ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 26 December 2018

എന്തുകൊണ്ട് സുന്നികളാരും ഹിജ്‌റ പോകുന്നില്ല?

കേരളത്തിലെ മുസ്ലിം ചലനങ്ങളെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന പത്രപ്രവര്‍ത്തകനാണ് എം.പി പ്രശാന്ത്. ടൈംസ് ഒഫ് ഇന്ത്യയിലാണ് ഇപ്പോള്‍. ജനിച്ചുവളര്‍ന്നതും ജോലിചെയ്യുന്നതും മലബാറിലാണ്. അതുകൊണ്ടുതന്നെ മുസ്ലിംകള്‍ അന്യരല്ല. അവര്‍ക്കിടയിലെ ശാഖാപരമായ ഭിന്നതകളും കര്‍മശാസ്ത്ര തര്‍ക്കങ്ങളുമെല്ലാം അറിയാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റേതൊരാളെയുംപോലെ നവോന്ഥാനപ്രസ്ഥാനങ്ങളെന്ന് പറയപ്പെടുന്ന മുസ്ലിംസംഘടനകളോട് പ്രത്യേക താല്‍പര്യമായിരുന്നു.

 സുന്നികള്‍ യാഥാസ്തികരും മുജാഹിദുകള്‍ പരിഷ്‌കരണവാദികളും എന്ന സമവാക്യത്തില്‍ നല്ലൊരളവോളം വിശ്വാസിച്ചിരുന്നു. അങ്ങനെ കഴിഞ്ഞുപോരുമ്പോഴാണ് കേരള നദ് വത്തുല്‍ മുജാഹിദീന്‍ പിളരുന്നത്. സ്വാഭാവികമായും അവരുടെ വാര്‍ത്താസമ്മേളനങ്ങളും പൊതുസമ്മേളനങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടിവരന്നു. അപ്പോഴൊക്കെ അവരുടെ വാദങ്ങളേയും എതിര്‍വാദങ്ങളേയും പഠിക്കാന്‍തുടങ്ങി. ഔദ്യോഗിക ഗ്രൂപ്പെന്നും മടവൂര്‍ വിഭാഗമെന്നുമുള്ള പിളര്‍പ്പിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ ഓരോ ചലനങ്ങളും അപ്പപ്പോള്‍ അറിഞ്ഞുവെച്ചു. അന്നന്നത്തെ വാര്‍ത്തക്കുള്ളവക എന്നതിലപ്പുറം, വളര്‍ന്നുവരുന്ന ഒരു സാമൂഹ്യപ്രശ്‌നം എന്ന നിലക്ക് അതിനെ നിരീക്ഷിക്കാന്‍ തുടങ്ങി. 

ഈജിപ്ഷ്യന്‍ സലഫികളെന്നും സൗദീവഹാബികള്‍ എന്നുമുള്ള വിഭാഗീയതക്ക് അപ്പുറത്തേക്ക് നീങ്ങിയപ്പോള്‍ അതിനൊപ്പംതന്നെ നീങ്ങി. ജിന്നുവാദികള്‍, ആടുസുന്നത്തുകാര്‍ തുടങ്ങിയ പലവിധ വഹാബീ സംഘങ്ങള്‍ വന്നപ്പോള്‍ അതിന്റെയെല്ലാം അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ അറിയാന്‍ എളുപ്പത്തില്‍ സമീപിക്കാവുന്ന വിവരകേന്ദ്രമായി പ്രശാന്ത് മാറി. 

രണ്ടുമൂന്നു മാസങ്ങള്‍ക്കു മുമ്പ് സംസാരിച്ചപ്പോള്‍ കേരളത്തിലെ വഹാബിസംഘടനകളുടെ പട്ടിക അദ്ദേഹം നിരത്തി. സംഘടനാരൂപത്തിലുള്ളതുതന്നെ അഞ്ചെണ്ണമുണ്ട്. സംഘടനവേണ്ട എന്നുവാദിച്ച് വിട്ടുനിന്നശേഷം അതില്‍നിന്ന് പിളര്‍ന്ന സംഘടനയില്ലാ സംഘടനകള്‍ രണ്ടെണ്ണവും. അങ്ങനെ ഏഴോളം വഹാബി സംഘങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്.

ഈ പിളര്‍പ്പു പടരുന്നതിനിടയിലാണ് കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ രാജ്യം വിട്ട് മറുരാജ്യങ്ങളിലേക്ക് പോകാന്‍ തുടങ്ങിയത്. അഫ്ഘാനിസ്ഥാനിലേക്കും യമനിലെ ദമ്മാജിലേക്കും സിറിയയിലേക്കും തുര്‍ക്കിയിലേക്കുമെല്ലാം മുസ്ലിംചെറുപ്പക്കാര്‍ ഹിജ്‌റപോകുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ആ വാര്‍ത്തകളുടെ പിന്നാലെയും പ്രശാന്ത് പോയി. അങ്ങനെ പോയവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചും അവരുടെ കുടുംബപശ്ചാത്തലം പഠിച്ചും വന്നപ്പോഴാണ്  ഒരു കാര്യം ശ്രദ്ധയില്‍പെട്ടത്. അങ്ങനെ പോയവരെല്ലാവരും വഹാബി പശ്ചാത്തലമുള്ളവരാണ്. 

