ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 26 December 2018

വിവാഹവും ശവപ്പെട്ടി ആഭാസങ്ങളും പിന്നാലെ കൂടിയ വഹാബികളും...!

ഇന്നലെ ഒരു വീഡിയോ കണ്ടു... കല്യാണ ചെറുക്കനെ  ഭാര്യാ വീട്ടിലേക്ക് ശവപ്പെട്ടിയിൽ കിടത്തി ആനയിച്ചു കൊണ്ട് പോവുന്ന ആഭാസകരമായ -അതിലേറെ ചങ്കുപൊട്ടുന്നൊരു കാഴ്ച ...

ജീവിതത്തിന്റെ  ഏറ്റവും  പ്രധാനപ്പെട്ട  മഹനീയമായൊരു കർമ്മം  മാനുഷിക മൂല്യങ്ങൾ തിരിച്ചറിയാൻ കഴിവില്ലാത്ത  കുറച്ചു  ചെറുപ്പക്കാർക്ക്  എന്ത്  തോന്ന്യാസവും  കാട്ടിക്കൂട്ടാനുള്ള  ഒരു വേദിയായി മാറുന്നു  എന്നതിന്റെ സങ്കടം ആരോട് പറയാനാണ്...

''ഏതു നാട്ടിൽ ആയാലും  അവിടെ  മഹല്ല് കമ്മറ്റികളും  നാട്ടിലെ കാരണവന്മാരും   ചെറുക്കന്റെ കുടുംബക്കാരും മാനുഷിക ബോധമുള്ള ചെറുപ്പക്കാരുമൊക്കെ ഉണ്ടാകില്ലേ... ആർക്കെങ്കിലും നന്മ പറഞ്ഞു കൊടുത്തു കൂടേ...''എന്നൊക്കെ ഇതു വായിക്കുന്ന ഏതെങ്കിലും ഇക്കാക്കാക്ക്/ഇത്താത്താക്ക് തോന്നിയെങ്കിൽ നിങ്ങളാണ് മാറിയ ലോകത്തെ ഏറ്റവും വലിയ വിഢി എന്നിടത്താണ് കാര്യങ്ങളെത്തി നിൽക്കുന്നത്.

