ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 2 May 2018

തറാവീഹും അൽ-ഹാവീയും വഹാബികളുടെ പുകമറയും ....


ഇമാം സുയൂഥി(റ) തന്റെ പ്രശസ്തമായ 'അൽ-ഹാവീ ലിൽ ഫതാവാ'യിൽ തറാവീഹ് നിസ്കാരത്തെ സംബന്ധിച്ച് നടത്തിയ ചർച്ചയിൽ നിന്ന് ചില ഭാഗങ്ങൾ അസ്ഥാനത്ത് ഉദ്ധരിച്ചു കൊണ്ട് പതിവു പോലെ വഹാബികൾ വിശ്വാസികളെ മുസ്.ലിം ഉമ്മത്തിന്റെ ഏകോപിത ചര്യകളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു.

വാസ്തവത്തിൽ ഇമാം അവർകൾ അവിടെ തറാവീഹ് എന്ന നിസ്കാരത്തെയോ അത് ഇരുപത് റക്.അത്ത് ആണെന്ന സ്വഹാബികളുടെ ഇജ്മാഇനെയോ മദ്.ഹബിന്റെ തീർപ്പുകളെയോ ഒരിക്കലും എതിർക്കുന്നില്ല. മറിച്ച് ഇരുപത് റക്.അത്ത് തറാവീഹ് നിസ്കാരം നബി(സ) പതിവാക്കിയിരുന്നില്ല എന്നും തറാവീഹ് നിസ്കാരം തന്നെ നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നുമുള്ള തന്റെ വാദം അവതരിപ്പിക്കുക മാത്രമാണ് ചെയതത്. അത് കൊണ്ട് അങ്ങനെ ഒരു നിസ്കാരം ദീനിൽ ഇല്ലെന്നൊന്നും അദ്ദേഹം വാദിക്കുന്നില്ല. ഈ നിസ്കാരം സ്വഹാബത്തിന്റെ ചര്യയിലൂടെയും ഇജ്മാഇലൂടെയും ദീനിൽ സ്ഥിരപ്പെട്ടതാണെന്ന കാര്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്യുന്നു. നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല എന്ന ദീനീവിരുദ്ധമായ വഹാബിയൻ ചിന്താഗതികൾ കൊണ്ട് നടക്കുന്നവരല്ലല്ലോ ഇമാമുമാർ.

റമളാനിൽ തറാവീഹ് എന്ന പുണ്യനിസ്കാരം ഉണ്ടോ ഇല്ലേ എന്നല്ല ഇമാം നടത്തിയ ചർച്ചയുടെ മർമ്മം. മറിച്ച് നബി(സ) ഇരുപത് റക്.അത്ത് തറാവീഹ് നിസ്കരിച്ചിരുന്നുവോ ഇല്ലയോ എന്ന് മാത്രമാണ്. ഇല്ല എന്നാണ് ഇമാമിന്റെ അഭിപ്രായം. അതു കൊണ്ട് ഇരുപത് റക്.അത്ത് നിസ്കാരം ദീനിൽ നിന്ന് പുറത്ത് പോകുന്നില്ലല്ലോ - കാരണം അതിനു സ്വഹാബത്തിന്റെ ഇജ്മാഅ് ആകുന്ന ശക്തമായ പ്രമാണത്തിന്റെ പിൻ.ബലമുണ്ട്. ഇരുപത് റക്.അത്ത് നിസ്കരിച്ചില്ല എന്നത് കൊണ്ട് തറാവീഹ് എട്ടാണെന്നും വരില്ലല്ലോ - കാരണം സ്വഹാബികൾ നിസ്കരിച്ചത് ഇരുപതാണെന്നത് സ്ഥിരപ്പെട്ട കാര്യവുമാണ്. അവരാണ് നബി(സ)യുടെ പിന്നിൽ നിന്ന് നിസ്കരിച്ചവരും നബി(സ) ചര്യയെ അണുമണിത്തൂക്കം പിന്തുടരുന്നവരും.
നബി(സ) നിസ്കരിച്ച തറാവീഹ് എട്ടാണ്, അതു കൊണ്ട് ഞങ്ങളും എട്ട് നിസ്കരിക്കുന്നു എന്ന് വാദിക്കുന്ന വഹാബികൾക്ക്, നബി(സ) തറാവീഹേ നിസ്കരിച്ചില്ല എന്ന് വാദിക്കുന്ന ഇമാം സുയൂഥി(റ) എങ്ങനെയാണ് തെളിവാകുന്നത്???