പാലക്കാട്‌നിന്നും പടന്നയില്‍നിന്നുമായി ആദ്യംപോയ 22 പേര്‍. പിന്നീട് ബഹറിന്‍ സലഫീസെന്റര്‍ വഴി പോയവര്‍ 15. പിന്നാലെ മലപ്പുറത്ത് നിന്ന് പോയവര്‍ രണ്ട്. അങ്ങനെ നാല്പതോളം ആളുകളുടെ കുടുംബവിവരങ്ങളും സംഘടനാബന്ധങ്ങളും ശേഖരിച്ചു. ഒന്നുരണ്ടാളുകള്‍ സംഘടനാവിലാസ പ്രകാരം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആയിരുന്നു. പക്ഷേ അവരുടേയും വിശ്വാസത്തറ വഹാബിസത്തിലാണ്. ആകെ അന്‍പതിനും അന്‍പത്തിയഞ്ചിനും ഇടയില്‍ വരും ഇങ്ങനെ ഹിജ്‌റ പോയവരുടെ കണക്ക്. ദമ്മാജിലേക്ക് ആടുമേക്കാന്‍ പോയവര്‍ ഇതിനുപുറമെയാണ്. ഇവരെല്ലാവരും വഹാബികളാണ്. 

അവരുടെ വീട്ടുകാരെക്കുറിച്ചും വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ എത്തിച്ചേര്‍ന്ന കൗതുകങ്ങള്‍ വേറെയുണ്ട്. അഞ്ചുനേരം കൃത്യമായി നിസ്‌കരിച്ചുകൊണ്ട് 55 വയസ്സുവരെ ജീവിച്ച വഹാബിയായ ഉപ്പയെ യഥാര്‍ത്ഥ ഇസ്ലാമിലേക്ക് ക്ഷണിച്ച 21-കാരന്റെ കഥപോലെ പലതും. ഇതെല്ലാം അന്വേഷിച്ച് അറിഞ്ഞതിനു ശേഷം പ്രശാന്ത് ഉന്നയിച്ച ഒരു ചോദ്യമുണ്ട്. അതിപ്പോഴും കേരളീയ സമൂഹത്തിന്റെ മുന്നിലുണ്ട്. എന്തുകൊണ്ടാണ് കേരളത്തിലെ സുന്നികള്‍ ഹിജ്‌റ പോകാത്തത് എന്നതാണാ ചോദ്യം.

അതിന് ഉത്തരം കണ്ടെത്തുക എന്നത് അത്ര പ്രയാസകരമാണ് എന്ന് തോന്നുന്നില്ല. വഹാബികള്‍ എന്തിനു പോകുന്നു എന്നറിഞ്ഞാല്‍ മതിയല്ലൊ. അവര്‍ പോകുന്നത് ജിഹാദിനാണ്. ചെറിയജിഹാദിന്. നബി പറഞ്ഞ വലിയജിഹാദിനല്ല. അതായത് സ്വന്തം മനസ്സിന്റെ കാമത്തോട് യുദ്ധംചെയ്യാനല്ല. അതിന് എങ്ങോട്ടും പുറപ്പെട്ടുപോകേണ്ടതില്ലല്ലോ. മനുഷ്യരോട് യുദ്ധം ചെയ്യാനാണ് അവര്‍ പോകുന്നത്. യുദ്ധം ചെയ്യുന്നത് ഇസ്‌ലാമികരാജ്യം സ്ഥാപിക്കാനാണ്. നിലവിലുള്ള ഏതെങ്കിലും രാജ്യത്ത് ചെന്ന് മനസ്സമാധാനത്തോടെ ജീവിച്ച്, സല്‍കര്‍മങ്ങള്‍ അനുഷ്ടിച്ച് മോക്ഷം നേടാനല്ല. യുദ്ധം ചെയ്ത് ഇസ്‌ലാമികരാജ്യം ഉണ്ടാക്കിയെടുക്കാനാണ്. 

യുദ്ധത്തിനിടയില്‍ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതലായതിനാല്‍ ശഹീദായി മോക്ഷം പ്രാപിക്കാനുള്ള സാധ്യതയും കൂടുതലാണല്ലോ. പോയവരൊക്കെയും പോകാനുള്ളവരെ സ്വര്‍ഗംകാട്ടിയാണ് പ്രലോഭിപ്പിക്കുന്നത് എന്നത് യാദൃശ്ചികമല്ല. ലോകത്തെ ഇസ്ലാമിക രാജ്യങ്ങളെ രണ്ടായി പിളര്‍ത്തിനിര്‍ത്തിയശേഷം രണ്ടുഭാഗത്തേക്കും ആയുധങ്ങള്‍ കൊടുത്തുകൊണ്ട് രണ്ടുകൂട്ടരെക്കൊണ്ടും യുദ്ധം ചെയ്യിക്കുന്നുണ്ടല്ലോ. അവിടേക്കുതന്നെയാണ് ഇവരീ ആളുകളെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്നത്. ആയുധങ്ങള്‍ ഫാക്ടറികളിലുണ്ടാക്കാം. ആളുകളെ അങ്ങനെയുണ്ടാക്കാനാകില്ലല്ലോ. ആയുധങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ പൂര്‍ണവളര്‍ച്ചയെത്തിയ മനുഷ്യരെ വേണം. അതിനുള്ള എളുപ്പവഴിയാണിത.് ആളുകളെ നാടുകടത്തിക്കൊണ്ടുപോയി ആയുധംകൊടുത്ത് യുദ്ധം ചെയ്യിക്കുക. 

