദ്ദേശിച്ചില്ലെങ്കില്‍ ഒരാള്‍ക്കും ഒരു ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിയില്ല എന്നവന്‍ ഉറച്ചു വിശ്വസിക്കുന്നു. നന്മയും തിന്‍മയും അല്ലാഹുവില്‍ നിന്നു മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഭരണകൂടത്തെയോ സാമ്പത്തിക നഷ്ടത്തെയോ അസൂയക്കാരെയോ ശകുനത്തെയോ ഒന്നും ഭയപ്പെടാനില്ല. മുസ്ലിമല്ലാത്ത ഒരാള്‍ക്ക് എല്ലാററിനെയും ഭയമായിരിക്കും. ഭയത്തിന്‍റെ അന്തരീക്ഷത്തിലാണവര്‍ എപ്പോഴും. അത്തരം എല്ലാ ഭയങ്ങളില്‍ നിന്നും ഇസ്ലാം മനുഷ്യനെ മോചിപ്പിക്കുന്നു. നിര്‍ഭയനായി ജീവിക്കുന്ന ഒരാള്‍ക്കല്ലേ യഥാര്‍ത്ഥ ജീവിതാസ്വാദനമുള്ളൂ. മററുള്ളവര്‍ ജീവിയ്ക്കുകയല്ല മരിക്കുകയാണ് ചെയ്യുന്നത്.

എലിയോട്ടം

ഒരു എലിയെ റൂമിലിട്ടാല്‍ അതു നിരന്തരം ഓടിക്കൊണ്ടിരിക്കും. ഭൗതിക ജീവിതത്തിന് പ്രാധാന്യം കല്പിക്കുന്നവര്‍ ഒരുതരം എലിയോട്ടത്തിലാണ്. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അവര്‍ക്ക് ഒന്നിനും സമയം ലഭിക്കുകയില്ല. അവര്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നില്ല. അവര്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയില്ല. അവര്‍ ജീവിച്ചിരിക്കുന്നുവെങ്കിലും ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി മരിച്ചു പണിയെടുക്കുകയാണ്.

മതം എന്നാല്‍ ഗുണകാംക്ഷയാണ് എന്നാണ് നബി (സ്വ) പഠിപ്പിച്ചത്. മററുള്ളവര്‍ നന്നായി കാണാനുള്ള മനസ്സ്. മററുള്ളവര്‍ക്ക് നന്മ ലഭിച്ചാല്‍ നമുക്ക് സന്തോഷിക്കാന്‍ കഴിയുമെങ്കില്‍ നമുക്കെപ്പോഴും സന്തോഷിക്കാന്‍ അവസരം ലഭിക്കും.

വിരസതയ്ക്കു വിരാമം

നല്ല ഉദ്ദേശ്യത്തോടെ ഒരു മരം നട്ടിട്ട് അതിലുണ്ടാവുന്ന ഫലം കള്ളന്‍ കട്ടുകൊണ്ടുപോയാലും പക്ഷിമൃഗാദികള്‍ തിന്നുപോയാലും അതു നട്ടവനത് ധര്‍മ്മമാണെന്നാണല്ലോ നബി പഠിപ്പിച്ചത്. മററുള്ളവര്‍ക്ക് വേണ്ടി എന്തു ചെയ്താലും നന്മ ലഭിക്കുന്നുവെന്ന് വിശ്വാസമുള്ളയാള്‍ക്ക് അല്ലാഹുവിന്‍റെ സൃഷ്ടികളെ സേവിക്കാന്‍ താല്പര്യമുണ്ടാകും. അവന് എന്നും പ്രവര്‍ത്തിക്കാനുണ്ടാകും. ജീവിതം വിരസമാവില്ല.

സുരക്ഷിതത്വം


ദൈവവുമായി ബന്ധം സ്ഥാപിക്കുന്നതോടെ മനുഷ്യന് സുരക്ഷിതത്വം അനുഭവപ്പെടും. പിന്നീടവന്‍ ഒരിക്കലും ഒററപ്പെടുന്നില്ല. ദൈവം തന്നെ സ്നേഹിക്കുന്നു എന്നവന്‍ തിരിച്ചറിയുമ്പോള്‍ ദൈവസാമീപ്യം അനുഭവിക്കുമ്പോള്‍ അവനു മാനസിക സന്തോഷം ഉണ്ടാകും. ഈ സന്തോഷം മുസ്ലിംകള്‍ക്ക് മാത്രം ലഭിച്ചാല്‍ പോര. എല്ലാവര്‍ക്കും ലഭിക്കണം. നബി (സ്വ) യെ ലോകങ്ങള്‍ക്കുള്ള അനുഗ്രഹം ആയാണല്ലോ അല്ലാഹു അയച്ചത്. ഇസ്ലാം എന്നു പറഞ്ഞാല്‍ ശാന്തിമാര്‍ഗ്ഗം എന്നാണല്ലോ അര്‍ഥം. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതാണ് ശാന്തി. ശാന്തി തേടുന്ന മനുഷ്യസഹോദരങ്ങള്‍ക്ക് ശാന്തിമാര്‍ഗ്ഗം അതുകണ്ടെത്തിയവര്‍ കാണിച്ചുകൊടുക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

