ഡിജിറ്റല്‍ യുഗത്തില്‍ പത്രങ്ങളുടെ മരണം വാര്‍ത്താമൂല്യം നഷ്ടപ്പെട്ട വര്‍ത്തമാനമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വമാകെ സദ്കീര്‍ത്തിയും കൈമുതലായ എത്രയോ മുന്തിയ പത്രപ്രസിദ്ധീകരണങ്ങള്‍ ചരിത്രത്തിലേക്ക് തിരോഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം വരുമ്പോള്‍ അതില്‍ അതിശയം പ്രകടിപ്പിക്കാനോ കണ്ണീര്‍ വാര്‍ക്കാനോ ആരും മെനക്കെടാറില്ല. ഇന്റര്‍നെറ്റിന്റെ ആഗമത്തോടെ സോഷ്യല്‍മീഡിയ ഏറ്റവും ശക്തമായ ആശയവിനിമയ ഉപാധിയായി മാറുകയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രകാശവേഗത്തില്‍ വാര്‍ത്തകള്‍ വിതറുകയും ചെയ്യുമ്പോള്‍ കടലാസില്‍ കുറിച്ചിട്ട അക്ഷരങ്ങ ള്‍ക്കാണ് പാവനത എന്ന് ആര് ശഠിച്ചാലും കാലം അവരെ അവഗണിക്കുമെന്നുറപ്പാണ്. കൊച്ചുകേരളത്തിന്റെ പത്രപ്രസിദ്ധീകരണമേഖലയില്‍നിന്ന് ചരിത്രത്തിലേക്ക് വിലയം പ്രാപിച്ച എത്രയെത്ര നാമങ്ങളുണ്ട്? ആരെങ്കിലും അവയെ ഓര്‍ത്ത് കരഞ്ഞിട്ടുണ്ടോ? പാര്‍ട്ടി മരിച്ചപ്പോള്‍ അതോടൊപ്പം ഖബറക്കപ്പെട്ട പത്രമാണ് ‘ലീഗ് ടൈംസ്’. അഖിലേന്ത്യാ മുസ്‌ലിം ലീഗ് പതിനൊന്ന് വര്‍ഷത്തെ ആയുസ്സിന് ശേഷം മുസ്‌ലിം ലീഗില്‍ ലയിച്ചില്ലാതായപ്പോള്‍ ആ പത്രത്തിന്റെ പ്രസക്തിയും നിലനില്‍പും ഇല്ലാതായി. സലഫി പ്രസ്ഥാനം രണ്ടായി വഴിപിരിഞ്ഞ ഘട്ടത്തില്‍ മടവൂര്‍ വിഭാഗം സാഹസികമായി തുടങ്ങിവെച്ച ‘വര്‍ത്തമാനം’ സുകുമാര്‍ അഴീക്കോടിനെ പോലുള്ള പ്രഗത്ഭരെ അമരത്തിരുത്തിയിട്ടും രക്ഷപ്പെട്ടില്ല. ഇപ്പോള്‍ ഖത്തറില്‍നിന്ന് ശുഷ്‌കമായ ഒരു എഡിഷന്‍ പുറത്തിറക്കുന്നുണ്ട് എന്നാണറിവ്. ‘സദ്‌വാര്‍ത്ത’ ക്രൈസ്തവരിലെ ഒരു വിഭാഗം കോടികള്‍ മുടക്കി തുടങ്ങിയ സംരംഭമായിരുന്നു. ദാ വന്നു; ദേ പോയി എന്ന് പറയുംപോലെ ഒരുവര്‍ഷം പോലും പിടിച്ചുനിന്നില്ല. ‘പുണ്യഭൂമി’യുടെ മരണം രസാവഹമായിരുന്നു. മാധ്യമവിദ്യാര്‍ഥികള്‍ പത്രപ്രവര്‍ത്തന ചരിത്രം പഠിക്കുമ്പോള്‍ ഓര്‍ക്കുന്ന കുറെ പേരുകള്‍ ( ഉദാ: വിപ്ലവം, തൊഴിലാളി, തനിനിറം) കേള്‍ക്കുമ്പോള്‍ അക്കാദമിക താല്‍പര്യങ്ങള്‍ക്ക് പോലും അത് ശ്രദ്ധിക്കാറില്ല. മനുഷ്യരെ പോലെ പത്രപ്രസിദ്ധീകരണങ്ങളും പിറക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുമെന്നാണ് പ്രകൃതിനിയമം.
