പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ഇജ്തിഹാദ് രണ്ടു വിധമുണ്ട്. ഒന്ന് നിരുപാധികമായ ഗവേഷണം അഥവാ ഇജ്തിഹാദ് മുത്വ്ലഖ്. രണ്ട് സോപാധികമായ ഗവേഷണം അഥവാ ഇജ്തിഹാദ് മുഖയ്യദ്. സകല ഇസ്ലാമിക പ്രശ്നങ്ങളിലും സ്വതന്ത്രമായി ഇജ്തിഹാദ് ചെയ്യുന്നതിനാണ് ഇജ്തിഹാദ് മുത്വ്ലഖ് എന്നു പറയുന്നത്. നാലു മദ്ഹബിന്റെ ഉടമകള്‍ക്ക് ശേഷം നിരുപാധിക മുജ്തഹിദുകള്‍ ഉണ്ടായിട്ടില്ല. ഒരു മദ്ഹബില്‍ ഊന്നി നിന്നു, ഭാഗികമായി ചില കാര്യങ്ങളില്‍ ഗവേഷണം നടത്തുന്നതാണ് ഇജ്തിഹാദ് മുഖയ്യദ്. വിശ്രുത പണ്ഢിതരായ ഇബ്നു ഹജര്‍ (റ), റംലി (റ) എന്നിവര്‍ അവരുടെ ഫത്വകളില്‍ പറയുന്നത് കാണുക : “മദ്ഹബില്‍ പ്രാവീണ്യം നേടിയവനു സോപാധികമായ ഗവേഷണത്തിന്റെ സ്ഥാനമുണ്ട്” (ഫവാഇദുല്‍ മദനിയ്യ, പേജ് 19).
ഇത്തരം സോപാധിക മുജ്തഹിദുകള്‍ തങ്ങളുടെ ഗവേഷണങ്ങള്‍ കൊണ്ട് ഫിഖ്ഹിന്റെ ശാഖോപശാഖകളില്‍ വിധികള്‍ വിശദമായി രേഖപ്പെടുത്തി മദ്ഹബുകളെ സമഗ്ര സമ്പൂര്‍ണമാക്കിയിരിക്കുന്നു മദ്ഹബിന്റെ അടിസ്ഥാന തത്വങ്ങളെ ആധാരമാക്കി വിധികള്‍ ആവിഷ്കരിക്കുന്നതു കൊണ്ട് അവര്‍ പരിഹാരം കാണുന്നു.
ശൈഖ് ഖഫ്ഫാലിന്റെ വാക്കുകള്‍ ഇവിടെ കുറിക്കുന്നു : “ഫത്വാ രണ്ടു വിഭാഗമാണ്. ഗവേഷണത്തിന്റെ എല്ലാ ഉപാധികളും സമ്മേളിച്ച വ്യക്തിയുടെ ഫത്വയാണ് ഒന്നാമത്തേത്. ഇത് ഇന്നു ലഭ്യമല്ല. ശാഫിയെപോലെയുള്ള ഏതെങ്കിലും ഒരു ഇമാമിന്റെ മദ്ഹബ് സ്വായത്തമാക്കുകയും അതുവേണ്ടവിധം ഗ്രഹിക്കുകയും അദ്ദേഹത്തിന്റെ അടിസ്ഥാന തത്വങ്ങളൊന്നും ഒഴിഞ്ഞ് പോകാത്തവിധം അതില്‍ വൈദഗ്ധ്യം നേടുകയും ചെയ്തിട്ടുള്ള പണ്ഢിതന്റെ ഫത്വയാണ് രണ്ടാമത്തേത്. അയാള്‍ വല്ല സംഭവത്തെ കുറിച്ചും തദടിസ്ഥാനത്തില്‍ മറുപടി നല്‍കുന്നു. ഇല്ലെങ്കില്‍ ഇമാമിന്റെ മദ്ഹബിന്മേല്‍ ഗവേഷണം നടത്തുകയും ഇമാമിന്റെ അടിസ്ഥാന തത്വങ്ങളിന്മേല്‍ അതിനു പരിഹാരമുണ്ടാക്കുകയും ചെയ്യുന്നു” (ശവാഹിദുല്‍ ഹഖ് പേ.5).
സോപാധിക ഗവേഷണത്തിനു കഴിവില്ലാത്തവര്‍ക്കും ആനുകാലിക പ്രശ്നങ്ങള്‍ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാവുന്നതാണ്. ആദ്യമായി മദ്ഹബില്‍ ഖണ്ഢിതമായി പറഞ്ഞിട്ടുണ്ടോ എന്നു നോക്കണം. ഇല്ലെങ്കില്‍ വ്യക്തമായ പ്രസ്താവനയുടെ ആശയത്തിലുള്‍പ്പെടുമോ എന്നു പരിശോധിക്കുക. അതുമല്ലെങ്കില്‍ പൊതുവായ ഒരു നിയമത്തിലുള്‍പ്പെടുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഇവ്വിധം പരിഹൃതമാകാത്ത ഒരു പ്രശ്നവുമില്ല. ഇമാമുല്‍ ഹറമൈനി (റ) പറഞ്ഞതുപോലെ, ‘മദ്ഹബില്‍ വ്യക്തമായി പ്രസ്താവിക്കപ്പെടുകയോ, വ്യക്തപ്രസ്താവത്തിന്റെ ആശയത്തിലുള്‍പ്പെടുകയോ, ഒരു പൊതു നിയമത്തിന്‍ കീഴില്‍ പ്രവേശിക്കുകയോ ചെയ്യാത്ത ഒരു പ്രശ്നമുണ്ടാവുകയെന്നതു വളരെ വിദൂരമാണ്’ (ബന്നാനി – അലാ ജംഉല്‍ ജവാമിഅ് 2-386).
