ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 16 May 2018

റമളാൻ - അരനൂറ്റാണ്ടപ്പുറത്തെ ആ നോമ്പുജീവിതം

കൂരയെന്നുപോലും വിളിക്കാനാവാത്ത കുടിലുകള്‍. ഓല മേഞ്ഞ മണ്‍പുറ്റുകള്‍. കരിക്കട്ട തേച്ച ചുമരുകള്‍. ഓടു മേഞ്ഞ പുരകള്‍ വിരളം. നാടെങ്ങും ദാരിദ്ര്യം. പട്ടിണി. ബുദ്ധിയുറച്ച കുട്ടികള്‍ പോലും വിശന്നു കരയുന്ന കാലം. ‘പട്ടിണിമരുന്ന് ‘ കണ്ടെത്താനാകാതെ മാതാപിതാക്കള്‍ പരുങ്ങുന്ന വീടുകള്‍. അരിയും മറ്റു ഭക്ഷ്യപദാര്‍ത്ഥങ്ങളുമായിരിക്കും ചിലപ്പോള്‍ പണിക്കൂലി. സ്വര്‍ണം പൊതിയുന്നതുപോലെ ഭക്ഷ്യവസ്തുക്കളുമായി വീട്ടിലെത്തുന്ന ഉപ്പമാരെ കാണുമ്പോള്‍ കരഞ്ഞുകലങ്ങിയ കുഞ്ഞുകണ്ണുകളില്‍ സന്തോഷം വന്നുനിറയും. കലത്തിലിട്ട അരി അടുപ്പത്ത് വെച്ച് കണ്ണീര്‍ തുടച്ച് തവിയിളക്കുന്ന മാതൃമനസുകള്‍.

അതായിരുന്നു കുട്ടിക്കാലം. മണ്ണിനും സഹജീവികള്‍ക്കും നന്മയുടെ ഹൃദയ വായ്പുകള്‍ പകര്‍ന്നു നല്‍കുന്ന കൃഷിയുടെയും കര്‍ഷകരുടെയും കാലം. കൃഷി കഴിഞ്ഞ് മാത്രം മറ്റൊരു ജോലിയിലേക്ക് തിരിയുന്ന കാലം. ഉഴുതു മറിക്കുക, നെല്ല് വിതറുക, ഞാറ് നടുക, കൊയ്‌തെടുക്കുക, നെല്ല് കുത്തുക, പൂളയും പയറും നടുക, പറിക്കുക ഇതൊക്കെയായിരുന്നു പ്രധാന തൊഴിലുകള്‍. കലപ്പ, കാള തുടങ്ങിയവ കര്‍ഷകന്റെ അന്തസ്സായിരുന്നു. എനിക്കിത്ര പറ കൃഷിയുണ്ടെന്ന് പറയുന്നത് ഒരു അഭിമാനമായിരുന്നു അക്കാലത്ത്.

വിശ്വാസം വരുന്നില്ലേ. പഴയ കാലം അങ്ങനെയായിരുന്നു. എന്നിരുന്നാലും ധാര്‍മിക കാര്യങ്ങള്‍ അവര്‍ക്ക് ജീവനുതുല്യം. ദരിദ്രമായ അവസ്ഥയിലും ദാരിദ്രമില്ലാതിരുന്ന ഒന്നേയൊന്ന് ദീനീ വിഷയങ്ങള്‍ക്കായിരുന്നു. മിക്കവീടുകളിലും ഖുര്‍ആന്‍ ഓത്തുകള്‍, മൗലീദ് പാരായണങ്ങള്‍, റബീഉല്‍ അവ്വല്‍ ആഘോഷങ്ങള്‍, മരണവീട് സന്ദര്‍ശനം, രോഗശയ്യയിലായവരെ സമാശ്വസിപ്പിക്കല്‍.