ആമുഖമായി ഇത്രയും പറഞ്ഞത് ഈ വര്‍ഷാവസാനം കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന ഒരു പത്രത്തിന്റെ മരണത്തെ എങ്ങനെയായിരിക്കും മലയാളിസമൂഹം സമീപിക്കാന്‍ പോകുന്നത് എന്നാലോചിച്ചപ്പോഴാണ്. ആ മരണത്തില്‍ ആ പത്രം പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുന്ന ജനതക്ക് വല്ല പാഠവുമുണ്ടോ എന്ന ചിന്തയും ഈ ആമുഖത്തിലേക്ക് എന്നെ നയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ ജിഹ്വയായ ‘തേജസ് ‘ ഈ വര്‍ഷാന്ത്യത്തില്‍ ചരിത്രത്തില്‍ വിലയം പ്രാപിക്കാന്‍ പോവുകയാണെത്ര. നിശ്ചയിച്ച മരണം മുന്‍കൂട്ടി പ്രഖ്യാപിച്ചത് സംഘടനയുടെയും പത്രത്തിന്റെയും ഉത്തരവാദപ്പെട്ട നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് എന്നത് കൊണ്ട് ആര്‍ക്കും ധൈര്യപൂര്‍വം വിഷയത്തില്‍ ഇടപെടാം. സെപ്തംബര്‍ 22ന് കോഴിക്കോട് പ്രസ് ക്ലബ്ലില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലൂടെ പത്രത്തിന്റെ ആസന്ന മരണം പത്രാധിപരും മറ്റു സാരഥികളും ചേര്‍ന്നു വിളംബരം ചെയ്യുന്നതിനു മുമ്പുതന്നെ അതുസംബന്ധിച്ച വാര്‍ത്ത എത്തേണ്ടിടത്തൊക്കെ എത്തിയിരുന്നു. സെപ്തംബര്‍ 21ന് പത്ര സ്ഥാപനത്തിനു അവധി കൊടുത്ത് ജീവനക്കാരെ മുഴുവന്‍ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് പുതുവര്‍ഷത്തോടെ നമ്മള്‍ ദൗത്യം അവസാനിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരം നടത്തിപ്പുകാര്‍ പങ്കുവെച്ചത്. എന്നാല്‍ ഒന്നര മാസം മുമ്പ് തന്നെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ജീവനക്കാരെ മുഴുവന്‍ വിളിച്ചുകൂട്ടി ആസന്ന മരണം അറിയിച്ചത് കൊണ്ട് ആ വിഭാഗത്തിനു തൊഴിലന്വേഷിക്കാന്‍ അവസരം നല്‍കി എന്നാണ് മറ്റു ജീവനക്കാര്‍ ഇപ്പോള്‍ പറയുന്ന പരിഭവം. ‘പോപ്പുലര്‍ ഫ്രണ്ട് നടപ്പാക്കാന്‍ പോകുന്ന ഇസ്‌ലാമിക സമത്വത്തിന്റെ മിനി സാമ്പിള്‍’ എന്നാണ് ഇതിനെ കുറിച്ച് ഒരു ജീവനക്കാരന്‍ കമന്റടിച്ചത്. പണ്ട് കാറ്റും കോളും വന്നാല്‍ കപ്പല്‍യാത്രക്കാരില്‍നിന്ന് പാപികളെ നറൂക്കെടുപ്പിലൂടെ കണ്ടെത്തി കടലിലേക്ക് വലിച്ചെറിയുന്ന പതിവുണ്ടായിരുന്നുവെന്നും അതുപോലെയാണ് സാധാരണക്കാരായ ജീവനക്കാരെ കടലില്‍ തള്ളി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുമായി മുന്നോട്ട് പോകാമെന്ന് തലപ്പത്തിരിക്കുന്നവര്‍ വ്യാമോഹിക്കുന്നതെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു. സംഘടന കൊണ്ടുനടക്കാറുള്ള അതീവ രഹസ്യസ്വഭാവം ഈ വിഷയത്തിലും കാത്തുസുക്ഷിച്ചപ്പോള്‍ യൂണിയന്‍ നേതാക്കള്‍ക്ക് പോലും വരാനിരിക്കുന്ന ദുരന്തം അറിയാന്‍ കഴിഞ്ഞില്ല, 200ലേറെ ജീവനക്കാര്‍ ഒരു മാസത്തിനകം തെരുവിലേക്ക് വലിച്ചെറിയപ്പെടാന്‍ പോവുന്നുവെന്ന വാര്‍ത്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടതായും നാം കേട്ടില്ല. പത്രത്തിനു കൊലക്കയര്‍ വിധിച്ച വാര്‍ത്ത ജീവനക്കാരുടെ മുമ്പാകെ വെക്കുന്നതിനു മിനിട്ടുകള്‍ക്ക് മുമ്പാണ് ‘ന്യൂസ്ടാഗ് ലൈവ്. കോം’ (ചലംേെമഴലഹശ്‌ല.രീാ) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ തേജസ് ഈ വര്‍ഷാന്ത്യത്തില്‍ അസ്തമിക്കാന്‍ പോവുകയാണെന്ന ‘ബ്രേക്കിംഗ് ന്യൂസ്’ പുറത്തുവരുന്നത്.
