ശരീഅത്തിന്റെ ജീവത്തായ ഫിഖ്ഹ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത പണ്ഡിത കുലപതികളുടെ സേവനം നിസ്തുലമാണ്. പ്രമാണങ്ങളില്‍ നിന്ന് അവര്‍ നിര്‍ധാരണം ചെയ്ത് വ്യക്തമാക്കിയതാണ് ഫിഖ്ഹിന്റെ ആകെത്തുക.
ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ ഈ മഹത്തായ ദൗത്യനിര്‍വഹണം നടത്തിയവരില്‍ പ്രമുഖനാണ് ശൈഖുല്‍ ഇസ്‌ലാം ഇമാം നവവി(റ). തന്റെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും അംഗീകാരമായാണ് രണ്ടാം ശാഫിഈ എന്ന പേരില്‍ മഹാന്‍ അറിയപ്പെട്ടത്. ഒരു കര്‍മ പ്രശ്‌നത്തില്‍ ഇമാം ശാഫിഈ(റ) സ്വീകരിച്ച ന്യായങ്ങളെയും ലക്ഷ്യങ്ങളെയും കണ്ടെത്തുന്നതിന് അഗാധജ്ഞാനവും പരിശ്രമവും ആവശ്യമാണ്. ഇമാം നവവി(റ) തന്നെ പറയുന്നു: ‘ശാഫിഈ ഗ്രന്ഥത്തില്‍ പരന്ന് കിടക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പണ്ഡിതന്മാര്‍ അവയില്‍ നിന്ന് മതവിധി പുറത്തെടുത്തപ്പോള്‍ പ്രകടമായ അഭിപ്രായ ഭിന്നതകളും ആഴമുള്ള ജ്ഞാനിക്കേ മനസ്സിലാക്കാനാവൂ. ശാഫിഈ മദ്ഹബിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പരിശ്രമിക്കുന്ന അത്തരം വ്യക്തികള്‍ക്ക് ശാഫിഈ രചനകളില്‍ നല്ല നൈപുണ്യം ഉണ്ടായിരിക്കണം. അങ്ങനെ അവര്‍ നിര്‍ധാരണം ചെയ്ത് പുറത്തെടുക്കുന്നതാണ് ശാഫിഈ മദ്ഹബ്’ (തഹ്ഖീഖ് 26-28/1). ശാഖാപരം മാത്രമായ ഈ അഭിപ്രായ ഭിന്നതകളുടെ കാരണങ്ങളും അവ എന്തെല്ലാമാണെന്നുമെല്ലാം തഹ്ഖീഖിന്റെ ആമുഖത്തില്‍ ഇമാം നവവി(റ) വിശദീകരിക്കുന്നുണ്ട്.
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് കര്‍മശാസ്ര്ത വിശാരഥന്മാര്‍ ശാഫിഈ മദ്ഹബിലെ വിപുലമായ ഗ്രന്ഥരചനകള്‍ നടക്കുന്നത്. ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായത്തുല്‍ മത്വ്‌ലബ്, ശിഷ്യന്‍ ഇമാം ഗസ്സാലി(റ)യുടെ ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ, അബൂ ഇസ്ഹാഖുശ്ശീറാസി(റ)യുടെ തന്‍ബീഹ്, മുഹദ്ദബ് എന്നീ വിഖ്യാത രചനകള്‍ ഈ വഴിയില്‍ വലിയ സേവനമാണ് നല്‍കിയിട്ടുള്ളത്. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഏഴാം നൂറ്റാണ്ടിലും വിപുലമായ നീക്കങ്ങള്‍ ഈ രംഗത്ത് നടന്നു. ശാഫിഈ മദ്ഹബിലെ ഓരോ കര്‍മപ്രശ്‌നത്തിന്റെയും ആധാരം, ലക്ഷ്യം, ലക്ഷ്യങ്ങളിലെ വൈജാത്യങ്ങള്‍, ഭിന്നതകള്‍, പശ്ചാത്തലങ്ങള്‍, ന്യായങ്ങളുടെ പ്രബലത, പ്രബലതയുടെ അടിസ്ഥാനവും ന്യായവും തുടങ്ങി വിശാല ലോകത്തേക്ക് കടന്നുചെന്ന് കൃത്യമായ ഉത്തരങ്ങളാണ് ഈ ഘട്ടത്തില്‍ ഇമാം നവവി(റ) ശാഫിഈ മദ്ഹബിന് സമര്‍പ്പിച്ചത്. ക്രോഡീകൃതമെങ്കിലും അവയെല്ലാം ഒന്നിച്ചു ലഭിക്കായ്ക എന്ന പരിമിതിയെ മറികടന്ന് ഫിഖ്ഹിന്റെ സമാഹൃത രൂപം അവതരിപ്പിക്കുകയായിരുന്നു ഇമാം നവവി(റ).