തന്റെ അഭിപ്രായത്തെ സാധൂകരിക്കാൻ ഇമാം അവതരിപ്പിച്ച ന്യായങ്ങൾ ഉദ്ധരിച്ചാണ് ഇവിടെ വഹാബികൾ പുകമറ സൃഷ്ടിക്കുന്നത്. ആ ന്യായങ്ങളും അതിന്റെ യാഥാർത്ഥ്യങ്ങളും ആണ് താഴെ. ഇതിൽ എന്താണ് വഹാബികൾക്ക് നുണയാൻ ഉള്ളതെന്ന് നോക്കാമല്ലോ ...

ഒന്നാമത്തെ ന്യായം:

‘നബി(സ) ജനങ്ങൾക്ക് ഇമാമായി ഇരുപത് റക്.അത്തും മൂന്ന് റക്.അത്ത് വിത്.റും നിസ്കരിച്ചു എന്ന ഇബ്നു അബീശൈബ തന്റെ മുസ്നദിൽ ഉദ്ധരിച്ച ഇബ്നുഅബ്ബാസ്(റ)നെ തൊട്ടുള്ള ഹദീസ് ളഈഫാണ്’

അതെ, ഈ ഹദീസ് ളഈഫ് തന്നെയാണ്. ഇതിന്റെ നിവേദന പരമ്പരയിൽ ഇബ്രാഹീം ബ്ൻ ഉസ്മാൻ എന്ന അബൂശൈബ ഉണ്ട്. അദ്ദേഹം ബലഹീനനാണ് എന്ന കാര്യത്തിൽ മുഹദ്ദിസുകൾ എല്ലാം യോജിച്ചിരിക്കുന്നു. അതു കൊണ്ട് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ നബി(സ) തറാവീഹ് നിസ്കരിച്ചു എന്ന് സ്ഥിരപ്പെടുന്നില്ല എന്നാണ് ഇമാം സുയൂഥി(റ) പറയുന്നത്.

ഇവിടെ വഹാബികൾ ഒരു കാര്യം മനസ്സിലാക്കണം. സുന്നികൾ ആരും ഈ ഹദീസ് ഇരുപതിനു തെളിവായി വഹാബികളുടെ മുമ്പിലേക്ക് കൊണ്ട് വരാറില്ല. അതു കൊണ്ട് ഈ വാചകം പൊക്കിപ്പിടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നിൽക്കണ്ട.

രണ്ടാമത്തെ ന്യായം:

നബി(സ)യുടെ റമളാനിലെ നിസ്കാരത്തെ കുറിച്ച് ആഇഷബീവി(റ)യോട് ചോദിക്കപ്പെട്ടപ്പോൾ മഹതി മറുപടി പറഞ്ഞത് നബി(സ) റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്നിൽ കൂടുതൽ നിസ്കരിക്കാറില്ല എന്നായിരുന്നു.

ഇത് കണ്ട് വഹാബികൾ ചാടാറുണ്ട്. പാവങ്ങൾ കാര്യം മനസ്സിലാക്കാതെ ചാടി വീഴുകയാണ്. എന്തിനാണ് ഇമാം ഇത് പറഞ്ഞതെന്ന് അവർക്ക് മനസ്സിലായില്ല. അത് മനസ്സിലാകണമെങ്കിൽ ആദ്യം തന്നെ ഇമാമിന്റെ വാദം എന്താണെന്ന് അറിയേണ്ടേ? തറാവീഹ് നബി(സ)യുടെ പതിവിൽ പെട്ടതായിരുന്നില്ല എന്നാണ് ഇമാമിന്റെ വാദം. അത് സ്ഥാപിക്കാനാണ് ഈ ന്യായം ഇമാം കൊണ്ട് വന്നത്. അഥവാ, നബി(സ) റമളാനിൽ തറാവീഹ് നിസ്കരിച്ചിരുന്നു എങ്കിൽ അത് ആഇഷബീവി(റ)ക്ക് തീർച്ചയായും അറിയുമായിരുന്നു. അപ്പോൾ റമളാനിലെ നിസ്കാരത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയിൽ തീർച്ചയായും മഹതി അത് കൂടി പറയുമായിരുന്നു. എന്നാൽ മഹതി തറാവീഹിനെ കുറിച്ച് ഒന്നും പരാമർശിക്കാതെ, വിത്.റിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. അപ്പോൾ മനസ്സിലായി തറാവീഹ് നബി(സ)യുടെ റമളാനിലെ പതിവ് ആയിരുന്നില്ല എന്ന്. ഇതാണ് ഇമാമിന്റെ ന്യായം. ഇതുണ്ടോ വഹാബികൾക്ക് തിരിയുന്നു?