അത്തരം യുദ്ധങ്ങള്‍ തുടങ്ങിയ കാലഘട്ടം, അതിന്റെ ഗതിവിഗതികള്‍, എന്നിവ നിരീക്ഷിച്ചാല്‍ ഒന്നുവ്യക്തമാകും. ഇസ്ലാമികരാജ്യം ഉണ്ടാക്കാനിറങ്ങിയവര്‍ പരാജയം മണക്കാന്‍ തുടങ്ങിയപ്പോഴാണ് കേരളത്തില്‍ നിന്നടക്കം ആളുകള്‍ വിശുദ്ധയുദ്ധത്തിനായി പോകാന്‍ തുടങ്ങിയത്. അങ്ങനെ പോയവരൊക്കെയും വഹാബികളാണ്. അത് തെളിഞ്ഞപ്പോഴാണ് ചോദ്യമുയര്‍ന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ സുന്നികള്‍ അങ്ങനെ പോകാത്തത് എന്ന ചോദ്യം.

 അങ്ങനെ പോകുന്നവരെ സ്വാധീനിക്കുന്നത് ഗള്‍ഫിലെ ജോലിയും ഗള്‍ഫ് പശ്ചാത്തലവും മാത്രമല്ല. അവ മാത്രമായിരുന്നെങ്കില്‍ സുന്നി ചെറുപ്പക്കാരും ഇതില്‍ പെട്ടുപോകേണ്ടതായിരുന്നു. അതുമാത്രമല്ല സ്വാധീനഘടകം. വിശ്വാസം ഒരു ഘടകമാണ്. അടിസ്ഥാനപരമായ ഘടകം അതാണ്. വഹാബിസത്തില്‍ ഊന്നിനില്‍ക്കുന്ന ഒരു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സംസ്ഥാപനത്തിനു വേണ്ടിയാണല്ലോ യുദ്ധംവെട്ടുന്നത്. 

ആ സ്വപ്‌നരാജ്യം യാഥാര്‍ത്ഥ്യമായി എന്ന് സ്ഥാപിക്കാനായി പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഏതെന്ന് നോക്കുക. ദര്‍ഗകളും മഖ്ബറകളും പുണ്യാത്മാക്കളുടെ സ്മാരകങ്ങളും തകര്‍ക്കുന്ന ദൃശ്യങ്ങളാണ് ഏറ്റവുമധികം പ്രചരിപ്പിക്കുന്നത്. നബിമാരുടേയും വലിയ്യുമാരുടേയും എത്രയെത്ര സ്മാരകകുടീരങ്ങളാണ് അങ്ങനെതകര്‍ത്തത്. ഇസ്ലാമിന്റെ ചരിത്രഭൂമിയിലെല്ലാം അത് അരങ്ങേറി. ഈ പണി കേരളത്തിലെ വഹാബികള്‍ പതിറ്റാണ്ടുകളായി ചെയ്തുപോരുന്നതാണ്. ഇപ്പോഴും നാടുകാണി ചുരത്തില്‍ ചെയ്തത് ഇതാണ്. ഇക്കാലത്തുതന്നെ ഇവിടേയും ഇതു ചെയ്തത് യാദൃശ്ചികമാകാനിടയില്ല. പൊളിക്കാന്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കാനുള്ള ഒരു പ്രദര്‍ശനപ്രകടനമായിരുന്നു നാടുകാണിയില്‍ കണ്ടത്. കേരളത്തിലെ ആദ്യത്തെ ഐ.എസ് ആക്രമണമാണ് നാടുകാണിയിലുണ്ടായത് എന്നുതന്നെ കാണണം. 

തീവ്രമായ വിഭാഗീയതയുള്ളവരാണ് വഹാബികള്‍. പ്രത്യേകിച്ച് കേരളത്തിലെ വഹാബികള്‍. അവരെക്കുറിച്ച് ഒ. അബ്ദുറഹ്മാന്റെ ഒരു നിരീക്ഷണമുണ്ട്.  ''വഹാബികള്‍ എന്നറിയപ്പെടുന്ന മുജാഹിദുകളുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഗൗരവമായിത്തന്നെ ഉണ്ട്. ഗുലുവ്വ് എന്ന് ഖുര്‍ആന്‍ പറഞ്ഞ അതിരുകവിഞ്ഞ മതമൗലികവാദികളായി മാറിയിരിക്കുകയാണ് അവര്‍. സൗദി അറേബ്യയാണല്ലോ ഒരു വഹാബീരാജ്യം. അന്ധവിശ്വാസത്തിന് എതിരെന്നപേരില്‍ ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തുകളഞ്ഞു അവര്‍. അതൊന്നും ചെയ്യാന്‍ പാടില്ലാത്തതാണ്. അതൊക്കെ വരുംതലമുറക്ക് വേണ്ടി സൂക്ഷിക്കണമായിരുന്നു. ഇവിടേയും വളരെ കുടുസ്സായ മതചിന്തയാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇത്രയൊന്നും തീവ്രമാകേണ്ടതില്ല. മുജാഹിദ് വിഭാഗങ്ങള്‍ ഗ്രൂപ്പുകളായി പൊട്ടിപ്പിളരുംതോറും ഇതിന്റെ തീവ്രത കൂടിവരികയാണ്'' - ഇതാണ് ആ നിരീക്ഷണം.( മുഖ്യാധാര 2016- ഫെബ്രുവരി) 