ഇമാം ശാഫിഈ(റ) സ്വീകരിച്ച നിലപാടുകള്‍ ഇമാം നവവി(റ) നന്നായി പഠിച്ചു. ഇമാം ശാഫിഈ(റ) കണ്ടെത്തിയ ന്യായങ്ങള്‍ പരിശോധിക്കുകയും മഹാന്റെ രചനകള്‍ ചുരുക്കിയെഴുതുകയും ഇമാം ശാഫിഈ നിരീക്ഷിച്ച കര്‍മലക്ഷ്യങ്ങളെ വ്യക്തമായവതരിപ്പിച്ചുകൊണ്ട് സുതാര്യമായൊരു പാത ഇമാം നവവി(റ) വെട്ടിത്തെളിയിച്ചു. അത് പോലെ ശാഫിഈ കര്‍മശാസ്ത്ര ലോകത്തെ അതിപ്രതിഭകളായ ഇമാം മാവര്‍ദി, ശീറാസി, ഗസ്സാലി(റ) തുടങ്ങിയവരുടെ രചനകളും അവരുടെ കാഴ്ചപ്പാടുകളും പഠിക്കുകയും വിശകലനം നടത്തുകയും ചെയ്ത ഇമാം നവവി(റ) അവരുടെ രചനകള്‍ വ്യാഖ്യാനിക്കുകയും സംഗ്രഹിക്കുകയും ലക്ഷ്യങ്ങളുടെ വൈജാത്യങ്ങള്‍ കണ്ടെത്തി കൃത്യത വരുത്തുകയും ചെയ്തു. ഇമാം നവവി(റ)യുടെ മിന്‍ഹാജ്, ഇമാം റാഫിഈ(റ)യുടെ മുഹര്‍ററിന്റെ സംഗ്രഹമാണ്. നവവി ഇമാമിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ രചനയാണ് മിന്‍ഹാജ്. നിരവധി വ്യാഖ്യാനങ്ങളും ടിപ്പണികളും മിന്‍ഹാജിനുണ്ട്. റാഫിഈ(റ)യുടെ തന്നെ ഫത്ഹുല്‍ അസീസിന്റെ സംഗ്രഹമാണ് ഇമാം നവവി(റ)യുടെ റൗള. റൗളക്കും നിരവധി സംഗ്രഹങ്ങളും ടിപ്പണികളും വ്യാഖ്യാന കുറിപ്പുകളുമുണ്ട്. ശീറാസിയുടെ മുഹദ്ദബിന്റെ വ്യാഖ്യാനമാണ് ഇമാം നവവി(റ)യുടെ മജ്മൂഅ്. നവവി രചനകളില്‍ ഏറ്റവും സമ്പന്നമാണ് മജ്മൂഅ്. ഇബ്‌നു കസീറുദ്ദിമശ്ഖരി പറഞ്ഞു: ‘മജ്മൂഇന് തുല്യം വേറെ ഒന്നുമില്ല. ശാഫിഈ മദ്ഹബിനെ ഇത്രയധികം സമ്പന്നമാക്കിയ മജ്മൂഇന്റെ സൗന്ദര്യം ഒന്നുവേറെതന്നെയാണ്. ഹദീസുകളുടെ പിന്‍ബലങ്ങളോടെ കര്‍മപ്രശ്‌നങ്ങള്‍ക്ക് കൃത്യമായ വീക്ഷണങ്ങളാണ് മജ്മൂഅ് നല്‍കുന്നത്’ (അല്‍ ബിദായത്തു വന്നിഹായ 279/13). ഇമാം നവവി(റ)യുടെ തഹ്ഖീഖിന്റെ ആമുഖത്തില്‍ പറഞ്ഞു: ‘ഈ രചന പൂര്‍ത്തിയാവുമ്പോള്‍ എന്റെ ആഗ്രഹം ഇതാണ്. ഈ ഗ്രന്ഥം കര്‍മപ്രശ്‌നങ്ങളുടെ തിരിച്ചറിവില്‍ മുന്നിട്ട് നില്‍ക്കുന്നതാവണം. മദ്ഹബിന്റെ അസ്ഥിവാരത്തില്‍ നിന്ന് പുറത്ത് പോവാതെ കര്‍മങ്ങള്‍ ചെയ്യാനും ഈ രചന ഉപകാരപ്പെടണം’ (തഹ്ഖീഖ് 28-32).
ശാഫിഈ കര്‍മസരണിയെ സംശോധന ചെയ്യുന്നതിലും വിശദീകരിക്കുന്നതിലും ഇമാം നവവി(റ) സ്വീകരിച്ച കണിശതയും പരിശ്രമവും വളരെ വിലപ്പെട്ടതാണ്. നടേ സൂചിപ്പിച്ച പോലെ തന്റെ മുന്‍ഗാമികളുടെ രചനകളും അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതില്‍ സ്വീകരിച്ച മാര്‍ഗവുമെല്ലാം ചികഞ്ഞ് പരിശോധിച്ചാണ് നവവി(റ) സാഹസികമായ ഈ ദൗത്യം നിര്‍വഹിച്ചു വിജയിച്ചത്.
മുഖ്തസ്വര്‍(ഇമാം മുസ്‌നി. വഫാത്ത്: ഹിജ്‌റ 264), ലുബാബ്(മഹാമിലി. വഫാത്ത്: ഹിജ്‌റ 415), ഹാവി(മാവറദി. വഫാത്ത്: ഹിജ്‌റ 450), ഇബാന(ഫൂറാനി. വഫാത്ത്: ഹിജ്‌റ 461), തഅ്‌ലീഖാത്ത്(ഖാളി ഹുസൈന്‍. വഫാത്ത്: ഹിജ്‌റ 462), തതിമ്മത്ത്(മുതവല്ലി. വഫാത്ത്: ഹിജ്‌റ 478), ബഹ്‌റുല്‍ മുഹദ്ദബ്(റുഅ്‌യാനി. വഫാത്ത്: ഹിജ്‌റ 502), തഹ്ദീബ്(ബഗ്‌വി. വഫാത്ത്: ഹിജ്‌റ 516) തുടങ്ങിയ ഒട്ടേറെ പ്രസിദ്ധ ശാഫിഈ കര്‍മശാസ്ത്ര രചനകള്‍ പഠനത്തിന് വേണ്ടി ഇമാം നവവി(റ) ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യങ്ങളുടെ ശക്തിയും ദുര്‍ബലതയും പരിശോധിച്ച് പ്രബലമായത് ഉദ്ധരിക്കുകയും അവയുടെ ന്യായങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണ് ഇമാം സ്വീകരിച്ചത്. അതോടൊപ്പം ശാഫിഈ കര്‍മസരണിയില്‍ സാങ്കേതിക പ്രയോഗങ്ങള്‍ വിശദീകരിക്കുകയും ഭിന്നതകളുടെ ഗതികള്‍ നിര്‍ണയിച്ച് നവോത്ഥാന പാതകള്‍ വെട്ടിത്തെളിക്കുകയും ചെയ്ത ഇമാമവര്‍കള്‍ ശാഫിഈ മദ്ഹബില്‍ അഗ്രഗണ്യനാണ്. അവിടുത്തെ അഭിപ്രായത്തിനാണ് മുന്‍ഗണനയും.
ഇമാം നവവി(റ) മിന്‍ഹാജില്‍ കുറിച്ച സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച് ഖത്വീബുശ്ശര്‍ബീനി എഴുതി. ഏറ്റവും നല്ല പ്രയോഗങ്ങളാണിവ (മുഗ്‌നി). അസ്വഹ്ഹ്, അള്ഹര്‍, സ്വഹീഹ് എന്നിങ്ങനെയുള്ള തിരിച്ചറിവില്‍ ഓരോ പ്രശ്‌നവും ലക്ഷ്യസഹിതം ഉള്‍വിരിയുന്നുണ്ട്. അതോടൊപ്പം ലക്ഷ്യങ്ങളുടെയും ന്യായങ്ങളുടെയും പ്രാമാണികതയും. മിന്‍ഹാജ്, റൗള, തഹ്ഖീഖ് അടക്കമുള്ള രചനകളുടെ ആമുഖത്തില്‍ ഇമാം നവവി(റ)യുടെ സാങ്കേതിക പ്രയോഗങ്ങളും അവയുടെ വിശകലനവും വിവരിച്ചത്.
നവവി(റ)ന് ശേഷം ശാഫിഈ സരണിയെ പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത കര്‍മശാസ്ത്ര വിജ്ഞാനത്തിലെ അതികായര്‍ സ്വീകരിച്ചത് ഇമാം നവവിയുടെ രചനകള്‍ക്കും കണ്ടെത്തലുകള്‍ക്കും പ്രയോഗങ്ങള്‍ക്കും വ്യാഖ്യാനം നല്‍കലായിരുന്നു. ഇമാമിന്റെ ഗവേഷണ-നിരീക്ഷണ തത്ത്വങ്ങളെ വികസിപ്പിക്കുകയും ആ അടിത്തറയില്‍ നിന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കുകയുമായിരുന്നു അവര്‍ ചെയ്തത്. അല്‍ ഇബ്തിഹാജ്(തഖിയുദ്ദീനു സ്സുബ്കി. വഫാത്ത്: ഹിജ്‌റ 772), കന്‍സുര്‍റാഗിബീന്‍ (ജലാലുദ്ദീന്‍ മഹല്ലി. വഫാത്ത്: ഹിജ്‌റ 864), കാഫില്‍ മുഹ്താജ്(ജമാലുദ്ദീന്‍ മസ്‌നവി. വഫാത്ത്: ഹിജ്‌റ 772), തുഹ്ഫ(ഇബ്‌നു ഹജര്‍ ഹൈത്തമി. വഫാത്ത്: ഹിജ്‌റ 973), ബിദായത്തുല്‍ മുഹ്താജ്(ഇബ്‌നു ഖാളി ശുഹ്ബ. വഫാത്ത്: ഹിജ്‌റ 874), മുഗ്‌നില്‍ മുഹ്താജ്(ഖത്വീബുശ്ശര്‍ബീനി. വഫാത്ത്: ഹിജ്‌റ 977), നിഹായത്തുല്‍ മുഹ്താജ്(ഇമാം റംലി. വഫാത്ത്: ഹിജ്‌റ 1004) തുടങ്ങി നിരവധി രചനകള്‍ പ്രസിദ്ധമാണ്. ഇബ്‌നു ഹജര്‍(റ)നോട് ഒരു ചോദ്യമുന്നയിക്കപ്പെട്ടു: ഇമാം നവവിയും റാഫിഈയും അഭിപ്രായ ഭിന്നതയുള്ള വിഷയത്തില്‍ ആരെയാണ് അവലംബിക്കേണ്ടത്. ഇമാം നവവി ബലപ്പെടുത്തിയതിനെയാണെന്നായിരുന്നു മറുപടി. അദ്ദേഹം തുടരുന്നു: നവവി(റ) കര്‍മശാസ്ത്രത്തിലെ മഹാശയനാണ്. ഈ വിഷയത്തില്‍ ഇമാമിന്റെ ശേഷം വന്നവര്‍ മുഴുവന്‍ ഏകാഭിപ്രായക്കാരാണ്. അതിനാല്‍ തന്നെ നവവി(റ) പ്രബലപ്പെടുത്തിയ വിഷയത്തില്‍ നിന്ന് മാറാവതല്ല (ഫതാവല്‍ ഫിഖ്ഹിയ്യ 403/2). ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇമാമുല്‍ ഹറമൈനി(റ) തുടങ്ങിവെച്ച ജ്ഞാന വിപ്ലവത്തിന്റെ സമ്പന്ന സമാപനമാണ് ഇമാം നവവി(റ) നടത്തിയതെന്ന് ചരിത്ര പരിശോധന ബോധ്യപ്പെടുത്തുന്നുണ്ട്. അതായത് ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായത്തുല്‍ മത്വ്‌ലബ് ഫീ ദിറാസത്തില്‍ മദ്ഹബ് എന്ന ശ്രേഷ്ഠ ഗ്രന്ഥം സംഗ്രഹിച്ച് കൊണ്ട് ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ എന്നീ രചനകളിലൂടെ ശാഫിഈ കര്‍മശാസ്ത്ര സരണിയെ ഇമാം ഗസ്സാലി(റ) സമ്പന്നമാക്കി. ഖുറാസാനി പണ്ഡിതനായ ഇമാമുല്‍ ഹറമൈനി(റ)യുടെ രചനയെ അനുകരിച്ച് ഇറാഖി പണ്ഡിതനായ ഇമാം ശീറാസി തന്‍ബീഹ്, മുഹദ്ദബ് എന്നിവ രചിച്ചു. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇമാം റാഫിഈ(റ) ശാഫിഈ മദ്ഹബിന്റെ ലക്ഷ്യങ്ങളിലും ന്യായങ്ങളിലും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തി ശാഫിഈ സരണിയെ ഒന്ന്കൂടി പരിപോഷിപ്പിച്ചു. ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ശാഫിഈ മദ്ഹബിനെ വ്യക്തമായി മനസ്സിലാക്കാനും ഓരോ കര്‍മപ്രശ്‌നത്തിലും പ്രബലമായത് ഏതെന്ന് തിരിച്ചറിയാനും ഏറെ സുഗമമായി കഴിയുന്ന വിധത്തില്‍ ഇമാം നവവി(റ) പൂര്‍ണ സംശോധനയും സംസ്‌കരണവും നടത്തി ഗ്രന്ഥങ്ങള്‍ രചിച്ചു.