മൂന്നാമത്തെ ന്യായം:

ഉമർ(റ) തറാവീഹിനെ സംബന്ധിച്ച് 'ഇത് എത്ര നല്ല ബിദ്.അത്താണ്' എന്ന് പറഞ്ഞത് സ്വഹീഹുൽ ബുഖാരിയിലൂടെ സ്ഥിരപ്പെട്ടതാണ്
إنه قد ثبت في صحيح البخاري عن عمر أنه قال في التراويح نعمت البدعة هذه والتي ينامون عنها أفضل فسماها بدعة يعني بدعة حسنة وذلك صريح في أنها لم تكن في عهد رسول الله صلى الله عليه وسلم

ഇവിടെ വഹാബികളുടെ എല്ലാ കുതന്ത്രങ്ങളും തകർന്ന് തരിപ്പണമാവുന്നു. കാരണം ഇമാം സുയൂഥി(റ) ഉമർ(റ)വിന്റെ "ഇത് എത്ര നല്ല ബിദ്.അത്താകുന്നു" എന്ന പ്രസ്താവന എടുത്തു കൊണ്ട് വാദിക്കുന്നത് എന്താണ്? ഇത് നബി(സ)യുടെ കാലത്ത് ഈ നിസ്കാരം ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണ് എന്ന്. കാരണം നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ അതിനെ നല്ല ബിദ്.അത്ത് എന്ന് പറയില്ലല്ലോ? അപ്പോൾ കാര്യം വളരെ വ്യക്തമാണ്, ഇമാം സുയൂഥി(റ)യെ സംബന്ധിച്ച് ഇത് നബി(സ) നിസ്കരിച്ച നിസ്കാരമേ അല്ല. എന്നിട്ടാണോ നബി നിസ്കരിക്കാത്ത നിസ്കാരത്തിന്റെ എണ്ണത്തിന് വഹാബികൾ ഇമാം സുയൂഥിയുടെ കിതാബ് തെളിവായി കൊണ്ട് വരുന്നത്? പരമ വിഡ്ഢിത്തം. അത് പോലെ തന്നെ ആഇഷ ബീവി(റ)യുടെ പതിനൊന്നിന്റെ ഹദീസിനെ ഒരിക്കലും ഇമാം സുയൂഥി(റ) തറാവീഹ് ആയി കണ്ടിട്ടില്ല എന്നും ഉറപ്പായി. കാരണം തറാവീഹ് നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നാണു ഇമാം അവർകൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത്.

ഈ ന്യായത്തിന്റെ തുടർച്ചയായി ഇമാം സുയൂഥി(റ) ഇമാം ഷാഫി(റ)യും മറ്റു ഇമാമുമാരും ബിദ്.അത്തിനെ വർഗീകരിച്ച രീതിയും മറ്റു ചര്ച്ചകളും കൊണ്ട് വരുന്നുണ്ട്. മൗലിദ് ആഘോഷം നല്ല ബിദ്.അത്ത് ആണെന്ന് സ്ഥാപിക്കാൻ ഇതേ ഇമാം സുയൂഥി(റ) തന്നെ ഇതേ അൽ-ഹാവീയിൽ തന്നെ ഉദ്ധരിച്ച അതെ ഇബാറത്തുകൾ. വഹാബികൾക്ക് അടുത്ത ഇരുട്ടടി. അപ്പോൾ മൗലിദ് ആഘോഷം പോലെ തന്നെ നബി(സ)യുടെ കാലത്ത് ഇല്ലാതിരുന്ന, പിന്നീട് പ്രാബല്യത്തിൽ വന്ന ഒരു പുണ്യകർമ്മം ആയിട്ട് തന്നയാണ് ഇമാം അവർകൾ തറാവീഹിനെയും കാണുന്നത് .....ഓ വഹാബികളെ അൽഹാവീയും പൊക്കിപ്പിടിച്ചു വരുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ ....

