ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 9 December 2017

പിരിഞ്ഞിട്ടും പിരിയാതെ തിരുനബി

തിരുനബിതിരുനബിയുടെ ഖബ്ര്‍ ജീവിതം ഏറെ സവിശേഷതകളുള്ളതാണ്. സാധാരണ മനുഷ്യര്‍, സജ്ജനങ്ങള്‍, രക്തസാക്ഷികള്‍, മറ്റുനബിമാര്‍ തുടങ്ങി എല്ലാവരേക്കാളും ഉയര്‍ന്ന തലത്തിലാണത്. അശ്‌റഫുല്‍ ഖല്‍ഖ്(അത്യുത്തമ സൃഷ്ടി) എന്ന അത്യപൂര്‍വ സ്ഥാനത്തിന്റെ തുടര്‍ച്ചയായി ഇതിനെ മനസ്സിലാക്കാം. മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും ഇടക്കുള്ള അന്തരാളഘട്ടത്തില്‍ (ബര്‍സഖീ ലോകത്ത്) മനുഷ്യാത്മാവിന് അതിന്റെ ശരീരവുമായി ചില ബന്ധങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും തിരുമൊഴികളും ഇക്കാര്യം പറയുന്നു. അനുഭവലോകത്തു തന്നെ ഇതിനുദാഹരണങ്ങളുണ്ട്. ഗര്‍ഭസ്ഥ ശിശുവിനുള്ള സിദ്ധിയേക്കാള്‍ ഉയര്‍ന്ന കഴിവുകള്‍ നമുക്കുണ്ടെന്ന് പറയാമെങ്കിലും ഗര്‍ഭാവസ്ഥയിലായിരിക്കെ സാധ്യമായിരുന്ന ശ്വസന പ്രക്രിയയും ജീവിത രീതികളും ഗര്‍ഭത്തില്‍ നിന്ന് പുറത്ത് വരുന്നതോടെ മനുഷ്യന് അസാധ്യമാവുന്നു. ഗര്‍ഭാവസ്ഥയിലും ശേഷമുള്ള മനുഷ്യ കഴിവുകളുടെ മേന്‍മകള്‍ ആപേക്ഷികമാണെന്നു സാരം. ആത്മാവ് സ്വതന്ത്രമായതിനുശേഷമുള്ള അവസ്ഥയും ഇതു പോലെയായിരിക്കും. മരണത്തിനു മുമ്പ് സാധ്യമായിരുന്ന ചില കാര്യങ്ങള്‍ മരണത്തോടെ അസാധ്യമായിത്തീരുമെങ്കിലും ജഡത്തില്‍ നിന്നു സ്വതന്ത്രമായ ആത്മാവിന് മറ്റു ചില ശേഷികള്‍ കൈവരുമെന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യജീവിതത്തിലെ ഓരോ ഘട്ടത്തിലും സ്രഷ്ടാവ് സംവിധാനിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമാണത്. മറമാടിയ ഉടനെ രണ്ട് മലക്കുകള്‍ ഖബറില്‍ ആഗതമാകുമെന്നും അല്ലാഹുവിനെ കുറിച്ചും തിരുനബിയെ കുറിച്ചും പ്രധാന ചോദ്യങ്ങള്‍ ചോദിക്കുമെന്നും അതിന് വിശ്വാസികളും അവിശ്വാസികളും മറുപടി പറയുന്ന രീതികളും തുടര്‍ന്നുണ്ടാകുന്ന സന്തോഷ- സന്താപങ്ങളുമൊക്കെ ഹദീസുകളില്‍ കാണാം. നേരത്തെ മരിച്ചുപോയവര്‍ ഐഹിക ലോകത്തുള്ള തങ്ങളുടെ ബന്ധുക്കളുടെ അവസ്ഥകളെക്കുറിച്ച് മരിച്ചുചെല്ലുന്നവരോട് അന്വേഷിച്ചറിയുമെന്നും നസാഇ ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. ജീവിച്ചിരിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ മരിച്ചുപോയ തങ്ങളുടെ ബന്ധുക്കള്‍ക്ക് കാണിക്കുമെന്നും നല്ലത് കാണുമ്പോള്‍ അവര്‍ സന്തോഷിക്കുമെന്നും തീയത് കാണുമ്പോള്‍  അവര്‍ക്ക് നന്മ ചെയ്യാന്‍ തോന്നിപ്പിക്കണമേ എന്നവര്‍ പ്രാര്‍ത്ഥിക്കുമെന്നും ഇമാം അഹ്മദ് ഉദ്ധരിച്ച ഹദീസില്‍ കാണാം.