കോഴിക്കോട് ആസ്ഥാനമായ ഇന്റര്‍മീഡിയ പബ്ലിഷിംഗ് കമ്പനി 2006ലെ റിപ്പബ്ലിക് ദിനത്തില്‍, പ്രഫ. പി കോയ ചീഫ് എഡിറ്ററായി തുടക്കം കുറിച്ച പത്രമാണ് തേജസ്, ഒട്ടനവധി വിവാദങ്ങളിലൂടെ കടന്നുപോയിട്ടും അത് അടച്ചുപൂട്ടാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് അനുവാചകലോകത്തുനിന്നോ അഭ്യൂദയകാംക്ഷികളില്‍നിന്നോ സഹജീവികളില്‍നിന്നോ കാര്യമായ പ്രതികരണം കാണാത്തത് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നെ അദ്ഭുതപ്പെടുത്തുന്നുണ്ട്. ഇത്ര ആവേശത്തോടെയും കാഡര്‍മാര്‍ വഴിയുള്ള കാമ്പയിനിലൂടെയും പ്രചാരണം നടത്തപ്പെട്ട ഒരു പത്രം ഇന്ത്യയില്‍തന്നെയുണ്ടാവില്ല. മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന പത്രങ്ങളെ ഉന്നംവെച്ചുള്ള പ്രചാരണതന്ത്രങ്ങള്‍ പ്രചണ്ഡമായി അഴിച്ചുവിട്ടപ്പോള്‍ നൊടിയിട കൊണ്ടുള്ള ‘വളര്‍ച്ച’ വരച്ചുകാട്ടി സ്വീകാര്യതയുടെ ഗ്രാഫ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും അണികളും പ്രദര്‍ശിപ്പിച്ച അമിതാവേശം പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പത്രം തുടങ്ങി മൂന്ന് മാസത്തിനകം തിരുവനന്തപുരത്തും പിന്നീട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കൊച്ചിയിലും അതില്‍പിന്നെ കണ്ണൂരിലും എഡിഷനുകളിറക്കി എതിരാളികളെ വെല്ലുവിളിച്ചു. 2009 ആയപ്പോള്‍ കോട്ടയത്തും എത്തി തേജസ്. ഗള്‍ഫ് എഡിഷനുകളിലൂടെയുള്ള ‘വളര്‍ച്ച’ക്ക് മുഖപേജിലൂടെ വന്‍ കവറേജ് നല്‍കിയപ്പോള്‍ പലരുടെയും കണ്ണ് തള്ളി. 2011 മാര്‍ച്ചില്‍ സഊദി അറേബ്യയിലെ റിയാദ്, ദമ്മാം, ജിദ്ദ എന്നീ പ്രധാന പട്ടണങ്ങളില്‍നിന്നും പുതിയ എഡിഷന്‍ തുടങ്ങിയ വാര്‍ത്ത നാട്ടിലാകെ പ്രസരിച്ച ആ കാലസന്ധിയില്‍ ഈ ലേഖകന്‍ സഊദി സര്‍ക്കാറിന്റെ വിസയില്‍ മാധ്യമപ്രവര്‍ത്തകനായി അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.
14000 പേരുടെ ഓഹരി നിക്ഷേപത്തിലൂടെ തുടങ്ങിവെച്ച ഒരു സംരംഭം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് പരസ്യം കിട്ടാത്തത് കൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടുവെന്നും മുന്നോട്ടുള്ള പ്രയാണം അസാധ്യമായിരിക്കയാണെന്നും 12വര്‍ഷം മുമ്പ് ഏറ്റെടുത്ത ദൗത്യം അവസാനിപ്പിക്കുകയുമാണെന്നുമുള്ള പ്രഖ്യാപനം അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ സമുദായവും പൊതുസമൂഹവും തയാറാവുമോ എന്ന ഒരു ചോദ്യം പ്രസക്തമായി ഉയരുകയാണിവിടെ. ‘ദേശവിരുദ്ധ വാര്‍ത്തകള്‍ ‘ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2013 ഒക്ടോബറില്‍ കോഴിക്കോട് ജില്ല കളക്ടര്‍ പത്രം അടച്ചുപൂട്ടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് അയച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ നടത്തിയ കാമ്പയിന്‍ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു ടീമിന്റെ സചേതനമായ മുഖം കേരളീയ സമൂഹത്തിന്റെ മുന്നില്‍ അനാവൃതമാക്കിയിരുന്നു. നാടാകെ സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളെ അണിനിരത്തി പിന്തുണ സമാഹരിച്ചപ്പോള്‍ സര്‍ക്കാര്‍ നടപടികളില്‍നിന്ന് പിന്മാറുകയായിരുന്നുവെന്ന് വേണം മനസിലാക്കാന്‍. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിക്കൂട്ടില്‍ നിറുത്തി, ‘മുള്‍ക്കിരീടം’ പെരുവഴിയിലേക്ക് വലിച്ചെറിയാന്‍ കാണിക്കുന്ന വെമ്പല്‍ ഒരു ജനകീയ മുന്നേറ്റ പ്രസ്ഥാനത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. എതിരാളികള്‍ ചുറ്റും വട്ടം കൂടി നില്‍ക്കുന്ന സന്ദിഗ്ധഘട്ടത്തില്‍ ആയുധം വെച്ച് അടിയറവ് പറയുന്നത് തീക്ഷ്ണയൗവനങ്ങളുടെ രക്തത്തിളപ്പില്‍ കെട്ടിപ്പടുത്ത ഒരു കൂട്ടായ്മക്ക് എങ്ങനെ യോജിക്കും? പത്രത്തിന്റെ തലവേദന ഒഴിഞ്ഞുകിട്ടിയാല്‍ പിന്നെ പാര്‍ട്ടി വളര്‍ത്താന്‍ സമയം മുഴുവന്‍ ചെലവഴിക്കാമല്ലോ എന്ന ചിന്തയാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെങ്കില്‍, കാര്യങ്ങളെ വിലയിരുത്തുന്നതില്‍ സംഭവിച്ച പാളിച്ച, തൊണ്ണൂറുകളിലെ കാലുഷ്യാന്തരീക്ഷത്തില്‍ നാമ്പിട്ട ഒരു വിചാരധാരയുടെ അസ്തമയം അടുത്തിരിക്കുന്നുവെന്നേ കരുതാനാവൂ. ജരാനര ബാധിച്ച പ്രത്യയശാസ്ത്രത്തിന് പരിസരബോധം വീണ്ടുകിട്ടിയതിന്റെ പരിണതിയാണോ ഇപ്പോഴത്തെ തീരുമാനമെന്നേ ഇനി അറിയാനുള്ളൂ.
പേര് നിരര്‍ഥകമാക്കിയ മാധ്യമ ഉദ്യമം
ആകസ്മികമെന്നേ പറയേണ്ടൂ; തേജസ് അടച്ചുപൂട്ടുന്ന വാര്‍ത്ത വന്നതിന്റെ തൊട്ടുപിറകെയാണ് , സി.പി.ഐയുടെ ബംഗാളി ജിഹ്വയായ ‘കലന്തര്‍’ നവംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങില്ല എന്ന വാര്‍ത്ത ‘ദി ഹിന്ദു’വില്‍ കണ്ടത്. 52വര്‍ഷത്തെ പാരമ്പര്യമുള്ള ഈ പത്രം തൊണ്ണൂറുകളില്‍ അര ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ചിരുന്നുവെന്നും സത്യജിത്‌റേയെ പോലുള്ള പ്രതിഭകളുടെ കലാവിരുത് കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു ഉദ്യമമായിരുന്നു കലന്തറിന്റേതെന്നും ഓര്‍ക്കുമ്പോള്‍ പലരുടെയും കണ്ണ് നനയുന്നുണ്ടായിരുന്നുവെത്ര. ബംഗാളില്‍ മമത എന്ന ഉരുക്ക് വനിത ഉദിച്ചുയര്‍ന്ന് കമ്യൂണിസ്റ്റ് ഭരണത്തിന് പകലറുതി വീഴ്ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം പൂര്‍ണമായും നിഷേധിക്കപ്പെട്ടതാണ് പത്രത്തിന്റെ സാമ്പത്തിക പരാധീനതക്ക് കാരണമായി പറഞ്ഞത്. എഴുപതോളം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പാര്‍ട്ടിയുടെ മുന്നില്‍ പോംവഴികള്‍ ഇല്ലാതായപ്പോള്‍ അടച്ചുപൂട്ടി സ്ഥലം വിടാന്‍ തീരുമാനിക്കുകയായിരുന്നു. വാണിജ്യപരമായി ഒരിക്കലും വിജയം കാണുക എളുപ്പമല്ലാത്ത പാര്‍ട്ടി/സംഘടന ജിഹ്വകളുടെ നിലനില്‍പ് പരസ്യത്തില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ചായിരിക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. 1930കളില്‍ തുടക്കം കുറിച്ച ‘ചന്ദ്രിക’ ഈ ഘനാന്ധകാരത്തിലും നിലനിന്നുപോകുന്നത് മണ്‍മറഞ്ഞുപോയ മഹാരഥന്മാരുടെ ‘കറാമത്ത്’ കൊണ്ടാവണം.