അവരുടെ തീവ്രത എത്രയെന്ന് കാണാന്‍ കേരളത്തില്‍  പ്രത്യേകിച്ച് ഉദാഹരണങ്ങള്‍ നിരത്തേണ്ടതില്ലല്ലോ. മതപ്രബോധനത്തിലും അതേ തീവ്രത അവര്‍ കാണിക്കുന്നു. ആശാസ്യമല്ലാത്ത തീവ്രത. അതിന്റെ ബഹിര്‍സ്ഫുരണമാണ് പരമതനിന്ദയും അസഹിഷ്ണുതയും നിറഞ്ഞ പ്രസംഗങ്ങള്‍. ഇത് കേരളത്തിലെ മുസ്ലിം പാരമ്പര്യമല്ല. കേരളത്തിലെ പാരമ്പര്യമുസ്ലിംകളെ വഹാബികള്‍ക്ക് കണ്ടുകൂട. ആ പാരമ്പര്യം ഒരു പോരായ്മയായി കരുതുന്നവരാണ് 'നവോന്ഥാനത്തിനു വേണ്ടി' വഹാബിസത്തെ പ്രാപിച്ചത്. പാരമ്പര്യമുസ്ലിംകളുടെ രീതികളില്‍വെച്ച് അവര്‍ക്ക്  ഏറ്റവും അരോചകമായി തോന്നിയത് വയളുകള്‍ അഥവാ മതപ്രസംഗങ്ങള്‍ ആയിരുന്നു. 

യഥാര്‍ത്ഥത്തില്‍ ഒരു കാലഘട്ടത്തിലെ മതവിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അത്.  ചെറുപ്പത്തില്‍ കൃത്യമായ വിദ്യാഭ്യാസം ലഭിക്കാതെപോയവര്‍ക്ക,് ജീവിക്കാന്‍ അധ്വാനിക്കുന്നതിനിടയില്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക്, അത് നല്‍കുന്നതിനായാണ് വയളുകള്‍ സംഘടിപ്പിച്ചിരുന്നത്. പള്ളികളോടും മദ്രസ്സകളോടും ചേര്‍ന്നാണ് അതിന് വേദിയൊരുക്കിയിരുന്നത്. എന്നുവെച്ചാല്‍ മുസ്ലിംപ്രദേശങ്ങളില്‍, മുസ്ലിംസദസ്സുകൡായിരുന്നു വയളുകള്‍. തീര്‍ത്തും നിരക്ഷരായ ആളുകളെ ലക്ഷ്യം വെച്ചാവുമ്പോള്‍ അവരെ പിടിച്ചിരുത്തുകയും അവര്‍ക്ക് മനസ്സിലാകുകയും ചെയ്യുന്ന രീതി അതിനായി അനുവര്‍ത്തിച്ചിരുന്നു. ആ പ്രസംഗശൈലിപോലും അരോചകമാണ് എന്നാണല്ലോ വഹാബികള്‍ പരിഹസിച്ചിരുന്നത്. 

എന്നാല്‍ അവരുടെ നവോന്ഥാനം പൂര്‍ത്തിയായി അത് പിളര്‍ന്നുതുടങ്ങിയപ്പോള്‍ പുറത്തുവന്ന പ്രസംഗമുജാഹിദുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പരമതനിന്ദ നിറഞ്ഞ പ്രസംഗങ്ങള്‍ എത്രമാത്രം അരോചകമാണ്? അത്് ഇനിയും മനസ്സിലാകാത്തത് കേരളത്തിലെ വഹാബികള്‍ക്ക് മാത്രമാണ്. അത് അവര്‍ക്ക് മനസ്സിലകാത്തത്  അവരുടെ ഉള്ളിലെ തീവ്രത കാരണമാണ്. അതിരുകടന്ന തീവ്രത. ആ തീവ്രതതന്നെയാണ് കേരളത്തിലെ വഹാബി ചെറുപ്പക്കാരെ ഹിജ്‌റപോകാന്‍ പ്രേരിപ്പിക്കുന്നത്. അവര്‍ പ്രചരിപ്പിക്കുന്ന മതം എത്രമാത്രം കുടുസ്സായതാണ് എന്ന് മനസ്സിലാകത്തതും കേരളത്തിലെ വഹാബികള്‍ക്ക് മാത്രമാണ്. അതുകൊണ്ടാണ് ഐക്യസംഘമായി തുടങ്ങിയ പ്രസ്ഥാനം ചിതറിയപ്പോള്‍ ,അതില്‍നിന്നുണ്ടാകുന്ന ഗ്രൂപ്പുകള്‍ പിളര്‍ന്ന് ഒരോസംഘവും കുടുസ്സായിക്കൊണ്ടുരിക്കുന്നത്. ഒരോ സംഘത്തിന്റെയും മതം അവരുടെ ഗ്രൂപ്പുമാത്രമാണ്. അതില്‍ അല്ലാത്തവരെല്ലാം മതത്തിനു പുറത്താണ്. അതുകൊണ്ടാണല്ലോ വഹാബി കുടുംബത്തിലെ മകന്‍ വഹാബിയായ ഉപ്പയെ 'യഥാര്‍ത്ഥ ഇസ്ലാമിലേക്ക്' ക്ഷണിച്ചത്. കേരളത്തിലെ മുസ്ലിംകളുടെ ഇസ്്‌ലാം അത്രയും കുടുസ്സല്ല. അത്രയും തീവ്രവുമല്ല. അതുകൊണ്ടാണ് കേരളത്തിലെ സുന്നികള്‍ 'ഹിജ്‌റ' പോകാത്തത്.

ബഹുമത സമൂഹത്തില്‍ സ്വീകരിക്കപ്പെടുകയും താലോലിക്കപ്പെടുകയും ചെയ്ത പാരമ്പര്യമാണ് കേരള മുസ്ലിംകള്‍ക്കുള്ളത്. മാലിക് ഇബിനു ദിനാറും സംഘവും വന്ന ആദ്യകലഘട്ടംമുതല്‍ അതാണ് ചരിത്രം. പിന്നീട് ഹദര്‍മൗത്തില്‍ നിന്ന് സയ്യിദന്മാര്‍ വന്നപ്പോഴും അതേ സ്വീകാര്യതയാണ് കി്ട്ടിയത്. ഹദര്‍മൗത്തില്‍ നിന്ന് കച്ചവടസംഘത്തോടൊപ്പം പായക്കപ്പലില്‍ ശൈഖ് ജിഫ്രി ബിന്‍ മുഹമ്മദ് ഹിജ്‌റ 1159-ല്‍ ( എ.ഡി 1746) കോഴിക്കോട് കടപ്പുറത്ത് ഇറങ്ങിയ ചരിത്രസന്ദര്‍ഭം പ്രസിദ്ധമാണ്. കോഴിക്കോട് ഭരിക്കുന്ന സാമൂതിരി രാജാവിന് ഇതരമതസ്ഥരോടുള്ള സമീപനത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ജിഫ്രിതങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചത്. കോഴിക്കോട്ടിറങ്ങിയ ജിഫ്രിതങ്ങളെ അന്നത്തെ കോഴിക്കോട് ഖാസി മുഹയ്ദ്ദീന്‍ ബിന്‍ അബ്ദുസ്സലാമും സാബന്ദര്‍കോയ( ഒരു ഉദ്യോഗപ്പേര്)യും അടക്കമുള്ള മുസ്ലിം പ്രമുഖര്‍ സ്വീകരിച്ച് സാമൂതിരിയുടെ കൊട്ടാരത്തിലേക്കാണ് നേരെ കൊണ്ടുപോയത്. ഖാസിക്ക് സാമൂതിരിയുടെ കൊട്ടാരത്തില്‍ പ്രത്യേക ഇരിപ്പിടംതന്നെ ഉണ്ടായിരുന്നു. കൊട്ടാരത്തിലെത്തിയ ജിഫ്രി തങ്ങളെ സാമൂതിരി ആദരപൂര്‍വ്വം സ്വീകരിച്ചു. നാട്ടിലെ മുസ്ലിംകള്‍ക്ക് താങ്ങുംതണലുമായി കോഴിക്കോടുതന്നെ താമസിക്കാന്‍ മാനവിക്രമന്‍ രാജാവ് ജിഫ്രിതങ്ങളോട് അഭ്യര്‍ത്ഥിച്ചു. കല്ലായിക്ക് സമീപമുള്ള ആനമാട് എന്ന പ്രദേശത്തെ തെങ്ങിന്‍തോപ്പും കുറ്റിച്ചിറയിലെ വിശാലമായ സ്ഥലവും മാളിയേക്കല്‍ ഭവനവും (ഇന്നത്തെ ജിഫ്രി ഹൗസ്) സൗജന്യമായി തങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഖാസിയെപോലെതന്നെ ജിഫ്രിതങ്ങളേയും എല്ലാ നികുതികളില്‍ നിന്നും രാജാവ് ഒഴിവാക്കി.  

അക്കാലത്ത് കോഴിക്കോടുണ്ടായിരുന്ന ഹസ്രത്ത് സയ്യിദ്  മുഹമ്മദ് ഹാമിദ് അവര്‍കള്‍ ജിഫ്രിതങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചു. ഇരുവരും മലബാറിന്റെ ഉള്‍പ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച്് ഇസ്ലാംമത പ്രചാരണം നടത്തി. നാടിന്റെ നാനാഭാഗത്തുനിന്നും ആത്മീയോപദേശത്തിനായി ആളുകള്‍ കോഴിക്കോട്ടേക്ക് എത്തിക്കൊണ്ടിരുന്നു. ചുരുങ്ങിയകാലംകൊണ്ട് മലബാര്‍ മുസ്ലിംകളുടെ ആത്മീയനേതാവായി തങ്ങള്‍ ഉയര്‍ന്നു. ഗുരുവിനേയും ശിഷ്യനേയും ജാതിമതഭേതമില്ലാതെ ജനങ്ങള്‍ ആദരിച്ചു. അനേകം അമുസ്ലിംകള്‍ അവര്‍ മുഖേന ഇസ്ലാംമതം ആശ്ലേഷിക്കുകയുണ്ടായി.(കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം) 