വരന്റ കൈ പിടിച്ച് വധുവിന്റെ ഉപ്പ മകളെ ഏല്പിച്ചു കൊടുക്കുന്ന സുന്ദരവും ലളിതവുമായ ഇസ്ലാമിക വിവാഹം ഇന്നെവിടെ എത്തി നിൽക്കുന്നു...?....ലജ്ജയോടെ, അതിലേറെ ദേശ്യത്തോടെ നയനങ്ങൾ പിൻവലിച്ച് ഞാനൊന്നും കണ്ടില്ലെന്ന് പറഞ്ഞ് മാറിപ്പോകേണ്ടി വന്ന എത്ര എത്ര വിവാഹ സംസ്കാരങ്ങൾ... വരുന്ന അതിഥികളെ ആൺ പെൺ ഭേദമന്യേ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നതൊക്കെ ഇന്നൊരു പ്രശ്നമല്ല...ഹോളിവുഡ്‌ സിനിമകളെപ്പോലും വെല്ലുന്ന തുള്ളൽ ദൃശ്യങ്ങൾ ഒരു ഭാഗത്ത്... ജെസിബിയിലും  ഗുഡ്‌സ് വാനിലും ഒക്കെയായി ,നടക്കുന്നതും പറക്കുന്നതും അല്ലാത്തതുമായ ആഭാസങ്ങൾ മറ്റൊരു ഭാഗത്ത്...വരന്റെ കൂട്ടുകാരൊപ്പിക്കുന്ന താന്തോന്നിത്തരങ്ങൾ വേറൊരു ഭാഗത്ത്...വിവാഹ ദിവസം മദ്യം വിളമ്പിയ സമ്പന്ന കല്യാണത്തിനെതിരെ പള്ളിയിൽ പ്രസംഗിച്ച ഖതീബിനെ വേരോടെ തെറിപ്പിച്ച് മഹല്ലിന്റെ കെട്ടുറപ്പ് കാത്ത് സൂക്ഷിച്ച കമ്മറ്റിക്കാർ അതിനപ്പുറത്ത്... വരന്റെ കൂട്ടുകാരുടെ കോമാളിത്തരത്തിൽ വിവാഹ രാത്രിയിൽ തന്നെ വിധവയായൊരിത്താത്ത അതിനപ്പുറത്ത്... അവസാനം സഭ്യതയുടെ സകല സീമകളും ലംഘിച്ച് ,വധുവിന്റെ പ്രിയ പിതാവിന്റെ മുന്നിലേക്ക് ശവപ്പെട്ടിയിൽ വന്നിറങ്ങുന്ന മരുമകൻ... എല്ലാം കണ്ട് പിറുപിറുക്കുന്നവരും കൈകാര്യം ചെയ്യാൻ നാട്ടിലാണുങ്ങളില്ലെ എന്ന് ചോദിച്ച് രോഷം കൊള്ളുന്നവരും ഒന്നും അറിഞ്ഞില്ലെന്ന രൂപത്തിൽ നടക്കുന്നവരും അതൊക്കെ കുട്ടികളുടെ തമാശയല്ലേ എന്ന രൂപത്തിൽ നോക്കിക്കാണുന്നവരുമെല്ലാം അണിയറ ക്ളൈമാക്സിന്റെ വായിക്കപ്പെടാത്ത എപ്പിസോഡുകൾ...സ്വന്തം ജീവിതത്തിലെ ഏറ്റവും വിശുദ്ധമായൊരു കർമ്മ ദിവസത്തിൽ ശവപ്പെട്ടിയിൽ കിടക്കാൻ മനസ് കാട്ടിയ ആ ഇക്കാക്കാനെ മാത്രം കുറ്റപ്പെടുത്താൻ ഞാനേതായാലും ഒരുക്കമല്ല. അതു കൊണ്ടെന്തു പ്രയോജനം...വാട്ട്സപ്പും ഫെയ്സ് ബുക്കും ട്വിറ്ററും ടിക്ടോക്കുമെല്ലാം നിറഞ്ഞാടുന്ന സോഷ്യൽ മീഡിയാ ട്രെന്റിൽ സംഭവിച്ചു പോയതും അവരുടെ മനസാക്ഷിക്കു മുന്നിൽ ''അരുതാത്തതാണെന്ന് തോന്നാത്തതുമായ'' ഒരു വിഷയത്തിൽ എന്തിന് അവരെ മാത്രം കുറ്റപ്പെടുത്തണം. പെട്ടെന്നൊരു നിമിഷത്തിൽ പൊട്ടി മുളച്ചതല്ല ആ ശവപ്പെട്ടി ട്രെന്റ്...മറിച്ച് തല കുത്തിമറിഞ്ഞ ജീവിത സാഹചര്യങ്ങളിൽ അവർ പോലുമറിയാതെ അവരിൽ ഇഴുകിച്ചേർന്ന ഫാഷൻ ചിന്തകളുടെയും സംസ്കാരത്തിന്റെയും ചെറിയൊരു റിസൽറ്റ് മാത്രമാണത്.അതിലേക്കവരെ തള്ളി വിട്ടതിൽ വീട്ടുകാർക്കും നാട്ടുകാർക്കും ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഇതുവരെ കാണുക പോലും ചെയ്യാത്ത സോഷ്യൽ മീഡിയാ ഫ്രണ്ട്സുസുകൾക്കുമെല്ലാം എന്തിനേറെ ഇത് വായിക്കുന്ന നമുക്കുമെല്ലാം വലുതല്ലെങ്കിലും പങ്കുണ്ടെന്ന് പറഞ്ഞാൽ നിശേധിക്കാനാകുമോ...?... അതിലും വലിയ കോപ്രായങ്ങൾ ആരും കാണാതെ ചെയ്യുന്ന മാന്യൻമാർ സമൂഹത്തിലെത്രയുണ്ട്...?... ഞാൻ പറഞ്ഞു വരുന്നത് -''ഇത്തരം വിഷയങ്ങൾ കാണുമ്പോൾ ,ചെയ്യുന്നവരെയോ വീട്ടുകാരെയോ  കുറ്റപ്പെടുത്തി സമയം കളയാതെ വിമർശനത്തിന്റെ കണ്ണാടി ഒരു വേള നമ്മിലേക്ക് തന്നെ തിരിച്ച് വക്കുക'' എന്നതാണ്... ഇത്തരം സംസ്കാരത്തിനെതിരെ കവലകളിലും മറ്റ് സദസുകളിലും ആഞ്ഞടിക്കുന്നവരുടെ വീടിനുള്ളിൽ ടിക്ടോക്കിലെയും ഇതര ആപ്പുകളിലേയും ലൈക്കിന് വേണ്ടി വാതിലടച്ചിരുന്ന് കാട്ടിക്കൂട്ടുന്ന സീനുകൾക്കാര് സമാധാനം പറയും... മേൽ സംഭവം ചെയ്തവരും എതിർത്ത് കലിപ്പ് തീർത്ത് ചീത്ത വാക്കുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ട ആളുകളും തമ്മിൽ എന്ത് വ്യത്യാസം...എവിടെയെങ്കിലും എന്തെങ്കിലും കാണുമ്പോൾ മാത്രം- അതും പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മോശമെന്ന്  തോന്നിക്കുന്ന കാര്യങ്ങളിൽ മാത്രം വിമർശനത്തിന്റെ വടി എടുക്കുന്നവർ ഇസ്ലാമികമായ കാഴ്ചപ്പാടിന്റെ പേരിൽ വിമർശനം നടത്താൻ തയ്യാറുണ്ടോ എന്ന് ചോദിച്ചാൽ എത്ര പേരുണ്ടാകും... പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് മാറി ,ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ നിന്ന് വിമർശിക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചാൽ ആരുണ്ടാകും...?... സ്വന്തം വീട്ടിലെ കല്യാണ ചടങ്ങുകൾ ഇസ്ലാമിക കാഴ്ചപ്പാടുകളിൽ നടത്തിയ എത്രപേരുണ്ടീ വിമർശനക്കൂട്ടത്തിൽ... സ്വന്തം മകളുടെ കല്യാണത്തിന് ഗാനമേള നടത്തിയ മാന്യൻ മേൽ വിഷയത്തിൽ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് കണ്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി... 