വീടുകളായിരിക്കും ആശുപത്രി. ഖുര്‍ആനായിരിക്കും ചികിത്സ. സുഖക്കേടുകള്‍ മാരകമായി വളര്‍ന്നാല്‍ ഡോക്ടര്‍മാര്‍ കൈയ്യൊഴിയും. പിന്നെ ആശുപത്രിയില്‍ കിടത്തി ബുദ്ധിമുട്ടിക്കില്ല. വീട്ടിലേക്ക് കൊണ്ടുവരും. ബുര്‍ദ ചൊല്ലി മന്ത്രിക്കും. ദിക്‌റിലും സ്വലാത്തിലും അഭയം പ്രാപിക്കും.

കട്ടിലുളള വീടുകള്‍ അപൂര്‍വമായിരുന്നു. ഒരു കീറപ്പായ അല്ലെങ്കില്‍ ഒരു കീറപ്പുതപ്പ്. എല്ലാവര്‍ക്കും കൂടി ഒരു ചെരിപ്പ്. പുറത്തുള്ള കിണ്ടിയില്‍ നിന്നും വുളൂ എടുത്ത് ആ ചെരിപ്പ് ധരിച്ച് പായയില്‍ വന്ന് നിസ്‌കരിക്കും. ഒരേ പാത്രത്തിലുണ്ട് ഒരേ പായയിലുറങ്ങി എന്നൊക്കെ പറയാറില്ലേ, പണ്ടു കാലങ്ങളില്‍ അത് യാഥാര്‍ത്ഥ്യമായിരുന്നു. വലിയ പാത്രമില്ലെങ്കില്‍ വാഴയില ഉപയോഗിക്കും. ഒരാള്‍ കുഴച്ചത് മറ്റൊരാള്‍ക്ക് തിന്നാന്‍ മടിയില്ല.

സ്‌നേഹം പൂത്തു നിന്ന അക്കാലത്തേക്ക് റമളാന്‍ എത്തുന്നു എന്നറിഞ്ഞാല്‍ വലിയ സന്തോഷമാണ്. പ്രധാനമായും ആരാധനാ കര്‍മങ്ങളില്‍. മുന്‍ മാസങ്ങളെ അപേക്ഷിച്ച് വന്‍ പ്രതിഫലമാണല്ലോ ഇബാദത്തുകള്‍ക്ക് നല്‍കപ്പെടുന്നത്. പിന്നെ പട്ടിണി. പണക്കാരും പാവപ്പെട്ടവരും ഒരുപോലെ വിശപ്പറിയുന്ന മാസമായതിനാല്‍ കുറച്ച് ഭക്ഷണമേ ആവശ്യമുണ്ടാകൂ. അതുതന്നെ മാസങ്ങളായി നീക്കിയിരുപ്പ് നടത്തി കരുതി വെച്ചതായിരിക്കും. അരി പൊടിപ്പിച്ചുവെക്കും. മല്ലിയും മുളകും ശരിയാക്കി വെക്കും.

പണ്ടുകാലത്തെ താരതമ്യപ്പെടുത്തി ഇക്കാലത്തെ വിലയിരുത്തുമ്പോള്‍ പഴയ ആവേശമൊക്കെ ചോര്‍ന്നൊലിച്ചതായി കാണാം. ഇന്നത്തെ പോലെ ഹാ.. റമളാനല്ലെ.. അത് വരുമ്പോള്‍ വരും. പകലന്തിയോളം പട്ടിണികിടന്നതിന് ഒന്നായി വെട്ടിവിഴുങ്ങി പകരം വീട്ടാം എന്ന മനോഭാവമല്ല. എല്ലാവര്‍ക്കും വല്ലാത്ത ഉത്സാഹമായിരുന്നു. കരന്റില്ലാത്ത, പെയിന്റടിക്കാത്ത, സോഫാ സെറ്റോ കട്ടിലോ ഇല്ലാത്ത അകത്ത് കടന്നാല്‍ തല മുട്ടുന്ന കുടിലുകളാണെങ്കിലും റമളാന്‍ വരുന്നതിന് ഒരാഴ്ച്ച മുമ്പേ പൊടിതുടച്ച് ചെളിചുരണ്ടി മാറാല തട്ടി മംഗല്യത്തിനെന്ന പോലെ അണിയിച്ചൊരുക്കും. നനച്ചുകുളി എന്നാണ് പറയുക. ഇന്നും അപൂര്‍വ വീടുകളില്‍ അതുണ്ടെങ്കിലും ഒരു മാമൂല്‍ പോലെയാണ്.