സാധാരണക്കാരുടെ ബര്‍സഖീ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളാണിത്. എന്നാല്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ സജ്ജനങ്ങളുടെ ബര്‍സഖീ ജീവിതത്തിന് ചില പ്രത്യേകതകളുണ്ട്. അല്ലാഹു നല്‍കുന്ന സവിശേഷ ബഹുമതികളുടെ(കറാമത്തുകള്‍) ഭാഗമായാണത്. ആത്മാവിനെ സ്ഫുടം ചെയ്‌തെടുത്തതിന്ന് സ്രഷ്ടാവ് നല്‍കുന്ന ആദരവ്. സജ്ജനങ്ങളില്‍ ഏറെ സ്ഥാനമുള്ളവരാണ് ശുഹദാഅ്. അവരെക്കുറിച്ച് മരിച്ചവരെന്ന് പറയരുതെന്നും അങ്ങനെ വിചാരിക്കുക പോലും ചെയ്യരുതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ച് കൊണ്ട് അവര്‍ സന്തോഷിക്കുന്നുണ്ടെന്നും ദുന്‍യാവിലെ അവരുടെ ബന്ധുക്കളെയോര്‍ത്ത് അവര്‍ സംതൃപ്തരാണെന്നും ഖുര്‍ആന്‍ (3:170,171)പറയുന്നു. തന്റെ നാഥന്‍ തനിക്ക് പൊറുത്തുതന്നുവെന്നും  കറാമത്ത് നല്‍കപ്പെട്ടവരില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമുള്ള സുവിശേഷം തന്റെ  ജനത അറിഞ്ഞിരുന്നെങ്കിലെന്ന് മരണ ശേഷം സ്വാഹിബു യാസീന്‍ (ഹബീബുന്നജ്ജാര്‍) അഭിലഷിക്കുന്നതും അക്കാര്യം പ്രസ്താവിക്കുന്നതും സൂറതു യാസീനില്‍ കാണാം. ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ ജനാസ സംസ്‌കരണത്തില്‍ പങ്കെടുക്കാന്‍ ശുഹദാക്കള്‍ എത്തിയ സംഭവം അല്ലാമാ ഇബ്‌നു കസീര്‍ അല്‍ബിദായ വന്നിഹായയില്‍ ഉദ്ധരിച്ചിട്ടുണ്ട്. രക്തസാക്ഷികളേക്കാള്‍ ശ്രേഷ്ഠരായ നബിമാര്‍ ഖബ്‌റുകളില്‍ ജീവിച്ചിരിക്കുകയാണ് എന്നത് മുസ്‌ലിം സമുദായത്തിന്റെ ഐക്യകണ്‌ഠ്യേനെയുള്ള അഭിപ്രായമത്രെ. ഒട്ടേറെ ഹദീസുകള്‍ ഇവ്വിഷയകമായി വന്നിട്ടുണ്ട്. അമ്പിയാക്കള്‍ ഖബ്‌റുകളില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും അവര്‍ നിസ്‌കരിക്കുന്നുണ്ടെന്നുമൊക്കെ ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇമാം ബൈഹഖി(റ)യുടെ ഹയാതുല്‍ അന്‍ബിയാഅ് എന്ന ഗ്രന്ഥത്തില്‍ ഇവ്വിഷയകമായ ഹദീസുകള്‍ ക്രോഡീകരിച്ചിരിക്കുന്നു. ഇസ്‌റാഇന്റെ രാത്രിയില്‍ മൂസാ നബി തന്റെ ഖബ്‌റില്‍ വെച്ച് നിസ്‌കരിക്കുന്നത് ഞാന്‍ കണ്ടുവെന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. മുന്‍കഴിഞ്ഞ അമ്പിയാക്കളോടൊന്നിച്ച് തിരുനബി ബൈത്തുല്‍ മുഖദ്ദസില്‍ വെച്ച് നിസ്‌ക്കരിച്ചതും ശേഷം അവരുമായി തൗഹീദുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയതും തുടര്‍ന്ന് ഓരോ ആകാശത്തും പല നബിമാരും സ്വീകരണത്തിനെത്തിയതുമൊക്കെ ഹദീസുകളില്‍ കാണാം. ബര്‍സഖീ ലോകത്ത് നബിമാരുടെ ആത്മാക്കള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നഖചിത്രം ഇസ്‌റാഅ് സംഭവം വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍, തിരുനബിയുടെ(സ്വ) ബര്‍സഖീ ലോകത്തെ ജീവിതം ഏറ്റവും ഉല്‍കൃഷ്ട വിതാനത്തിലാണുള്ളത്. തന്റെ സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവരുടെ സ്വലാത്ത് സലാമുകള്‍ ഏറ്റുവാങ്ങുകയും അവര്‍ക്ക് പ്രത്യഭിവാദനം ചെയ്യുകയും അവരുടെ വേവലാതികള്‍ കേള്‍ക്കുകയും അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യുകയും അവര്‍ നന്മകള്‍ ചെയ്യുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും അവരുടെ പാളിച്ചകളില്‍ അല്ലാഹുവിനോട് പൊറുക്കല്‍ ചോദിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു: അല്ലാഹുവും അവന്റെ ദൂതരും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നുണ്ട്. പിന്നീട് അദൃശ്യവും ദൃശ്യവുമറിയുന്ന രക്ഷിതാവിന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്(സൂറത് തൗബ -94). തിരുനബി പറയുന്നു:  എന്റെ ജീവിതവും മരണവും നിങ്ങള്‍ക്ക് ഗുണകരമാണ്.  നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് പ്രദര്‍ശിപ്പിക്കപ്പെടും.വല്ല നന്മയും കണ്ടാല്‍ ഞാന്‍ സന്തോഷിക്കും. വല്ല തിന്മയും കണ്ടാല്‍ ഞാന്‍ പൊറുക്കല്‍ ചോദിക്കും. ഈ ഹദീസ് ഇമാം ബസ്സാര്‍ (റ)ഉദ്ധരിച്ചിട്ടുണ്ട്. ഭൗതിക ജീവിതത്തിലെന്ന പോലെ ബര്‍സഖീ ജീവിതത്തിലും തിരുനബി ഉമ്മത്തിന്റെ കാര്യത്തില്‍ ആധിയും സന്തോഷവും നിര്‍വൃതിയും താല്‍പര്യവും ആര്‍ദ്രതയും പ്രാര്‍ത്ഥനയുമൊക്കെ പുലര്‍ത്തുന്നു: ‘നിങ്ങള്‍ പ്രയാസപ്പെടുന്നത് ഏറെ പ്രയാസപ്പെടുത്തുന്ന, നിങ്ങളുടെ കാര്യത്തില്‍ ഏറെ താല്‍പ്പര്യമുള്ള , വിശ്വാസികളോട് ഏറെ കാരുണ്യ കൃപയുള്ള നിങ്ങളുടെ തന്നെ വര്‍ഗത്തില്‍ നിന്നുള്ള ഒരു ദൂതന്‍(റസൂല്‍) നിങ്ങള്‍ക്ക് ആഗതനായിരിക്കുന്നു.’ എന്ന് സാരമുള്ള വി.ഖു: തൗബ-128-ാം വചനം ഇതിനു മതിയായ തെളിവാണ്.’തീര്‍ച്ചയായും നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്‌കാരം നിലനിര്‍ത്തുന്നവരും സകാത്ത് കൊടുത്ത് വീട്ടുന്നവരുമായ സത്യവിശ്വാസികളുമാണ്’ (മാഇദ 55). ഈ സൂക്തത്തില്‍ നിന്ന് തിരുനബി വിശ്വാസികളുടെ സഹായിയാണെന്ന് വ്യക്തമാണ്. മേല്‍ സൂക്തങ്ങളിലെ സംബോധന ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണെന്നതിനോ ഒന്നാം വചനത്തിലെ ‘വിശ്വാസികള്‍’ എന്നത് കൊണ്ടും രണ്ടാം വചനത്തിലെ നിങ്ങള്‍ എന്നത് കൊണ്ടും വിവക്ഷിതം  ഒരു കാലഘട്ടത്തിലെ ജനങ്ങള്‍ മാത്രമാണെന്നോ പരിമിതപ്പെടുത്തുന്ന തെളിവുകളില്ല.