വൈദ്യർക്കാണോ കുറുന്തോട്ടിക്കാണോ വാതമെന്നതിൽ മാത്രമേ ഇപ്പോൾ സംശയമുള്ളു. ഞാൻ പറഞ്ഞ് വരുന്നത്- ശവപ്പെട്ടി സംഭവത്തിന് നമ്മുടെ ഓരോരുത്തരുടേയും വീടുകളിൽ നടന്ന ഓരോ കല്യാണ സംസ്കാരങ്ങളും ചെറുതല്ലാത്ത പ്രോത്സാഹനം ഏതെങ്കിലും രൂപത്തിൽ കൊടുത്തിട്ടുണ്ട് എന്നാണ്.അതായത് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമോരോരുത്തരുമതിന് കാരണക്കാരാണ് എന്ന്...എതിർക്കണം-മാറ്റണം-മാറ്റം വരണം.......പക്ഷേ എതിർക്കേണ്ടത് ശവപ്പെട്ടിയിൽ കിടന്ന ചെറുപ്പക്കാരനെയല്ല-നമ്മെത്തന്നെയാണ്.മാറേണ്ടതും മാറ്റേണ്ടതും നമ്മുടെ സ്വന്തം കല്യാണ സംസ്കാരത്തെയാണ്... മാറ്റങ്ങളെല്ലാം നമ്മിൽ നിന്ന് തുടങ്ങൂ... എല്ലാം നന്നാകും. അതിന് തയ്യാറാകാതെ അന്യരുടെ മാറ്റങ്ങൾക്കായി മാത്രം മലിനീകരണമുണ്ടാക്കിയാൽ നാളേകളിൽ നമ്മെക്കാത്തിരിക്കുന്നത് ശവപ്പെട്ടികളായിരിക്കില്ല...അതിലും വലുതായിരിക്കും...!...അന്യ സ്ത്രീ പുരുഷൻമാർക്ക്  തൊട്ടുരുമ്മിയിരിക്കാനവസരമൊരുക്കി വിവാഹ ഫംഗ്ഷൻ നടത്തുന്നവർ- കെട്ടിപ്പിടിക്കാനവസരം ഒരുക്കുന്ന അന്യന്റെ വിവിഹ ഫംഗ്ഷനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് ചിലത് തിരുത്താനും ചിന്തിക്കാനുമുണ്ടെന്ന ചിന്തയോടെ ഒരു സ്വയം തിരുത്തൽ ആദ്യം നടക്കട്ടെ...