‘മാസം കാണല്‍’ നേരമാണ് രസകരം. ആശയുടെയും ആശങ്കയുടെയും കാത്തിരിപ്പിന്റെയും നിമിഷങ്ങള്‍.. ഇന്നത്തെപോലെ ഉറങ്ങിക്കിടക്കില്ല. അമ്പിളി വിരിഞ്ഞത് അറിയാനായി ഉറക്കമിളച്ച് കാത്തിരിക്കും. ടെലിഫോണോ വേഗതയാര്‍ന്ന മറ്റു കമ്മ്യൂണിക്കേഷന്‍ മാര്‍ഗങ്ങളോ ഇല്ലാത്തതിനാല്‍ ഖാളിയില്‍ നിന്നുള്ള വിവരം ദൂരെ നിന്നും അറിഞ്ഞിട്ടു വേണം ഉറപ്പിക്കാന്‍. ഓരോ പ്രദേശത്തുള്ള ആളുകള്‍ ഖാളിയുടെയോ ഖതീബിന്റെയോ കമ്മിറ്റിക്കാരുടെയോ അടുത്തേക്ക് പോകും. മാസം കണ്ട വിവരം അവര്‍ നേരത്തെ അറിഞ്ഞിരിക്കും. ആറ്റുപുറമെന്ന എന്റെ നാട്ടില്‍ ഓരു ഖാളിയുണ്ടെങ്കിലും പാണക്കാട് പൂക്കോയ തങ്ങള്‍ പറഞ്ഞിട്ടാണ് സാധാരണ ഗതിയില്‍ നോമ്പ് ഉറപ്പിക്കാറുള്ളത്.