ഭൗതികതയുടെയും ആത്മീയതയുടേയും സമന്വയം

നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്‍ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ തരണമേയെന്ന് പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇവിടെ ആദ്യം പറഞ്ഞത് ഈ ലോകത്ത് നന്മ നല്കാനാണ്.

ഒരിക്കല്‍ മുഹമ്മദ് നബി (സ്വ) മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെപ്പററി ഒരു പ്രസംഗം ചെയ്തു. അതുകേട്ട ചില അനുയായികള്‍ക്ക് പരലോകവിജയം എങ്ങനെയും നേടിയെടുക്കണമെന്നും അതിന്നു ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തണമെന്നും തോന്നി. അവരിലൊരാള്‍ പറഞ്ഞു: 'ഞാനിനി എല്ലാ ദിവസവും രാത്രി മുഴുവന്‍ നിസ്കരിക്കും'. മറെറാരാള്‍ പറഞ്ഞു: 'ഞാനിനി എന്നും വ്രതം അനുഷ്ഠിക്കും'. മറെറാരാള്‍ പറഞ്ഞു: ഭാര്യയുമായി ഞാന്‍ വിട്ടുനില്‍ക്കും. ലൈംഗികസുഖം അനുഭവിക്കുകയില്ല. അവര്‍ ആ തീരുമാനത്തെക്കുറിച്ച് അറിയിക്കാന്‍ നബി (സ്വ) യുടെ വീട്ടില്‍ പോയി. അപ്പോള്‍ നബി അവിടെ ഉണ്ടായിരുന്നില്ല. അവര്‍ നബി (സ്വ) യുടെ ഭാര്യ ആയിശയോട് വിവരം പറഞ്ഞു. നബി (സ്വ) വന്നപ്പോള്‍ ആയിശ അവര്‍ വന്ന വിവരം നബിയെ അറിയിച്ചു. നബി അവരെ വിളിച്ചുവരുത്തി പറഞ്ഞു. "ഞാന്‍ കുറച്ചു ഉറങ്ങി എഴുന്നേററു നിസ്കരിക്കും. ഞാന്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കും. ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കില്ല. ഞാന്‍ ഭാര്യയുമൊത്ത് ജീവിക്കുന്നു. ഇതാണ് എന്‍റെ മാര്‍ഗ്ഗം. ഇതല്ലാത്ത മറെറാരു ജീവിതശൈലിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്‍റെ അനുയായികളില്‍ പെട്ടവരല്ല".

ഈ ലോകത്ത് അല്ലാഹു മനുഷ്യന് നല്‍കിയ ജീവിത സുഖസൗകര്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു ജീവിതവീക്ഷണം നബി (സ്വ) പഠിപ്പിച്ചിട്ടില്ല. "അല്ലാഹുവിന്‍റെ അടിമകള്‍ക്ക് അല്ലാഹു നല്‍കിയ സുഖസൗകര്യങ്ങള്‍ ആരാണ് അവര്‍ക്ക് നിഷേധിക്കുന്നത്" എന്നാണ് ഖുര്‍ആനിന്‍റെ ചോദ്യം. നബി (സ്വ) പറഞ്ഞു: "ഈലോകം മുഴുവന്‍ ആസ്വാദിക്കാനുള്ളതാണ്. ഇഹത്തിലെ ഏററവും നല്ല അനുഭവം നല്ല സ്ത്രീയത്രെ" (മുസ്ലീം) .