ഒരു കാലഘട്ടത്തിന്റെ ഖുത്ബ് ആയിരുന്ന മമ്പുറം മൗലദ്ദവീല സയ്യിദ് അലവിതങ്ങളുടേയും പാരമ്പര്യം ഇതാണ്. ഇതുതന്നെയാണ് കേരളത്തിലെ മുസ്ലിംകളുടെ പൊതുവായ പാരമ്പര്യം. സ്വീകരിക്കപ്പെട്ട ഒരു പാരമ്പര്യത്തിന്റെ അനന്തരാവകാശികളാണ് അവര്‍. അത് മറന്നില്ല എന്നതാണ് കേരളത്തിലെ മുസ്ലിംകളുടെ ഏറ്റവും വലിയ ഗുണം. സ്വീകരിക്കപ്പെട്ട ഈ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ മെച്ചപ്പെട്ടതൊന്നും മറ്റെവിടെപ്പോയാലും കിട്ടില്ല എന്ന് അവര്‍ക്കറിയാം. ആ അറിവ് അവര്‍ക്ക് ജിഫ്രി തങ്ങളേയും മമ്പുറം തങ്ങളേയും പോലുള്ള ആത്മീയ നേതാക്കളുടെ പരമ്പരയിലൂടെ കൈമാറിക്കിട്ടിയതാണ്. കേരളത്തിലെ മുസ്ലിംകള്‍ അടിസ്ഥാനപരമായി കേരളീയരാണ്. അവര്‍ക്കു കിട്ടിയ മതത്തില്‍ ആത്മീയതയുടെ നനവുണ്ട്. അതിനാല്‍ പരസ്പരബഹുമാനത്തിന്റെ അര്‍ത്ഥം അവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് അവര്‍ പരമതനിന്ദ നടത്തില്ല. 

വഹാബികള്‍ അങ്ങനെയല്ല. അവര്‍ക്ക് കൈമാറിക്കിട്ടിയ ഇസ്ലാമില്‍ ആത്മീയതയില്ല. അത് സ്രോതസ്സില്‍വെച്ചുതന്നെ അടച്ചുകളഞ്ഞിരുന്നു. വരണ്ട മതമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ആത്മീയമായല്ല സാങ്കേതികമായി മുസ്ലിംകളാണ് വഹാബികള്‍. സാങ്കേതികമുസ്ലിംങ്ങള്‍ എന്നു പറഞ്ഞാലും തെറ്റല്ല. ആത്മീയവിദ്യയല്ല സാങ്കേതിക വിദ്യയാണ് അവര്‍ക്ക് പഥ്യം. ദര്‍സുകളും ഗുരുനാഥന്മാരുമല്ല, സൈബര്‍ സംവിധാനങ്ങളും ഇന്റര്‍നെറ്റ് മറുപടികളുമാണ് അവരെ വഴിനടത്തുന്നത്. അതുകൊണ്ടുതന്നെ തസ്ബീഹ് മാലയേക്കാള്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം തോക്കുകളാണ്. ഇസ്ലാമികരാജ്യം ഉണ്ടാക്കാന്‍ പോകുന്നവരുടെ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ, ഒരുകയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ തോക്കുമാണ് അതില്‍. 

എന്നാല്‍ പാരമ്പര്യ മുസ്ലിംകളുടെ ചിത്രങ്ങളില്‍ ഖുര്‍ആനും തസ്ബീഹ് മാലയുമായിരിക്കും. അതാണ് അത്മീയ ഇസ്്‌ലാമിന്റയും സാങ്കേതിക ഇസ്ലാമിന്റെയും വ്യത്യാസം. വഹാബിസത്തിന്റെ സ്ഥാപകനായ മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനും തോക്ക് ആയിരുന്നു പ്രിയം. ഇസ്ലാംതന്നെയും അദ്ദേഹത്തിന്റെ കയ്യില്‍ സാങ്കേതികമായ ഒരു ഉപകരണമായിരുന്നു. ഒരു പുതിയ രാജ്യം സ്ഥാപിക്കാനുള്ള ഉപകരണം. പതിനെട്ടാം നൂറ്റാണ്ടില്‍ മുസ്ലിംകളെ മാത്രം കൊന്നൊടുക്കിക്കൊണ്ടും മുസ്ലിംകളുടെ ആത്മീയനേതാക്കളുടെ സ്്മാരകങ്ങളെല്ലാം കൊള്ളയടിച്ചുകൊണ്ടും വഹാബ് ഒരു രാജ്യമുണ്ടാക്കി. സ്മാരകങ്ങള്‍ എന്നാല്‍ കഅബയും മദീനാമുനവ്വറയും കര്‍ബലയിലെ ഹുസൈന്‍തങ്ങളുടെ ജാറവും എല്ലാം. എന്നിട്ട് ആ രാജ്യം രണ്ട് കുടുംബങ്ങള്‍ പങ്കിട്ടെടുത്തു. അലു സഊദും ആലു ശൈഖും. ആലു സഊദ് എന്നാല്‍ സഊദ് രാജാവിന്റെ കുടുംബം. ആലു ശൈഖ് എന്നാല്‍  അബ്ദുല്‍ വഹാബിന്റെ കുടുംബം. രാജാധികാരം സഊദ് രാജാവിന്റെ കുടുംബത്തിനും മതാധികാരം അബ്ദുല്‍വഹാബിന്റെ കുടുംബത്തിനും എന്നതാണ് അതിന്റെ സമവാക്യം. കൊട്ടാര വിപ്ലവങ്ങള്‍ പലതും നടന്നിട്ടും ആ സമവാക്യം മാറിയിട്ടില്ല എന്നതും ശ്രദ്ധിക്കണം. 