കമ്മിറ്റിയില്‍ നിന്ന് ഒരു പ്രതിനിധിയെ നേരത്തെ പാണക്കാട്ടേക്ക് പറഞ്ഞയച്ചിരിക്കും. മാസം കണ്ടതും കാണാത്തതുമായ വിവരങ്ങള്‍ അങ്ങനെയാണ് അറിയുന്നത്. ഗതാഗത സൗകര്യങ്ങള്‍ അത്യപൂര്‍വ്വമായ കാലമാണ്. മിക്കയാളുകളും നാട്ടിന്‍പുറങ്ങളില്‍ നിന്നും പുറപ്പെട്ട വണ്ടികളില്‍ പൊത്തിപ്പിടിച്ചോ പാണ്ടി ലോറികളില്‍ സഹായം ചോദിച്ചോ ആയിരിക്കും തിരിച്ചെത്തുക. കോട്ടക്കലോ രണ്ടത്താണിയിലോ എത്തുമ്പോഴേക്കും പാതിരാത്രിയും പിന്നിട്ടിരിക്കും. പിന്നീട് വല്ല ചൂട്ടും കത്തിച്ചാണ് വീടുകളിലേക്ക് തിരിച്ചെത്തുക. വീട്ടുകാരപ്പോഴും കാത്തിരിപ്പില്‍ തന്നെയായിരിക്കും. ഇനി കിടന്നു കഴിഞ്ഞാലും ആളനക്കം കേട്ടാല്‍ ഉണരാവുന്നതേ ഉണ്ടാവൂ.
റമളാന്‍ പിറന്നില്ലെങ്കില്‍ അധികമൊന്നും അറിയിപ്പുണ്ടാവില്ല. പിറന്നു കഴിഞ്ഞെങ്കില്‍ കൂവി അറിയിപ്പുകള്‍ ചുറ്റും അലയടിക്കും. ‘മാസം കണ്ടേയ് കൂയ്.. നാളെ റമളാനാണേയ് കൂയ്..’ പള്ളികളില്‍ നിന്ന് ഖുര്‍ആനും റമളാനിലെ ദിക്‌റുകളും അലയടിക്കും. അറിഞ്ഞവര്‍ മറ്റുള്ളവരെ അറിയിക്കും. അത് അന്നത്തെ ആളുകള്‍ തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ ഭാഗമായിരുന്നു. ഇന്നത്തെപ്പോലെ സ്വന്തമായി എഴുന്നേറ്റ് ഒറ്റക്ക് അത്താഴം കഴിക്കുന്ന രീതിയല്ല. അയലത്തേക്കൊക്കെ നോക്കി വെളിച്ചം കാണാത്ത വീട്ടുകാരെ വിളിച്ചുണര്‍ത്തും.
ഇന്നത്തെപ്പോലെ അങ്ങുമിങ്ങും ചിന്നിച്ചിതറിയ അണുകുടുംബമല്ല. വാച്ചോ അലാറങ്ങളോ ഇല്ല. സമയം നോക്കാന്‍ പുറത്തിറങ്ങണം. മാനത്തേക്ക് നോക്കി നിശ്ചിത നക്ഷത്രം കണ്ടു കഴിഞ്ഞാല്‍ ഏകദേശ സമയം പറയാന്‍ കഴിവുള്ള വ്യക്തികള്‍ അന്നുണ്ടായിരുന്നു. പുരയിലെ പ്രായമുള്ളവര്‍ക്ക് അക്കാര്യത്തിലൊക്കെ വലിയ ശ്രദ്ധയായിരുന്നു. അവര്‍ ഇടക്കിടെ ഉണര്‍ന്നുകൊണ്ടിരിക്കും. പൊറുതികേടോടെ പുറത്തിറങ്ങും. ഇന്നു നേരെ തിരിച്ചാണ്. എല്ലാരും നിരാശ്രയരാണ്. ആര്‍ക്കും ആരെയും ബന്ധപ്പെടേണ്ടതില്ല. അലാറമുണ്ട്. മറ്റു സൗകര്യങ്ങളുണ്ട്. പരസ്പര ബന്ധമില്ലാത്തതിനാല്‍ ഒരാള്‍ അത്താഴം കഴിച്ചെന്നോ കഴിച്ചില്ലെന്നോ അറിയില്ല. ആര്‍ക്കും അറിയേണ്ടതുമില്ല.

അത്താഴ സമയത്തെ മഹത്വം പ്രമാണിച്ച് ചെറിയ കുട്ടികള്‍ പോലും വിളിച്ചുണര്‍ത്തപ്പെടും. ഉമ്മമാര്‍ നിയ്യത്തു വെച്ചുകൊടുത്ത് നോമ്പ് നോല്‍ക്കാനുള്ള പ്രേരണ നല്‍കും. കുട്ടികള്‍ വലിയ ആവേശത്തിലായിരിക്കും. അത്താഴത്തിന് അവരെ വിളിച്ചില്ലെങ്കില്‍ രാവിലെ എഴുന്നേറ്റാല്‍ കുറുമ്പ് കാട്ടും. ചെറിയൊരു ക്ഷീണമുണ്ടാകുമ്പോഴേക്കും നിര്‍ബന്ധിപ്പിച്ച് നോമ്പ് മുറിപ്പിക്കുന്ന ഉമ്മമാര്‍ അന്നില്ലാത്തതിനാല്‍ മിക്ക കുട്ടികളും പൂര്‍ണമായ നോമ്പനുഷ്ഠിക്കും. വയ്യാത്ത കുട്ടികളാണെങ്കില്‍ ഉച്ച വരെ നോല്‍ക്കും. ബാക്കി നാളെ നോല്‍ക്കാം എന്ന് പറയും. രണ്ട് പകുതി കൂടുമ്പോള്‍ ഒരു നോമ്പാകുമെന്ന് കുട്ടികള്‍ വിചാരിക്കും.