നബി(സ്വ) ജീവിതാസ്വാദനത്തോട് നിഷേധാത്മക സമീപനം കൈക്കൊണ്ടിട്ടില്ല. ആയിശ (റ) പറയുന്നു: "ഞാനും കുറെ പെണ്‍കുട്ടികളും കൂടി നബി (സ്വ) യുടെ സാന്നിധ്യത്തില്‍ കളിക്കാറുണ്ടായിരുന്നു. എനിയ്ക്കു ചില കളിത്തോഴിമാര്‍ ഉണ്ടായിരുന്നു. നബി (സ്വ) കടന്നുവരുമ്പോള്‍ അവര്‍ എഴുന്നേററുപോയാല്‍ അവിടുന്ന് അവരെ എന്‍റടുത്തേക്കുതന്നെ തിരികെ വരുത്തുകയും അങ്ങനെ ഞങ്ങള്‍ കളി തുടരുകയും ചെയ്യും" (ബുഖാരി, മുസ്ലിം) . ആയിശയെ നബി വളരെ ചെറുപ്രായത്തിലാണല്ലോ വിവാഹം കഴിച്ചത്. അവരുടെ കളിപ്രായം മനസ്സിലാക്കിയാണ് നബി (സ്വ) പെരുമാറിയത്.

ആയിശ (റ) പറയുന്നു: "അല്ലാഹുവാണെ ഞാന്‍ അനുഭവിച്ച ഒരു കാര്യമാണ് പറയുന്നത്. അബ്സീനിയക്കാര്‍ പള്ളിയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നബി (സ്വ) എന്‍റെ മുറിയുടെ വാതില്‍ക്കല്‍ നിന്ന് അവിടുത്തെ തട്ടംകൊണ്ട് എനിക്കു മറയിട്ടുതരികയുണ്ടായി. അവിടുത്തെ ചുമലിനും ചെവിയ്ക്കുമിടയിലൂടെയാണ് ഞാന്‍ അവരുടെ കളി കണ്ടുകൊണ്ടിരുന്നത്. എനിയ്ക്ക് കളികണ്ട് മതിയാവുമ്പോള്‍ ഞാന്‍ കാണല്‍ നിര്‍ത്തിക്കൊള്ളട്ടെ എന്ന ഭാവത്തില്‍ അവിടുന്ന് എനിയ്ക്കുവേണ്ടി അങ്ങനെ നിന്നുതന്നു. അതുകൊണ്ട് വിനോദത്തില്‍ താല്‍പര്യമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളുടെ മനഃസ്ഥിതി നിങ്ങള്‍ കണക്കിലെടുക്കുക" (ബുഖാരി, മുസ്ലീം) .

ആയിശ (റ) പറയുന്നു: "ഒരിക്കല്‍ ഞാനും നബി (സ്വ) യും ഒരു യാത്രക്കിടയില്‍ ഓട്ടമത്സരം നടത്തി. ഞാന്‍ ഓടി നബി (സ്വ) യെ തോല്‍പിച്ചു. എന്നാല്‍ എനിയ്ക്കു തടികൂടിയപ്പോള്‍ മറെറാരിക്കല്‍ ഞാനും നബിയും മത്സരിച്ചോടിയതില്‍ നബി (സ്വ) എന്നെ തോല്‍പിക്കുകയാണുണ്ടായത്. അവിടുന്ന് പറഞ്ഞു. ഇത് അന്ന് എന്നെ തോല്‍പിച്ചതിനു പകരമാണ്" (അബുദാവൂദ്) . നബി (സ്വ) തമാശ പറയുകയും കൂട്ടുകാരോടൊപ്പം ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ നബിയും കൂട്ടുകാരും ഈത്തപ്പഴം തിന്നുകൊണ്ടിരുന്നപ്പോള്‍ അലി (റ) ഈത്തപ്പഴം തിന്ന കുരു നബിയുടെ കുരുക്കളോടൊപ്പം ഇട്ടുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് അലി (റ) പറഞ്ഞു. 'നബി എത്രമാത്രം ഈത്തപ്പഴമാണ് തിന്നുന്നത്. കുരുക്കളുടെ കൂട്ടം കണ്ടില്ലേ' ? ഉടനെ നബി പ്രതികരിച്ചു. 'അലി കുരുവും കൂടിയാണ് തിന്നുന്നതല്ലേ. നിങ്ങളുടെ മുന്നില്‍ കുരു കാണുന്നില്ലല്ലോ'. ഒരിക്കല്‍ നബി (സ്വ) യോട് ഒരു വൃദ്ധ ചോദിച്ചു: 'നബിയേ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ ? നബി പറഞ്ഞു: വൃദ്ധകളൊന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല. ഇതുകേട്ട് വൃദ്ധ നിലവിളിക്കാന്‍ തുടങ്ങി. ഉടനെ നബി പറഞ്ഞു: നല്ല സുന്ദരിയായ യുവതികളായിട്ടായിരിക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുക. അപ്പോള്‍ വൃദ്ധ പുഞ്ചിരിച്ചു.

Source:www.muslimpath.com