ഇന്ത്യയിലല്ല, ലോകത്തില്‍ തന്നെ ചെറിയൊരു ന്യൂനപക്ഷസമൂഹത്തിന് അരഡസനോളം പത്രങ്ങളും നാല് ഡസനോളം മറ്റു പ്രസിദ്ധീകരണങ്ങളും ഉള്ളത് കേരളത്തില്‍ മാത്രമായിരിക്കാം. ഒരു പത്രത്തിന്റെ അഭാവം കേരളീയ മുസ്‌ലിം സമൂഹത്തെ വല്ലാതെ ആകുലപ്പെടുത്തിയ ഒരു കാലസന്ധിയിലല്ല ‘തേജസ്’ വരുന്നത്. ചന്ദ്രികയും മാധ്യമവും സിറാജും അവര്‍ ഏറ്റെടുത്ത ദൗത്യവുമായി മുന്നോട്ടുപോകുമ്പോള്‍ തങ്ങളുടെ ചിന്താധാരക്കനുസൃതമായ വാര്‍ത്താവതരണവും വിന്യാസവും ലക്ഷ്യമിട്ടാവണം മറ്റൊരു പത്രത്തെ കുറിച്ച് അന്നത്തെ എന്‍.ഡി.എഫ് നേതൃത്വം ആലോചിച്ചത്. നിലവിലെ പത്രങ്ങള്‍ക്ക് ‘തീവ്രത’ പോരാ എന്നും ശത്രുനിഗ്രഹത്തിന് കൂടുതല്‍ മൂര്‍ച്ചയുള്ള അക്ഷരായുധങ്ങള്‍ നിരത്തേണ്ടത് അനിവാര്യമാണെന്നും ചിന്തിച്ചിട്ടുണ്ടാവണം. പക്ഷേ, ഒരു പത്രം എന്ന നിലയില്‍ വ്യാഴവട്ടക്കാലത്തെ അതിന്റെ ‘സേവനം’ ആര്‍ക്ക് , ഏത് വിധത്തില്‍ പ്രയോജനപ്പെട്ടുവെന്ന വിലയിരുത്തലിനു കൂടിയുള്ള സന്ദര്‍മാണിത്. ലേ ഔട്ടിലും വാര്‍ത്താവിന്യാസത്തിലുമൊക്കെ ഒരു ഐഡന്റിറ്റി തുടക്കം മുതലേ കാത്തൂസൂക്ഷിച്ചിരുന്നു. മാനേജിങ് എഡിറ്റര്‍ പി. കോയ വാര്‍ത്തകളുടെ മര്‍മമറിയുന്ന വ്യക്തിയാണെങ്കിലും ‘തേജസി’ന്റെ വായനക്കാരിലേക്ക് ഇറങ്ങിവന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷാനൈപുണിയും ധൈഷണിക പ്രഭാവവുമൊക്കെ നിര്‍വീര്യമാക്കപ്പെട്ടതുപോലെ. ഏറ്റവും വലിയ പോരായ്മയായി അനുഭവപ്പെട്ടത് സ്വന്തമായി വാര്‍ത്ത കണ്ടെത്താന്‍ ശേഷിയുള്ള ജേര്‍ണലിസ്റ്റുകളുടെ അഭാവമായിരുന്നു. ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യം തെളിയിച്ച പ്രാപ്തനായ ഒരു ജേണലിസ്റ്റിനെ ഇക്കാലത്തിനിടയില്‍ ഗോദയിലിറക്കാന്‍ സാധിക്കാതെ പോയത് ന്യൂസ് സെന്‍സുള്ള എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ഘടനാപരമായ പരിമിതികള്‍ കൊണ്ടുതന്നെയാവണം. വായനക്ഷമതയുള്ള വല്ല വാര്‍ത്തയും വായിക്കാന്‍ സാധിച്ചത് ഡെസ്‌ക് വര്‍ക്കിന്റെ സംഭാവനയായിട്ടായിരുന്നു. എന്‍.ഡി.എഫിന്റെ അല്ലെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ജിഹ്വ എന്ന ‘സ്റ്റിഗ്മ’ അതിന്റെ വായനവൃത്തത്തെ ശുഷ്‌കമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ റോള്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നതിനും ന്യൂനപക്ഷങ്ങളിലെ തന്നെ കൂട്ടായ്മകളെ വകവരുത്തുന്നതിനും പത്രം ശ്രദ്ധകൊടുത്തപ്പോള്‍ കോഴിക്കോട് നഗരത്തില്‍ നടക്കുന്ന വന്‍പരിപാടികള്‍ പോലും കണ്ടില്ലെന്ന് നടിക്കുന്ന സങ്കുചിത രീതി പതിവുശൈലിയാക്കി. അതോടെ, മുമ്പ് ആ പത്രത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച ചില വിഭാഗങ്ങള്‍ അകന്നു. ആ അകല്‍ച്ചയും രാഷ്ട്രീയ അതിപ്രസരവും സംഘടനാ നേതാക്കള്‍ക്ക് നല്‍കുന്ന അരോചകമായ അമിത പ്രാധാന്യവും തേജസിന്റെ തിളക്കം കെടുത്തി എന്നല്ല, വായന ഗൗരവമായി കാണുന്ന വിഭാഗത്തില്‍ അറപ്പും വെറുപ്പുമുളവാക്കി. തീവ്ര വിചാരഗതിക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന എതിര്‍വിഭാഗത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴായി ഇടം പിടിച്ചപ്പോള്‍ വീടുകളില്‍നിന്ന് മാറ്റിനിറുത്തപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി. മുഖ്യധാര രാഷ്ട്രീയമാധ്യമങ്ങളും പാര്‍ട്ടികളുമാവട്ടെ, ആര്‍.എസ്.എസിനും ‘ കേസരി’ക്കും മുസ്‌ലിം സമൂഹത്തില്‍ ഒരു ബദല്‍ എന്ന സൂത്രവാക്യം നിഷ്പ്രയാസം കോയിന്‍ ചെയ്‌തെടുത്തപ്പോള്‍ സര്‍ക്കാര്‍ നിരീക്ഷണം കൂടുതല്‍ കര്‍ക്കശമാക്കിയത് ഉച്ചത്തില്‍ വിളിച്ചുകൂവാനുള്ള ധൈര്യം ചോര്‍ത്തിക്കളഞ്ഞു.