ആദ്യത്തെ മൂന്നു നോമ്പുകളില്‍ ഏതു ചെറിയ കുടിലും കുശാലായിരിക്കും. ‘തലോല്‍മ്പ്’ എന്നറിയപ്പെടുന്ന ആ ദിനങ്ങളില്‍ മിക്ക വീടുകളിലും ഇറച്ചിയും പത്തിരിയുമായിരിക്കും. ആ ദിനങ്ങളില്‍ പണിക്കു പോകുന്നവര്‍ കുറവായിരിക്കും. അവരെല്ലാം റമളാനിനെ ആവേശത്തോടെയായിരുന്നു കണ്ടിരുന്നത്. പിന്നീടുള്ള ദിനങ്ങളിലധികവും മത്തിയും പൂളയുമായിരിക്കും. എല്ലാവര്‍ക്കും ഒരു ശാഠ്യമാണ്. ഇത്ര ദിവസത്തിനുള്ളില്‍ ഇത്ര ജുസ്ഉകള്‍ ഓതണം. ഒരു ഖത്മ് പൂര്‍ത്തീകരിക്കണം. സ്വന്തത്തോട് തന്നെ മത്സരിച്ച് നേടിയെടുക്കുന്ന ആ ഖത്മ് മരണപ്പെട്ട ഉപ്പാന്റെയോ ഉമ്മാന്റെയോ പേരില്‍ ഹദ്‌യ നടത്തും. മക്കളെ കൊണ്ട് ഓതിക്കും. ‘നീയിങ്ങനെ പട്ടിണി കിടന്നാല്‍ മതി. ഒരൊറ്റ ഹര്‍ഫും ഓതണ്ട’ എന്നുപറഞ്ഞ് തന്റേടമുള്ള രക്ഷിതാക്കള്‍ കുട്ടികളെ ശാസിക്കും. ഇന്നത് ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. ബാപ്പയെ ഭയക്കുന്ന മക്കളേക്കാള്‍ മക്കളെ ഭയക്കുന്ന ബാപ്പമാരാണ് കൂടുതലും.
പള്ളികളില്‍ നോമ്പ് തുറക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ മഗ്‌രിബ് നിസ്‌ക്കാരം കൂടുതലും വീടുകളിലായിരിക്കും. എന്നാല്‍, തറാവീഹിന്റെ സമയത്ത് ഒരു ജുമുഅക്കെന്ന പോലെ പള്ളികള്‍ നിറഞ്ഞുകവിയും. അന്നാണെങ്കില്‍ അടുത്തടുത്ത് പള്ളികളില്ല. എന്നിരുന്നാലും തറാവീഹ് നിസ്‌ക്കാരത്തിനായി അവര്‍ അകലേക്ക് നടന്നു പേകും. മിക്ക പള്ളികളും കൂടുതല്‍ വിളക്ക് കത്തിച്ച് അലങ്കരിക്കും.

നോമ്പ് തുറപ്പിക്കല്‍ വലിയ സംഭവമാണ്. മുറ്റത്ത് ദാര്‍പായയോ മുളപ്പായയോ വിരിച്ച് മുകളില്‍ ഓല കൊണ്ട് പന്തല്‍ കെട്ടി എല്ലാവരെയും വിളിക്കും. അത് കൂടുതലും പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിച്ച വീടുകളിലാണുണ്ടാവുക. പുതിയാപ്ലയേയും ബന്ധുക്കളെയും നാട്ടുകാരെയും കുടുംബക്കാരെയും ക്ഷണിച്ച് ഗംഭീരമായ്. അത് പോലെ ബദ്‌രീങ്ങളുടെ ആണ്ടും. പോത്തിനെ അറുത്ത് പത്തിരികള്‍ ശേഖരിച്ച് മൗലിദ് ഓതി ദുആ ഇരന്ന് ഭക്ഷണം വിതരണം ചെയ്ത് സന്തോഷത്തോടെ പിരിയും.