ഹദീസില്‍ നവവി(റ)യുടെ ആഴമുള്ള ജ്ഞാനമാണ് ഈ ഉയരത്തില്‍ ഇമാമവര്‍കള്‍ എത്തിയതിന്റെ കാരണങ്ങളിലൊന്ന്. ഒരു മസ്അലയില്‍ മുന്‍ഗാമികളുടെ അഭിപ്രായവും അവരുടെ ന്യായങ്ങളും അഭിപ്രായഭിന്നതയുമെല്ലാം പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ തീരുമാനം കാണാനാവുന്നതില്‍ ഹദീസ് വിജ്ഞാനത്തിനു പങ്കുണ്ട്. പ്രമാണ ബദ്ധമായി മസ്അലകള്‍ രേഖപ്പെടുത്തുന്ന രീതിയും ഇമാമവര്‍കള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഇമാം നവവി(റ) ഒരു തീരുമാനം പറഞ്ഞാല്‍ അത് അന്തിമമായിരിക്കും. തന്റെ മജ്മൂഅ് അതിന് സാക്ഷ്യമാണ്.
ബന്ധിപ്പിക്കപ്പെട്ട മൃഗത്തിന്റെ മേല്‍ നിസ്‌കരിക്കുന്നതിന്റെ വിധി, ഫാത്തിഹയിലെ ഒരു ആയത്ത് രണ്ട് പ്രാവശ്യം നിസ്‌കാരത്തില്‍ ആവര്‍ത്തിക്കുന്നതിന്റെ വിധി, സുജൂദില്‍ നെറ്റിയും മൂക്കും നിലത്ത് വെക്കുന്നത്, അവസാന തശഹ്ഹുദില്‍ നബി കുടുംബത്തിന്റെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്റെ വിധി, നിസ്‌കാരത്തില്‍ നിന്ന് പുറത്ത് പോവുന്ന ഇമാം ഒരാളെ പകരക്കാരനാക്കുന്നതിന്റെ നിയമം, തല കൊണ്ട് ആംഗ്യം കാണിക്കാന്‍ കഴിയാത്ത രോഗിയുടെ നിസ്‌കാരം, ഫാത്തിഹ അറിയാത്തവനോട് തുടരുന്നതിന്റെ നിയമം, റക്അത്ത് ലഭിക്കുന്നതിന്റെ മാനദണ്ഡം തുടങ്ങിയ കര്‍മപ്രശ്‌നങ്ങളില്‍ ഇമാം നവവി(റ)യുടെ നിലപാടുകള്‍ വേറിട്ട നിരീക്ഷണങ്ങളും ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണവുമാണ്. ജമാഅത്തായി നിര്‍വഹിക്കുന്ന സുന്നത്ത് നിസ്‌കാരങ്ങള്‍ക്ക് അസ്സ്വലാത്തു ജാമിഅ എന്ന് പറയുന്നത്, സ്വുബ്ഹി വാങ്കിലെ അസ്സ്വലാത്തു ഖൈറുന്‍ മിനന്നൗം, ചൂട് കഠിനമാകുമ്പോള്‍ ളുഹ്‌റിനെ പിന്തിപ്പിക്കുന്നത്, ഖിബ്‌ല തിരിച്ചറിയാത്തവന്‍ എന്ത് ചെയ്യണം, സ്വുബ്ഹിയില്‍ ഖുനൂത്തിന്റെ നിയമം, ഖസ്വ്‌റിന്റെ ദൂരപരിധി എന്നീ വിഷയങ്ങളില്‍ പ്രകടമായ വീക്ഷണങ്ങളില്‍ സുന്നത്തിന്റെ പിന്‍ബലത്തോടെ ശാഫിഈ മദ്ഹബിന്റെ പ്രബലാഭിപ്രായം ഇമാം നവവി(റ) സമര്‍പ്പിച്ചിട്ടുണ്ട്.
അങ്ങനെ എല്ലാ അര്‍ത്ഥത്തിലും കര്‍മശാസ്ത്ര സരണികള്‍ക്ക് ഊര്‍ജവും ഉത്തേജനവുമായിരുന്നു മഹാന്‍. അതുകൊണ്ടുതന്നെയാണ് പണ്ഡിതലോകം ഒന്നടങ്കം ഇമാം നവവി(റ)യെ രണ്ടാം ശാഫിഈ എന്ന് അദരിച്ചുവിളിച്ചത്.