ഈ ന്യായത്തിന്റെ അവസാനമായി ഇമാം ഇത് കൂടി പറയുന്നു. ഇനി വഹാബികൾ ഹാവിയിൽ ഇരുപതിനു തെളിവ് എവിടെ എന്ന് ചോദിച്ചു വരരുത്.
وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة ولو كان ذلك على عهد رسول الله صلى الله عليه وسلم لذكره فإنه أولى بالإسناد وأقوى في الاحتجاج

"ഇമാം ബൈഹഖിയുടെ സുനനിലും മറ്റും സ്വഹാബിയായ സാഇബ് ബിന് യസീദിനെ തൊട്ട് സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉമർ(റ)വിന്റെ കാലത്ത് റമളാനിൽ അവർ ഇരുപത് റക്അത്ത് നിസ്കരിക്കുന്നവരായിരുന്നു എന്ന്. ഇത് നബി(സ)യുടെ കാലത്ത് ആയിരുന്നെങ്കിൽ അതാകുമായിരുന്നല്ലോ പ്രഥമമായി ഉദ്ധരിക്കുക. കാരണം പാരമ്പര്യം കൊണ്ട് ഏറ്റവും ബന്ധപ്പെട്ടതും തെളിവുകൾ കൊണ്ട് ഏറ്റവും ആധികാരികമായതും അതാണല്ലോ."

അൽ ഹാവീയിൽ ആഇഷ(റ)വിന്റെ പതിനൊന്നിന്റെ ഹദീസ് തറാവീഹ് എട്ടാണെന്നതിനു ഇമാം സുയൂഥി(റ) തെളിവാക്കിയിട്ടുണ്ട് എന്ന് റമളാൻ മാസത്തിൽ ഉളുപ്പ് ഇല്ലാതെ പച്ചക്കള്ളം വിളമ്പിയ വഹാബിക്ക് ഇവിടെ ഇമാം തന്നെ ഒന്നാം നമ്പർ ആപ്പ് വെക്കുന്നു. അഥവാ, തറാവീഹ് സംബന്ധിച്ച് നബി(സ)യുമായി ബന്ധപ്പെട്ട് ഒരു സ്വഹീഹായ ഹദീസും ഇല്ലെന്നു. അപ്പോൾ ആഇഷ(റ) പറഞ്ഞ നിസ്കാരം സംബന്ധിച്ച് ഇമാമിന്റെ നിലപാട് എന്താണ് വഹാബികളെ? തറാവീഹ് ആണെന്നോ അതോ വിത്ർ ആണെന്നോ? അറിയാൻ താത്‌പര്യം ഉണ്ട് ...

നാലാമത്തെ ന്യായം:

പണ്ഡിതന്മാർ ഈ നിസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തെ സംബന്ധിച്ച് ഭിന്നിച്ചിട്ടുണ്ട്. ഈ നിസ്കാരം നബി(സ)യിൽ നിന്ന് നേരിട്ട് ഉദ്ധരിക്കപ്പെട്ടതാണെങ്കിൽ ഇതിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ അവർ ഒരിക്കലും ഭിന്നിക്കുമായിരുന്നില്ല. റവാതിബും വിത്റും പോലെ ഈ നിസ്കാരവും (റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ തർക്കമില്ലാത്തത്) ആകുമായിരുന്നു.

ഇവിടെ ഇമാം ഉദ്ദേശിക്കുന്ന ഭിന്നത മദീനയിൽ ഇമാം മാലിക്(റ) അടക്കം ആളുകൾ വിത്ർ കൂടാതെ മുപ്പത്തി ആറു നിസ്കരിക്കുന്നതിനെയും മറ്റും ആണ്. അത് ഇമാം തന്നെ വ്യക്തമാക്കുന്നുമുണ്ട്.

ഇവിടെ ഇമാം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. അഥവാ വഹാബികൾ കരുതുന്നത് പോലെ, വിത്റിന്റെ കാര്യത്തിൽ ഇമാമിന് ഒരു തർക്കവും ഇല്ല.