ഇരുപത്തിയേഴാം രാവ് അതിനേക്കാള്‍ സംഭവമാണ്. ഇടവഴികളും പാടങ്ങളും ആളുകളുടെ ഘോഷയാത്രയായിരിക്കും. മുതലാളിമാര്‍ വര്‍ഷാടിസ്ഥാനത്തില്‍ സ്വരൂപിച്ച സമ്പത്തിന്റെ സകാത്ത് കൊടുക്കുന്ന ദിനമായാല്‍ പാവപ്പെട്ട ആളുകള്‍ പണക്കാരുടെ വീടുകള്‍ കയറിയിറങ്ങും. അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും പണമില്ലാതെ വിഷമിക്കുന്ന കാലമാണല്ലോ. ആളുകള്‍ക്ക് പണം വേണം. മൊബൈലോ മോട്ടോര്‍ സൈക്കിളോ വാങ്ങാനല്ല. പെരുന്നാളിന് വസ്ത്രം വാങ്ങാനും ഭക്ഷണം കഴിക്കാനും.

മിക്ക പ്രദേശങ്ങളിലും വഅ്‌ള് പരമ്പരകളുണ്ടാകും. തറാവീഹ് കഴിഞ്ഞ് മുത്താഴം. അപ്പോള്‍ കഴിക്കുന്ന കഞ്ഞി ഒഴിച്ചുകൂടാനാവാത്തതാണ്. നോമ്പ് തുറക്ക് പൂള തിന്നത് കാരണം അത് അകത്തെത്തിയിട്ടില്ലെങ്കില്‍ ഗുന്മന്(ഗ്യാസ്ട്രബിള്‍) വഴിവെച്ചേക്കും. പത്ത് പത്തരയോടെ ബുര്‍ദ തുടങ്ങും. അത് കഴിഞ്ഞ് ഉസ്താദിന്റെ വഅ്‌ളും. വ്യത്യസ്ത വിഷയങ്ങിലായി റമളാന്‍ മുഴുക്കെ അത് തുടരും. പറഞ്ഞു പറഞ്ഞു ചിലപ്പോള്‍ പുലര്‍ച്ച വരെ നീളും. അത്താഴം കഴിക്കാന്‍ സമയമില്ലാതെ അടുക്കളയിലേക്ക് ഓടിയ ദിവസവുമുണ്ട്.

അവസാന ദിനങ്ങളില്‍ ഉസ്താദ് തൗബ ചൊല്ലിക്കൊടുക്കും. ആളുകള്‍ പൊട്ടിക്കരയും. ഒറ്റയൊറ്റ രാവുകള്‍ ഹയാത്താക്കും. ഇരുപത്തേഴാം രാവിന് പ്രത്യേകിച്ചും. അന്ന് വീടുകളില്‍ നിന്ന് ചീരണിയുണ്ടാകും. വറുതിയുടെ കാലമാണെങ്കിലും അന്യോന്യം സ്‌നേഹിക്കാനും ഉള്ളത് പെങ്കുവെക്കാനുമുള്ള സന്മനസ് ധാരാളമുണ്ടായിരുന്ന കാലമായിരുന്നു. നോമ്പ് കാലം കഴിയുകയെന്നാല്‍ സങ്കടമാണ്. അവസാന വെള്ളിയില്‍ ഖത്തീബ് ‘അസ്സലാമു അലൈക യാ ശഹ്‌റ റമളാന്‍’ എന്നു പറഞ്ഞ് പുണ്യമാസത്തെ സങ്കടത്തോടെ പറഞ്ഞയക്കുമ്പോള്‍ ആളുകള്‍ കരയും. അത്തരം ഖല്‍ബും അതിനുള്ളില്‍ കടുത്ത ഈമാനും സൂക്ഷിച്ചവരായിരുന്നു അന്നത്തെ ആളുകള്‍.

പഴയ കാലത്തുനിന്നൊരു നാളം കൊളുത്തിയെടുക്കാം
ഗള്‍ഫ് കുടിയേറ്റത്തിന്റെ പരിണിതമായി നമ്മുടെ നാട് സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് വര്‍ഷങ്ങളെത്രയോ കഴിഞ്ഞിരിക്കുന്നു. സമൃദ്ധിയുടെ നടുവിലും ദാരിദ്ര്യത്തിന്റെ തേങ്ങല്‍ മുഴങ്ങുന്നുണ്ടെങ്കിലും മിക്കയാളുകളും ധനികരും സാമ്പത്തികമായി സുരക്ഷിതരായും കാണപ്പെടുന്നു. അതിനാലായിരിക്കാം ഇവിഷയകരമായി ആദരവ് കല്‍പിക്കുന്നവര്‍ ചുരുങ്ങി വരുന്നത്.

റമളാന്‍ ആഗതമാകുമ്പോള്‍ വിശ്വാസിയുടെ ഹൃദയം അതിനെ ആദരിക്കാന്‍ പാകപ്പെട്ട് നില്‍ക്കണം. ഹൃദയം തഖ്‌വ-ഭക്തിയുള്ളതായിത്തീരണം. മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍. റമളാനിന്റെ വിവിധ ലക്ഷ്യങ്ങളില്‍ ഒന്നാണ്ഭക്തിയുള്ളവനായിത്തീരുക എന്നത്. ഹൃദയത്തിലേക്ക് ചൂണ്ടി ആരംഭ റസൂല്‍ ‘അത്തഖ്‌വാ ഹാഹുനാ’ എന്നരുളിയില്ലേ. മനസ്സ് നന്നാവുക എന്നതാണ് തഖ്‌വയുടെ താല്‍പര്യം. അതിന് ഹൃദയം ശുദ്ധിയാകണം. ഹൃദയം ശുദ്ധിയാകുമ്പോള്‍ ശരീരം ശുദ്ധിയാകും. ഹൃദയവും ശരീരവും ശുദ്ധിയാകുമ്പോള്‍ ആത്മാവും ശുദ്ധിയാകും. എല്ലാ ശുദ്ധിയും പൊതിഞ്ഞു കിടക്കുന്നത് ഹൃദയശുദ്ധിയിലായതിനാല്‍ ശുദ്ധീകരണത്തിന്റെ മാസം കൂടിയാണ് റമളാനും അതിലെ വ്രതാനുഷ്ഠാനവും.

ശുദ്ധീകരണത്തിനുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ സുലഭമാണ്. എന്നാല്‍ ആന്തരികമായ ശുദ്ധീകരണത്തിനുള്ള സജ്ജീകരണങ്ങളുണ്ടാക്കാന്‍ കാലമിതുവരെയായിട്ടും ഒരു ശുദ്ധീകരണ ശാലക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് സൈനുദ്ദീന്‍ മഖ്ദും(റ) കിതാബുല്‍ അദ്കിയാഇലൂടെ ഓര്‍മപ്പെടുത്തിയ ഹൃദയ ശുദ്ധീകരണത്തിനുള്ള അഞ്ച് കാര്യങ്ങള്‍ അവ എക്കാലത്തേക്കും പ്രസക്തമാണ്. അവ റമളാനിലെ ഓരോ ദിവസത്തിലും ആര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളൂ.

1. അര്‍ത്ഥം ചിന്തിച്ച് ഖുര്‍ആന്‍ ഓതുക: ഓത്തറിയുന്ന ആര്‍ക്കും റമളാനില്‍ ഖുര്‍ആനുമായി മുറിയാത്ത ബന്ധം കാത്തുസൂക്ഷിക്കാം. തിരക്ക് പിടിച്ച ജീവിതത്തിലും ചുരുങ്ങിയപക്ഷം ഒരു ഖത്‌മെങ്കിലും തീര്‍ക്കാം. അത് രണ്ടും മൂന്നും അതിലപ്പുറവും ആക്കാം. അങ്ങനെ ഹൃദയ ശുദ്ധീകരണത്തിനുള്ള പ്രഥമ മാര്‍ഗം തുറക്കാം.

2. വയറ് കാലിയാക്കുക: നോമ്പ് അക്ഷരാര്‍ത്ഥത്തില്‍ വയറ് കാലിയാക്കലാണ്. ഭക്ഷണ പദാര്‍ത്ഥങ്ങളില്ലാതെ ഉദരഭാരം കുറയുമ്പോള്‍ ഹൃദയം ശുദ്ധിയാവുകയും അതുമൂലം രക്തസമ്മര്‍ദ്ദം കുറയുകയും അതിന്റെ തോതനുസരിച്ച് ശരീരത്തിലുള്ള പിശാചിന്റെ ആധിപത്യം കുറയുകയും തന്മൂലം ഹൃദയം അനുസരണയും വിനയവുമുള്ളതായി തീരുകയും ചെയ്യുന്നു.

