ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 10 May 2018

മർകസിന്റെ സേവനം ഗുജറാത്തിൽ!

#മർകസാണ്_എല്ലാം_,,,,,
“ഗുജറാത്തിലെ അനുഭൂതികളുമായി വിദ്യാർഥി പ്രതിനിധികൾ കേന്ദ്രകലാലയം കാണാനെത്തിയപ്പോൾ  ”;
കോഴിക്കോട്: “ഒരു പതിറ്റാണ്ടു മുമ്പ് ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിൽ മർകസിന്റെ സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ കണ്ണുനിറയുന്ന കാഴ്ചകളായിരുന്നു ഞങ്ങൾക്ക് ചുറ്റും. ദാരിദ്രം കാരണം പഠിക്കാൻ കഴിയാത്ത കുട്ടികൾ ഒരു ഭാഗത്ത്, 2002 ലെ കലാപം സൃഷ്ടിച്ച ഭീതിയുടെ നടുക്കം ഇപ്പോഴും പേറുന്ന മുസ്‌ലിം യുവാക്കളും രക്ഷിതാക്കളും, ശരിയായ നേതൃത്വമില്ലാത്തതിനാൽ വിദ്യാഭ്യാസത്തെപ്പറ്റിയോ മതപരമായോ തീരുമാനം എടുക്കാൻ കഴിയാത്തവർ.  അവർക്ക് തണലായാണ് വ്യത്യസ്ത കേന്ദ്രങ്ങളിൽ മർകസ് സ്ഥാപനങ്ങൾ തുടങ്ങിയത്. ഒരു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ഉള്ള മാറ്റം വലുതാണ്. പല ഭാഗങ്ങളിലും സംതൃപ്തരായ ആത്മവിശ്വാസമുള്ള പുതിയ വിദ്യാർത്ഥി സമൂഹം ഉയർന്നു വന്നിരിക്കുന്നു. ഗുജറാത്തിൽ മൊത്തം മർകസ് ഉണ്ടാക്കിയ പരിവർത്തനത്തിന്റെ മാറ്റം ദൃശ്യമായിക്കൊണ്ടിരിക്കുന്നു” ഗുജറാത്തിലെ മർകസ് പ്രവർത്തനങ്ങളുടെ കോർഡിനേഷൻ ചുമതല വഹിക്കുന്ന ബഷീർ നിസാമി സംസാരിച്ചത് ഇങ്ങനെയായിരുന്നു. ഗുജറാത്തിലെ മർകസ് സ്ഥാപനത്തിലെ വിദ്യാർത്ഥികളെയും കൊണ്ട് കോഴിക്കോട്ടെ കേന്ദ്ര കാമ്പസിൽ വന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ കാണാനും മർകസ് സംരംഭങ്ങൾ അറിയാനും എത്തിയതായിരുന്നു അവർ.
 പതിനഞ്ചംഗ സംഘത്തിലെ ഓരോരുത്തർക്കും പറയാനുള്ളത് വ്യത്യസ്ത അനുഭവങ്ങളാണ്. ദോരാജിയിലെ സഹീർ ഇസ്മായിൽ മർകസ് പ്രവർത്തനങ്ങളെ പറ്റി വാചാലമായി. അനാഥനായിരുന്ന സഹീറിന് മുന്നോട്ടുള്ള വഴികൾ ഇരുളടഞ്ഞ അവസ്ഥയിലായിരുന്നു. കൊച്ചുനാളിലെ പഠനം അവസാനിപ്പിക്കേണ്ടി വരുമോ എന്ന ഭീതി ശക്തം. മർകസ് പ്രവർത്തകർ ഷഹീറിന്റെ കഥയറിഞ്ഞു. വീട്ടിൽ ഉമ്മയെ കണ്ടു സമാധാനിപ്പിച്ചു. മർകസ്
കാമ്പസിലേക്ക് അവനെയും കൊണ്ട് വന്നു. ഹോസ്റ്റിലിൽ താമസത്തോടൊപ്പം മികച്ച വിദ്യാഭ്യാസവും മേൽനോട്ടവും ഷഹീറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ഇന്ന് പഠിക്കാൻ പഠിക്കാൻ ഏറെ മിടുക്കനാണ് അവൻ. വിശുദ്ധ ഖുർആനിലെ പല സൂറകളും മനഃപാഠം. വലുതായിട്ടു അക്കാദമിക്കാമായി ഡോക്‌ടറേറ്റ്‌ എടുക്കകനാണ് അവന്റെ മോഹം. തന്റെ നാട്ടിൽ ഒരുപാട് ആളുകൾക്ക് വെളിച്ചം പകരണമെന്ന ആശ ഷഹീർ വിടർന്ന കണ്ണുകളോടെ പങ്കുവെച്ചു.