ഖുര്‍ആന്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദിവ്യസന്ദേശമാണല്ലോ. അതില്‍ തിരുനബിയെ കുറിച്ച് പരാമര്‍ശിക്കുന്ന സൂക്തങ്ങളുടെ ആശയമാണ് മുകളില്‍. ‘റസൂല്‍’ എന്ന പദവി തിരുനബിയുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമൊന്നുമല്ല. മുഹമ്മദ് നബി അല്ലാഹുവിന്റെ ‘റസൂലാണ്’ എന്ന് സത്യസാക്ഷ്യം വഹിച്ചാല്‍ മാത്രമേ ഒരാള്‍ സത്യവിശ്വാസികയാവുകയുള്ളൂ. ‘റസൂലായിരുന്നു’വെന്ന സാക്ഷ്യം മതിയാവുകയില്ല. ആ ‘റസൂലി’ന്റെ സവിശേഷതകളാണ് എല്ലാ കാലത്തേക്കുമുള്ള മനുഷ്യര്‍ക്കായി ഖുര്‍ആന്‍ പറയുന്നത്.        തിരുദൂതര്‍ വിശ്വാസികളോട് അവരുടെ സ്വന്തം ശരീരങ്ങളേക്കാള്‍ ബന്ധപ്പെട്ടവരാണ് എന്ന് ആശയമുള്ള, സൂറ അഹ്‌സാബിലെ ആറാം സൂക്തം വിശദീകരിച്ച് ഇമാം മാവര്‍ദി (വിയോഗം: ഹി 450) തന്റെ തഫ്‌സീറില്‍ പറയുന്നു : ഈ സൂക്തത്തിന്റെ നാലാമത്തെ അര്‍ത്ഥ സാധ്യത ഇങ്ങനെയാണ.് പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കുന്നതിനും കടങ്ങള്‍ വീട്ടുന്നതിനുമൊക്കെ തിരുനബി വിശ്വാസികളുടെ കാര്യത്തില്‍ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ തിരുനബി തന്നെ പറഞ്ഞല്ലോ. ജനങ്ങളില്‍ വെച്ച് ഏതൊരു വിശ്വാസിക്കും  ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. തുടര്‍ന്ന് തിരുനബി ഉദ്ധൃത സൂക്തം ഓതാന്‍ പറഞ്ഞു. ശേഷം അവിടുന്ന് വിശദീകരിച്ചു: അതേ, ഏതെങ്കിലും ഒരാള്‍ മരിക്കുമ്പോള്‍ വല്ല സമ്പത്തും ബാക്കി വെച്ചിട്ടുണ്ടെങ്കില്‍ അത് അയാളുടെ ബന്ധുക്കള്‍ അനന്തരമെടുക്കട്ടെ. എന്നാല്‍ കടമോ നഷ്ടമോ ബാക്കി വെച്ചതെങ്കില്‍ എന്റെ അടുക്കല്‍ വരട്ടെ. ഞാന്‍ അവന്റെ സഹായിയാണ്.  ഹദീസിലെ ഏതൊരു വിശ്വാസി  എന്ന പ്രയോഗം എല്ലാ കാലത്തുമുള്ള വിശ്വാസികള്‍ക്കും ബാധകമാണ്.അവര്‍ പാപങ്ങള്‍ ചെയ്ത് സ്വശരീരങ്ങളെ അക്രമിച്ചാല്‍ അങ്ങയുടെ അടുക്കല്‍ വരികയും എന്നിട്ട് അവര്‍ അല്ലാഹുവിനോട് പൊറുക്കല്‍ തേടുകയും തിരുനബി അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട്   പാപമോചനം തേടുകയും ചെയ്താല്‍ അല്ലാഹുവിനെ കാരുണ്യവാനായും  പശ്ചാതാപം സ്വീകരിക്കുന്നവനായും അവര്‍ക്ക് കണ്ടെത്താനാവും(വി.