പ്രതിസന്ധിയുടെ മൂലവേരുകള്‍
തേജസിനെ മുസ്‌ലിം പത്രം എന്ന് ആരെങ്കിലും വിശേഷിപ്പിക്കുന്നത് അതിന്റെ മുന്‍നിരക്കാര്‍ ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ പൂര്‍ണമായും മുസ്‌ലിംകളില്‍നിന്ന് പണം സ്വരൂപിച്ച് , മുസ്‌ലിം വീടുകളിലും കടകളിലും വിറ്റഴിക്കുന്ന സമുദായ പത്രമാണത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. ഒരു വ്യാഴവട്ടക്കാലം പിടിച്ചുനിന്നത് സമുദായത്തിന്റെ വിഭവങ്ങള്‍ കൊണ്ട് തന്നെയാണ്. അതുകൊണ്ട് പത്രം പൂട്ടാന്‍ പോകുന്നുവെന്ന് അതിന്റെ തലപ്പത്തിരിക്കുന്നവര്‍ പ്രഖ്യാപനം നടത്തുമ്പോള്‍, അത് കേട്ട് നിസ്സംഗമായിരിക്കുക എന്നത് സമുദായനേതൃത്വത്തിന്റെ നിശ്ചേതനയെയാണ് അടയാളപ്പെടുത്തുക. എന്തുകൊണ്ട് തേജസ് പൂട്ടി സ്ഥലം വിടുന്നു എന്ന് പരിശോധിക്കേണ്ടത് ഭാവിയിലെങ്കിലും ഇത്തരം സംരംഭങ്ങളില്‍ പണവും വിയര്‍പ്പും കണ്ണീരും സ്വപ്‌നവും നിക്ഷേപിക്കുന്നവര്‍ക്ക് പാഠമാവേണ്ടതുണ്ട്. സര്‍ക്കാര്‍ പരസ്യം കിട്ടാത്തതാണ് പത്രത്തെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയത് എന്ന പ്രചാരണം , തടി സലാമത്താക്കാനുള്ള അടവ് തന്ത്രം മാത്രമാണ്. കാരണം, സര്‍ക്കാരിന്റെ നിര്‍ലോഭമായ പരിലാളന കിട്ടുന്ന വന്‍കിട പത്രങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ പരസ്യങ്ങളില്‍നിന്നുള്ള വിഹിതം മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം കടക്കുമോ എന്ന് സംശയമാണ്. നിസ്സാരവിലക്കാണ് സര്‍ക്കാറിന് സ്‌പേസ് വില്‍ക്കുന്നത്. കൊല്ലങ്ങള്‍ കഴിഞ്ഞായിരിക്കും കുടിശ്ശിക ലഭിക്കുക. തേജസ് പോലുള്ള ഒരു പത്രത്തിന് കൊമേഴ്‌സ്യല്‍ പരസ്യം ലഭിക്കുക എളുപ്പമല്ല. കാരണം അതിന്റെ പ്രതിച്ഛായ തന്നെ. എന്നിരുന്നാലും, പ്രഫഷനല്‍ മാനേജ്‌മെന്റിന്റെ സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നുവെങ്കില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടാമായിരുന്നു. പ്രഫഷനലിസം തൊട്ടുതീണ്ടാത്തവരാണ് സുപ്രധാന പദവികളില്‍ കയറിയിരിക്കുന്നതത്രെ. തുടക്കം തൊട്ട് പരസ്യവിഭാഗം കൊണ്ടുവരുന്ന വാണിജ്യവാര്‍ത്തകള്‍ കൊടുക്കുന്ന എഡിറ്റോറിയല്‍ സ്റ്റാഫിനെ വലുതായിപ്പോയി എന്ന് ശകാരിക്കുകയും ഷോക്കോസ് നോട്ടിസ് കൊടുക്കുകയും ചെയ്യുന്ന സംഘടനാ നേതാക്കളായ എഡിറ്റര്‍മാരാണ് തേജസിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഏറെനാള്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു. പ്രാപ്തിയുള്ള ഒരു മാനേജ്‌മെന്റ് സിസ്റ്റം കെട്ടിപ്പടുക്കുന്നതില്‍ പൂര്‍ണമായും പരാജയമായിരുന്നു. പത്രം നടത്തുന്ന ഇന്റര്‍മീഡിയ കമ്പനിയുടെ ചെയര്‍മാന്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയിരിക്കണമെന്ന നിര്‍ബന്ധമുള്ളതിനാല്‍ ആ സ്ഥാനത്തിരിക്കുന്നവരുടെ കൈകടത്തലുകള്‍ പത്രത്തെ ‘നന്നാക്കി എടുക്കുന്നതില്‍’ വലിയ പങ്കുവഹിക്കുന്നുണ്ട് പോലും. സംഘടനയുടെ പിന്‍ബലത്തില്‍ എഡിറ്റോറിയല്‍ പദവികളില്‍ കയറിക്കൂടിയവരാണ് പത്രത്തെ നശിപ്പിച്ചതെന്ന അഭിപ്രായം വ്യാപകമാണ്.