ഒൻപതിൽ പഠിക്കുന്ന ഖൽവാനിയ ജാഫറിന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം പരുങ്ങലിലായിരുന്നു. മർകസ്  പ്രതിനിധികൾ അവരെ വീട്ടിലെത്തിയപ്പോൾ പിതാവിന് വലിയ സന്തോഷമായി. അധികം മക്കൾക്ക് വിദ്യാഭ്യസം നൽകാൻ തനിക്കാകില്ല എന്ന യാഥാർഥ്യത്തിനു മുമ്പിൽ അമ്പരന്നു നിൽക്കുമ്പോഴായിരുന്നു മർകസ് സ്ഥാപനത്തിലേക്കുള്ള മകന്റെ മാറ്റം.  ഇന്ന് ഒമ്പതിൽ പഠിക്കുന്ന ജാഫർ പഠനത്തിൽ ഏറെ മുന്നിലാണ്. മർകസ് എന്താണ് നൽകിയത് എന്ന ചോദ്യത്തോട് എല്ലാം ഞങ്ങൾക്ക് തന്നു എന്നായിരുന്നു അവന്റെ മറുപടി. ജാഫർ വിശദീകരിച്ചു: “ഇപ്പോൾ മർകസ് ഞങ്ങൾക്ക് സുന്ദരമായ ഒരു വീട് കൂടി നിർമിച്ചു തരുന്നു. ഉപ്പയുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമായിരുന്നു വീട്. ഇനി സഹോദരിമാരുടെ ഒക്കെ വിവാഹവും നടക്കും.മർകസ് തണൽ ഇല്ലായിരുന്നെകിൽ വീടും പഠനവും ഒക്കെ ഇപ്പോഴും ഇരുട്ടിൽ തന്നെ ആകുമായിരുന്നു”.
ലുലാനിയ അഷ്ഫാഖിന്റെ പിതാവ് ഹൃദ്രോഗിയാണ്.  അദ്ദേഹത്തിന് ചികിത്സാ സഹായം നൽകുന്നതോടൊപ്പം മാസാന്തം 3000 രൂപയും കൊടുക്കുന്നു. പഠിക്കാൻ മിടുക്കനായ അഷ്‌റഫിന് സിവിൽ സർവീസിൽ ഉന്നത സ്ഥാനത്ത് എത്താനാണ് മോഹം.
അഷ്‌ഫാഖ്  പറഞ്ഞു: “ഉപ്പയുടെ രോഗം കാരണം വീട്ടു ചുമതലകൾ എന്റെ ചുമലിൽ വന്ന കാലത്താണ് മർകസ് പ്രതിനിധികൾ വീട്ടിൽ വന്നത്. അന്ന് അവർ എന്റെ പഠനം ഏറ്റെടുത്തപ്പോൾ അനുഭവിച്ചത്ര സന്തോഷം ജീവിതത്തിൽ വേറെയുണ്ടായിട്ടില്ല. ഇപ്പോൾ വലിയ ആഹ്ലാദമാണ്. പഠനത്തോടൊപ്പം, പ്രസംഗത്തിലും എഴുത്തിലും വിവിധ ഭാഷകളിലെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിലും എല്ലാം ഞങ്ങൾക്ക് പരിശീലനം കിട്ടുന്നു.

ഇദ്‌രീസും ആദിലും മർകസ് സ്ഥാപനത്തിൽ നിന്ന് ഈ വർഷം പത്താം തരം പൂർത്തിയാക്കിയിരുന്നു. അടുത്ത അക്കാദമിക വർഷത്തിൽ കേരളത്തിൽ വന്നു മർകസിനു കീഴിൽ സയൻസ് പഠനം തുടരാനാണ് ഇവരുടെ പദ്ധതി. തുടർന്ന് മെഡിക്കൽ ഡോക്ടർമാർ ആവാനും.