മുജ്തഹിദിന്റെ അഞ്ച് വിഭാഗങ്ങളില്‍ ഒന്നു പോലും നിലവിലില്ലാത്ത ഈ കാലഘട്ടത്തിലുണ്ടാകുന്ന പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ബഹ്സ് മുഖന പണ്ഢിതന്മാര്‍ക്ക് സാധിക്കുന്നു.
കര്‍മ്മ ശാസ്ത്രപണ്ഢിന്മാരുടെ സാങ്കേതിക പ്രയോഗമാണ് ബഹ്സ്. ഭാഷാര്‍ഥത്തില്‍ ചര്‍ച്ച. ഇബ്നു ഹജര്‍ (റ) യുടെ നിര്‍വചനം ഇപ്രകാരമാണ്. “മദ്ഹബിന്റെ ഇമാമുകളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതും അസ്വ്ഹാബിന്റെ വ്യാപകാര്‍ഥമുള്ള വാക്കുകളില്‍ നിന്ന് വ്യക്തമായതുമായ ഒരു വിധി മനസ്സിലാക്കുന്നതിനെക്കുറിച്ചാണ് സാങ്കേതികമായി ബഹ്സ് എന്ന് പ്രയോഗിക്കു ന്നത്.”
“ഇമാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെയൊ,നസ്സ്വുകളുടെയൊ വ്യാപ്തിയില്‍ ഉള്‍പ്പെടുന്ന ഒരു മസ്അല മനസ്സിലാക്കിയെടുക്കുക” യെന്നാണ് സയ്യിദ് ഉമറുല്‍ ബസ്വരിയുടെ നിര്‍വചനം. (ഇമാമിന്റെ നസ്സ്വുകളുടെയും അസ്വ്ഹാബിന്റെ വജ്ഹുകളുടെയും വ്യാപ്തിയില്‍ പെട്ടത് കണ്ടെത്തുക) രണ്ട് നിര്‍വചന പ്രകാരവും ഇത് മദ്ഹബിന്റെ വ്യാപ്തിയില്‍ പെടുന്നതാണ്. ബഹ്സ് മുഖേന സ്ഥിരപ്പെടുന്ന മസ്അലകള്‍ക്ക് മുന്‍കാല ഫുഖഹാഇല്‍ നിന്നുള്ള വ്യക്തമായ രേഖകള്‍ കണ്ടെത്തണമെന്നില്ല. രേഖകള്‍ ഉണ്ടെങ്കില്‍ ബഹ്സിന്റെ പ്രശ്നം ഉദിക്കുന്നില്ല. വ്യാപകാര്‍ഥമുള്ള രേഖകളില്‍ ഇത് കൂടി ഉള്‍പ്പെടുമ്പോള്‍ പ്രസ്തുത രേഖകള്‍ ബഹ്സിന്റെ കൂടി രേഖകളാണ്. ബഹ്സ് കൊണ്ട് സ്ഥിരപ്പെട്ട മസ്അലകള്‍ മദ്ഹബില്‍ ഉള്‍പ്പെട്ടതാണെന്നും അവ പൂര്‍ണ്ണമായും മദ്ഹബില്‍ നിന്ന് പുറത്തല്ലെന്നും വ്യക്തമാക്ക പ്പെട്ടിട്ടുണ്ട് (തദ്കിറത്തുല്‍ ഇഖ്വാന്‍ 31). അപ്പോള്‍ ഇമാമും അസ്വ്ഹാബും ചെന്നെത്തിയ അഭിപ്രായമെന്ന് ബഹ്സിനെ കുറിച്ചും പറയാവുന്നതാണ്. ഇമാം കുര്‍ദി (റ) പറയുന്നു: “ഒരു മസ്അല മുന്‍കാല ഇമാമുകളുടെ വാക്കുകള്‍ക്കുള്ള വ്യാപ്തിയില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ അത് അവരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്ന് പറയാം” (ഫതാവല്‍ കുര്‍ദി 1:106). ഇമാം ഇബ്നു ഹജര്‍ (റ) പറയുന്നു. “അസ്വ്ഹാബിന്റെ വാക്കുകളുടെ വ്യാപ്തിയില്‍ പെട്ടത് അവര്‍ വ്യക്തമായി പറഞ്ഞതിന്റെ സ്ഥാനത്താണ്” (തുഹ്ഫ 1:40). ബഹ്സ് നടത്തുന്നവര്‍ ചില നിബന്ധനകള്‍ ഉള്ളവരായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “മദ്ഹബ് ഹൃദിസ്ഥമാക്കുക, അവ ഉദ്ധരിക്കുക, സങ്കീര്‍ണ്ണവും അല്ലാത്തതുമായ വിഷങ്ങള്‍ ഗ്രഹിക്കുക തുടങ്ങിയവ ഉള്ളവരാകണം.”