മുസ്‌ലിം മാനേജ്‌മെന്റുകളുടെ ഒരു പൊതുസ്വഭാവം തങ്ങളുടെ കൂട്ടത്തിലുള്ള തൊമ്മനെ പിടിച്ച് വലിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ച് എല്ലാം പടച്ചോന്‍ ശരിയാക്കിക്കൊള്ളും എന്ന വിചാരത്തോടെ പള്ളിയിലേക്ക് പോവുക എന്നതാണ്. പ്രഫഷനലിസം തെളിയിച്ച പ്രാപ്തരായവരെ കണ്ടുപിടിക്കാനോ നിയമനം നടത്താനോ ശ്രമിക്കാറില്ല. എം.എ യൂസുഫലിയെപോലുള്ളവര്‍ തങ്ങളുടെ മേഖലയില്‍ മുന്നേറിയത് നൈപുണി തെളിയിച്ചവരെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്ന പ്രഫഷണലിസത്തിന്റെ മാര്‍ഗം സ്വീകരിച്ചത് കൊണ്ടാണ്ടെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും വേണമല്ലോ. ഒരു പത്രസ്ഥാപനം വിജയപ്രദമായി നടത്തിക്കൊണ്ടുപോകണമെങ്കില്‍ ദീര്‍ഘദൃഷ്ടിയും ഉയര്‍ന്ന ബിസിനസ് കാഴ്ചപ്പാടും എല്ലാറ്റിനുമുപരി സത്യസന്ധതയും നിസ്വാര്‍ഥതയും കൈമുതലായ ഒരു ടീമുണ്ടാവണം. മാഷന്മാരുടെ കളിയായിരുന്നു ഞങ്ങളുടെ പത്രത്തിലെന്ന് ഒരു ജീവനക്കാരന്‍ ചിരിച്ചുകൊണ്ട് പറയുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠമറിയാത്ത ഇവരെല്ലാം തന്നെ എഡിറ്റര്‍മാരായാണ് പുറം ലോകത്ത് വിലസിയത്. പ്രാപ്തനായ ഒരു അഭിഭാഷകനെ എം.ഡിയായി വെച്ചപ്പോള്‍ ജീവനക്കാര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെത്ര. പക്ഷേ, എഡിറ്റര്‍മാരുമായി തെറ്റിയപ്പോള്‍ അദ്ദേഹം പുറത്തായി. ഒരു വ്യവസായ പ്രമുഖനെ പിന്നീട് എം.ഡി കസേരയില്‍ അവരോധിച്ചു. തന്റെ വ്യവസായ ശൃംഖല പോലെ തേജസ് വളര്‍ന്നുപന്തലിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി. അദ്ദേഹം നിയമിച്ച ‘വിദഗ്ധരെ’ വലിയ ശമ്പളവും സ്റ്റാര്‍ ഹോട്ടല്‍ സൗകര്യവും നല്‍കി പത്രം കുറച്ചുനാള്‍ കൊണ്ടുനടന്നെങ്കിലും അവരൊക്കെ ലക്ഷങ്ങള്‍ നഷ്ടം വരുത്തി തടി സലാമത്താക്കുകയായിരുന്നു. പത്രമാപ്പീസിലിരുന്ന് സ്വന്തം ബിസിനസ് ഭംഗിയായി നടത്തുന്നതില്‍ മിടുക്ക് കാണിച്ചവരും ഇടക്ക് കയറിവന്നു. ചുരുക്കത്തില്‍, സര്‍ക്കാരിന്റെ സഹായമില്ലായ്മയോ ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിയോ അല്ല തേജസിനെ ഈ ദുരവസ്ഥയിലേക്ക് നടത്തിയത്. അക്ഷന്തവ്യമായ മിസ്മാനേജ്‌മെന്റാണ് ഒരു വിഭാഗം ചെറുപ്പക്കാരുടെ വിയര്‍പ്പിന്റെ വില വൃഥാവിലാക്കിയത്. പ്രതിസ്ഥാനത്ത് ഒന്നുമറിയാത്ത മട്ടില്‍ ഇരിക്കുന്നവരെ പിടികൂടേണ്ടത് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവര്‍ തന്നെയാണ്. സംഘടന കൊണ്ടുനടക്കുന്ന ബിസിനസ് സംരംഭങ്ങളില്‍നിന്നുള്ള ചെറിയൊരു വിഹിതം അക്ഷരലോകത്ത് ചെലവഴിക്കാന്‍ വിശാലമനസ്‌കത കാണിച്ചിരുന്നുവെങ്കില്‍ ചരിത്രത്തിന്റെ നിര്‍ണായക ദശയില്‍ ഏറ്റെടുത്ത വലിയൊരു ദൗത്യം, അതും വര്‍ഗീയ ഫാഷിസം അതിന്റെ ഏറ്റവും ബീഭല്‍സമായ മുഖങ്ങള്‍ മുഴുവന്‍ തുറന്നുകാട്ടുന്ന ഈ കെട്ടകാലത്ത് വിവേകശൂന്യമായ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവരുമായിരുന്നില്ല.