പ്രിയപ്പെട്ട തങ്ങളുടെ നായകൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമൊത്ത് കുറെ സമയം വിദ്യാർഥികൾ ചെലവഴിച്ചു. എല്ലാ പ്രയാസങ്ങളെയും തരണം ചെയ്തു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ഉയർന്ന സ്ഥാനങ്ങളിൽ എത്താനായിരുന്നു ഉസ്താദ് ഉർദുവിൽ നൽകിയ ഉപദേശത്തിൽ അവരോടു പറഞ്ഞത്. മർകസ്  ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ എപി അബ്ദുൽ ഹകീം  അസ്ഹരി എന്നിവരുമായും വിദ്യാർഥികൾ സംവദിച്ചു.  ഗുജറാത്തിലെ മർകസ് പ്രവർത്തനങ്ങളെ കുറിച്ച് ഡോ. അബ്ദുൽ ഹകീം അസ്ഹരി വിശദീകരിക്കുന്നതിങ്ങനെ: “ ഗുജറാത്തിലെ മുസ്‌ലിംകളെ കുറിച്ച് വിശദമായി പഠിച്ചപ്പോൾ അവിടെ വൈജ്ഞാനിക സംരംഭങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് 2008 മുതൽ ശാസ്ത്രീയമായ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ മർകസിന് ഏഴു സ്‌കൂളുകൾ ഗുജറാത്തിലുണ്ട്. 3000 വിദ്യാർത്ഥികൾ ഈ സ്ഥാപനങ്ങളിൽ പഠിക്കുന്നു. കൂടാതെ പൂനൂർ മർകസ് ഗാർഡൻ മാതൃകയിൽ പ്രവർത്തുന്ന ഇസ്ലാമിക് കോളേജ് ഓഫ് സയൻസിൽ 160 വിദ്യാർഥികൾ താമസിച്ചു പഠിക്കുന്നു.  35 മദ്രസകൾ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചു വരുന്നു. 3 കോടിയുടെ മുതൽ മുടക്കിൽ പുതിയ സ്‌കൂൾ വരുന്ന സെപ്തംബറിൽ ഗോണ്ടാലിൽ പ്രവർത്തനം ആരംഭിക്കും. 85 അനാഥ വിദ്യാർത്ഥികൾക്ക് ഓരോ വർഷവും 24000 രൂപ വീതം സ്കോളർഷിപ് നൽകി
മർകസ് ഏറ്റെടുത്തു വളർത്തുന്നുമുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നിരവധി ശുദ്ധ പ്രോജക്ടുകൾ സ്ഥാപിച്ചു. ഗുജറാത്തിലെ ശിഥിലമായ സാമൂഹിക ബന്ധങ്ങൾ മർകസിലൂടെ പുനഃസ്ഥാപിക്കപ്പെടുന്നു. ഞങ്ങളുടെ സ്‌കൂളുകളിൽ എല്ലാ മതത്തിലെയും വിദ്യാർഥികൾ പഠിക്കുന്നു. പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായി ഉയർന്ന അറിവുകൾ നേടുന്നവർക്ക് ഒരു ജനതയെ മൊത്തം ക്രിയാത്മകമായി പരിവർത്തിപ്പിക്കാനാവും”
 കേരളത്തിലെ കാഴ്ച്ചകൾ ഗുജറാത്തിലെ വിദ്യാർത്ഥികളെ ആഹ്ലാദിപ്പിച്ചു. പലരും ഉയർന്ന പഠനത്തിന് സമയമാകുമ്പോൾ മർകസ് പ്രധാന കാമ്പസിലേക്കും നോളജ് സിറ്റിയിലേക്കും വരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. കോഴിക്കോട്ട് നിന്ന് തിരിച്ചു ഗുജറാത്തിലേക്ക് ട്രെയിൻ കയറുമ്പോൾ  സ്വപനങ്ങളുടെ ഭാണ്ഡം ഹൃദയത്തിൽ പേറിയ ഭാവമുണ്ടായിരുന്നു ഓരോ വിദ്യാർത്ഥികളുടെയും മുഖത്ത്.ഗുജറാത്തിലെ മർകസ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന ബഷീർ നിസാമി, ഉബൈദ് നൂറാനി, ബാസിത് സഖാഫി എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു.