ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 11 April 2018

ബന്ധുവാണ്- പക്ഷെ സൂക്ഷിക്കണം

*📌 ബന്ധുവാണ്..,*
       *പക്ഷെ, സൂക്ഷിക്കണം ... ⚠*

സ്കൂൾ അസംബ്ലിക്കിടയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി തലചുറ്റി വീണു. അധ്യാപകർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രഥമ പരിശോധനയിൽ തന്നെ ഡോക്ടർക്കൊരു സംശയം. ഗർഭിണിയാണ്...

സംഗതി ശരി തന്നെയാണ്. ചൈൽഡ് ലൈൻ പ്രവർത്തകരോട് ഈ പതിനാലുകാരി കാര്യങ്ങൾ വിശദീകരിച്ചു. അവളുടെ അമ്മയുടെ സഹോദരി (അമ്മയുടെ ജേഷ്ടത്തി) യുടെ മകനായ 19കാരനാണ് വില്ലൻ. അവൻ വല്ലപ്പോഴുമൊക്കെ വീട്ടിൽ വന്ന് നിൽക്കാറുണ്ട്. സഹോദരിയുടെ മകനായതു കൊണ്ട് അമ്മയും സംശയിച്ചില്ല. എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ അവൻ അവളുടെ  മുറിയിലെത്തും. ചെയ്യുന്ന പാപത്തിന്റെ വലുപ്പം അവർ അറിഞ്ഞില്ല. നിരന്തരമായി അവർ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് അവൾ തുറന്നു പറഞ്ഞു...

ധർമ്മിഷ്ഠരായി ജീവിക്കുന്നവർക്ക് ചിന്തിക്കാനാവാത്ത വിധം സ്ത്രീ പുരുഷ ബന്ധങ്ങൾ വഴി മാറുന്നതാണ് ഇപ്പോൾ കണ്ട് വരുന്നത്. ഇതിനപ്പുറം വൃത്തികേടാവാൻ പറ്റുമോ എന്നു സംശയം തോന്നുന്നത്ര മനുഷ്യർ മൃഗങ്ങളായി കൊണ്ടിരിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പലരും പേടി കൊണ്ടും നാണക്കേട് കൊണ്ടും മൂടിവെക്കുന്നു...

ശുദ്ധനായി ജനിക്കുന്നവർ ഇങ്ങനെ ദുഷിക്കുന്നതിന് സാഹചര്യങ്ങളാണ് കാരണം. മത-ധർമ്മബോധമില്ലാത്ത ജീവിതം. നൈസർഗിക വികാരങ്ങളെ എപ്പോഴും വിഭ്രംജിച്ച് നിർത്തുന്ന സിനിമ, സീരിയലുകൾ, ഇഷ്ടം പോലെ ഉപയോഗിക്കാൻ കിട്ടുന്ന മദ്യവും മയക്കുമരുന്നും, ബന്ധങ്ങൾക്ക് വില നൽകാത്ത സമൂഹം, ഇടപെടലുകളിലെ നിയന്ത്രണമില്ലായ്മ - എല്ലാം കൂടിയാകുമ്പോൾ കേൾക്കുന്ന വാർത്തകൾ അറപ്പു നിറഞ്ഞതാവുന്നു...

അമ്മായിയുടെ മക്കൾ, മൂത്താപ്പ -എളാപ്പമാരുടെ മക്കൾ, മൂത്തുമ്മ -എളിയമ്മമാരുടെ മക്കൾ, ജേഷ്ട - അനുജന്റെ ഭാര്യ ഇവരൊക്കെ ബന്ധുക്കളാണ്. പക്ഷേ തൊടാനോ ഒറ്റക്ക് സംസാരിക്കാനോ പാടില്ല. ഗൾഫിൽ പോകുമ്പോൾ ഭാര്യയുടെ ചുമതലകൾ അനുജനെ ഏൽപ്പിച്ചു കൊടുക്കാനും പറ്റില്ല. തനിച്ച് കാറിൽ യാത്ര ചെയ്യുക. സഹോദരങ്ങളുടെ മക്കൾ മുട്ടിയുരുമ്മി ബൈക്കിൽ യാത്ര ചെയ്യുക. ഇതൊക്കെ എതിർക്കപ്പെടേണ്ടതാണ്. അവസരം ഒത്ത് വന്നാൽ അവർക്കിടയിൽ ദുഷ്ചിന്തകൾ ജനിക്കും. പിശാചിന്റെ ഇടപെടൽ വിജയിക്കുകയും ചെയ്യും...

ചാറ്റിങ്ങ്, ഇന്റെർനെറ്റ് പോലുള്ള അനിയന്ത്രിതമായ സൗകര്യങ്ങൾ പലർക്കും തെറ്റിലേക്കുള്ള വഴികാട്ടിയാവുകയാണ്. ഇത്തരം ബന്ധുക്കൾ പേഴ്സണൽ ചാറ്റിങ്ങിലൂടെ നിയന്ത്രണത്തിന്റെ സീമകൾ ലംഘിക്കുന്നത് പലരും അറിയാതെ പോകുന്നു...

ഒരു ഭാര്യയെ സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹോദരന്മാരും മറ്റു ബന്ധുക്കളുമൊക്കെയായി അവള്‍ ഇടപഴകേണ്ടിവരും. വെടിമരുന്നുശാലയും തീയും തമ്മിലുള്ള സാമീപ്യം പോലെ അപകടകരമാണത്.  'കസിൻസ് ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പുരുഷന്മാരോട് സൂക്ഷ്മത പാലിച്ച് ഇടപഴകുക.. അവരുമായി ഫോൺ സല്ലാപങ്ങളും വാട്സ് ആപ്പ് മെസേജുകളും ഒഴിവാക്കുക ...

പല കുടുംബങ്ങളിലും ഇതിനൊക്കെ വളംവെച്ചുകൊടുക്കുന്നത് കുടുംബത്തിലെ മുതിർന്നവരും, കാരണവന്മാരും ആണെന്ന സത്യം പറയാതെ വയ്യ. റഹ്മാനായ റബ്ബിനെ പേടിക്കുന്ന, സ്നേഹിക്കുന്ന ഏതെങ്കിലും ഒരു പെണ്ണ് മഹ്റമല്ലാത്ത കടുംബക്കാരന്റെ (കസിൻസ്) ബൈക്കിന് പിന്നിലോ, കാറിലോ ഒറ്റക്ക് യാത്ര ചെയ്യാൻ വിമുഖത കാണിച്ചാൽ കുടുംബക്കാരൊക്കെ അവളെ കൊത്തിവലിക്കും ...

ഓള് ആരാ ... *"മുസായഫിന്റെ നടുക്കണ്ടാണോ"* ... എന്ന രീതിയിൽ കുടുംബക്കാരിൽ ആരെങ്കിലും കമെന്റ് പാസ്സാക്കും. കൂടെ ചിരിക്കാൻ ഉണ്ണിച്ചോറും കൂട്ടാനും വെച്ച് കളിക്കുന്ന കൊച്ചുകുട്ടികൾ മുതൽ, ബാത്റൂമിൽ കയറുമ്പോൾ മാത്രം തസ്ബീഹ് മാലയെ വിട്ടുപിരിയുന്ന വല്ലിമ്മമാരും വെല്ലിപ്പമാരും വരെ കാണും ...

ഇക്കാലത്ത് അതൊന്നും ഇല്ലാതെ പറ്റില്ലത്രേ..,
സൂക്ഷ്മതയിൽ ജീവിക്കാൻ ഒരു ശ്രമം നടത്തിയാൽ തന്നെ, കൂടെ നിന്ന് പ്രോത്സാഹിപ്പിക്കേണ്ട മാതാപിതാക്കളും കുടുംബക്കാരും തന്നെ 'പഴഞ്ചൻ' ആയി മുദ്ര കുത്തുന്നതും അവർക്ക് പാരയാവുന്ന പ്രവണതയുമാണ് പല കുടുംബങ്ങളിലും കണ്ടുവരുന്നത് ...
അത്തരം മാതാപിതാക്കളും കുടുംബക്കാരും ഒന്ന് ഓർക്കുക...  അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനും നിങ്ങളുടെ ഈ പ്രവർത്തനം ഇഷ്ടപ്പെടുമോ എന്ന് ...

വകതിരിവും വിവേചനബുദ്ധിയും കൈവന്ന കുട്ടികളെ ഒന്നിച്ചു കിടത്തുന്നതു പോലും മതം അനുവദിക്കുന്നില്ല. ഉമ്മയും പ്രായമെത്തിയ മകനും, അപ്രകാരം പിതാവും മകളും സഹോദരീ സഹോദരന്മാരുമൊന്നും ഒരു ബെഡിലുറങ്ങിക്കൂടാ...

ബന്ധുക്കളാണെങ്കിൽ പോലും ഇടപെടലുകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കണം...

കുടുംബ ബന്ധങ്ങൾ സുഭദ്രമായി നിലനിൽക്കാൻ ഇങ്ങനെയുള്ള മര്യാദകൾ കൂടി പ്രയോഗവൽക്കരിക്കണം. ചെറുപ്രായത്തിൽ തന്നെ മക്കൾക്ക് അരുതായ്മകളെക്കുറിച്ച് ബോധമുണ്ടാക്കണം. "എല്ലാം വരുന്നത് പോലെ" എന്ന അലസ സമീപനം ദുൻയാവിലും ആഖിറത്തിലും നഷ്ടവും മാനഹാനിയുമാണ് ഉണ്ടാക്കുക. എല്ലാം നഷ്ടപ്പെട്ടിട്ട് വിലപിക്കുന്നതിൽ അർത്ഥമില്ല .