അഞ്ചാമത്തെ ന്യായം:

ഇതും നാലാമത്തെ ന്യായത്തിനു സമാനം തന്നെയാണ്. അഥവാ, മക്കക്കാർ ഓരോ നാല് റക്അത്തുകൾക്കും ഇടയിൽ ഓരോ തവാഫും രണ്ടു റക്അത്ത് സുന്നത്തും കൂടി നിർവഹിച്ചു പോരുന്നതിനാൽ മദീനക്കാർ ഓരോ നാല് റക്അത്തുകൾക്കും ഇടയിൽ വേറെ നാല് റക്അത്തു സുന്നത്ത് കൂടി നിർവഹിച്ചു പോരുന്നു. അങ്ങനെ അവർ മുപ്പത്തി ആറ് നിസ്കരിക്കുന്നു. ഈ നിസ്കാരം നബി(സ)യിൽ നിന്ന് നേരിട്ട് മാതൃക ഉള്ളത് ആയിരുന്നെങ്കിൽ ഈ നിസ്കാരത്തിനു എല്ലാ സ്ഥലത്തും ഒരു ഏകീകൃത രൂപം ഉണ്ടാകുമായിരുന്നു എന്നാണു ഇമാം സൂചിപ്പിക്കുന്നത്.

കൂട്ടത്തിൽ ഇമാം ഇതും കൂടി പറയുന്നു. വഹാബിക്ക് അവസാനത്തെ പ്രഹരം. "മദ്ഹബിന്റെ കിതാബുകൾ വിശേഷിച്ചും ഇമാം നവവിയുടെ(റ) 'ശറഹുൽ മുഹദ്ദബ്' പരിശോധിക്കുന്ന ഒരാൾക്ക് ഈ നിസ്കാരത്തിന്റെ വഖ്ത്തിനെ സംബന്ധിച്ചും ഖിറാഅത്തിനെ സംബന്ധിച്ചും ജമാഅത്തിനെ സംബന്ധിച്ചും എല്ലാം ഉള്ള തെളിവുകൾ സ്വഹാബികളുടെ പ്രവർത്തനങ്ങൾ ആയി ആണ് കൊടുത്തിട്ടുള്ളത് എന്ന് കാണാം. സത്യത്തിൽ ഈ ഒരു അമൽ നബി(സ) അനുഷ്ടിച്ചിരുന്നു എങ്കിൽ ഈ കാര്യങ്ങൾക്കൊക്കെ ഉള്ള തെളിവുകൾ നബി(സ)യിലേക്ക് ചേർത്തി പറയുന്ന റിപ്പോർടുകൾ ആകുമായിരുന്നു".

അങ്ങനെ നബി(സ)യിലേക്ക് ചേർത്തി പറയുന്ന റിപ്പോർടുകൾ ഈ നിസ്കാരത്തെ സംബന്ധിച്ച് ഫിഖ്ഹിന്റെ കിതാബുകളിൽ കാണുന്നില്ല എന്നതിനാൽ ഇത് നബി(സ)യുടെ ചര്യയിൽ പെട്ടതല്ല എന്നാണു ഇമാം അവർകൾ വാദിക്കുന്നത്.

അവസാനമായി ഒരു കാര്യം ഒന്ന് കൂടി ഉണർത്തുന്നു. തറാവീഹ് എന്ന പുണ്യ നിസ്കാരം ഇല്ലെന്നോ, നബി(സ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ആ നിസ്കാരം പാടില്ലെന്നോ, അത് ഇരുപത് റക്അത്ത് അല്ലെന്നോ അല്ല ഇമാം അവര്കളുടെ വാദം. അതെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ ഇമാം അവർകൾ വാദിക്കുന്നത് നബി(സ) ഈ നിസ്കാരം നിർവഹിച്ചിട്ടില്ല, ഇത് അവിടുത്തെ പതിവ് ആയിരുന്നില്ല, അവിടുത്തെ കാലത്ത് ഈ നിസ്കാരം അറിയപ്പെട്ടിട്ടില്ല എന്നൊക്കെയാണ്. തികച്ചും വൈജ്ഞാനികമായ ഒരു ചർച്ച. അല്ലാതെ മദ്ഹബിൽ തീര്പ്പ് കല്പിക്കപ്പെട്ട ഒന്നിനെയും തിരുത്തുന്ന ലക്ഷ്യത്തിലുള്ള ഒരു വാദവും ഇമാം അവർകൾ ഉന്നയിച്ചിട്ടേ ഇല്ല. വിജ്ഞാന സാഗരങ്ങളിൽ മുങ്ങി തപ്പുന്ന ഇമാമുമാരെ സംബന്ധിച്ച് ഇത്തരം ചർച്ചകൾ സ്വാഭാവികം മാത്രം ....