മുന്നറിയിപ്പും താക്കീതും
തേജസിന്റെ അസ്തമയം കേരളീയ മുസ്‌ലിം സമൂഹത്തില്‍ കാര്യമായ ഒരു ചലനവും സൃഷ്ടിക്കില്ലെങ്കിലും മറ്റ് സംഘടനാ നേതൃത്വങ്ങള്‍ക്ക് ഈ പതനത്തില്‍ വലിയ പാഠവും മുന്നറിയിപ്പുമുണ്ട്. അക്ഷരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളുടെ പൊതുസ്വത്തായി മാറുകയും പത്രപ്രസിദ്ധീകരണങ്ങളുടെ സുവര്‍ണകാലം അസ്തമിക്കുകയും ചെയ്യുമ്പോള്‍ പിന്തിരിഞ്ഞോടുന്നതിനു പകരം ആത്മപരിശോധനക്കും അതിജീവനതന്ത്രങ്ങള്‍ക്കും മനസ് പാകപ്പെടുത്തുകയാണ് വേണ്ടത്. അച്ചടിമേഖലയുടെ കാലഘട്ടം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ‘അക്ഷരങ്ങളുടെ കഥ ‘ പറഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ പവലിയനുകളിലൂടെ കടന്നുപോകുന്നതിനിടയില്‍ വില്‍പനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേതിലെ പകുതി മാത്രം എന്നാണ് മറുപടി. അച്ചടി അക്ഷരങ്ങളുടെ കാലം കഴിഞ്ഞുകൊണ്ടിരിക്കുന്നു. ന്യൂ ജനറേഷന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മതി. എന്നാല്‍, 45ന് മുകളിലുള്ള ഒരു തലമുറ ഇവിടെ ഉണ്ട്. അവര്‍ക്ക് പത്രം വേണം. കൊടും നഷ്ടങ്ങളൊന്നുമില്ലാതെ, മുസ്‌ലിം മാനേജ്‌മെന്റുകളുടെ കീഴില്‍ പത്രങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്. അത്തരം പത്രങ്ങളുടെ നിലനില്‍പിന് ആധാരം അച്ചടക്കമുള്ള, നൈപുണി തെളിയിച്ച മാനേജ്‌മെന്റുകളാണ്. മിക്ക പത്രസ്ഥാപനങ്ങളുടെയും ശവക്കുഴി തോണ്ടുന്നത് യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടാത്ത, ആധുനിക മാനേജ്‌മെന്റ് സൂത്രവാക്യങ്ങള്‍ മനഃപാഠമാക്കി, കോട്ടും സ്യൂട്ടുമിട്ട് , നക്ഷത്രഹോട്ടലുകളില്‍ വിലസുന്ന മാനേജര്‍മാരാണ്. തേജസിലും സംഭവിച്ചത് അതുതന്നെയാവണം. ഒപ്പം സംഘടനാ ദുഃസ്വാധീനത്തിന്റെ കനത്ത പ്രഹരവും. മഹാനായ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂം ‘മുഖദ്ദിമ’യില്‍ ഓര്‍മിപ്പിക്കുന്ന ഒരു വസ്തുതയുണ്ട്. ഓരോരുത്തരെയും അവരുടെ കഴിവും ബുദ്ധിയും പ്രാപ്തിയും നോക്കി അവര്‍ക്ക് അര്‍ഹതപ്പെട്ട ഇരിപ്പിടത്തില്‍ ഇരുത്തണം. അതിനു സന്നദ്ധമാവുന്നില്ലെങ്കില്‍ ആന്തലൂസിയയില്‍ സംഭവിച്ചത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. തേജസിലും സംഭവിച്ചത് അതു തന്നെയാണ്.
കാസിം ഇരിക്കൂര്‍