3. രാത്രി നിന്ന് നിസ്‌കരിക്കുക: റമളാനില്‍ ഫര്‍ളിന് പുറമേ സുന്നത്ത് നിസ്‌കാരങ്ങളും വര്‍ധിപ്പിക്കണം. ഇശാഇന് ശേഷമുള്ള തറാവീഹ് റമളാനിലെ വിശിഷ്ടസാധനയാണ്. പുറമെ അര്‍ദ്ധരാത്രികളെ സുന്നത്ത് നിസ്‌കാരങ്ങളാല്‍ അലങ്കരിക്കുക.

4. അത്താഴ സമയത്ത് താഴ്മ ചെയ്യുക: ഉറക്ക് മാറ്റിവെച്ച് സുബ്ഹിക്ക് മുമ്പേ ഉണര്‍ന്നെഴുന്നേറ്റ് വുളൂ എടുത്ത് രണ്ട് റക്അത്ത് നിസ്‌കരിച്ച് പൊട്ടിക്കരഞ്ഞ് സ്രഷ്ടാവായ അള്ളാഹുവിന്റെ പ്രീതി ചോദിച്ചാല്‍ ഏതു ഹൃദയമാണ് അവന്‍ വൃത്തിയാക്കിത്തരാത്തത്. അത്താഴം കഴിക്കല്‍ സുന്നത്താക്കിയതിന്റെ കാരണങ്ങളിലൊന്ന് ഒരുപക്ഷേ ഇതായിരിക്കാം.

5. സജ്ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക: സ്വാലിഹീങ്ങള്‍- സജ്ജനങ്ങള്‍ എവിടെയാണുണ്ടാവുക എന്നാലോചിച്ച് വിഷമിക്കേണ്ടതില്ല പള്ളിയില്‍ പോയി ജമാഅത്തായി നിസ്‌കരിക്കുന്നതിലൂടെ ദിക്‌റിന്റെയും സ്വലാത്തിന്റെയും സദസ്സുകളില്‍ പങ്കെടുക്കുന്നതിലൂടെയും പ്രത്യക്ഷവും അപ്രത്യക്ഷവുമായ സ്വാലിഹീങ്ങളുടെ സാന്നിധ്യം ആസ്വദിക്കാവുന്നതാണ്. നോമ്പ് തുറകള്‍ സംഘടിപ്പിക്കലും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകലും ഇതര മാര്‍ഗങ്ങളാണ്.

അല്ലാഹു മനുഷ്യന് നല്‍കിയ സമ്മാനമാണ് നോമ്പ്. കഴിഞ്ഞുപോയ പാപങ്ങളില്‍ നിന്ന് ആത്മാര്‍ത്ഥമായി മാപ്പപേക്ഷിച്ച് മോചനം നേടാനും പുതിയ മനുഷ്യനായി ജീവിക്കാനും അത് അവസരമൊരുക്കുന്നു. കൂടുതല്‍ പുണ്യങ്ങള്‍ ലഭിക്കുന്ന നാളുകളായതിനാല്‍ ആരാധനാ കര്‍മങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കണം. നോമ്പ് തുറകള്‍ ആര്‍ഭാടങ്ങളുടെ വേദിയാക്കരുത്. ഭക്ഷണം വിഭവങ്ങളിലെ ധാരാളിത്തം ഒഴിവാക്കണം. മിതത്വം ശീലിക്കണം. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ ലോകത്ത് സന്തുലിതാവസ്ഥയുണ്ടാകൂ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പഴയ കാലത്തിന്റെ ആത്മസൗന്ദര്യങ്ങള്‍ അത്തരമൊരു കാലത്തിന്റെ തുറന്ന മാതൃകയാണ്.

അലി ബാഖവി ആറ്റുപുറം
രിസാല വാരികയിൽ നിന്ന് !