വഹാബിസത്തിന്റെ രണ്ടാംവരവിനെ, 1910-ലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് കേരളത്തിലെ പ്രാമാണികനായ വഹാബി നേതാവ് കെ. ഉമര്‍ മൗലവി അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അതില്‍  ഒരു നിരീക്ഷണമുണ്ട്. '' അന്ന് ഹിജാസ് വാണരുളിയിരുന്നത് ബനൂഹാഷിം കുടുംബമായിരുന്നു. ശിര്‍ക്കിന്റേയും ബിദ്അത്തുകളുടേയും സംരക്ഷകരുമായിരുന്നു. അബ്ദുല്‍ അസീസ് ഇബിനു സഊദ് രാജാവ് ഹിജാസിലേക്ക് പടനയിച്ചു. ആ വിശുദ്ധയുദ്ധത്തില്‍ ബനൂഹാഷിം ഭരണകൂടം പരാജിതമായി. ഹിജാസ് ശിര്‍ക്കിന്റെ കരാള ഹസ്തത്തില്‍ നിന്ന് മോചിതമായി. തൗഹീതിന്റെ പതാക ഉമ്മുല്‍ഖുറാഇല്‍ പാറിക്കളിച്ചു'. എന്നാണ് ഉമര്‍ മൗലവി ആഹ്ലാദിക്കുന്നത്. 

ബനൂഹാഷിം കുടുംബത്തെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദിക്കുന്നവര്‍ ആരാ്‌യിരിക്കും എന്ന് ഇസ്ലാമിന്റെ ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാമല്ലോ. അറിയാത്തവര്‍ ഇനിയെങ്കിലും അതു പഠിക്കാനുള്ള സമയമായിരിക്കുന്നു. വഹാബിസത്തിന്റെ ഒളിയജണ്ടകളെ മനസ്സിലാക്കാനും പ്രതിരോധിക്കാനും അത് ആവശ്യമാണ്. ഒരിക്കല്‍കൂടി വഹാബികള്‍ തോക്കുമായിവന്ന് മുസ്ലിംകളെ കൊന്ന്, ചരിത്രസ്മാരകങ്ങള്‍ കൊള്ളയടിക്കുകയാണ്. അതും ഒരു ഇ്‌സലാമികരാജ്യം സ്ഥാപിക്കാനാണ് അതിനായുള്ള യുദ്ധത്തില്‍ പങ്കെടുക്കാനാണ് ഈ വഹാബിയുവാക്കള്‍ കേരളത്തില്‍ നിന്നും പോകുന്നത്.
ജനസംഖ്യാനുപാതികമായി നോക്കിയാല്‍ തുലോം കുറവാണ് കേരളത്തിലെ വഹാബികളുടെ എണ്ണം. ഭിന്നിപ്പുകള്‍ മൂലം അവരുടെ സംഘടനാശേഷി തളരുകയും ചെയ്തു. എങ്കിലും വഹാബി അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ അവര്‍ക്ക് കഴിയുന്നു. കേരളത്തിലെ മുസ്ലിംസമൂഹത്തെ മൊത്തത്തില്‍ വഹാബിവല്‍ക്കരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വേഷം പോലും പുതുതായി ഡിസൈന്‍ചെയ്ത്  വഹാബി സംസ്‌കാരം വളര്‍ത്തുകയാണ.  അറ്റമില്ലാതെ നീളുന്ന താടിയും ബര്‍മുഡപോലുള്ള മുറിപ്പാന്റും കൊണ്ട് ഒരു പ്രത്യേക വേഷം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നത് കേരളീയമുസ്ലിം സ്വത്വം തകര്‍ക്കാനാണ്. പ്രാദേശിക മുസ്ലിംസ്വത്വം തകര്‍ക്കാന്‍ ലോകവ്യാപകമായി വഹാബികള്‍ ചെയ്യുന്നതാണത്.