ഓണത്തിനിടക്ക് പുട്ടുകച്ചവടമെന്നപോലെ- ഇതിനിടയിലും ചൂണ്ടയിടാനെത്തി ചില നവോത്ഥാന വേഷം കെട്ടുകാർ....  !...ഒരൊറ്റത്തൗഹീദിൽ തമ്മിത്തല്ലി അഞ്ചും എട്ടും വഹാബിത്തൗഹീദുകളിൽ പൊട്ടിപ്പിളർന്ന- നജ്ദിയൻ കൈത്തോട്ടിലെ മുട്ടോളമുള്ള വെള്ളത്തിൽ മൂക്കുകുത്തി വീണ്, തൗഹീദിന്റെ ജീവവായുവിനായി കാലിട്ടടിക്കുന്ന വഹാബീ കുഞ്ഞാടുകൾ ശവപ്പെട്ടിയിൽ കയറിപ്പിടിച്ചത് സങ്കടങ്ങൾക്കിടയിലും  വല്ലാത്തൊരു കോമഡിയായി... മറ്റുള്ളവർ ശവപ്പെട്ടി എടുക്കാത്തത് ഞമ്മന്റെ നവോത്ഥാനത്തിന്റെ പോരിഷയാണെന്ന രൂപത്തിലാണ് ചിലരുടെ അവകാശവാദങ്ങൾ...പാവങ്ങൾ... !...''ശവപ്പെട്ടിയും മേശയുടെ ട്രോയുമൊക്കെ അടക്കുമ്പോൾ ജിന്ന് കുടുങ്ങും- വേദനിക്കും- ചിലപ്പോൾ തിരിച്ചടിക്കും'' - എന്ന് തുടങ്ങി ,മത്തിമീൻ കഴുകിയ വെള്ളവും തെങ്ങിൽ നിന്നിടുന്ന തേങ്ങയും ജിന്നിന്റെ തലയിൽ ചാടാതിരിക്കാൻ മാർഗനിർദ്ധേശങ്ങളുമായി ഊരുചുറ്റുന്നവർ, നിലവിൽ ജിന്നിനെപ്പോലും രക്ഷിക്കാനാകാതെ ''യാ ഇബാദല്ല''യിൽ കുടുങ്ങി പരസ്പരം മുശ്രിക്കാക്കി ,അവസാനം ശവപ്പെട്ടിയിൽ കയറിപ്പിടിച്ചത് - നജ്ദിയൻ തൗഹീദുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷമോഹിച്ചുള്ള കച്ചിത്തുരുമ്പ് തേടിയാണെന്നത് വ്യക്തം... ആദർശപരമായി മൃതിയടഞ്ഞവർ  ശവപ്പെട്ടിയിലെങ്കിലും കയറിപ്പിടിക്കട്ടെ...അത്തരക്കാരുടെ വളിച്ച നവോത്ഥാന സ്വപ്നങ്ങൾ അങ്ങിനെയെങ്കിലും  പാവം അണികൾ മനസിലെങ്കിലും പൂവണിയിക്കട്ടെ... തത്കാലം അവഗണിക്കാം...