ഖു: നിസാഅ് 64). ഈ സൂക്തം വിശദീകരിച്ചുകൊണ്ട് അല്ലാമാ ഇബ്‌നു കസീര്‍ പറയുന്നു: ‘പാപികളും ദോഷികളും  തിരുനബിയുടെ ചാരത്ത് ചെല്ലണം. തിരുചാരത്ത് വെച്ച് അവര്‍ അല്ലാഹുവിനോട് പൊറുക്കല്‍ ചോദിക്കണം. തങ്ങള്‍ക്ക് വേണ്ടി പാപമോചനം നടത്താന്‍ നബിയോടവര്‍ ആവശ്യപ്പെടുകയും വേണം എന്നാണ് ഈ സൂക്തത്തിലൂടെ അല്ലാഹു നിര്‍ദേശിക്കുന്നത്. അവര്‍  അങ്ങനെ ചെയ്താല്‍ അവരുടെ പാപം അല്ലാഹു പൊറുക്കും. പശ്ചാതാപം സ്വീകരിക്കും.’ ഈ വിശദീകരണത്തിന് ഉപോല്‍ബലമായി ഇബ്‌നു കസീര്‍ ഉതുബിയില്‍ നിന്ന് ഉദ്ധരിച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്. അതിങ്ങനെ: ‘ഞാന്‍ തിരുനബിയുടെ ഖബ്‌റിനരികിലിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ഗ്രാമവാസി അവിടെ വന്നുകൊണ്ട് അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ രക്ഷ അങ്ങയുടെ മേല്‍ ഉണ്ടായിരിക്കട്ടെ എന്ന് പറഞ്ഞ ശേഷം, അവര്‍ പാപങ്ങള്‍ ചെയ്ത് സ്വശരീരങ്ങളെ അക്രമിച്ചാല്‍ അങ്ങയുടെ അടുക്കല്‍ വരികയും എന്നിട്ട് അവര്‍ അല്ലാഹുവിനോട് പൊറുക്കല്‍ തേടുകയും തിരുനബി അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട്  പാപമോചനം തേടുകയും ചെയ്താല്‍ അല്ലാഹുവിനെ കാരുണ്യവാനായും  പശ്ചാതാപം സ്വീകരിക്കുന്നവനായും അവര്‍ക്ക് കണ്ടെത്താനാവും’ എന്ന് ആശയമുള്ള ഖ്വുര്‍ആന്‍ വചനം പാരായണം ചെയ്ത് കൊണ്ട് പറഞ്ഞു: എന്റെ പാപങ്ങളില്‍ നിന്ന് മോചനം തേടിക്കൊണ്ടും അല്ലാഹുവിലേക്ക് നിങ്ങളോട് ശിപാര്‍ശ തേടിക്കൊണ്ടും ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം യാ ഖൈറ മന്‍ ദുഫിനത്… ബില്‍ ഖാഇ അഅ്‌ളുമുഹൂ… എന്ന് തുടങ്ങുന്ന പദ്യം ചൊല്ലി. (ഈ പ്രദേശത്ത് ശരീരം അടക്കം ചെയ്യപ്പെട്ടവരില്‍ സമുല്‍കൃഷ്ടരേ… അത് കാരണമായി ഈ പ്രദേശമൊന്നാകെ സുഗന്ധപൂരിതമായിരിക്കുന്നു. എന്റെ ശരീരം അങ്ങ് വസിക്കുന്ന ഖബ്‌റിനു സമര്‍പ്പിതമാണ്. അതില്‍ വിശുദ്ധിയുണ്ട്. ആദരവുണ്ട്, ഔദാര്യവും. )ശേഷം അദ്ദേഹം അവിടെ നിന്നു പോയി. എനിക്കുറക്കം വന്നു. ഞാന്‍ ഉറക്കത്തില്‍ തിരുനബിയെ സ്വപ്‌നം കണ്ടു. അവിടുന്നെന്നോട് പറഞ്ഞു: ഉത്ബീ, അദ്ദേഹത്തിനടുത്തേക്ക് ചെന്ന് അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്ത വിവരം അറിയിക്കൂ. (തിരുനബിയെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് പറയാന്‍ പറ്റുന്ന നല്ല വാചകങ്ങളില്‍ ഒന്നായി ഈ ഗ്രാമവാസിയുടെ വാചകങ്ങള്‍ ഇമാം നവവി എണ്ണിയിട്ടുണ്ട്)’അല്ലാഹുവും അവന്റെ മലക്കുകളും തിരുനബിക്ക് സ്വലാത്ത് നിര്‍വഹിക്കുന്നു. വിശ്വാസികളേ നിങ്ങളും അവിടുത്തെക്ക് സ്വലാത്തും സലാമും നിര്‍വഹിക്കുക'(അഹ്‌സാബ്-56). ‘നിങ്ങളോട് ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ അതിനേക്കാള്‍ നല്ല രൂപത്തില്‍ നിങ്ങള്‍ പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കില്‍ അത് മടക്കുക'(നിസാഅ്-86). ഈ രണ്ട് ആയത്തുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം റാസി നടത്തിയ വിശകലനങ്ങള്‍ ഇങ്ങനെയാണ്: ”തിരുനബിക്ക് അഭിവാദ്യങ്ങളര്‍പ്പിക്കാന്‍(സ്വലാത്ത്, സലാം നിര്‍വഹിക്കാന്‍) അല്ലാഹു കല്‍പിക്കുന്നു. അല്ലാഹുവിന്റെ റഹ്മത് (കാരുണ്യം) അങ്ങേക്കുണ്ടാവട്ടെ എന്നാശംസയാണ് ആ അഭിവാദനത്തിലുള്ളത്. അഭിവാദനങ്ങള്‍ക്കു പ്രത്യഭിവാദനമായി കൂടുതല്‍ ഉത്തമമായത് നല്‍കണമെന്നാണ് (നിസാഅ് 86) മറ്റൊരു കല്‍പന. അതായത്  ഏതൊരു വിശ്വാസിയും തിരുനബിക്ക് സ്വലാത്ത് സലാമുകള്‍ അര്‍പ്പിക്കുമ്പോള്‍ തിരുനബി അതിനേക്കാള്‍ നല്ല പ്രത്യഭിവാദം അവര്‍ക്കും അര്‍പ്പിക്കുന്നു. അപ്പോള്‍ തിരുനബിക്ക് അല്ലാഹുവിന്റെ റഹ്മത്തിനായി വിശ്വാസി ഇരക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ റഹ്മത്ത് കിട്ടാനായി തിരുനബിയും ഇരക്കുന്നു. അത് തന്നെയാണ് ശഫാഅത്ത്. തിരുനബിയുടെ പ്രാര്‍ത്ഥന വൃഥാവിലാവില്ലല്ലോ.’തനിക്ക് ഏതൊരാള്‍ സലാം ചൊല്ലുമ്പോഴും  അല്ലാഹു എന്റെ റൂഹിനെ മടക്കിത്തരുമെന്നും അങ്ങനെ ഞാന്‍ ആ സലാമിന് മറുപടി നല്‍കുമെന്നും ആശയമുള്ള ഹദീസ് ഇമാം അഹ്മദ്, ബൈഹഖി, അബൂ ദാവൂദ് എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. റൂഹ് മടക്കപ്പെടുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശരീരത്തില്‍ നിന്ന് ആത്മാവ് പിരിയുകയും പിന്നീട് ശരീരത്തിലേക്ക് തന്നെ തിരിച്ച് വരികയുമല്ല. ഐഹിക ലോകത്ത് വഹ്‌യിന്റെ സമയത്തും മറ്റുമൊക്കെ അല്ലാഹുവുമായി മുശാഹദത്തിലാകുന്നത് പോലെ ബര്‍സഖീ ലോകത്ത് തിരുനബി ആത്മീയ ലോകത്തെ അവസ്ഥകളില്‍ വ്യാപൃതനാവുകയും തന്റെ നാഥന്റെ മുശാഹദത്തില്‍ നിമഗ്നനാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ മുശാഹദത്തില്‍ നിന്നുള്ള ഉണര്‍വുകളെയാണ് ഇവിടെ ആത്മാവിന്റെ തിരിച്ചുവരവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരുനബിക്ക് സ്വലാത്ത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ അവിടുത്തെ ബര്‍സഖീ ജീവിതത്തെ മനസ്സിലാക്കുന്നതിന് സഹായകമാണ്. ‘നിങ്ങളുടെ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് വെളളിയാഴ്ചയാണ്. അന്നാണ് ആദം നബിയെ പടക്കപ്പെട്ടത്. വിയോഗമുണ്ടായതും അന്നുതന്നെ. ഇനി അന്ത്യനാളും അന്ന്തന്നെ. അതിനാല്‍ അന്ന് നിങ്ങള്‍ എന്റെ മേല്‍ സ്വലാത്തുകള്‍ വര്‍ധിപ്പിക്കുക. കാരണം നിങ്ങളുടെ സ്വലാത്തുകള്‍ എനിക്ക് കാണിക്കുന്നുണ്ട്. അവര്‍ ചോദിച്ചു: എങ്ങനെയാണ് സ്വലാത്തുകള്‍ കാണിക്കുന്നത്. അങ്ങ് ദ്രവിച്ചു പോയിട്ടുണ്ടാവുകയില്ലേ. തിരുനബി പ്രതികരിച്ചു: തീര്‍ച്ചയായും അല്ലാഹു അമ്പിയാക്കളുടെ ശരീരം ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു.” (ബസ്സാര്‍, അബൂദാവൂദ്, നസാഇ, ഇബ്‌നു മാജ)അനസ്(റ) ഉദ്ധരിക്കുന്നു: തിരുനബി പറഞ്ഞു: ”എന്നോട് അന്ത്യനാളില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്നവര്‍ ദുന്‍യാവില്‍ എനിക്ക് ഏറ്റവും കൂടുതലായി സ്വലാത്ത് ചൊല്ലിയവരാണ്. ആരെങ്കിലും എനിക്ക് വെള്ളിയാഴ്ച്ച രാവും പകലും നൂറ് തവണ സ്വലാത്ത് ചൊല്ലിയാല്‍ അവന്റെ നൂറ് ആവശ്യങ്ങള്‍ അല്ലാഹു പൂര്‍ത്തിയാക്കി കൊടുക്കും. 70 പാരത്രിക ആവശ്യങ്ങളും 30 ഐഹിക ആവശ്യങ്ങളും. പിന്നീട് ഒരു മലക്ക് അവകളുമായി എന്റെ ഖബ്‌റിലേക്ക് വരും. സ്വലാത്ത് ചൊല്ലിയ ആളുടെ പേരും വിലാസവും എനിക്ക് പറഞ്ഞുതരും. അത് ഞാന്‍ ഒരു ധവള പത്രികയില്‍ സൂക്ഷിക്കും(ൈഹഖി).        അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു: തിരുനബി പറഞ്ഞു: ‘വീടുകളെ നിങ്ങള്‍ ശ്മശാനങ്ങളക്കരുത്. എന്റെ ഖബ്‌റിനെ ഉത്സവ സ്ഥലവുമാക്കരുത്. എന്റെ മേല്‍ നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. നിങ്ങളെവിടെയാണെങ്കിലും ആ സ്വലാത്തുകള്‍ എനിക്കെത്തിക്കപ്പെടും'(അബൂ ദാവൂദ്, ത്വബ്‌റാനി, ഇബ്‌നു അബീശൈബ).അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) ല്‍ നിന്ന്. തിരുനബി പറഞ്ഞു: ‘എന്റെ സമുദായത്തില്‍ നിന്ന് എനിക്ക് സലാം എത്തിക്കുന്ന സഞ്ചാരികളായ ഒരു വിഭാഗം മലക്കക്കുകള്‍ അല്ലാഹുവിനുണ്ട്’ (നസാഇ, ബസ്സാര്‍, ഇബ്‌നു അബീശൈബ).ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: തിരുനബി പറഞ്ഞു: ”മുഹമ്മദ് നബിയുടെ സമുദായത്തില്‍ നിന്ന് ഏതൊരാള്‍ സ്വലാത്ത് ചൊല്ലിയാലും അതവിടുത്തേക്ക് എത്തും. മലക്ക് പറയും: ഇന്ന വ്യക്തി നിങ്ങള്‍ക്ക് ഇത്ര ഇത്ര സ്വലാത്ത് ചൊല്ലിയിട്ടുണ്ട്’ (ബൈഹഖി).അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു: തിരുനബി പറഞ്ഞു: ”ആരെങ്കിലും എന്റെ ഖബ്‌റിനടുത്ത് നിന്ന് എനിക്ക് സ്വലാത്ത് ചൊല്ലിയാല്‍ ഞാന്‍ അത് (നേരിട്ട്) കേള്‍ക്കും.  എന്നാല്‍ വിദൂരത്ത് നിന്നാണ് ചൊല്ലുന്നത് എങ്കില്‍ എനിക്കത് എത്തിക്കപ്പെടും’ (ബൈഹഖി).(തുടരും)
ഫൈസല്‍ അഹ്‌സനി രണ്ടത്താണി