 വഹാബി അജണ്ട നടപ്പാക്കുന്നതിന്  ആദ്യമായി അവര്‍ ചെയ്തത്. അഹലുസുന്നത്തിന്റെ വക്താക്കളായി അവരെത്തന്നെ സ്വയം പ്രതിഷ്ടിക്കുക എന്നതാണ്. അവരല്ലാത്തവരേയും അവര്‍ പറയുന്നത് അംഗീകരിക്കാത്തവരേയും മുഴുവന്‍ വഴിപിഴച്ചവരായി പ്രഖ്യാപിക്കുക. അത് പ്രചരിപ്പിക്കുക. ഔലിയാക്കളുടേയും ആദരണീയരായ പുണ്യാത്മാക്കളുടേയും ഖബറുകള്‍ സിയാറത്തുചെയ്യുന്നത് ''ബബര്‍പൂജ''യാണ് എന്ന് അന്യമതസ്ഥരെ പഠിപ്പിക്കുന്നത്, വഹാബികള്‍ മാത്രമാണ് യഥാര്‍ത്ഥമുസ്ലിംകള്‍ എന്ന് സ്ഥാപിക്കാനാണല്ലോ. 

സത്യത്തില്‍ ആ സിയാറത്തുകള്‍ കേരളത്തില്‍ കേവലം മതപരമായ ഒരു ചടങ്ങുകളല്ല. ജാതിമതഭേദമില്ലാതെ എല്ലാവരുടേയും ആശ്രയകേന്ദ്രങ്ങളാണ് കേരളത്തിലെ മഖാമുകള്‍. അവിടങ്ങളില്‍ നടന്നിരുന്ന ഉറൂസുകളും നേര്‍ച്ചകളും നാടിന്റെ പൊതു ആഘോഷങ്ങളായിരുന്നു. അത് മുടക്കിക്കഴിഞ്ഞതിനു ശേഷമാണ്, ഓണത്തിനും പെരുന്നാളിനും മനുഷ്യന്മാര്‍ പരസ്പരം സഹകരിക്കരുത് എന്ന് ഈ മുജാഹിദുകള്‍ പ്രസംഗിക്കുന്നത്. അവര്‍ക്ക് കൂട്ടമായി ഒന്നും ആഘോഷിക്കാന്‍ കഴിയില്ല. അവരുടെ മതം കുടുസ്സാണ്. ആത്മീയതയുടെ നനവില്ലാതെ വരണ്ടതാണ്. അതുകൊണ്ടാണ് ആ മതം പിന്തുടരുന്നവരുടെ കണ്ണുകളും വരണ്ടതായി കാണുന്നത്. കണ്ണുകളില്‍ നനവുള്ളതുകൊണ്ടാണ് കേരളത്തിലെ മുസ്ലിംകള്‍ യുദ്ധംചെയ്യാനായി പോകാത്തത്.

കേരളത്തിലെ മുസ്ലിംകളും അവരുടെ പ്രസ്ഥാനങ്ങളും മൊത്തത്തില്‍ പിഴച്ചുപോയിരിക്കുന്നു എന്നാണ് ഇപ്പോള്‍ വഹാബികള്‍ പ്രചണ്ഡമായി നടത്തിക്കൊണ്ടിരിക്കുന്ന  പ്രചാരണം. അതിന്റെ പിന്നിലെ രഹസ്യോദ്ദേശ്യം അന്വേഷിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഐക്യസംഘം എന്നപേരില്‍ വന്ന വഹാബിസം കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപിക്കുന്നതുവരേയും ശാഖാപരമായ വ്യത്യാസങ്ങളില്ലാതെ നിലകൊണ്ടതാണ് കേരളത്തിലെ മു്‌സലിം സമൂഹം. ലോകമുസ്ലിം സമൂഹത്തെ പലതായി പിളര്‍ത്തിയ വന്‍ വാളുകള്‍ കേരളമുസ്ലിംസമൂഹത്തിന് ഒരു പോറല്‍ പോലും എല്‍പ്പിച്ചിട്ടില്ല. അഹ് ലുബെയ്ത്ത് - അഹ് ലുസുന്ന വ്യത്യാസം പോലും കേരളത്തിലുണ്ടായിട്ടില്ല. അഹ് ലുബെയ്ത്തിന്റെ ആദരണീരായ നേതാക്കളാണ് കേരളത്തിലെ മുസ്ലിംകളെ നയിച്ചത്. നയിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ടാണ് കേരളത്തിലെ സുന്നികള്‍ ഹിജ്‌റ പോകാത്തത്.

ഇപ്പോള്‍ നടക്കുന്ന ഈ പ്രചാരണം, കേരളത്തിലെ സുന്നികള്‍ പിഴച്ചവരാണ് എന്ന പ്രചാരണം. വിഷത്തിലൂട്ടിയ വാളാണ.് അത് ലളിതമായി കണ്ടുകൂട. വഹാബികള്‍  സ്വയം സുന്നികളായി നടിക്കുന്നു. എന്നിട്ട് മുസ്ലിംകളെ പിഴച്ചവരെന്ന് മുദ്രകുത്തുന്നു. പിഴച്ചവരെ എന്തും ചെയ്യാമെന്നാണ് അവരുടെ വരണ്ടമതം അവരെ പഠിപ്പിച്ചിട്ടുള്ളത്. അതിനാല്‍ സൂക്ഷിക്കണം. കേരളീയ മുസ്ലിംസമൂഹത്തെ വഹാബി വല്‍ക്കരിക്കാനുള്ള നീക്കത്തെ കരുതിയിരിക്കണം.

COURTESY @Mullaa Nazar