ഓർക്കുക-വിവാഹം പുണ്യമായൊരു കർമ്മമാണ്. ഇരു ദ്രുവങ്ങളിലുള്ള ഇരുമനസുകൾ ഉത്തരവാദിത്തപ്പെട്ടവരുടെ കൈ പിടിച്ച് ഒന്നിക്കുന്ന വിശുദ്ധമായൊരു ചടങ്ങ്... അതിൽ അരുതായ്മകൾ കടത്തിക്കൂട്ടിയാലാ ദാമ്പത്യവല്ലരിയിൽ വിരിയുന്ന കുസുമങ്ങൾ ബറക്കത്തില്ലാത്തതായി മാറും...നാളേയുടെ സായംസന്ധ്യകളിൽ-''അനുസരണയില്ലാത്ത,മാതാപിതാക്കളെ വകവക്കാത്ത,പരിഗണിക്കാത്ത ,പരിചരിക്കാത്ത'' മക്കൾ നന്നാകാൻ വേണ്ടി ദുആ ചെയ്യണമെന്ന് പറഞ്ഞ് പള്ളിയിലേക്ക് ചെല്ലുന്നതിനു മുമ്പ് ഇതൊക്കെ ഓർത്തിരുന്നാൽ നന്ന്... ഉപദേശിക്കുകയല്ല-സങ്കടം തോന്നിയപ്പോൾ ചിലത് കുറിച്ചെന്നു മാത്രം...വിവാഹത്തിന് മുതിരുന്ന ഇക്കാക്കാമാർ, കല്യാണ അറേജ്മെന്റുകളൊരുക്കുമ്പോൾ ഇതൊന്നും മറക്കരുത്...വാർധക്യ കാലത്ത് മക്കളെയോർത്ത് നെടുവീർപ്പിടുമ്പോൾ- ''കല്യാണ ടൈമിൽ കൂടെ തുള്ളിയ-പ്രോത്സാഹിപ്പിച്ച- ജീവിതത്തിലൊരു ചാൻസേയുള്ളു, അടിച്ച് പൊളി മച്ചൂ,ഇതൊന്നുമില്ലെങ്കിലെന്ത് കല്യാണമെന്ന് പറഞ്ഞ് പ്രോത്സാഹനം തന്ന'' ഒരു കൂട്ടുകാരനും ഒപ്പം കാണില്ല. നീയും നിന്റെ കർമങ്ങളുടെ പരിണിത ഫലങ്ങളും മാത്രം...! വിവാഹത്തിന്റെ പേരിൽ ആർഭാടങ്ങളുടെ ആചാര വെടി മുഴക്കുമ്പോളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യചാരുതകളൊരുക്കുമ്പോളും,അയൽ വീട്ടിലെ ചെറ്റക്കുടിലുകളിൽ മംഗല്യ സൗഭാഗ്യമില്ലാതെ വിതുമ്പിക്കരയുന്ന പാവങ്ങളുടെ കണ്ണുനീരിന്റെ ശക്തി,നിന്നെ- കുലമടക്കം നശിപ്പിച്ച് സംഹാര താണ്ഡവമാടാനുതകുന്ന കണക്കുകൂട്ടലുകൾ ബാലൻസ് ചെയ്യുന്ന തിരക്കിലായിരിക്കുമെന്ന് മറക്കരുത്.അന്നു പൊട്ടിച്ച കുപ്പികൾക്ക് പകരവും പകരത്തിന് പകരവുമായി, നിന്റെ ആർഭാടങ്ങളുടെ അടയാളങ്ങളായിരുന്ന ബാങ്ക് ബാലൻസുകളുടെ മുകളിൽ കയറിയിരുന്ന് ലഹരി നുണഞ്ഞ് കൊഞ്ഞനം കാട്ടുന്ന സ്വന്തം മക്കൾ...കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നതിൽ വിവാഹ ആഭാസങ്ങളൊഴിവല്ലെന്നും കിട്ടലെല്ലാം സ്വന്തം ജീവിതത്തിൽ തന്നെയായിരിക്കുമെന്നും ,പടച്ചവന്റെ പരീക്ഷണങ്ങൾ  ഷെയർ ചെയ്യാൻ ഒരു ചങ്കും കൂടെയുണ്ടാകില്ലെന്നും , വരന്റ വേഷമണിയുന്ന ഇക്കാക്കമാർ  മറക്കാതിരിക്കട്ടെ...ഇല്ല-ഇനി കുറിക്കുന്നില്ല...ചിന്തിക്കുന്നവർക്കിത് തന്നെ ധാരാളം...എല്ലാവർക്കും നല്ലത് വരട്ടെ... ഒരുപാട് സങ്കടത്തോടെ...

                          ✍  ഫാതിമ റഷീദ്